അറിയാതെ, തുടർക്കഥ, ഭാഗം 4 വായിക്കുക…

രചന : Thasal

എവിടെയാണ് തനിക്ക് പിഴച്ചത്…..ഇടക്ക് സ്വഭാവത്തിൽ വന്ന മാറ്റം….സംസാരിക്കാൻ കാണിച്ച മടി… അകൽച്ച….താനും ശ്രദ്ധിക്കണമായിരുന്നു…. പക്ഷെ അപ്പോഴും കരുതി…. അതും സ്നേഹം ആണെന്ന്…. സ്വയം വിഡ്ഢിയായി മാറി..

❤❤❤❤❤❤❤❤❤❤❤❤

മുടിയിലൂടെ തലോടുന്ന അച്ഛന്റെ കയ്യിന്റെ ചൂട് അറിഞ്ഞാണ് നില ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്…..ഒരുപാട് കരഞ്ഞത് കൊണ്ടാകാം കണ്ണുകൾക്ക് വേദന അനുഭവപ്പെട്ടിരുന്നു… മുഖം വീർത്ത പോലെ….

അവൾ തല ഉയർത്തി അദ്ദേഹത്തേ നോക്കി കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മടിയിലേക്ക് കയറി കിടന്നു… അച്ഛൻ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ കൈകൾ ചേർത്തു വെച്ചു….

“എന്താടാ…. ”

തന്നെ നോക്കി കിടക്കുന്ന മകളെ കണ്ടു വാത്സല്യത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ ചോദ്യം….

അവളുടെ കണ്ണുകൾ അദ്ദേഹത്തിൽ മാത്രം കുടുങ്ങി കിടന്നു….

ഈ രണ്ട് ദിവസങ്ങൾ കൊണ്ട് അച്ഛന് ഒരുപാട് പ്രായം ഏറിയ പോലെ…..മനസ്സിന്റെ സങ്കടം മുഖത്ത് തെളിഞ്ഞു നിൽക്കും പോലെ… എല്ലാത്തിനും കാരണം താൻ ആണെന്ന ബോധം അവളെ ചുട്ടു പൊള്ളിച്ചു…..

“മ്മ്ഹ്ഹും…. ”

അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് അദ്ദേഹത്തിന്റെ കൈകൾ കൈകളിൽ കോരി എടുത്തു ചുണ്ടോട് ചേർത്തു…

“അത്താഴം ഒന്നും വേണ്ടേ നിനക്ക്….. ഇങ്ങനെ മുറിയിൽ അടച്ചു ഇരിക്കാൻ ആണോ തീരുമാനം..

അദ്ദേഹം ഒരു വാക്കിനാൽ പോലും അവളെ മുറിവേൽപ്പിക്കാൻ ഇഷ്ടപ്പെടാത്ത വണ്ണം ചോദിച്ചു….

അവൾ അദ്ദേഹത്തിന് ഒരു മങ്ങിയ ചിരി സമ്മാനിച്ചു….

“അച്ഛക്ക് മാനകേട് ആയിട്ടുണ്ടാവും ലെ…. ”

തന്റെ കൈ ചുണ്ടോട് ചേർത്ത് കൊണ്ടുള്ള മോളുടെ ചോദ്യത്തിന് കണ്ണുരുട്ടലോടെ അദ്ദേഹം ഉത്തരം നൽകി…

“നിക്ക് അറിയാം അച്ഛേ….ഇടക്ക് വേലീടെ അവിടെ നിന്ന് എത്തി നോക്കുന്ന നാരായണി ചേച്ചിയുടെയും സുശീല ചേച്ചിയുടെയും …. പിന്നെ അമ്മിണിയെ കറക്കാൻ വന്ന ദാമു ഏട്ടന്റെയും നോട്ടത്തിൽ നിക്ക് മനസിലാക്കാം….. ഈ മോള് വലിയ മാനകേടാ അച്ഛക്ക് ഉണ്ടാക്കി വെച്ചേ എന്ന്….. എല്ലാരേം കണ്ണില് സഹതാപം ആയിരുന്നു ….നിക്ക് അതൊന്നും കാണണ്ട….

അതോണ്ട ഇവിടെ തന്നെ ഇരുന്നേ……. ആളോള് പലതും പറയുന്നുണ്ടാവും ലെ അച്ഛേ…. ”

അവൾ യാതൊരു ധൃതിയും കൂടാതെ നിർവികാരതയോടെ ചോദിച്ചു…

ആ അച്ഛന്റെ ഉള്ള് ഒന്ന് നീറി…

“ആളോള് എന്തും പറയട്ടെ…. അത് നോക്കീട്ട് അല്ലല്ലോ നമ്മൾ ഇത് വരെ ജീവിച്ചത്…. ന്റെ മോളെ എനിക്ക് അറിയാം… അത് മതി… ”

അദ്ദേഹം വാത്സല്യത്തോടെ അവളുടെ മുടി ഇഴകളെ തലോടി….

“ആഹാ…. ഇങ്ങനെ കിടക്കാൻ ആണോ അച്ഛന്റെയും മോളെയും ഉദ്ദേശം….”

റൂമിലേക്ക്‌ കയറി വന്ന അമ്മ ചോദിച്ചതും അവൾ അച്ഛന്റെ മടിയിൽ നിന്നും ഇറങ്ങി കിടന്നു….

“നിങ്ങള് കഴിച്ചോ…. നിക്ക് വേണ്ടാ… ”

ബെഡിലേക്ക് ചുരുണ്ടു കൊണ്ട് അവൾ പറഞ്ഞു…. ആ അച്ഛനും അമ്മക്കും അവളെ ഒന്നിനും നിർബന്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല…

അവളുടെ ഉള്ളം നല്ല പോലെ അറിഞ്ഞത് കൊണ്ടാകാം… ഒരാളെ സ്നേഹിച്ചു കഴിഞ്ഞാൽ അവരെ എന്നും ചേർത്ത് നിർത്താൻ ശ്രമിക്കുന്ന മനസ്സ് ആണ് അവളുടെത്…അവരുടെ ചെറു വേർപാട് പോലും നന്നേ വേദനിപ്പിക്കുന്ന മനസ്സ്….

ആ അവൾക്ക് സ്നേഹിച്ച വിശ്വസിച്ച ആളിൽ നിന്നും ഇങ്ങനെ ഒരു ചതി… സഹിക്കുന്നുണ്ടാവില്ല…

വേദന കാണും… ഹൃദയത്തിൽ മുറിവ് പറ്റി കാണും… അതിൽ നിന്നും രക്തം കിനിയുന്നുണ്ടാകും…. എങ്കിലും എല്ലാത്തിനും ഒരു മരുന്നും ഉണ്ടാകും….

വിശ്വാസം ആയിരുന്നു ആ അച്ഛന്റെയും അമ്മയുടെയും… കാലം മായ്ക്കാത്ത മുറിവ് ഉണ്ടാകില്ല എന്ന വിശ്വാസം…

അവർ ബെഡിൽ ചുരുണ്ടു കിടക്കുന്നവളെ ഒരിക്കൽ കൂടി നോക്കി കൊണ്ട് പുറത്തേക്ക് നടന്നു.

വാതിൽ ചാരാൻ പോലും അവർക്ക് ധൈര്യം ഉണ്ടായിരുന്നില്ല….തുറന്ന് വെച്ചു കൊണ്ട് തന്നെ അവർ നടന്നകന്നു….

തുറന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി കിടക്കുന്ന നിലയുടെ കണ്ണുകൾ നിറഞ്ഞു തൂവി….

❤❤❤❤❤❤❤❤❤❤

“മോള് കുളിച്ചോ…. ”

നനഞ്ഞ മുടിയെ കുളിപിന്ന് കെട്ടുമ്പോൾ ആണ് അമ്മ ചോദിച്ചത്….അവൾ മെല്ലെ ഒന്ന് തിരിഞ്ഞു നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തലയാട്ടി….

ആദ്യമേ ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ല എങ്കിൽ കൂടി എന്തോ തന്റെ പഴയ മകൾ അല്ല ഇതെന്ന് പോലും ആ അമ്മക്ക് തോന്നി പോയിരുന്നു….

“എന്താ അമ്മാ….”

തന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടിട്ട് ആണ് അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം ഉയർന്നത്.

“ഞാൻ അമ്പലത്തിൽ പോവാ… നീയും വാ… ”

അമ്മ വിളിച്ചതും കഷ്ടിച്ച് ഉണ്ടാക്കി എടുത്ത പുഞ്ചിരി പോലും അവളിൽ നിന്നും അകന്നു പോയിരുന്നു…. അവൾ നിഷേധത്തിൽ ഒന്ന് തലയാട്ടി…

“നീ പിന്നെ ഇവിടെ തന്നെ ഇരിക്കാൻ ആണോ ഭാവം…. എത്ര കാലത്തേക്ക് നീ ഈ വീട്ടില് ഒളിച്ചു നിൽക്കും…. ഒരു കൊല്ലമോ… അതോ രണ്ട് കൊല്ലമോ…..!!?”

അമ്മയുടെ ചോദ്യത്തിന് മുന്നിൽ അവൾക്ക് ഉത്തരം ഇല്ലായിരുന്നു…

“മ്മ്മ്….നീ വാ… ഒരുത്തനും നിന്നെ ഒരു നോട്ടം കൊണ്ട് പോലും നോവിക്കില്ല…..നിന്റെ അമ്മ കൂടെ ഉണ്ട്….”

ആ അമ്മയിൽ അന്ന് ഇത് വരെ കാണാത്ത ഒരു ഷൗര്യം ഉടലെടുത്തിരുന്നു…. അത് അങ്ങനെയാണ് സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാൻ ഏതൊരു പാവം അമ്മയും കാളിയാകും…..

നടക്കുന്ന പാതയിൽ ഒക്കെ കണ്ടു സഹതാപത്തോടെയും പുച്ഛത്തോടെയും നോക്കുന്ന കണ്ണുകളെ….

ഇടക്ക് ആരൊക്കെയോ വന്നു അമ്മയോട് വിശേഷം തിരക്കുമ്പോഴും അത് മെല്ലെ അവളിലേക്ക് തിരിയുമ്പോഴും ആ അമ്മയുടെ കടുപ്പിച്ച സംസാരത്തിൽ എല്ലാം തീരുമായിരുന്നു….

എങ്കിലും ആ അമ്മ മനസ്സ് നീറുന്നുണ്ടായിരുന്നു..

“ആ…. നില കൊച്ച് പുറത്ത് ഇറങ്ങിയോ….. ”

ഹർഷന്റെ ചോദ്യം കേട്ടാണ് രണ്ട് പേരും തിരിഞ്ഞു നോക്കിയത്…. അമ്പലത്തിലെ ആൽമര ചുവട്ടിൽ ഇരിക്കുന്ന ഹർഷനെ കണ്ടു അമ്മ പുഞ്ചിരിക്കുമ്പോഴും അവൾ ചിരിക്കാൻ ശ്രമിച്ചു എന്ന് പറയുന്നതാകും ശരി….

“ആ… ഹർഷാ….. ”

അമ്മ അവളുടെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് നടന്നു….

“ഞാൻ കൂട്ടി കൊണ്ട് വന്നതാ…. വീട്ടില് ഇരിക്കാൻ മാത്രം അസുഖം ഒന്നും ഇവൾക്ക് ഇല്ലല്ലോ…

ഓരോരോ തോന്നലുകൾ ആണ്… ”

അമ്മ അവളെ നോക്കി കൊണ്ടായിരുന്നു പറഞ്ഞത്..

അവൾ തലയും താഴ്ത്തി തന്നെ നിന്നു…

അമ്മയുടെ കണ്ണുകൾ ഹർഷനിൽ പതിഞ്ഞു…

അവനോട് എന്തോ കണ്ണുകൾ കൊണ്ട് തന്നെ പറഞ്ഞു… അവൻ ഒന്ന് തലയാട്ടി…

“നീ എന്നാൽ ഹർഷന്റെ കൂടെ നിൽക്ക്…..

ഞാൻ പോയി വഴിപാട് കഴിച്ചിട്ട് വരാം…. ”

അവൾക്കും അറിയാമായിരുന്നു അവർ മനഃപൂർവം തന്നെ ഇവിടെ എത്തിച്ചത് ആണെന്ന്… എങ്കിലും അവൾ എതിർത്തില്ല…. ആദ്യമായി അമ്മയെയും അച്ഛനെയും എതിർത്തതിന്റെ അടയാളം ആണ് ജീവിതം തന്നെ പഠിപ്പിക്കുന്നത് എന്ന് അവൾക്ക് തോന്നിയിരുന്നു…

അമ്മ പോയതും ഹർഷന്റെ കണ്ണുകൾ അവളിൽ മാത്രമായി ചുരുങ്ങി…

“അമ്മ… പറഞ്ഞിട്ട് വന്നതാവും ലെ… ”

ചുണ്ടിൽ ചെറു പുഞ്ചിരി എടുത്തണിഞ്ഞു കൊണ്ടായിരുന്നു അവളുടെ ചോദ്യം… അവനും ഒന്ന് പുഞ്ചിരിച്ചു…

“പിന്നെ നിന്നെ എന്നും ആ വീടിനുള്ളിൽ അടഞ്ഞു കഴിയാൻ അനുവദിക്കണോ നില കൊച്ചെ…. ”

അവന്റെ ചോദ്യത്തിന് അവൾ മെല്ലെ അവനെ ഒന്ന് തല ചെരിച്ചു നോക്കി…. ചുണ്ടിൽ നേർത്ത പുഞ്ചിരി മാത്രം….

“നിക്ക് ഒന്നും ഇല്ല അച്ചേട്ടാ… അച്ചേട്ടന് അറിയാവുന്ന നിലയും ഇതല്ലേ…. ആരോടും മിണ്ടാതെ….ആരോടും എതിർത്ത് ഒന്നും പറയാതെ… വീടിനുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന നില….”

“ആയിരുന്നു…. പക്ഷെ ആ നിലയും ഈ നിലയും തമ്മിൽ ഒരു പുഞ്ചിരിയുടെ വ്യത്യാസം ഉണ്ട്…..

അവൾ തൊട്ടാവാടി അല്ലായിരുന്നു….

മൗനത്തിലൂടെ എങ്കിലും പ്രതികരിക്കാൻ കെൽപ്പ് അവൾക്ക് ഉണ്ടായിരുന്നു…..”

“എല്ലാരും ഒരുപോലെ എന്നും ഉണ്ടാവണം എന്നില്ലല്ലോ അച്ചേട്ടാ…. ”

നിറയുന്ന കണ്ണുകളെ പിടിച്ചു നിർത്തി കൊണ്ട് അവൾ പറഞ്ഞു…. അവൻ അവളുടെ തലക്ക് പിന്നിൽ ആയി ഒന്ന് മേടി….

“എന്ത് പറഞ്ഞാലും ഉണ്ട് അവളുടെ ഒരു….

ഡി… പെണ്ണെ… ഒരുത്തന് നിന്നെ വേണ്ടെന്നു വെച്ചു നീ എന്തിനാ ഇങ്ങനെ ഉരുകി തീരുന്നത്….നിന്നെ ഇഷ്ടം ഉള്ള എത്രയോ പേര് ചുറ്റിലും ഉണ്ട്.. അത് കാണാൻ ഉള്ള കണ്ണ് നിനക്ക് ഇല്ലേ…. ഒരാൾക്ക് വേണ്ടി ബാക്കി ഉള്ളവരെയും വേദനിപ്പിക്കാ എന്ന് വെച്ചാൽ….

നിന്റെ അച്ഛനെയും അമ്മയെയും നീ കാണുന്നില്ലേ…. അവര് എത്രമാത്രം സങ്കടപെടുന്നുണ്ട് എന്ന് അറിയുന്നില്ലേ….. ”

അവന്റെ വാക്കുകൾക്ക് മുന്നിൽ കണ്ണ് നീർ പോലും ഇല്ലാതെ നിൽക്കുകയായിരുന്നു നില…

“നിക്ക് മനസ്സിലാകും….. ഞാൻ ശ്രമിക്കുന്നുണ്ട് അച്ചേട്ടാ… അഞ്ച് കൊല്ലം മനസ്സിൽ ഇട്ടു നടന്നതല്ലേ… അതിന്റെ വേദനയാ… അത് മറക്കും വരെ മാത്രം ഉണ്ടാവൂ ഇങ്ങനെ ഒക്കെ….”

അവൾ ചെറു ചിരിയോടെ പറഞ്ഞു… ആ പുഞ്ചിരിയിലും തങ്ങി നിൽക്കുന്ന ദുഖം അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു…

എല്ലാവരോടും വഴക്ക് ഇടാം… ചീത്ത വിളിക്കാം… പക്ഷെ മൗനം കൊണ്ട് ഉത്തരം നൽകുന്ന സൗമ്യമായി പുഞ്ചിരിക്കുന്ന ചിലർ ഉണ്ട്…

അവരോടു വാക്കുകൾ കൊണ്ട് പോലും എതിർക്കാൻ സാധിക്കില്ല എന്ന് അവന് മനസ്സിലായിരുന്നു….

അവളെ ഒന്ന് ചീത്ത പറയാൻ പോലും മനസ്സ് അനുവദിക്കുന്നില്ല….

അവൻ പിന്നെ ഒന്നും മിണ്ടാതെ മുന്നിലേക്ക് തന്നെ കണ്ണുകൾ അയച്ചു കൊണ്ടിരുന്നു… അവളും തികച്ചും മൗനം ആയിരുന്നു…

ആരൊക്കെയോ തങ്ങളെ നോക്കുന്നതും എന്തൊക്കെയോ മുറുമുറുക്കുന്നതും അവർ അറിയുന്നുണ്ടായിരുന്നു… അവൾക്ക് അതൊരു അസ്വസ്ഥത സൃഷ്ടിച്ചു…. അവനെ കൂടി ബാധിക്കുമോ എന്നൊരു പേടിയും….

അവൻ അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യുന്നുണ്ടായിരുന്നില്ല….

“അച്ചേട്ടാ….ആളോള് ശ്രദ്ധിക്കുന്നുണ്ടാവും…

ഞാൻ പോയി…. ”

അവളുടെ സംസാരത്തിൽ അവൻ കണ്ണുരുട്ടി അവളെ നോക്കി…

“അതിന്… !!?….നീ എന്ന് മുതലാ ഇതൊക്കെ നോക്കാൻ തുടങ്ങിയത്…. അടങ്ങി നിന്നോണം അവിടെ…. ”

അവന്റെ വാക്കുകൾക്ക് മൂർച്ച കൂടിയാതോടെ അവൾ തല കുനിച്ചു കൊണ്ട് അവിടെ തന്നെ ചാരി നിന്നു….

അവൾക്ക് ഭയമായിരുന്നു…..ചുറ്റും നിൽക്കുന്നവരുടെ പരിഹാരം നിറഞ്ഞ കണ്ണുകളെ..

ദൂരെ നിന്നും അവളുടെ അടുത്തേക്ക് ഓടി വരാൻ മുതിർന്ന ശ്രീകുട്ടിയെ അവളുടെ അമ്മ പിടിച്ചു വലിച്ചു കൊണ്ട് പോകുന്നത് നില കാണുന്നുണ്ടായിരുന്നു…

അമ്മമാർക്ക് എന്നും വലുത് മക്കൾ തന്നെയാകും…. അവർ എത്ര തെറ്റ് ചെയ്താലും..

ആ നോവിലും അവൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചു…

❤❤❤❤❤❤❤❤❤

“എന്തായടാ പോയിട്ട്…. നില മോൾക്ക്‌ എങ്ങനെയുണ്ട്…. !!?”

കയറി ചെന്ന പാടെയുള്ള അമ്മയുടെ ചോദ്യം കേട്ടു അവൻ ഊരയിൽ കയ്യൂന്നി കൊണ്ട് അവരെ ഒന്ന് നോക്കി…

“അറിയാൻ ഇത്രക്ക് ആഗ്രഹം ഉണ്ടായിരുന്നേൽ നേരിട്ട് പൊയ്ക്കൂടായിരുന്നോ…. ”

അവന്റെ ചോദ്യത്തിന് അവരുടെ മുഖം ഒന്ന് വാടി..

“അത് എങ്ങനെയാടാ…. ഈ സമയത്ത് ചെന്നാൽ അവര് കരുതില്ലേ പച്ച ഇറച്ചി കൊത്തി തിന്നാൻ വന്നത് ആണെന്ന്…. എനിക്കാണേൽ ആ കൊച്ചിന്റെ മുഖത്തോട്ട് നോക്കാൻ പോലും വയ്യടാ….കരച്ചിൽ വരും… ”

അമ്മ പറയുന്നത് കേട്ടു അവൻ പുഞ്ചിരിയോടെ അവരുടെ തോളിലൂടെ കയ്യിട്ടു ഉള്ളിലേക്ക് നടന്നു.

“അത് അമ്മക്ക് മാത്രം അല്ല… എല്ലാർക്കും അങ്ങനെ തന്നെയാ…. അതിന് സ്നേഹിക്കാൻ അല്ലേ അറിയൂ… പെട്ടെന്ന് പ്രതീക്ഷിക്കാതെ പിന്നിൽ നിന്നും ഒരു അടി കിട്ടിയപ്പോൾ താങ്ങാൻ കഴിയുന്നുണ്ടാവില്ല….”

അവൻ പറയുന്നതിന് സങ്കടത്തോടെ ഒരു തലയാട്ടൽ ആയിരുന്നു അമ്മയുടെ മറുപടി…

“ആ കൊച്ചിനെ എല്ലാം വേദനിപ്പിച്ചവന് ദൈവം കൊടുക്കും….. ”

അവരുടെ വാക്കുകൾക്ക് അവൻ ഒന്ന് ചിരിച്ചു…

“രക്ഷിക്കാത്ത ദൈവം ശിക്ഷിക്കാനോ…. അമ്മ പോയി എന്തെങ്കിലും എടുത്തു വെക്ക്… ഭയങ്കര വിശപ്പ്…. ”

അവൻ അതും പറഞ്ഞു കൊണ്ട് റൂമിലേക്ക്‌ പോകുന്നതും നോക്കി അമ്മ മുഖം വീർപ്പിച്ചു…

“നീ ഇങ്ങനെ ദൈവ നിന്ദയും നിരീശ്വര വാദവും പറഞ്ഞു നടന്നോ… വെറുതെ അല്ല…. വയസ്സ് ഇരുപത്തി ഏഴ് കഴിഞ്ഞിട്ടും പെണ്ണ് കിട്ടാത്തത്.

അമ്മയുടെ ദേഷ്യത്തോടുള്ള വാക്കുകൾ അവൻ കേൾക്കുന്നുണ്ടായിരുന്നു… അവൻ അതിന് ഒരു ചെറു പുഞ്ചിരി നൽകി…

“ഞാൻ നിരീശ്വര വാദം പറഞ്ഞാൽ എന്താ…

അമ്മയുടെ പ്രാർത്ഥന എന്നും അതല്ലേ… എന്നിട്ട് എന്തെ അമ്മയുടെ ഈശ്വരൻ ഈ ഭക്തയുടെ ആഗ്രഹം അങ്ങ് സാധിച്ചു തരാത്തത്….

അതാണ്‌ പറയുന്നത് വെറും തട്ടിപ്പ് ആണെന്ന്…”

അവൻ കുസൃതി നിറച്ചു കൊണ്ട് ചോദിച്ചതും അമ്മയുടെ മുഖം ഉരുണ്ടു കൂടി…

“ഇനി പറയുവോടാ അങ്ങനെ… ”

അതും പറഞ്ഞു അടിക്കാൻ കൈ ഉയർത്തി വേഗത്തിൽ വരുന്ന അമ്മയെ കണ്ടു അവൻ പൊട്ടിച്ചിരിയോടെ ഡോർ അടച്ചു…

“നിനക്ക് ഞാൻ തരാമടാ… താന്തോന്നി…. ”

പുറമെ നിന്നും അമ്മയുടെ ശാസന ഏറിയ വാക്കുകൾ കേൾക്കുന്നുണ്ടായിരുന്നു…

അവൻ ചിരിയോടെ കയ്യിൽ കെട്ടിയ വാച്ച് അഴിച്ചു വെച്ചു…. അലമാര തുറന്ന് ഒരു കാവി മുണ്ട് എടുത്തതും കണ്ണിൽ പതിഞ്ഞത് ഭദ്രമായി അലമാര ചുവരിൽ പറ്റിച്ചു വെച്ച ഒരു മയിൽ പീലിയിൽ ആയിരുന്നു….

അവൻ ഒരു നിമിഷം മെല്ലെ അതിൽ ഒന്ന് തലോടി…… അതിലേക്കു ഒന്ന് കൂടെ നോക്കി കൊണ്ട് അലമാര അടക്കുമ്പോൾ ഉള്ളിൽ ഒരു നൂറ് ഓർമ്മകൾ കടന്നു വന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : Thasal


Comments

Leave a Reply

Your email address will not be published. Required fields are marked *