ബ്ലാക്ക്‌ & വൈറ്റ്, തുടർക്കഥയുടെ പതിനാലാം ഭാഗം വായിക്കുക…

രചന : ശ്രീജിത്ത് ജയൻ

വഴക്കിന് ഇടത്തിൽ നന്ദൻ അയാളെ ചവിട്ടി വീഴ്ത്തി. ഭാഗ്യദോഷം എന്നപോലെ അയാൾ ചെന്ന് വീണത് അയാളുടെ തോക്കിന് അരികിലാണ്.

തോക്ക് കയ്യിൽ കിട്ടിയ അയാൾ ചുറ്റും നോക്കി

ഇടക്ക് വരുന്ന മിന്നൽ മാത്രമായിരുന്നു ഏക പ്രകാശ സ്രോതസ്സ് .അതുകൊണ്ട് തന്നെ അക്രമിയുടെ കയ്യിൽ തോക്ക് കിട്ടി എന്ന് തിരിച്ചറിഞ്ഞ നന്ദൻ ഇരുട്ടിൽ മറഞ്ഞു നിൽക്കാൻ ശ്രമിച്ചു . അയാൾ കാത്തിരുന്നത് പോലെ വീണ്ടും ഒരു ഇടിമിന്നൽ ഭൂമിയെ സ്പർശിച്ചു .നന്ദൻ അയാളുടെ മുന്നിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അയാൾ നന്ദൻ നേരെ തോക്ക് ചൂണ്ടി , ഒട്ടും വൈകാതെ വെടി ശബ്‌ദം ഉയർന്നു.

ഒന്നിന് പിറകെ വീണ്ടും ഒന്ന് , പക്ഷെ ആ വെടി ശബ്‌ദം വന്നത് കീർത്തിയുടെ അരികിൽ നിന്നായിരുന്നു. മിന്നലിന്റെ വെളിച്ചത്തിൽ നന്ദൻ കണ്ടു തോക്കുമായി നിൽക്കുന്ന കീർത്തിയെ.

അവൾ തോക്ക് പിടിക്കുന്നത് കണ്ടാൽ തന്നെ അറിയാമായിരുന്നു , കീർത്തിക്ക് തോക്ക് ഉപയോഗിച്ച് പരിചയം ഉണ്ടെന്ന്. ആദ്യ തിര കൊലയാളിയുടെ കയ്യിൽ ഉണ്ടായിരുന്ന തോക്കിലും രണ്ടാമത്തെ ബുള്ളറ്റ് അയാളുടെ കയ്യിലും തുളഞ്ഞു കയറി. മറ്റ് വഴികൾ ഇല്ലാതെ ആയപ്പോൾ കൊലയാളി വാതിൽ വലിച്ചടച്ചുകൊണ്ട് ഇരുട്ടിലേക്ക് ഓടി മറഞ്ഞു. എന്താണ് സം=ഭവിച്ചത് എന്ന് അപ്പോഴും നന്ദന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

“സാറിന് എന്തെങ്കിലും ? ”

കീർത്തി അയാൾ ഏതെങ്കിലും ഭാഗത്ത് പതുങ്ങി നിൽക്കുന്നുണ്ടോ എന്ന് ഫോണിന്റെ ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ചു പരിശോധിച്ചു .അപ്പോഴും അവളുടെ വലതു കൈയിൽ ആ തോക്ക് ഉണ്ടായിരുന്നു.

“ഈ തോക്ക് തനിക്ക് എവിടെ നിന്ന് കിട്ടി ? ”

നന്ദൻ സംശയത്തോടെ ചോദിച്ചു .

” ഇവിടെ നിന്ന് , ആ മുറി പരിശോധിച്ചപ്പോഴാണ് ഈ ഒരു ബോക്സിൽ നിന്ന് എനിക്ക് ഇത് കിട്ടിയത്. ”

കീർത്തി ആ റിവോൾവറിൽ നിന്നും ഒഴിഞ്ഞ ക്യാട്രിജ് കേസ് കളഞ്ഞുകൊണ്ട് പറഞ്ഞു.

“എന്നിട്ട് താൻ എന്താ ഈ തോക്ക് കിട്ടിയ കാര്യം എന്നോട് പറയാതെ ഇരുന്നത് ? ആദ്യമായല്ല താൻ തോക്ക് ഉപയോഗിക്കുന്നത് എന്ന് എനിക്ക് മനസിലായി . താൻ എന്താ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് ? ”

കീർത്തി തന്നിൽ നിന്നും എന്തെല്ലാമോ മറച്ചു പിടിക്കുന്നുണ്ട് എന്ന് നന്ദൻ തിരിച്ചറിഞ്ഞു .

“സോറി സർ ഒരു രസത്തിന് കയ്യിൽ കരുതിയതാണ് . ചെന്നൈയിൽ പഠിക്കുന്ന സമയത്ത് ഞാൻ ഒരു ഗൺ ക്ലബ്ബിൽ മെമ്പർ ആയിരുന്നു , അങ്ങനെയാണ് ഈ തോക്ക് ഉപയോഗിക്കാൻ പഠിച്ചത് .

സ്വരക്ഷക്ക് വേണ്ടി ഒരെണം വാങ്ങണം എന്ന് ഞാൻ കരുതിയിട്ട് കുറച്ചായി പക്ഷെ ലൈസൻസ് കിട്ടാനുള്ള പ്രയാസം ഓർത്താണ് ഞാൻ അതിന് പുറകെ പോവാതെ ഇരുന്നത്. ”

കീർത്തി ഗമയോടെ ആ തോക്ക് മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ കീർത്തിയുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു അവൾ പറഞ്ഞത് മുഴുവൻ നുണയാണ് എന്ന്. നന്ദൻ കീർത്തിയുടെ കയ്യിൽ നിന്നും ആ തോക്ക് വാങ്ങി സ്വന്തം പോക്കറ്റിൽ സൂക്ഷിച്ചു.

“ഇത് ഇനി തന്റെ കയ്യിൽ വേണ്ട .”

നന്ദൻ കീർത്തിയുമായി വീട്ടിലേക്ക് തിരിച്ചു .

തിരിച്ചുള്ള യാത്രയിൽ കീർത്തിയോട് നന്ദനോ , അവനോട് കീർത്തിയോ ഒന്നും തന്നെ സംസാരിച്ചില്ല.

“എന്ത് പറ്റി റാസ്പുടിൻ ? ”

നന്ദനും കീർത്തിയും ജീപ്പിൽ അവിടെ നിന്നും പോവുന്നത് ഇരുട്ടിൽ മറഞ്ഞിരുന്ന് നോക്കി കൊണ്ടിരുന്ന റാസ്പുടിൻ എന്ന ആ സാത്താൻ സേവകനോട് ബ്ലാക്ക്‌ പ്രീസ്റ്റ്‌ (ചാക്കോ , ലൂസിഫർ )ഫോണിലൂടെ ചോദിച്ചു.

“അവൻ രക്ഷപ്പെട്ടു ഫാദർ .അവന്റെ കൂടെയുണ്ടായിരുന്ന ആ പെണ്ണിന്റെ കയ്യിൽ തോക്ക് ഉണ്ടായിരുന്നു. അവൾ എന്നെ ഷൂട്ട് ചെയ്തു , പക്ഷെ കാര്യമായി ഒന്നും പറ്റിയില്ല . കയ്യിലാണ് ഉണ്ട കയറിയത് , വേദനയുണ്ട് പക്ഷെ ഹോസ്പിറ്റലിലേക്ക് പോവാൻ പറ്റില്ലലോ ? ”

റാസ്പുടിൻ തന്റെ മുറിവ് ഒരു കർച്ചീഫ് ഉപയോഗിച്ച് പൊത്തി പിടിച്ചു.

“അവർ ഏതോ ഒരു ശക്തിയുടെ സംരക്ഷണത്തിലാണ് . നീ ഞാൻ പറയുന്ന അഡ്രസ്സിലേക്ക് ചെല്ലണം , അവിടെ എനിക്ക് വേണ്ടപ്പെട്ടർ നിന്നെ പരിചരിക്കും .”

അമ്മച്ചിയുടെയും അന്നയുടെയും കല്ലറക്ക് അരികിൽ ഇരുന്ന് കൊണ്ട് ലൂസിഫർ പറഞ്ഞു.

“ഇനി ഞാൻ എന്ത് ചെയ്യണം ഫാദർ ? ”

“ഇനി നീ ഒന്നും ചെയ്യണ്ട ആവശ്യമില്ല , അവനെ ഇനി ഞാൻ കൈകാര്യം ചെയ്തുകൊള്ളാം .

അവന് ഇന്ന് മുതൽ പരാജയത്തിന്റെ നാളുകളാണ്

ലൂസീഫർ ഫോൺ കട്ട് ചെയ്ത ശേഷം പുച്ഛത്തോടെ ചിരിച്ചു.

കീർത്തിയെ അപാർട്മെന്റിന് താഴെ നന്ദൻ ഡ്രോപ്പ് ചെയ്തു .ഫ്ലാറ്റിലേക്ക് കീർത്തി ക്ഷണിച്ചു എങ്കിലും നന്ദൻ അത് സ്വികരിച്ചില്ല. കീർത്തി തന്നോട് പറഞ്ഞതിൽ എല്ലാം എന്തെല്ലാമോ നുണകൾ ഉള്ളതായി നന്ദന് തോന്നി.

*********************

ആ വീട്ടിൽ വച്ച് നന്ദനും കീർത്തിക്കും നേരെ വധശ്രമം ഉണ്ടായത് അല്ലാതെ പിന്നീട് ഒരു തരത്തിലുള്ള ഭീഷണിയോ , പ്രശ്നങ്ങളോ ഉണ്ടായില്ല

നന്ദൻ അതിന് ശേഷം കീർത്തിയോട് സംസാരിക്കാനും ശ്രമിച്ചിട്ടില്ല .

വീടിന് ഉള്ളിൽ നിന്നും അവിചാരിതമായി തനിക്ക് ലഭിച്ചത് എന്ന് കീർത്തി പറഞ്ഞ റിവോൾവർ 2009 ൽ പുറത്തിറങ്ങിയ സ്ത്രീകൾക്ക് വേണ്ടി ഭാരവും വലുപ്പവും കുറച്ചുകൊണ്ട് ലേഡി സ്മിത്ത് റീ എഡിഷൻ എന്ന പേരിലുള്ള അമേരിക്കൻ റിവോൾവറിന്റെ ഡ്യൂപ്ലിക്കേറ്റ് മോഡൽ ആയിരുന്നു.

ബ്രാൻഡിന്റെ പേരോ അങ്ങനെ ഒന്നും തന്നെ ആ തോക്കിൽ ഉണ്ടായിരുന്നില്ല. അതിൽ നിന്ന് തന്നെ ആ തോക്ക് ഒരിക്കലും വർഷങ്ങളായി പൂട്ടി കിടന്ന വീട്ടിൽ നിന്നുമല്ല കീർത്തിക്ക് ലഭിച്ചത് എന്ന് നന്ദൻ ഉറപ്പിച്ചു. കൂടാതെ ആ തോക്കുമായി സാമ്യമുള്ള മറ്റൊരു റിവോൾവർ ഒരു കേസിന്റെ ഭാഗമായി നന്ദൻ അതിന് മുമ്പ് കണ്ടിട്ടുണ്ടായിരുന്നു.

“ഇവിടെ എന്തും ലഭിക്കും , മയക്കുമരുന്ന് മുതൽ ആയുധങ്ങൾ വരെ ”

ഡാർക്ക് വെബിനെ കുറിച്ച് കീർത്തി പറഞ്ഞ വാക്കുകൾ നന്ദനെ ആ വഴിക്ക് ചിന്തിക്കുവാൻ പ്രേരിപ്പിച്ചു. അങ്ങനെയാണ് നന്ദൻ ആ തോക്കിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ആ തോക്കിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ അതൊരു 9mm റിവോൾവർ ആണ് എന്നതാണ്.

സാധാരണയായി പിസ്റ്റലുകളിലാണ് 9mm ക്യാട്രിജ് ഉപയോഗിക്കാറുള്ളത് .തന്നെ അപായപ്പെടുത്തുക എന്നൊരു ലക്ഷ്യം കീർത്തിക്ക് ഉണ്ടായിരുന്നോ എന്ന് നന്ദൻ സംശയിച്ചു തുടങ്ങി .

“ഏട്ടാ …..”

ലാപ്ടോപ്പിലേക്ക് നോക്കി ഇരുന്നിരുന്ന നന്ദന് അരികിലേക്ക് പാർവതി കുറച്ചു പേപ്പർ ബാഗുകളുമായി വന്നു. അതിൽ കൂടുതലും തുണി കടകളുടെ കവറുകൾ ആയിരുന്നു.

“ഇത് എങ്ങനെ ഉണ്ടെന്ന് നോക്ക് ? ”

പാർവതി പേപ്പർ ബാഗിൽ നിന്നും ഒരു ഷർട്ട് ബെഡിന് മുകളിലേക്ക് വച്ചുകൊണ്ട് ചോദിച്ചു. പക്ഷെ നന്ദൻ അതിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ല .

“കൊള്ളാം .”

ഷർട്ടിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ നന്ദൻ പറഞ്ഞു.

“അതിന് ഏട്ടൻ നോക്കിയാൽ അല്ലെ , ഏട്ടന് എന്ത് പറ്റി രണ്ടാഴ്ച ആയല്ലോ ഒരു മൂഡൗട് പോലെ ? ”

പാർവതിയുടെ ചോദ്യത്തിന് ഒന്നുമില്ല എന്ന അർത്ഥത്തിൽ നന്ദൻ ചിരിച്ചു .

“എന്നോട് കള്ളം പറഞ്ഞതാണ് എന്ന് മനസ്സിലായി . ഇന്ന് കീർത്തി ചേച്ചിയെ കണ്ടിരുന്നു , ചേച്ചി വലിയ കാശ് ടീം ആണ് അല്ലെ ? ”

ബെഡിന് മുകളിൽ കയറി ഇരുന്നുകൊണ്ട് പാർവതി ചോദിച്ചു. കൊച്ചി ലുലു മാളിൽ അമ്മാവന്റെ കുടുംബത്തോടൊപ്പം പോയതായിരുന്നു പാർവതി .

“നീ എന്താ അങ്ങനെ ചോദിച്ചത് ? ”

കീർത്തിയെ കുറിച്ച് പാർവതി എന്തുകൊണ്ട് അങ്ങനെ ഒരു ചിന്തയിൽ വന്നു നിന്നു എന്ന് നന്ദന് മനസിലായില്ല .

“ഇന്ന് ഞങ്ങൾ വെറുതെ മെട്രോയിൽ കയറി.

ചെന്ന് ഇറങ്ങിയത് ലുലുവിലാണ് , പിന്നെ ഞാനും ലക്ഷ്മിയും ചേർന്ന് മാമന്റെ കയ്യിലുള്ള കാശ് തീരുന്നത് വരെ ഷോപ്പിങ് . എല്ലാം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് കീർത്തി ചേച്ചി ഒരു ബെൻസ് കാറിൽ പോവുന്നത് കണ്ടത് . ഏതോ ഒരു ബിൾഡേഴ്‌സിന്റെ പേര് , കാറിന്റെ പുറകിൽ ഞാൻ കണ്ടു അതുകൊണ്ട് ചോദിച്ചതാണ് . ആദ്യം കണ്ടപ്പോൾ എനിക്ക് ആളെ മനസിലായില്ല . അന്ന് കണ്ട രൂപമേ ആയിരുന്നില്ല . ചേച്ചിക്ക് നിറം ഇത്തിരി കുറവാണ് എങ്കിലും കാണാൻ അന്ന് നല്ല ഐശ്വര്യം ഉണ്ടായിരുന്നു . പക്ഷെ ഇന്ന് കണ്ടപ്പോൾ ഫൗണ്ടേഷനും ലിപ്റ്റിക്കും സ്ലീവ് ലെസ്സ് ഡ്രെസ്സും അങ്ങനെ വേറെ ഒരു ലൂക്ക് ആയിരുന്നു. ഞാൻ അന്ന് കരുതി ആള് കൊറച്ച് പഴഞ്ചനാണെന്ന് പക്ഷെ നിന്ന് കണ്ടപ്പോ കട്ട മോഡേൺ .”

പാർവതിയുടെ വാക്കുകളിൽ നിന്ന് തന്നെ കീർത്തിയുടെ വേഷം അവൾക്ക് ഇഷ്ടമായില്ല എന്ന് നന്ദൻ മനസ്സിലായി.

“അല്ല കീർത്തി കാർ ഡ്രൈവ് ചെയ്ത് പോവുകയായിരുന്നോ , അതോ ??????”

കീർത്തിയെ കുറിച്ചുള്ള രഹസ്യങ്ങളുടെ കെട്ടഴിക്കാൻ എന്നപോലെ നന്ദൻ ചോദിച്ചു . ഇതുവരെ കീർത്തിയെ മോഡേൺ ഡ്രെസ്സിൽ നന്ദൻ കണ്ടിട്ടില്ല .മേക്കപ്പിനോടും തനിക്ക് അറിയുന്ന കീർത്തിക്ക് താല്പര്യവും ഉണ്ടായിരുന്നില്ല .

“ചേച്ചിയല്ല കാർ ഡ്രൈവ് ചെയ്തിരുന്നത് , ചേച്ചിയുടെ അച്ഛൻ ആയിരുന്നു .”

പാർവതി ഓർത്തെടുത്തു കൊണ്ട് പറഞ്ഞു .

“കീർത്തിയുടെ അച്ഛൻ ജീവിച്ചിരിപ്പില്ല .”

“എന്ന വല്യച്ഛനോ , മാമനോ അങ്ങനെ ആരെങ്കിലും ആയിരിക്കും , നല്ല ക്ലോസായിട്ടായിരുന്നു പെരുമാറുന്നത് . ഞാൻ കണ്ടപ്പോൾ എന്തോ പറഞ്ഞു ചേച്ചി കൂടെ ഉണ്ടായിരുന്ന ആളുടെ തോളിൽ തട്ടി ചിരിക്കുകയായിരുന്നു. എന്താ ഏട്ടാ , എന്താ ചിന്തിക്കുന്നത് ? ”

കാര്യമായി നന്ദൻ എന്തോ ചിന്തിക്കുന്നത് കണ്ട പാർവതി സംശയത്തോടെ ചോദിച്ചു .

“കീർത്തിയുടെ കൂടെ ഉണ്ടായിരുന്നത് ആരായിരിക്കും ”

എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്ന നന്ദനെ തട്ടി വിളിച്ചു കൊണ്ട് പാർവതി വീണ്ടും ചോദിച്ചു .

“ഏട്ടന് ഇത് എന്ത് പറ്റി ? ”

“കീർത്തിക്ക് എന്റെ അറിവിൽ സ്വന്തമെന്ന് പറയാൻ ആരുമില്ല . കീർത്തി വളർന്നത് ഒരു ഓർഫനേജിലാണ് .”

നന്ദൻ പറഞ്ഞത് പാർവതിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരിക്കലും ഒരു പെൺകുട്ടി ഒരു ബന്ധവും ഇല്ലാത്ത ഒരാളോട് ഇത്രത്തോളം അടുപ്പത്തോടെ ദേഹത്ത് തൊട്ടുകൊണ്ട് സംസാരിക്കില്ല എന്നതായിരുന്നു പാർവതിയുടെ വിശ്വാസം .

“ഏട്ടന് എത്ര നാളായി ഈ കീർത്തിയെ അറിയാം ? ഒരിക്കൽ എന്നോട് ഏട്ടൻ പറഞ്ഞ ഒരു കാര്യമുണ്ട് , ആരെയും കണ്ണുമടച്ച് വിശ്വസിക്കരുത് എന്ന്. സൗഹൃദമയാലും മറ്റ് എന്തായാലും ഏട്ടൻ ഒന്ന് കൂടി ചിന്തിക്കണം .”

അതുവരെ കീർത്തി ചേച്ചി എന്ന് പറഞ്ഞുകൊണ്ടിരുന്ന പാർവതി മനഃപൂർവം അത്തരത്തിലുള്ള സംസാരം നിർത്തി.

കീർത്തിയുടെ സ്വഭാവം ശരിയല്ല എന്ന നിഗമനത്തിലായിരുന്നു പാർവതി ഉണ്ടായിരുന്നത്.

നന്ദന്റെ കണ്ണുകളിലേക്ക് ഒരിക്കൽ കൂടി നോക്കിയ ശേഷം പാർവതി മുറിക്ക് പുറത്തേക്ക് ഇറങ്ങി.

എത്ര ചിന്തിച്ചിട്ടും കീർത്തിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന നിഗൂഢതകൾ നന്ദന് തിരിച്ചറിയാൻ കഴിഞ്ഞില്ല .

*******************

“ഹെലോ ,കാർത്തിക് എനിക്ക് നിന്നെ ഒന്ന് കാണണം .”

കീർത്തിയിലേക്ക് വിരൽ ചുണ്ടുന്ന മറ്റൊരു കേസ് ഫയൽ

ഓഫീസിൽ വച്ച് വായിച്ചുകൊണ്ടിരുന്നപ്പോഴാണ് കാർത്തിക്കിനോട് സഹായം ചോദിക്കാം എന്ന ചിന്ത നന്ദന് ഉണ്ടായത്.

കീർത്തിയെ കുറിച്ചുള്ള തന്റെ സംശയങ്ങൾ ഇല്ലാതെയാവാൻ നന്ദന് കാർത്തിക്കിന്റെ സഹായം അത്യാവശ്യം ആയിരുന്നു എന്നതാണ് സത്യം.

“എന്താ നന്ദാ , കാര്യം പറ ? ”

ഒരു മരണം നടന്ന സ്ഥലത്തെക്കുള്ള യാത്രയിലായിരുന്ന കാർത്തിക് തന്റെ ഔദ്യോഗിക വാഹനത്തിൽ ഇരുന്നുകൊണ്ട് ചോദിച്ചു.

“കാര്യം കുറച്ച് സീരിയസ് ആണ് , എനിക്ക് ഫോണിലൂടെ പറയാൻ ബുദ്ധിമുട്ടുണ്ട് .”

കീർത്തി തന്റെ ഫോൺ ചോർത്തുന്നുണ്ടോ എന്ന സംശയം നന്ദന് ഉണ്ടായിരുന്നു . അതിനാൽ ഫോണിലൂടെ കാര്യങ്ങൾ പറയാൻ നന്ദൻ മടിച്ചു .

“അത്രക്ക് സീരിയസ് ആണെങ്കിൽ ഓഫീസിൽ വരണ്ട , ഞാൻ ഇപ്പൊ ഒരു സ്ഥലത്തേക്ക് പോയി കൊണ്ടിരിക്കുകയാണ് .ഞാൻ ലൊക്കേഷൻ ഷെ=യർ ചെയാം , നീ അങ്ങോട്ട് വന്നാൽ മതി.

നന്ദൻ താൻ നോക്കി കൊണ്ടിരുന്ന ഫയൽ തന്റെ ഓഫീസ് ബാഗിന് ഉള്ളിൽ വച്ചശേഷം കാർത്തിക് പറഞ്ഞ സ്ഥലത്തേക്ക് യാത്ര തിരിച്ചു. ചെറായി ബീച്ചിൽ നിന്നും 2 കിലോമീറ്റർ മാറി ബീച്ചിലേക്ക് നോക്കി നിൽക്കുന്ന ഒരു വലിയ വീടായിരുന്നു അത്.

വീടിന് മുന്നിലായി പോലീസ് ജീപ്പുകൾ കൂടാതെ മറ്റു ചില ആഡംബര വാഹനങ്ങൾ കൂടി അവിടെ ഉണ്ടായിരുന്നു. നന്ദൻ തന്റെ കാർ കോമ്പൗണ്ടിന് പുറത്ത് നിർത്തിയ ശേഷം ഉള്ളിലേക്ക് നടന്നു. 4000 sq ft ഉള്ള ഒരു വലിയ വീടായിരുന്ന അത് .വീടിനോട് ചേർന്നായി വലിയ ഒരു സ്വിമ്മിങ് പൂളും അവിടെ ഉണ്ടായിരുന്നു. വീടിന് ഉള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോഴാണ് കാർ പോർച്ചിൽ കിടക്കുന്ന ആഡംബര കാർ നന്ദൻ ശ്രദ്ധിച്ചത് .ഒരു കോടി രൂപയോളം വിലവരുന്ന ഒരു ബ്ലൂ കളർ B M W X6 കാർ , അതിന് പുറകിലായി K M ബിൾഡേഴ്‌സ് എന്ന് എഴുതിയ സ്റ്റിക്കറും .

നന്ദൻ വീടിന് ഉള്ളിലേക്ക് നടന്നു . എല്ലാവിധ സൗകര്യങ്ങളും ആ വീടിന് ഉള്ളിൽ ഉണ്ടായിരുന്നു.

നന്ദനെ കണ്ടതും രണ്ടാം നിലയിൽ നിന്ന് കൊണ്ട് കാർത്തിക് മുകളിലേക്ക് വരുവാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു. കാർത്തിക് നന്ദനെ കൂട്ടിക്കൊണ്ടു പോയത് ഒരു ബെ+ഡ്‌റൂമിലേക്കായിരുന്നു

“ഇത് ആരാ ? ”

മുറിയിലെ ബെഡിൽ മരിച്ചു കിടക്കുന്ന ആളെ നോക്കിക്കൊണ്ട് നന്ദൻ ചോദിച്ചു . ബെഡിനോട് ചേർന്നുള്ള ടേബിളിന് മുകളിലായി തുറന്ന് വച്ച ഒരു മദ്യകുപ്പിയും ഗ്ലാസ്സും കശുവണ്ടി പരിപ്പും ഉണ്ടായിരുന്നു.

“നമ്മുടെ മന്ത്രി സുകുമാരന് പരിചയമുള്ള ഒരാളാണ്. അത് കാരണം ഞാൻ തന്നെ സംഭവം വന്ന് നോക്കണം എന്ന് . ”

കാർത്തിക് അലസമായി മുറി പരിശോദിച്ചുകൊണ്ട് പറഞ്ഞു .

“എന്താ പേര് ? ”

“ജയരാജ് മേനോൻ , KM ബിൾഡേഴ്‌സിന്റെ ഓണർ ആണ് . നീ അങ്ങനെ സംശയത്തോടെ നോക്കണ്ട , അസ്വാഭാവികമായി ഒന്നും ഇല്ല . മൂന്ന് വർഷം മുൻപ് ഭാര്യയുമായി പിരിഞ്ഞ് ഒറ്റക്കാണ് താമസം . പഴയ പാർട്ണർക്ക് ഭാര്യയുമായി അടുപ്പം ഉണ്ടായിരുന്നു , അതോടെ രണ്ടാളെയും ജീവിതത്തിൽ നിന്നും ഒഴിവാക്കി . കണ്ടിട്ട് ഹാർട്ട് അറ്റാക്ക് ആണെന്ന് തോന്നുന്നു. PA പറഞ്ഞത് ഒരു കൊല്ലം മുമ്പ് ഹാർട്ട് അറ്റാക്ക് വന്നിട്ടുണ്ട് എന്നാണ് . കൂടാതെ സ്‌ലീപിങ് പീൽസ് കഴിക്കുന്ന സ്വഭാവവും ഉണ്ട് , രണ്ടും കൂടി ഒരുമിച്ച് ആയപ്പോൾ പ=ണി തീർന്നിട്ടുണ്ടാവും. ”

അയാൾ കുടിച്ചു ബാക്കി വച്ച മദ്യകുപ്പിയും ഗ്ലാസ്സും സംശയത്തോടെ മണത്തു നോക്കുന്ന നന്ദനോട് കാർത്തിക് പറഞ്ഞു.

“P A യുടെ പെരുമാറ്റത്തിൽ എന്തെങ്കിലും , കാരണം ഈ വീട്ടിൽ സി സി ടി വി യും ഇല്ല സെക്യുരിറ്റിയും ഇല്ല . ചിലപ്പോൾ പഴയ പാർട്ണറും ഭാര്യയും ചേർന്ന് തിർത്തതാണ് എങ്കിലോ ? ”

നന്ദൻ തന്റെ സംശയം പങ്കുവച്ചു.

“ഏയ് അതിന് ചാൻസ് ഇല്ല , ഞാൻ നേരത്തെ പറഞ്ഞ രണ്ടാളും ഇന്ന് ജീവനോടെ ഇല്ല .

ഏതാണ്ട് രണ്ട് വർഷം മുൻപ് ഇയാളുടെ ഭാര്യ ഒരു കാർ ആക്‌സിഡന്റിൽ തീർന്നു. പിന്നെ ഒരുവർഷം മുൻപ് ഇയാളുടെ പാർട്ണർ സ്വയം വെടി വച്ച് ആത്മഹത്യ ചെയ്തു. രണ്ടിനും പുറകിൽ ഇയാൾ ആണെന്ന് ഒരു സംസാരം അന്ന് മുതൽ ഉണ്ട്. നീ ഇത് വിട് , എന്തിന് വേണ്ടിയാ നീ എന്നെ കാണണം എന്ന് പറഞ്ഞത് ?”

കാർത്തിക് ചോദിക്കുമ്പോൾ നന്ദൻ ആ ബെഡിന് അടിയിൽ പരിശോദിക്കുകയായിരുന്നു. അത് വരെ അവർ ശ്രദ്ധിക്കാതെ ഇരുന്ന ഒന്ന് അവിടെ ഉണ്ടായിരുന്നു . കാർത്തിക് കാണാതെ നന്ദൻ അത് തന്റെ പോക്കറ്റിലേക്ക് വച്ചു.

“ദേ ഈ ആളെ കുറിച്ച് കഴിയുന്ന അത്രയും വിവരങ്ങൾ എനിക്ക് വേണം . എന്റെ അറിവ് അനുസരിച്ചു 24 വർഷങ്ങൾക്ക് മുൻപ് ഈ പറയുന്ന രാമചന്ദ്രൻ മരിച്ചു , അതിന് മുൻപുള്ള കാര്യങ്ങളാണ് എനിക്ക് അറിയേണ്ടത് ? ”

നന്ദൻ ഒരു ബയോഡാറ്റ കാർത്തിക്കിനെ ഏല്പിച്ചു. ഒരു പഴയ ഫോട്ടോയും , പിന്നെ വളരെ ചുരുങ്ങിയ വിവരങ്ങളും മാത്രമാണ് അതിൽ ഉണ്ടായിരുന്നത്.

“ഇത്‌ വച്ച് എങ്ങനെയാ , അല്ല ഇത് ആരാ ? ”

കാർത്തിക് ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി .

“കീർത്തിയുടെ അച്ഛൻ , അത് കൊണ്ടാണ് ഞാൻ പറഞ്ഞത് എനിക്ക് എങ്ങനെയെങ്കിലും ഡീറ്റൈൽസ് കിട്ടിയേ പറ്റു എന്ന് .”

കാർത്തിക്കിനോട് യാത്ര പറഞ്ഞു നന്ദൻ സ്വന്തം കാറിന് അരികിലേക്ക് ചെന്നു.

“ഇതിലെ പോയാൽ എവിടെ എത്തും ? ”

പുറത്ത് നിന്ന് സിഗരറ്റ് വലിച്ചു കൊണ്ടിരുന്ന ഒരു കോൺസ്റ്റബിളിനോട് നന്ദൻ ചോദിച്ചു. നന്ദനെ കണ്ടതും അയാൾ കയ്യിൽ ഉണ്ടായിരുന്ന സിഗരറ്റ് താഴെയിട്ട് ചവിട്ടി അരച്ചശേഷം നന്ദനെ സലൂട് ചെയ്തു.

“സാറേ ഇതിലെ വഴിയൊന്നും ഇല്ല , ഒരു ഒന്നര കിലോമീറ്റർ ഈ തീരത്തിലൂടെ നടന്നാൽ ചെറായി ബീച്ചിൽ എത്താം . ഈ പരിസരത്ത് വീടുകൾ ഒന്നും ഇല്ല . ബീച്ചിന് അടുത്തായി കുറച്ചു റിസോർട്ടുകൾ ഉണ്ട് .എന്താ സർ ? ”

“ഒന്നുമില്ല .”

നന്ദൻ തന്റെ ജീപ്പ് ആ കടൽ തീരത്തിലൂടെ ഓടിച്ചു. മണൽ ആയതുകൊണ്ട് ജീപ്പിന് പോലും അതിലൂടെ പോവാൻ പ്രയാസമായിരുന്നു . കോണ്സ്റ്റബിൾ പറഞ്ഞത് പോലെ ഒന്നര കിലോമീറ്റർ കഴിഞ്ഞതോടെ ചെറായി ബീച്ചിൽ നന്ദൻ എത്തി ചേർന്നു. പകൽ സമയം ആയിട്ട് പോലും ബീച്ചിൽ എത്തുന്നത് വരെ വഴിയിൽ ആളുകൾ ഉണ്ടാരുന്നില്ല .ബീച്ചിൽ എത്തിയ ശേഷം നന്ദൻ അവിടെ ഉണ്ടായിരുന്ന ഒരു റിസോർട്ടിലേക്ക് കയറി ബീച്ചിലേക്ക് വച്ചിരിക്കുന്ന ക്യാമറയുടെ വിശ്വൽസ് ആവശ്യപ്പെട്ടു. ആദ്യം മടിച്ചെങ്കിൽ നന്ദൻ പോലീസിൽ നിന്നാണ് എന്നറിഞ്ഞതോടെ അവർ നന്ദൻ ആവശ്യപ്പെട്ട CCTV വിശ്വൽസ് കാണിച്ചു കൊടുത്തു.

രാത്രിയിൽ ഏതോ ഒരു സ്ത്രീ കടൽ തീരത്തിലൂടെ വേഗത്തിൽ നടക്കുന്നു. കാൽ പാടുകൾ ഇല്ലാതെ ഇരിക്കുവാൻ വേണ്ടി അവൾ തിരകൾ കയറി വരുന്ന ഭാഗത്തിലൂടെയാണ് നടന്നിരുന്നത് .

“എനിക്ക് ഇന്നലെ പുലർച്ച സമയത്തെ ഫുട്ടേജ് കാണണം .ഈ ക്യാമറയുടെ അല്ല , ആ ഒഴിഞ്ഞു കിടക്കുന്ന പറമ്പ് കാണാൻ കഴിയുന്ന വിശ്വൽസ്

ബീച്ചിൽ വരുന്നവർ സ്ഥിരമായി അവരുടെ വണ്ടി പാർക്ക് ചെയുന്ന ഒരു ചെറിയ പറമ്പ് റിസോർട്ടിനോട് ചേർന്നായി ഉണ്ടായിരുന്നു. ആ ദിശയിലേക്ക് നേരിട്ട് ക്യാമറകൾ ഉണ്ടായിരുന്നില്ല.

പക്ഷെ റിസോർട്ടിന്റെ രണ്ടാം നിലയിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ ആ ഗ്രൗണ്ടിലേക്കുള്ള വഴി വ്യക്തമായി കാണാൻ കഴിയുമായിരുന്നു.

നന്ദൻ ആ വിശ്വൽസ് ശ്രദ്ധയോടെ നോക്കി.

“എസ് ,ഞാൻ കരുതിയത് തന്നെ ….”

തന്റെ ബ്ലൂ കളർ ഫസീനോ സ്കൂട്ടർ ആ പറമ്പിൽ വച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന് പോവുന്ന കീർത്തിയെ കമ്പ്യൂട്ടർ സ്ക്രീനിലൂടെ നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.

തുടരും …….

കോണ്ഫ്യൂഷൻ ആയാലോ എന്ന് ആരും പറയരുത് , കാരണം ഇതൊരു തില്ലേർ സ്റ്റോറിയാണ്.

നിങ്ങൾക്ക് സംശയം തോന്നുന്ന എല്ലാ സംശയങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ കഥയിൽ തന്നെ ഉ+ണ്ട്. ഈ കഥയിൽ എല്ലാവരുടെയും നന്മയും തിന്മയും കാണിക്കുന്നുണ്ട് . എന്ന് കരുതി ഒരിക്കലും നന്ദനെ പിടിച്ച് ഞാൻ വില്ലൻ ആക്കില്ല. കഥയുടെ രീതി ഇങ്ങനെയാണ്.

എല്ലാം മറ്റൊന്നിനോട് ബന്ധമുള്ളതാണ്. പിന്നെ നിങ്ങൾ ഏറ്റവും കൂടുതൽ എന്നോട് ചോദിച്ച ചോദ്യം

‘ നന്ദൻ കീർത്തിയോട് എന്ത് തെറ്റാണ് ചെയ്തത്

ഈ ചോദ്യത്തിന്റെ ഉത്തരം വ്യക്തമായി അടുത്ത പാർട്ടിൽ ഞാൻ പറയുന്നുണ്ട്. ഇനി എല്ലാം വേഗത്തിൽ ആയിരിക്കും. ഒരു സിനിമാറ്റിക് ക്ലൈമാക്സ് ആണ് നിങ്ങൾക്ക് വേണ്ടി ഞാൻ സൂക്ഷിച്ചു വച്ചിരിക്കുന്നത്. ഫൈറ്റ് സീൻ എന്നെക്കൊണ്ട് കഴിയുന്നപോലെ ഞാൻ വ്യക്തമായി എഴുതിയിട്ടുണ്ട് .

കൂടാതെ ഒരുപാട് ട്വിസ്റ്റുകളും . കഥ വെറുതെ വലിച്ചു നീട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല . അത് കൊണ്ട് ഇനി വെറും 6 ഭാഗങ്ങൾ മാത്രമാണ് ഉള്ളത് . എങ്കിൽ ഈ കഥ നിങ്ങൾക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീജിത്ത് ജയൻ