ആന്റി അമ്മയോട് പറയൂ സാജനങ്കിളുമായി കൂട്ടു വേണ്ടാന്ന്… എനിക്കിഷ്ടമല്ല അങ്കിളിനെ…

രചന : സ്വാതി ലക്ഷ്മി…

ആന്റി അമ്മയോട് പറയൂ സാജനങ്കിളുമായി കൂട്ടു വേണ്ടാന്ന്…

എനിക്കിഷ്ടമല്ല അങ്കിളിനെ…

കുഞ്ഞാറ്റ ഫോണിലൂടെ പറഞ്ഞത് തന്നെയാണ് വീണ്ടും വീണ്ടും കാതിൽ വന്നു നിറയുന്നത്….

ഈ രാത്രിയിൽ ഇനി മിനിയെ വിളിച്ചു പറയുന്നത് ശരിയല്ല നാളെയാകട്ടെ അവളെ നേരിട്ട് കണ്ട് സംസാരിക്കണം…

മിനിയും കുഞ്ഞാറ്റയും തനിക്ക് വെറും ഭർത്താവിന്റെ കൂട്ടുകാരന്റെ ഭാര്യയും മകളുമല്ല അതിനൊക്കെ അപ്പുറം തന്റെ കൂടപ്പിറപ്പാണ് മിനി, കുട്ടികളില്ലാത്ത തന്റെയും മഹേഷിന്റെയും മകളുടെ സ്ഥാനമാണ് കുഞ്ഞാറ്റക്ക്….

അരവിന്ദന്റെ പെട്ടെന്നുള്ള മരണത്തിൽ പകച്ചുപോയ മിനിയേയും മകളേയും കൂടെ ചേർത്തുപിടിക്കുമ്പോൾ പലരും മുഖം ചുളുപ്പിച്ചിരുന്നു ബാധ്യതയെടുത്ത് തലയിൽ വക്കേണ്ടെന്ന് പറഞ്ഞവരാണ് കൂടുതലും…

സജിയേയും മിനിയേയും പരിചയപ്പെടുത്തിയത് താനാണ്…

ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ സജിയുടെ വിഷമം കാണുമ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട് ഒരേ ചങ്ങലയിലെ രണ്ടു കണ്ണികളാണ് സജിയും മിനിയുമെന്ന്….

സജിയെ പോലെയൊരാളുടെ കൂട്ട് മിനിക്ക് വേണമെന്നു തോന്നിയത് കൊണ്ട് തന്നെയാണ് രണ്ടു പേരെയും കൂട്ടി യോജിപ്പിക്കാൻ ശ്രമിച്ചത്….

മിനി അതിനോട് അനുകൂലിച്ചില്ലെങ്കിലും എതിർപ്പ് പറയാഞ്ഞത് ഒരു നല്ല സൂചനയായി തന്നെയാണ് ഞാനെടുത്തിരുന്നത്…

കുഞ്ഞാറ്റയോട് സജി കാണിക്കുന്ന വാത്സല്യം തന്നെയാണ് അവരെ തമ്മിൽ അടുപ്പിക്കണം എന്ന ചിന്തയിലേക്ക് തന്നെ കൂടുതൽ പ്രേരിപ്പിച്ചത്….

ഇത്രയേറെ വാത്സല്യം കാണിച്ചിട്ടും കുഞ്ഞാറ്റ എന്താണ് സജിയോട് ഇത്രയും ദേഷ്യം കാണിക്കുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല…..

അവൾ കുഞ്ഞല്ലേ മിനിയുടെയും അവളുടെയും ഇടയിലേക്ക് മറ്റൊരാൾ കടന്നുവരുന്നത് ചിലപ്പോൾ അവൾക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടാകില്ല..

ഓരോ കാരണങ്ങളിലൂടെ സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു ഉത്രയുടെ മനസ്സ്…

രാവിലെ എഴുന്നേറ്റ് ഓരോന്നു ചെയ്യുമ്പോഴും മനസ്സ് മുഴുവനും കുഞ്ഞാറ്റക്ക് എന്താണ് സജിയോട് ഇത്രയും ദേഷ്യം എന്ന് തന്നെയായിരുന്നു.

എത്രയൊക്കെ ന്യായീകരണങ്ങൾ മനസ്സിൽ നിരത്തിയിട്ടും എന്തുകൊണ്ടോ മനസ്സിൽ ഒരു ഭയം നിഴലിക്കുന്നു… മിനിയോട് ഒന്നും സംസാരിക്കേണ്ട എന്ന് തന്നെ തീരുമാനിച്ചു പകരം കുഞ്ഞാറ്റയോട് സംസാരിക്കാം….. എന്തുകൊണ്ടാണ് അവൾക്ക് സജിയോട് ഇത്രയും ദേഷ്യം എന്ന് മനസ്സിലാക്കണം

മിനി ഇല്ലാത്ത നേരം വേണം കുഞ്ഞാറ്റയെ കാണാൻ എന്ന് തീരുമാനിച്ചതുകൊണ്ട് അങ്ങോട്ട് ചെല്ലുന്ന കാര്യം മിനിയെ വിളിച്ചറിയിച്ചില്ല…..

അവൾ ജോലിക്ക് പോയ ശേഷം മാത്രം അങ്ങോട്ട് ചെല്ലാമെന്നും തീരുമാനിച്ചു…..

” നീയെന്താ ആലോചിക്കുന്നത് ഓഫീസിൽ പോകണ്ടേ…

ഇന്നലെ മുതൽ തുടങ്ങിയതാണല്ലോ ഈ ആലോചന”

“ഒന്നുമില്ല മഹേഷ് ചെറിയൊരു തലവേദന ഉച്ചയ്ക്കുശേഷം ഓഫീസിൽ പോകുന്നുള്ളൂ നീ ഇറങ്ങിക്കോ”

എന്തുകൊണ്ടോ മഹേഷിനോട്‌ ഒന്നും പറഞ്ഞില്ല അല്ലെങ്കിൽ തന്നെ പറയാൻ എന്തിരിക്കുന്നു താൻ കുഞ്ഞാറ്റയോട് ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്നമേയുള്ളൂ….

അങ്ങോട്ട് പോകുമ്പോൾ മനസ്സിനെ കുഴപ്പിക്കുന്ന കാര്യങ്ങളൊന്നും ഓർക്കാൻ ശ്രമിച്ചില്ല എല്ലാം നല്ലതിൽ കലാശിക്കുമെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു…

ഇതെന്താ പതിവില്ലാതെ ഗേറ്റ് തുറന്നിട്ടിരിക്കുന്നത് മിനി പോയിട്ടില്ലേ..

മിനീ…..

മിനി എന്ന് നീട്ടി വിളിച്ചു കൊണ്ടാണ് അകത്തേക്ക് കയറിച്ചെന്നത്….

അവിടെ കണ്ട കാഴ്ച എന്റെ കാലുകൾ തളരുന്നത് പോലെ തോന്നി……

ഉറക്കെയൊന്ന് നിലവിളിക്കാൻ പോലും കഴിയാതെ തൊണ്ട വറ്റിവരണ്ടു….

വാതിൽ പടിയിലെ പിടിത്തവും കൈവിട്ടുപോയി ഞാൻ തറയിലിരുന്നു…

ആന്റി…..

നീയെന്താ ഈ കാണിച്ചത് മോളേ…..

എന്ത് ചെയ്യണമെന്നറിയാതെ അപ്പോഴും ഒരു മരവിപ്പായിരുന്നു എനിക്ക്.,

ചോരയിൽ കുളിച്ചു കിടക്കുന്ന സജി അനങ്ങുന്നത് കണ്ടിട്ടാകാം കുഞ്ഞാറ്റ എന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു…

“കുട്ടി നിനക്ക് എവിടുന്നു കിട്ടി ഇതിനും മാത്രം ധൈര്യം..

“ആന്റി…

ഞാൻ ചെറിയ കുട്ടിയൊന്നുമല്ല എനിക്ക് പതിനാറു വയസ്സുണ്ട് ഈ സമൂഹത്തിൽ എന്താ നടക്കുന്നതെന്ന് ദിവസവും കണ്ടു തന്നെയാണ് ഞാനും വളരുന്നത്…

പെട്ടെന്നൊരു ദിവസം തനിച്ചായിപ്പോയ ഒരു അമ്മയും മകളുമാണ് ഞങ്ങൾ… അതുകൊണ്ടുതന്നെ അടുപ്പം കാണിച്ചു വരുന്നവരുടെ ലക്ഷ്യത്തിലേക്ക് ചൂഴ്ന്നു നോക്കാൻ ഞാനും പഠിച്ചു ആന്റി….

ആദ്യമൊക്കെ എനിക്ക് സജിയങ്കിളിനെ വലിയ ഇഷ്ടമായിരുന്നു….

അങ്കിളിന്റെ കൂടെ ഇരിക്കുമ്പോൾ പപ്പ കൂടെയുള്ളത് പോലെ തോന്നുമായിരുന്നു എനിക്ക്…..

എന്നാൽ അങ്കിൾ പപ്പയെ പോലെ ആയിരുന്നില്ല ആന്റി……

അങ്കിൾ എന്നെ നോക്കുന്നതും തൊടുന്നതും ഒന്നും..

ഒന്നും പപ്പയെ പോലെ ആയിരുന്നില്ലാന്റി…

സജിയങ്കിളിളന്റെ മകൾ മേഘയോട് ചോദിച്ചു നോക്കൂ എന്തിനാണ് മേഘയും അമ്മയും അങ്കിളിനെ വിട്ടു പോയതെന്ന്….

അങ്കിളിനോട് ഇനി ഇവിടെ വരരുതെന്ന് ഞാൻ പറഞ്ഞിട്ടും വീണ്ടും വീണ്ടും ഇവിടെക്ക് വന്നു….

അമ്മയുടെ കണ്ണുതെറ്റുമ്പോഴെല്ലാം ഉപദ്രവിക്കാൻ ശ്രമിച്ചു……

ആന്റിയല്ലേ സജിയങ്കിളിനെ ഞങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് അപ്പൊ അയാളെ ഒഴിവാക്കി തരേണ്ടതും ആന്റി തന്നെയാണ്….

അതാണ് ഇന്നലെ ഞാൻ വിളിച്ചത്…

എന്നാൽ ഇന്ന് സജിയങ്കിൾ മദ്യപിച്ചു കയറി വന്നു എന്നോട് മോശമായി പെരുമാറി….

ഞാനെന്തിന് സഹിക്കണം ആന്റി അയാളെ…..

അനാവശ്യമായി എന്റെ ദേഹത്ത് സ്പർശിച്ച കൈകൾ ഞാൻ വെട്ടിമാറ്റി…. അതിലെനിക്കൊരു ഭയവുമില്ല….

സർവ്വവവും സഹിക്കുന്ന പെണ്ണല്ലയാന്റി ഞാൻ ഉരുക്കു പോലൊരു പെണ്ണാണ്…..

“ഉരുക്കു പോലൊരു പെണ്ണ് ”

പോലീസ് ജീപ്പിന്റെ ശബ്ദം കാതുകളിൽ ഇറച്ചെത്തിയപ്പോഴേക്കും ഞാൻ കുഞ്ഞാറ്റയെ കെട്ടിപിടിച്ചു…

എന്റെ കൈകൾ അടർത്തിമാറ്റിക്കൊണ്ടവൾ പറഞ്ഞു…

ആന്റി എന്തിനാ വിഷമിക്കുന്നത്…

സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്തത് അതുകൊണ്ട് തന്നെ നിയമത്തിനുമുൻപിൽ ഞാനൊരു തെറ്റുകാരിയല്ല….

ഒരു അഡ്വക്കേറ്റ് അയ ആന്റിക്ക് ഞാനിതൊക്കെ പറഞ്ഞു തരണോ….

എന്റെ മുഖത്തുനോക്കി ചിരിച്ചുകൊണ്ടാണ് കുഞ്ഞാറ്റായത് പറഞ്ഞത്……

അവളോടെനിക്ക് ബഹുമാനം തോന്നി..

പ്രതികരിക്കാൻ തന്റേടം കാണിച്ച അവളാണ് ശരി…

ഒരുപക്ഷെ സജിയുടെ ഭാര്യ ഇതുപോലെ പ്രതികരിക്കാൻ തയ്യാറായെങ്കിൽ ഒരിക്കലും എന്റെ കുട്ടിക്ക് ഇതൊന്നും സഹിക്കേണ്ടി വരില്ലായിരുന്നു

മിടുക്കിയാണെന്റെ കുഞ്ഞാറ്റ…..

മിനിയെയോർത്ത് എനിക്ക് തെല്ലും വിഷമം തോന്നുന്നില്ല…..

കരുത്തുള്ളൊരു മകളുണ്ടവൾക്ക് അവളെ താങ്ങാനും തലോടാനും…….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സ്വാതി ലക്ഷ്മി…