തൊട്ടാവാടി, തുടർക്കഥ, ഭാഗം 2 വായിക്കുക….

രചന : ഭാഗ്യലക്ഷ്മി

“അമ്മയെന്താ പറയുന്നത് ഞാനാ വേലക്കാരിയെ കല്ല്യാണം കഴിക്കണമെന്നോ..?”

പത്മിനി കാര്യമവതരിപ്പിച്ചപ്പോഴേക്കും ആദർശ് ദേഷ്യപ്പെട്ടു…

“മോനേ ആദീ നീ ഇതിനെ കല്ല്യാണമായൊന്നും കാണണ്ട… വെറുതെ സമയത്ത് അവളുടെ കഴുത്തിൽ ഒരു താലി കെട്ടണമെന്ന് മാത്രം…

അല്ലാതെ ജീവിതകാലം മുഴുവൻ അവളെ പോലൊരുത്തിയെ എൻ്റെ മോൻ്റെ തലയിൽ കെട്ടിവെയ്ക്കാൻ ഞാൻ സമ്മതിക്കുമോ..?”

“എനിക്ക് പറ്റില്ല അമ്മേ.. അതും അവളെ…”

ആദർശ് അറപ്പോടെ പറഞ്ഞു..

“പിന്നെ നമ്മൾ ഇപ്പോൾ എന്ത് ചെയ്യും..? ഇവൾക്കാകുമ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് നമ്മുക്ക് ഇവളെ സൂത്രത്തിൽ ഒഴിവാക്കാം… രാവിലെ കല്ല്യാണത്തിനെന്ന് പറഞ്ഞ് ഇറങ്ങീട്ട് എങ്ങനെയാ മോനേ നമ്മൾ കല്ല്യാണം നടക്കാതെ തിരികെ വീട്ടിലേക്ക് പോകുന്നത്…

നമ്മുക്ക് തന്നെയല്ലേ അതിൻ്റെ നാണക്കേട്…

വെറുതെ നീ ഒരു താലി കെട്ടുന്നെന്ന് മാത്രം…

നമ്മുക്കവളെ ഒഴിവാക്കാം… എന്നിട്ട് നമ്മുടെ സ്റ്റാറ്റസിന് ചേരുന്ന ഒരു പെൺകുട്ടിയെ കണ്ടെത്താം.. ഞാൻ തരുന്ന വാക്കാ ഇത്..” പത്മിനി ആദർശിനോട് പറഞ്ഞു..

❤❤❤❤❤❤❤❤❤❤❤❤

റയാൻഷ് ഇതൊന്നും അറിയാതെ കൂട്ടുകാരുമായി സെൽഫി എടുക്കുന്ന തിരക്കിൽ ആയിരുന്നു…

പതിയെ അവൻ ധാനിക്കരികിലേക്ക് നടന്നു…

“എൻ്റെ തൊട്ടാവാടി ഇങ്ങനെ മറഞ്ഞ് നിൽക്കാതെ… നാലാള് നിന്നെ കണ്ടെന്ന് കരുതി ഒന്നും സംഭവിക്കില്ല… ഒന്നുമില്ലേലും നാളെ ഈ റയാൻഷ് രവീന്ദ്രൻ്റെ ഭാര്യയാവാൻ പോകുന്ന കുട്ടി ഇത്രേം നാണം കുണുങ്ങി ആണോന്ന് ആരും ചോദിക്കല്ലെല്ലോ…”

അവൻ ചിരിയോടെ പറഞ്ഞതും ധാനി അവനെ കൂർപ്പിച്ച് നോക്കി…

“ഹാ എന്തൊരു നോട്ടമാ എൻ്റെ പെണ്ണെ.. എന്നെ നീ എത്ര തവണ ഫ്ലാറ്റ് ആക്കും… ഇനിയും ഫ്ലാറ്റ് ആവാൻ എൻ്റെ ജന്മം ബാക്കി…”

അവൻ നെഞ്ചിൽ കൈവെച്ച് പറഞ്ഞതും ധാനിയൊന്ന് പുഞ്ചിരിച്ചു..

“ഇങ്ങനെ ചിരിക്കല്ലേടീ.. മനുഷ്യനെ കൊല്ലുന്ന ചിരി…. ഇതിലല്ലേ എൻ്റെ പൊന്നേ ഞാൻ മൂക്കും കുത്തി വീണത്…”

“അതേ പിന്നെ ഈ സാരിയുണ്ടല്ലോ നിനക്ക് വേണ്ടി മാത്രം പിറവി കൊണ്ട പോലെയുണ്ടന്നേ… സത്യമായിട്ടും… അല്ലാതെ ഞാൻ വാങ്ങിയോണ്ട് നുണ പറയവല്ല കേട്ടോ… പിന്നെ നമ്മുടെ കല്ല്യാണത്തിനും നിനക്കുള്ള സാരി ഞാൻ തന്നെ സെലക്ട്‌ ചെയ്യും…”

അവൻ അത് പറഞ്ഞതും വെപ്രാളത്തോടെ നടന്ന് വരുന്ന പത്മിനിയെ ആണ് ധാനിയും റയാൻഷും കാണുന്നത്…

“എന്താ എന്ത് പറ്റി..?” റയാൻഷ് ചോദിച്ചു..

“അത് മോനേ അവൾ നമ്മളെ ചതിച്ചെടാ.. ആ കൃതിക… അവൾ ആരുടെയോ ഒപ്പം ഒളിച്ചോടീ…

പാവം എൻ്റെ മോൻ… ആൾക്കാർ ഓരോരുത്തരായി അറിഞ്ഞ് തുടങ്ങും മുൻപ് എന്തേലും ചെയ്യണം…”

പത്മിനി വെപ്രാളത്തിൽ പറഞ്ഞു..

അത് കേട്ടതും റയാൻഷും ധാനിയും സ്തംഭിച്ച് നിന്നു..

റയാൻഷിന് ദേഷ്യം വന്നിട്ട് അവൻ ഓഡിറ്റോറിയത്തിന് പുറത്തേക്ക് ഇറങ്ങി..

എന്ത് കോപ്പിലെ പരിപാടിയാ ഇത്… പാവം എൻ്റെ ചേട്ടൻ… എന്തെങ്കിലും ചെയ്യണം… ആ പെണ്ണിൻ്റെ വീട്ടിൽ പോയി നാല് വർത്തമാനം പറഞ്ഞിട്ട് തന്നെ കാര്യം.. ഞങ്ങളെ ഈ അവസ്ഥയിൽ ആക്കിയിട്ട് അവരങ്ങനെ സ്വസ്ഥമായി ഇരിക്കണ്ട… ദേഷ്യത്തിൽ അതും ഓർത്ത് നിവികയുടെ ഭർത്താവായ അനൂപിനോട് മാത്രം കാര്യം പറഞ്ഞ് റയാൻഷ് അങ്ങോട്ട് പുറപ്പെട്ടു..

❤❤❤❤❤❤❤❤❤❤

“മോളെ ധാനി നീ അല്ലാതെ വേറെ ആരാ ഞങ്ങളെ സഹായിക്കാൻ ഉള്ളത്… സമ്മതിക്കില്ലേ എൻ്റെ കുട്ടീ നീ…”

ധാനിക്ക് നേരെ പട്ടുസാരിയും ആഭരണങ്ങളും നീട്ടിക്കൊണ്ട് പത്മിനി വിനയത്തോടെ ചോദിച്ചു..

ധാനി എന്ത് പറയണമെന്നറിയാതെ വെപ്രാളപ്പെട്ടു.. പെട്ടെന്ന് തന്നെ ധാനിയുടെ മിഴികൾ ചുറ്റിനും റയാൻഷിനെ തിരഞ്ഞു… അവൾ നാലും പാടും നോക്കി…

അയ്യോ ആൾ എവിടെ..? എങ്ങും കാണുന്നില്ലല്ലോ.. എന്ത് പറയും ഞാൻ..

ഉടുത്തിരിക്കുന്ന സാരിത്തുമ്പിൽ വിരലുകൾ ഇറുകെ പിടിച്ചവൾ വെപ്രാളത്തോടെ ഓർത്തു..

“മോളെ ഇതിൽ ഇത്ര ആലോചിക്കാൻ എന്തിരിക്കുന്നു..? എൻ്റെ മരുമകൾ ആയി വന്നൂടെ നിനക്ക്..?

“ഈ വീടിൻ്റെ മരുമകളായി നീ ഉറപ്പായും വന്നിരിക്കും തൊട്ടാവാടീ…”

റയാൻഷ് പറഞ്ഞ വാചകങ്ങൾ അവളുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചു…

“ഞാൻ… ഞാൻ അതും ആദർശ് സാറിനെ.. വേണ്ട മാഡം…”

അവൾ താണ സ്വരത്തിൽ പറഞ്ഞു..

“എന്താ മോളെ നിനക്ക് ആദർശിനെ ഇഷ്ടമല്ലേ..

അവനെന്താ ഒരു കുറവ്..”

“അത്… സർ.. സർ സമ്മതിച്ചോ ഇതിന്..?”

“അവന് നൂറുവട്ടം സമ്മതമാണ് മോളെ..

നീയൊന്ന് സമ്മതിച്ചാൽ മതി..ഞങ്ങളെ ഉണ്ടാവാൻ പോകുന്ന ഈ അപമാനത്തിൽ നിന്ന് നിനക്കേ രക്ഷിക്കാൻ കഴിയൂ മോളെ.. ഞാൻ നിന്നോട് യാചിക്കുവാ.. നിൻ്റെ കാല് പിടിക്കാം ഞാൻ…”

പത്മിനി അത് പറഞ്ഞതും ധാനി പെട്ടെന്ന് അവരുടെ കരങ്ങൾ കവർന്നു…

“അമ്മയില്ലാത്ത ഞാൻ സ്വന്തം അമ്മയുടെ സ്ഥാനത്താ മാഡത്തിനെ കാണുന്നെ.. ആ മാഡം എന്നോട് കൈകൂപ്പുന്നോ… ഒരിക്കലും പാടില്ല..

എനിക്ക് സമ്മതമാ…”

ധാനി പറഞ്ഞു…

അത് കേട്ടതും പത്മിനി നിഗൂഢമായൊന്ന് പുഞ്ചിരിച്ച് കൊണ്ട് അവളെ അണിയിച്ചൊരുക്കാൻ വിട്ടു…

❤❤❤❤❤❤❤❤❤❤

“അന്നാലും ഇത് വേണമായിരുന്നോ പത്മിനീ…

ധാനി നല്ല കുട്ടിയൊക്കെ തന്നെ.. പക്ഷേ ആദർശിന് അവളെ ഒട്ടും ഇഷ്ടമല്ലാത്ത സ്ഥിതിക്ക് ഇത് ശരിയല്ല..”

രവീന്ദ്രൻ പറഞ്ഞു..

“പിന്നെ വേറെന്ത് ചെയ്യണം… അതും ഈ അവസാന നിമിഷത്തിൽ… മാത്രമല്ല നമ്മുടെ വീട്ടിലാ അവള് വളർന്നത്.. അതിൻ്റെ നന്ദി ഇങ്ങനെയങ്ങ് വീട്ടുന്നെന്ന് കരുതിയാൽ മതി…” അവർ കടുപ്പിച്ച് പറഞ്ഞു..

ആ കുഞ്ഞിനോട് ചെയ്യുന്നത് ദ്രോഹം അല്ലേ ഈശ്വരാ… പതിയെ ആദർശ് അതിനെ സ്നേഹിക്കണേ..

അയാളുടെ മനസ്സിൽ കുറ്റബോധത്തിൻ്റെ കനലുകൾ ആളി കത്തി..

❤❤❤❤❤❤❤❤❤❤

“അന്നാലും അവൾ കണ്ടില്ലേ ആദർശ് ഏട്ടനെ കെട്ടാമോന്ന് ചോദിച്ചപ്പോൾ ചാടിക്കയറി അങ്ങ് സമ്മതിച്ചത്… ലോട്ടറി അടിച്ചെന്നാ അവളുടെ ധാരണ.. വേലക്കാരി എന്നും വേലക്കാരി ആണെന്നവൾക്ക് ഞാൻ മനസ്സിലാക്കി കൊടുക്കുന്നുണ്ട്…” നിവിക തൻ്റെ അരിശം പ്രകടിപ്പിച്ചു…

“അവളെ നമ്മൾ പിന്നീട് ഒഴിവാക്കും എന്നുള്ള കാര്യം നിൻ്റെ അച്ഛൻ അറിയരുത്… അങ്ങേരുടെ ധാരണ പതിയെ ആദർശ് അവളെ അങ്ങ് സ്നേഹിക്കുമെന്നാ… ഞാനങ്ങനെയാ പറഞ്ഞ് സമാധാനിപ്പിച്ചേക്കുന്നത്.. എൻ്റെ മോനേ എനിക്കല്ലേ അറിയൂ…” പത്മിനി പറഞ്ഞു…

❤❤❤❤❤❤❤❤❤❤❤

റയാൻഷ് ദേഷ്യത്തിൽ കൃതികയുടെ വീട്ടിലേക്ക് കയറി ചെന്നു…

കോപത്തോടെ വരുന്ന റയാൻഷിനെ കണ്ടതും കൃതികയുടെ അച്ഛനും അമ്മയും നിസ്സഹായതയോടെ നോക്കി…

“മോനേ.. ഞങ്ങൾ…. അവൾ ഞങ്ങളെ ചതിച്ചതാ…” അതു പറയുമ്പോൾ അയാളുടെ സ്വരം ഇടറിയിരുന്നു…

“കൃതികയ്ക്ക് ഇഷ്ടമല്ലായിരുന്നെങ്കിൽ എന്തിനാ പിന്നെ ഇങ്ങനൊരു ബന്ധം ഉറപ്പിച്ചെ..?” റയാൻഷ് പല്ലിറുമിക്കൊണ്ട് ചോദിച്ചു..

“അത് ഞങ്ങളോട് അവൾ ഒന്നും പറഞ്ഞില്ല മോനേ

അറിയില്ലായിരുന്നു അവൾക്ക് വേറൊരു ഇഷ്ടമുണ്ടെന്ന്…”

“കൃതികയോട് ചോദിച്ചിരുന്നോ ഈ വിവാഹത്തിന് സമ്മതമാണോന്ന്…?”

“ഇ.. ഇല്ല… ഞങ്ങൾ കരുതി അവൾക്ക്…”

അയാൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല…

“നിങ്ങൾ കരുതി അവൾക്ക് സമ്മതമാണെന്ന് അല്ലേ..? ഒരിക്കൽ പോലും സ്വന്തം മോളോട് ചോദിക്കാനോ അവളുടെ മനസ്സറിയാനോ ശ്രമിച്ചില്ല… കൊള്ളാം..എന്ത് കൊണ്ടാണ് മറ്റൊരു ഇഷ്ടമുണ്ടെന്ന് കൃതിക നിങ്ങളോട് തുറന്ന് പറയാഞ്ഞതെന്ന് ചിന്തിച്ചോ.. ഒരു പക്ഷേ ഭയമായിട്ടാവാം..

സ്വന്തം അഭിപ്രായം തുറന്ന് പറയാനുള്ള ഭയം… അതിനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കിൽ ഒരു പക്ഷേ ഇങ്ങനെയൊന്നും ആവില്ലായിരുന്നു.. ഞാൻ കൃതികയെ ന്യായീകരിച്ചതല്ല.. അവളുടെ ഭാഗത്തും തെറ്റുണ്ട്..

ഞങ്ങളോടെങ്കിലും അവൾക്കത് പറയാമായിരുന്നു..

അതിൻ്റെ പേരിൽ എൻ്റെ ചേട്ടനെ പൊട്ടൻ വേഷം കെട്ടിക്കേണ്ടിയിരുന്നില്ല..”

സർവ്വവും തകർന്നത് പോലെ ഇരിക്കുന്ന ഇരുവരെയും കണ്ടതും റയാൻഷിന് പിന്നൊന്നും പറയാൻ തോന്നിയില്ല….

❤❤❤❤❤❤❤❤❤❤❤

പത്മിനിയുടെ നിർബന്ധത്തിന് വഴങ്ങി ആദർശ് മണ്ഡപത്തിൽ ഇരുന്നു…

ധാനിയെ വധുവിൻ്റെ വേഷത്തിൽ ഒരുക്കി ആരൊക്കെയോ മണ്ഡപത്തിലേക്ക് കൊണ്ടുവന്ന് ആദർശിൻ്റെ അരികിൽ ഇരുത്തി…

ആദർശ് അവളെ മുഖമുയർത്തി നോക്കാൻ പോലും മെനക്കെട്ടില്ല.. അവനെ സംബന്ധിച്ച് ഇത് വെറുമൊരു നാടകം മാത്രമായിരുന്നു… അവൻ്റെ അമ്മ തിരക്കഥ എഴുതിയ അവൻ അഭിനയിക്കുന്ന വെറുമൊരു നാടകം… മറ്റൊരുവൾക്ക് ഇത് സ്വന്തം ജീവിതമാണെന്ന് തിരിച്ചറിയാൻ ശ്രമിക്കാതെ അവളെ പൊട്ടിയാക്കുന്ന വെറുമൊരു അഭിനയം…!!

ധാനിയുടെ മനസ്സാകെ കലങ്ങി മറിയുകയായിരുന്നു… മിഴികൾ റയാൻഷിനെ മാത്രം തിരഞ്ഞു..

റയാൻഷ് സാറും കൂടെ അറിഞ്ഞിട്ടാണോ…

ആവും… ഒരു തമാശയ്ക്ക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതാവും… സ്വന്തം ചേട്ടൻ്റെ ജീവിതത്തിന് മുൻപിൽ തന്നോടുള്ള കളി തമാശയ്ക്ക് എന്ത് പ്രസക്തി…മനസ്സിൻ്റെ കോണിൽ എവിടെയെങ്കിലും റയാൻഷിൻ്റ ചിത്രം ഉണ്ടെങ്കിൽ അത് പൂർണ്ണമായും തുടച്ചു മാറ്റി ആദർശിനെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ധാനി ശ്രമിച്ചു…

ആദർശ് കൈകളിൽ താലി എടുത്തതും ധാനി ശിരസ്സ് കുനിച്ച് മിഴികൾ കൂ=പ്പി പ്രാർത്ഥിച്ചു…

സീമന്തരേഖയിൽ രക്തവർണ്ണം പടരുമ്പോൾ അവളുടെ മനസ്സ് ആദർശിന് വേണ്ടി മാത്രം പ്രാർത്ഥിക്കുകയായിരുന്നു..

ആദർശിൻ്റെ മുഖത്തെ താത്പര്യമില്ലായ്മയുടെ ഭാവങ്ങൾ ഒന്നും നിഷ്കളങ്കയായ ധാനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല…

കഴുത്തിലെ താലിയിലേക്കവളുടെ മിഴികൾ നീണ്ടു.

താനിന്നുമുതൽ ഒരു ഭാര്യയാണെന്ന തിരിച്ചറിവ് അവളിൽ വല്ലാത്ത വെപ്രാളം നിറച്ചു…

റയാൻഷ് ഇവിടുത്തെ അവസ്ഥ എന്തായി എന്നറിയാതെ ഓടിക്കിതച്ച് ഓഡിറ്റോറിയത്തിൽ എത്തിയതും പരസ്പരം വരണമാല്യം അണിയിക്കുന്ന ആദർശിനെയും ധാനിയെയും ആണ് കാണുന്നത്….

കൺമുൻപിലെ കാഴ്ച തൻ്റെ ഹൃദയം നിലപ്പിക്കുന്നത് പോലെ റയാൻഷിന് തോന്നി.. ഇത് സ്വപ്നമായിരിക്കണേ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു..

ഇല്ല… അവൻ അലറി വിളിക്കാൻ തോന്നി….

അവിടേക്ക് ഓടിച്ചെന്ന് ധാനിയെ മണ്ഡപത്തിൽ നിന്ന് വിളിച്ചിറക്കാൻ തോന്നിയെങ്കിലും എല്ലാം കഴിഞ്ഞെന്നുള്ള തിരിച്ചറിവ് അവൻ്റെ മനസ്സിനെയും പാദങ്ങളെയും നിശ്ചലമാക്കി….

ഞാൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇത് സമ്മതിക്കില്ലായിരുന്നു..

താൻ വൈകി പോയിരിക്കുന്നു… അവൻ്റെ മനസ്സ് അലമുറയിട്ടു…

ധാനി അവൾ… അവൾ ഇനി മുതൽ എൻ്റെയല്ല… അവൻ വിതുമ്പിക്കൊണ്ട് പുറത്തേക്ക് ഓടി…

ആദർശും ധാനിയും രവീന്ദ്രൻ്റെയും പത്മിനിയുടെയും കാലുകളിൽ വീണ് അനുഗ്രഹം വാങ്ങി…

നിവിക പുച്ഛത്തോടെ ആ കാഴ്ചകൾ ഒക്കെ കണ്ട് നിന്നു..

കതിർ മണ്ഡപത്തിൽ നിന്ന് വരനും വധുവും ഇറങ്ങി….

“അല്ല റയാൻഷ് എവിടെ..? എങ്ങും കണ്ടില്ലല്ലോ..

സാധാരണ അവനല്ലേ എല്ലാത്തിനും ഉത്സാഹിച്ച് നടക്കുന്നെ..”

രവീന്ദ്രൻ ചോദിച്ചു…

“ഞാൻ നോക്കിയിട്ട് വരാം…” അതും പറഞ്ഞ് നിവിക പുറത്തേക്ക് ഇറങ്ങി…

റയാൻഷ് ആണെങ്കിൽ ഉള്ളിലെ സങ്കടം ഒതുക്കി അവർ ഇരുവരെയും ഒരുമിച്ച് കാണാൻ കഴിയാതെ പുറത്ത് നിൽക്കുന്നുണ്ടായിരുന്നു….

“ആഹ്… ചേട്ടനിവിടെ നിൽക്കുവാണോ.. അവിടെ എല്ലാവരും അന്വേഷിക്കുന്നു..”

നിവിക വന്ന് വിളിച്ചതും റയാൻഷ് മിഴിനീർ തുടച്ച് അകത്തേക്ക് കയറി…

ആദർശിനൊപ്പം ധാനിയെ കണ്ടതും അവൻ ദേഷ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി…

“എന്താ ഇവിടെ സംഭവിച്ചത്..?” റയാൻഷ് ദേഷ്യത്തിൽ രവീന്ദ്രനോടും പത്മിനിയോടും ചോദിച്ചു..

“എന്ത് സംഭവിക്കാൻ കൃതിക ഒളിച്ചോടി പോയത് കൊണ്ട് ധാനിയുമായി ആദർശിൻ്റെ വിവാഹം നടത്തി

അതിന് ചേട്ടന് ഇവളെ ഇഷ്ടമാണോ ഈശ്വരാ…

റയാൻഷ് ദയനീയമായി ധാനിയുടെ മുഖത്തേക്ക് നോക്കി…

ധാനിയിൽ പ്രത്യേകിച്ച് സങ്കടമോ സന്തോഷമോ ഒന്നുമല്ലാത്ത ഭാവം.. റയാൻഷിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

ആരെയും ശ്രദ്ധിക്കാതെ നിൽക്കുന്ന ആദർശിൻ്റെ മുഖഭാവത്തിൽ നിന്ന് തന്നെ അവൻ്റെ അനിഷ്ടം റയാൻഷിന് മനസ്സിലാകുന്നുണ്ടായിരുന്നു..

ചേട്ടൻ ധാനിയെ ഒരിക്കലും സ്നേഹിക്കില്ല…

എനിക്ക് ധാനിയെ ഒരിക്കലും മറക്കാനും സാധിക്കില്ല…. ഉള്ളിൽ നോവൊതുക്കി ഇനിയെന്തെന്നറിയാതെ റയാൻഷ് ശങ്കിച്ച് നിന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…..

കല്ല്യാണം നടത്തിയത് കൊണ്ട് ഒന്നും തോന്നല്ലേ… ട്വിസ്റ്റ് ഉണ്ട് 😁

രചന : ഭാഗ്യലക്ഷ്മി