കല്യാണം കഴിഞ്ഞ് വന്നു കയറിയ നാൾ തൊട്ട് എന്നെ ഒരു വേലക്കാരിയായിട്ടാ ഇവിടെ കാണുന്നെ

രചന : APARNA MIKHIL

ശാലിനി

❤❤❤❤❤❤❤❤❤❤

” എത്ര പറഞ്ഞാലും ഒരു കുലുക്കവും ഇല്ല… ഒരു പണിയും വൃത്തിക്ക് ചെയ്യാൻ അറിയില്ല… നാല് നേരം വെട്ടി വിഴുങ്ങാൻ ഒരു കുറവും ഇല്ല… ”

പതിവ് പോലെ ശകാര വർഷം ചൊരിഞ്ഞു കൊണ്ട് ശാരദാമ്മ അടുക്കള വിട്ടു പോയി…

തൊട്ട് പിന്നാലെ പുച്ഛിച്ചു ചിരിച്ചു കൊണ്ട് ഏട്ടത്തിയും നാത്തൂനും കളം ഒഴിഞ്ഞു…

ഇത് ഇവിടെ പതിവുള്ളതാണ്… കല്യാണം കഴിഞ്ഞു വന്നു കയറിയ നാൾ തൊട്ട് തുടങ്ങിയ അവഗണനയും കുറ്റപ്പെടുത്തലും…

അല്ലെങ്കിലും കൂടുതൽ ഒന്നും പ്രതീക്ഷിക്കാൻ ഉള്ള അർഹത എനിക്കില്ലല്ലോ… ആരോരും ഇല്ലാത്ത ഒരു അനാഥ അല്ലേ ഞാൻ… താമസിക്കാൻ ഒരു വീടും സ്വന്തം എന്ന് പറയാൻ കുറച്ചു പേരെയും കിട്ടിയത് തന്നെ ഇവിടെ വന്നപ്പോൾ ആയിരുന്നല്ലോ… പിന്നെ അമ്മ പറഞ്ഞത് പോലെ കഴിക്കാൻ ആഹാരത്തിനോ ഉടുക്കാൻ തുണിക്കോ മുട്ടില്ലല്ലോ…

അമ്പലത്തിൽ വച്ചു സുധീഷേട്ടന് കണ്ടു ഇഷ്ടപെട്ടത് കൊണ്ടാണ് ഞങ്ങളുടെ വിവാഹം നടന്നത്…

ആദ്യം മുതൽ തന്നെ അമ്മയ്ക്ക് എതിർപ്പ് ആയിരുന്നു… ഏട്ടത്തിയുടെയും നാത്തൂന്റെയും അവരുടെ ഭർത്താക്കന്മാരുടെയും ഒന്നും കാര്യം പറയുകയേ വേണ്ടാ… ഇന്ന് വരെ ഒരു ചിരി പോലും തനിക്ക് സമ്മാനിച്ചിട്ടില്ല…

ഈ വീട്ടിൽ ആകെ കുറച്ചു എങ്കിലും സ്നേഹത്തോടെ തന്നോട് ഇടപെടുന്നത് അച്ഛമ്മ ആണ്…

പിന്നെ സുധിയേട്ടനും… സുധിയേട്ടൻ ഒരു പ്രവാസി ആണ്.. അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്നത് ഒന്നും ഏട്ടനെ അറിയിക്കാറില്ല… വെറുതെ എന്തിനാ ആ മനസ്സ്‌ വിഷമിപ്പിക്കുന്നത്…

ഇവിടെ എല്ലാർക്കും ഞാൻ ഒരു വേലക്കാരി ആണ്… അവർക്ക് കഴിക്കാനും കുടിക്കാനും ഒക്കെ ഉള്ളത് അതാത് സമയങ്ങളിൽ എത്തിച്ചു കൊടുക്കുന്ന വേലക്കാരി… അതിനിടക്ക് ഒരിക്കലും ഞാൻ കഴിച്ചോ എന്നോ എനിക്ക് എന്തേലും ആവശ്യം ഉണ്ടോ എന്നോ അവർ അന്വേഷിച്ചു കണ്ടിട്ടില്ല…

സുധിയേട്ടൻ വിളിക്കുമ്പോൾ പോലും സമാധാനം ആയിട്ട് സംസാരിക്കാൻ സമ്മതിക്കില്ല… അമ്മയും മക്കളും കൂടി വന്നു വട്ടം ചുറ്റി നിൽക്കും…

എത്ര ഒക്കെ ജോലി ചെയ്താലും എല്ലാത്തിനും കുറ്റം മാത്രം… ഹ്മ്മ്… വിധി… അല്ലാതെ എന്ത്…

ഓരോന്ന് ഓർത്തു ശാലിനി ബാക്കി ജോലികളിലേക്ക് കടന്നു…

“ശാലിനി…. എടി ശാലിനി… ”

ശാരദാമ്മയുടെ അലർച്ച കേട്ട് കൈയിലിരുന്ന പത്രം തെന്നി താഴേക്ക് വീണു… അവൾ ഓടി ഉമ്മറത്തേക്ക് ചെന്നു… അവൾ നോക്കുമ്പോൾ രാവിലെ താൻ അടിച്ചു തുടച്ചു വൃത്തിയാക്കിയ തറ മുഴുവൻ ചെളി കൊണ്ട് നിറഞ്ഞിരിക്കുന്നു…

എത്ര സമയം എടുത്ത് വൃത്തി ആക്കി ഇട്ട സ്ഥലം ആണ് ഇപ്പോ ഇങ്ങനെ എന്നോർത്ത് അവൾക്ക് കണ്ണ് നിറഞ്ഞു… ഏട്ടത്തിയുടെയോ നാത്തൂന്റെയോ പണിയാകും എന്നെ കുറ്റം പറയിക്കാൻ…

ചിന്തിച്ചു തീരുന്നതിനു മുന്നേ ഒരു കൈ കവിളിൽ പതിഞ്ഞു കഴിഞ്ഞിരുന്നു…

“ഇത് എന്താടി… നിനക്ക് കണ്ണ് കണ്ടൂടെ….

വൃത്തി ആക്കി ഇട്ടൂടെ നിനക്ക് ഇവിടെ ഒക്കെ..

“അമ്മേ… ഞാൻ… ഞാൻ ഇവിടെ ഒക്കെ രാവിലെ വൃത്തി ആക്കി ഇട്ടതാ… ”

“ആരാടി നിന്റെ അമ്മ… എന്നോട് നാവുയർത്തി സംസാരിക്കാൻ ആയോ നീ… അഹങ്കാരി… ”

വീണ്ടും അവർ കൈ ഉയർത്തി… പക്ഷെ അടി വീഴുന്നതിനു മുന്നേ ആ കൈകൾ ആരോ തടഞ്ഞിരുന്നു… ദേഷ്യത്തോടെ ആ കൈകളുടെ ഉടമയെ നോക്കിയ ശാരദാമ്മ ഒന്ന് പതറി… മറ്റു രണ്ട് പെൺമക്കളുടെയും അവസ്ഥ അത് തന്നെ… അടി കിട്ടാത്തത് കൊണ്ട് കണ്ണ് തുറന്നു നോക്കിയ ശാലിനി കണ്ടത് ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖവുമായി നിൽക്കുന്ന സുധീഷിനെ ആണ്…

“മോനെ… നീ… നീ എന്താ ഇപ്പോ… ”

പതർച്ച മറച്ചു ശാരദാമ്മ സംസാരിക്കാൻ ശ്രമിച്ചു എങ്കിലും അവർ പരാജയപെട്ടു പോയി…

” എന്താ… ഞാൻ വന്നത് ഇഷ്ടപെട്ടില്ലേ… ”

“അത്… അങ്ങനെ അല്ല… ”

“വന്നത് കൊണ്ട് ആണല്ലോ ഇവിടെ ഇതാണ് അവസ്ഥ എന്ന് മനസ്സിലായത്… ഇവൾ നിങ്ങളെ പോലെ ഒരു മനുഷ്യ ജീവി തന്നെ അല്ലേ… ഇവൾ മാത്രം അല്ലല്ലോ ഇവിടെ പെണ്ണായിട്ട് ഉള്ളത്…

ഏട്ടത്തിയും ചേച്ചിയും ഒക്കെ ഇല്ലേ… അവർക്കും ചെയ്യാലോ ഇതൊക്കെ… അമ്മ പിന്നെ എന്തിനാ ഇവളെ മാത്രം ഇങ്ങനെ ഉപദ്രവിക്കുന്നത്… ”

“ഹ്മ്മ്… അവരെ പോലെ ആണോ ഇവൾ…

ആരോ പിഴച്ചു പെറ്റ ഇവൾക്ക് ഇത്ര ഒക്കെ സ്ഥാനമേ ഇവിടെ കൊടുക്കാൻ പറ്റൂ.. ”

പറഞ്ഞു തീരും മുന്നേ ശാരദയുടെ കവിളിൽ അടി വീണിരുന്നു… ഞെട്ടലോടെ തല ഉയർത്തി നോക്കിയ അവർ കണ്ടു ദേഷ്യവും വെറുപ്പും ഒക്കെ ആയി തന്നെ നോക്കി നിൽക്കുന്ന നാരായണി അമ്മയെ… തന്റെ ഭർത്താവിന്റെ അമ്മ…

അവിടെ നിന്നവർക്കും അത് ഒരു ഷോക്ക് തന്നെ ആയിരുന്നു… കാരണം എന്തും സൗമ്യ ഭാവത്തോടെ നേരിടുന്ന ഒരു അച്ഛമ്മയെ മാത്രമേ ആ കൊച്ചുമക്കൾ അത് വരെ കണ്ടിട്ടുള്ളൂ…

” എന്താടി നീ പറഞ്ഞത്… പിഴച്ചു പെറ്റതെന്നോ… എന്നാൽ ആ പേരിനു അവളെക്കാൾ മുന്നേ അർഹ ആയത് നീ അല്ലേ… എന്റെ മകൻ നിന്നെ വിവാഹം ചെയ്യുമ്പോൾ നീയും ഇവളെ പോലെ തന്നെ ആയിരുന്നു… അനാഥ ആയ നിന്നെ എന്റെ മകൻ കണ്ടിഷ്ടപെട്ട് വിവാഹം ചെയ്തത് കൊണ്ടല്ലേ നിനക്ക് ഇത്രയും ആർഭാടവും ഒരു കുടുംബവും ഒക്കെ ഉണ്ടായത്…

ഒരിക്കൽ എങ്കിലും ഞാനോ എന്റെ മക്കളോ നിന്നെ ആ പേര് പറഞ്ഞു വിഷമിപ്പിച്ചിട്ടുണ്ടോ… ഇവൻ ഒരു പെണ്ണിനെ ഇഷ്ടപെട്ടെന്നും അവൾക്ക് സ്വന്തം ആയി ആരും ഇല്ലെന്നും പറഞ്ഞപ്പോൾ നീ അവളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും എന്ന് ഞാൻ കരുതി… പക്ഷെ എനിക്ക് തെറ്റി… ഈ കുട്ടി ഇവിടെ വന്നു കയറിയ അന്ന് മുതൽ അതിനെ നീ കഷ്ടപെടുത്തിയിട്ടേ ഉള്ളൂ… എന്നിട്ട് ഈ നിമിഷം വരെ അതിൽ ഒരു പരാതിയും പറയാതെ അവളുടെ ഭർത്താവിനെ പോലും അറിയിക്കാതെ അവൾ സഹിച്ചു…

പണം ഒരു മനുഷ്യനെ മാറ്റും എന്നതിന് ഏറ്റവും വലിയ തെളിവ് ആണ് നീ… നീ ഇപ്പോ ഇവിടെ വന്നു കയറിയ ശാരദ അല്ല…

നീ ഒരുപാട് മാറി പോയി… അഹങ്കാരം തലക്ക് പിടിച്ചിരിക്കുന്നു…. കഷ്ടം… ”

അത്രയും പറഞ്ഞു അച്ഛമ്മ നിന്ന് കിതച്ചു…

ശാരദയുടെ തല കുറ്റബോധത്താൽ താഴ്ന്നു…

അവരുടെ കണ്ണിൽ നിന്ന് മിഴിനീർ ഒഴുകി…

“അമ്മ പറഞ്ഞതൊക്കെ ശരിയാണ്… ഞാൻ പലതും മറന്നു… എന്റെ കഴിഞ്ഞ കാലം മറന്നു…

അന്ന് നിങ്ങളൊക്കെ എനിക്ക് തന്ന സ്നേഹം മറന്നു… , ”

ശാരദ നടന്നു വന്നു സുധിയോട് ചേർന്ന് നിന്നിരുന്ന ശാലിനിയുടെ കൈ കവർന്നു…

“മോളോട് അമ്മ ഒരുപാട് തെറ്റ് ചെയ്തു… പൊറുക്കാൻ പറ്റുന്നതല്ല പലതും… ഇനി എന്റെ മോളെ ഞാൻ വേദനിപ്പിക്കാതെ നോക്കിക്കോളാം… ”

“മതി അഭിനയം… ഇനിയും അമ്മയെ ഞാൻ വിശ്വസിക്കണോ… അമ്മയെ വിശ്വസിച്ചു അല്ലേ ഞാൻ ഇവളെ ഇവിടെ നിർത്തി പോയത്…

എന്നിട്ടോ അമ്മയും ഏട്ടത്തിയും ചേച്ചിയും ഒക്കെ കൂടി ദ്രോഹിക്കാവുന്നതിന്റെ മാക്സിമം ആയി…

ഇനിയും എനിക്ക് പരീക്ഷണം നേരിടാൻ വയ്യ…

ഞാൻ ഒരു വീട് വാടകയ്ക്ക് എടുത്തിട്ടുണ്ട്… ഞങ്ങൾ അവിടേക്ക് മാറുകയാണ്… ” സുധി

” മോനെ… നീ ഇത് എന്തൊക്കെയാ പറയുന്നത്… അമ്മയ്ക്ക് തെറ്റ് പറ്റിയിട്ടില്ല എന്നല്ല…

അതൊക്കെ തിരുത്താൻ അമ്മ തയ്യാർ ആണ്… നിങ്ങൾ ഇവിടന്ന് പോകരുത്… ”

ശാരദാമ്മ കരഞ്ഞു കൊണ്ട് തന്റെ മകനോട് പറഞ്ഞു… ശാലിനിക്കും അത് സമ്മതം ആണെന്ന് അവളുടെ മുഖം പറയുന്നുണ്ടായിരുന്നു…

അമ്മയുടെയും അച്ഛമ്മയുടെയും ഒക്കെ കുറെ ഏറെ നേരത്തെ പരിശ്രമം കൊണ്ട് അവൻ അവന്റെ തീരുമാനം മാറ്റി…

പിറ്റേന്ന് മുതൽ ആ വീട് ശാലിനിക്ക് സ്വർഗ്ഗതുല്യം ആയിരുന്നു… അന്ന് വരെ അവൾ അനുഭവിക്കാത്ത മാതൃസ്നേഹം അവൾ അറിഞ്ഞു…

സഹോദര സ്നേഹവും അവൾ അറിഞ്ഞു

ഇതൊക്കെ കാണുമ്പോൾ സുധി സന്തോഷത്തോടെ ആ കാഴ്ച്ച ആസ്വദിച്ചു… ഒരിക്കൽ സുധിയുടെ മാറോടു ചേർന്ന് കിടന്നു ശാലിനി ചോദിച്ചു…

“എന്തിനായിരുന്നു സുധിയേട്ടാ അന്ന് അത്രയും അഭിനയം… ”

“ഏഹ്… നിനക്ക് അത് മനസ്സിലായോ… ”

സുധി അമ്പരപ്പോടെ ശാലിനിയോട് ചോദിച്ചു…

“എനിക്ക് എന്റെ സുധിയേട്ടനെ അറിയില്ലേ…

അമ്മയെയും ഒന്നും വിട്ടു പിരിഞ്ഞു വേറെ താമസിക്കാൻ ഒന്നും എന്റെ സുധിയേട്ടന് പറ്റില്ലെന്ന് എനിക്ക് അറിയില്ലേ… ”

ശാലു ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

“അത് എന്താണെന്ന് അറിയുവോ… നമ്മൾ ഒരിക്കൽ എങ്കിലും പ്രതികരിക്കണം… ശക്തമായി തന്നെ… ഇനി ഒരിക്കലും അവർ തെറ്റ് ചെയ്യുന്നതിനെ കുറിച്ച് ഓർക്കുക കൂടി ചെയ്യരുത്..

അങ്ങനെ വേണം പ്രതികരിക്കാൻ… അമ്മയ്ക്ക് എന്നെ പിരിഞ്ഞു നിൽക്കാൻ പറ്റില്ലെടി…

അതുകൊണ്ട് തന്നെയാ അന്ന് ഞാൻ അങ്ങനെ പറഞ്ഞത്… ഇനി അമ്മയ്ക്ക് അറിയാം നിന്നെ ദ്രോഹിച്ചാൽ ഞാൻ വെറുതെ ഇരിക്കില്ലെന്ന്… ആ പേടി കൊണ്ട് എങ്കിലും അമ്മ നിനക്ക് സമാധാനം തരും… ”

അതും പറഞ്ഞു സുധി ഒരിക്കൽ കൂടി ശാലുവിനെ ചേർത്ത് പിടിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : APARNA MIKHIL


Comments

Leave a Reply

Your email address will not be published. Required fields are marked *