ചേച്ചീ അച്ചാറ് വേണോ.. കടുമാങ്ങ, നാരങ്ങ, വെളുത്തുള്ളി, കാരറ്റ് ഒക്കെ ഉണ്ട് ചേച്ചീ, എന്തെങ്കിലും ഒന്നെടുക്കൂ..

രചന : ശ്രീകല മേനോൻ

അച്ചാറ് വിൽക്കുന്ന പെൺകുട്ടി….

❤❤❤❤❤❤❤❤

“ചേച്ചീ അച്ചാറ് വേണോ.. ”

ഓഫീസിൽ ഉച്ചഭക്ഷണം കഴിഞ്ഞു ഫേസ്ബുക്കിൽ മുഴുകിയിരുന്ന ഞാൻ തലയുയർത്തി നോക്കി.

മുന്നിൽ മെലിഞ്ഞു വെളുത്ത് കൊലുന്നനെയുള്ള ഒരു പെൺകുട്ടി…

ഒരു കറുത്ത വലിയ ബാഗിൽ നിന്നും കുറെ അച്ചാറ് പാക്കറ്റുകളെടുത്തു മേശപ്പുറത്ത് നിരത്തി വെക്കുകയാണവൾ..

“കടുമാങ്ങ, നാരങ്ങ, വെളുത്തുള്ളി, കാരറ്റ് ഒക്കെ ഉണ്ട് ചേച്ചീ.. എന്തെങ്കിലും ഒന്നെടുക്കൂ. വീട്ടിൽ ഉണ്ടാക്കുന്നതാണ്

“ചുരിദാറിന്റെ ഷാൾ കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചുകൊണ്ടവൾ പറഞ്ഞു.

ഓഫീസിൽ സാധനങ്ങൾ വിൽക്കാൻ പലരും വരാറുണ്ട്.. ഇവളെ ഇതിന് മുൻപ് കണ്ടിട്ടില്ല.

“ഞാൻ അച്ചാറ് കഴിക്കാറില്ല

“പെട്ടെന്ന് ഞാനത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു വിളറി. .

എത്ര പ്രായമുണ്ടാവും അവൾക്ക്‌. . പത്തൊൻമ്പതോ ഇരുപതോ.. മോളുടെ പ്രായമേ കാണൂ..

വെയിലേറ്റ് വാടിക്കൂമ്പിയ അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചു.

“എവിടെയാ കുട്ടിയുടെ വീട്.,? ”

“പേരാമംഗലം. ”

ഇനി ഇവൾ എന്തൊക്കെയാണ് പറയാൻ പോവുന്നത്.,”അച്ഛൻ കിടപ്പിലാണ്. കെട്ടിക്കാൻ പ്രായമായ അനിയത്തിമാരുണ്ട്, സുഖമില്ലാത്ത അമ്മയുണ്ട്.

“അങ്ങിനെ സാധാരണ എല്ലാവരും പറയുന്ന കഥകൾ…

പക്ഷ ഒന്നും പറയാതെ അവൾ അച്ചാർ പാക്കറ്റുകൾ മേശപ്പുറത്തു നിന്ന് എടുക്കാൻ തുടങ്ങി.

വിൽക്കാൻ വരുന്നവരൊക്കെ പല സാധനങ്ങളും നിർബന്ധിച്ചു വാങ്ങിപ്പിക്കുകയാണ് പതിവ്..

പലപ്പോഴും ആവശ്യമില്ലാത്ത സാധനങ്ങൾ സഹതാപം കൊണ്ട് വാങ്ങി കൂട്ടിയിട്ടുമുണ്ട്.

“എന്താ വില “എന്റെ ചോദ്യം കേട്ടു അവൾ മുഖമുയർത്തി.

“ഒരു പാക്കറ്റിന് 30 രൂപ.. രണ്ടെണ്ണമെടുത്താൽ 50 രൂപ തന്നാൽ മതി. ”

“ഏതെങ്കിലും രണ്ടു പാക്കറ്റ് തരൂ.. ഏതാ നല്ലത് ”

ഞാൻ പറയുന്നത് കേട്ട് അവൾ ഒന്ന് സംശയിച്ചു നിന്നു.

“സാരമില്ല ചേച്ചി.. ഇഷ്ടമില്ലെങ്കി വാങ്ങണ്ട കഴിക്കാറില്ലെന്നല്ലേ പറഞ്ഞത്.. ”

“മോൾ അടുത്താഴ്ച വരും അവൾക്ക് വലിയ ഇഷ്ടാ

“ഞാൻ പറഞ്ഞത് അവൾ വിശ്വസിച്ചത് പോലെ തോന്നി.

“എന്നാ കടുമാങ്ങയും ക്യാരറ്റും എടുത്തോളൂ.. നല്ല സ്വാദാണ്

“അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

രണ്ടു പാക്കറ്റ് വാങ്ങി വിശാലമനസ്കയായ ഞാൻ 60 രൂപ അവളുടെ നേരേ നീട്ടി.

“രണ്ടെണ്ണത്തിന് 50 രൂപയാണ് ചേച്ചീ .. ”

“അത് സാരമില്ല. വെച്ചോളൂ.. ”

“വേണ്ട ചേച്ചി. ആ പത്തു രൂപ കൊണ്ട് കഞ്ഞി വെച്ച് കുടിച്ചാ എനിക്ക് ദഹിക്കില്യ..

ചിരിച്ചു കൊണ്ട് അതും പറഞ്ഞു എന്റെ കയ്യിൽ നിന്നും അമ്പത് രൂപയും വാങ്ങി അവൾ നടന്നു നീങ്ങി

ഒരു നിമിഷം ഒന്നും പറയാൻ കഴിയാതെയിരിക്കുമ്പോൾ ആരോ പറയുന്നത് കേട്ടു.

“എനിക്കറിയാം ആ കുട്ടിയെ. എസ് എസ് എൽ സിക്ക് ഫുൾ എ പ്ലസ് ആയിരുന്നു.. ഗതികേട് കൊണ്ട് അച്ചാറ് വിറ്റ് നടക്കാ.. അത്രക്ക് ദാരിദ്ര്യാണ് വീട്ടിൽ… പാവം ”

ഓഫീസിന്റെ ഗേറ്റ് കടന്നു പൊള്ളുന്ന ചൂടിലേക്ക് അവളെ ഞാൻ ജനലിൽ കൂടി നോക്കി.

ആരുടെയും ആത്മാഭിമാനത്തിനു മുറിവേൽപ്പിച്ചു കൊണ്ട് സഹതാപം കാട്ടരുതെന്ന വലിയ പാഠം എന്നെ പഠിപ്പിച്ചു തന്ന അവളുടെ പേരെന്താണ്..

അത്‌ മാത്രം ഞാൻ ചോദിച്ചില്ലല്ലോ…

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു..

കണ്മുന്നിൽ ഇതു പോലെ പേരറിയാത്ത എത്രെയോ മുഖങ്ങൾ.. പലതും പഠിപ്പിച്ചും..

ചിന്തിപ്പിച്ചും… മനസ്സിൽ ഒരു നെരിപ്പോടായി അവശേഷിച്ചും…

ദൂരെ ഒരു പൊട്ടു പോലെ അവൾ കാഴ്ചയിൽ നിന്നും മറയുന്നത് വരെ നോക്കിയിരുന്നു.

ജീവിതം.. പാതിവഴിയിലെവിടെയോ ഞാൻ…

ഇനിയുമില്ലേ കുറേ വഴി താണ്ടാൻ… കുറെയേറെ പാഠങ്ങൾ പഠിക്കാനും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീകല മേനോൻ