അവൾ അവൾക്കു വേണ്ടവനെ കണ്ടപ്പോൾ നിന്നെ കളഞ്ഞിട്ടു പോയില്ലെ… അനുഭവിച്ചോ !

രചന : Pratheesh

വീടും വീട്ടുകാരേയും വിട്ട് ഞാൻ ജോയലിനോടൊപ്പം ഇറങ്ങി പോവുമ്പോൾ എന്റെ അച്ഛനേയോ അമ്മയേയോ അതു വിഷമിപ്പിക്കും എന്നതിനേക്കാൾ എന്റെ ഏട്ടൻ സജലിനെ അതു ഏറെ വിഷമിപ്പിക്കും എന്നോർത്താണ് ഞാൻ ഏറ്റവുമധികം സങ്കടപ്പെട്ടത്

അത്രക്കു പ്രിയമായിരുന്നു എനിക്കെന്റെ ഏട്ടനെ അതിനേക്കാൾ പ്രിയമായിരുന്നു എട്ടനു എന്നെ,

വളരെ കർക്കശക്കാരനായ ഒരച്ഛനായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്, സ്നേഹം പ്രകടിപ്പിച്ചാൽ തന്റെ അധികാരങ്ങളുടെ ബലം നഷ്ടപ്പെട്ടേക്കുമോ എന്ന ഭയം കൊണ്ട് അച്ഛൻ വളരെ കുറച്ചേ ഞങ്ങളോടു സ്നേഹം പ്രകടിപ്പിക്കാൻ തയ്യാറായിരുന്നുള്ളൂ അച്ഛനെ ഭയന്ന് അമ്മയും ആ വഴിയെ തന്നെ നടക്കാൻ ശ്രമിച്ചപ്പോൾ ഏട്ടൻ അതിനെല്ലാം എതിർ വഴിയെ സഞ്ചരിച്ച് എപ്പോഴും എന്നെ ഏട്ടന്റെ കൈക്കുമ്പിളിൽ തന്നെ കൊണ്ടു നടന്നു,

ശ്രീഷ്ണ എന്നൊരു നല്ല പേരുണ്ടായിട്ടും ഏട്ടൻ എന്നെ എപ്പോഴും പൊന്നു കൂട്ടി പൊന്നുട്ടീന്നാണ് വിളിച്ചിരുന്നത് !

അച്ഛനും അമ്മയും നൽകാൻ മടിച്ചതെല്ലാം ഏട്ടൻ എനിക്ക് വാരിക്കോരി തന്നു അതു കൊണ്ട് തന്നെ ആ കുറവുകളെല്ലാം ഞാൻ ഏട്ടനിലൂടെ പരിഹരിച്ചു

പക്ഷേ ഏട്ടനോടെന്ന പോലെ ജോയലിനോടും എനിക്ക് ഇഷ്ടമുണ്ടായിരുന്നു,

അച്ഛനെ ഭയന്ന് രണ്ടിൽ ഒരാളയെ സ്വീകരിക്കാനാവൂ എന്നു മനസിലായതോടെ ഞാൻ ഏട്ടനെ വിട്ട് ജോയലിനോടൊപ്പം ഇറങ്ങി പോകേണ്ടതായി വന്നു,

ഏട്ടനു വേദനിക്കുമോ എന്നോർത്ത് ജോയലിന്റെ കാര്യം പോലും ഞാൻ ഏട്ടനിൽ നിന്നു മറച്ചു പിടിച്ചു,

തെറ്റാണെന്നു എനിക്കറിയാം എന്നാൽ എന്നെ സംബന്ധിച്ച് അതായിരുന്നു ശരി !

ഏട്ടനതു ഉൾക്കൊള്ളാനാവുമോ ഇല്ലയോ എന്നതിനേക്കാൾ ഉൾക്കൊള്ളാനായില്ലെങ്കിൽ ഒരുപക്ഷേ ഏട്ടനെന്നോടു ശക്തമായി ആവശ്യപ്പെട്ടാൽ ഏട്ടനെ അനുസരിക്കാനേ എനിക്കു കഴിയുമായിരുന്നുള്ളു എന്ന യാഥാർത്ഥ്യം ഞാനാദ്യമേ തിരിച്ചറിഞ്ഞിരുന്നു,

ജോയൽ ഈ ലോകത്തിലേക്ക് വെച്ച് ഏറ്റവും സുന്ദരനോ, ഹൃദയാലുവോ, പൂർണ്ണമായും എന്നെ മാത്രം സ്നേഹിക്കാൻ കഴിയുന്നവനോ, ജീവിതക്കാലം മുഴുവൻ എന്നെ ചേർത്തു പിടിച്ച് സംരക്ഷിക്കാൻ കഴിയുന്നവനോ ഒന്നും ആയിട്ടല്ല ഈ പറഞ്ഞതിനെല്ലാം കഴിയുമായിരുന്ന എന്റെ ഏട്ടനെ വിട്ട് ഞാനവനെ സ്വീകരിച്ചത് !

എന്നോട് ഒരുപാട് ഇഷ്ടം തോന്നി ഏട്ടന് എന്നോടുള്ള ഇഷ്ടം കണ്ട് നിങ്ങൾക്കിടയിലെ മൂന്നാമനായി എന്നെ ചേർക്കാമോ എന്നു ജോയൽ ചോദിച്ചപ്പോൾ എന്റെ ഏട്ടൻ എന്നെ സ്നേഹിക്കുന്നതു പോലെ അവനും എന്നെ സ്നേഹിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നു മനസിലായപ്പോൾ മനസിൽ തോന്നിയ ഒരിഷ്ടം !

അതെപ്പോഴോ മനസിൽ നിന്നു മായ്ച്ചു കളയാനാവാത്തവിധം ഹൃദയത്തിൽ അലിഞ്ഞു ചേർന്നു പോയി !

ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവർ രണ്ടു പേരും എന്റെ ഇടവും വലവും എന്നോടു ചേർന്നു നിന്നാൽ അത്ര സുരക്ഷിതത്വത്തോടെയും വിശ്വാസത്തോടെയും മറ്റെവിടെയും എനിക്കു നിൽക്കാനാവില്ലെന്ന്…

പക്ഷേ അതത്ര എളുപ്പം യാഥാർത്ഥ്യമാവുന്ന സ്വപ്നമല്ല എന്നും എനിക്കറിയായിരുന്നു,

ഞാൻ പോയ ശേഷവും വീട്ടിലെയും നാട്ടിലെയും മിക്ക കാര്യങ്ങളും മറ്റു പലരിലൂടെയും ഞാനും അറിയുന്നുണ്ടായിരുന്നു,

എന്റെ ഇറങ്ങി പോക്ക് ഏട്ടനു വല്ലാത്ത ഷോക്കായിരുന്നു, ഏട്ടനെ അച്ഛനും അമ്മയും അടക്കം സകലരും കുറ്റപ്പെടുത്തി,

” കൈവെള്ളയിൽ കൊണ്ടു നടന്നു നടന്ന് ഇപ്പോൾ എന്തായി ?

ലാളിച്ചു വഷളാക്കുമ്പോൾ ഒാർക്കണമായിരുന്നു,

അവൾ അവൾക്കു വേണ്ടവനെ കണ്ടപ്പോൾ നിന്നെ കളഞ്ഞിട്ടു പോയില്ലെ ?

അനുഭവിച്ചോ ! ”

ഒരോർത്തരും അത്തരം വാക്കുകൾ കൊണ്ട് ഏട്ടനെ മുറിവേൽപ്പിക്കുമ്പോൾ ആ വാക്കുകൾ ഒന്നോന്നും എന്നെയും മുറിപ്പെടുത്തി കൊണ്ടിരുന്നു,

ചെറുപ്പക്കാലം തൊട്ടെ എന്തു കിട്ടിയാലും അതെല്ലാം എനിക്കായി കരുതി വെച്ച് എനിക്കതു കൊണ്ടു തന്ന് എന്നെ സന്തോഷിപ്പിക്കുന്ന ശീലം ഏട്ടനുണ്ടായിരുന്നു,

എന്നെ കൂടാതെ ഒരു കല്യാണത്തിനു പോയാൽ പോലും സദ്യയിൽ വിളമ്പുന്ന കായവറുത്തതും ശർക്കരഉപേരിയും എനിക്കായി മാറ്റി വെച്ച് കൊണ്ടു തരുന്ന പതിവ് ഏട്ടനുണ്ട് !

വലുതായപ്പോഴും ആ ശീലത്തിനൊന്നും ഒരു മാറ്റവും സംഭവിച്ചില്ല, എനിക്കെപ്പോഴും സുന്ദരിയായി നടക്കാൻ വേണ്ടുന്നതൊക്കെ പണം നോക്കാതെ ഏട്ടൻ വാങ്ങി തന്നു കൊണ്ടെയിരുന്നു !

എന്നിട്ടും അതെല്ലാം മറന്ന് ഞാൻ ഏട്ടനെ ചതിച്ചു

ഏട്ടൻ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലാത്തവിധം ഹൃദയവേദനയും നൽകി !

എന്റെ സംഭവത്തിനു ശേഷം ഏട്ടൻ ആരോടും അങ്ങിനെ സംസാരിക്കാതെയായി,

എന്നെ പോലും തിരഞ്ഞു വന്ന് കണക്കു പറഞ്ഞു ചീത്ത വിളിക്കാനോ,

ചെയ്തു തന്ന ഉപകാരങ്ങളുടെ എണ്ണം അക്കമിട്ടു നിരത്തി ദേഷ്യപ്പെട്ട് എന്തെങ്കിലും ഒക്കെ വായയിൽ തോന്നിയത് വിളിച്ചു പറയാനോ ഒന്നിനും ഏട്ടൻ വന്നില്ല,

എവിടെ ഞാനത് അവസാനിപ്പിച്ചുവോ അവിടെ ഏട്ടനും അതവസാനിപ്പിച്ചു !

എവിടെയെങ്കിലും വെച്ച് ഏട്ടനെ കണ്ടു മുട്ടേണ്ടി വന്നാൽ ആ മുഖത്തെങ്ങനെ നോക്കും എന്നൊരു ഭയം എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു,

മുഖമുയർത്തി നോക്കാൻ പോയിട്ട് കുറ്റബോധം കൊണ്ട് ഏട്ടന്റെ നിഴലിനെ പോലും നോക്കാൻ എനിക്കു സാധിക്കില്ലായിരുന്നു

എന്നിട്ടും കുറച്ചു മാസങ്ങൾക്കു ശേഷം ഞാൻ ഏട്ടനെ യാതൃശ്ചീകമായി ടൗണിൽ വെച്ചു കണ്ടു എന്നെ കണ്ടതും ഏട്ടൻ പെട്ടന്നു മുഖം തിരിച്ചു,

ഏട്ടൻ എന്നിൽ നിന്നു മുഖം വെട്ടിച്ച ആ നിമിഷം എന്റെ ഹൃദയവും ശരീരവും ഒരേ പോലെ നിന്നു വിറക്കാൻ തുടങ്ങി,

ഏറ്റവും പ്രിയമുള്ള ഒരാൾ പെട്ടന്നു നമ്മളെ ഒഴിവാക്കുന്നതു കാണുമ്പോൾ ഉണ്ടാവുന്ന വേദനയുടെ ആഴം അന്നു ഞാൻ തിരിച്ചറിഞ്ഞു,

എന്റെ ഹൃദയം രണ്ടായി പിളരുന്ന പോലെ എനിക്കു തോന്നി, എന്റെ കണ്ണുകൾ അതു കണ്ട് നിറഞ്ഞതും അതു കണ്ട ജോയൽ എന്നെ സമാധാനിപ്പിച്ചു,

ആ ഏട്ടന്റെ സ്ഥാനത്ത് ഞാനായിരുന്നാലും ചിലപ്പോൾ ഇതു തന്നെ സംഭവിക്കും എന്നു ജോയൽ പറഞ്ഞപ്പോൾ ഏട്ടനെ മനസിൽ നിന്നും ഞാൻ പടിയിറങ്ങിയതായി എനിക്കും വ്യക്തമായി !

പിന്നീട് ഒന്നു രണ്ടു തവണ ഏട്ടനെ അതു പോലെ കണ്ടപ്പോഴും അതു തന്നെ ആവർത്തിക്കപ്പെട്ടതോടെ ഏട്ടന്റെ മനസിൽ നിന്നും ഞാൻ പൂർണ്ണമായും മാഞ്ഞിരിക്കുന്നു എന്ന സത്യം പൊള്ളുന്ന വേദനയോടെ ഞാനും മനസിലാക്കി !

എന്നാൽ അതിനിടയിൽ ജോയലിന്റെ കുടുംബ ബിസിനസ്സ് തകരുകയും ഞങ്ങൾ കടക്കെണിയിലാവുകയും വീട് വിൽക്കേണ്ടി വരുകയും വാടക വീട്ടിലെക്ക് താമസം മാറേണ്ടി വരുകയും ചെയ്തു,

അതോടെ കടം വീട്ടെണ്ട അവസ്ഥയിൽ ജോയലിനു ഗൾഫിൽ ജോലി നോക്കി പോകേണ്ട ഘട്ടം വന്നു,

ജോയൽ പോയതും ആ സമയം ഞാൻ അഞ്ചു മാസം ഗർഭിണി ആയിരുന്നു എന്നതും എന്റെ വിഷമങ്ങളുടെ ആഴം കൂട്ടി !

അതിനിടയിലും ആളുകൾ എന്നെ കുറിച്ച് അടക്കം പറഞ്ഞു തുടങ്ങി,

എന്റെ ചെയ്തികളുടെ ഫലമാണ് ഞാൻ അനുഭവിക്കുന്നതെന്നും !

അത്രയേറേ സ്നേഹിച്ചു കൊണ്ടു നടന്ന ഒരാളെ ചതിച്ചതിന്റെ ഫലമാണ് എന്റെ ഇപ്പോഴത്തെ അവസ്ഥയെന്നും ഒാരോർത്തരും പറഞ്ഞു ഞാൻ അതു കേൾക്കാൻ ഇടയായതോടെ എന്റെ ഉള്ളു കിടന്നു പിടക്കാൻ തുടങ്ങി,

അവർ പറയുന്നതു ശരിയാണെന്ന് എനിക്കും തോന്നി തുടങ്ങിതോടെ അതെന്നെ കൂടുതൽ തളർത്തുകയാണു ചെയ്തത് !

ഒപ്പം എല്ലാറ്റിനും താങ്ങും തണലുമായ ജോയൽ കൂടെയില്ല എന്നതും ആ തളർച്ചയുടെ ആക്കം കൂട്ടി !

ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതറിഞ്ഞിട്ടും ഏട്ടനോ മറ്റുള്ളവരോ ആരും എന്നെ തിരഞ്ഞു വന്നില്ല !

രക്തബന്ധത്തിന്റെ വിലക്ക് അളവുകൾ ഉണ്ടെന്നു അതെന്നെ ബോധ്യപ്പെടുത്തി !

എല്ലാം കൊണ്ടും വളരെ നിരാശാജനകമായ രീതിയിലായിരുന്ന ഒരോ ദിനവും കടന്നു പോയി കൊണ്ടിരുന്നത്,

ഏഴാം മാസം ആയതോടെ എന്റെ ശാരീരികക്ഷമതയെല്ലാം വളരെ പരിതാപകരമായ അവസ്ഥയിലായി,

എല്ലാം നഷ്ടപ്പെട്ടവളെ പോലെ സ്വയം വേദനിക്കാൻ മാത്രമായിരുന്നു എനിക്കു നേരമുണ്ടായിരുന്നത്,

വിഷാദം മൂടൽമഞ്ഞു പോലെ എന്നെ പൊതിഞ്ഞു കൊണ്ടെയിരുന്നു,

ഒരു ദിവസം അത്തരം ചിന്തകളുടെ മൂർദ്ധന്യം പേറി എന്തൊക്കയോ ഒാർത്തു നടന്ന ഞാൻ ബാത്ത്റൂമിൽ കാലുതെറ്റി വീഴുകയും ബ്ലീഡിങ്ങായി വളരെ ഗുരുതരമായ അവസ്ഥയിൽ ഹോസ്പ്പിറ്റലിലാവുകയും ചെയ്തു !

ഹോസ്പ്പിറ്റലിലെ അന്തരീക്ഷവും ഡോക്ടർമാരുടെ അടക്കിപ്പിടിച്ച സംസാരവും എനിക്കെന്തോ കാര്യമായ പ്രശ്നങ്ങൾ എനിക്കുള്ളതായി തോന്നി,

അതിനിടയിൽ ഇടക്കിടെ എന്റെ ഒാർമ്മകൾ കൂടി മങ്ങാൻ തുടങ്ങിയതൊടെ ഞാൻ എന്റെ മരണം മുന്നിൽ കണ്ടു,

ഒാർമ്മ വരുമ്പോഴെല്ലാം കാഴ്ച്ച അവ്യക്തമായിരുന്നു പലതും തിരിച്ചറിയാൻ എനിക്കായില്ല സംസാരിക്കാനും സാധിക്കാതെ വന്നു,

കേൾവിക്കു കുഴപ്പം സംഭവിക്കാത്തതു കൊണ്ടു മാത്രം ഡോക്ടർമാരുടെ സംസാരത്തിൽ നിന്നു അന്നെ ദിവസം എന്റെ കുഞ്ഞിനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന ചിന്തയോടെ എന്നെ ഒാപ്പറേഷനു വിധേയമാക്കാനുള്ള ഒരുക്കത്തിലാണെന്നു എനിക്കു മനസിലായി,

എന്തൊക്കയോ പറയണമെന്നുണ്ടായിരുന്നെങ്കിലും ഒന്നിനും നാവു വഴങ്ങിയില്ല, ഏക ആശ്രയമായിരുന്ന ജോയലിനെ പോലും കാണാതെ എല്ലാം അവസാനിക്കുകയാണെന്നു എനിക്കു ബോധ്യമായി !

അറ്റന്റർമാർ വന്ന് ഞാൻ കിടക്കുന്ന ICU വിൽ നിന്ന് എന്നെ സ്ട്രേച്ചറിലേക്ക് മാറ്റി കിടത്തി ഒാപ്പറേഷൻ തിയ്യറ്ററിലേക്ക് കൊണ്ടു പോകാൻ തയ്യാറായതോടെ ഞാൻ എന്റെ അവസാന സമയം എണ്ണാൻ തുടങ്ങി,

ഒരു തിരിച്ചു വരവിനുള്ള സാധ്യത പോലും വളരെ വിദൂരമാണെന്നു മനസിലാക്കിയ ഞാൻ എന്റെ കുഞ്ഞിനെങ്കിലും ഒന്നും സംഭവിക്കരുതെന്ന ഉള്ളുരുകിയ പ്രാർത്ഥനയോടെ സ്വയം മരണത്തിനു കീഴടങ്ങാൻ തയ്യാറായി,

അങ്ങിനെ അന്ത:സാരശ്യൂനമായ മനസുമായി സ്ട്രേച്ചറിൽ കണ്ണടച്ചു ഞാൻ കിടന്നു എന്നെ പുറത്തേക്കു കൊണ്ടു വന്നതും ഒരു കൈ എന്റെ കൈയ്യിൽ വന്നു പതിച്ചതു ഞാനറിഞ്ഞു ഒപ്പം,

” പൊന്നൂട്ടി പേടിച്ചോ നീ ? ”

എന്നൊരു ശബ്ദവും !

ആ സെക്കന്റിൽ തന്നെ ഞാനാശബ്ദം തിരിച്ചറിഞ്ഞു

ഏട്ടൻ…..!!!!

ഏട്ടൻ പിന്നെയും പറഞ്ഞു,

“പേടിക്കണ്ട ഒന്നും സംഭവിക്കില്ല, ഏട്ടനുണ്ട് കൂടെ

കാഴ്ച്ച അപ്പോഴും അവ്യക്തമായിരുന്നെങ്കിലും ആ ശബ്ദം തിരിച്ചറിയാൻ എനിക്കൊരു പ്രയാസവും ഉണ്ടായില്ല !

ഞാൻ ഏട്ടന്റെ കൈയ്യിൽ അള്ളി അമർത്തി പിടിച്ചു ഒാപ്പറേഷൻ തിയ്യേറ്റർ എത്തും വരെ ആ പിടി ഞാൻ വിട്ടില്ല,

ആ സമയം ജീവൻ പോയാൽ പോലും ആ പിടി വിടാൻ ഞാൻ തയ്യാറല്ലായിരുന്നു

ഏട്ടന്റെ കൈ എവിടെയൊക്കയോ എനിക്കു ആശ്വാസം നൽകുന്ന പോലെ എനിക്കു തോന്നി !

എന്റെ ഏട്ടൻ എന്നോടു ക്ഷമിക്കുകയും എന്നെ തിരഞ്ഞു വരികയും ചെയ്തിരിക്കുന്നു എന്നത് എന്നെ ആ സമയം അപൂർവ്വ സന്തോഷവതിയാക്കി,

ആ സ്നേഹം വീണ്ടും അനുഭവിക്കണം എന്ന ആശ ആ സമയം എന്നിൽ വീണ്ടും മുളപ്പൊട്ടി,

എവിടെയൊക്കയോ ആ നിമിഷം എന്നിൽ പുതിയ ഉണർവുകൾ പ്രത്യക്ഷമായി!

ഒാപ്പറേഷൻ തിയ്യേറ്ററിലേക്ക് എന്നെ വിട്ടു കൊടുക്കും മുന്നേ ഏട്ടൻ എന്നോടു മറ്റൊന്നു കൂടി പറഞ്ഞു…

” കഴിഞ്ഞ ഒന്നിനെ കുറിച്ചും ഇപ്പോൾ ആലോചിക്കണ്ട എല്ലാം ശരിയാവും ! ”

എട്ടൻ പറഞ്ഞ ആ വാക്കുകൾ മാത്രം മനസിൽ പതിപ്പിച്ചാണ് ഞാൻ ഒാപ്പറേഷൻ തിയ്യേറ്ററിലേക്കു പോയത് !

അനസ്തേഷ്യ എന്റെ ഒാർമ്മകളെയും ബോധത്തേയും എന്നിൽ നിന്നു അകറ്റി നിർത്തും വരെ എന്റെ ബോധമണ്ഡലത്തിൽ ആ വാക്കുകൾ മാത്രമേ ഞാൻ ഒാർത്തിരുന്നുള്ളൂ !

ഞാൻ വീണ്ടും സ്വബോധത്തിലേക്കു തിരിച്ചു വന്നപ്പോഴും ആ വാക്കുകൾ മാത്രമാണ് ഒാർമ്മയിലുണ്ടായിരുന്നത് !

ഒാർമ്മ ചെറുതായി വന്നപ്പോഴും ഞാനാദ്യം ആവശ്യപ്പെട്ടതും ഏട്ടനെ കാണാനായിരുന്നു കാഴ്ച്ചയുടെ വ്യക്തതയിൽ ഞാൻ കണ്ടതും എന്റെ കുഞ്ഞിനെ കൈയ്യിലെടുത്തു നിൽക്കുന്ന എട്ടനെയാണ് !

അതു കണ്ടതോടെ കണ്ണീർ നിറഞ്ഞ് വീണ്ടും എനിക്ക് കാഴ്ച്ച മങ്ങി എന്നാലാ മങ്ങലിന് ആനന്ദത്തിന്റെ നിർവൃതിയുണ്ടായിരുന്നു,

ഏട്ടൻ കുഞ്ഞിനെ എന്റെ അടുത്തു കിടത്തി തന്ന് എന്റെ തൊട്ടടുത്തിരുന്നു കുഞ്ഞിനെ നോക്കുന്നതോടൊപ്പം ഏട്ടന്റെ കൈയ്യും ഞാൻ കൊച്ചിലേതെന്നപ്പോലെ ചേർത്തു പിടിച്ചു,

തുടർന്ന് ഏട്ടൻ തന്നെയാണ് വീഡിയോ കോളിൽ ജോയലിനെ വിളിച്ചു തന്നത് !

വലിയ ശത്രുക്കളായിരുന്നവർ ഫോണിലൂടെയാണെങ്കിലും പരസ്പരം പുഞ്ചിരിക്കുന്ന സുന്ദരമായ കാഴ്ച്ചയും ഞാൻ അപ്പോൾ കണ്ടു !

ബന്ധങ്ങൾ അറ്റു പോയി എന്നൊക്കെ നമുക്ക് വെറുതെ തോന്നുന്നതാണ് ചില അകൽച്ചകൾ സ്വഭാവികമാണ് എന്നാൽ ഒരേ ഗർഭപാത്രത്തിന്റെ ശക്തി അത്ര പെട്ടന്നൊന്നും വേർപ്പെട്ടു പോകുന്ന ഒന്നല്ല !

രക്തബന്ധത്തിന്റെ വിലക്കു അളവുണ്ടെന്ന് ഞാൻ കരുതിയത് വെറുതെയാണെന്ന് ആ സംഭവം എന്നെ ഒാർമ്മിപ്പിച്ചു !

പിന്നീട് ഞാനറിഞ്ഞു,

എന്റെ കാര്യങ്ങൾ അറിഞ്ഞ ഏട്ടനോട് ആരോ ആ സമയം പറഞ്ഞത്രേ ഏട്ടനോടും വീട്ടുകാരോടും ചെയ്തതിന്റെ ഫലമാണ് ഇതെല്ലാമെന്നും അത് അവൾ അതനുഭവിക്കേണ്ടതുമാണ് എന്നും,

അതിന് ഏട്ടൻ അവരോടു മറുപടി പറഞ്ഞത്,

അവളോടെനിക്ക് പരിഭവങ്ങളും പരാതിയുമൊക്കെയുണ്ട്,

എന്നാൽ അതു കൊണ്ടൊന്നും അവൾ എന്റെ അനിയത്തി അല്ലാതാവുന്നില്ലാ എന്നാണ് !

ഏട്ടൻ പറഞ്ഞതു ശരിയാണ് എന്നെ ചെറുപ്പം മുതൽ കണ്ടു വളർന്ന ഏട്ടനു ആരെക്കാളും എന്റെ മനസ്സു മനസിലാവും,

നമ്മളെ നമ്മളായി മനസിലാക്കാൻ കഴിയുന്ന ആ വ്യക്തിത്വത്തിന്റെ പേരാണല്ലോ ഏട്ടൻ എന്നത് !

ചില തെറ്റുകൾ ക്ഷമിക്കാൻ കഴിയുന്നിടത്ത് തമ്മിലുള്ള ബന്ധങ്ങളുടെ ആഴം ഊട്ടിയുറപ്പിക്കാനാവുമെന്നും എനിക്കു മനസിലായി !

അങ്ങിനെ ഞാൻ മനസിൽ കണ്ട എന്റെ സ്വപ്നമായ ഏറ്റവും സുരക്ഷിതവും വിശ്വാസവുമായ ഇടമായി എന്റെ ഇരുവശത്തും ഇന്നവർ രണ്ടു പേരുമുണ്ട്,

ഒപ്പം അവർക്കു കൂട്ടായി ഞാനും എന്റെ കുഞ്ഞും

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Pratheesh

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top