ബ്ലാക്ക്‌ & വൈറ്റ്, തുടർക്കഥ, ഭാഗം 7 വായിക്കൂ…

രചന : ശ്രീജിത്ത് ജയൻ

എനിക്ക് കണ്ടെത്താൻ കഴിഞ്ഞ തെളിവുകൾ ഈ ഡിസ്കിൽ ഉണ്ട്. ഒരിക്കലും ഈ തെളിവുകൾ നിങ്ങളുടെ കയ്യിൽ ഉള്ള വിവരം മറ്റാരും അറിയരുത് . അറിഞ്ഞാൽ എനിക്ക് സംഭവിച്ചത് തന്നെയായിരിക്കും താങ്കൾക്കും സംഭവിക്കുന്നത്.

എപ്പോഴും മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കാണാൻ ശ്രമിക്കുക .”

നന്ദൻ ആ ഡിസ്ക് ഷാരൂഖ് കാണാതെ സൂക്ഷിച്ചു .പക്ഷെ അപ്പോൾ നന്ദൻ കരുതിയില്ല കൊലയാളിയിലേക്ക് തന്നെ എത്തിക്കാൻ കഴിവുള്ള ദിശാസൂചികയാണ് ആ സിഡി എന്ന് .

“താൻ ഇവിടെ ഇറങ്ങിക്കോ ? ”

തിരിച്ചു പോരും വഴിയിൽ ജീപ്പ് റോഡ് സൈഡിലേക്ക് നീക്കി നിർത്താൻ ഷാരൂഖിനോട് നന്ദൻ ആവശ്യപ്പെട്ടു .

“അല്ല സർ , ഞാൻ…..”

എന്താണ് നന്ദൻ ഉദ്ദേശിച്ചത് എന്ന് ഷാരൂഖിന് മനസ്സിലായില്ല .

“താൻ ഒരു ഓട്ടോ പിടിച്ച് ഓഫിസിലേക്ക് പൊക്കോളൂ , എനിക്ക് കുറച്ചുകൂടി പണികൾ ഉണ്ട്. ”

സംസാരിച്ചിട്ട് കാര്യമില്ലെന്ന് തോന്നിയ ഷാരൂഖ് ദേഷ്യത്തോടെ ജീപ്പിൽ നിന്നും ഇറങ്ങി.

അവിടെന്നും നന്ദൻ നേറെ പോയത് കീർത്തിയുടെ ഫ്ലാറ്റിലേക്ക് ആയിരുന്നു. ഈ സാഹചര്യത്തിൽ ആ സിഡിയുമായി ഓഫിസിലേക്ക് പോവുന്നതിലും നല്ലത് കീർത്തിയുടെ സഹായം തേടുന്നതാണെന്ന് നന്ദന് തോന്നി .

“സർ ആയിരുന്നോ ? , എന്താ സർ ? ”

കാളിങ് ബെല്ലിന്റെ ശബ്‌ദം കേട്ട് വാതിൽ തുറന്ന് നോക്കിയ കീർത്തി കണ്ടത് ഉമറിന്റെ വീട്ടിൽ നിന്നും ലഭിച്ച പുസ്തകം വായിച്ചുകൊണ്ടിരുന്ന നന്ദനെയാണ്.

“എനിക്ക് തന്റെ ലാപ്ടോപ് ഒന്ന് വേണം .”

ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് നന്ദൻ പറഞ്ഞു. എന്തിനാണ് തന്റെ ലാപ്ടോപ്പ് എന്ന് ചോദിക്കാൻ ആഗ്രഹമുണ്ടായിരുന്നു എങ്കിലും അതിന് കീർത്തി ശ്രമിച്ചില്ല. നന്ദന്റെ ആവശ്യപ്രകാരം കീർത്തി തന്റെ മുറിയിൽ നിന്നും ലാപ്ടോപ്പ് എടുത്ത് , അത് ഓപ്പൺ ചെയ്ത് നന്ദന് നൽകി.

“എനിക്ക് ഒരു ചായ തരുമോ ? ”

കീർത്തിയെ തനിക്ക് അരികിൽ നിന്നും മാറ്റുവാൻ എന്നപോലെ നന്ദൻ പറഞ്ഞു. അത് അതുപോലെ മനസിലായ കീർത്തി അടുക്കളയിലേക്ക് പോയി.

നന്ദൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന സിഡി ലാപ്‌ടോപ്പിൽ പ്ലെ ചെയ്യാൻ ശ്രമിച്ചു എങ്കിലും അതിന് കഴിഞ്ഞില്ല. സിഡി പലതവണ പ്ലെ ചെയ്യാൻ ശ്രമിച്ചിട്ടും നടന്നില്ല , നന്ദൻ ആകെ നിരാശനായി .

“എന്ത് പറ്റി ? ”

നന്ദൻ ഒരു ഗ്ലാസ് ചായ നൽകികൊണ്ട് കീർത്തി ചോദിച്ചു.

“എനിക്ക് ഉമറിന്റെ വീട്ടിൽ നിന്നും ഒരു സിഡി കിട്ടി .താനും കൊല്ലപ്പെടും എന്ന് തോന്നിയപ്പോൾ ഉമർ എനിക്കായി സൂക്ഷിച്ച ഒന്ന് . പക്ഷെ ഇതിനുള്ളിൽ എന്താണെന്ന് കാണാൻ കഴിയുന്നില്ല

ആദ്യം പറയാൻ മടിയുണ്ടായിരുന്നു എങ്കിലും കീർത്തിയോടുള്ള വിശ്വാസത്തിന്റെ പേരിൽ നന്ദൻ അത് പറഞ്ഞു.

” എവിടെ ഞാൻ നോക്കട്ടെ .”

കീർത്തി നന്ദന്റെ കയ്യിൽ നിന്നും ലാപ്ടോപ്പ് വാങ്ങി പരിശോധിച്ചു.

“ഇത് എന്തോ ചെറിയ പ്രശ്നമാണ്. വേണമെങ്കിൽ ഞാൻ ഇതിനുള്ളിൽ എന്താണെന്ന് കണ്ടെത്താൻ ശ്രമിക്കാം ,പക്ഷെ സമയമെടുക്കും .”

കീർത്തി നന്ദന്റെ മുഖത്തേക്ക് നോക്കി .ആ സിഡി കീർത്തിയുടെ കയ്യിൽ ഏൽപ്പിക്കാൻ നന്ദന് മടിയുണ്ടെന്ന് കീർത്തിക്ക് മനസ്സിലായി.

“ഓക്കെ , പക്ഷെ ഇന്ന് തന്നെ വേണം .പിന്നെ ഈ സിഡിയുടെ കാര്യം മറ്റാരും അറിയരുത്.

ഇതുമായി ഓഫിസിൽ പോവാൻ കഴിയില്ല അതുകൊണ്ടാണ് .”

മറ്റുമാർഗങ്ങൾ തനിക്ക് മുൻപിൽ ഇല്ലെന്ന് മനസ്സിലായ നന്ദൻ സിഡി കീർത്തിയെ ഏൽപ്പിച്ച് പുറത്തേക്ക് നടന്നു.

************************

” എന്തായി നന്ദാ വല്ലതും കിട്ടിയോ ? ”

ഓഫിസിലേക്ക് തിരിച്ചു ചെന്ന നന്ദനോട് വർഗ്ഗീസ് ചോദിച്ചു. പക്ഷെ തന്റെ ഓഫീസിൽ ചാരന്മാർ ഉണ്ടെന്ന് അറിയാവുന്ന നന്ദൻ ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി .

“ആകെ കിട്ടിയത് ഈ പുസ്തകം മാത്രമാണ്.”

നന്ദൻ തന്റെ കയ്യിൽ ഉണ്ടായിരുന്ന പുസ്തകം വർഗീസിന് കാണിച്ചു കൊടുത്തു ശേഷം ഒഴിഞ്ഞ ഒരു കസേരയിൽ ഇരുന്ന് ആ പുസ്തകം വായിക്കാൻ തുടങ്ങി. ആ പുസ്തകത്തിന്റെ ഒരു ചെറിയ ഭാഗം വായിച്ചു കഴിഞ്ഞപ്പോൾ തന്നെ താൻ അന്വേഷിച്ച ചെറിയാൻ കേസ്സുമായി ഈ കഥക്ക് ബന്ധമുണ്ടെന്ന് നന്ദന് സംശയം തോന്നി തുടങ്ങി .

പുസ്തകം വായിച്ചു പൂർത്തിയാവും മുൻപ് തന്നെ തനിക്ക് തോന്നിയ സംശയം സത്യമാണെന്ന് നന്ദൻ തിരിച്ചറിഞ്ഞു. നന്ദന ആ പുസ്തകത്തിന്റെ പുറംചൊട്ട ശ്രദ്ധയോടെ നോക്കി . ഒരു വർഷം മുൻപ് പുറത്തിറങ്ങിയ പുസ്തകത്തിൽ വെറും ഒരു മാസം മുൻപ് നടന്ന സംഭവത്തെ എങ്ങനെ എഴുതാൻ കഴിയും എന്നായിരുന്നു നന്ദന്റെ ചിന്ത.

“മാത്യു കോശി ……”

നന്ദൻ ആ പുസ്തകത്തിന് പിറകിലുണ്ടായിരുന്ന എഴുത്തുകാരന്റെ മുഖത്തേക്ക് നോക്കി .

“എന്താടാ ആകെ മൂഡ്ഓഫ്‌ ആണല്ലോ ? ”

ചിന്തയിൽ മുഴുകി ഇരിക്കുന്ന നന്ദനോട് വർഗീസ് ഓഫീസിലെ കോഫി മേക്കറിൽ ഉണ്ടാക്കിയ ഗ്ലാസ് ചായയുമായി വന്ന് ചോദിച്ചു.

“ആ കേസ് ഒരു പിടിയും കിട്ടുന്നില്ല .ഇതുവരെ കൊലയാളിയിലേക്ക് എന്നെ എത്തിക്കാൻ കഴിവുള്ള തെളിവ് എന്ന് ഞാൻ വിശ്വസിച്ച ഒന്നും തന്നെ സത്യത്തിൽ എന്നെ സഹായിച്ചില്ല. ”

നന്ദൻ നിരാശയോടെ പറഞ്ഞു.

“നീ ഇങ്ങനെ ഇരിക്കുന്നത് കൊണ്ടാണ്….”

എന്ന് വർഗീസ് പറഞ്ഞു തീർന്നതും കീർത്തിയുടെ ഫോൺ കോൾ നന്ദനെ തേടി വന്നു.

“സർ , its a video clip .”

നന്ദന്റെ മനസ്സിൽ വീണ്ടും പ്രതീക്ഷ ഉടലെടുത്തു.

ഇത്തവണ അവിടേക്ക് പോയപ്പോൾ നന്ദൻ വർഗ്ഗീസിനെയും കൂടെ കൂട്ടി.

നന്ദനും വർഗീസും വന്നതും കീർത്തി ലാപ്‌ടോപ്പിൽ വീഡിയോ അവർക്കായി പ്ലെ ചെയ്തു.

“സർ കഴിഞ്ഞ കുറച്ചു കാലമായി ഞാൻ കേരളത്തിലെ ലഹരി മാഫിയക്ക് പുറകെയായിരുന്നു .പതിയെ ഈ ലഹരി മരുന്ന് ഇവിടേക്ക് എത്തിക്കുന്നത് ആരാണെന്ന് ഞാൻ മനസ്സിലാക്കി .

എന്തുകൊണ്ട് പോലീസ് ഇതുവരെ ഞാൻ പോയ വഴിയിലൂടെ പോയില്ല എന്ന് എനിക്ക് തോന്നിയിരുന്നു

ഒടുവിൽ അതിനും എനിക്ക് ഉത്തരം ലഭിച്ചു ,

ഈ നാട്ടിൽ അവരുടെ ഏറ്റവും നല്ല സുഹൃത്ത് പോലീസ് തന്നെയാണെന്ന് .ഏറെ നാളുകൾക്ക് ഒടുവിലാണ് ഈ മയക്കുമരുന്ന് മാഫിയക്ക് മറ്റൊരു മുഖം കൂടി ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞത്.

ആഗ്രഹിക്കുന്നത് എന്തും നൽകുമെന്ന് അവർ വിശ്വസിക്കുന്നു സാത്താനിലേക്ക് അവർ പല വഴിയിലൂടെ ആളുകളെ ആകർഷിക്കുന്നു .കൂടുതലും സമുഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നവരാണ് അവരുടെ ഒപ്പം ഉള്ളത്.

കഴിഞ്ഞ കുറച്ചു കാലമായി പള്ളികളിൽ നിന്നും തിരുഃ ഓസ്തി മോഷണം പോയതായി റിപ്പോർട്ട് ചെയ്തിരുന്നു ,അതിനു പിന്നിലും ഇവർ തന്നെ.

ചെറിയാന്റെ മകൻ മാർട്ടിൻ സാത്താൻ സേവയുടെ ഒരു ഭാഗമാണെന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്. അന്ന് മുതൽ ഞാൻ രാവും പകലും അവനെ പിന്തുടർന്നു. മാർട്ടിൻ ഓണ്ലൈനിലൂടെ നിർദേശങ്ങൾ നൽകുന്നത് ഒരു അബാഡോൺ എന്ന ആളാണെന്ന് എനിക്ക് മനസിലായി.

മാർട്ടിനെ പോലെ ഉള്ളവരെ മാനസികമായി തളർത്തി സ്വയം മരിക്കാനും കുടുംബത്തെ കൊല്ലാനും അയാൾ നിർദ്ദേശിക്കുന്നു. ഇതുവരെ കേരളത്തിൽ ഇത്തരത്തിൽ നടന്ന കേസുകൾക്ക് അബാഡോണുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന അവ്യക്തമായ ചില തെളിവുകൾ എനിക്ക് മരണപ്പെട്ടവർ ഉപയോഗിച്ചിരുന്ന ഫോണിൽ നിന്നും മറ്റും ലഭിച്ചിരുന്നു .മാർട്ടിനും കുടുംബവും കൊല്ലപ്പെട്ടതോടെ അബാഡോണിലേക്ക് എനിക്ക് എത്താനുള്ള അവസാന വഴിയും നഷ്ടമായി. പക്ഷെ അതിന് ശേഷം എന്നെ ആരോ പിന്തുടരുന്നത് പോലെ എനിക്ക് തോന്നാൻ തുടങ്ങി. ഒടുവിൽ ഭീഷണിയുമായി ഒരു ഫോണും എന്നെ തേടി എത്തി.

ഞാൻ മരിച്ചാലും അതിന് പിന്നിൽ അബാഡോൺ ആയിരിക്കും. അത് കൊണ്ട് എന്റെ മരണം ഒരു തെളിവാക്കി മാറ്റാൻ ഞാൻ തീരുമാനിച്ചു. എന്റെ കാറിലും വീട്ടിലും പെട്ടന്ന് ആർക്കും കാണാൻ കഴിയാത്ത രീതിയിൽ ഞാൻ ക്യാമറ ഫിക്സ് ചെയ്യുന്നുണ്ട് . ഇന്ന് രാത്രിയിൽ അയാൾ എന്നെ തേടി വരുമെന്ന് എനിക്ക് ഉറപ്പാണ്. അബാഡോൺ എന്നെ മാനസിക രോഗിയെ രക്ഷിക്കാൻ അവന് ചുറ്റുമായി പലരുമുണ്ട്, പക്ഷെ അവൻ ഇനിയും ജീവനോടെ ഇരുന്നാൽ പലർക്കും അന്ധവിശ്വാസങ്ങളുടെ പേരിൽ ജീവൻ നഷ്ടപ്പെടും.

എന്ന് ഉമർ പറയുന്ന ഒരു സെൽഫി വീഡിയോ ആയിരുന്നു അത്. അതിന് ശേഷം കുറച്ചു ക്യാമറകളുമായി മുറിക്ക് പുറത്തേക്ക് നടക്കുന്നത് വരെ മാത്രമായിരുന്നു വ്യക്തമായ രീതിയിൽ ആ വീഡിയോയിൽ ഉണ്ടായിരുന്നോള്ളൂ .അത് കൊണ്ട് തന്നെ ക്യാമറ എവിടെയാണ് വച്ചിരിക്കുന്നത് എന്ന് അവർക്ക് കാണാൻ കഴിഞ്ഞില്ല.

“ആ വീട്ടിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഉമർ അന്ന് വിളിച്ചത് , അല്ലെ….. അയാൾക്ക് അപ്പോൾ അറിയാമായിരുന്നു ഒരിക്കലും ഞാനുമായുള്ള കൂടി കാഴ്ച നടക്കില്ല എന്ന്. ”

നന്ദൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു.

“അപ്പൊ ക്യാമറ എപ്പോഴാ എടുക്കുന്നത്?”

വർഗീസ് സംശയത്തോടെ ചോദിച്ചു .

“ഇപ്പോൾ തന്നെ ..”

“ഞാനും വരട്ടെ ….”

കീർത്തി പ്രതീക്ഷയോടെ നന്ദനോട് ചോദിച്ചു. ഒരു നിമിഷം ആലോചിച്ച ശേഷം സമ്മതം എന്നപോലെ നന്ദൻ തലയാട്ടി.

അവർ അവിടെ എത്തിയപ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു. അവർ മൂന്ന് പേരും തങ്ങൾക്ക് കഴിയുന്നപോലെ തേടി നടന്നു. അവസാനം ഫോട്ടോക്ക് പിന്നിൽ മറച്ചു വച്ച രീതിയിൽ മെയിൻ ഡോറിന് അരികിൽ നിന്നും ഒരു ക്യാമറയും ,

മറ്റൊരു പെൻക്യാമറ ബുക്ക് ഷെൽഫിൽ നിന്നും അവർക്ക് കിട്ടി . കീർത്തി ഹാളിൽ നിന്നും ലഭിച്ച പെൻക്യാമറയുടെ മൂടി തുറന്ന് അത് കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചു. ക്യാമറ തലേ ദിവസം രാത്രിൽ വച്ചതായിരുന്നു എന്നതുകൊണ്ട് കുറച്ചു ഭാഗം തട്ടി കളഞ്ഞ് മരണം നടന്നു എന്ന് കരുതുന്ന സമയത്തിന് പത്തു മിനിറ്റ് മുൻപുള്ള ഭാഗം പ്ലെ ചെയ്യുവാൻ വർഗീസ് ആവശ്യപ്പെട്ടു.ശേഷം അവർ അബാഡോണിന്റെ മുഖത്തിനായി കാത്തിരുന്നു.

കറുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് ശാന്തനായി അബാഡോൺ ആ വീടിന് നേരെ നടന്ന് വന്ന ശേഷം തന്റെ ജാക്കറ്റിന് ഉള്ളിൽ നിന്നും സൈലൻസർ ഫിക്സ് ചെയ്ത പിസ്റ്റൽ കയ്യിലെടുത്ത് കോളിങ് ബില്ലിൽ പ്രസ് ചെയ്യുന്നു. വാതിൽ തുറന്നതും ഉമറിന്റെ ഭാര്യയെ അയാൾ വെടി വെച്ചു വീഴ്ത്തി. ശേഷം ഉള്ളിലേക്ക് കയറി വാതിൽ ലോക്ക് ചെയ്തു. ശക്തിയിൽ വാതിൽ അടയുന്ന ശബ്‌ദം കേട്ട് മുറിയിൽ നിന്നും ഹാളിലേക്ക് വന്ന ഉമർ കണ്ടത് മരിച്ചു കിടക്കുന്ന ഭാര്യയെയും അതിന് അരികിലായി സോഫയിൽ കാലിന് മുകളിൽ കാല് കയറ്റി ഇരിക്കുന്ന അബാഡോണിനെയുമാണ് .

“നീ ഒരു വിഡ്ഢിയാണ് , അല്ലെങ്കിൽ ഞാൻ ആരാണെന്ന് തിരിച്ചറിഞ്ഞ ശേഷവും നീ എന്നെ കാണാൻ ആഗ്രഹിക്കുമോ ? നീ അറിഞ്ഞില്ല , നേർക്ക് നേർ കാണാൻ നീ കൊതിച്ചത് മരണത്തെ ആണെന്ന്. സമയമില്ല അല്ലെങ്കിൽ നിന്റെ മകൻ എനിക്ക് വേണ്ടി ഇത് ചെയ്യുമായിരുന്നു. ”

എന്ന് പറഞ്ഞുകൊണ്ട് അബാഡോൺ ഉമറിൻ നേരെ നിറയൊഴിച്ചു. ശേഷം അയാൾക്ക് പിന്നിൽ ഉണ്ടായിരുന്ന ഷെൽഫിൽ നിന്നും ഖുർആൻ താഴേക്ക് വലിച്ചെറിഞ്ഞശേഷം അതിലേക്കും തുടർച്ചയായി നിറയൊഴിച്ചു. തോക്ക് വീണ്ടും ലോഡ് ചെയ്തശേഷം അബാഡോൺ ഉമറിന്റെ മകളെ തേടി മുകളിലേക്ക് പടികൾ കയറി , അവസാനം ഈ കഴിഞ്ഞ കുറച്ചു കാലമായി മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയ ഉമറിന്റെ മകനെയും വകവരുത്തി.

ശബ്‌ദം ഇല്ലാത്തത് കാരണം ഉമറും അബാഡോണും എന്താണ് സംസാരിച്ചത് എന്ന് അവർക്ക് മനസിലായില്ല .പക്ഷെ അബാഡോൺ എന്ന പേരിന് പകരമായി അവർക്ക് ഒരു മുഖം ലഭിച്ചു.

“ഇച്ഛായൻ ഇപ്പോൾ തന്നെ ഇത് കാർത്തിക്കിനെ ഏൽപ്പിക്കണം . ഞാൻ അവിടേക്ക് പോവുകയാണ്. ”

നന്ദൻ പറഞ്ഞു.

“അപ്പോൾ ഇയാൾ എവിടെ ഉണ്ടെന്ന് സാറിന് അറിയുമോ ? ”

കീർത്തി സംശയത്തോടെ നന്ദനെ നോക്കി.

“അറിയാം ഇയാളുടെ മുഴുവൻ പേര് മാത്യു അബാഡോൺ കോശി. ഉമർ ആ സിഡി മറച്ചു വച്ച അതേ പുസ്തകത്തിന്റെ എഴുത്തുകാരൻ. ”

നന്ദൻ പറയുന്നത് കീർത്തിയും വർഗീസും ഞെട്ടലോടെയാണ് കേട്ട് നിന്നത്. നന്ദൻ പറഞ്ഞത് പോലെ വർഗീസ് കാർത്തിക്കിന് അരികിലേക്കും നന്ദൻ അബാഡോണിന്റെ വീട്ടിലേക്കും തിരിച്ചു.

പോവുന്ന വഴിയിൽ കീർത്തിയെ നന്ദൻ അപാർട്മെന്റിൽ ഡ്രോപ്പ് ചെയ്തു. നന്ദനെ ഒറ്റക്ക് വിടാൻ കീർത്തി തയാറായിരുന്നില്ല . പക്ഷെ നന്ദനോട് ഒരു അതിരിനുമപ്പുറം സംസാരിക്കാൻ കീർത്തിക്ക് കഴിയില്ലായിരുന്നു.

വർഗീസും കാർത്തിക്കും അബാഡോണിന്റെ വീട്ടിലേക്ക് യാത്ര തിരിച്ചു , ഒപ്പം വിശ്വസ്തരായ കാർത്തിക്കിന്റെ കുറച്ചു പോലീസുകാരും. അവർ അവിടെ എത്തിയപ്പോൾ കണ്ടത് വീടിന് ചുറ്റും വളഞ്ഞിരിക്കുന്ന കോളനിവാസികളെയാണ്.

“പെട്ടന്ന് ഒച്ച കേട്ട് ഓടി വന്നപ്പോഴല്ലേ ഇത് കാണുന്നത്. കണ്ടപ്പോഴേ മനസ്സിയായി ആള് കഴിഞ്ഞു എന്ന് .”

അവിടെ കൂടി നിന്നിരുന്ന ഒരാൾ പറഞ്ഞു .

“അത് പിന്നെ തലക്കല്ലേ വെടിവെച്ചത് , ഒന്ന് പിടഞ്ഞത് കൂടി ഉണ്ടാവില്ല ….”

അവർ പറയുന്നത് കേട്ട് ഭയം തോന്നിയ വർഗീസ് വീടിന് ഉള്ളിലേക്ക് ഓടി .മുറിയുടെ വാതിലിന് ചുറ്റും കൂടി നിൽക്കുന്നവരെ കൈകൊണ്ട് തള്ളി മാറ്റിയ ശേഷം വർഗീസ് ഉള്ളിലേക്ക് നോക്കി .

തറയിൽ മരിച്ചു കിടക്കുന്ന അബാഡോണിന്റെ മൃതദേഹം , അതിന് അരികിലായി കിതച്ചുകൊണ്ട് ഇരിക്കുന്ന നന്ദനും . വർഗീസിനെ കണ്ടതും നന്ദൻ പുറത്തേക്ക് നടന്നു .

“എന്താ നന്ദാ ഉണ്ടാത് ? ”

ബോഡി നോക്കിയ ശേഷം തിരിച്ചെത്തിയ കാർത്തിക്ക് നന്ദനോട് ചോദിച്ചു. അതേ ചോദ്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ടായിരുന്നു വർഗീസും അവിടെ നിന്നത്.

“പറയാം…..”

നന്ദൻ ഒരു കുപ്പി വെള്ളം കൊണ്ട് തന്റെ മുഖം കഴുകിയശേഷം അവിടേക്ക് പാഞ്ഞ് വരുന്ന ന്യൂസ് ചാനലുകാരുടെ വാനിലേക്ക് നോക്കി .

“ജീപ്പ് കുറച്ച് അകലെ നിർത്തി ഞാൻ ഇവിടേക്ക് നടന്നു. റോഡിൽ ആരും ഉണ്ടായിരുന്നില്ല. ഗേറ്റ് തുറന്ന് കിടന്നിരുന്നത് കൊണ്ട് ഒച്ച ഉണ്ടാകാതെ എനിക്ക് ഉള്ളിൽ കയറാൻ പറ്റി . നിങ്ങൾ വരുന്നത് വരെ ഇവിടെ നിൽക്കുന്നത് അപകടമാണെന്ന് തോന്നിയപ്പോൾ ഞാൻ പതിയെ ഉള്ളിലേക്ക് കയറാനുള്ള മാർഗങ്ങൾ നോക്കി.

പുറകിലെ ഡോർ ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരുന്നു . അബാഡോണിനെ എനിക്ക് ജീവനോടെ വേണമെന്നത് കൊണ്ട് വാതിൽ ചവിട്ടി തുറന്നയുടൻ അവന്റെ കാലിലും കയ്യിലും ഷൂട്ട് ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷെ പ്രതീക്ഷിച്ചതിന് വിവരിതമായി മെയിൻ ഡോർലോക്ക് ചെയ്തിരുന്നില്ല .

ശബ്ദമുണ്ടാക്കാതെ ഉള്ളിൽ കയറിയ ഞാൻ അവനെ തിരഞ്ഞു. ഞാൻ അവിടെ ഉണ്ടെന്ന് അവന് മനസിലായോ എന്നെനിക്ക് സംശയം തോന്നി തുടങ്ങി.

തോക്ക് മുറുകെ പിടിച്ചുകൊണ്ട് ഞാൻ അവന്റെ മുറിയിലേക്ക് കയറി. ഉള്ളിലേക്ക് കയറിയതും വാതിലിന്റെ മറയിൽ നിന്നിരുന്ന അവൻ എന്നെ ചവിട്ടി വീഴ്ത്തി ഡോർ ലോക്ക് ചെയ്തു.

താഴെ വീണ ഞാൻ ഉടനെ തന്നെ തോക്ക് അവന് നേരെ ചൂണ്ടി , അവൻ എനിക്ക് നേരെയും.

നിങ്ങൾ വരുന്നത് വരെ എങ്ങനെയെങ്കിലും അവനെ അവിടെ പിടിച്ചു നിർത്തുന്നതായിരിക്കും നല്ലതെന്ന് എനിക്ക് തോന്നി .കുറച്ചു സമയം എന്നെ തന്നെ നോക്കി നിന്ന അവൻ പതിയെ എന്നോട് സംസാരിക്കാൻ തുടങ്ങി.

അബാഡോൺ എന്തിനെ കുറിച്ചാണ് പറഞ്ഞതെന്ന് എനിക്ക് മ,നസ്സിലായില്ല.

അവസാനം “കഴിയുമെങ്കിൽ രക്ഷപെടാൻ ശ്രമിക്ക് ” എന്ന് പറഞ്ഞതുകൊണ്ട് അവൻ സ്വയം നിറയൊഴിച്ചു. അത്തരത്തിൽ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല . കണ്ടില്ലേ മരിച്ചു കിടക്കുമ്പോഴും അവന്റെ മുഖത്ത് എന്നെ തോൽപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം. ”

നന്ദൻ ദേഷ്യത്തോടെ കയ്യിൽ ഉണ്ടായിരുന്ന വാക്കിടോക്കി വലിച്ചെറിഞ്ഞു.

“അവൻ എന്താ നിന്നോട് അവസാനമായി പറഞ്ഞത്

വർഗീസും കാർത്തിക്കും ഒരേ സ്വരത്തിൽ ചോദിച്ചു.

“എന്നെ തേടി നീ വരുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇന്ന് ഈ വിധിയെ തോൽപിക്കാൻ എനിക്ക് കഴിയില്ല , പക്ഷെ ഒരിക്കൽ ഞങ്ങൾ വിധി മാറ്റി എഴുതും . നിന്റെ കണ്ണിൽ ഞാൻ വെറുമൊരു ഭ്രാന്തൻ മാത്രമാണ് . ഈ ലോകം ഇനി ഞങ്ങളാണ് ഭരിക്കാൻ പോവുന്നത്.

എന്നെ തേടി ഇവിടെ എത്തിയ നിന്നെ അവർ വെറുതെ വിടില്ല. നിന്നെ തേടി വിഷമുള്ള പാമ്പുകൾ വരും , അവരുടെ പകക്ക് മുന്നിൽ നീയും നിന്റെ സൈന്യവും ഇല്ലാതെയാവും.

കഴിയുമെങ്കിൽ രക്ഷപെടാൻ ശ്രമിക്ക് ……..

എന്നാണ് അവൻ പറഞ്ഞത് . അവൻ പുറകിൽ മറ്റാരോ ഉണ്ട് . അവരെ കുറിച്ചുള്ള വിവരങ്ങൾ നമുക്ക് കിട്ടാതെ ഇരിക്കാൻ വേണ്ടിട്ടാണ് അവൻ ഇങ്ങനെ ചെയ്തത്. ”

നന്ദൻ ഒരു ദീർഘനിശ്വാസത്തോടെ പറഞ്ഞു നിർത്തി.

“ഇനി നീ ഇവിടെ നിൽക്കേണ്ട , വീട്ടിലേക്ക് പോയി ഒന്ന് ഫ്രഷാവ് . ഇതോടെ ഈ പ്രശ്നം തീർന്നു ,

അവൻ പറഞ്ഞത് പോലെ ഇനിയാരും നിന്നെ തേടി വരില്ല . ”

വർഗീസിനോടും കാർത്തിക്കിനോടും യാത്ര പറഞ്ഞ് നന്ദൻ വീട്ടിലേക്ക് തിരിച്ചു.

**********************

“സർ എവിടെയാണ് ? എനിക്ക് ഒന്ന് കാണണം”

രാവിലെ വാർത്തയിലൂടെ അബാഡോണിന്റെ മരണവാർത്ത അറിഞ്ഞ കീർത്തി അല്പം ഗൗരവത്തോടെ നന്ദനെ ഫോൺ ചെയ്തു സംസാരിച്ചു.

“ഞാൻ ഒരു പത്ത് മിനിറ്റിനുള്ളിൽ ഇച്ഛായന്റെ വീട്ടിൽ എത്തും . ഞാൻ ലൊക്കേഷൻ ഷെയർ ചെയാം താൻ അങ്ങോട്ട് വന്നാൽ മതി .”

നന്ദൻ ബൈക്ക് റോഡരുകിൽ നിർത്തിയ ശേഷം പറഞ്ഞു. റോഡിലെ വണ്ടികളുടെ ശബ്ദം കാരണം നന്ദൻ ഹെഡ്സെറ്റിൽ വിരലുകൊണ്ട് അമർത്തി പിടിച്ചിരുന്നു.

“അവിടേക്ക്…..മ് ശരി ഞാൻ വരാം ….”

ഒറ്റക്ക് രണ്ടു പുരുഷന്മാർ മാത്രമുള്ള ഒരിടത്തേക്ക് പോവാൻ അല്പം മടിയുണ്ടായിരുന്നു എങ്കിലും കീർത്തി അവിടേക്ക് പോവാൻ തീരുമാനിച്ചു.

കീർത്തി നന്ദൻ നൽകിയ ലൊക്കേഷൻ അനുസരിച്ച് വർഗീസിന്റെ വീട്ടിൽ എത്തി. വീടിന് ഉള്ളിലേക്ക് കയറിച്ചെന്ന കീർത്തി സ്വികരിച്ചത് ഭിത്തിയിൽ മാലയിട്ട് വച്ചിരിക്കുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രമാണ്.

“താൻ വന്നോ ? എന്താ കാണണം എന്ന് പറഞ്ഞത്

“എന്താ ഇത് ? ”

കീർത്തി തന്റെ കയ്യിൽ ഉണ്ടായിരുന്ന പത്രത്തിലെ വെടിയേറ്റ് മരിച്ചു കിടക്കുന്ന അബാഡോണിന്റെ ചിത്രം നന്ദന് കാണാൻ കഴിയുന്ന രീതിക്ക് പിടിച്ചു

“കീർത്തിയോട് നന്ദൻ പറഞ്ഞില്ലേ ? അയാൾ ആത്മഹത്യ ചെയ്തു .”

അടുക്കളയിൽ നിന്നും രണ്ട് കപ്പ് കാപ്പിയുമായി വർഗീസ് അവിടേക്ക് വന്നു. ശേഷം കയ്യിൽ ഉണ്ടായിരുന്ന കോഫി കപ്പ് സോഫക്ക് മുൻപിൽ കിടന്നിരുന്ന ടീപോയിൽ വച്ചു .

“നുണ , അബാഡോണിനെ ഈ നിൽക്കുന്ന നന്ദകുമാർ കൊന്നു , അതാണ് സത്യം . ….”

കീർത്തി പറഞ്ഞത് വർഗീസിന് ഞെട്ടലുണ്ടാക്കി .

അയാൾ അരികിൽ നിന്നിരുന്ന നന്ദന്റെ മുഖത്തേക്ക് നോക്കി. ഒരു കുറ്റവാളിയെ പോലെ എന്ത് പറയുമെന്ന ചിന്തയിൽ തല താഴ്ത്തി നിൽക്കുന്ന നന്ദനെയാണ് അയാൾ കണ്ടത്.

തുടരും ….

ഈ കഥ ഇങ്ങനെയാണ് . നായകനും വില്ലനും തുല്യരാണ് .അവർക്ക് രണ്ടുപേർക്കും നന്മയും തിന്മയും ഉണ്ട്. പിന്നെ പള്ളിക്ക് ഉള്ളിലെ സാത്താന്റെ രൂപത്തെ കുറിച്ചും അവിടെയുള്ള മറ്റു ദുഷ്ടശക്തികളുടെ രൂപത്തെക്കുറിച്ചും ഞാൻ പറഞ്ഞത് ഭാവനയിൽ നിന്നുമാണ്. സാത്താന്റെ അത്തരത്തിലുള്ള രൂപങ്ങൾ ലോകത്തിൽ പലയിടങ്ങളിലും ഉണ്ട് , പക്ഷെ കേരളത്തിൽ ഉണ്ടോ എന്ന് അറിയില്ല . സാത്താൻ സേവ പലയിടങ്ങളിലും പല രീതിയിലാണ് .

ഗൂഗിൾ ചെയ്തു നോക്കിയാൽ നിങ്ങൾക്ക് അത് മനസിലാവും. അത് പോലെ ഡേവിൽസ് ബൈബിൾ , അത് വർഷങ്ങൾക്ക് മുൻപ് ഒരാൾ എഴുതിയതാണ് . കഥയിൽ അത്തരത്തിൽ ഒന്നു വില്ലൻ ഉണ്ടാക്കാൻ ശ്രമിക്കുന്നതിനെ കുറിച്ച് , ഞാൻ പറഞ്ഞത് ഭാവന മാത്രമാണ്. പക്ഷെ യഥാർത്ഥത്തിൽ ഡേവിൾസ് ബൈബിൾ ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യ ശരീരത്തിൽ തന്നെയാണ് . ആ പുസ്തകത്തെ കുറിച്ച് ഒരുപാട് കഥകൾ നിലവിൽ ഉണ്ട്. ഒരു പുരോഹിതാനാണ് ആ പുസ്തകം സാത്താന്റെ സഹായത്തോടെ ഒറ്റ രാത്രികൊണ്ട് നിർമിച്ചത് എന്നാണ് പറയപ്പെടുന്നത്

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീജിത്ത് ജയൻ