അറിയാതെ, തുടർക്കഥ, ഭാഗം 48 വായിക്കുക…

രചന : Thasal

“ന്തേ വയ്യേ… നിനക്ക്…. ”

ബെഡിൽ ഒതുങ്ങി കൂടിയ നിലയെ കണ്ടു ഹർഷൻ ചോദിച്ചതും നില മെല്ലെ എഴുന്നേൽക്കാൻ ശ്രമിച്ചു.

“അച്ചേട്ടൻ വന്നോ…. ”

ഹർഷൻ അപ്പോൾ തന്നെ അവളെ പിടിച്ചു വെച്ചു

“എണീക്കണ്ട കൊച്ചേ…. ക്ഷീണം ഉണ്ടോ… ”

“മ്മ്മ്ഹും…. അമ്മ നിർബന്ധിച്ചു കിടത്തിയതാ… ഉറക്കം പോകണ്ട എന്ന് പറഞ്ഞു…. ”

അവൾ ചുണ്ട് പിളർത്തി കൊണ്ട് പറയുമ്പോൾ അവൻ ചെറുതിലെ ഒന്ന് പുഞ്ചിരി… നിലക്ക് മാസം അഞ്ച് തികഞ്ഞു… നെഞ്ചിടിപ്പോടെ കടന്നു പോകുന്ന ദിവസങ്ങൾ… കുഞ്ഞ് പ്രതികരിക്കാൻ തുടങ്ങുന്ന മാസം…ഇടയ്ക്കിടെ കുഞ്ഞ് ഇളകുന്നുണ്ടോ എന്ന് അമ്മ ചോദിക്കുമ്പോൾ ഇല്ല എന്നൊരു മറുപടി അവൾക്ക് പേടി സമ്മാനിച്ചിരുന്നു…

“ന്ന… നീ കിടന്നോ… ഞാൻ ഒന്ന് മേല് കഴുകീട്ടു വരാം… ”

അവൻ അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് പറഞ്ഞതും അവൾ വേണ്ടാ എന്നർത്ഥത്തിൽ തലയാട്ടി കൊണ്ട് അവന്റെ കയ്യിനെ പൊതിഞ്ഞു പിടിച്ചു…

“കൊച്ചേ…വിയർപ്പുണ്ട്….. ഇതിന്റെ പേരിൽ ആകും അടുത്ത ശർദ്ധി… ”

“നിക്ക് ഇഷ്ടവാ…. ”

അവളോട്‌ തർക്കിക്കാൻ ആകില്ല…ചെറിയ ചെറിയ ഇഷ്ടങ്ങൾ അറിയിക്കുമ്പോൾ അതിനു സമ്മതം മൂളുകയല്ലാതെ… അവൻ പിന്നേ അതിനൊരു എതിർപ്പ് പറയാതെ അവൾക്ക് അടുത്തായി കയറി കിടന്നു… അവളും അവന്റെ കയ്യിൽ ആയി തല വെച്ചു കിടന്നു…

“അച്ചേ…ട്ടാ… ”

ഇടക്ക് വയറിൽ കൈ വെച്ചു കൊണ്ട് അവൾ വിളിക്കുമ്പോൾ അവൻ ഞെട്ടി എഴുന്നേറ്റിരുന്നു..

“ന്താ…ന്താ പറ്റിയെ… ”

അവൻ ആധിയോടെ അവളെ നോക്കി.. അവളും അവനോടൊപ്പം എഴുന്നേറ്റു ഇരുന്നിരുന്നു…

“വാവ ഇളകിന്ന് തോന്നുന്നു…

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…

അവനിൽ ആദ്യം ഒരു തരിപ്പ് ആയിരുന്നെങ്കിൽ പിന്നെ അതൊരു സന്തോഷത്തിലേക്ക് വഴി മാറി

“ശരിക്കും ഇളകിയോ കൊച്ചേ… ”

അവൻ ആവേശത്തോടെ അവളുടെ വയറിൽ കൈ ചേർത്ത് കൊണ്ട് ചോദിച്ചു…

“ഇപ്പൊ ഇളകി അച്ചേട്ടാ… ശരിക്കും… നിക്ക് അറിയുന്നുണ്ട്…. വാവേന്ന് വിളിച്ചേ അച്ചേട്ടാ. ”

അവൾ പറയുന്നതിനോടൊപ്പം കരയുന്നുമുണ്ടായിരുന്നു… അവൻ പുഞ്ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് മെല്ലെ കുനിഞ്ഞു വീർത്ത വയറിലും ചുണ്ടുകൾ ചേർത്തു…

അവൻ അറിയുന്നുണ്ടായിരുന്നു ഇക്കിളിപ്പെടുത്തും രീതിയിൽ ചെറുതിലെ ഉള്ള കുഞ്ഞിന്റെ ഇളക്കം.

“വാവേടെ അച്ഛയാണ് ട്ടോ… ”

നില പോലും കേൾക്കാത്ത രീതിയിൽ കുഞ്ഞിനെ കൊഞ്ചിക്കുമ്പോൾ നിലയുടെ വിരലുകൾ അവന്റെ മുടിയിൽ തലോടി നീങ്ങി…

❤❤❤❤❤❤❤❤❤❤❤

മാസങ്ങൾ ചെല്ലും തോറും നിലയുടെ വയറും ഏറി വന്നു…. ഏഴാം മാസം വീട്ടിലേക്ക് കൊണ്ട് പോകാൻ അച്ഛനും അമ്മക്കും ആഗ്രഹം ഉണ്ടായിരുന്നു എങ്കിൽ പോലും അവളുടെ ആഗ്രഹം അറിഞ്ഞ പോലെ ആരും അവളെ നിർബന്ധിച്ചില്ല….

ഒരു കണക്കിന് ഹർഷനും അതൊരു ആശ്വാസം ആയിരുന്നു… ഇടക്കുള്ള നിലയുടെ താമസിക്കാൻ ഉള്ള പോക്ക് പോലും അവനിൽ വല്ലാത്തൊരു ആധിയായിരുന്നു….

അവളുടെ വീട്ടിൽ ആണ്… അവളുടെ അമ്മ കൂടെ ഉണ്ടെങ്കിൽ കൂടി എന്തോ താൻ നൽകുന്ന ശ്രദ്ധ അവിടെ കിട്ടുമോ എന്നൊരു ആധി…

മാസം ഒൻപതു തികയും വരെ നില ക്ലാസിനുള്ള പോക്കും മുടക്കിയില്ല…. അല്പം ബുദ്ധിമുട്ട് തോന്നി എങ്കിൽ കൂടി അവൾക്ക് വേണ്ടി സഹായങ്ങൾ ചെയ്യാൻ അവിടെ ഒരുപാട് പേർ ഉള്ളത് ഒരു ആശ്വാസം തന്നെ ആയിരുന്നു…

കൂടെ തന്നെ സ്നേഹം കൊണ്ട് പൊതിയാൻ ചുറ്റും ഒരുപാട് പേരും….മാസം ചെല്ലും തോറും വീട്ടിൽ കുഞ്ഞിന് വേണ്ടി ഉള്ളതെല്ലാം ഒരുങ്ങി തുടങ്ങിയിരുന്നു….അത് പാടില്ല എന്ന് പറഞ്ഞു അമ്മ എതിർത്തപ്പോഴും ഹർഷൻ അമ്മ കാണാതെ തന്നെ പിന്നെയും ഓരോന്ന് വാങ്ങി വരും….

രാത്രി ഏറെ വൈകിയാലും കുഞ്ഞിനോട് സംസാരിച്ചും സ്വയം പരിജയപ്പെടുത്തി കൊടുത്തും…

തന്റെ കൊച്ചിനെ പറ്റി പറഞ്ഞും…

എല്ലാം സമയം കളയുന്നവനെ കാണും തോറും നിലയുടെ ഉള്ളിൽ പ്രണയവും വാത്സല്യവും ഒരുപോലെ നിറഞ്ഞു…

ഇടക്ക് വേദന ഏറുമ്പോൾ കണ്ണുനീർ പിടിച്ചു നിരത്താൻ കഴിയാത്ത അവളെ തന്നിലെക്ക് ചേർത്ത് അണച്ചും ഉറക്കം പോലും അവഗണിച്ചു കൂട്ടിരുന്നും അവൻ നല്ലൊരു ഭർത്താവ് ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയായിരുന്നു….

“ഇനി നടക്കാൻ വയ്യ അച്ചേട്ടാ….നമുക്ക് തിരിച്ചു പോകാം… ”

വീർത്ത വയറിൽ കൈ ചേർത്ത് വെച്ചു കൊണ്ട് നില പറയുമ്പോൾ ഹർഷൻ പുഞ്ചിരിച്ചു കൊണ്ട് മെല്ലെ അവളുടെ കയ്യിൽ പിടിച്ചു തിരികെ നടന്നു

“അച്ചേട്ടാ…. ”

ഇടക്ക് അവളുടെ വിളി കേൾക്കുന്നുണ്ടായിരുന്നു….

“വല്ല വേണ്ടാത്ത ചോദ്യങ്ങൾ ആണെങ്കിൽ വേണ്ടാ കൊച്ചേ….”

ഒൻപതാമാസം കടന്നത് മുതൽ പലപ്പോഴായി അവളിൽ പേടി മുറുകുമ്പോൾ പുറമെ വരുന്നത് വേണ്ടാത്ത ചോദ്യങ്ങൾ ആകും… വാവ വരുന്നു എന്ന സന്തോഷത്തോടൊപ്പം എന്തോ പേടിയും അവളെ കീഴ്പെടുത്തിയിരുന്നു….

അല്ലെങ്കിലും അത് അങ്ങനെ ആണല്ലോ… മനുഷ്യൻ എന്നും ഭയപ്പെടുന്നത് അനുഭവിക്കാത്ത വേദനകളെയും കാണാത്ത വസ്തുക്കളെയുമാകും…

അവന്റെ വാക്കുകൾ കേട്ടു അവൾ സൈലന്റ് ആയി…

“എന്തിനാടി കൊച്ചേ വേണ്ടാത്ത ഓരോന്ന് ആലോചിച്ചു കൂട്ടുന്നേ…. ”

അവളുടെ ഉള്ളിലെ കുഞ്ഞ് സങ്കടം അറിഞ്ഞ പോലെ ആയിരുന്നു അവന്റെ ചോദ്യം.. അവളും മുഖം ഉയർത്തി അവനെ നോക്കി…

“ഞാൻ കാരണം അച്ചേട്ടനും സങ്കടം ആകുന്നുണ്ടല്ലേ… ”

ചോദ്യത്തിന് ബധിൽ മറു ചോദ്യം…. ഹർഷൻ ഒന്ന് പുഞ്ചിരിച്ചു… ഉള്ളിലെ ടെൻഷൻ അവൾക്ക് മുന്നിൽ നിന്നും മറച്ചു കൊണ്ട് തന്നെ…

“നിന്റെ വട്ട് കേട്ടു ഞാൻ സങ്കടപ്പെടാനോ….

കുറച്ചു ദിവസം കഴിഞ്ഞ വാവ ഇങ്ങ് വരും…

അതിന്റെ സന്തോഷത്തിലാ ഞാൻ… ”

അവൻ പുഞ്ചിരിയോടെ പറയുമ്പോൾ അവളുടെ ചുണ്ടിലും പുഞ്ചിരി തങ്ങി…

“വാവ മിണ്ടാപൂച്ചയാകൊ കൊച്ചേ…. ”

ഇടക്ക് തമാശ പോലെ അവൻ ചോദിക്കുമ്പോൾ അവൾ ചെറുതിലെ അവനോട് ചാരി നിന്നു…

“അച്ചേട്ടനെ പോലെ ആയാൽ മതി…”

അവളും കുറുമ്പോടെ പറഞ്ഞു… അവനും ഒന്ന് പുഞ്ചിരിച്ചു….

എത്ര പെട്ടെന്ന് ആണ് ജീവിതം തന്നെ മാറി മറിയുന്നത്… ഒരിക്കലും ജീവിതത്തിൽ ലഭിക്കില്ല എന്ന് കരുതിയ തന്റെ പ്രണയം തന്നിലേക്ക് തന്നെ വന്നു ചേർന്നു…. ഇന്ന് അവൾ തന്റെ രക്തത്തേ ഉദരത്തിൽ ചുമക്കുന്നു…

ഒന്നും പറയാതെ ആരെയും അറിയിക്കാതെ സ്വന്തമാകുമോ എന്ന് പോലും ഉറപ്പ് ഇല്ലാതെ പ്രണയിച്ചതാണ്…. പക്ഷെ…. ഇന്ന് അവൾ ഇല്ലാത്ത ഒരു ജീവിതം സ്വപ്നം പോലും കാണാൻ കഴിയുന്നില്ല…

❤❤❤❤❤❤❤❤❤❤❤❤

“നില ഹർഷന്റെ ഹസ്ബൻഡ് ആരാ… !!?”

ലേബർ റൂമിന്റെ വാതിൽക്കൽ നിന്ന് കൊണ്ട് നേഴ്സ് ചോദിക്കുമ്പോൾ മുൻപിൽ ഭിത്തിയോട് ചാരി നിന്നിരുന്ന ഹർഷൻ ആധിയോടെ മുന്നോട്ട് ചെന്നു..

“പൈൻ ഒന്നും വന്നിട്ടില്ലാട്ടോ…. കുട്ടിക്ക് നിങ്ങളെ കാണണം എന്ന് പറഞ്ഞു… ”

നേഴ്സ് പറഞ്ഞു ഉള്ളിലേക്ക് പോകുമ്പോൾ ഹർഷനും ആധിയോടെ ഉള്ളിലേക്ക് നടന്നു…

നിലയുടെ കൂടെ കയറ്റിയവർ എല്ലാം പ്രസവിച്ചു കഴിഞ്ഞിരുന്നു…. അത് കൊണ്ട് തന്നേ അവിടെ ആരും ഉണ്ടായിരുന്നില്ല…

ഡേറ്റ് ആയതോടെ അഡ്മിറ്റ് ചെയ്തതാണ്…

പല തവണ ലേബർ റൂമിലേക്ക് കൊണ്ട് പോയി എങ്കിലും തിരികെ റൂമിലേക്ക് തന്നെ കൊണ്ട് വരും

ഹർഷൻ ചെല്ലുമ്പോൾ നില ബെഡിൽ കിടക്കുകയായിരുന്നു… മുഖം കണ്ടാൽ തന്നെ എത്രമാത്രം പേടി അവളിൽ ഉണ്ട് എന്ന് അവന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു.. കൂടെ കൊണ്ട് വന്നവർ എല്ലാം പോയതിന്റെ വെപ്രാളം അവളിൽ ഉണ്ടായിരുന്നു…

“കൊച്ചേ… ”

നെറുകയിൽ കരം പതിപ്പിച്ചു കൊണ്ടുള്ള ആ വിളിയിൽ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു…

“പേടിക്കേണ്ടട്ടോ… അച്ചേട്ടൻ പുറത്ത് തന്നെ ഉണ്ട്… ”

അവൻ വാത്സല്യം നിറച്ചു പറയുമ്പോൾ അവൾ നിറ കണ്ണുകളോടെ മെല്ലെ തലയാട്ടി…

“ഞാൻ കാത്തിരിക്കും…. ന്റെ കൊച്ചിനും നമ്മടെ വാവക്കും വേണ്ടി… ”

നെറുകയിൽ നേർത്ത ചുംബനം നൽകി കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് അവൻ പറയുമ്പോൾ അവളും ആ കൈ പിടിച്ചുയർത്തി അതിൽ ഒന്ന് ചുംബിച്ചു….

അപ്പോഴേക്കും വേറൊരു ഗർഭിണിയെ അങ്ങോട്ട്‌ കൊണ്ട് വന്നതും ഹർഷൻ നിലയുടെ നെറുകയിൽ ഒന്ന് തലോടി കണ്ണുകൾ കൊണ്ട് പുറത്ത് ഉണ്ടാകും എന്ന് കാണിച്ചു പുറത്തേക്ക് നടന്നു…

തിരിഞ്ഞു നടക്കുമ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു… എങ്കിലും പ്രാർത്ഥിച്ചില്ല അവൻ…

കാരണം അവന് ഉറപ്പ് ഉണ്ടായിരുന്നു…അവൾ ഈ കണ്ട വേദന എല്ലാം അനുഭവിക്കുന്നത് ഞങ്ങളുടെ കുഞ്ഞിന് വേണ്ടിയാണ് എന്ന്…

അവൾ തങ്ങൾക്കു വേണ്ടി തിരികെ വരും എന്ന്.

“എന്തായടാ…. ”

അമ്മ അല്പം ആധിയോടെ ഹർഷന്റെ അരികിലേക്ക് വന്നു കൊണ്ട് ചോദിച്ചു…

“പൈൻ വന്നിട്ടില്ല…. ഇന്ന് കൂടെ wait ചെയ്യാം എന്നാണ് ഡോക്ടർ പറയുന്നത്…. ”

അവന്റെ വാക്കുകൾ കേട്ടു അമ്മ അവന്റെ അരികിൽ തന്നെ ഇരുന്നു…

“ന്റെ ഈശ്വരാ… ന്റെ കുട്ടിക്ക്…

“അമ്മാ…. ”

നേർച്ചയാണ് എന്ന് കണ്ടതും ഹർഷൻ കണ്ണുരുട്ടലോടെ വിളിച്ചു.. അതോടെ അമ്മ നിശബ്ദയായി….

ഹർഷന്റെ കണ്ണുകൾ ഓപ്പോസിറ്റ് ഉള്ള കസേരയിൽ ഇരിക്കുന്ന പയ്യനെയും പ്രായം തോന്നുന്ന സ്ത്രീയെയും തേടി പോയി… വെപ്രാളം കണ്ടാൽ തന്നെ അറിയാം നേരത്തെ കൊണ്ട് വന്ന പെൺകുട്ടിയുടെ ആൾക്കാർ ആണെന്ന്…

ആ അമ്മ പ്രാർത്ഥനയിൽ ആണ്… ആ പയ്യൻ ആണെങ്കിൽ ഹർഷനെ പോലെ തന്നെ ഇടക്ക് ഡോറിന് മുന്നിലൂടെ നടന്നും… വെപ്രാളത്തോടെ അമ്മയോട് ആയി എന്തൊക്കെയോ പറഞ്ഞും സമയം തീർക്കുന്നുണ്ട്…..

ഒരു ഫോൺ വന്നപ്പോൾ ആണ് ഹർഷൻ അവരിൽ നിന്നും നോട്ടം മാറ്റിയത്…

“ചെക്കൻ ആണ്… ”

ഫോണിലേക്ക് നോക്കി അമ്മയോട് ആയി പറഞ്ഞു കൊണ്ട് അവൻ മെല്ലെ അവിടെ നിന്നും എഴുന്നേറ്റു.

“ന്താടാ… ”

ഹർഷൻ കുറച്ചു മുന്നോട്ട് നടന്നു കൊണ്ട് ചോദിച്ചു…

“കൊച്ചേച്ചിക്ക് എങ്ങനെയുണ്ട്…പ്രസവിച്ചോ

“ഇല്ലടാ…..ചെക്കാ…. നീ ഇപ്പൊ അത് ചോദിക്കാൻ വിളിച്ചത് ആണോ… !!?”

“പിന്നെ…. ഞാൻ പിന്നെ എന്തിനാ വിളിക്കേണ്ടത് മനുഷ്യ…. ഹർഷേട്ടാ…. ഞാനും ഇവനും കൂടി അങ്ങ് വരുന്നുണ്ട് ട്ടോ… ”

ചെക്കന്റെ കൂടെ തന്നെ ശ്രീക്കുട്ടിയുടെയും ശബ്ദം കേൾക്കുന്നുണ്ടായിരുന്നു…

“വേണമെന്ന് ഇല്ല ശ്രീക്കുട്ടി…. പൈൻ ഒന്നും വന്നിട്ടില്ല… ഡെലിവറി ചിലപ്പോൾ നാളെയെ കാണൂ….. ശ്രീക്കുട്ടി ഞാൻ വെക്കുവാണെ… ”

അവരോട് സംസാരിച്ചു നിന്നതും നേഴ്സ് ലേബർ റൂമിന്റെ പുറത്തേക്ക് വന്നത് കണ്ടു ഹർഷൻ വേഗം തിരികെ നടന്നു… അപ്പോഴേക്കും ഡോക്ടറും അവിടെക്ക് കയറി പോയിരുന്നു…

“ന്താ അമ്മേ പറഞ്ഞേ… ”

പ്രാർത്ഥനയോടെ ഇരിക്കുന്ന അമ്മയോട് ആയി ചോദിക്കുമ്പോൾ അവന്റെ ശബ്ദത്തിൽ പോലും വിറയൽ ബാധിച്ചിരുന്നു…

“മോൾക്ക്‌ പൈൻ വന്നു….ന്ന്..

പറയുമ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞിരുന്നു.. ഹർഷന്റെ ഉള്ളിലും ആധി നിറഞ്ഞു…

ഒരു തരം പേടി… ഇന്ന് വരെ അനുഭവിക്കാത്ത ഒരു വിറയൽ ശരീരത്തേ പൊതിഞ്ഞു… അത് ആരും കാണാതിരിക്കാൻ ശ്രമിക്കുമ്പോൾ കൈകളും കാലുകളും ഒരുപോലെ വിറച്ചു… ഒരു തരം വെപ്രാളം… വെറുതെ ഡോറിന് മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ആയി ഒരു ലക്ഷ്യവും ഇല്ലാതെ നടന്നു സമയം കളഞ്ഞു…..

സമയത്തിന് പതിവിൽ ഏറെ വേഗത കുറഞ്ഞ പോലെ…..

കുറച്ചു സമയം കഴിഞ്ഞതും ഡോർ തുറക്കുന്നത് കണ്ടു ഹർഷൻ ഒരു നിമിഷം അവിടെ തന്നെ നിന്നു…

“നില പ്രസവിച്ചുട്ടോ…. പെൺകുട്ടിയാണ്…. ”

ഒരു നേഴ്സ് വന്നു ഹർഷനോട് ആയി പറയുമ്പോൾ അവന്റെ ഉള്ളിൽ ഇന്ന് വരെ കാണാത്ത കുഞ്ഞിനോട് ഉള്ള വാത്സല്യം നിറഞ്ഞു വന്നു…..ചുണ്ടിൽ പുഞ്ചിരി ഉടലെടുത്തു…

തിരികെ എന്തെങ്കിലും ചോദിക്കും മുന്നേ നേഴ്സ് ഉള്ളിലേക്ക് കയറി പോയിരുന്നു….

പിന്നെയും ഹർഷനിൽ ടെൻഷൻ… അമ്മ എഴുന്നേറ്റു അവന്റെ അരികിലേക്ക് അപ്പോഴേക്കും എത്തിയിരുന്നു…. അമ്മ നിറഞ്ഞ കണ്ണുകൾ തുടച്ചു പുഞ്ചിരിക്കുമ്പോഴും അവനിൽ വല്ലാത്തൊരു ആധി ആയിരുന്നു…

കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഒരു നേഴ്സ് കുഞ്ഞിനെ കൊണ്ട് പുറത്തേക്ക് വന്നിരുന്നു…

ഹർഷൻ പുഞ്ചിരിയോടെ നോക്കി തന്റെ രക്തത്തേ….അതെ പുഞ്ചിരിയോടെ കുഞ്ഞിനെ കൈകളിൽ ഏറ്റു വാങ്ങാൻ അവന് സാധിക്കുമായിരുന്നില്ല…

“നില…. ”

അവൻ സംശയത്തോടെ അവരെ നോക്കി…

“ആള് സുഖമായിരിക്കുന്നു… കുറച്ചു കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം ട്ടോ… ”

പുഞ്ചിരിയോടെ അവർ പറയുമ്പോൾ ഹർഷന്റെ ഉള്ളിൽ ഒരു സമാധാനം നിറയുകയായിരുന്നു…

അവൻ പുഞ്ചിരിയോടെ കുഞ്ഞിനെ കയ്യിൽ ഏറ്റു വാങ്ങി…. പ്രാണൻ പോകുന്ന വേദനയോളം നോവ് അറിഞ്ഞു തന്റെ പ്രണയം തനിക്ക് നൽകിയ സമ്മാനം…

കണ്ണുകൾ നിറഞ്ഞിട്ട് കുഞ്ഞിനെ ശരിക്കും കാണാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല….കുഞ്ഞ് ചുണ്ടും കൂട്ടി പിടിച്ചു കിടക്കുന്ന കുഞ്ഞിനെ നോക്കി ചിരിച്ചു കൊണ്ട് അവൻ അമ്മയെ നോക്കുമ്പോൾ അമ്മയും സന്തോഷം കൊണ്ട് എന്ത് ചെയ്യണം എന്നറിയാതെ കുഞ്ഞിന്റെ കവിളിൽ തൊട്ടു നോക്കുകയായിരുന്നു…

“അയ്യോ… കുഞ് അല്ലേടാ… ”

അമ്മ സന്തോഷം കൊണ്ട് ഓരോന്ന് പറയുമ്പോൾ ഹർഷനും പുഞ്ചിരിയോടെ തലയാട്ടി…

നേഴ്സ് കുഞ്ഞിനെ വാങ്ങി ഉള്ളിലേക്ക് പോകുമ്പോൾ അടയാറായ ഡോറിന് മുന്നിൽ ഹർഷന്റെ കണ്ണുകളും ഒരു വേള ഉള്ളിലേക്ക് നീണ്ടു…. തന്റെ പ്രാണനെ ഒന്ന് കാണാൻ എന്ന പോൽ….

ഹർഷൻ വിളിച്ചു പറഞ്ഞതും നിലയുടെ അച്ഛനും അമ്മയും എത്തിയിരുന്നു… കുഞ്ഞിനെ റൂമിലേക്ക് മാറ്റിയ ശേഷം ആണ് ശ്രീക്കുട്ടിയും ചെക്കനും എത്തിയത്….

നിലയുടെ അമ്മയുടെ മടിയിൽ കിടക്കുന്ന കുഞ്ഞിനെ ഹർഷൻ കൊതിയോടെ ഒന്ന് നോക്കി….

എടുക്കാൻ വല്ലാതെ കൊതിക്കുന്നുണ്ട്… ഇവർ എല്ലാം സ്നേഹിച്ചു കഴിയാനുള്ള കാത്തിരിപ്പ് ആണ്

“അങ്ങ് മാറ് മനുഷ്യ…ഞാൻ കുഞ്ഞിനെ ഒന്ന് കണ്ടോട്ടെ…. ”

മുന്നിൽ നിൽക്കുന്ന ഹർഷനെ തട്ടി മാറ്റി കൊണ്ട് ചെക്കൻ പറഞ്ഞതും ഹർഷൻ കണ്ണുരുട്ടലോടെ അവനെ ഒന്ന് നോക്കി…

“പോടാ ചെക്കാ… ”

ചുറ്റും ആൾക്കാർ ഉള്ളത് കൊണ്ട് ചെവി പൊട്ടുന്ന ചീത്ത തിരികെ കിട്ടിയില്ല എന്ന് മാത്രം…

“അമ്മ…. ഞാൻ പോയി കുഞ്ഞിനുള്ള ബെഡ് ഒക്കെ വാങ്ങിയിട്ട് വരാം… ടാ ചെക്കാ… നീ ലേബർ റൂമിന്റെ പുറത്ത് തന്നെ വേണം…നിലയെ കൊണ്ട് വരും വരെ… കേട്ടല്ലോ… ”

കുഞ്ഞിനെ കളിപ്പിക്കുന്ന ചെക്കന്റെ തലയിൽ ഒന്ന് തട്ടി കൊണ്ട് ഹർഷൻ പറഞ്ഞു…

അവൻ പുറത്തേക്ക് പോയതും ചെക്കനും കുഞ്ഞിന്റെ കുഞ്ഞി കയ്യിൽ അമർത്തി ഒരു ഉമ്മയും കൊടുത്തു കൊണ്ട് അവന് പിന്നാലെ തന്നെയായി പുറത്തേക്ക് ഇറങ്ങിയിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും……

രചന : Thasal