ഇപ്പോഴും ഏട്ടന് എന്നെ ചുംബിക്കുമ്പോൾ വൈഗയെ ആണോ ഓർമ വരിക.. അവളുടെ ചോദ്യം കേട്ട് അവന് ദേഷ്യം വന്നു

രചന : ഗീതു സജീവൻ

കഴിഞ്ഞു പോയ രാത്രിയുടെ ആലസ്യത്തിൽ അമലിനോട് പറ്റി ചേർന്ന് കിടന്നുകൊണ്ട് നെഞ്ചിലെ രോമകൂപങ്ങളിൽ കയ്യോടിക്കുകയാണ് ഹിമ…അവളുടെ മാർദ്ദവമായ കൈകളാലുള്ള ആ തലോടൽ ആവോളം ആസ്വദിച്ചു കൊണ്ടു അമൽ അവളിലേക്ക് ഒന്നുകൂടി അലിഞ്ഞു ചേരുകയാണ്…

“ഏട്ടാ…എട്ടോയ്…”പതിവ് കൊഞ്ചലിൽ ഹിമ അവനെ വിളിച്ചു..

“എന്താ പെണ്ണെ…??” അവളുടെ മിനുസമാർന്ന മുടിയിൽ മുഖമുരസി അവൻ തിരിച്ചു ചോദിച്ചു…

മറുപടിക്ക് പകരം തന്റെ നെഞ്ചിൽ തലോടിയിരുന്ന ഹിമയുടെ കൈകൾ ഒന്നുകൂടി ശക്തിയായി രോമങ്ങളെ വലിക്കാൻ തുടങ്ങിയപ്പോൾ അവളുടെ കൈകളെ പിടിച്ചു നിർത്തിക്കൊണ്ട് മറ്റേ കയ്യാൽ അവളുടെ മുഖമുയർത്തി ഒരു പുഞ്ചിരിയോടെ അവൻ പറഞ്ഞു..

“എന്താ എന്റെ പെണ്ണിന് എന്നോട് ചോദിക്കാനുള്ളത്.. ചോദിക്കെന്നെ… ഏട്ടൻ കേൾക്കട്ടെ…”

“ഒന്നുമില്ല ഏട്ടാ.. ഉറങ്ങിയോന്ന് അറിയാൻ വിളിച്ചത്..”ഹിമയുടെ മറുപടി ഒരു ഒഴിഞ്ഞുമാറ്റമായി അവനു മനസിലായതുകൊണ്ടാവണം എന്തേ എന്നർത്ഥത്തിൽ അമൽ അവളെ നോക്കിയത്..

“അത് പിന്നെ ഏട്ടാ… ഞാൻ ഒരു കാര്യം ചോദിച്ചാൽ എന്നോട് മുഷിച്ചിലുണ്ടാവുമോ..? “ഒരല്പം ശങ്കയോടെ അവൾ പറഞ്ഞു നിർത്തി..

“ഹാ ചോദിക്ക് പെണ്ണെ…എന്നോട് എന്തേലും ചോദിക്കാൻ നിനക്കൊരു മുഖവുരയുടെ ആവശ്യം ഉണ്ടോ…?? ” അവളുടെ നഗ്നമാറിലേക്ക് മുങ്ങാംകുഴിയിട്ടുകൊണ്ടാവൻ കൊണ്ടവൻ പറഞ്ഞു…

“ഇപ്പോഴും ഏട്ടന് എന്നെ ചുംബിക്കുമ്പോൾ വൈഗയെ ആണോ ഓർമ വരിക..!!?? ”

ഇക്കഴിഞ്ഞ മണിക്കൂറുകളുടെ മുഴുവൻ രസവും ചോർത്തി കളയാൻ ശേഷി ഉണ്ടായിരുന്നു അവളുടെ ആ ചോദ്യത്തിന്…

വൈഗ… അമലിന്റെ ആദ്യ പ്രണയം…ഒരു സർക്കാർ ജോലിക്കാരന്റെ മാസശമ്പളത്തേക്കാൾ അറബി നാട്ടിലെ അത്തറിന്റെ മണമുള്ള റിയാലാണ് നല്ലതെന്നു പറഞ്ഞു അവനെ ഉപേക്ഷിച്ചു പോയവൾ… ഏഴു വർഷത്തെ പ്രണയം നിഷ്കരുണം തള്ളിക്കളഞ്ഞവൾ പോയ്യിട്ടിപ്പോ വർഷം മൂന്നു കഴിഞ്ഞു… അതോടു കൂടി ആകെ വശം കെട്ടുപോയ അമലിനെ പറഞ്ഞു സമ്മതിപ്പിച്ചു ഹിമയുമായി കല്യണം നടത്താൻ അവന്റെ വീട്ടുകാരും കൂട്ടുകാരുമൊക്കെ ഒരുപാട് കഷ്ടപ്പെട്ടു… ഹിമ വാസുദേവ് എന്ന പിജി വിദ്യാർത്ഥിനി അമലിന്റെ ജീവിതസഖി ആയിട്ട് എട്ടു മാസമായി…തന്റെ ഭൂതകാലം അമൽ തന്നെയാണ് ഹിമയോട് വിവാഹത്തിന് മുന്നേ തന്നെ പറഞ്ഞിരുന്നതും….

മനസ്സിൽ പതഞ്ഞു പൊങ്ങിയ നീരസം പുറത്തു കാട്ടാതെ അമൽ ഹിമയുടെ ഈ സംശയത്തിന്റെ കാരണം അന്വേഷിച്ചു…

“അത്‌ പിന്നെ ഏട്ടാ… ഞാൻ.. ”

“എന്തേ ഇപ്പൊ ഒന്നും പറയാൻ ഇല്ലേ…ഓരോ ചോദ്യങ്ങൾ ചോദിക്കാൻ നൂറു നാവണല്ലോ..” മറച്ചുവെച്ച നീരസം അമൽ അറിയാതെ തന്നെ വാക്കുകളിൽ പ്രതിഫലിച്ചു…

“ഒന്നുമില്ല ഏട്ടാ…വെറുതെ ചോദിച്ചതാ…”

തന്നെ ചുറ്റി വരിഞ്ഞിരുന്ന ഹിമയുടെ കൈകൾ പതിയെ എടുത്തു മാറ്റികൊണ്ടവൻ ബെഡിൽ നിന്നും എണീക്കാൻ ഭാവിച്ചു…

“പ്ലീസ് ഏട്ടാ… ഞാൻ അറിയാതെ… ” അവനെ തടയാനെന്നോണം ഹിമ ഒരു ശ്രമം നടത്തി..

“എന്താണ് ഹിമ… നീ ഇങ്ങനെ ആയിരുന്നില്ലലോ.. ഒരിക്കൽ പോലും അറിഞ്ഞോ അറിയാതെയോ ആ ഒരു പേര് നമുക്കിടയിലേക്ക് കടന്നുവവരാറില്ലായിരുന്നു.. പിന്നെന്താ ഇപ്പൊ ഇങ്ങനെ ഒരു മാറ്റം..?? ഒന്നു രണ്ടു ദിവസമായി നിന്റെ ഈ മാറ്റം ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്…”

“വാലൻന്റൈൻ ഡേയ്ക്ക് കോളേജിലെ പരിപാടിക്ക് വെറൈറ്റി ഐഡിയ അന്വേഷിച്ചാണ് ഞാൻ കഴിഞ്ഞ ദിവസം ഏട്ടന്റെയടുത്തു വന്നത്.. ആദ്യ പ്രണയവും ആദ്യ ചുംബനവും ആർക്കും ഒരിക്കലും മറക്കാൻ ആവില്ലെന്ന് വാചാലനാവുന്ന ഏട്ടനെയാണ് എനിക്കന്ന് കാണാൻ കഴിഞ്ഞത്…

പ്രേമിക്കുന്ന സമയത്ത് ഒരിക്കൽ ആരും കാണാതെ വൈഗയുടെ കവിളിൽ മുത്തം കൊടുത്ത കഥയാണ് എനിക്കപ്പോ ഓർമ വന്നേ…ഏട്ടന്റെ കൂടെ ഞാൻ തീർത്തുമൊരു പരാജയം ആണെന്ന് എനിക്കപ്പോ തോന്നിപോയി…”

ഒരു കുറ്റവാളിയെ പോലെ തലതാഴ്ത്തി അവൾ പറഞ്ഞു നിർത്തി… എല്ലാം കേട്ടുകഴിഞ്ഞുള്ള അമലിന്റെ നിശബ്ദത ഹിമയെ തെല്ലൊന്നുമല്ല വേദനിപ്പിച്ചത്… പെയ്യാൻ വെമ്പിനിന്ന കാർമേഘം പോൽ ഹിമ അമലിനെ ചുറ്റിവരിഞ്ഞു കരയാൻ തുടങ്ങി…

അവളുടെ കണ്ണുനീർതുളികൾ രോമാവൃതമായ അവന്റെ മാറിനെ നനയിച്ചപ്പോൾ പതിയെ അവളുടെ കുഞ്ഞുമുഖം അമൽ തന്റെ ഇരുകൈകളാൽ കോരിയെടുത്തു.. അവളുടെ കണ്ണുകളിൽ നിന്നുതിർന്നു വീഴുന്ന കണ്ണുനീർതുളികളെ ചുണ്ടുകളാൽ ഒപ്പിയെടുത്തുകൊണ്ട് അമൽ പറഞ്ഞു തുടങ്ങി…

“പെണ്ണെ…നീ എനിക്ക് വെറുമൊരു ഭാര്യ മാത്രമല്ല… എനിക്ക് എല്ലാമാണ് നീ.. എന്റെ ഓരോ അണുവിലും നീ ആണ്.. ശരിയാണ്..

വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ഞാൻ നിന്നെ പെണ്ണുകാണാൻ വന്നതും നമ്മുടെ കല്യാണം നടക്കുന്നതും… നീ ന്റെ ജീവിതത്തിൽ വന്ന അന്നുമുതൽ എന്നെ ഞാൻ പോലും അറിയാതെ നീ മാറ്റിയെടുക്കുകയാരുന്നു.. ചതിച്ചിട്ടു പോയ അവളേം ഓർത്തു കുറെ പാടി നടന്നിട്ടുണ്ട് ഈ അമൽ..

എന്നാൽ ഇന്ന് അവളുടെ ഒരു ഓർമ പോലും എന്നിൽ അവശേഷിക്കാത്ത വിധം എന്നിൽ എന്റെ പെണ്ണ് നിറഞ്ഞു നിക്കുവല്ലേ…”

അമലിന്റെ വാക്കുകൾ കേട്ടു ഹിമയുടെ കണ്ണുകൾ വീണ്ടും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു..

“നിനക്ക് ഈ ഏട്ടൻ ആരാണെന്ന് എനിക്ക് നല്ലതു പോലെ അറിയാം.. എന്നാൽ എനിക്ക് നീ എന്താണെന്നു..,, ഞാൻ എങ്ങനെ ആണ് നിന്നെ കാണുന്നതെന്ന് നിനക്ക് അറിയാൻ കഴിയാതെ പോയെങ്കിൽ അത്‌ എന്നിലെ പോരായ്‌മ തന്നെ ആണ്… ”

“ഏട്ടാ… ഞാൻ…” അമൽ പറഞ്ഞു വന്ന വാചകം മുഴുവിക്കുന്നതിനു മുന്നേ തന്നെ ഹിമ അവനെ തടഞ്ഞു…

അപ്പോഴേക്കും വാക്കുകൾക്കായി പരതുന്ന അവളുടെ അധരങ്ങൾ ചുംബനങ്ങളാൽ അവൻ കീഴടക്കിയിരുന്നു…വീണ്ടുമൊരു വസന്തരാവു തീർത്തുകൊണ്ട് അമൽ ഹിമയിലേക്ക് പടർന്നുകയറുമ്പോഴേക്കും രാത്രിയുടെ ആ മൂന്നാം യാമത്തിൽ മുളപൊട്ടാൻ വെമ്പുന്ന ഒരു വിത്തിലേക്ക് നീർതുള്ളികളെ വർഷിച്ചുകൊണ്ട് ഹിമകണങ്ങൾ വിരുന്നെത്തിയിരുന്നു…

ഒരാണിന്റെ ആദ്യ പ്രണയം ആവുന്നതിനേക്കാൾ അവസാന പ്രണയം ആവാൻ കൊതിക്കുന്നവരാണ് നമ്മൾ പെൺകുട്ടികൾ ഏറെയും… എനിക്ക് മുൻപേ ആരെന്നല്ല എന്നിൽ അവൻ സംതൃപ്തൻ ആണോന്ന് വേണം നമ്മൾ നോക്കാൻ… അങ്ങനെ ആകുമ്പോൾ ആ ബന്ധത്തേക്കാൾ മനോഹരമായ മറ്റൊന്നുണ്ടാവില്ല..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഗീതു സജീവൻ