അശ്വതിയെ കെട്ടിപിടിച്ച് പുതപ്പിനുള്ളിൽ കിടന്ന് മൊബൈലിൽ വന്ന മെസേജുകൾ നോക്കുകയായിരുന്നു..

രചന: സിയാദ് ചിലങ്ക

അശ്വതിയെ കെട്ടി പിടിച്ച് പുതപ്പിനുള്ളിൽ കിടന്ന് മൊബൈലിൽ വന്ന വാട്സപ്പ് മെസേജുകൾ നോക്കുകയായിരുന്നു.

2003 എസ് എസ് എൽ സി ബാച്ച് വാട്സപ് ഗ്രൂപ്പിലേക്ക് തന്റെ നമ്പർ ആരോ ആഡ് ചെയ്തത് ഫൈസി കണ്ടു… അപ്പോൾ തന്നെ അവൻ ലെഫ്റ്റ് ആയി.

“അല്ല അശ്വതി നാട്ടിൽ ആർക്കും പിടികൊടുക്കാതെ ഈ ബാംഗ്ലൂരിൽ വന്ന് നമ്മൾ താമസിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി….നാട്ട്കാർക്കും എന്തിന് വീട്ടുകാർക്ക് പോലും നമ്മൾ എവിടെ ആണെന്നോ എന്ത് ചെയ്യുന്നു എന്നോ അറിയില്ല. എങ്ങനെ അവർക്ക് നമ്പർ കിട്ടി…. അൽഭുതമായിരിക്കുന്നു അല്ലെ?.”

“ഇന്നത്തെ കാലത്ത് അതൊന്നും ഒരു പ്രശ്നമല്ല ഫൈസി… വേണമെങ്കിൽ എന്തും നടക്കും ഈ കാലഘട്ടത്തിൽ…

ഫൈസി ഒരു മെസ്സേജ് വന്നിട്ടുണ്ട് പരിചയമില്ലാത്ത നമ്പറിൽ നിന്നാണ്…. നോക്ക്….

ഹായ് ഫൈസി….ഇറ്റ്സ് മി ലിസി…

ഓർമ്മയുണ്ടൊ എന്നെ?.. നീ എവിടെയാ…

എല്ലാവരും നിന്നെ കുറെ നാളായി അന്വേഷിച്ച് കൊണ്ടിരിക്കുന്നു.. വളരെ ബുദ്ധിമുട്ടിയാണ് നിന്റെ നമ്പർ സംഘടിപ്പിച്ചത്….എന്താ ഗ്രൂപ്പിൽ നിന്ന് പോയത്?.

ലിസിയുടെ പേര് കണ്ടപ്പോൾ തന്നെ ഫൈസിയുടെ മനസ്സിലേക്ക് പഴയ ഒമ്പതാം ക്ലാസ്സിലെ ജനലിനരികിൽ ലിസിയോട് ആദ്യമായി….” ഇഷ്ടം” പറഞ്ഞ ചിത്രം ഓടിയെത്തി.

” ഇത് ആ പഴയ ലിസിയാണല്ലൊ ഫൈസി..

കോളടിച്ചല്ലൊ… കണ്ടില്ലെ ഏറ്റവും ആവശ്യക്കാർ ഗ്രൂപ്പിൽ ഉള്ളത് കൊണ്ട് നമ്പർ എല്ലാം തേടി പിടിച്ച് എടുത്തത്..”

“റീപ്ലൈ കൊടുക്ക് ഫൈസി…”

“വേണൊ അച്ചു…. ”

” കൊടുക്ക് ഇതൊക്കെ രസമല്ലെ…”

അവൻ മൊബൈൽ സ്ക്രീനിൽ ടൈപ്പ് ചെയ്തു…

ലിസി….എന്താ നിന്റെ വിശേഷം? സുഖം തന്നെ അല്ലെ ?

” അച്ചു അവിടെ നിന്ന് ചറപറാന്ന് മെസ്സേജ് വരുന്നുണ്ടല്ലൊ..?”

ഫൈസി സുഖമായി പോകുന്നു.. ഞാൻ എറണാകുളത്ത് ഉണ്ട്.ഇവിടെ തേവരയിൽ ഒരു ഫ്ലാറ്റിലാണ് താമസം. ഭർത്താവിന് ഇവിടെ ബിസിനസ്സാണ്….

രണ്ട് കുട്ടികൾ മൂത്ത മോൻ ഫോർത്തിൽ ഇളയത് മോളാണ് ഫസ്റ്റ് സ്റ്റാന്റേർഡിൽ,..

ഹസ്ബന്റിന് ഇവിടെ ബിസിനസ്സ് ആണ്…ഇപ്പോൾ ഈ ഗ്രൂപ്പ് തുടങ്ങിയപ്പോൾ ഫ്ലാറ്റിൽ നാല് ചുമരുകൾക്കിടയിൽ ബോറടിച്ച് കഴിയുന്ന എനിക്ക് ഇതാണ് ഒരു ടൈം പാസ്..

ഞാൻ എല്ലാരോടും നിന്നെ പറ്റി അന്വേഷിച്ചു ഒരു വിവരവും ഇല്ല.. ആർക്കും നിന്നെ പറ്റി ഒരു വിവരം ഇല്ല….ഇനി നിന്റെ വിശേഷങ്ങൾ പറ… നിന്റെ കല്യാണം കഴിഞ്ഞൊ?..

” മറുപടി അയക്ക് ഫൈസി….”

ലിസിയുടെ നോൺ സ്റ്റോപ്പ് മെസ്സേജുകൾ കണ്ട് മറുപടിയൊന്നും അയക്കാതെ അന്തം വിട്ട് ഇരിക്കുന്ന ഫൈസിയെ അശ്വതി ഉണർത്തി…

“ലിസി എനിക്ക് സുഖം… ഇപ്പോൾ ബാംഗ്ലൂർ ആണ് ഉള്ളത്.. ഇവിടെ ഞാനും എന്റെ ഭാര്യ അശ്വതിയും മാത്രം “.

“ഭയങ്കരാ….. പ്രണയ വിവാഹം ആയിരുന്നു അല്ലെ ?.. ഗുഡ്… ഫൈസി അശ്വതി ….നല്ല ചേർച്ച ”

“ഫൈസി നിന്റെ ഒരു ഫോട്ടോ അയച്ച് തരുമൊ? എത്ര കാലമായി നിന്നെ കണ്ടിട്ട്… ”

പെട്ടെന്ന് ആണ് ഫൈസി ചോദിക്കാതെ തന്നെ അവന്റെ മൊബൈൽ സ്ക്രീനിലേക്ക് ലിസിയുടെ ഫോട്ടോ ലോഡിംങ്ങ് കാണിച്ചു..

”അച്ചു..ലിസി പത്തിൽ നിന്ന് പിരിയുമ്പോൾ കണ്ടതിനേക്കാൾ മാറിയിരിക്കുന്നു കൂടുതൽ ഭംഗി വെച്ചിട്ടുണ്ട്.. ”

അത് കേട്ടപ്പോൾ അശ്വതിയുടെ മുഖം ഒന്ന് വാടി.

അത് കണ്ട ഫൈസി അവളുടെ കവിളിൽ ഒരു നുള്ള് കൊടുത്തു..

“മോനെ അവള് വിടാൻ ഭാവമൊന്നുമില്ല.. ദാ ടൈപ്പിംങ്..കാണിക്കുന്നുണ്ട്.”

ഫൈസി

നിന്റെ ഒരു ഫോട്ടൊ അയക്ക്.. അല്ലെങ്കിൽ ഞാൻ വീഡിയൊ കോൾ ചെയ്യട്ടെ നിന്നെ കാണാൻ നല്ല ആഗ്രഹം ഉണ്ട്.

ഞാൻ ഫോട്ടോ അയക്കാം ലിസി.

ഫൈസി ഒരു ഫോട്ടൊ അയച്ച് കൊടുത്തു…

നിനക്ക് ഒരു മാറ്റവും ഇല്ല.. കുറെ മീശയും താടിയും വന്നിട്ടുണ്ട്. നിന്റെ ഉണ്ട കണ്ണിലെ ചിരി ഇപ്പോഴും മാഞ്ഞ് പോയിട്ടില്ല… ഇന്ന് എനിക്ക് നല്ല ദിവസം… മനസ്സ് നിറഞ്ഞു.

വൺ മിനിറ്റ് ഞാൻ ഇപ്പോൾ വരാം ലിസി.

ഫോൺ അവിടെ വെച്ച് ഫൈസി പുതപ്പിനുള്ളിൽ നിന്ന് എഴുന്നേറ്റു.

അശ്വതിയുടെ ശരീരത്തിൽ നിന്ന് പുതപ്പ് മാറ്റി

വസ്ത്രങ്ങൾ ഓരോന്നായി ഊരിയെടുത്തു..

അവളെ കൈകളിൽ കോരിയെടുത്ത് ബാത്ത് റൂമിലേക്ക് നടന്നു. ബാത്ത് റൂമിൽ വെച്ചിട്ടുള്ള ചെയറിൽ അവളെ ഇരുത്തി, ബക്കറ്റിലേക്ക് വെള്ളം നിറച്ച് ഒരു കപ്പിൽ കോരിയെടുത്തു അവളുടെ ശരീരത്തിലേക്ക് ഒഴിച്ചു..

അവളുടെ ശരീരം തോർത്തി. അവളെ വാരി പുണർന്നു കട്ടിലിൽ കിടത്തി. അവൾക്ക് ഏറ്റവും ഇഷ്ടമുള്ള വെള്ള വസ്ത്രം ധരിപ്പിച്ചു, അവളെ കോരി എടുത്ത് വീൽ ചെയറിൽ ഇരുത്തി.

അവളുടെ തലമുടിയിഴകൾ ഒന്ന് കൂടി തോർത്തി,

തലമുടി ചീകി കെട്ടി… അവളുടെ ഇളം നീല നിറത്തിലുള്ള ഷാൾ കഴുത്തിലൂടെ പിന്നിലേക്ക് ഇട്ടു….

അവൻ അശ്വതിയുടെ കവിളിൽ ചുംബിച്ചു.

അവളുടെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നതോടൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

ഫൈസി അശ്വതിയെ ചേർത്ത് പിടിച്ച് മൊബൈലിൽ സെൽഫി എടുത്ത് ലിസിക്ക് അയച്ച് കൊടുത്തു…

ഫൈസിയുടെ കൂടെ മുഖം പൊള്ളി വികൃതമായി പുഞ്ചിരിച്ച് ഇരിക്കുന്ന പെൺകുട്ടിയെ കണ്ട് ലിസി ഞെട്ടി തരിച്ചു…

തന്റെ ഫോണിലേക്ക് ലിസിയുടെ കോൾ വരുന്നത് കണ്ടപ്പോൾ തന്നെ അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു, മൊബൈലിൽ നിന്ന് സിം ഊരി വലിച്ചെറിഞ്ഞു….

ഡിഗ്രിക്ക് ക്രൈസ്റ്റ് കോളേജിൽ സീറ്റ് കിട്ടി.. ക്യാംപസ് ജീവിതത്തിൽ നിന്നാണ് അശ്വതിയെ പരിചയപ്പെടുന്നത്….

അനാഥയായ അവൾ ഓർഫനേജിൽ നിന്ന് കൊണ്ടാണ് പഠിച്ചിരുന്നത്.അശ്വതിയുടെ സൗന്ദര്യം മോഹിച്ച് പലരും പിറകെ നടന്നിരുന്നു. അതൊന്നും അവൾ വകവെച്ചില്ല,ജീവിതത്തിന്റെ എല്ലാ കഷ്ടപ്പാടും അറിഞ്ഞ് വന്ന അവൾക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു.

ആദ്യം പരസ്പരം എല്ലാം ഷെയർ ചെയ്യാൻ പറ്റിയ കൂട്ടുകാർ മാത്രമായിരുന്നു അശ്വതിയും ഞാനും.. മെല്ലെ മെല്ലെ പിരിയാൻ പറ്റാത്ത അത്രയും പരസ്പരം അടുത്ത് കഴിഞ്ഞിരുന്നു.

അവളുടെ പിറകെ നടന്ന ചിലർ കോളേജിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ ബന്ധം വളരുന്നത് കണ്ട് അസൂയ മൂത്ത ക്യാംപസിലെ ദുഷ്ടൻമാർ. പണത്തിന്റെയും സ്വാധീനത്തിന്റെയും അഹങ്കാരത്തിൽ ലഹരിപിടിച്ച് ഭ്രാന്തായ അവർ അശ്വതിയുടെ മുഖത്തേക്കും ശരീരത്തിലേക്കും ആസിഡ് ആക്രമണം നടത്തി.

ഓടി എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു…

ജീവന് വേണ്ടി പിടയുന്ന അശ്വതിയുടെ കരച്ചിൽ ഹൃദയത്തെ തകർത്ത് കളഞ്ഞു…

വീട്ടുകാരുടെ എതിർപ്പ് വകവെക്കാതെ ഹോസ്പിറ്റലിൽ നിന്ന് അശ്വതിയെയും കൊണ്ട് ആരോടും പറയാതെ ഇറങ്ങിയ യാത്ര അവസാനിച്ചത് ഈ ബാംഗ്ലൂർ നഗരത്തിലാണ്.. ആരുടെയും സഹതാപത്തിന്റെ നോട്ടമേൽക്കാതെ ജീവനുള്ളിടത്തോളം കാലം എന്റെ മാലാഖയെ പൊന്ന് പോലെ നോക്കണം..

വീൽചെയറിന്റെ പിടിയിൽ മുറുകെ പിടിച്ച് അവൻ ഫ്ലാറ്റിന്റെ ബാൽക്കണിയിലേക്ക് അവളെ കൊണ്ട് പോയി….

വീൽചെയറിന്റെ പിടിയിയിൽ നിന്ന് ഫൈസിയുടെ കൈ എടുത്ത് അവൾ ചുംബിച്ചു.. കൈകൾ കൊണ്ട് കോർത്ത് പിടിച്ചു… അവൾ പറഞ്ഞു..

” ഇന്ന് ലോകത്തിൽ ഏറ്റവും ഭാഗ്യവതിയായ പെണ്ണ് ഞാനാണ് അല്ലെ ഫൈസി…”

അപ്പോൾ ആകാശത്ത് രാത്രിയെ ആലിംഗനം ചെയ്യാൻ ചന്ദ്രൻ ഒരുങ്ങുന്നുണ്ടായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : സിയാദ് ചിലങ്ക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top