ഇക്ക നമ്മുക്ക്‌ ഈ കല്യാണത്തിനു പോകണം എന്ന അവളുടെ വാക്കിനെ ആദ്യം എതിർത്തെങ്കിലും….

രചന : Shanavas Jalal

ഹല്ലോ സർ

എന്താടി

ഇന്ന് ഒരു സ്പെഷ്യൽ കല്യാണവിളി വന്നിട്ടുണ്ടെന്ന് പറഞ്ഞവൾ കല്ല്യാണക്കുറി പൊക്കിപ്പിടിച്ചു. പിടിച്ചു വാങ്ങി തുറന്നപ്പോൾ ആയിഷ എന്ന പേരു കണ്ടപ്പോഴെ ഓളുടെ മുഖത്തേക്ക്‌ ഞാൻ ഒന്ന് പാളി നോക്കി…

“ആ കള്ള നോട്ടം ഇങ്ങോട്‌ നോക്കിയാലുണ്ടല്ലോ ആ കണ്ണു ഞാൻ കുത്തിപ്പൊട്ടിക്കും” എന്നവൾ പറഞ്ഞപ്പോൾ തന്നെ , പുറത്തേക്ക്‌ വന്ന കണ്ണുകൾ അകത്താക്കി ലെറ്ററിലെ ബാക്കി ഭാഗം നോക്കുന്നത്‌ പോലെ നിന്നു…

“എന്തോന്നാ ഇത്രക്ക്‌ നോക്കാൻ, മൂന്ന് കൊല്ലം നിങ്ങളെ പ്രണയിച്ച്‌ അവസാനം നിങ്ങളെ തേച്ചിട്ട്‌ പോയ ആ ആയിഷ തന്നെയാ അത്” എന്ന അവളുടെ വാക്ക്‌ കേട്ട് റൂമിലേക്കു കയറി.

ഇക്ക നമ്മുക്ക്‌ ഈ കല്യാണത്തിനു പോകണം എന്ന അവളുടെ വാക്കിനെ ആദ്യം എതിർത്തെങ്കിലും ,

ആയിഷനെ ഒന്ന് കാണണമെന്നുള്ള അവളുടെ നിർബന്ധം കൂടിയപ്പോഴാണു പോകമെന്ന് സമ്മതിച്ചത്‌.

മൂന്ന് വർഷത്തെ പ്രണയം, ജീവനുള്ള കാലം വെരെ കൂടെ കാണുമെന്ന് പറഞ്ഞവൾ എംബിബിസിനു അഡ്മിഷൻ കിട്ടിയപ്പോൾ പ്രവാസിയോട്‌ എപ്പോഴോ തോന്നിയ ഒരു യോഗ്യത കുറവ്‌, എന്റെ വാപ്പിക്ക്‌ ഇഷ്ടമില്ലാത്തതോന്നും ഞാൻ ചെയ്യില്ലെന്ന് പറഞ്ഞ്‌ പിരിയുമ്പോഴും അവളെ ശപിച്ചിരുന്നില്ല, അല്ല അതിനു കഴിയുമായിരുന്നില്ല..

വീടും നാടും അറിഞ്ഞ ആ പ്രണയത്തിലെ രക്തസാക്ഷി ഞാൻ ആയത്‌ കൊണ്ടാണു ലീവിനു നാട്ടിൽ വന്നയുടനെ വീട്ടുകാരുടെ നിർബന്ധത്തിൽ എന്റെ കല്യാണം നടന്നത്‌.

ഭാര്യയുടെ ഇഷ്ടങ്ങളോ, സന്തോഷങ്ങളോ മനസ്സിലാക്കാൻ എനിക്ക്‌ താൽപ്പര്യമില്ലാതിരുന്നത്‌ മനസ്സിലെ ആയിഷക്ക് അവൾ പകരക്കാരിയാവില്ലെന്നു ഉറപ്പുള്ളതുകൊണ്ടായിരുന്നു.

ആയിഷയുടെ കല്യാണത്തിനായി ഒരുങ്ങിയിറങ്ങിയ അവൾ അന്ന് കൂടുതൽ സുന്ദരിയായിരുന്നു, അത്‌ ഞാൻ ശ്രദ്ദിച്ചുന്ന് മനസ്സിലായത്‌ കൊണ്ടാകണം

“ഇക്കാന്റെ സെലക്ഷ്‌ൻ ബെസ്റ്റ്‌ ആണെന്ന് അവർ മനസ്സിലാക്കട്ടെ എന്ന് പറഞ്ഞു അവൾ കണ്ണിറുക്കിയത്. വണ്ടി ആഡിറ്റോറിയത്തിന്റെ ഗേറ്റ്‌ കടന്നപ്പോൾ എന്റെ ഹൃദയമിടുപ്പ്‌ കൂടിയിരുന്നു..

മണവാട്ടി മൊഞ്ചിൽ ആയിഷ സുന്ദരിയായിരുന്നെങ്കിലും, ഒപ്പനയുടെ പുറകിൽ മാരനരികിലെക്ക്‌ നീങ്ങുന്ന ആയിഷയുടെ ദൃശ്യം എന്റെ മുഖഭാവം മാറ്റിയത് കണ്ടിട്ടാവും അവൾ എന്റെ കൈയ്യിൽ മുറുകെ പിടിച്ചു. , കണ്ണുകൾ തുടച്ച്‌ അവളുടെ മുഖത്തേക്ക്‌ നോക്കിയപ്പോഴെക്കും പകുതി നിറഞ്ഞിരുന്നു ആ കണ്ണുകളും…

താലി കെട്ടിനു ശേഷം ഫ്രീയായി നിൽക്കുന്ന അവരുടെ അടുത്തേക്ക് അവളുടെ കയ്യും പിടിച്ച്‌ കയറി ചെല്ലുമ്പോൾ അൽഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു പുതിയ പെണ്ണ്. അവളുടെ മുന്നിലേക്ക്‌ എന്റെ പെണ്ണിനെ നിർത്തിയിട്ട്‌ “ഇത്‌ ഡോക്‌ടർ നൈഷാനാ. എന്റെ ഭാര്യയാണെന്ന് പരിചയപ്പെടുത്തിയപ്പോൾ എന്റെ കൈകളിൽ അമർത്തിപ്പിടിച്ചു എന്നോട്‌ ചേർന്ന് നിന്ന് പ്രവാസി അവൾക്ക് ഒരു അപമാനമല്ലന്നവൾ തെളിയിച്ചു..

ഇറങ്ങും മുമ്പ്‌ “സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഇക്കാനെ എനിക്ക്‌ തന്നതിനു മരണം വരെ ഞാൻ കടപ്പെട്ടിരിക്കും എന്നവൾ പുതിയപ്പെണ്ണിന്റെ ചെവിയിൽ പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു മനസ്സിനുള്ളിൽ….

ഇതുവരെ ഒരുമിച്ച് പുറത്തെവിടെയും കറങ്ങാൻ പോകാത്തത്‌ കൊണ്ട്‌ പതിയെ അവളോട് ചോദിച്ചു.

നമുക്ക് ഒന്ന് കറങ്ങീട് തിരിച്ചു പോകാം. മോൾക്ക് എങ്ങോട്ടാണ് പോകേണ്ടത്?

ആ ചോദ്യത്തിനു എന്റെ കൽബിലെക്ക്‌ വിരൽ ചൂടിയ അവളെ ചേർത്ത്‌ പിടിച്ച്‌ ഒരു മുത്തം നെറ്റിയിൽ നൽകി ഞാൻ മെല്ലെ പറഞ്ഞു. “ഇപ്പൊ അവിടെ നീ മാത്രമേ ഉള്ളൂ പെണ്ണേ..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Shanavas Jalal

Scroll to Top