തൊട്ടാവാടി, തുടർക്കഥയുടെ ഭാഗം 23 വായിക്കുക…

രചന : ഭാഗ്യലക്ഷ്മി

“നിനക്ക് ഞാൻ തെളിവ് തരാമെടീ…” ആദർശ് അതും പറഞ്ഞ് ദേഷ്യത്തിൽ വെളിയിലേക്ക് നടന്നു

ഈശ്വരാ ഇവൻ ബുദ്ധിമോശം കാണിക്കുമോ…?

പത്മിനി വെപ്രാളത്തോടെ ഓർത്തു കൊണ്ട് ആദർശിൻ്റെ പുറകിലായി ഓടി…

“മോനേ ആദീ… നിൽക്കെടാ… നീയെന്താ ചെയ്യാൻ പോകുന്നതെന്ന് നിനക്ക് വല്ല ബോധോം ഉണ്ടോടാ…?”

ആദർശിനെ പിടിച്ചു നിർത്തിക്കൊണ്ട് പത്മിനി പറഞ്ഞു…

ആദർശിൻ്റെ മിഴികൾ ആദി മോനേ പരതുകയായിരുന്നു…

“ഞാനൊരു കഴിവ് കെട്ടവനല്ലെന്ന് അവൾക്ക് തെളിയിച്ച് കൊടുക്കണം… കുറേ ആയി സഹിക്കുന്നു…” ആദർശ് ദേഷ്യത്തിൽ പറഞ്ഞു…

“ആദീ…. അതിന്… അതിന് നീ എല്ലാം വിളിച്ച് പറയാൻ പോവാണോ…? ആദി മോൻ നിൻ്റെ കുഞ്ഞാണെന്ന് പറയാനാണോ നീ പോകുന്നെ…? അതു കഴിഞ്ഞാൽ എന്താ ഇവിടെ സംഭവിക്കാൻ പോകുന്നതെന്ന് നിനക്ക് ഊഹിക്കാമോ..? നിൻ്റെ ജീവിതം… ഒരു നിമിഷം ചിന്തിക്ക് മോനേ…”

പത്മിനി ആദർശിനെ പറഞ്ഞ് സമാധാനിപ്പിച്ചു…

അമ്മയും മകനും തമ്മിലുള്ള സംഭാഷണം എന്താണെന്നറിയാതെ ഇഷാനി മുകളിൽ നിന്ന് എത്തി നോക്കി…

“ആദീ….മോനേ.. ദേഷ്യത്തിൽ എല്ലാം വിളിച്ചു പറഞ്ഞാൽ നഷ്ടം നിനക്ക് മാത്രമാ… ഒന്നും പറയല്ലേടാ…”

പത്മിനി കെഞ്ചി…

“എനിക്ക് ഭ്രാന്ത് പിടിക്കുന്നമ്മേ….” ആദർശ് കോപം നിയന്ത്രിച്ചു കൊണ്ട് പറഞ്ഞു…

“മോനേ… നീയൊന്ന് ശാന്തമാവൂ… എന്നിട്ട് സമാധാനത്തോടെ ചിന്തിക്ക്… ഇപ്പോഴത്തെ ദേഷ്യത്തിൽ നിൻ്റെ നാവിൽ നിന്ന് തന്നെ വല്ലോം പുറത്തു പോയാൽ നീ ധാനിയെ ഉപേക്ഷിച്ചതും ഇഷാനിയുമായുള്ള വിവാഹം നടത്തിയതും ഒക്കെ വെറുതെ ആയി പോവും.. ഇഷാനിയെ എന്തെങ്കിലും പറഞ്ഞ് സമാധാനിപ്പിക്കാൻ ഉള്ളതിന് പകരം നീ ആയി തന്നെ നിൻ്റെ കുഴി തോണ്ടാൻ പോവാണോ…? ദേഷ്യത്തിൽ പറഞ്ഞ് പോകുന്ന വാക്കുകൾ പിന്നീട് തിരിച്ചെടുക്കാൻ പറ്റില്ല…”

പത്മിനി പറയുന്നതൊക്കെ ശരിയാണെന്ന് ഒരു മാത്ര ആദർശിനും തോന്നി…

തന്നെ ഭ്രാന്ത് പിടിപ്പിച്ച് സത്യങ്ങളെല്ലാം തൻ്റെ നാവിൽ നിന്ന് തന്നെ ഇഷാനിയെ അറിയിക്കാൻ ശ്രമിക്കുന്ന റയാൻ്റെ ബുദ്ധി അപാരം…. ആദർശ് കോപത്തോടെ ഓർത്തു..

ഇഷാനി ദേഷ്യത്തിൽ താഴേക്ക് ഇറങ്ങി വന്നു….

“എവിടെ ആദീ തൻ്റെ തെളിവ്..?” ഇഷാനി ചോദിച്ചു..

“മോളെ അതവൻ ദേഷ്യത്തിൽ എന്തോ പറഞ്ഞ് പോയതല്ലേ… നീ അങ്ങ് ക്ഷമിച്ചേക്കൂ… നിങ്ങൾക്ക് എത്രയും പെട്ടെന്ന് കുട്ടികൾ ഉണ്ടാവും മോളെ… അമ്മ വഴിപാടൊക്കെ നേർന്നിട്ടുണ്ട്…

വൈകാതെ കുഞ്ഞുങ്ങൾ ഉണ്ടാവും… നീ കുറച്ച് നാൾ കൂടി കാത്തിരിക്ക്… വെറുതെ എന്തിനാ എൻ്റെ കുട്ടികൾ പരസ്പരം അടി കൂടുന്നത്…?” ഇഷാനിയുടെ മുടിയിൽ തഴുകി കൊണ്ട് പത്മിനി വാത്സല്യത്തോടെ പറഞ്ഞതും അവളുടെ ദേഷ്യം കെട്ടടങ്ങി…

“ഇങ്ങനെ ഒന്നും രണ്ടും പറഞ്ഞ് തല്ല് കൂടാതെ നിങ്ങൾക്ക് പുറത്തൊക്കെ ഒന്ന് പോയി ചുറ്റിയിട്ട് വന്നൂടെ… ആദിക്ക് ഇത്തിരി ദേഷ്യം കൂടുതലാ… അത്രേയുള്ളൂ… മനസ്സ് കൊണ്ട് ശുദ്ധനാ…

രണ്ട് പേരും ഇങ്ങനെ വഴക്കിട്ടാൽ അമ്മയ്ക്കും അച്ഛനും അത് സഹിക്കാൻ പറ്റുമോ…? എൻ്റെ മോള് നല്ല കുട്ടിയല്ലേ… നീയും ഇവനെ പോലെ തുടങ്ങിയാലോ..?

പിന്നെ കുറച്ച് നാളല്ലേ ആയുള്ളൂ നിങ്ങളുടെ കല്ല്യാണം കഴിഞ്ഞിട്ട്… ഡോക്ടറെ ഒന്നും പോയി കാണാൻ ഉള്ള സമയം ആയിട്ടില്ല… അതിന് സമയം ആകുമ്പോൾ ആദി തന്നെ മുൻകൈ എടുത്തോളും… ഇപ്പം രണ്ട് പേരും വഴക്കൊക്കെ മതിയാക്കി പുറത്തേക്കൊക്കെ ഒന്ന് പോയിട്ട് വാ…

മനസ്സ് ശാന്തമാവുമ്പോൾ രണ്ട് പേർക്കും തോന്നും വെറുതെ വഴക്കിടണ്ടായിരുന്നു എന്ന്… മോളെ ദേഷ്യം വരുമ്പോൾ നമ്മൾ അറിയാതെ എന്തേലും പറഞ്ഞ് പോവും.. പിന്നീട് അതോർത്ത് നമ്മൾ തന്നെ ദുഖിക്കേണ്ടി വരും… ”

പത്മിനി ഇഷാനിയോട് പറഞ്ഞു..

അതൊക്കെ കേട്ടതും ഇഷാനിയുടെ മിഴികൾ അവൾപ്പോലും അറിയാതെ നിറഞ്ഞു…

ആദർശ് എല്ലാം കേട്ട് എങ്ങോട്ടോ മിഴികൾ പായിച്ച് നിന്നു…

“സോറി ആദീ… ഞാനറിയാതെ പറഞ്ഞ് പോയതാ…” ഇഷാനി ആദർശിൻ്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും പത്മിനി ഒരു ചിരിയോടെ നടന്നകന്നു…

“എന്നോട് ദേഷ്യമാണോ ആദിക്ക്..? ഞാൻ കുട്ടികൾ ഉണ്ടാവാത്ത സങ്കടത്തിൽ പറഞ്ഞത് പോയതല്ലേ… ആദി മോനേ കാണുമ്പോൾ കാണുമ്പോൾ എനിക്കങ്ങ് സങ്കടം വരുവാ ആദീ….”

ഇഷാനി വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞതും ആദർശ് ദേഷ്യം മറന്ന് അവളെ ചേർത്ത് പിടിച്ചു…

അമ്മ കൃത്യസമയത്ത് തന്നെ തടഞ്ഞത് നന്നായി… അല്ലായിരുന്നെങ്കിൽ ഒരു ഭൂകമ്പം ഉണ്ടായേനേം… അവളുടെ മുടിയിഴകളിൽ തഴുകിക്കൊണ്ട് ആദർശ് ഓർത്തു…

ഇന്നത്തെ ദിവസം ഇനീം ഇതേ പറ്റി പറയണ്ട…

നാളെ വീണ്ടും പറഞ്ഞ് നോക്കാം… അവൻ്റെ നെഞ്ചോട് ചേർന്ന് നിന്നു കൊണ്ട് ഇഷാനി ഓർത്തു..

❤❤❤❤❤❤❤❤❤❤❤❤

“ധാനീ…. ധാനീ.. ഞാൻ ആദി മോനേ മുറിയിൽ കൊണ്ടു പൊയ്ക്കോട്ടെ…?”

കുഞ്ഞിനെ മടിയിൽ ഇരുത്തിക്കൊണ്ട് ഇഷാനി ധാനിയോട് ചോദിച്ചു…

“വേണ്ട… ഏട്ടത്തീ…”

ധാനി ഒരു ചിരിയോടെ തലയനക്കിയതും റയാൻഷ് അത് പറഞ്ഞതും ഒരുമിച്ചായിരുന്നു…

ഇഷാനി പ്രതീക്ഷയോടെ റയാൻഷിൻ്റെ മുഖത്തേക്ക് വീണ്ടും നോക്കി….

“അത് വേണ്ട ഏട്ടത്തീ… റൂമിൽ കൊണ്ട് പോകണ്ട….” റയാൻഷ് പറഞ്ഞു…

“അതെന്താ റയാൻ…? എന്തേലും പ്രോബ്ലം ഉണ്ടോ..?” ഇഷാനി ചോദിച്ചു…

“ഉണ്ടെന്ന് കൂട്ടിക്കോളൂ ഏട്ടത്തീ….”

റയാൻഷ് അതും പറഞ്ഞ് കുഞ്ഞിനെ ഇഷാനിയുടെ കരങ്ങളിൽ നിന്നും വാങ്ങി…

ഇഷാനിക്കത് വല്ലാത്ത സങ്കടം ആയി… അവൾ ഒന്നും മിണ്ടാതെ നിറമിഴികളോടെ മുറിയിലേക്ക് നടന്നു….

ആദർശ് മുറിയിലേക്ക് വന്നതും ബെഡിൽ കമഴ്ന്നു കിടക്കുന്ന ഇഷാനിയെയാണ് കാണുന്നത്…

സമയം കുറേ കഴിഞ്ഞിട്ടും ഇഷാനി അതേ കിടപ്പ് കിടക്കുന്നത് കണ്ട് ആദർശ് അവളെ വിളിച്ചു നോക്കി

കലങ്ങിയ മിഴികളോടെ അവൾ ആദർശിനെ ഒന്ന് നോക്കിയതിന് ശേഷം പരിഭവത്തോടെ മുഖം തിരിച്ചു…

“ഇപ്പോൾ എന്താ ഇഷാനീ നിൻ്റെ പ്രശ്നം..?” ആദർശ് ചോദിച്ചു….

“എനിക്ക് എപ്പോഴും ഒരു പ്രശ്നമേ ഉള്ളൂ ആദി… എനിക്കൊരു കുഞ്ഞിനെ വേണം… തനിക്കത് തരാൻ പറ്റുമോ..?” അവൾ സങ്കടവും കോപവും ഇടകലർന്ന സ്വരത്തിൽ ചോദിച്ചു…

“ഇഷാനി നിനക്ക്… നിനക്ക് ഇതല്ലാതെ മറ്റൊന്നും എൻ്റടുത്ത് പറയാൻ ഇല്ലേ…? ഈയിടെയായി നീ വാ തുറന്നാൽ ഇത് മാത്രമാണല്ലോ പറയാറ്… ഇതും ഓർത്ത് ഏത് നേരവും നീ സങ്കടപ്പെട്ട് ഇരുന്നോണ്ട് എന്താ പ്രയോജനം…? Be practical…”

“എനിക്ക് പറ്റുന്നില്ല… ആദിയുടെ അത്രയും പ്രാക്ടിക്കൽ ആവാൻ… തൻ്റെ മനസ്സിൻ്റെ അത്രയും കട്ടിയൊന്നും എൻ്റെ മനസ്സിനില്ല… തനിക്കൊരു സങ്കടവും ഇല്ലേ ആദി നമ്മുക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതിൽ…?”

“ഇഷാനീ… ഞാൻ സങ്കടപ്പെട്ടോണ്ട് ഇരുന്നാൽ നമ്മുക്ക് കുഞ്ഞുങ്ങൾ ഉണ്ടാവുമോ..? ങേ…?

തത്കാലം നീ ഈ വിഷയം വിട്… കുറച്ച് മുമ്പേ അമ്മ നിന്നെ പറഞ്ഞത് സമാധാനിപ്പിച്ചത് അല്ലേ…?

പിന്നെ പെട്ടെന്നെന്ത് പറ്റി..?”

“അത്… അതൊന്നും ഇല്ല ആദീ.. ഞാൻ വെറുതെ ഓർത്തപ്പോൾ വീണ്ടും സങ്കടമായി….” ഇഷാനി ഇടറുന്ന സ്വരത്തിൽ പറഞ്ഞു..

“ഇനീം അതോർക്കണ്ട… എല്ലാം ശരിയാവും…”

ആദർശ് അവളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..

ഇതിപ്പോൾ വല്ലാത്ത കഷ്ടം ആണല്ലോ.. എത്ര നാൾ ഇഷാനിയെ പറഞ്ഞിങ്ങനെ സമാധാനിപ്പിച്ച് നിർത്താൻ പറ്റും..? എനിക്ക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ വേണം… ഇഷാനി പറഞ്ഞ് പറഞ്ഞ് ഇപ്പോൾ ഒരു കുഞ്ഞിനെ താലോലിക്കാൻ എനിക്കും തോന്നുന്നുണ്ട്… വല്ലാത്ത സങ്കടവും നിരാശയും ഒക്കെ തോന്നുന്നു കുട്ടികൾ ഇല്ലാത്തതിൽ… ആദർശ് സങ്കടത്തോടെ ചിന്തിച്ചു…

❤❤❤❤❤❤❤❤❤❤❤❤

റയാൻഷിൻ്റെ മടിയിലായി ആദി മോൻ സ്ഥാനമുറപ്പിച്ചിട്ടുണ്ട്…

മുന്നിൽ ഇരിക്കുന്ന ഒരു വാരിക തുറന്ന് വെച്ച് അതിലെ താളുകൾ മറിച്ചു കൊണ്ട് ചിത്രങ്ങൾ കാണുകയാണ് ആദി മോൻ…

അതിൽ ഇഷ്ടപ്പെട്ടത് എന്തേലും കണ്ടാൽ ഉടനെ അവൻ റയാൻഷിൻ്റെ ഷർട്ടിൽ പിടിച്ച് ഒറ്റ വലിയാണ്…

താളുകൾ മറിച്ചതും അതിലെ പേജിൽ കണ്ട ഒരു വക്കീലിൻ്റെ ചിത്രത്തിൽ അവൻ്റെ മിഴികൾ ഉടക്കി.. ആദി മോൻ ആഹ്ലാദത്തിൽ കൈകൾ കൊട്ടി…

“അ… ച്ഛാ… ച്ഛാ…” റയാൻഷിനെ മുറുകെ പിടിച്ചു കൊണ്ട് അവൻ ആ വക്കീലിൻ്റെ ചിത്രം കാണിച്ചു.. റയാൻഷിൻ്റെ മനസ്സിലൂടെ ഒരു വേള എന്തോ കടന്ന് പോയി…

“ആദിക്കുട്ടാ അത് വേണ്ട… നമ്മുക്ക് വേറെ പടം നോക്കാം…” അതും പറഞ്ഞ് റയാൻഷ് ചിരിയോടെ ഒരു ഡോക്ടറുടെ ചിത്രം കാട്ടി കൊടുത്തു…

പക്ഷേ ആദി മോന് അത് ഇഷ്ടമായില്ല…

“ച്ഛാ…!!” അവൻ മുഖം വീർപ്പിച്ച് റയാൻഷിനെ നോക്കി… അവൻ വീണ്ടും പേജ് മറിച്ച് ആ വക്കീലിൻ്റെ ചിത്രത്തിൽ തന്നെ മിഴികൾ നട്ടു…

ഇതിങ്ങനെയേ വരൂ… കുഞ്ഞിൻ്റെ തലയിൽ പതിയെ തലോടിക്കൊണ്ട് റയാൻഷ് ഓർത്തു…

“മോൻ ഇവിടിരി… അച്ഛൻ ഇപ്പോൾ വരാം…”

റയാൻഷ് അതും പറഞ്ഞ് പതിയെ എഴുന്നേറ്റു…

ഹോസ്പിറ്റലിൽ പോകേണ്ട അത്യാവശ്യം ഉണ്ടായിരുന്നതിനാൽ ധാനിയോട് പറഞ്ഞിട്ട് റയാൻഷ് പുറത്തേക്ക് ഇറങ്ങി…

പുറത്ത് എവിടെയോ പോയിട്ട് ധൃതിയിൽ അകത്തേക്ക് കടന്ന് വന്ന ആദർശ് കാണുന്നത് ഹാളിൽ ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ ആണ്…

അവൻ്റെ മിഴികൾ വിടർന്നു…

എൻ്റെ മോൻ… എന്നെ പോലെ തന്നെയുള്ള മോൻ… എനിക്കൊരു കുഞ്ഞിനെ തരാൻ ഇഷാനിക്ക് കഴിയില്ല… പക്ഷേ എനിക്ക് മോനുണ്ടല്ലോ… പിന്നെന്താ പ്രശ്നം..? ഇഷാനിയെ പോലെ കുട്ടികൾ ഇല്ലാത്തതിന് ഞാൻ എന്തിന് വിഷമിക്കണം..?

ആദർശ് അതും ഓർത്ത് കുഞ്ഞിൻ്റെ അടുത്തേക്ക് നടന്ന് കുഞ്ഞിനെ കൈകളിൽ കോരി എടുത്തു…

ആ റയാൻ ആരാ എൻ്റെ കുഞ്ഞിനെ എൻ്റെ കൈയ്യിൽ നിന്നും എടുത്തോണ്ട് പോവാൻ…?

ആദർശ് ദേഷ്യത്തോടെ ഓർത്തു…

“മോനേ… ആദി മോനേ… അച്ഛൻ്റെ മോനേ…”

ആദർശ് കുഞ്ഞിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു…

കുഞ്ഞ് ആദർശിനെ നോക്കി ചിരിച്ചു… അവൻ്റെ നെഞ്ചോട് ചേർന്നിരുന്നു…

“അച്ഛൻ്റെ വാവേ….” ആദർശ് കുഞ്ഞിനെ തുരുതുരെ ചുംബിച്ചു…

കുഞ്ഞിന് കഴിക്കാനായി പാലടയും ആയി വന്ന ധാനി ആ കാഴ്ച കണ്ടു സ്തംഭിച്ച് നോക്കി…

അവൾക്ക് തൻ്റെ നേത്രങ്ങളെ വിശ്വസിക്കാൻ ആയില്ല…

മുഖമുയർത്തി നോക്കിയതും തന്നിൽ തന്നെ മിഴികൾ നട്ട് നില്ക്കുന്ന ധാനിയെ കണ്ടതും ആദർശും സ്തംഭിച്ചു… യാന്ത്രികമായി തന്നെ അവൻ ആദി മോനെ താഴേക്ക് വെച്ചു….

ധാനി നിർവികാരതയോടെ മുഖം തിരിച്ചു…

ക്ഷണ വേഗത്തിൽ ഉള്ളിൽ ഉരുണ്ടു കൂടിയ വികാരം എന്തെന്നറിയാതെ ആദർശ് മുറിയിലേക്ക് നടന്നു…

പക്ഷേ ആദർശ് പോകും വഴിയെ നോക്കി നില്ക്കുന്ന കുഞ്ഞിനെ കണ്ടതും ധാനിക്ക് എന്തിനെന്നറിയാതെ വല്ലാത്ത വേദന തോന്നി…

“മോ..നേ…”

ഇടറുന്ന സ്വരത്തിൽ ധാനി വിളിച്ചതും കുഞ്ഞ് ആഹ്ലാദത്തോടെ അവളുടെ അരികിലേക്ക് നടന്നു…

❤❤❤❤❤❤❤❤❤❤❤

ബാൽക്കണിയിൽ ചെന്ന് നിന്നു കൊണ്ട് ആദർശ് ആ കൈവരികളിൽ മുറുകെ പിടിച്ചു… തനുവാകെ തഴുകി തലോടുന്ന ഇളം കാറ്റിന് ഉള്ളിലെ കനലണയ്ക്കാൻ ആയില്ല…ഉള്ളിൽ കുറ്റബോധത്തിൻ്റെ തിരമാലകൾ അലയടിക്കുന്നത് പോലെ അവന് തോന്നി… പശ്ചാതാപത്തിൻ്റെ നേരിയ കണികകൾ തന്നിൽ ഉടലെടുത്തുവോ…?

അതോ റയാൻഷിൻ്റെ വാചകങ്ങൾ മനസ്സിനെ ചുട്ടുപൊള്ളിക്കുന്നതോ..? താൻ മനസ്ഥാപിക്കേണ്ട ആവശ്യം ഉണ്ടോ..? സാഹചര്യം…!!

അതേ… കുറ്റം സാഹചര്യത്തിൻ്റേതായിരുന്നു…

ധാനിയോട് അങ്ങനെ ഒക്കെ ചെയ്യണമെന്ന് താൻ മുൻകൂട്ടി തിരുമാനിച്ചിരുന്നതായിരുന്നോ…?

ഒരിക്കലും അല്ല… തൻ്റെ സാഹചര്യങ്ങൾ മാത്രമല്ലേ തന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിപ്പിച്ചത്..? റയാൻഷ് പറയുന്നത് കേട്ടാൽ താൻ മനപൂർവ്വം എല്ലാം ചെയ്തു കൂട്ടിയത് പോലെ ആണല്ലോ.. അവന് ധാനിയെ മുൻപേ ഇഷ്ടമായിരുന്നെങ്കിൽ ഞങ്ങളുടെ വിവാഹം അവൻ എന്തു കൊണ്ട് തടഞ്ഞില്ല..? അമ്മയല്ലേ ഞാൻ വിസമ്മതിച്ചിട്ടും ധാനിയെ വിവാഹം കഴിക്കാൻ എന്നെ നിർബന്ധിച്ചത്..? സ്വബോധത്തോടെ ഞാൻ മറ്റൊരർത്ഥത്തിൽ ധാനിയെ ഒന്ന് നോക്കീട്ട് കൂടി ഇല്ല…

ബോധമില്ലാതെ ഞാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചെങ്കിൽ അവൾക്കെന്നെ എതിർക്കാമായിരുന്നില്ലേ..? എൻ്റെ മുറിയിൽ ഞാനവളെ കയറ്റില്ലെന്ന് പറഞ്ഞിട്ടും അച്ഛനല്ലേ അവളെ അങ്ങോട്ട് അയച്ചത്…?

പിന്നെ… പിന്നെ… കുറ്റം മുഴുവൻ എങ്ങനെ എൻ്റേതാവും…? എല്ലാവരും കുറ്റക്കാരാണ്…

റയാനും അമ്മയും ധാനിയും… അച്ഛനും…

അങ്ങനെ എല്ലാവരും…

സ്വയം ന്യായീകരിക്കാൻ കണ്ടെത്തിയ കാരണങ്ങളാൽ അറിയാതെയെങ്കിലും ഉള്ളിൽ കടന്ന് കൂടിയ പശ്ചാതാപം ആദർശിൻ്റെ ഉള്ളിൽ നിന്നും തൂത്തെറിയപ്പെട്ടു…

ഒരു കാര്യം ഞാൻ തീരുമാനിച്ചു…എൻ്റെ മോനേ ഞാൻ ഇനിയും എടുക്കും.. റയാനെന്നല്ല ആരാ അത് തടയുന്നതെന്ന് എനിക്ക് കാണണം.. ആദർശ് ഓർത്തു..

❤❤❤❤❤❤❤❤❤

കുഞ്ഞിനെ മടിയിൽ വെച്ച് ധാനി പടിക്കെട്ടുകളിൽ ഇരിക്കുകയാണ്…

“വയറ് നിറഞ്ഞോ മോന്..?” കഴിച്ചു കഴിഞ്ഞ കുഞ്ഞിൻ്റെ മുഖം തുടച്ചു കൊണ്ട് ധാനി ചോദിച്ചു…

ആദി മോനാണെങ്കിൽ ധാനിയുടെ മുടിയിഴകളെ വിരലിൽ കോർത്ത് വലിക്കുകയാണ്… ഇടയ്ക്കിടെ തല നോവുമ്പോൾ ധാനി ആ ഇളം റോസ് നിറമുള്ള കുഞ്ഞി വിരലുകളെ പതിയെ വേർപ്പെടുത്തും… പക്ഷേ വീണ്ടും കുഞ്ഞ് അത് തന്നെ ആവർത്തിക്കും… എപ്പോഴും എന്തേലും ചെയ്തു കൊണ്ടിരിക്കണം… ബഹളം ഒന്നും ഇല്ലെങ്കിലും അടങ്ങി ഇരിക്കില്ല… നടന്ന് നടന്ന് ഓരോ മുറിയിലും കയറണം… കൈകൾ കൊണ്ട് എന്തേലും പരതണം… പിന്നെ അതിനെ കൗതുകത്തോടെ വീക്ഷിക്കുകയാണ് കുഞ്ഞിൻ്റെ ഹോബി..

“അമ്.. മ്മേ…”

“എന്താടാ വാവേ..?” ധാനി വാത്സല്യത്തോടെ ചോദിച്ചു…

“അ…ച്ഛൻ… ച്ഛൻ..”

“അച്ഛനിപ്പോൾ വരും…” ധാനി ചിരിയോടെ പറഞ്ഞതും ദൂരെ നിന്നും നടന്ന് വരുന്ന ആദർശിനെ ആണവൾ കാണുന്നത്… അവൾ മനപൂർവ്വം തന്നെ അവനെ ശ്രദ്ധിക്കാതെ കുഞ്ഞിനെ മാത്രം നോക്കിയിരുന്നു… അവൻ നടന്നടുക്കുന്നത് തങ്ങളിലേക്കാണെന്നത് ധാനിയിൽ ഞെട്ടലുണ്ടാക്കി…ധാനി വല്ലാത്ത ഭീതിയിൽ കുഞ്ഞിനെ തൻ്റെ നെഞ്ചോടുക്കി പിടിച്ചു..

ആദർശിൻ്റെ മുഖത്തെ ഗൗരവം മാറി വാത്സല്യം നിറയുന്നത് അവൾ ശ്രദ്ധിച്ചില്ല… ആദർശിൻ്റെ കരങ്ങൾ യാന്ത്രികമായി ധാനിയുടെ നെഞ്ചോട് ചേർന്നിരിക്കുന്ന കുഞ്ഞിലേക്ക് നീണ്ടു… മിഴികൾ ആദി മോനിൽ മാത്രമായി ചുരുങ്ങി… കുഞ്ഞിൻ്റെ കരങ്ങളും ആദർശിന് നേരെ നീണ്ടു…

പക്ഷേ ധാനിയുടെ കരങ്ങൾ അവൾ പോലും അറിയാതെ കുഞ്ഞിനെ ഇറുകെ പിടിച്ചു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : ഭാഗ്യലക്ഷ്മി