തൊട്ടാവാടി, തുടർക്കഥയുടെ ആദ്യഭാഗം ഒന്ന് വായിച്ചു നോക്കൂ…

രചന : ഭാഗ്യലക്ഷ്മി

“ഞാൻ നിങ്ങളുടെ വീട്ടിലെ ഒരു വേലക്കാരി മാത്രമാണ് സർ… എന്ത് കണ്ടിട്ടാ എൻ്റെ പിറകെ ഇങ്ങനെ നടക്കുന്നത്….”

ഉള്ളിലെ അരിശം പുറത്തെടുത്തവൾ റയാൻഷിനോട് ചോദിച്ചു..

“സാറോ..? ഞാൻ ഏത് ക്ലാസ്സിലാടീ നിന്നെ പഠിപ്പിച്ചത് തൊട്ടാവാടീ…?” അവൻ കുസൃതി ചിരിയോടെ ചോദിച്ചു..

“സർ പ്ലീസ് എന്നെ വിട്ടേക്ക്… എനിക്ക് പോണം…”

കഴുകിയ തുണികൾ പിഴിഞ്ഞ് വെച്ച ബക്കറ്റും കൈകളിൽ പിടിച്ചവൾ കുളക്കടവിൽ നിന്നു കൊണ്ട് തൻ്റെ വഴിക്ക് തടസ്സമായി നിന്നവനോട് പറഞ്ഞു.

“പോകാം തൊട്ടാവാടീ… അതിന് മുൻപ് ഈ സുന്ദരൻ ചേട്ടനോട് മോളൊന്ന് ഐ ലവ് യൂന്ന് പറഞ്ഞേ…”

“ദേ… എൻ്റെ പുറകെ നടക്കുന്നത് ഈ വീട്ടിലെ ആരേലും കണ്ടാൽ തീർന്നു… ഇവിടുത്തെ ഉപ്പും ചോറും തിന്നേച്ച് ഇവിടുത്തെ ചെറുക്കനെ തന്നെ വളച്ചെടുത്തൂന്നുള്ള പേരു ദോഷം കൂടിയെ ഇനീം കിട്ടാനുള്ളൂ… സാറിന് ടൈം പാസ്സിന് വേറെ ഒരുപാട് പേരെ കിട്ടും… എന്നെ വിട്ടേക്ക് സർ…

ആരേലും വരുന്നുണ്ടോ എന്ന് ചുറ്റിനും നോക്കിക്കൊണ്ടവൾ വെപ്രാളത്തോടെ പറഞ്ഞു…

“എൻ്റെ തൊട്ടാവാടീ എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാടീ…” അവൻ പ്രണയാതുരമായി അവളുടെ മിഴികളിലേക്ക് നോട്ടമിട്ടു കൊണ്ട് പറഞ്ഞു…

“എനിക്കിവിടെ പിടിപ്പത് ജോലിയുണ്ട്… സാറ് പോവാൻ നോക്ക്…”

അതും പറഞ്ഞ് പോകാൻ പോയവളെ റയാൻഷ് കൈകളിൽ പിടിച്ച് തൻ്റെ നെഞ്ചിലേക്ക് അടുപ്പിച്ചു….

അവൻ്റെ ചുടുനിശ്വാസം അവളിൽ പതിഞ്ഞതും ആ മിഴികൾ പിടഞ്ഞു.. അധരങ്ങൾ വിറകൊണ്ടു..

പെട്ടെന്നവൾ അവനെ തള്ളി മാറ്റി രൂക്ഷമായി നോക്കി… പതിയെ ആ മിഴികൾ കലങ്ങി വന്നു…

“നീയെന്തിനാ തൊട്ടാവാടീ കരയുന്നത്.. ഇങ്ങനെ പോയാൽ നമ്മുടെ ഫസ്റ്റ് നൈറ്റ് നീ ശവപ്പറമ്പിനേക്കാൾ സീൻ ആക്കുമല്ലോ…”

തെന്നിമാറിയ ദാവണിക്കിടയിൽക്കൂടി അവളുടെ നഗ്നമായ വയറിലേക്ക് മിഴികൾ പായിച്ചവൻ ചോദിച്ചു…

“ധാനീ.. ധാനീ.. എവിടാ കൊച്ചേ നീ.. ഇവിടെ പിടിപ്പത് പണി കിടക്കുവാ.. നിൻ്റെ കുളീം നനേം ഒന്നും കഴിഞ്ഞില്ലേ ഇതുവരെ..”

തറവാട്ടിൽ നിന്നാരോ വിളിച്ചു ചോദിച്ചതും ധാനി പെട്ടെന്ന് തന്നെ ബക്കറ്റും കൈകളിൽ എടുത്ത് അങ്ങോട്ടേക്ക് ഓടി….

“അതേ ആ ദാവണി ഒന്ന് നേരെയാക്കിയേക്ക്…

ഞാൻ കണ്ടത് വേറാരും കാണണ്ട…” അവൻ കള്ളച്ചിരിയോടെ പറഞ്ഞതും ധാനി വല്ലാത്ത ജാള്യതയോടെ അത് നേരെയാക്കി…

❤❤❤❤❤❤❤❤❤❤

എന്തിനാ ആ ഇളയ സർ മാത്രം ഇങ്ങനെ ഓരോന്ന് പറഞ്ഞ് എൻ്റെയടുത്ത് സംസാരിക്കാൻ വരുന്നത്..? അരിയാട്ടുന്നതിനിടയിൽ അവൾ ചിന്തിച്ചു

ഇനീം ഇവിടെല്ലാം അടിച്ചു വാരാനും കിടക്കുന്നു… ഇത്രേം ആൾക്കാരുള്ള വീടാ…

എന്നാലും പണി മൊത്തം ഈ ധാനി തന്നെ ചെയ്യണം… നെറ്റിയിലെ വിയർപ്പുതുള്ളികൾ തുടച്ചു മാറ്റിയവൾ പിറുപിറുത്തു… മേലപ്പിടി കരി ആയിരിക്കുന്നു…

ഷെൽഫിലെ പാത്രങ്ങൾ തുടച്ചു വൃത്തിയാക്കുന്നതിനിടയിൽ വെറുതെയവൾ ആ മിനുസമുള്ള പാത്രത്തിൽ കൂടെ വിരലുകളോടിച്ചു…

താൻ ഭക്ഷണം കഴിക്കുന്ന വിള്ളലുകൾ വീണ പാത്രങ്ങളെ വേദനയോടെ അവൾ സ്മരിച്ചു…

തൻ്റെ പ്രതിബിംബം ആ പാത്രങ്ങളിൽ കൂടെ കണ്ടതും അവൾക്ക് വല്ലാത്ത അപകർഷതാ ബോധം തോന്നി.. അടുപ്പിലെ പുകയും പാടത്തെ വെയിലും ഏറ്റ് മുഖം ആകെ കരിവാളിച്ചിരിക്കുന്നു…

ഈ വീട്ടിലെ ഫേഷ്യൽ ചെയ്ത മുഖങ്ങൾക്കിടയിൽ തൻ്റെ മുഖം എത്ര വികൃതമാണെന്നവൾ ഒരു വേള ചിന്തിച്ചു… ഒട്ടിയ കവിളുകൾ.. കഴുത്തിൽ എല്ലുകൾ തെളിഞ്ഞ് കാണാം.. ഇനിയും സ്വയം നോക്കി നിന്നാൽ ശരിയാവില്ലെന്ന് തോന്നിയതും പാത്രങ്ങൾ തുടച്ച് ഭദ്രമായി വെച്ചു…

ഈ രൂപം കണ്ടിട്ടാണ് ഇളയ സാറിന് തന്നോട് പ്രേമം… അവൾക്കൊന്ന് പൊട്ടിച്ചിരിക്കാൻ തോന്നി..

പന്ത്രണ്ടാം വയസ്സിൽ മുത്തശ്ശിയുടെ കൈപിടിച്ച് വന്നതാണിവിടെ… അച്ഛനും അമ്മയും ഒരാക്സിഡൻ്റിൽ തന്നെ ഒറ്റയ്ക്കാക്കി പോയപ്പോൾ ആശ്രയമായത് പാവം മുത്തശ്ശി ആയിരുന്നു…

തന്നെയും കൊണ്ട് ഇവിടെ വന്നത് മുതൽ മുത്തശ്ശി ഇവിടുത്തെ ജോലികൾ മുഴുവൻ ചെയ്ത് മൂന്ന് നേരം കഴിക്കാനുള്ളത് കണ്ടെത്തി… പിന്നെ പതിയെ ഓരോ ജോലികൾ താനും വശമാക്കി മുത്തശ്ശിയെ സഹായിച്ചു… തൻ്റെ പ്രായത്തിലുള്ളവർ സ്കൂളിലും കളിസ്ഥലങ്ങളിലും സമയം ചിലവഴിച്ചപ്പോൾ താൻ ഇവിടുത്തെ അടുക്കളയിലും തൊഴുത്തിലും ഒക്കെയായി ബാല്യവും കൗമാരവും പിന്നിട്ടു… മുത്തശ്ശി മൂന്ന് കൊല്ലങ്ങൾ മുൻപ് തന്നെ വിട്ടു പിരിഞ്ഞു… പോകാൻ വേറെ ഇടമില്ലാത്തത് കൊണ്ട് ഇവിടെ തന്നെ കഴിയുന്നു….

ഇവിടുത്തെ വല്ല്യ സർ രവീന്ദ്ര പണിക്കർ… ആൾടെ ഭാര്യയാണ് പത്മിനി മാഡം.. അവർക്ക് മൂന്ന് മക്കൾ…മുത്തമകൻ പ്രശസ്തനായ വക്കീൽ…

ആദർശ് രവീന്ദ്രൻ… രണ്ടാമത്തെ ആൾ റയാൻഷ് രവീന്ദ്രൻ… ഏറ്റവും ഇളയത് നിവിക രവീന്ദ്രൻ എന്ന നിവി ചേച്ചി…

റയാൻഷ് സർ അമേരിക്കയിൽ ഒക്കെ പോയി പഠിച്ച വല്ല്യ ഡോക്ടർ ആണ്.. എന്നാൽ ആൾക്കതിൻ്റെ ജാഡയൊന്നും ഇല്ല… എപ്പോഴും കുട്ടികളുമായി പാടത്തും പറമ്പിലും ഒക്കെ നടക്കുന്നത് കാണാം… പണിക്കാരോടൊക്കെ ഇരുന്ന് കുശലവും പറയും… ഇടയ്ക്ക് തലയിൽ ഒരു തോർത്തും കെട്ടി കൈലിയും ഉടുത്ത് ഓരോ കൃഷിപ്പണികളും ചെയ്യും.. ഇവിടെ ജോലി ചെയ്യുന്ന ജാനി ചേച്ചിയോടും തന്നോടും വാ തോരാതെ സംസാരിക്കുന്ന… തങ്ങളോട് വേലക്കാരെന്ന പോലെ സംസാരിക്കാത്ത ഏക വ്യക്തി…

എപ്പോഴും കളിയും ചിരിയുമായി നടക്കുന്ന നാടൻ ജീവിതം ഇഷ്ടപ്പെടുന്ന ആൾ… ഇവിടെ അടുത്തുള്ള തരുണീമണികളുടെ ഒക്കെ ആരാധനാ കഥാപാത്രം

ആള് പഠിപ്പ് ഒക്കെ പൂർത്തിയാക്കി തിരിച്ചെത്തിയിട്ട് കുറച്ച് മാസങ്ങളെ ആയുള്ളൂ… മിക്ക സമയങ്ങളിലും പിന്നാമ്പുറത്തും അടുക്കളിയിലും ഇരുന്ന് ജാനി ചേച്ചിയോട് സംസാരിക്കുന്ന കാണാം…ജാനിചേച്ചിക്ക് സ്വന്തം മകനെ പോലെ തന്നെയാണ് ആള്… സംസാരം അങ്ങോട്ട് ആണെങ്കിലും നോട്ടം തൻ്റെ മേൽ ആണ്… തന്നെ കാണുമ്പോൾ മാത്രം ആ മിഴികളിൽ വിരിയുന്ന കുസൃതി നിറഞ്ഞ നോട്ടങ്ങൾ മനപൂർവ്വം അവഗണിക്കാറാണ് പതിവ്… എങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞ് വരും… എന്ത് ചെയ്യാൻ വല്ലോം ദേഷ്യത്തിൽ പറയാൻ പറ്റുമോ..? അതും ഇല്ല…

മൂത്ത സർ നേരെ തിരിച്ചാണ്… എപ്പോഴും ഗൗരവം നിറഞ്ഞ മുഖം… ജോലിക്കാരെയൊന്നും കണ്ട് കൂടാ.. കോട്ടും സ്യൂട്ടും ഒക്കെ അണിഞ്ഞ് ഗെറ്റപ്പിലെ നടക്കൂ…അധികം ആരോടും സംസാരിക്കാറും ഇല്ല…. നിവി ചേച്ചിയും അങ്ങനെ തന്നെ.. തൻ്റെ രൂപവും കോലവും ഒന്നും പിടിക്കില്ല…. താൻ പിന്നെ അതൊക്കെ എന്തിനാ ശ്രദ്ധിക്കാൻ നടക്കുന്നത്…അവരൊക്കെ വല്ല്യ ആളുകൾ…

തറ തുടയ്ക്കുന്ന തുണി വെള്ളത്തിൽ പിഴിഞ്ഞെടുത്തവൾ ഒന്നും കൂടെ എല്ലായിടവും അമർത്തി തുടച്ചു…

“തറ തുടച്ച് കഴിഞ്ഞില്ലേ കുട്ടീ… പലഹാരങ്ങൾ ഉണ്ടാക്കാൻ ഉള്ളതാ.. നീയൊന്ന് വേഗം വന്നേ…

ഇനീം അത് താമസിച്ചാൽ മതി പത്മിനി മാഡത്തിന് അടുത്ത പുകില് ഉണ്ടാക്കാൻ….”

ജാനി ചേച്ചി വെപ്രാളത്തിൽ പറഞ്ഞു…

“ദാ വരുന്നു ചേച്ചീ…” അതും പറഞ്ഞ് ധാനി എഴുന്നേറ്റു…

രണ്ടും ദിവസം കഴിഞ്ഞാൽ ആദർശ് സാറിൻ്റെ കല്ല്യാണം ആണ്..അതാണ് ഇത്രേം പണി… ഏതോ വല്ല്യ വീട്ടിലെ കുട്ടിയെയാണ് ആള് കല്ല്യാണം കഴിക്കുന്നത്… ഒരിക്കൽ താനും കണ്ടിരുന്നു…

നിശ്ചയത്തിൻ്റെ അന്ന്… നല്ല സുന്ദരി… സാറിന് നന്നായി ചേരും.. അവൾ ഓർത്തു…

എല്ലാം ഉണ്ടാക്കി തിരിഞ്ഞതും ദേ നിൽക്കുന്നു റയാൻഷ് സർ പിന്നിൽ..

“എന്താ തൊട്ടാവാടി ഉണ്ടാക്കുന്നത്… ഹാ അച്ചപ്പമോ…?” അതും പറഞ്ഞൊരണ്ണം കൈകളിൽ എടുത്തവൻ സ്ലാബിൻ്റെ മേലേക്ക് കയറി ഇരുന്നു

“നിനക്ക് വല്ലാത്ത കൈപ്പുണ്യം ആണ് കേട്ടോ…”

“സർ എന്തിനാ ഇവിടെ ഇരിക്കുന്നെ..?

ഞാനിതെല്ലാം പ്ലേറ്റിലാക്കി ഹാളിലേക്ക് കൊണ്ട് വരാം…” ധാനി വിനയത്തോടെ പറഞ്ഞു..

“അതെന്താ എനിക്ക് ഇവിടെ ഇരുന്നൂടെ.. ഹാളിൽ ഇരുന്നാൽ നിന്നെയെനിക്ക് കാണാൻ പറ്റുമോ…?” ഒരു ഉണ്ണിയപ്പം കൂടെ എടുത്തു കൊണ്ടവൻ പുരികം പൊക്കി ചോദിച്ചു…

“എന്തിനാ എന്നെ കാണുന്നത്..?”

“എനിക്കേ നിന്നെ കണ്ടോണ്ട് ഇരുന്നില്ലെങ്കിൽ ഉറക്കം വരില്ലെന്നേ… ആദ്യം എൻ്റെ ചേട്ടൻ്റെ കല്ല്യാണം ഒന്ന് കഴിഞ്ഞോട്ടേ… അത് കഴിഞ്ഞ് നിന്നെ ഞാൻ കെട്ടും…” അവൻ ചിരിയോടെ പറഞ്ഞതും ധാനി വേദനയോടെ പുഞ്ചിരിച്ചു…

അതിനീ വീട്ടിൽ ആരും സമ്മതിക്കില്ല.. ആരേലും ഇതറിഞ്ഞാൽ എന്നെ ബാക്കി വെച്ചേക്കുക പോലും ഇല്ല… കാണാൻ കൊള്ളാത്ത എന്നെ ആർക്കും പിടിക്കില്ല… ആകെ രവീന്ദ്രൻ സാറിന് സ്വല്പം കരുണ ഉള്ളതുകൊണ്ട് ഇവിടെ നില്ക്കുന്നു.. അവൾ ചിന്തിച്ചു…

“നീയെന്താ തൊട്ടാവാടീ ചിന്തിക്കുന്നത്..?”

“സാറിൻ്റെ ഓരോ വ്യാമോഹങ്ങളെ പറ്റി ഓർത്തതാ..”

“വ്യാമോഹങ്ങളോ..? ഇത് വ്യാമോഹം ഒന്നുമല്ല…” പറഞ്ഞും തീരും മുൻപേ അവൻ അവളുടെ ഇടുപ്പിലൂടെ കൈകളിട്ട് അവളെ ചേർത്ത് പിടിച്ചു…

ധാനി കുതറി മാറും മുൻപേ അവൻ്റെ അധരങ്ങൾ അവളുടെ കവിളിൽ സ്ഥാനമുറപ്പിച്ചിരുന്നു

അവൾ ഞെട്ടിപ്പിടഞ്ഞ് നോക്കിയതും അവൻ ഹാളിലേക്ക് ഓടിക്കഴിഞ്ഞിരുന്നു..

“ഇത് വെച്ചോ തൊട്ടാവാടീ… അല്ലെങ്കിൽ ഇന്നെനിക്ക് ഒരു സമാധാനോം കിട്ടില്ല…I love you…”

അവളെ ഒന്ന് സൈറ്റടിച്ച് കാണിച്ചു കൊണ്ട് പോകും വഴി അവൻ വിളിച്ചു പറഞ്ഞു..

ധാനി ദേഷ്യത്തിൽ തൻ്റെ കവിൾ അമർത്തി തുടച്ചു…

എത്രേം പെട്ടെന്ന് ആളൊന്ന് തിരിച്ചു പോയിരുന്നെങ്കിൽ… അവൾ ചിന്തിച്ചു..

പണ്ടും ഇങ്ങനെയാണ്… താൻ ഏകയായ് ഇരിക്കുമ്പോൾ അരികത്ത് വരും.. കൈയ്യിൽ കരുതിയ തേൻ മിഠായിയും രവീന്ദ്രൻ സർ വാങ്ങി കൊടുക്കുന്ന പലഹാരങ്ങളും ഒക്കെ തനിക്ക് വേണ്ടി കൊണ്ട് വരും… ആരും കാണാതെ തൻ്റെ കൈയ്യിൽ അതൊക്കെ ഏൽപ്പിക്കുമ്പോൾ ആൾക്ക് ലോകം കീഴടക്കിയ സന്തോഷം ആണ്… തനിക്കും ആകെ ഉണ്ടായിരുന്ന കൂട്ടുകാരൻ അതായിരുന്നു…

മറ്റുള്ളവരിൽ നിന്നും വ്യത്യസ്തൻ… ജോലിയിൽ വല്ല പിഴവും സംഭവിച്ചാൽ ഇവിടുള്ളവർ ശാസിക്കുന്നതിന് താൻ നിന്ന് കരയുന്നതിന് ആൾ തന്നെ തനിക്കിട്ട പേരാണ് തൊട്ടാവാടി…

ആദ്യമൊക്കെ അങ്ങനെ വിളിക്കുന്നത് ദേഷ്യമായിരുന്നെങ്കിലും ഇപ്പോൾ താൻ ഒന്നും പറയാറില്ല…

അല്ലേലും തന്നെ അശ്രീകരമായി കാണുന്ന… ദേഷ്യത്തിൽ പലതും പറയുന്ന മറ്റുള്ളവരെക്കാളും എന്ത് കൊണ്ടും ഭേദം തൊട്ടാവാടി എന്ന് തന്നെയുള്ള പേരാണ്…

ആൾ എന്ത് സുന്ദരനാണ്… നല്ല നിറവും പൊക്കവും… ഭംഗിയുള്ള ചിരിയും ഒക്കെയുണ്ട്…

അങ്ങനെയുള്ള റയാൻഷ് സാറിന് കറുത്ത് എല്ലും കോലി ആയിരിക്കുന്ന തന്നോട് എന്ത് കണ്ടിട്ടാണ് ഈ ഇഷ്ടം.. തനിക്ക് പഠിപ്പും ഇല്ല സ്വത്തും ഇല്ല… മറ്റുള്ളവരെ ആകർഷിക്കാനുള്ള ഒന്നും തന്നെയില്ല… ആൾക്ക് വെറുമൊരു തമാശ ആവും.. തന്നെ പൊട്ടിയാക്കാൻ… അത്ര തന്നെ..

❤❤❤❤❤❤❤❤

“കല്ല്യാണം നാളെയാണെന്ന് നിനക്ക് അറിയാമല്ലോ…

എൻ്റെ ഫ്രണ്ട്സ് ഒക്കെ വരും… നിന്നെ ഈ ഭാഗത്ത് ഒന്നും കണ്ട് പോകരുത്… ആ ചായപ്പിൽ എങ്ങാനും പോയി ഇരുന്നോണം…” കൈയ്യിൽ നെയ്ൽ പോളിഷ് ഇ=ട്ടു കൊണ്ട് നിവിക പറഞ്ഞു..

ധാനി തലയനക്കി…

രാവേറെയായി പണിയെല്ലാം ഒതുക്കിയവൾ പാ വിരിച്ച് തറയിൽ കിടന്നു… വീട്ടിൽ എല്ലാവരും നേരത്തെ കിടന്നിരുന്നു.. അവരിപ്പോൾ നിദ്രയെ പ്രാപിച്ചിരിക്കാം… ധാനി അടുക്കളയുടെ ഒരു മൂലയിൽ തന്നെയാണ് കിടക്കാറ്… നല്ല ക്ഷീണം ഉണ്ട്..

വെളുപ്പിനെ തുടങ്ങിയ ജോലികളാ.. നാളെയും കാലത്ത് തന്നെ എഴുന്നേൽക്കണം…

നിവിക ചേച്ചി പറഞ്ഞ പോലെ വരുന്നവരുടെ ആരുടെയും മുൻപിൽ പെടാതെ മാറി നിൽക്കണം..

ചേച്ചിക്കാണ് തന്നെ ഒട്ടും കണ്ട് കൂടാത്തത്… പത്രാസ്കാരായ ചേച്ചിയുടെ കൂട്ടുകാർ തന്നെ കണ്ടാൽ ചേച്ചിക്ക് കുറച്ചിൽ ആയാലോ..

ചേച്ചി കുറച്ച് ദിവസം കൂടെ ഇവിടെ ഉണ്ടാകും…

ചേച്ചിയുടെ കല്ല്യാണം കഴിഞ്ഞതാണ്… ഇതിപ്പം ആദർശ് സാറിൻ്റെ വിവാഹം പ്രമാണിച്ച് ചേച്ചി ഒരാഴ്ചയായി ഇവിടെ തന്നെയുണ്ട്… അതും ഓർത്തവൾ കിടന്നതും വാതിലിൽ ചെറിയൊരു അനക്കം കേട്ടു..

എന്താവും അത്..? അവൾ മുടി വാരിക്കെട്ടി എഴുന്നേറ്റു… വാതിലിന് കുറ്റിയില്ല…

വാതിൽ പതിയെ തള്ളിത്തുറന്ന് ഇരുട്ടിൽ ഒരു രൂപം അകത്തേക്ക് കയറിയതും ധാനിക്ക് അലറി വിളിക്കാൻ തോന്നി…

പെട്ടെന്ന് ബലിഷ്ഠമായ രണ്ട് കരങ്ങൾ അവളുടെ വാ പൊത്തി… തൻ്റെ ശ്വാസം നിലയ്ക്കുന്നത് പോലെ ധാനിക്ക് തോന്നി..

“പേടിക്കണ്ട തൊട്ടാവാടീ ഇത് ഞാനാ..” അവൻ അവളുടെ കാതോരം പറഞ്ഞതും ധാനിയുടെ ശ്വാസം നേരെ വീണു..

“എന്തിനാ. എന്തിനാ ഇങ്ങോട്ട് വന്നേ… അതും ഈ രാത്രിയിൽ… ഈശ്വരാ ആരേലും കണ്ടാൽ… പൊയ്ക്കോ വേഗം…സർ പൊയ്ക്കോ…” അവൾ വെപ്രാളത്തോടെ പറഞ്ഞു…

“പൊയ്ക്കോളാം തൊട്ടാവാടീ… നീയിങ്ങനെ പേടിക്കാതെ… ആരും വരില്ലെന്നേ.. ദാ ഈ കവർ പിടിക്ക്..”

അതും പറഞ്ഞവൻ അവളുടെ കൈകളിലേക്ക് ഒരു കവർ പിടിപ്പിച്ചു..

“എന്താ ഇത്..?”

“ഒരു സാരിയാ… നിനക്ക് വേണ്ടി ഞാൻ കഷ്ടപ്പെട്ട് സെലക്ട്‌ ചെയ്തതാ… നാളെ ഇതിട്ട് വേണം നീ കല്ല്യാണത്തിന് വരാൻ കേട്ടല്ലോ…”

അവൻ ചിരിയോടെ പറഞ്ഞു..

ധാനിയുടെ മിഴികൾ നിറഞ്ഞു…

ഇതുവരെ ആരും തന്നോട് കല്ല്യാണത്തിന് വരാൻ ആവശ്യപ്പെട്ടിട്ടില്ല… ഒരു പുതിയ തുണി പോലും കിട്ടിയിട്ടില്ല… അവൾ വേദനയോടെ ആ കവറിൽ അമർത്തി പിടിച്ചു..

“അതേ ഞാൻ കാത്ത് നിൽക്കും നിന്നെ ഈ സാരി ഉടുത്തൊന്ന് കാണാൻ… അപ്പോൾ എൻ്റെ തൊട്ടാവാടി നല്ല സുന്ദരിക്കുട്ടിയായി ഒരുങ്ങി വന്നേക്കണം കേട്ടല്ലോ…” അതും പറഞ്ഞവൻ നടന്നകലുന്നത് വേദനയോടെ അവൾ നോക്കി നിന്നു

❤❤❤❤❤❤❤❤❤

വീട്ടിലുള്ളവരെല്ലാം പുറപ്പെട്ടു തുടങ്ങി… ധാനിയെ നോക്കി റയാൻഷ് നിന്നെങ്കിലും പത്മിനി നിർബന്ധിച്ച് കൂടെ കൂട്ടിക്കൊണ്ട് പോകുന്നതവൾ കണ്ടു….

ധാനിയും ജാനി ചേച്ചിയും മാത്രം വീട്ടിൽ.. എങ്കിലും ഉള്ളിൻ്റെയുള്ളിൽ ഈ വീട്ടിലെ ആദ്യത്തെ കല്ല്യാണം കൂടണമെന്ന ആഗ്രഹത്താൽ ധാനിയും ജാനി ചേച്ചിയും കൂടെ ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു… ആരും കാണാതെ ഒരു മൂലയിൽ ഒഴിഞ്ഞ് നിന്നെങ്കിലും കുസൃതി നിറഞ്ഞ ആ മിഴികൾ തന്നെ തേടി വന്നത് ധാനി അറിയുന്നുണ്ടായിരുന്നു…

തന്നെ കണ്ടതും പത്മിനി മാഡത്തിൻ്റെയും നിവി ചേച്ചിയുടെയും മുഖം ചുളിയുന്നത് ധാനി കണ്ടു…

എങ്കിലും അവർ അത് കാര്യമായി എടുത്തില്ല…

“മുഹൂർത്തത്തിന് സമയമായി…” തിരുമേനി വിളിച്ച് പറഞ്ഞിട്ടും പെണ്ണും കൂട്ടരും എത്തിയില്ല…

കല്ല്യാണ പെണ്ണ് ആരുടെയോ ഒപ്പം ഒളിച്ചോടിയിരിക്കുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് രവീന്ദ്രനും കുടുംബവും കേട്ടത്…

അക്ഷമനായി മണ്ഡപത്തിൽ ഇരിക്കുകയാണ് ആദർശ്…

ഈ കല്ല്യാണം മുടങ്ങിയാൽ തൻ്റെ അന്തസ്സിനും അഭിമാനത്തിനും കളങ്കം ഏൽക്കുമെന്നോർക്കെ രവീന്ദ്രൻ്റെ നെഞ്ച് പിടഞ്ഞു..

സമയം പോകും തോറും രവീന്ദ്രനും പത്മിനിയും എന്ത് ചെയ്യണമെന്നറിയാതെ വേദനയോടെ നിന്നു…

“ആദർശിൻ്റെ കല്ല്യാണം ഇതേ മണ്ഡപത്തിൽ നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ എങ്ങനെയും നടന്നേ മതിയാകൂ…” ഉള്ളിലെന്തോ മാർഗ്ഗം തെളിഞ്ഞ പോലെ പത്മിനി രവീന്ദ്രനോട് പറഞ്ഞു..

“പക്ഷേ പെണ്ണില്ലാതെ എങ്ങനെ..?” അയാൾ ചോദിച്ചു..

“പെണ്ണുണ്ട്…” ഏറെ നേരത്തെ ആലോചനയ്ക്ക് അന്ത്യം വരുത്തി അത് പറയുമ്പോൾ പത്മിനിയുടെ മിഴികൾ ധാനിക്ക് നേരെ നീണ്ടു…

“ങേ ധാനിയോ..?” രവീന്ദ്രൻ ഞെട്ടലോടെ ചോദിച്ചു..

“അതേ ധാനി തന്നെ… നമ്മുടെ വീടിൻ്റെ മരുമകൾ ആക്കാനല്ല.. ഇപ്പോൾ ഉണ്ടായ ഈ അപമാനം മാറ്റാൻ മാത്രം… തത്കാലം ഈ മുഹൂർത്തത്തിൽ ആദർശ് മോൻ്റെ കല്ല്യാണം നടക്കാൻ മാത്രം..”

പത്മിനി അത് പറയുമ്പോൾ ധാനി ഇതൊന്നും അറിയാതെ ആൾക്കൂട്ടിൻ്റെ മറവിൽ നിവികയുടെ ആജ്ഞ പ്രകാരം ആരും തന്നെ കാണാത്ത വിധം മറഞ്ഞ് നിൽക്കുകയായിരുന്നു…

പക്ഷേ റയാൻഷിൻ്റെ പ്രണയം നിറഞ്ഞ മിഴികളിൽ നിന്ന് മാത്രം അവൾക്ക് മറഞ്ഞ് നിൽക്കാൻ ആയില്ല…

എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക, അടുത്ത ഭാഗം നോട്ടിഫിക്കേഷനോടെ വായിക്കുവാൻ ലൈക്ക് കമന്റ് ചെയ്യൂ… മിസ്സ് ആവാതെ വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യൂ…

(തുടരും)

രചന : ഭാഗ്യലക്ഷ്മി