അറിയാതെ, തുടർക്കഥയുടെ അഞ്ചാം ഭാഗം വായിക്കൂ…

രചന : Thasal

അവൻ ചിരിയോടെ കയ്യിൽ കെട്ടിയ വാച്ച് അഴിച്ചു വെച്ചു…. അലമാര തുറന്ന് ഒരു കാവി മുണ്ട് എടുത്തതും കണ്ണിൽ പതിഞ്ഞത് ഭദ്രമായി അലമാര ചുവരിൽ പറ്റിച്ചു വെച്ച ഒരു മയിൽ പീലിയിൽ ആയിരുന്നു….

അവൻ ഒരു നിമിഷം മെല്ലെ അതിൽ ഒന്ന് തലോടി…… അതിലേക്കു ഒന്ന് കൂടെ നോക്കി കൊണ്ട് അലമാര അടക്കുമ്പോൾ ഉള്ളിൽ ഒരു നൂറ് ഓർമ്മകൾ കടന്നു വന്നു….

എങ്കിലും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി…. സുഖമുള്ള നോവ് ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങി….

❤❤❤❤❤❤❤❤❤❤❤❤❤

“ഇതൊരു നല്ലൊരു ആലോചനയാ സഖാവെ…”

ഉമ്മറത്തു ഇരുന്നു കൊണ്ടുള്ള രാവുണ്ണിയേട്ടന്റെ വാക്കുകൾ കേട്ടാണ് നിലയും അമ്മയും വീട്ടിലേക്ക് കയറി ചെന്നത്…

നിലയുടെ കണ്ണുകൾ പരിഭ്രമത്തോടെ അച്ഛനെ നോക്കി… അച്ഛൻ ചെറു ചിരിയോടെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചതും അവൾ അമ്മയോടൊപ്പം ഉള്ളിലേക്ക് നടന്നു….

“പിന്നെ നമ്മുടെ ഭാഗത്തും കുറച്ചൊക്കെ കുറവുകൾ ഉണ്ടല്ലോ…. അപ്പോൾ ഈ ചെറിയ കുറവ് ഒക്കെ ഒന്ന് കണ്ണ് ചിമ്മണം….. ഇച്ചിരി പ്രായകൂടുതൽ…. സത്യം പറഞ്ഞാൽ നാല്പത് ഒന്നും ഒരു പ്രായം അല്ലാന്നെ…. ”

രാവുണ്ണിയുടെ വാക്കുകൾ അവളുടെ ഹൃദയത്തേ നുറുക്കി…. പ്രണയിച്ചത് ഒരു കുറവ് ആണോ..

എന്നിട്ടും അച്ഛനിൽ നിന്നും ഒരു മറുപടി ലഭിക്കാതെ വന്നതോടെ എന്തോ ഒരു പേടി അവളെ പിടി കൂടി….

“രാവുണ്ണി………ഞാൻ നിന്നോട് പറഞ്ഞിരുന്നോ എന്റെ മോൾക്ക്‌ കല്യാണപ്രായം ആയി എന്ന്.!!?”

വളരെ സമാധാനത്തോടെ ഉള്ള അച്ഛന്റെ വാക്കുകൾ… ഒരു നിമിഷം അയാൾ ഒന്ന് പതറി..

“അത്… വയസ്സ് ഇരുപത്തി രണ്ട് ആയില്ലേ…”

“അതാണോ വിവാഹപ്രായം…..”

അച്ഛന്റെ വാക്കുകളിൽ ഒരു പുച്ഛം കലർന്നു…

“എന്റെ മോൾക്ക്‌ വിവാഹം വേണം എന്ന് തോന്നുമ്പോൾ ഞാൻ നടത്തിക്കോളാം…. പിന്നെ ഇങ്ങനെ ഒരു ആലോചനയുമായി ഈ വീടിന്റെ പടി കടന്നു വരാൻ തനിക്ക് ധൈര്യം തന്നത് എന്റെ സ്വാധീനം കുറഞ്ഞ കാലുകൾ അല്ലേ….എന്നാൽ കേട്ടോ എന്റെ കാലുകൾക്കേ സ്വാധീനം കുറഞ്ഞിട്ടുള്ളൂ…

കൈക്കും നാവിനും ഒരു കുഴപ്പവും ഇല്ല…. പിന്നെ ചിന്തിക്കാൻ ഉള്ള ശേഷിയും…. രാവുണ്ണി ഇപ്പോ പോകാൻ നോക്ക്…. ”

അച്ഛന്റെ വാക്കുകൾക്ക് കടുപ്പം ഏറി….

അവളുടെ കണ്ണുകൾ ഒരു വേള നിറഞ്ഞു….

ഇത്രയും തന്നെ മനസ്സിലാക്കുന്ന അച്ഛനെ ലഭിച്ചതിൽ അവളുടെ ചുണ്ടിൽ പുഞ്ചിരി മിന്നി…

അമ്മ പുഞ്ചിരിയോടെ അവളെ ഒന്ന് ചേർത്ത് പിടിച്ചു…. അവൾ അമ്മയെ നോക്കിയതും അവർ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു…

❤❤❤❤❤❤❤❤❤❤❤❤

“കൊച്ചേച്ചി…. വരാവോ…ഞങ്ങളെ മാവിൽ കൊറേ ഉണ്ണി മാങ്ങാ ണ്ടായിട്ട്ണ്ട്…. നമുക്ക് പൊട്ടിക്കാം…. ”

ജനവാതിലിന്റെ കമ്പിയിൽ അള്ളി പിടിച്ചു കയറി കൊണ്ട് ഒരു കുഞ്ഞ് പെണ്ണ് ചോദിച്ചതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉടലെടുത്തു….

“ഒരെണ്ണം മാത്രം മതി അരുണേട്ടാ…. ”

മാങ്ങ പറിച്ചു മുണ്ടിൽ ഇ=ട്ടു മടക്കി കുത്തി നടക്കുന്ന അരുണിന്റെ പിന്നാലെ ഓടുന്ന തന്നെ തന്നെ മനസ്സിൽ കണ്ടു… ഇടക്കുള്ള അരുണിന്റെ കള്ള നോട്ടവും ഇളം പുഞ്ചിരിയും ഇന്നും മനസ്സിൽ നിന്നും മായാതെ കിടപ്പുണ്ട്…

അവളുടെ കണ്ണുകൾ ചെറുതിലെ നനഞ്ഞു…

ഓർമ്മകൾ അങ്ങനെ ആണല്ലോ… കരഞ്ഞതോർത്ത് ചിരിക്കും…. ചിരിച്ചതോർത്ത് കരയും…

“കൊച്ചേച്ചി….. വാ…. ”

ജനൽ കമ്പിയിൽ ചേർത്ത കൈകളിൽ പിടിച്ചു കൊണ്ട് ആ കുഞ്ഞ് വീണ്ടും വിളിച്ചതും അവൾ ഒരു മങ്ങിയ പുഞ്ചിരി അവൾക്ക് നൽകി…

കുട്ടികൾ ആണ്…..മനസ്സിൽ കളങ്കം ഇല്ലാത്തവർ…. ആരൊക്കെ മാറ്റി നിർത്തിയാലും നമ്മൾ കൊടുത്ത സ്നേഹം അത് പോലെ തിരികെ നൽകുന്നവർ….

“അമ്മു മോള് പൊയ്ക്കോ… ചേച്ചിക്ക് വയ്യ…. ”

“ന്താ പറ്റിയെ…..ന്റെ കൂടെ വന്നാൽ അമ്മയോട് പറഞ്ഞു മരുന്നു വാങ്ങി തരാം… കൊച്ചേച്ചി വാ… ”

കയ്യിൽ തൂങ്ങിയുള്ള കുഞ്ഞിന്റെ വിളി….

അവളുടെ കണ്ണുകൾ നിറഞ്ഞു…

“മോൾടെ അമ്മക്ക് ഇഷ്ടാവൂല മോളെ…. ”

അവൾ കുഞ്ഞിന്റെ കവിളിൽ മെല്ലെ ഒന്ന് തഴുകി കൊണ്ട് പറഞ്ഞു…

“അതെന്താ….. ന്റെ അമ്മയാ കൊച്ചേച്ചിയെ വിളിച്ചു കൊണ്ട് വരാൻ പറഞ്ഞെ…. ന്റെ അമ്മക്ക് ഇഷ്ടാ…. ”

കൊഞ്ചികൊണ്ടുള്ള കുഞ്ഞിന്റെ വാക്കുകൾ…

ഒരു വേള അവളുടെ കണ്ണുകൾ വേലിക്കടുത്തേക്ക് പാഞ്ഞു… അവിടെ നോക്കി നിൽപ്പുണ്ട് രാധേച്ചി..

“ഡി… പെണ്ണെ അതികം മസില് പിടിക്കാതെ വരാൻ നോക്ക്…. ”

അവളുടെ നോട്ടം തന്നിൽ എത്തി എന്നറിഞ്ഞതും അവർ ഉറക്കെ വിളിച്ചു പറഞ്ഞു….

നിറഞ്ഞ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു കൊണ്ട് പുഞ്ചിരിയോടെ അവൾ ഒന്ന് തലയാട്ടി…

അവൾക്ക് ആശ്വാസം ആയിരുന്നു ആ സ്നേഹം… പലരും ഒറ്റ പെടുത്തുമ്പോഴും ആരൊക്കെയോ കൂടെ ഉണ്ട് എന്ന തോന്നൽ ജനിപ്പിക്കാൻ പ്രാപ്തി ഉണ്ടായിരുന്നു അവരുടെ നോട്ടത്തിനും വാക്കുകൾക്കും….

❤❤❤❤❤❤❤❤❤

“നീ എന്തിനാ അരുണിനെ തല്ലാൻ പോയേ….

ഇപ്പോൾ എന്തൊക്കെയാ ആൾക്കാര് പറയണത് എന്നറിയോ…. വെറുതെ ജീവിതം നശിപ്പിക്കാൻ ആയിട്ട്…. ”

കലുങ്കിൽ ഇരുന്നുള്ള സംസാരത്തിൽ ജിതിൻ പറഞ്ഞതും ഹർഷന്റെ കൂർപ്പിച്ചുള്ള നോട്ടം അവനിൽ പതിഞ്ഞു….

“പിന്നെ അവനെ തല്ലണ്ടെ…. ഇത്രയും കാലം കൂടെ നിന്ന് ചതിച്ച അവനെ പിന്നെ എന്താ ചെയ്യേണ്ടത്…. ഞാൻ ആളുകൾ പറയുന്നത് ഒന്നും കേൾക്കാറില്ലാന്ന് നിനക്കും അറിയില്ലേ…. ”

അവന്റെ ചോദ്യത്തിലെ ഇഷ്ടകേട് അറിഞ്ഞു കൊണ്ട് ജിതിൻ അവന്റെ തോളിൽ ഒന്ന് കൈ വെച്ചു….

“ഞാൻ നിന്നെ കുറ്റപെടുത്തിയത് അല്ലടാ….നിനക്ക് അറിയില്ലേ നമ്മുടെ നാട്ടുകാരെ…. അവരെ പേടിക്കുക തന്നെ വേണം…. ഇപ്പോൾ തന്നെ പല കഥകളാ നാട്ടിൽ പരന്നിട്ടുള്ളത്….അതിൽ ഒന്നിൽ പോലും കുറ്റം ചെയ്തവൻ ഇല്ല താനും…. ഇതെല്ലാം കാരണം നിന്റെ മാത്രം അല്ല… നമ്മുടെ നിലയുടെ ജീവിതം കൂടിയാ….”

എന്തോ പറയാൻ വന്നതും ഹർഷന്റെ ഒരൊറ്റ നോട്ടത്തിൽ എല്ലാം തീർന്നിരുന്നു….

“അവളുടെ ജീവിതത്തിന് ഒന്നും സംഭവിക്കില്ല….

അതിന് എന്താ ചെയ്യേണ്ടത് എന്ന് എനിക്കറിയാം.

അത് മാത്രം പറഞ്ഞു തിരിഞ്ഞു നടക്കുന്നവനെ ജിതിൻ ഒരു നിമിഷം നോക്കി നിന്നു…

❤❤❤❤❤❤❤❤❤

“അമ്മാ…..”

“രാവുണ്ണിയോട് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും നിങ്ങൾക്കും ആഗ്രഹം ഇല്ലേ മോളുടെ വിവാഹം ഒന്ന് നടന്ന് കാണാൻ…. ”

അമ്മയെ വിളിച്ചു റൂമിലേക്ക് കടക്കാൻ ഒരുങ്ങിയതും അമ്മയുടെ വാക്കുകൾ കേട്ടു അവൾ ഒന്ന് തരിച്ചു നിന്നു…ശേഷം റൂമിന് വെളിയിൽ ചുമരിനോട് ചാരി നിന്നു….

അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു അസ്വസ്ഥതയോടുള്ള അച്ഛന്റെ നെടുവീർപ്പ്….

“ആഗ്രഹം ഇല്ലാതിരിക്കില്ലല്ലോ സാവിത്രി….

മക്കളുടെ വിവാഹം കാണാൻ ആഗ്രഹിക്കാത്ത ഏതെങ്കിലും മാതാപിതാക്കൾ ഉണ്ടാവോ….

എങ്കിലും വേണ്ടാ….. അവളെ ഒന്നിനും നിർബന്ധിക്കാൻ എനിക്ക് വയ്യ…..നിർബന്ധിച്ചാൽ അവൾക്ക് തോന്നും അവളെ നമുക്ക് വേണ്ടാത്തത് കൊണ്ടാണ് എന്ന്….അവളെ വേദനിപ്പിച്ചു ഒരു സന്തോഷവും നമുക്കും വേണ്ടാ….എല്ലാം ശരിയാകുമ്പോൾ അവൾക്കും വരും അവളെ സ്നേഹിക്കുന്ന മനസ്സിലാക്കുന്ന ഒരാള്……”

അച്ഛന്റെ വാക്കുകൾക്ക് പുറമെ അടക്കി കൊണ്ടുള്ള അമ്മയുടെ കരച്ചിൽ ചീളുകളും അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു…

അവളുടെ കണ്ണുകളും നിറഞ്ഞു… ഇതിന് മുന്നേയും പല തവണ ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞത് ആണ്… പക്ഷെ എന്നും അരുണിന്റെ പേരിൽ അവരെ വേദനിപ്പിച്ചിട്ടെ ഒള്ളൂ…

അപ്പോഴും മോൾക്ക്‌ പറ്റുമ്പോൾ മതി എന്നൊരു വാചകവുമായി അച്ഛൻ റൂമിലേക്ക്‌ കയറി പോകും..

ഇന്നും ആ അച്ഛന് താൻ സമ്മാനിക്കുന്നത് വേദന മാത്രം ആണ്….

അവൾ എന്തോ തീരുമാനിച്ചുറപ്പിച്ച മട്ടെ ഇരു കൈകൾ കൊണ്ടും കണ്ണുകൾ തുടച്ചു….ചുണ്ടിൽ ഒരു പുഞ്ചിരി എടുത്തണിഞ്ഞു കൊണ്ട് റൂമിലേക്ക്‌ നടന്നു….

“അച്ഛേ…. ”

ആ വിളിയിൽ തന്നെ അച്ഛന്റെയും അമ്മയുടെയും മുഖത്ത് ആശങ്ക ഉടലെടുത്തിരുന്നു…. താൻ പറയുന്നത് നില കേട്ടോ എന്നൊരു പേടിയും….

“എന്താ മോളെ…. ”

തന്റെ മടിയിൽ മുഖം ചേർത്ത് കിടക്കുന്ന നിലയുടെ നെറുകയിലൂടെ തലോടി കൊണ്ട് അച്ഛൻ ചോദിച്ചതും അവളുടെ കൈകൾ അയാളുടെ കാലിൽ ഉണങ്ങിയ മുറിവുകളിൽ തലോടി…..

“നിക്ക് സമ്മതം ആണ് അച്ഛേ…. ”

അവൾ ശബ്ദം നന്നേ താഴ്ത്തി കൊണ്ട് പറഞ്ഞു…. ആ അച്ഛന്റെയും അമ്മയുടെയും മുഖത്ത് വേദന കലർന്നു…

“വേണ്ടാ മോളെ……നിനക്ക് കഴിയുന്ന കാലത്ത് മതി…..”

അച്ഛൻ അവളെ തടഞ്ഞു എങ്കിലും അവൾ പുഞ്ചിരിയോടെ താട അദ്ദേഹത്തിന്റെ മടിയിൽ കുത്തി നിർത്തി കൊണ്ട് തല ഉയർത്തി അദ്ദേഹത്തെ നോക്കി…

“നിക്ക് ശരിക്കും സമ്മതം ആണ്……നിങ്ങൾ ആഗ്രഹിക്കുന്നത് മത്രേ എനിക്കും ഇനി ആഗ്രഹിക്കാൻ ഒള്ളൂ… അത് പോലെ സ്നേഹിക്കാനും…..നിക്ക് സമ്മതാ…”

പറഞ്ഞു തീരും മുന്നേ അവളുടെ മുഖം അദ്ദേഹത്തിന്റെ മടിയിൽ ചേർത്ത് വെച്ചു… കണ്ണുകൾ അനുസരണയില്ലാതെ ഒഴുകുമ്പോഴും ജീവിതത്തിൽ തന്റെ അച്ഛനും അമ്മയ്ക്കും സന്തോഷം നൽകുന്നു എന്നൊരു ആശ്വാസം അവളെ പൊതിഞ്ഞു….

ആ അച്ഛന്റെ കണ്ണുകളും നിറഞ്ഞു…. തോളിൽ കിടക്കുന്ന അമ്മയെ നോക്കി കൊണ്ട് തന്നെ നിലയുടെ മുടിയിലൂടെ തലോടി….മകളുടെ കണ്ണുനീർ അദ്ദേഹത്തെ ചുട്ടു പൊള്ളിക്കുന്നുണ്ടായിരുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : Thasal