ഒരുത്തനെ മോഹിപ്പിച്ചിട്ട് മറ്റൊരുവന്റെ താലി കഴുത്തിൽ അണിയേണ്ട ഗതികേട് വന്നു എനിക്ക്…

രചന : മനു പ്രസാദ്

മിന്നും താരകം…

❤❤❤❤❤❤❤❤❤

“ഇവൻ പിശാചിന്റെ ജന്മം ആണ്…ഇവനാ എന്റെ ഏട്ടനെ…. ഇവൻ കാരണമാ അന്ന് ഞാൻ അങ്ങനൊക്കെ…” കരയുന്ന പിഞ്ചു പൈതലിനെ നോക്കി ഭ്രാന്തിയെ പോലെ ദീക്ഷണ അലറി…

പൈതലിനെ മാറോട് ചേർത്ത് പൊട്ടിക്കരയാനെ ദേവകിക്ക് അപ്പോൾ കഴിയുമായിരുന്നുള്ളൂ…

അവർ കുട്ടിയേയും കൊണ്ട് അവളുടെ അടുത്തേക്ക് നടന്നു… ദീക്ഷണയുടെ അഴിഞ്ഞുലഞ്ഞ മുടി നേരെയാക്കി അവർ അവളുടെ തലയിൽ മെല്ലെ തലോടി…

എന്നിട്ട് മുകളിലേക്ക് ദൈവത്തോടെന്ന പോലെ നോക്കി…

“വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ മോളെ… അതിന് നീയോ ഈ പിഞ്ചു കുഞ്ഞോ ഒന്നും ചെയ്തില്ലല്ലോ.. എന്റെ മോന് ദൈവം അത്രയെ ആയുസ്സ് വിധിച്ചിട്ടുള്ളൂ… അതിന് നീ ഈ കുഞ്ഞിനോട് പക തീർക്കല്ലേ…അവൻ നിന്റെ ചോരയല്ലേ മോളെ…” രവിയുടെ വാക്കുകളാണ്..

ദേവകി ആംഗ്യ ഭാഷയിൽ എന്തൊക്കെയോ പിന്നീട് ദീക്ഷണയോട് പറയുന്നുണ്ടായിരുന്നു.. പക്ഷെ ആരുടെയും വാക്കുകൾ കേൾക്കാൻ പറ്റാത്തതരം ഭ്രാന്തമായൊരു അവസ്ഥയിലേക്ക് അവളുടെ മനസ്സ് അപ്പോഴേക്കും എത്തി..

“എനിക്ക് ഇവനെ കാണണ്ട…” വെറുപ്പോടെ കുഞ്ഞിനെ നോക്കി അവൾ വീണ്ടും പറഞ്ഞു…

അപ്പോഴും സ്വന്തം അമ്മയുടെ ശാപവാക്കുകൾ കേട്ടുകൊണ്ട് ഒന്നുമറിയാതെ മുലപ്പാലിനായി അവൻ കേഴുകയായിരുന്നു…

“ഇവനാ എന്റെ ഏട്ടനെ …എന്റെ ജീവിതം തകർത്തത് ഇവനാ” വീണ്ടും വീണ്ടും അതാവർത്തിച്ചുകൊണ്ട് അവൾ ഭിത്തിയോരം തളർന്നിരുന്നു… അവളുടെ മിഴികൾ തോരാതെ അപ്പോഴും കണ്ണീർ ഒഴുകിയിരുന്നു.. പുറത്ത് അപ്പോഴേക്കും ഇരുട്ടിന് കനം വച്ച് തുടങ്ങിയിരുന്നു…

കാർമേഘം നക്ഷത്രങ്ങളെ മൂടപെട്ടിരുന്നു…

ആ വീട്ടിലുള്ളവരുടെ മനസ്സിലും ഇരുട്ട് മൂടിയിട്ട് മൂന്ന് മാസങ്ങളായി… “നീ ഈ കുഞ്ഞിനോട് കാണിക്കുന്ന വെറുപ്പ് ആർക്ക് വേണ്ടിയാണെന്ന് അച്ഛനറിയാം… പക്ഷെ എന്റെ മോളൊന്ന് മനസ്സിലാക്കണം

ഇടക്ക് വച്ച് നിർത്തി രവി ദീക്ഷണയെ നോക്കി..

അവളും മെല്ലെ തല ചരിച്ചു അയാളെ നോക്കി…

“അവന്റെ ആത്മാവ് ഒരിക്കലും ഇത് കണ്ട് സന്തോഷിക്കില്ല… നിങ്ങളുടെ കുഞ്ഞിനോട് മോള് കാണിക്കുന്നതൊക്കെ കണ്ട് അവൻ ഒരുപാട് വിഷമിക്കുന്നുണ്ടാകും… മോള് അതൊരിക്കലും മറക്കരുത്… സ്വന്തം മകനെയോ ഞങ്ങൾക്ക് നഷ്ടമായി അവന്റെ ഭാര്യയും കുഞ്ഞും കൂടി ഇല്ലാതാകുന്നത് ഞങ്ങൾക്ക് ചിന്തിക്കാനാവില്ല…”

കരഞ്ഞുകൊണ്ട് അയാൾ ആ മുറിവിട്ട് ഇറങ്ങി.

കരയുന്ന കുഞ്ഞിനെയും മാറിലിട്ട് ദേവകിയും കരഞ്ഞുകൊണ്ട് അയാൾക്ക് പിറകെ പോയി..

അവൾ മാത്രം ആ മുറിയിൽ ഒറ്റക്കായി..

അല്ല ഒറ്റയ്ക്കല്ല അവളുടെ ചേട്ടായി അവളുടെ കൂട്ടിനുണ്ട്…

മുകളിൽ ഭിത്തിയിൽ ഫ്രെയിം ചെയ്ത് വച്ച ആ ഫോട്ടോയിലേക്ക് അവൾ നോക്കി…

എപ്പോഴും ചിരിക്കാറുള്ള ആ മുഖത്ത് ഇപ്പോൾ ദുഃഖമാണ് എന്നവൾക്ക് തോന്നി..

ധനുമാസത്തിലെ കുളിരുള്ള കാറ്റ് അവളുടെ മുടിയിഴകളെ തലോടാനായി അപ്പോഴേക്കും എത്തിയിരുന്നു…

ആ കാറ്റിനൊപ്പം അവളുടെ മനസ്സും സഞ്ചരിച്ചു ഓർമകളിലേക്ക്…

ജന്മിത്തത്തിന്റെ അവശേഷിപ്പുകൾ കാലം മായിച്ചെങ്കിലും മനസ്സിൽ നിന്നും അത് മാറാത്ത അച്ഛന്റെ ഇളയ മകളായിട്ടാണ് തന്റെ ജനനം..

പെണ്ണായി ജനിച്ചതിൽ പേരിൽ ഒരുപാട് നിബന്ധനകൾക്കും കല്പനകൾക്കും നടുവിലായിരുന്നു വളർന്നത്…

ചേട്ടനും അച്ഛനെ പോലെ തന്നെ ഗൗരവക്കാരൻ ആയിരുന്നതിനാൽ കുട്ടിക്കാലം ഏറെക്കുറെ ഏകാന്തതയുടെ തടവറയിൽ ആയിരുന്നു…

ആകെയുള്ളൊരു ആശ്വാസം അമ്മ മാത്രമായിരുന്നു…

അങ്ങനെ എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു നിന്ന എന്റെ മനസ്സിലേക്കാണ് അപ്രതീക്ഷിതമായ ചേട്ടായിയുടെ കടന്ന് വരവ്..

നാട്ടിലെ എല്ലാ വിശേഷങ്ങൾക്കും പുഞ്ചിരിയോടെ ഓടി നടന്ന് പ്രവർത്തിക്കുന്ന ഒരു ചെറുപ്പക്കാരനോട് ആദ്യം തോന്നിയ കൗതുകം..

മിണ്ടാൻ കഴിയാത്ത അമ്മയോടൊപ്പം വഴിനീളെ വിശേഷങ്ങൾ പറഞ്ഞു അമ്മയെ ചേർത്ത് പിടിച്ചു പോകുന്നത് കണ്ടപ്പോൾ കൗതുകം ചെറിയ ഇഷ്ടത്തിന് വഴി മാറി..

ഞങ്ങളുടെ വീടിന്റെ പെയിന്റ് പണിക്ക് വന്നപ്പോൾ ആളെ വളരെ അടുത്തറിഞ്ഞപ്പോൾ ആ ഇഷ്ടത്തിന് മറ്റൊരു മാനം അറിയാതെ തോന്നിപ്പോയി…

ആർക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം ആണ്.

സ്വന്തം വീട്ടുകാരിൽ നിന്നും ഇത്രയും നാളും കിട്ടാത്ത പരിഗണനയും സന്തോഷവും ചേട്ടായിയുടെ പുഞ്ചിരിയിലും കുശാലാന്വേഷണങ്ങളിൽ നിന്നും എനിക്ക് കിട്ടി..

അറിയാതെ മനസ്സ് പലതും മോഹിച്ചു…

ചേട്ടായി എനിക്ക് എന്ത് മാത്രം വിലപ്പെട്ടതാണെന്നു വീടിന്റെ പണി കഴിഞ്ഞ് അവർ പോയതിന് ശേഷമാണ് മനസ്സിലായത്..

എന്തോ ഒന്ന് നഷ്ടമായത് പോലെ…

ആ ഏഴ് ദിവസങ്ങൾ സ്വർഗത്തിൽ ജീവിച്ച ഞാൻ പെട്ടെന്ന് നരകത്തിൽ തനിച്ചായപോലെ തോന്നി…

ആ സ്നേഹം നേടിയെടുക്കാൻ വേണ്ടി തന്നെയാണ് ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്ന് പോലും ചിന്തിക്കാതെ എന്റെ ഇഷ്ടം ഒരുനാൾ അറിയിച്ചത്…

സ്വതസിദ്ധമായ പുഞ്ചിരിയോടെ ചേട്ടായി എല്ലാം കേട്ടിരുന്നു..

“ഇപ്പോഴത്തെ എല്ലാ കുട്ടികൾക്കും തോന്നുന്നൊരു ഇഷ്ടമേ നിനക്കും തോന്നിയുള്ളൂ… അതിനെ പ്രണയം എന്ന് തന്നെ വിളിക്കാമോ എന്നുപോലും അറിയില്ല..

നാളെ ചിലപ്പോൾ നിനക്ക് ഓർത്ത് ചിരിക്കാൻ പറ്റിയൊരു ഓർമ മാത്രം ആകാം ഇത്..”

“അല്ല… ഒരിക്കലുമല്ല… ശരിയാണ് ചേട്ടായിക്ക് ചിലപ്പോൾ അത്ഭുതം തോന്നാം..നമ്മൾ തമ്മിൽ ഒരുപാട് സംസാരിച്ചിട്ടില്ല അടുത്ത് ഇടപഴകിയിട്ടില്ല പക്ഷെ നിങ്ങളുടെ സാമിപ്യം എനിക്ക് തരുന്നൊരു സന്തോഷവും സുരക്ഷിതത്വവും വേറെ ആരിൽ നിന്നും എനിക്ക് കിട്ടിയിട്ടില്ല…

എല്ലാരുമുണ്ടായിട്ടും ആരുമില്ലാത്തവളെ പോലെ ജീവിക്കുമ്പോഴേ ചിലപ്പോൾ അത് മനസ്സിലാകൂ…”

“നിന്റെ മുന്നിൽ വലിയൊരു ലോകമുണ്ട് കുട്ടി…

ഒരിക്കലും എന്റെ കൂടെ ആണെങ്കിൽ ആ ലോകം നിനക്ക് കിട്ടില്ല… മാത്രമല്ല പഠിപ്പിലും,പണത്തിലും, ജാതിയിലും എല്ലാം നിന്നേക്കാൾ താഴ്ന്നവനാണ് ഞാൻ.. ഒരിക്കലും ഈ ബന്ധം ശരിയാകില്ല…

ഇത് നിനക്കും എനിക്കും ദുഃഖം മാത്രേ തരൂ…

അമ്മയും അച്ഛനും മാത്രമുള്ളൊരു ചെറിയ ലോകമാണ് എന്റേത്.. എനിക്ക് അത് മതി..”

അതും പറഞ്ഞു തിരിഞ്ഞ് പോലും നോക്കാതെ ചേട്ടായി നടന്നകന്നു…

കുടുംബത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും അങ്ങനെയേ പറയാൻ കഴിയൂ എന്ന് എനിക്ക് തോന്നി…

പക്ഷെ ആ വാക്കുകൾക്കും എനിക്ക് ചേട്ടായിയോട് തോന്നിയ ഇഷ്ടത്തെ തകർക്കാൻ കഴിഞ്ഞില്ല…

ദിനംപ്രതി ആ ഇഷ്ടം കൂടി വന്നു….

എല്ലാരെയും സ്നേഹിക്കാൻ മാത്രം അറിയുമായിരുന്ന അദ്ദേഹത്തിന് എന്റെ ഇഷ്ടത്തെ അധികനാൾ കണ്ടില്ലെന്ന് നടിക്കാൻ ആയില്ല…

ആത്മാർത്ഥമായ എന്റെ സ്നേഹത്തെ പൂര്ണമനസ്സോടെ ഒരുനാൾ ചേട്ടായി സ്വീകരിച്ചു…

ഒന്നിന്റെ പേരിലും ചേട്ടായിയെ വിട്ടുപിരിയില്ല എന്നൊരുറപ്പ് മാത്രം ഞാൻ കൊടുത്തു..

പിന്നീട് പ്രണയത്തിന്റെ നാളുകൾ ആയിരുന്നു…

ആരും കാണാതെ ആരും അറിയാതെ രണ്ട് മനസ്സുകൾ പ്രണയിച്ചു…

ഈ ജോലിയുമായി നാട്ടിൽ തുടർന്നാൽ എന്നെ കിട്ടില്ലെന്ന ചിന്തയിൽ ആണ് ചേട്ടായി പ്രവാസി ആകാൻ തീരുമാനിച്ചത്…

ചേട്ടയിയെ വിട്ട് പിരിയാൻ ആഗ്രഹമില്ലാഞ്ഞിട്ടും ഒരുമിച്ചൊരു ജീവിതത്തിനു വേണ്ടി ആ താൽക്കാലികമായ വിട്ടുപിരിയലിന് ഞാൻ വിഷമത്തോടെ സമ്മതിച്ചു…

ഞാൻ കാത്തിരിക്കുമെന്ന ഉറപ്പിന്മേൽ ചേട്ടായി കടൽ കടന്നു…

ഞാനും എന്റെ പഠനത്തിൽ ശ്രദ്ധചെലുത്തി…

അപ്പോഴും ഫോൺ വിളികളിലൂടെ ഞങ്ങൾ പരസ്പ്പരം വിശേഷങ്ങൾ പങ്കുവച്ചു..

എന്റെ ശ്രമഫലം എന്നോണം ബാങ്ക് ടെസ്റ്റ് പാസ്സ് ആവുകയും ജോലിയിൽ പ്രവേശിക്കുകയും ചെയ്തു…

ഒരു വർഷം വളരെ വേഗത്തിൽ കടന്ന് പോയി..

പക്ഷെ പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞു..

ഞങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടു ഞങ്ങളുടെ ബന്ധം ചേട്ടൻ അറിയാൻ ഇടയായി..

അച്ഛന്റെയും ഏട്ടന്റെയും കലി അടങ്ങുന്നത് വരെ അവർ എന്നെ തല്ലി…

എവിടെയും പോകാൻ കഴിയാതെ ഞാൻ വീട്ട് തടങ്കലിൽ ആയി…

ചേട്ടായിയെ വിവരമറിയിക്കാനുള്ള എന്റെ എല്ലാ ശ്രമങ്ങളെയും എന്റെ വീട്ടുകാർ സമൃദ്ധമായി തടഞ്ഞു…

പീടനങ്ങളുടെയും സംഘര്ഷങ്ങളുടെയും കാലമായിരുന്നു അത്…

എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞു തീർത്ത രാവുകൾ…

പണത്തിന്റെയും ജാതിയുടെയും പേരിൽ എന്റെ ഇഷ്ടങ്ങളെ അവർ തല്ലിക്കെടുത്താൻ നിരന്തരം ശ്രമിച്ചു..

എന്റെ അറിവോ സമ്മതമോ ഇല്ലാതെ തന്നെ എന്റെ വിവാഹം നടത്താനുള്ള അവരുടെ നീക്കം വളരെ വൈകിയാണ് ഞാൻ അറിയുന്നത് …

അപ്പോഴേക്കും എല്ലാം കൈവിട്ട് പോയിരുന്നു…

എല്ലാം അറിഞ്ഞുകൊണ്ട് തന്നെ ഒരു ബന്ധു എന്നെ കല്യാണം കഴിക്കാൻ സമ്മതിച്ചതോടെ അച്ഛനും ഏട്ടനും കാര്യങ്ങൾ വളരെ വേഗത്തിൽ നടപ്പിലാക്കി…

ചേട്ടായിക്ക് കൊടുത്ത വാക്കുകൾ ഓരോന്നും എന്റെ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരുന്നു.

ആത്മഹത്യ ചെയ്യാനുള്ള ശ്രമം അമ്മ കണ്ടതിനാൽ നടന്നില്ല ..

ഒടുവിൽ എല്ലാ പ്രണയങ്ങളിലും സംഭവിച്ചത് തന്നെ നടന്നു…

ഒരുത്തനെ മോഹിപ്പിച്ചിട്ട് മറ്റൊരുവന്റെ താലി കഴുത്തിൽ അണിയേണ്ട ഗതികേട്…

മനസ്സുകൊണ്ടല്ലെങ്കിൽ പോലും ഞാൻ വഞ്ചകി ആയി…

ദൈവങ്ങളെപോലും വെറുത്ത ദിനം…

ആദ്യരാത്രിയിൽ തന്നെ അയാളോട് എനിക്ക് പറയേണ്ടി വന്നു എന്റെ മനസ്സിലെ സ്വപ്നങ്ങളെ കുറിച്ച് ഞങ്ങളുടെ പ്രണയത്തിന്റെ തീവ്രതയെ കുറിച്ച്…

“ചേട്ടായി അല്ലാതെ മറ്റൊരു പുരുഷൻ എന്റെ ശരീരത്തിൽ സ്പർശിക്കുന്ന നാൾ ദീക്ഷണ ഈ ശരീരം ഉപേക്ഷിച്ചിരിക്കും…”

എന്റെ വാക്കുകളിൽ അയാൾ ആദ്യമൊന്നു പതറിയെങ്കിലും ഞങ്ങളുടെ പ്രണയത്തിന്റെ വ്യാപ്തി മനസ്സിലാക്കിയത് കൊണ്ട് എന്നെ സമാധാനിപ്പിച്ചു…

അപ്പോഴേക്കും സുഹൃത്ത് വഴി ചേട്ടായി എല്ലാ വിവരങ്ങളും അറിഞ്ഞിരുന്നു…

ഉടൻ തന്നെ നാട്ടിൽ എത്തുകയും ചെയ്തു…

ചേട്ടായി എന്നെ വീട്ടിൽ വന്ന് വിളിച്ചിറക്കി…

ചെയ്യുന്നത് തെറ്റാണോ ശരിയാണോ എന്നുപോലും അറിയില്ല പക്ഷെ ഞാൻ കൂടെ പോയി…

ഇവിടെ എന്റെ ശരികളാണ് വലുത്…

മറ്റുള്ളവർക്ക് ഞാനൊരു പിഴച്ച പെണ്ണാകാം…

താലി കെട്ടിയവന്റെയും സ്വന്തം കുടുംബത്തിന്റെയും അഭിമാനത്തിന് കോട്ടം ഏൽപ്പിച്ചു ഇറങ്ങി പോയവൾ…

പക്ഷെ എല്ലാവരുടെയും ഇഷ്ടങ്ങൾക്ക് വേണ്ടി ഒരു പെണ്ണിന്റെ സ്വപ്നങ്ങളെ തകർത്തവരെ മനപ്പൂർവം അവർ കണ്ടില്ലെന്ന് നടിക്കും…

എന്നെ അന്വേഷിച്ചു ചേട്ടായിയുടെ വീട്ടിൽ എത്തിയ അച്ഛനും ഏട്ടനും ആളുകളും അദ്ദേഹത്തെ ഒരുപാട് തല്ലി…

എന്നെ തല്ലുന്നത് കണ്ട് സഹിക്കാനാവാതെ ചേട്ടായിയും ഏട്ടനെ തല്ലി…

വീട്ടുകാർ പോലീസിൽ പരാതി കൊടുത്തെങ്കിലും ഞാൻ ചേട്ടായിയോടൊപ്പം ഉറച്ചു നിന്നതോടെ ഞങ്ങളെ ഒന്നിച്ച് ജീവിക്കാൻ അവർക്ക് സമ്മതിക്കേണ്ടി വന്നു …

എന്റെ കഴുത്തിൽ താലികെട്ടിയ ആളും എതിർപ്പ് ഒന്നും പറഞ്ഞില്ല… ഒരു പക്ഷെ അയാൾ ഇത് നേരത്തെ മുന്നിൽ കണ്ടിരിക്കാം…

പിറ്റേന്ന് തന്നെ കൂട്ടുകാർ എല്ലാം ചേർന്ന് ഞങ്ങളുടെ രജിസ്റ്റർ മാരേജ് നടത്തി…

ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നം കണ്മുന്നിൽ നടന്നപ്പോൾ മനസ്സ് ആനന്ദത്തിന്റെ പരകോടിയിൽ എത്തി…

ചേട്ടായിയെ തിരിച്ചു പോകാൻ സമ്മതിക്കാതെ നാട്ടിൽ തന്നെ ഞാൻ നിർത്തി…

ആ കൊച്ചു വീട്ടിലെ സ്വർഗത്തിൽ സന്തോഷത്തോടെ ഞാൻ ജീവിക്കാൻ തയ്യാറാണ് എന്ന ബോധ്യത്തോടെ ഞങ്ങൾ ജീവിച്ചു തുടങ്ങി.

അമ്മയും അച്ഛനും എന്നെ സ്വന്തം മകളെ പോലെ നോക്കി…

മിണ്ടാൻ കഴിയില്ലെങ്കിലും എപ്പോഴും എന്നോടൊപ്പം എന്തെങ്കിലും ചെയ്തും കാണിച്ചും അമ്മ കൂടെ കൂടുമായിരുന്നു…

ഞങ്ങളുടെ പ്രണയത്തിന് അത്രത്തോളം തീവ്രത ഉള്ളതുകൊണ്ട് തന്നെ മൂന്നാം മാസത്തിൽ തന്നെ അതിന്റെ തെളിവ് എന്റെ ഉദരത്തിൽ മൊട്ടിട്ടിരുന്നു

ലോകം കീഴടക്കിയ സന്തോഷമായിരുന്നു ചേട്ടായിക്ക് എന്റെ നാവിൽ നിന്നും അത് കേട്ടപോൾ…

ഒരു കൊച്ചു കുഞ്ഞിനെ പരിചരിക്കുന്നത് പോലെ ചേട്ടായിയും അമ്മയും എന്നെ പരിചരിച്ചു…

അച്ഛനും ചേട്ടായിയും ഞാൻ ആവശ്യപ്പെടുന്നത് എന്തും ചെയ്യാൻ തയ്യാറായി നില്‌ക്കുന്ന അടിമകളെ പോലെ തോന്നും പലപ്പോഴും…

എനിക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞതോടെ അച്ഛൻ അറിയാതെ അമ്മ എന്റെ വിശേഷങ്ങൾ തിരക്കുമായിരുന്നു…

അത് എനിക്ക് വല്ലാത്തൊരു ആശ്വാസം നൽകി..

എല്ലാം കൊണ്ടും സന്തോഷത്തിന്റെ നാളുകളായിരുന്നു

പക്ഷെ ഞങ്ങളുടെ സന്തോഷം കണ്ടിട്ട് ദൈവത്തിന് അസൂയ തോന്നിയിരിക്കാം

എട്ടാം മാസത്തിലെ ഒരു രാത്രി മസാല ദോശ തിന്നണം എന്ന എന്റെ കൊതി നിറവേറ്റാൻ കൂട്ടുകാരനോടൊപ്പം ബൈക്കിൽ പോയതാണ് ചേട്ടായി..

ജീവനോടെ ഞാൻ എന്റെ പാതിയെ അവസാനമായി കാണുന്നത് ആ രാത്രിയാണ്…

പിന്നീട് ഞാൻ കാണുന്നത് തുന്നികെട്ടിയ ചേട്ടായിയുടെ ചേതനയറ്റ ശരീരമാണ്…

ലോകം അവസാനിക്കും പോലെ തോന്നിയ നിമിഷം…

ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും അറിയാൻ കഴിയുന്നില്ല…

ഞാൻ എത്രയുറക്കെ കരഞ്ഞിട്ടും ചേട്ടായി എണീറ്റില്ല…

ഞാൻ കരയുന്നത് കണ്ടാൽ സഹിക്കാൻ കഴിയാത്ത ആൾ അന്ന് മാത്രം എന്നെ സാന്ത്വനിപ്പിച്ചില്ല…

ഞാൻ കാരണം… ഞാൻ അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ ചേട്ടായി ഇന്നും എന്നോടൊപ്പം ഉണ്ടായേനെ…

പിന്നീട് നടന്നതൊന്നും ഞാൻ അറിഞ്ഞില്ല…

ചേട്ടായി പോയ അതേ വഴി തന്നെ പോകാൻ പിന്നീട് ഞാനും ശ്രമിച്ചു…

പക്ഷെ ദൈവം അവിടെയും എന്നെ തോൽപ്പിച്ചു…

പിന്നീട് കുഞ്ഞിനെ പ്രസവിച്ചതും എനിക്ക് ഓർമയില്ല… ഒരുതരം വിഭ്രാന്തി എന്നെ പിടികൂടിയിരുന്നു

വീണ്ടും ഞാൻ ഒറ്റക്കായ പോലെ തോന്നി…

മോനെ ഒന്ന് ചേർത്ത് പിടിക്കാനോ ,അവനെ ഒന്ന് തലോടാനോ ശ്രമിച്ചില്ല…

ഒരുതരം മരവിപ്പ് മനസ്സിനെ ബാധിച്ചു…

മനസ്സിൽ സ്നേഹമുണ്ടെങ്കിലും മോനോട് അത് പ്രകടിപ്പിക്കാൻ എനിക്ക് കഴിയുന്നില്ല…

ചേട്ടായിയുടെ മരണത്തിനു കാരണം ഞാനും അവനും ആണെന്ന മിഥ്യാ ധാരണ എന്റെ മനസ്സിനെ മധിച്ചു…

അവനും ഞാനും ചേട്ടായിയോട് ചെയ്ത തെറ്റിന് സ്വയം ഞാൻ ശിക്ഷ വിധിച്ചു..

ഒരു പ്രായശ്ചിത്തം പോലെ..

ഞാൻ മനപ്പൂർവം അവന്റെ കരച്ചിലിനെ അവഗണിച്ചു…

എന്തൊക്കെയോ ചെയ്തും പറഞ്ഞും ഞാൻ എന്റെ വിഷമം അടക്കി…

എനിക്ക് എന്റെ മനസ്സിനെ കൈമോശം വന്നിരിക്കുന്നു…

അമ്മയുടെ തലോടലാണ് അവളെ ഓർമകളിൽ നിന്നും ഉണർത്തിയത്…

കുഞ്ഞിനെ കിടത്താൻ വന്നതാണ്…

അവൻ ഉറങ്ങിയിരുന്നു ..

കൈകൊണ്ട് എന്നോട് ഉറങ്ങാൻ അമ്മ പറഞ്ഞിട്ട്…

ഞാൻ വീണ്ടും ചേട്ടായിയുടെ ഫോട്ടോയിലേക്ക് നോക്കി …

“ഇത് മോൻ ആണ് ….എന്നെ പോലൊരു മോൻ…അവനെ ഒരു രാജകുമാരനെ പോലെ എനിക്ക് വളർത്തണം… അവന്റെ എല്ലാ ആഗ്രഹങ്ങളും നടക്കണം..

നീയും മോനും സന്തോഷത്തോടെ ജീവിക്കുന്നത് നിന്റെ ഏട്ടനും അച്ഛനും കാണണം ,,പ്രതികാരത്തിന് അല്ല ഉള്ളിന്റെ ഉള്ളിലെങ്കിലും അവർക്ക് അപ്പൊ നമ്മളോട് സ്നേഹം തോന്നും…മാത്രമല്ല ഞാൻ ചത്താലും നിന്നെ നോക്കാൻ ഇവനുണ്ടല്ലോ…

പിന്നെ നീ വിഷമിക്കണ്ട മോളുടെ കാര്യം നമുക്ക് പിന്നെ പരിഗണിക്കാം… ഞാനില്ലേ കൂടെ…”

തന്റെ വയറിൽ മുഖം ചേർത്ത് ചേട്ടായി ഒരിക്കൽ പറഞ്ഞ വാക്കുകൾ അവൾ ഓർത്തു…

അച്ഛൻ നേരത്തെ പറഞ്ഞ വാക്കുകളുടെ പൊരുൾ അവൾക്ക് അപ്പോൾ മനസ്സിലായി…

കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി….

ചേട്ടായി എനിക്ക് തന്ന നിധിയെ ആണ് അവൾ ഇത്ര നാളും വെറുത്തത് എന്നോർത്തപ്പോൾ അവളുടെ ഹൃദയം വല്ലാതെ പിടഞ്ഞു…

മാപ്പർഹിക്കാത്ത തെറ്റാണ് മനപ്പൂർവം അല്ലെങ്കിലും താൻ ചെയ്തത്…

അവൾ കട്ടിലിൽ ഉറങ്ങുന്ന പൈതലിനെ നോക്കി…

അവളുടെ ഉള്ളിലെ മാതൃ സ്നേഹം നിറഞ്ഞൊഴുകി…

അവൾ കുഞ്ഞിനെ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടി..

അമ്മയുടെ ചൂട് തട്ടിയപ്പോൾ തന്നെ അവൻ ചിണുങ്ങി കരയാൻ തുടങ്ങി…

ആദ്യമായി അവൾ നിറഞ്ഞ മനസ്സോടെ അവന് വേണ്ടി തന്റെ മാറു ചുരത്തി…

അവൾ ഫോട്ടോയിലേക്ക് നോക്കിയപ്പോൾ എന്തോ ഒരു തിളക്കം ചേട്ടായിയുടെ മുഖത്ത് ഉള്ളതായി തോന്നി…

പുറത്ത് ആകാശത്തെ കാർമേഘങ്ങൾ അപ്പോഴേക്കും മാറി…

പൂർണചന്ദ്രൻ പ്രഭചൊരിഞ്ഞു..

കോടാനുകോടി താരകങ്ങളിൽ ഒരു താരകം അപ്പോഴും അവരെ നോക്കി മിന്നി തിളങ്ങുന്നുണ്ടായിരുന്നു.

(വെറുമൊരു കഥയല്ല ഒരു ജീവിതമാണ്….)

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മനു പ്രസാദ്

Scroll to Top