ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. പിന്നെ അജിത് …. അജിത് ഒരുകാലത്തു എന്റെ എ, ല്ലാം എ, ല്ലാമായിരുന്നു.

രചന : തപസ്യ ദേവ്

ഇതിപ്പോ എത്ര തവണയാണ് ഫോൺ എടുത്ത് അജിത് മെസ്സേജ് അയച്ചോന്ന് നോക്കുന്നത് എന്ന് അഞ്ജുവിന് തന്നേ നിശ്ചയമില്ല.

നിങ്ങളിപ്പോൾ കരുതുന്നത് അജിത് എന്റെ ലവർ ആയിരിക്കും എന്നാണല്ലേ…. !! ഒരിക്കലുമല്ല ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. പിന്നെ അജിത് …. അജിത് ഒരുകാലത്തു എന്റെ എല്ലാം എല്ലാമായിരുന്നു.

ഉണരുന്നതും ഉറങ്ങുന്നതും അവനെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു. ഞങ്ങളൊരുമിച്ചുള്ള ജീവിതം സ്വപ്നം കണ്ടുകൊണ്ടായിരുന്നു…. എല്ലാം എന്റെ എടുത്തുചാട്ടം കൊണ്ട് എനിക്ക് നഷ്ടമായി…

ഏതോ ഒരു നിമിഷത്തെ തെറ്റിദ്ധാരണയുടെ പുറത്ത് അവന്റെ വിശദീകരണങ്ങൾക്ക് ചെവി കൊടുക്കാതെ ഞാൻ ഞങ്ങളുടെ പ്രണയത്തിനു തിരശീലയിട്ടു.

ഒരിക്കൽ പോലും അവന്റെ വാക്കുകൾ കേൾക്കാൻ ഞാൻ തയാറല്ലാരുന്നു. അവനോടുള്ള വാശിയുടെ പേരിലും വീട്ടുകാരുടെ നിര്ബന്ധത്തിന്റെ പുറത്തും ഞാൻ മറ്റൊരാളുടെ ഭാര്യയായി. പ്രവാസിയായ അദ്ദേഹം വളരെ സ്നേഹനിധിയായ ഭർത്താവ് തന്നെയായിരുന്നു. എന്റെ കാര്യങ്ങൾ ഒരു കുറവും കൂടാതെ തന്നെ നടത്തി തന്നിരുന്നു. എങ്കിലും എന്റെ മനസാക്ഷി എന്നും എന്നെ ഓർമ്മിപ്പിച്ചിരുന്നു നിന്നെ ജീവനായി സ്നേഹിച്ച ഒരാളെ ചതിച്ചവളാണ് നീയെന്നെ. അതേ കല്യാണം കഴിഞ്ഞതിനു ശേഷം പഴയ സൗഹൃദങ്ങളെ കണ്ടുമുട്ടുമ്പോൾ ആദ്യം തിരക്കിയിരുന്നത് അജിത്തിന്റെ വിശേഷങ്ങൾ ആയിരുന്നു. എന്നെ കോൺടാക്ട് ചെയ്യാനുള്ള എല്ലാ മാർഗങ്ങളും അവന്റെ പക്കൽ ഉണ്ടായിരുന്നിട്ടും എന്റെ കല്യാണം ഉറപ്പിച്ചതിനു ശേഷം അവൻ എന്നെ ശല്യം ചെയ്തിട്ടില്ല.

കൂട്ടുകാരിൽ നിന്നും ഞാൻ മനസിലാക്കി വർഷങ്ങൾ മൂന്നു പിന്നിട്ടിട്ടും അവൻ മറ്റൊരു പെണ്ണിനെ സ്നേഹിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്തിട്ടില്ലെന്ന്. അവന് അമ്മ മാത്രമേയുള്ളു.

മകന്റെ വിവാഹത്തിൽ നിന്നുമുള്ള ഈ ഒഴിഞ്ഞു മാറ്റം അവരെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും ഞാൻ അറിഞ്ഞു. ഈ അറിവുകളെല്ലാം എന്നിൽ കുറ്റബോധത്തിന്റെ അളവ് കൂട്ടികൊണ്ടേയിരുന്നു. ഒരു ചെറിയ തെറ്റിദ്ധാരണ പരസ്പരം പറഞ്ഞുതീർക്കുന്നതിന് പകരം വാശി കാണിച്ചു അവനെ തനിച്ചാക്കിയ എന്നോട് എനിക്ക് തന്നേ വെറുപ്പ് തോന്നി. കല്യാണത്തിന്റെ ആദ്യനാളുകളിൽ തന്നെ എന്റെ കഥകൾ എല്ലാം ഭർത്താവിനോട് പറഞ്ഞിരുന്നത് കൊണ്ട് ഈ വിഷമവും അദ്ദേഹത്തോട് തുറന്നു പറഞ്ഞു.

നിനക്ക് എന്തും തീരുമാനിക്കാം അഞ്ചു…

നിന്നോടൊപ്പം ഞാൻ കാണും” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് അവനെ വാട്സാപ്പിൽ ഞാൻ കോൺടാക്ട് ചെയ്തത്. അവൻ ആദ്യം എന്റെ മെസ്സേജ് കണ്ടു അമ്പരന്നെങ്കിലും പിന്നെ പണ്ടത്തെ പോലെ ഫ്രണ്ട്‌ലി ആയി സംസാരിക്കാൻ തുടങ്ങി. സംസാരിച്ചു അവനെ പുതിയൊരു ജീവിതത്തിലേക്ക് കൊണ്ടുപോകണം എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റേത് വളരെ സന്തോഷം നിറഞ്ഞ ജീവിതമാണെന്ന് അവനെ പറഞ്ഞു ഞാൻ മനസിലാക്കി. അവൻ എന്നാൽ അവന്റെ ജോലിക്കാര്യത്തെ കുറിച്ചും എന്റെ സുഖവിവരങ്ങളും അന്വേഷിക്കുന്ന തിരക്കിൽ ആയിരുന്നു.

പിന്നീട് അങ്ങോട്ട്‌ ഒരു ദിവസം തുടങ്ങുന്നത് മുതൽ അവസാനിക്കുന്ന വരെ അവന്റെ മെസ്സേജിന് റിപ്ലൈ കൊടുത്താണ്. അവനോടു സംസാരിക്കുന്ന ഓരോ നിമിഷവും ഞാൻ പഴയ അഞ്ചു ആയി മാറിക്കൊണ്ടിരുന്നു. എങ്കിലും ഞങ്ങൾ പഴയ പ്രണയബന്ധത്തെ പൊടിതട്ടിയെടുക്കാൻ ഒരിക്കലും ശ്രെമിച്ചിരുന്നില്ല. എങ്കിലും ഞാൻ എന്തിനു വേണ്ടിയാണോ അവനോടു സംസാരിച്ചു തുടങ്ങിയത് അതു ഞാൻ മറന്നുകൊണ്ടേയിരുന്നു. ഒരു ദിവസം എന്തോ പറഞ്ഞുവന്നപ്പോൾ അത് അവസാനം പ്രണയമെന്ന വിഷയത്തിൽ വന്ന് അവസാനിച്ചു.

അന്ന് അവൻ എന്റെ പഴയകാല ഫോട്ടോസ് ഓരോന്നും എനിക്ക് അയച്ചു തന്നു. അവസാനം ‘സ്റ്റിൽ ഐ ലവ് യു അമ്മുട്ടി…’ എന്നൊരു സന്ദേശവും. ഇപ്പഴും അവൻ എന്റെ ആ ഫോട്ടോകൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ എന്ത് തിരിച്ചു പറയണമെന്ന് അറിയാതെ എന്റെ മിഴികൾ നിറഞ്ഞു.

എല്ലാം നീ മറക്കണം… മറ്റൊരു പെൺകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കണം.

എനിക്ക് ഇപ്പൊ കിട്ടിയ ജീവിതത്തിൽ ഞാൻ സന്തുഷ്ടയാണെന്ന് തിരിച്ചു അവന് അയച്ചിട്ട് ഫോൺ മാറ്റിവെച്ചു ഞാൻ കരഞ്ഞു. എന്തിനു വേണ്ടി ഞാൻ കരഞ്ഞു എന്നെനിക്ക് അറിയില്ല. അതിനുശേഷം രണ്ടുദിവസമായി അവൻ മെസ്സേജ് അയച്ചിട്ട്.

അവന്റെ മെസ്സേജുകൾ കാണാതെ ഭ്രാന്ത്‌ പിടിക്കുന്നത് പോലെ എനിക്ക് തോന്നി. വീണ്ടും ഞാൻ അവന്റെ പ്രണയിനി ആയി മാറുകയാണോന്ന് എനിക്ക് തോന്നി തുടങ്ങി. പാടില്ല ഇനി ഒരാളെ കൂടി നീ വഞ്ചിക്കാൻ പാടില്ല. നിന്നെ വിശ്വസിക്കുന്ന ഒരു ഭർത്താവുണ്ട് നിനക്ക്. ഒരിക്കലും അയാളെ ചതിക്കാൻ പാടില്ല.

അജിത്തിനെ താൻ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടാണ് വീണ്ടും അവനിലേക്ക് ചേരാൻ ഹൃദയം തുടിക്കുന്നത്. പക്ഷേ ഇനിയത് വേണ്ട ഒരിക്കൽ നീ അവനെ നഷ്ടപെടുത്തിയതാ…. ഇപ്പൊ നിനക്ക് മുൻപിൽ മറ്റൊരു ജീവിതം ഉണ്ട്…. നീ സ്വയം തിരഞ്ഞെടുത്തത്… ഇനി അത് ആടിത്തീർക്കൽ ആണ് നിന്റെ കടമ. കാത്തിരിപ്പിനൊടുവിൽ പിറ്റേ ദിവസം രാവിലെ അജിത്തിന്റെ ഗുഡ് മോർണിംഗ് മെസ്സേജ് എത്തി.

തിരിച്ചും നല്ലൊരു പുലരി നേർന്നതിന് ഒപ്പം “ഇനിയൊരിക്കലും ഞാൻ നിനക്ക് മെസ്സേജ് അയക്കില്ല അതുപോലെ നീയും എന്നെ കോൺടാക്ട് ചെയ്യാൻ ശ്രെമിക്കരുത്. ഇപ്പോഴത്തെ എന്റെ സന്തോഷത്തോടെയുള്ള ജീവിതം ഞാൻ നശിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല…. ” എന്നും അയച്ചു. കുറച്ചു നേരത്തെ നിശ്ശബ്ദതക്ക് ശേഷം അവൻ തിരിച്ചയച്ചു.

“എനിക്ക് മനസിലാകും നിന്റെ അവസ്ഥ… നീ സന്തുഷ്ടയാണെന്ന് അറിഞ്ഞതിൽ ഞാൻ ഒരുപാട് ഹാപ്പി ആണ്. അത് അങ്ങനെ തന്നെ നിലനിൽക്കണം എന്നു തന്നെയാണ് എന്റെ ആഗ്രഹം. ഞാനും പുതിയൊരു ലൈഫ് കണ്ടെത്താൻ ശ്രെമിക്കാം. ബൈ… ” പിന്നീട് ഒരിക്കലും അവനും ഞാനും തമ്മിൽ സംസാരിച്ചിട്ടില്ല…. എനിക്ക് അറിയാം എന്റെ സന്തോഷത്തിനു വേണ്ടിയാണ് അവൻ വഴിമാറി തന്നതാണെന്ന്. അവനോടു സംസാരിച്ചില്ലേലും എനിക്ക് ഒരിക്കലും അവനെ മറക്കാൻ സാധിക്കില്ല.

അവനും എന്നെ മറക്കില്ലെന്നാണ് എന്റെ വിശ്വാസം…. ചില ബന്ധങ്ങൾ അങ്ങനാണ് ഒരിക്കലും മറക്കാനാവാത്ത നൊമ്പരങ്ങൾ സമ്മാനിച്ചാണ് മടങ്ങുന്നത്….

അവരുടെ മായാത്ത ഓർമ്മകൾ നമ്മളിൽ തങ്ങി നിൽക്കും……

ലൈക്ക് കമന്റ് ചെയ്യണേ… ഇനിയും കഥകൾക്ക് ഈ പേജ് ലൈക്ക് ചെയ്യുക…

രചന : തപസ്യ ദേവ്