ഭാര്യമാർ എന്തെങ്കിലും പ്രശ്നം നമ്മളോട് പറയുമ്പോൾ അത് തീരെ ചെറുതായി കാണരുത്….

രചന : സൽമാൻ സാലി

ഭാര്യ…

❤❤❤❤❤❤❤

കല്യാണം കഴിഞ്ഞു മൂന്നു മാസത്തിനു ശേഷമാണ് ഷറഫു ആകാശപക്ഷിയുടെ ചിറകിലേറി ദുബായിൽ തിരിച്ചെത്തിയത്.

ജോലി കഴിഞ്ഞു വന്നാൽ പിന്നെ ഹെഡ്സെറ്റും ചെവിയിൽ തിരുകി ഭാര്യയെ വിളിക്കുന്ന ഷറഫുവിനെയാണ് റൂമിലെത്തുമ്പോൾ എന്നും കാണാറ്..

പക്ഷെ ആ കാഴ്ചക്ക് ഒരു രസമുണ്ട് എന്നും ചിരിച്ചുകൊണ്ട് ഫോൺ വിളിക്കുന്ന ഷറഫുവിന്റെ സ്വഭാവം പെട്ടെന്ന് തന്നെ മാറും പിന്നെ ഭാര്യയെ വഴക്ക് പറയലായി അവസാനം വായിൽവരുന്നതൊക്കെ പറഞ്ഞു ഫോൺ കട്ട് ചെയ്തു ബെഡിൽ വന്നിരിക്കുന്ന ഷറഫു റൂമിലുള്ളവർക്ക് ഒരു ഹാസ്യകഥാപാത്രമായി മാറിയിരുന്നു..

എന്തിനും പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവക്കാരൻ, മൂക്കിൻ തുമ്പത്ത് ശുണ്ഠി എന്നൊക്കെ പറയും പോലെ.കടയിൽ തിരക്കുള്ള ദിവസങ്ങളിൽ ആരോടെങ്കിലും വഴക്കിടുന്ന സ്വഭാവക്കാരൻ..

ഒരു ദിവസം പതിവ് ഫോൺ വിളിയും വഴക്കും തുടങ്ങി, പക്ഷെ അന്ന് അവസാനം അവന്റെ ദേഷ്യം മൂത്തു അവളുടെ ബാപ്പാക്കും ഉമ്മാക്കും വരെ വിളിച്ചു ഫോൺ വെച്ചു റൂമിൽ വന്നിരുന്ന ഷറഫുവിനെ നോക്കി റൂമിലെ കാരണവർ ഉസ്മാനിക്ക പറഞ്ഞു.

“ഡാ ഷറഫൂ ഞാൻ പറയുന്ന കാര്യം അന്റെ മണ്ടേൽ എങ്ങിനെ കേറൂന്ന് അറിയില്ല എന്നാലും പറയുവാ അന്റെ ഈ സ്വഭാവം ഒട്ടും ശരിയല്ല..

ഭാര്യയോടുള്ള കലിപ്പിലാണെങ്കിലും ഷറഫു ഒന്നും മിണ്ടിയില്ല, റൂമിൽ വഴക്കുണ്ടാകാത്ത ഒരേ ഒരാൾ ഉസ്മാനിക്കയാണ് പ്രായം കൊണ്ടും പിന്നെ ആരുമായും ഉസ്മാനിക്ക അതികം സംസാരിക്കാനും നിൽക്കാറില്ല..

“ഡാ.. ഇജ്ജ് എപ്പോയെങ്കിലും അന്റെ കെട്യോളെ ബിളിച്ചിട്ട് ചിരിച്ചോണ്ട് ഫോൺ വെക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഇങ്ങനെ വഴക്കിനും മാത്രം എന്താടാ ഇങ്ങള് തമ്മിൽ പ്രശ്നം… !!?

വേറെ ഒരാളാണ് ചോദിച്ചതെങ്കിൽ വഴക്ക് തുടങ്ങിയിട്ടുണ്ടാകും ഉസ്മാനിക്ക ആയതോണ്ട് അങ്ങിനെ ഒന്നുമുണ്ടായില്ല.

ന്റെ.. ഇക്കാ.. ഇങ്ങൾക്ക് അറിഞ്ഞൂടെ ഞമ്മളെ കടയിലെ തിരക്കും കാര്യങ്ങളും.. എല്ലം കഴിഞ്ഞു ഓള ഒന്നു വിളിക്കാമെന്ന് വെച്ചാൽ ഓൾക്ക് എപ്പോ നോക്കിയാലും അസുഖവും സങ്കടവും പറയാനേ നേരമുള്ളൂ….

ഹ.. ഹ.. ഹ.. ന്റെ ഷറഫു.. ഈനാണോ ഇജ്ജ് എപ്പോഴും വഴക്കിടുന്നത്..

“ഡാ… ഓള് ജനിച്ചു വളർന്ന വീടും ഉമ്മയും ഉപ്പയെയും ഒക്കെ വിട്ട് അന്റെ ബീവിയായി വീട്ടിൽ കയറി വന്നത് അന്റോടൊപ്പം സന്തോഷത്തോടെയുള്ള ഒരു ജീവിതം സ്വപ്നം കണ്ടൊണ്ടാ . അപ്പോൾ പിന്നെ ഓളുടെ സങ്കടോം സന്തോഷോം അന്റോടല്ലാതെ ഓളെ വീട്ടുകാരോട് പറയാൻ പറ്റുവോ .. ഇജ്ജ് ഇപ്പോൾ പറഞ്ഞില്ലേ കടയിലെ ജോലി തിരക്കും ക്ഷീണവുമൊക്കെ.

അനക്ക് മാസം അവസാനം ശമ്പളമായിട്ട് മുതലാളി ദിർഹംസ് എണ്ണിത്തരുമ്പോൾ നീ സന്തോഷിക്കാറില്ലേ. എന്നാ വിശ്രമമില്ലാതെ നമ്മുടെയൊക്കെ ഭാര്യമാർക്ക് അവർ ചെയ്യുന്ന ജോലിയുടെ ശമ്പളമായിട്ട് അവർ ചോദിക്കുന്നതാടാ നമ്മുടെ സ്നേഹവും കരുതലും..

ഇജ്ജല്ലേ പറഞ്ഞത് അന്റെ ഭാര്യ ഗർഭിണിയാണെന്ന്. ഡാ അപ്പോൾ അവർക്ക് കുറച്ച് ബുദ്ധിമുട്ടും അസുഖങ്ങളുമൊക്കെ കാണും.

അവർ അത് അവളേറ്റവും ഇഷ്ട്ടപെടുന്ന അന്റോടല്ലേ അത് പറയേണ്ടത്. അന്റെ വായീന്ന് ഒരു ആശ്വാസവാക്ക് അത് മതിയെടാ അവൾക്കു.

എന്നാൽ ഇജ്ജ് കാട്ടുന്നതോ.. അന്റെ ജോലിയിലെ ടെൻഷൻ കൂടി ആ പാവത്തിന്റെ മേൽ അടിച്ചേൽപ്പിക്കുന്നു..

ഷറഫു ഒരക്ഷരം മറുത്തുപറയാനാവാതെ ഉസ്മാനിക്കയുടെ സംസാരം കേട്ടോണ്ട് ഇരുന്നു.

കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..

“ഡാ… ഷറഫു… ഈ ഭാര്യമാർ എന്തെങ്കിലും പ്രശ്നം നമ്മളോട് പറയുമ്പോൾ അത് തീരെ ചെറുതായി കാണരുത്. അവൾക്കൊരു തലവേദനയെണെന്ന് പറഞ്ഞാൽ അവളുടെ തലയൊന്ന് തൊട്ട് നോക്കി ഉണ്ട് എന്ന് സമ്മദിച്ചുകൊടുക്കണം അപ്പോൾ തന്നെ അവരുടെ വേദന പകുതികുറയും.

അല്ലാതെ നിനക്കെപ്പോഴും തലവേദന തന്നെയാണല്ലോ എന്ന് പറഞ്ഞു അവരുടെ പ്രശ്നം ചെറുതാക്കി കണ്ടാൽ അവരുടെ തലവേദന കൂടുകയേ ഉള്ളൂ…

മോനെ ഷറഫു… ഇജ്ജ് ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ.. അതുകൊണ്ട് പറയുവാ.. ഭാര്യമാർ ചിലപ്പോൾ നമ്മുടെ പെങ്ങമാരെക്കുറിച്ചും ഉമ്മയെ കുറിച്ചുമെല്ലാം ചിലപ്പോൾ തെറ്റായി പറയും..

അപ്പോൾ ചാടിക്കയറി അവളെ തെറിവിളിച്ചു വഴക്കിടുകയല്ല വേണ്ടത്. അവൾ പറയുന്ന സമയത്ത് ആ കാര്യങ്ങൾ സമ്മദിച്ചുകൊടുക്കുക എന്നിട്ട് അവളെ സമാധാനിപ്പിക്കുക.. പിന്നെ നിങ്ങൾ നല്ല സന്തോഷത്തിൽ ഇരിക്കുമ്പോൾ അവളോട്‌ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് വേണ്ടത്…

ഇതൊക്കെ പറഞ്ഞിട്ട് എന്നോട് ദേഷ്യം വേണ്ടാ ട്ടോ.. അനക്ക് നല്ലതിന് വേണ്ടി പറഞ്ഞതാ..

ഉസ്മാനിക്കയുടെ സംസാരത്തിൽ ഷറഫുവിന് തന്റെ തെറ്റ് മനസിലായി.. അവന് ഫോണുമായി പുറത്തേക്കു നടന്നു…

❤❤❤❤❤❤❤❤❤❤

ദിവങ്ങൾ കടന്ന് പോയി ഒരു ദിവസം ജോലി കഴിഞ്ഞു റൂമിലേക്ക്‌ കയറിവന്ന ഷറഫു കണ്ടത് ഭാര്യയെ വഴക്ക് പറയുന്ന ഉസ്മാനിക്കയെയാണ്.

ഉസ്മാനിക്ക ഫോൺ വെക്കുന്നത് വരെ ഷറഫു കാത്തു നിന്നു. ഫോൺ വെച്ചതും

“അല്ല ഇക്കാ ഇങ്ങള് എന്റെ സ്വഭാവം തുടങ്ങിയോ…

ഹ… ഹ.. ഡാ അന്റെ സ്വഭാവം തുടങ്ങിയതല്ല.

ഭാര്യമാരുടെ എല്ലാ കാര്യവും ചിരിച്ചുകൊണ്ട് സമ്മതിക്കണം എന്ന് ഞാൻ പറഞ്ഞില്ലാലോ..

അവരുടെ തെറ്റ് കണ്ടാൽ ശാസിക്കുകയും വേണം അതാ ഞാനിപ്പോ ചെയ്തത്.

മ്മ്മ്… ഞാൻ കരുതി… ഇങ്ങള് എന്റെ സ്വഭാവം തുടങ്ങീന്ന്…

“ഷറഫൂ കുടുംബം എന്നു പറഞ്ഞാൽ കൂടുമ്പോൾ ഇമ്പമുള്ളതാവണം അല്ലാതെ കൂടുമ്പോൾ ഭൂകമ്പമല്ല ഉണ്ടാവേണ്ടത്.ഇന്ന് മിക്ക കുടുംബങ്ങളിലും ഭൂകമ്പമാണ് ഉണ്ടാകുന്നത്

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സൽമാൻ സാലി