ബ്ലാക്ക്‌ & വൈറ്റ്, ഭാഗം 15 ഒന്ന് വായിക്കൂ…

രചന : ശ്രീജിത്ത് ജയൻ.

“എനിക്ക് രാവിലെ സമയത്തെ ഫുട്ടേജ് കാണണം .ഈ ക്യാമറയുടെ അല്ല , ആ ഒഴിഞ്ഞു കിടക്കുന്ന പറമ്പ് കാണാൻ കഴിയുന്ന വിശ്വൽസ് .”

ബീച്ചിൽ വരുന്നവർ സ്ഥിരമായി അവരുടെ വണ്ടി പാർക്ക് ചെയുന്ന ഒരു ചെറിയ പറമ്പ് റിസോർട്ടിനോട് ചേർന്നായി ഉണ്ടായിരുന്നു. ആ ദിശയിലേക്ക് നേരിട്ട് ക്യാമറകൾ ഉണ്ടായിരുന്നില്ല. പക്ഷെ റിസോർട്ടിന്റെ രണ്ടാം നിലയിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിൽ ആ ഗ്രൗണ്ടിലേക്കുള്ള വഴി വ്യക്തമായി കാണാൻ കഴിയുമായിരുന്നു. നന്ദൻ ആ വിശ്വൽസ് ശ്രദ്ധയോടെ നോക്കി.

“എസ് ,ഞാൻ കരുതിയത് തന്നെ ….”

തന്റെ ബ്ലൂ കളർ ഫസീനോ സ്കൂട്ടർ ആ പറമ്പിൽ വച്ച് ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന് പോവുന്ന കീർത്തിയെ കമ്പ്യൂട്ടർ സ്ക്രീനിലൂടെ നോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു.

കൊല ചെയ്തത് കീർത്തി തന്നെയാണോ എന്ന് ഉറപ്പ് വരുത്തുക അത് മാത്രമേ നന്ദന് മുന്നിലെ ഏക ലക്ഷ്യം . കീർത്തിയാണ് കൊലയാളി എങ്കിൽ എന്തിനാണ് കൊന്നത് എന്ന് നന്ദന് അറിയാമായിരുന്നു . ഒട്ടും വൈകാതെ നന്ദൻ കീർത്തിയുടെ ഫ്ലാറ്റിലേക്ക് പോയി . കീർത്തിയുടെ കൂട്ടുകാർ ആരും ഫ്ലാറ്റിൽ ഉണ്ടായിരുന്നില്ല .

അതിനാൽ നന്ദന് കീർത്തിയോട് തുറന്ന് സംസാരിക്കാൻ കഴിയുമായിരുന്നു .

“സർ ആയിരുന്നോ ? ഉള്ളിലേക്ക് വാ ”

ഫാറ്റിലേക്ക് വന്ന നന്ദനെ കീർത്തി ഉള്ളിലേക്ക് ക്ഷണിച്ചു.

“തന്നെ കണ്ടിട്ട് കുറച്ച് നാളായില്ലേ , അതാ വെറുതെ വന്നത് . ഇവിടെ വന്നപ്പോഴാണ് താൻ ഓഫീസിൽ പോയിട്ടുണ്ടാവും എന്ന് തോന്നിയത് .

താഴെ സെക്യുരിറ്റിയോട് ചോദിച്ചപ്പോഴാണ് ഇന്ന് നിങ്ങളാരും പോയിട്ടില്ല എന്ന് പറഞ്ഞത് . രണ്ടാഴ്ച കൊണ്ട് താൻ വല്ലാതെ മാറി . താൻ ബ്യൂട്ടിപാർലറിൽ എങ്ങാനും പോയിരുന്നോ ? മുഖം കാണാൻ നല്ല ഗ്ലോ ആയിട്ടുണ്ട് . പോരാത്തതിന് മുടി കളർ ചെയ്തു , ത്രെഡ് ചെയ്തു ,

ഇപ്പൊ താൻ ഒരു അസ്സൽ കൊച്ചിക്കാരി പെണ്ണായി. ഇനി ഈ വേഷം കൂടി മാറ്റണം . ഈ നരച്ച ഡ്രെസ്സ് ഒന്നും തനിക്ക് ചേരില്ല , വല്ല ടൈറ്റ് ജീൻസും സ്ലീവ് ലെസ്സ് ടോപ്പും ആണെങ്കിൽ കലക്കും

നന്ദൻ എന്തോ മനസ്സിൽ വച്ചുകൊണ്ടാണ് സംസാരിക്കുന്നത് എന്ന് കീർത്തിക്ക് മനസ്സിലായി.

അവൾ തന്റെ കൈ എത്തും ദൂരത്ത് എന്തെങ്കിലും ആയുധങ്ങൾ ഉണ്ടോ എന്ന് നോക്കി. അവിടെ ആകെ ഉള്ളത് കിച്ചണിലെ കത്തി മാത്രമായിരുന്നു.

“സർ ഇങ്ങനെ നിന്നാൽ എങ്ങനെയാ , ഇരിക്ക്.

ഇന്നലെ അനുവും അഭിയും പാർലറിൽ പോയപ്പോൾ വെറുതെ ഞാനും പോയി . അവിടെ ചെന്നപ്പോൾ രണ്ടാൾക്കും നിർബന്ധം ഞാനും ഒന്ന് ഫേഷ്യൽ ചെയ്യണമെന്ന് .

പിന്നെ ത്രെഡിങ് , കളറിങ് , അങ്ങനെ കൊറേ കാശ് പോയി കിട്ടി.

അവസാനം അവളുമാരുടെയും കാശും ഞാൻ കൊടുക്കേണ്ടി വന്നു. ”

കീർത്തി അധിസമർത്ഥമായി ഒരു നുണ കഥ നന്ദന് മുന്നിൽ അവതരിപ്പിച്ചു. കീർത്തി എന്തെങ്കിലും നുണ കഥകൾ പറയുമെന്ന് നന്ദന് ഉറപ്പായിരുന്നു.

“സർ ഇരിക്ക് ഞാൻ ചായ എടുക്കാം .”

കീർത്തി ഒരായിരം ചിന്തകളോടെ നന്ദനെ നോക്കി ചിരിച്ചു.

“അടുക്കളയിലേക്ക് ചെന്ന കീർത്തിയുടെ കൈ ആദ്യം ഓടി എത്തിയത് ഒരു കത്തിയിലാണ്.

“കീർത്തി , താൻ ഒന്ന് വന്നേ , എനിക്ക് തന്നോട് ചിലത് ചോദിക്കാൻ ഉണ്ട് .”

സോഫയിൽ ഇരുന്ന നന്ദൻ കൂടെ കൊണ്ടുവന്ന ബാഗ് ടീപോയ്ക്ക് മുകളിൽ വച്ചശേഷം അതിനുള്ളിൽ നിന്നും കീർത്തിയുടെ റിവോൾവറും അതുപോലുള്ള മറ്റൊരു റിവോൾവറും , ഓഫീസിൽ നിന്നും എടുത്തുകൊണ്ട് വന്ന ഫയലും പുറത്തേക്ക് എടുത്തു. ശേഷം കൊല നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച സിറിഞ്ചിന്റെ പേക്കറ്റ് നന്ദൻ തന്റെ റിവോൾവറിന് അരികിലായി വച്ചു.

നന്ദൻ ഓഫീസിൽ നിന്നും കൊണ്ടുവന്ന റിവോൾവർ ഒരു ട്രാൻസ്പെരേന്റ് പോളിത്തീൻ ബാഗിലായിരുന്നു ഉണ്ടായിരുന്നത് . ഏതോ കേസിൽ പോലീസിന് ലഭിച്ച തെളിവായിരുന്നു ആ റിവോൾവർ .

“എന്താ സർ , എന്തോ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞല്ലോ ? ”

അടുക്കളയിൽ നിന്നും എടുത്തുകൊണ്ട് വന്ന കത്തി മറച്ചുപിടിച്ചുകൊണ്ട് കീർത്തി ചോദിച്ചു.

“ചോദിക്കാൻ അല്ല , പറയാനാണ് ഉള്ളത് .ഒരു പഴയ കഥ , പഴയത് എന്ന് പറഞ്ഞാൽ ഒരു 10 വർഷം പഴക്കമുള്ള കഥ. ”

കീർത്തി നന്ദന്റെ കണ്ണിലേക്ക് നോക്കി . നന്ദന്റെ കണ്ണുകളിൽ എവിടെയോ ഒരു ദുഃഖം മറഞ്ഞിരിക്കുന്നുണ്ടായിരുന്നു

“അന്ന് ഞാൻ ഇവിടെ കൊച്ചിയിൽ എൻജിനീറിങ്ങിന് പഠിക്കുന്ന സമയം. കൂലിപ്പണിക്കാരനായ അച്ഛന് എന്റെ കോളജ് ഫീസും മറ്റും ഒറ്റക്ക് താങ്ങാൻ പറ്റാത്ത അവസ്ഥ . ആധാരം പോലും പണയത്തിൽ ആയിരുന്നത്കൊണ്ട് വിദ്യാഭാസ ലോണിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. കാശിന് വേറെ വഴിയൊന്നും ഇല്ലാത്തത് കൊണ്ട് ഞാനും എന്റെ കൂട്ടുകാരൻ മനുവും ഇവിടെ ഒരു ഹോട്ടലിൽ വൈകുന്നേരങ്ങളിൽ ജോലി ചെയ്യാൻ തുടങ്ങി.

കോളേജ് വിട്ട് കഴിഞ്ഞാൽ ഞങ്ങൾ ഹോട്ടലിലേക്ക് പോവും .രാത്രി എല്ലാം കഴിഞ്ഞ് പാത്രങ്ങളും കഴുകി വെക്കണം ,എന്നാലേ പറഞ്ഞ കാശ് കയ്യിൽ തരൂ. കോളേജ് പിള്ളേർ ആയത്കൊണ്ടായിരിക്കും ന്യായമായ ശമ്പളം ഒന്നും ഞങ്ങൾക്ക് കിട്ടില്ല . വേറെ നല്ല ജോലി ഒന്നും കിട്ടാത്തത് കൊണ്ട് അവിടെ തന്നെ ഞങ്ങൾ തുടർന്നു. നുള്ളി പെറുക്കി മനു ഒരു വണ്ടി വാങ്ങി ,

ബുക്കും പേപ്പറും ഒന്നും ഇല്ലാത്ത എവിടെ നിന്നോ ആരോ അടിച്ചുമാറ്റിയ ഒരു വണ്ടി.

പിന്നീട് അതിലായി ഞങ്ങളുടെ യാത്ര . ഒരു ദിവസം ഹോട്ടലിലെ പണി കഴിഞ്ഞപ്പോൾ വല്ലാതെ വൈകി. പോലീസിനെ പേടിച്ച് , ഇടവഴികളിലൂടെയാണ് ഞങ്ങൾ പോയിരുന്നത്. വഴിയിൽ വച്ച് കുറച്ചു ദൂരെയായി ഒരു കാർ നിൽക്കുന്നത് ഞങ്ങൾക്ക് കാണാമായിരുന്നു . പെട്ടന്ന് രണ്ടുപേർ കാറിന്റെ ഡോ=ർ തുറന്ന് പുറത്ത് വന്നശേഷം ഡിക്കിയിൽ നിന്നും എന്തോ വേസ്റ്റ് കൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞു. ഞങ്ങൾ അവിടേക്ക് ചെന്നപ്പോഴേക്കും അവർ രക്ഷപ്പെട്ടിരുന്നു. അതൊരു ജീവൻ ആയിരിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു. ഭയത്തോടെ ഞങ്ങൾ ആ മാലിന്യ കൂമ്പാരത്തിലേക്ക് നോക്കി.

പുതപ്പിൽ ചുറ്റിയ രീതിയിൽ ഒരു പെണ്കുട്ടിയായിരുന്നു അത്. അവളുടെ ശരീരത്തിൽ നിന്നും അപ്പോഴും രക്തം വരുന്നുണ്ടായിരുന്നു. ആ നിമിഷവും അവൾക്ക് ജീവനുണ്ടായിരുന്നു. ഒരു നിമിഷം ഞങ്ങൾ ചിന്തിച്ചു. പക്ഷെ എന്തോ ആ കുട്ടിയുടെ ജീവനേക്കാൾ ഞങ്ങൾ വില നൽകിയത് ഞങ്ങളുടെ ഭാവിക്കായിരുന്നു. ഞങ്ങൾ മടിയോടെ അവിടെ നിന്നും രക്ഷപെട്ടു. പക്ഷെ അന്ന് എന്റെ മനസ്സിൽ രണ്ട് മുഖങ്ങൾ പതിഞ്ഞു . ആ പെണ്കുട്ടിയുടെയും അവളെ അവിടെ വലിച്ചെറിഞ്ഞ് രക്ഷപെട്ടവരിൽ ഒരാളുടെയും. പിന്നീട് അങ്ങോട്ട് ആ കുട്ടിയുടെ മുഖം എന്റെ ഉറക്കം കെടുത്തി.

ആ രാത്രിയിൽ ഞാൻ കണ്ട 14 വയസുകാരിയാണ് ഇന്ന് എന്റെ മുന്നിൽ നിൽക്കുന്ന കീർത്തി .

എപ്പോഴോ മറന്ന് പോയെങ്കിലും വീണ്ടും കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു , ഇന്ന് ആ ബീച്ച് ഹൗസിൽ മരിച്ചു കിടക്കുന്നയാൾ തന്നെയാണ് അന്ന് നിന്നെ ആ വേസ്റ്റുകൾക്ക് ഇടയിലേക്ക് വലിച്ചെറിഞ്ഞത് എന്ന്. തന്നെ ആദ്യമായി കണ്ടപ്പോൾ മുതൽ ഒരു ഭയമായിരുന്നു . പിന്നീട് അത് കീർത്തി തന്നെയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ മാപ്പ് ചോദിക്കണമെന്ന് തോന്നി.

എന്റെ അച്ഛൻ പറയാറുണ്ട് , എത്രത്തോളം നന്മയുണ്ടോ , അത്രത്തോളം ക്രൂരതയും മനസ്സിൽ ഉണ്ടാവുമെന്ന്. ഇനി തനിക്ക് എന്തെങ്കിലും പറയാൻ ഉണ്ടോ ? ” നന്ദൻ കീർത്തിയുടെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു. പക്ഷെ മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ .

“അന്ന് എല്ലാവരും എന്റെ ഭാവിയെ കരുതി കേസ് വേണ്ടെന്ന് വച്ചപ്പോൾ എനിക്ക് നഷ്ടമായത് എനിക്ക് ലഭിക്കേണ്ട നീതിയായിരുന്നു. മൊഴിയെടുക്കാൻ വന്ന ഉദ്യോഗസ്ഥർ പോലും എന്നെ മറ്റൊരു കണ്ണോടെയാണ് നോക്കുന്നത് എന്ന് തിരിച്ചറിഞ്ഞ നിമിഷം ഞാൻ തീരുമാനിച്ചതാണ് ,

എന്നെ നോവിച്ചവരെ ഞാൻ തന്നെ ശിക്ഷിക്കുമെന്ന്. വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് അവരെ രണ്ട് വർഷം മുൻപ് ഞാൻ കണ്ടെത്തിയത് . അതിന് ശേഷമുള്ള ദിവസങ്ങൾ ഞാൻ ആരംഭിച്ചത് അവരെ എങ്ങനെ ഇല്ലാതാക്കും എന്ന ചിന്തയോടെയാണ്. ”

നിയമം തനിക്ക് നേടി തരാതെ ഇരുന്ന നീതിയാണ് താൻ സ്വയം നേടിയത് എന്ന് കീർത്തിയുടെ മുഖം പറയാതെ പറയുന്നുണ്ടായിരുന്നു .

“അന്ന് ജയരാജന് കൂടെ ഉണ്ടായത് സ്റ്റീഫൻ ആയിരുന്നു അല്ലെ ? രണ്ടാളുടെയും മരണത്തിൻ പിന്നിലും താനാണെന്ന് എനിക്ക് മനസിലായി ,

പക്ഷെ എങ്ങനെയാണ് കൊന്നതെന്ന് മനസിലായില്ല.”

നന്ദൻ കീർത്തിയുടെ കയ്യിൽ നിന്നും ലഭിച്ച തോക്കിന്റെ മറ്റൊരു മോഡൽ പോളിത്തീൻ ബാഗിൽ നിന്നും പുറത്തേക്ക് വച്ചു. ജയരാജിന്റെ പഴയ സുഹൃത്തായ സ്റ്റീഫന്റെ കേസ് ഫയൽ ആയിരുന്നു നന്ദന്റെ കയ്യിൽ ഉണ്ടായിരുന്നത് .

“അപ്പൊ അതും കണ്ടെത്തി അല്ലെ ?

ആദ്യം ഞാൻ കൊല്ലാൻ ശ്രമിച്ചത് ജയരാജനെ തന്നെയായിരുന്നു .അയാൾ സ്ഥിരമായി ഉപയോഗിക്കുന്ന ഇൻസുലിനിൽ ലിക്വിഡ് പൊട്ടാസ്യം മിക്സ് ചെയ്താണ് അന്ന് ഞാൻ ശ്രമിച്ചത്.

പക്ഷെ അന്നയാൾ മരണത്തിന്റെ മുന്നിൽ നിന്നും രക്ഷ്യപ്പെട്ടു. പിന്നീട് ഞാൻ സ്റ്റീഫനെ നോട്ടമിട്ടു.

ജയരാജുമായി സ്റ്റീഫൻ തെറ്റി നിൽക്കുന്ന സമയമായിരുന്നു അത് . ഒരു കാൾ ഗേൾ എന്നപോലെ ഞാൻ സ്റ്റീഫന്റെ വീട്ടിൽ എത്തി .

ഇങ്ങനെയുള്ള കാര്യങ്ങൾക്ക് ആരുമില്ലാത്ത സമയമല്ലേ ആളുകൾ സ്വികരിക്കുക . അത് കൊണ്ട് ഞാൻ ആ വീട്ടിൽ വന്നതിന് സാക്ഷികൾ എന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. ബ്ലാക്ക്‌ മാർക്കറ്റിൽ നിന്നുമാണ് ഞാൻ ഈ രണ്ട് തോക്കുകളും വാങ്ങിയത്.

തോക്ക് കൊണ്ട് അയാളെ കൊന്നശേഷം അതൊരു ആത്മഹത്യയാക്കി ഞാൻ മാറ്റി .

സ്റ്റീഫന് സിറ്റിയിൽ ഇല്ലീഗൽ ബിസ്നസ് ഉണ്ടായിരുന്നത് കൊണ്ട് ആ തോക്കിന് പിറകെ പോലീസ് അന്ന് പോവില്ല.

ആർക്കും സംശയം തോന്നാതിരിക്കാൻ വേണ്ടി വീണ്ടും ഒരു കൊല്ലത്തോളം ഞാൻ കാത്തിരുന്നു.

ജയരാജ് ഈ പണിക്ക് ഉപയോഗിക്കുന്നത് ആ ബീച് ഹൗസാണെന്ന് അയാളെ ഫോളോ ചെയ്തപ്പോൾ എനിക്ക് മനസിലായി . പല തവണ അവിടെ പോയി രക്ഷപെടാൻ പറ്റിയ വഴിയും ,

ദൂരവും എല്ലാം ഞാൻ കണ്ടെത്തി. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ ഞാൻ ജയരാജിനോട് അടുത്തു. ബീച്ചിൽ വണ്ടി വച്ചശേഷം ബസ്സ് കയറി കൊച്ചിയിൽ വന്ന് ഒരു മോഡൺ ഡ്രെസ്സ് വാങ്ങി ധരിച്ച് ബ്യൂട്ടിപാർലറിൽ പോയി മേക്കപ്പ് ചെയ്തു.

എല്ലാം കഴിഞ്ഞ് ഞാൻ ജയരാജനെ ഫോൺ ചെയ്തു. CCTV ക്യാമറ ഇല്ലാത്ത ഒരു സ്ഥലത്ത് നിന്ന് അയാൾ എന്നെ പിക്‌ ചെയ്തു. ജയരാജന് എന്റെ മുഖം ഓർമയുണ്ടായിരുന്നു എന്ന് കാറിൽ കയറിയതിന് ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത് .

പക്ഷെ അപ്പോഴും കാൾ ഗേൾ എന്ന പേര് എന്നെ സംരക്ഷിച്ചു.

ബീച്ച് ഹൗസിൽ എത്തിയതും അയാളുടെ തോണ്ടലും തലോടലും കൂടി. മുറിയിൽ എത്തിയ അയാൾക്ക് ഞാൻ മദ്യത്തിൽ അല്പനേരത്തേക്ക് മയക്കം വരുന്നതിന് ഒരു മരുന്നും നൽകി .

അയാൾ ഉറക്കം ഉണരുന്നത് വരെ ഞാൻ കാത്തിരുന്നു.

കണ്ണുകൾ പതിയെ തുറക്കാൻ തുടങ്ങിയപ്പോൾ ഞാൻ അയാളുടെ വലം കാലിലെ ഞരമ്പിലൂടെ രക്തത്തിലേക്ക് ലിക്വിഡ്പൊട്ടാസ്യവും അക്കോനൈറ്റ് എന്ന വിഷവും ഒരു പ്രത്യേക അളവിൽ മിക്സ് ചെയ്ത് കുത്തി വച്ചു. പോസ്റ്റ്മോർട്ടത്തിൽ ഡോക്ടരുടെ ശ്രദ്ധയിൽ സൂചിയുടെ അടയാളം കാണാതിരിക്കാൻ വേണ്ടിയാണ് ഞാൻ അയാളുടെ കാലിലെ അധികം ശ്രദ്ധിക്കാതെ ഒരു ഭാഗം വിഷം കുത്തിവെക്കാൻ വേണ്ടി തിരഞ്ഞെടുത്തത്.

അയാൾ പിടഞ്ഞു മരിക്കുന്നത് കണ്ണ് നിറയെ കണ്ട ശേഷം ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു സ്‌ലീപിങ് പീൽസിന്റെ ഉപയോഗിച്ച ചെപ്പ് അയാളുടെ ഷെല്ഫിലും മറ്റൊന്ന് കാറിന് ഉള്ളിലും വച്ചു . പക്ഷെ മരിക്കുന്നതിന് മുമ്പ് ലഭിച്ച ചെറിയ നിമിഷത്തിൽ അയാൾ എന്നെ കൊല്ലാൻ വേണ്ടി കഴുത്തിൽ മുറുകെ പിടിച്ചു.

അതിനിടയിൽ എപ്പോഴോ എനിക്ക് ഈ കുപ്പി നഷ്ടമായി. അധികനേരം അവിടെ നിൽക്കുന്നത് സേഫ് അല്ലാതുകൊണ്ട് വിശകുപ്പി എടുക്കാൻ ശ്രമിക്കാതെ ഞാൻ അവിടെ നിന്നും പുറത്തേക്ക് ഇറങ്ങി .

ഗ്ലൗസ് ഉപയോഗിച്ചിരുന്നു എന്നതുകൊണ്ട് പോലീസ് ഒരിക്കലും എന്നില്ലേക്ക് വേഗം എത്തില്ല എന്ന് ഞാൻ ഉറപ്പാക്കി.

കൂടാതെ പോസ്റ്റുമോർട്ടത്തിൽ ഒരിക്കലും ബോഡിയിൽ നിന്നും ഞാൻ കുത്തിവച്ച വിഷം കണ്ടെത്താൻ കഴിയില്ല . എല്ലാം കഴിഞ്ഞ് ഞാൻ ചേരായിലേക്ക് നടന്നു പോയി എന്റെ സ്കൂട്ടർ എടുത്തു. ഇവിടെ തിരിച്ചെത്തിയ ഞാൻ സാറിന് ഒപ്പമായിരുന്നു എന്ന് എല്ലാവരോടും നുണ പറഞ്ഞു .

ഇനി എന്തെങ്കിലും അറിയണോ ? ”

കീർത്തിയുടെ കണ്ണുകൾ നിറഞ്ഞു. ഒരിക്കലും അവൾ ചെയ്തത് ഒരു മനുഷ്യനായി നന്ദന് കുറ്റപ്പെടുത്താൻ കഴിയില്ലായിരുന്നു.

“ഒന്നും ഇനി അറിയാൻ ഇല്ല , പക്ഷെ പറയാൻ ഉണ്ട്….”

ഒരു മനുഷ്യൻ എന്ന നിലയിൽ താൻ ചെയ്തത് തെറ്റാണ് എന്ന് നന്ദന് പൂർണ ബോധ്യമുണ്ടായിരുന്നു. എങ്ങനെ കീർത്തിയോട് മാപ്പ് പറയണമെന്ന് മാത്രം നന്ദന് അറിയില്ലായിരുന്നു.

അവൻ കീർത്തിയുടെ അരികിലേക്ക് നടന്നു.

“എന്താ സാറിന് പറയാൻ ഉള്ളത് , എന്നെ നിയമത്തിന് മുന്നിൽ കൊണ്ട് പോയി നിർത്തുമെന്നോ ?

പക്ഷെ സാറിന് അതിന് കഴിയില്ല . ”

കീർത്തി തന്റെ കയ്യിൽ ഉണ്ടായിരുന്ന കത്തി സ്വന്തം കഴുത്തിൽ ചേർത്ത് പിടിച്ചു.

കൃത്യ സമയത്ത്‌ നന്ദൻ ആ കത്തി കീർത്തിയുടെ കയ്യിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞത് കൊണ്ട് ഒന്നും സംഭവിച്ചില്ല .

” എന്നോട് ക്ഷമിക്കണം …..”

കീർത്തിയുടെ മുഖം തന്റെ കൈക്കുമ്പിളിലാക്കി നന്ദൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. അവൾ ചെയ്ത തെറ്റും ശരീരത്തിന് ഉണ്ടായി എന്ന് കീർത്തി സ്വയം കരുതിയിരുന്ന കളങ്കവും ഒരു കണ്ണുനീർ തുള്ളിയായി അവളിൽ നിന്നും നന്ദന്റെ കൈകളിലേക്ക് വീണലിഞ്ഞു. തന്റെ മനസ്സിലെ സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കുവാൻ തനിക്ക് അറിയില്ല എന്നപോലെ നന്ദൻ കീർത്തിയെ മാറോട് ചേർത്തു. ഇതുവരെ കീർത്തി അനുഭവിക്കാത്ത സുരക്ഷിതത്വം അന്നാദ്യമായി അവൾ അറിഞ്ഞു.

“ഈ ഡോർ തുറന്നിട്ട് ഇവൾ എങ്ങോട്ടാ പോയത് ?

തുറന്ന് കിടക്കുന്ന വാതിലിലേക്ക് നോക്കി കൊണ്ട് അഭിരാമി അനുവിനോട് ചോദിച്ചു.

“അമ്മേ …..”

ഫ്ലാറ്റിന് ഉള്ളിലേക്ക് കയറിയ അനു കണ്ടത് പരസ്പരം കെട്ടിപിടിച്ചു നിൽക്കുന്ന നന്ദനെയും കീർത്തിയെയുമാണ് .ഒരു നിമിഷം അഭിരാമിയും അനുവും അത് വിശ്വസിക്കാൻ കഴിയാതെ നിന്ന് പോയി. ശേഷം ഇവിടെ ചിലർ നിൽക്കുന്നുണ്ട് എന്നറിയിക്കുവാൻ വെറുതെ ചുമച്ചു . ശബ്‌ദം കേട്ട് കീർത്തി നന്ദനിൽ നിന്നും അകന്ന് മാറി.

എന്താണ് ചെയേണ്ടത് എന്നറിയാതെ നന്ദൻ ടീപോയ്‌ക്ക് മുകളിൽ ഇരുന്ന തോക്കുകളും ഫയലും ബാഗിൽ വച്ചു അഭിയുടെയോ അനുവിന്റെയോ മുഖത്ത് നോക്കാതെ ഫാറ്റിന് പുറത്തേക്ക് പോയി.

“റൊമാൻസിന് എന്തിനാ തോക്ക്,,,,, അതും രണ്ടെണ്ണം. ”

അനുവിന്റെ ചോദ്യത്തിന് അഭിരാമിയുടെ പക്കൽ ഉത്തരമുണ്ടായിരുന്നില്ല .

അവരെ ഫേസ് ചെയ്യാൻ കഴിയാത്തതു കൊണ്ടാവും കീർത്തി അടുക്കളയിലേക്ക് പോയി. പ്രണയം തുറന്ന് പറയാതെ നന്ദനും കീർത്തിയും പ്രണയിച്ചു.

ഒരിക്കൽ പോലും നന്ദൻ കീർത്തിയോടൊ ,

കീർത്തി നന്ദനോടൊ ഇഷ്ടമാണെന്ന് പറഞ്ഞില്ല

എങ്കിലും അവർക്കിടയിൽ പ്രണയം നിറഞ്ഞു നിന്നു.

************************

പുതുദിനം പിറന്ന് ആറ് മിനിറ്റ് കഴിഞ്ഞതും നന്ദനെ തേടി ആ ഫോൺ കോൾ വന്നു .

“ലൂസിഫർ ,,,,, എന്താ നന്ദാ സുഖമായി ഉറങ്ങുകയാണോ ?

വധശ്രമം പരാജയപ്പെട്ടതോടെ ലൂസിഫറിന്റെ ശല്യം കഴിഞ്ഞു എന്നാണ് നന്ദൻ കരുതിയത്.

” നീ ഭയക്കേണ്ട , നിന്നെ കൊല്ലുമെന്ന് പറയാൻ വേണ്ടിയല്ല ഇപ്പോൾ ഞാൻ വിളിച്ചത് . മറിച്ച് നിന്നോട് മത്സരം പ്രഖ്യാപിക്കാനാണ് . ഇന്ന് മുതൽ നിനക്ക് തോൽവിയുടെ ദിനങ്ങളാണ്……”

അയാൾ ഫോണിലോടെ അട്ടഹസിച്ചു. പലരുടെയും മരണം വിധിച്ചുകൊണ്ടുള്ള അട്ടഹാസം.

“മത്സരങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ് ,

പക്ഷെ എനിക്ക് സമന്മാരോട് മത്സരിക്കുന്നതിലാണ് ഇഷ്ടം .എവിടെയോ മറഞ്ഞിരുന്ന് ശബ്‌ദമുണ്ടാക്കുന്ന നിന്നെ ഞാൻ ഒരിക്കലും എനിക്ക് ചേർന്ന എതിരാളിയായി കണ്ടിട്ടില്ല .”

നന്ദൻ പുച്ഛത്തോടെ സംസാരിച്ചു. അവന്റെ കണ്ണിൽ ഒരു നുള്ള് പോലും ഭയമുണ്ടായിരുന്നില്ല.

“ഞാൻ ഒരിക്കൽ നിന്നോട് പറഞ്ഞതാണ് ഞാൻ എല്ലായിടത്തും ഉണ്ടെന്ന് . അന്ന് മരണത്തോട് മല്ലിടുന്ന 14 കാരിയെ കണ്ടില്ലെന്ന് നടിച്ച് പോവാൻ നിന്നെ തോന്നിപ്പിച്ചതും തന്നെ പീഡിപ്പിച്ചവരെ കൊല്ലാൻ കീർത്തിയെ തോന്നിപ്പിച്ചതും ഞാൻ വിശ്വസിക്കുന്ന ശക്തിയാണ് , സാത്താൻ . തുണിലും തുരുമ്പിലും ദൈവം ഉണ്ടെങ്കിൽ , എല്ലാ നിഴലിലും ഞങ്ങളുമുണ്ട്. എന്റെ ശക്തിയെന്തെന്ന് നാളെ നീ അറിയും.

സ്ഥലം സെന്റ് ജോർജ് സിറോ മലബാർ ഫോറോന പള്ളി , ഇടപ്പള്ളി . കുർബ്ബാന നടക്കുന്ന സമയത്ത് പള്ളിക്ക് ഉള്ളിൽ വച്ച് ഒരു മരണം നടക്കും . തടയാൻ കഴിയുമെങ്കിൽ തടയ് .

ഇതാണ് നിനക്കുള്ള ആദ്യപരീക്ഷണം . നാളെ നീ ആ ജീവൻ രക്ഷിച്ചാൽ പിന്നീട് ഒരിക്കലും നിന്നെ ഞാൻ പിന്തുടരില്ല , പിന്നീട് ഞാൻ ജീവനോടെയും ഉണ്ടാവില്ല. പക്ഷെ നീ തോറ്റാൽ , വീണ്ടും ബലികൾ നടക്കും നിന്റെ കണ്മുന്നിൽ വച്ചു തന്നെ.

അപ്പൊ നാളെ ……”

അപ്പോഴും അയാളുടെ മുഖത്ത് മരണത്തിന്റെ പുഞ്ചിരി ഉണ്ടായിരുന്നു. നന്ദന്റെ ആ ദിവസത്തെ എല്ലാ സന്തോഷവും ഇല്ലാതെയാക്കാൻ ആ ഒരു ഫോൺ കോളിന് കഴിഞ്ഞു.

പകൽ 2 മണിക്ക് പതിവില്ലാതെ തന്റെ പോലീസ് കോട്ടർസിന്റെ വാതിലിൽ ആരോ തട്ടുന്ന ശബ്‌ദം കേട്ടാണ് ഷാരൂഖ് ഉണർന്നത്. ആരെങ്കിലും തന്നെ ആക്രമിക്കാൻ വരുണാതാണോ എന്ന പേടി ഷാരൂഖിന്റെ മനസിൽ ഉണ്ടായിരുന്നു.

“ആരാ …”

“ഷാരൂഖ് ഇത് ഞാനാണ് , നന്ദകുമാർ .”

വന്നിരിക്കുന്നത് നന്ദനാണ് എന്നറിഞ്ഞതോടെ ഷാരൂഖിന്റെ ഭയം ഇല്ലാതെയായി. അയാൾ വാതിൽ തുറന്ന് നന്ദനെ ഉള്ളിലേക്ക് ക്ഷണിച്ചു.

കയ്യിൽ തന്റെ ഓഫീസ് ബാഗുമായിട്ടായിരുന്നു നന്ദൻ അവിടേക്ക് വന്നത്. നന്ദൻ കോട്ടർസിന് ഉള്ളിൽ കയറിയ ശേഷം വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്തു. ശേഷം ഷാരൂഖിന് മനസ്സിലാവുന്ന പോലെ കാര്യങ്ങൾ വിശദീകരിച്ചു.

“അപ്പൊ സർ പറഞ്ഞു വരുന്നത് അബാഡോണിന്റെ മരണം ആത്മഹത്യയല്ല മറിച്ച് കൊലപാതകമാണ് എന്നല്ലേ , കൊന്നത് സാറും .”

നന്ദൻ പറഞ്ഞ കാര്യങ്ങൾ മുഴുവനായും മനസിലാക്കാൻ ഷാരൂഖിന് കഴിഞ്ഞില്ല എങ്കിലും കുറച്ചൊക്കെ അവന് മനസ്സിലായി.

“അതേ , എനിക്ക് നേരെ ഒരു മർഡർ അറ്റംറ്റ് നടന്നിരുന്നു , പക്ഷെ ഞാൻ രക്ഷപ്പെട്ടു. നാളെ അവർ ഒരു മർഡർ പ്ലാൻ ചെയ്തിട്ടുണ്ട് . എന്ത് വില കൊടുത്തും നമ്മൾ അത് തടയണം. സ്ഥലം ഇടപ്പള്ളി പള്ളി . I Hope you understand. ”

നന്ദൻ പ്രതീക്ഷയോടെ ഷാരൂഖിനെ നോക്കി.

“എസ് സർ , ബട് ……”

“എന്താ ഒരു ബട്ട് ? ”

നന്ദൻ ഷാരൂഖിന്റെ കണ്ണുകളിലേക്ക് നോക്കി.

“ഒരു മുസ്ലിമായ ഞാൻ പള്ളിയിൽ കയറിയാൽ

അതായിരുന്നു ഷാരൂഖിന്റെ സംശയം.

“ഷാരൂഖ് , ഇവിടെ നടക്കാൻ പോവുന്നത് മതങ്ങൾ തമ്മിലുള്ള യുദ്ധമല്ല . നന്മയും തിന്മയും തമ്മിലുള്ള യുദ്ധമാണ് . ഇവിടെ മതത്തിന് സ്ഥാനമില്ല . ”

“എസ് സർ .”

അവർ പറഞ്ഞുകൊണ്ടിരുന്നതും വർഗീസ് വന്ന് വാതിലിൽ തട്ടി. ഒരു ടേബിളിന് ചുറ്റുമായി അവർ ഇരുന്നു , കൂട്ടിന് ചൂട് കട്ടൻ ചായയും .

“എന്താ നന്ദാ പ്ലാൻ ? ”

വർഗീസ് ഉറക്കം മാറ്റുവാൻ എന്നപോലെ കട്ടൻ ചായ കുടിച്ചുകൊണ്ട് നന്ദനെ നോക്കി. അത് തന്നെയായിരുന്നു ഷാരൂഖിനും അറിയേണ്ടത് .

“നമ്മൾ മൂന്ന് പേർ , മൂന്ന് പേർ മാത്രം , കാരണം പുറത്ത് നിന്ന് ആരെയും നമുക്ക് വിശ്വസിക്കാൻ കഴിയില്ല . പള്ളിക്ക് ഉള്ളിൽ മൂന്ന് ഇടങ്ങളിയായി ഉണ്ടാവണം . ഇച്ഛായൻ ഏറ്റവും മുന്നിൽ ഇടത് വശത്ത് , പിന്നെ നീ ആളുകൾക്ക് ഇടയിൽ , ഞാൻ ഡോറിന് അരികിൽ ,

ഇങ്ങനെവേണം പൊസിഷൻ ചെയ്യാൻ.

എന്തായാലും മരിക്കേണ്ടയാൽ ഒരു vip ആയിരിക്കാം , അതും ഓപ്പണായിട്ടായിരിക്കും കൊല്ലാൻ ശ്രമിക്കുക . രഹസ്യമായി കൊല്ലാൻ ആണെങ്കിൽ ഒരിക്കലും നമ്മളോട് ഇത്തരത്തിൽ ഒരു മത്സരം പ്രഖ്യാപിക്കില്ലലോ . മിക്കവാറും ചെറിയ തോക്കായിരിക്കും കൊല്ലാൻ ഉപയോഗിക്കുക , അതാവുമ്പോൾ ആരുടെയും കണ്ണിൽ പെടാതെ ഈസിയായി പള്ളിയിലേക്ക് കൊണ്ട് വരാനും പറ്റും .”

നന്ദൻ തന്റെ ഫോണിൽ പള്ളിയുടെ ചിത്രങ്ങൾ കാണിച്ചു കൊടുത്തുകൊണ്ട് സംസാരിച്ചു.

“എല്ലാം മനസ്സിലായി സർ , പക്ഷെ തോക്കുമായി വരുന്ന കൊലയാളിയെ വെറും കൈ കൊണ്ട് നമ്മൾ എങ്ങനെ നേരിടും. ലാത്തിയുമായി പള്ളിയിൽ കയറിച്ചെല്ലാൻ പറ്റുമോ ? ”

ഷാരൂഖ് തന്റെ സംശയം തുറന്ന് ചോദിച്ചു. അതിനുള്ള ഉത്തരം നന്ദൻ നൽകിയത് വാക്കുകളിലൂടെയായിരുന്നില്ല . നന്ദൻ തന്റെ ബാഗ് തു=റന്ന് അതിൽ നിന്നും മൂന്ന് പിസ്റ്റലുകൾ ടേബിളിന് മുകളിൽ നിരത്തി വച്ചു.

“നന്ദാ അപ്പൊ തീർക്കാൻ ആണോ പ്ലാൻ ? ”

വർഗീസ് അതിൽ നിന്നും ഒരു തോക്ക് എടുത്ത് അത് ലോഡ് ചെയ്തു നോക്കി.

“അല്ല , എനിക്ക് തോന്നുന്നത് പള്ളിയിൽ ചടങ്ങുകൾ നടക്കുന്ന സമയത്ത് ആയിരിക്കും അറ്റാക്ക് നടക്കുക . സോ ആരുടെയെങ്കിലും കയ്യിൽ തോക്ക് കണ്ടാൽ , അല്ലെങ്കിൽ ആരെങ്കിലും തോക്കുമായി പള്ളിയിലേക്ക് ഓടി കയറിയാൽ ആദ്യത്തെ ബുള്ളറ്റുകൊണ്ട് തോക്ക് കൊലയാളിയുടെ കയ്യിൽ നിന്നും തെറിപ്പിച്ചു കളയണം . രണ്ടാമത്തെ ബുള്ളറ്റ് അവന്റെ കാൽമുട്ടിന് താഴെയായിരിക്കണം .”

നന്ദൻ തന്റെ ഊഹങ്ങൾ അവരോട് പറഞ്ഞു.

അത്തരത്തിൽ തന്നെ നടക്കുമെന്നതിന് നന്ദന് പോലും ഒരു ഉറപ്പും ഉണ്ടായിരുന്നില്ല . എങ്കിലും സാധ്യത അതിന് തന്നെയായിരുന്നു.

“പക്ഷെ നന്ദാ അതിനുള്ള സമയം കിട്ടിയിലെങ്കിലോ

വർഗീസിന്റെ ചോദ്യം ശക്തമായിരുന്നു.

“കൊല്ലണം , സംഭവം കയ്യിൽ നിന്നില്ല എങ്കിൽ കൊന്നു തള്ളണം. നിങ്ങൾ പേടിക്കണ്ട ,

അഥവാ അങ്ങനെ നടന്നാൽ ആര് ചോദിച്ചാലും എന്റെ ഓർഡർ ആയിരുന്നു എന്ന് പറഞ്ഞാൽ മതി.

കൊല്ലണം എന്ന് പറഞ്ഞുകേട്ടപ്പോൾ ഷാരൂഖ് അല്പം ഭയന്നു. ഉത്തരവാദിത്യം മുഴുവൻ നന്ദൻ സ്വയം ഏറ്റെടുക്കം എന്ന് ഉറപ്പ് നൽകിയതോടെ ഷാരൂഖിന്റെ മുഖം തെളിഞ്ഞു. പല സമയങ്ങളിലായി അവർ പള്ളിക്ക് ഉള്ളിലേക്ക് ക=യറി. പതിയെ പള്ളി മുഴുവൻ ആളുകൾ നിറഞ്ഞു. ഞായറാഴ്ച ആയതിനാൽ തന്നെ വിശ്വാസികൾ പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നു.

” ഡോ , താൻ എന്താ ഇവിടെ .”

പള്ളിയിലേക്ക് കയറി വരുന്നവരെ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരുന്ന നന്ദനോട് അലക്സ് എബ്രഹാം ചോദിച്ചു.

“സർ എനിക്കൊരു മെസ്സേജ് വന്നിരുന്നു , ഇന്ന് പള്ളിക്ക് ഉള്ളിൽ വച്ച് ഒരു മർഡർ നടക്കുമെന്ന്

അതുകൊണ്ടാണ് ഞങ്ങൾ….”

നന്ദൻ രഹസ്യ സ്വഭാവം നഷ്ടമാവത്തെ ഇരിക്കുവാൻ വേണ്ടി ഐജിയെ മാറ്റി നിർത്തി സംസാരിച്ചു

“ഞങ്ങളോ , അപ്പൊ നിന്റെ കൂടെ ആരൊക്കെ ഉണ്ട് ? ”

അയാൾ ആകാംഷയോടെ ചോദിച്ചു.

“ഞാൻ , ഇച്ഛായൻ സോറി ……സി ഐ വർഗീസ് ,,,പിന്നെ എസ് ഐ ഷാരൂഖ് മുഹമ്മദ് .”

നന്ദൻ ഇച്ഛായൻ എന്ന് പറഞ്ഞപ്പോൾ ഐജി അവനെ തുറിച്ചു നോക്കി.

“ഒരുപാട് VIP സ് ഉണ്ട് സോ ഒരു റിസ്ക് എടുക്കരുത് , അല്ല നിങ്ങളുടെ കയ്യിൽ പിസ്റ്റൽ ഉണ്ടോ ?

ഐജി തന്റെ കയ്യിൽ ഉണ്ടായിരുന്ന പേഴ്‌സണൽ പിസ്റ്റൽ നന്ദന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു.

“വേണ്ട സർ , ഞങ്ങളുടെ കയ്യിൽ സർവ്വീസ് പിസ്റ്റൽ ഉണ്ട്. ”

“ഓക്കെ , സോ ബി കെയർ ഫുൾ . ഞാനും ശ്രദ്ധിക്കാം .”

എന്ന് പറഞ്ഞുകൊണ്ട് അയാൾ പള്ളിക്ക് ഉള്ളിലേക്ക് കയറി പോയി .ഏറ്റവും പുറകിലുള്ള ബെഞ്ചിലായി ഐജി സ്ഥാനം ഉറപ്പിച്ചു.

അതോടെ നന്ദൻ പള്ളിയുടെ ഇടത് ഭാഗത്ത് നടുവിലായി ഇരുന്നു.

പതിയെ ചടങ്ങുകൾ തുടങ്ങി. അച്ഛനും ശിഷ്യന്മാരും അവരുടെ കർമങ്ങൾ ചെയ്തുകൊണ്ടിരുന്നു .

അപ്പോഴും അവർ അവരുടെ നാല് പേരുടെയും ശ്രദ്ധ അവിടെ കൂടിയിരുന്ന VIP കളിൽ ആയിരുന്നു.

“ഹെയിൽ സാത്താൻ ……….”

ചടങ്ങുകൾ ചെയ്തുകൊണ്ടിരുന്ന അച്ഛന്റെ ഹൃദയത്തിലേക്ക് വെടിയുണ്ട തുളച്ചു കയറി. വെടി ശബ്‌ദം ഉയർന്നതും ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. വെ=ടി ഉതിർത്ത ഭാഗത്തേക്ക് നോക്കിയ നന്ദനും മറ്റുള്ളവരും കൊലയാളിയെ കണ്ട് ഞെട്ടിത്തരിച്ചു നിന്നുപോയി . തോക്കുമായി നിൽക്കുന്ന ഐ ജെ അലക്സ് അബ്രഹാം .

തുടരും…

ഞാൻ കഥയിൽ രണ്ട് വിഷങ്ങളുടെ പേര് പറഞ്ഞിട്ടുണ്ട് , അവ രണ്ടും ഹൃദയാഘാതത്തിന് കാരണമാവും . പക്ഷെ മരണ ശേഷം ബ്ലഡ് ടെസ്റ്റിൽ അവയുടെ സാന്നിദ്യം കണ്ടെത്താൻ കഴിയില്ല .

ഞാൻ പറഞ്ഞ വിഷങ്ങളിൽ ഒന്നാണ് അക്കോനൈറ്റ് , അതൊരു തരം പൂച്ചെടിയാണ് . ഈ വിഷം കഥയിലേക്ക് കൊണ്ടുവരാൻ ഒരു കാരണമുണ്ട് അത് അറിയണമെങ്കിൽ ആ വിഷത്തിന്റെ മറ്റു പേരുകൾ നിങ്ങൾ അറിയണം .

Aconite also known as monkshood, wolf’sbane, leopard’s bane, mousebane, women’s bane, devil’s helmet, queen of poisons, or blue rocket,

ഇതിൽ ഡേവിൽ എന്നതാണ് എന്നെ ആകർഷിച്ചത്

കൂടാതെ വിഷങ്ങളുടെ രാജ്ഞി എന്ന് കണ്ടപ്പോൾ കീർത്തിക്ക് തന്റെ ശത്രുവിനെ കൊല്ലാൻ ഇതിലും നല്ല വിഷം വേറെ ഇല്ലെന്ന് തോന്നി. കാരണം എന്റെ കഥയിലെ രാജ്ഞി കീർത്തിയാണ് .

നന്ദൻ കീർത്തിയോട് ചെയ്ത തെറ്റ് എന്താണെന്ന് എല്ലാവർക്കും മനസിലായി എന്ന് തോന്നുന്നു.

കീർത്തി ചെയ്തത് ശരിയാണ് എന്ന് നിങ്ങൾക്ക് തോന്നിയിരിക്കും. എന്നാൽ എന്തൊക്കെ പറഞ്ഞാലും കീർത്തിക്ക് ഉള്ളിലും ഒരു കുറ്റവാളി ഉണ്ടെന്ന് പറയാതിരിക്കാൻ കഴിയില്ല.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശ്രീജിത്ത് ജയൻ.

Scroll to Top