ഏട്ടാ എന്റെ കവിളിലൊരുമ്മ തരുവോ.. എന്തിനാ പെണ്ണേ ഈ കൊച്ചുവെളുപ്പാൻ കാലത്ത് തന്നെ ഉമ്മ

രചന : സുധീ മുട്ടം

“ഏട്ടാ എന്റെ കവിളിലൊരുമ്മ തരുവോ”

“എന്തിനാ പെണ്ണേ ഈ കൊച്ചുവെളുപ്പാൻ കാലത്ത് തന്നെയുമ്മ”

“അതേ ഇടക്കിടെ എനിക്കിതൊക്കെ തരണം.ഇല്ലെങ്കിൽ ഏട്ടൻ ഞാൻ ഒരാളിവിടെ ഉണ്ടെന്നുളളത് മറക്കരുത്”

“അതിനു ഞാൻ ഉമ്മ നൽകീട്ട് എന്നാ കാര്യം”

“പ്രിയ ഭാര്യയിവിടെ ഉണ്ടെന്ന് ഓർക്കും.അല്ലെങ്കിൽ വല്ലവളുമാരെയും വായിൽ നോക്കി നടക്കും.ഹും”

റൊമാന്റിക് മൂഡിലെത്തിയപ്പഴേ അവളുടെ ഭാവമാറ്റം എന്നെയാകെ അസ്വസ്ഥനാക്കി.കെട്ടിയ അന്നു തുടങ്ങിയതാണ് ഇവളുടെയീ പ്രകടനങ്ങൾ.

എന്നെ റൊമാന്റിക് മൂഡിൽ എത്തിച്ചിട്ട് താഴേക്കൊരു ഒറ്റയിടലാണ്.അന്നത്തെ ദിവസം പോയിക്കിട്ടി.

എന്തായാലും പതിവുപോലെ കിട്ടിയ കട്ടനും കുടിച്ചിട്ട് അടുക്കളയിൽ ചെല്ലുമ്പോൾ ശ്രീമതി കുളികഴിഞ്ഞു ദോശയുണ്ടാക്കുന്ന തിരക്കിലാണ്‌.ഞാൻ പതിയെ പിന്നിലൂടെ ചെന്നവളെ കെട്ടിപ്പിടിച്ചു.എന്റെ മുഖം അവളുടെ നനവാർന്ന മുടികളെ ചുംബിച്ചു.പതിയെ വാസന സോപ്പിന്റെ സുഗന്ധം നുകർന്നു.

റൊമാന്റിക് മൂഡിലായതും കല്ലിൽ കിടന്ന ദോശയുടെ കരിഞ്ഞ മണം അടിച്ചു തുടങ്ങിപ്പോൾ അവൾ കുതറി മാറി.ബെഡ് റൂമിൽ വെച്ച് ചോദിച്ച ചുംബനം നൽകാനാഞ്ഞ ഞാൻ ഇളിഭ്യനായി.

കരിഞ്ഞ ദോശയും കഴിച്ചു ഓഫീസിലേക്കു യാത്രയാകാനൊരുങ്ങി.ഞാൻ കഴിക്കുമ്പോൾ പതിയെ അവളെന്റെ അരികിലിരുന്നു വാ പൊളിച്ചു.കാര്യം മനസിലായെങ്കിലും ഞാൻ അനങ്ങിയില്ല.പതിയെ അവളുടെ മിഴികൾ നിറയുന്നത് കണ്ടപ്പോൾ ചട്നിയിൽ മുക്കിയ ദോശയാ നാവിൻ തുമ്പിൽ വെച്ചു കൊടുത്തു. നിറഞ്ഞ മിഴികൾ പതിയെ തുടച്ചിട്ട് അവൾ എന്നെയാക്കിയൊരു ചിരി പാസാക്കി എഴുന്നേറ്റു പോയി.

ഇസ്തിരിയിട്ട ഷർട്ടുമായിട്ടവൾ എന്റെ സമീപം വന്നു.ഞാൻ ഷർട്ട് അണിഞ്ഞതും ബട്ടൻസുകൾ അവളിട്ടു തന്നു.

“അതേ മുടി ഇങ്ങനെയല്ല ചീകിയൊതുക്കണ്ടത്”

പറഞ്ഞതും ചീപ്പു വാങ്ങിയവളന്റെ മു=ടികൾ ചീകിയൊതുക്കി.

കുറച്ചു നേരം നോക്കി ഞാൻ നിന്നു .പതിവു സമ്മാനം നൽകാൻ തുനിഞ്ഞപ്പോൾ അമ്മ വരുന്നൂന്നും പറഞ്ഞിട്ടവൾ ഓടിമാറി.

“ഏട്ടാ ഇന്നു വൈകിട്ട് നേരത്തെ വരണം അമ്പലത്തിൽ വരെ പോകണം”

ഞാൻ തല കുലുക്കി സമ്മാനിച്ചിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തു ഓഫീസിലേക്കു പോയി.

രണ്ടു മണി മുതൽ ഭാര്യയുടെ കോൾ വന്നു.

“വേഗമിറങ്ങ് അമ്പലത്തിൽ പോകണം”

അവൾ ഇടക്കിടെ ഓർമിപ്പിച്ചു കൊണ്ടിരുന്നു.

മേലധികാരിയോട് കാര്യം പറഞ്ഞു ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി.

യാത്രാമധ്യേ ഒരാക്സിഡന്റ് കണ്ടു ബൈക്ക് നിർത്തി.

ഓടിച്ചെന്ന് നോക്കുമ്പോൾ ആറുവയസുള്ളൊരു ബാലിക രക്തത്തിൽ കുളിച്ചു കിടക്കുന്നു.ചുറ്റും കാഴ്ചക്കാരെ പോലെ വലിയൊരു ആൾക്കൂട്ടം.ചിലരുടെ മൊബൈലിലെ ക്യാമറാ കണ്ണുകൾ ആ ദാരുണമായ ദൃശ്യം ഒപ്പിയെടുക്കുന്നു.ഒരു നിമിഷം ഹൃദയം നിലച്ചത്പോലെ തോന്നി.കുറെ സമയം ആയെന്നു തോന്നുന്നു ആക്സിഡന്റ് നടന്നിട്ട്.പിന്നെയൊന്നും ആലോചിക്കാതെ ആ കുഞ്ഞു ശരീരം നെഞ്ചോടു ചേർത്തു കാണുന്ന വണ്ടിക്ക് കൈകാണിച്ചിട്ടും ആരും നിർത്തിയില്ല.

ഒടുവിൽ രണ്ടും കൽപ്പിച്ചു ഒരു കാറിനു മുമ്പിൽ റോഡിന്റെ നടുക്കായി കയറി നിന്നു.ഒരു ഗതിയുമില്ലാത്തതിനാൽ അവർ കാർ ഹോസ്പിറ്റലിലേക്കു വിട്ടു.എല്ലാം വിളിച്ചു പറഞ്ഞിരുന്നതിനാൽ എല്ലാം അവിടെ ശരിയാക്കി വെച്ചിരുന്നു. ഓപ്പറേഷൻ തീയറ്ററിൽ അവളെ കയറ്റുമ്പോഴേക്കും അടുത്തുള്ള കസേരയിൽ ഞാൻ തളർന്നിരുന്നു.

അവളുടെ ഓപ്പറേഷൻ ഈശ്വരൻ സഹായിച്ചു വിജയകരമായിരുന്നു.രാത്രിയപ്പഴേക്കും ഏറെ വൈകിയിരുന്നു.ഡോക്ടർ വന്നു ചുമലിൽ പതിയെ കൈവെച്ചു കൊണ്ട് പറഞ്ഞു.

“അഞ്ചുമിനിറ്റ് കൂടി കഴിഞ്ഞിരുന്നെങ്കിൽ അവൾ രക്ഷപെടില്ലായിരുന്നു.ഈശ്വരൻ രക്ഷിച്ചു.അവൾക്കു ബോധം തെളിഞ്ഞിട്ടുണ്ട്. കയറി കണ്ടോളൂ”

പതിയെ അകത്തു കയറി ആ കുഞ്ഞു ശരീരം ഞാൻ നോക്കി നിന്നു.തലയിൽ മുഴുവൻ ബാൻഡേജ് പൊതിഞ്ഞിട്ടുണ്ട്.കീറിപ്പറിഞ്ഞ വേഷം ഒരു തെരുവിന്റെ സന്തതിയെന്ന് ഓർമിപ്പിച്ചു.ഒരു സുഹൃത്തിനെ വിളിച്ചു അവിടെ നിൽക്കാൻ ഏർപ്പാടാക്കിയട്ട് ഞാൻ വീട്ടിലേക്ക് തിരിച്ചു.

അവിടെ വന്നപ്പോൾ ഭാര്യമുഖം വീർപ്പിച്ചിരിപ്പുണ്ട്.മൊബൈൽ എടുത്തു നോക്കിയപ്പോൾ ചാർജില്ല.അത് ചാർജിലിട്ട് കുളിച്ചിട്ട് വന്ന് ഭക്ഷണം കഴിക്കാനിരുന്നു.ഭാര്യയുടെ മുഖം തെളിഞ്ഞിട്ടില്ല.

പതിയെ അവൾ പരിഭവക്കെട്ട് അഴിച്ചു തുടങ്ങി.

“ഞാനെത്ര നേരം വിളിച്ചു കിട്ടിയില്ല”

“ഫോൺ ഓഫായിരുന്നു.ചാർജില്ല”

“ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത ഓർമ്മയുണ്ടോ.ഇന്ന് നമ്മുടെ പത്താം വിവാഹ വാർഷികമാണ്.അമ്പലത്തിൽ ചെല്ലുമ്പോൾ സർപ്രൈസ് നൽകാനിരുന്നതാ”

ഞാനൊന്നും പറയാതെ ഭക്ഷണം കഴിച്ചു .അവളോട് റെഡിയാകാൻ പറഞ്ഞു.മുഖം വീർപ്പിച്ചാണെങ്കിലും അവൾ എന്റെ കൂടെ വന്നു.

ആശുപത്രിയിൽ എത്തി ആ കുഞ്ഞിനെ അവളെ കാണിച്ചു കൊടുത്തിട്ട് താമസിക്കാനുണ്ടായ കാരണം പറഞ്ഞു. ഒരു തേങ്ങലോടെ അവളെന്നിലേക്കു ചാഞ്ഞു.അവൾ കുട്ടിയെ പരിചരിക്കുന്നതിലായി ശ്രദ്ധ മുഴുവൻ.

കൂട്ടുകാരൻ എന്റെയടുക്കൽ വന്നു.

“ഹോസ്പിറ്റലുകാർ പോലീസിൽ അറിയിച്ചില്ല.നിന്റെ മകളാണെന്നു ഞാൻ പറഞ്ഞു. നീ വന്നിട്ട് സംസാരിക്കാമെന്ന് പറഞ്ഞു‌.ഞാനാ കുട്ടിയെ കുറിച്ച് കൂടുതൽ തിരക്കിയറിഞ്ഞു.ഒരു നാടോടി സംഘത്തിൽ പെട്ടകുട്ടിയാണു.അവൾക്ക് അച്ഛനും അമ്മയുമില്ല.നാടോടികൾ വൈകിട്ട് അവിടെ നിന്ന് സ്ഥലം വിട്ടത്രേ”

അവനെ യാത്രയാക്കീട്ട് ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു.

“ഏട്ടാ വിവാഹം കഴിഞ്ഞിട്ടു പത്തു വർഷമായിട്ടും ഒരു കുഞ്ഞിക്കാലു കാണാൻ നമുക്ക് ഭാഗ്യമുണ്ടായിട്ടില്ല.ഇവളെ ഈശ്വരനായ നമുക്ക് മുമ്പിൽ കൊണ്ട് വന്നത്.നമുക്കിവളെ നമ്മുടെ മകളായി വളർത്താം.ആരും ഇനി തിരക്കി വരില്ല.പെൺ കുഞ്ഞാ ഇവൾ .തെരുവിലേക്ക് ഇറങ്ങിയാൽ കഴുകന്മാർ കടിച്ചു കീറും.നമ്മളായിട്ട് അങ്ങനെ ചെയ്യരുത്”

“ശരിയാണ് നീ പറഞ്ഞത്.ഇവളൊരു പെൺകുട്ടിയാണ് അനാഥ.അല്ല ഇവളിനി സനാഥയാണു.നമ്മുടെ മകളാണ്”

“അതേ ഏട്ടാ..നമ്മുടെ വിവാഹവാർഷികത്തിനു ഇതിൽ കൂടുതൽ വലിയൊരു സമ്മാനം ലഭിക്കില്ല.ഇത് നമ്മുടെ പുണ്യമാണ്”

നിറമനസ്സോടെ ഞാനവളുടെ മുഖത്ത് ചുണ്ടുകൾ ചേർക്കുമ്പോൾ അവളെന്നിലേക്കു കൂടുതൽ ചേർന്നിരുന്നു.

പുഞ്ചിരി പൊഴിക്കുന്ന ഞങ്ങളുടെ മകളിൽ ചുണ്ടുകളാൽ ഞങ്ങൾ മന്ത്രിച്ചു..

“നീ ഞങ്ങളുടെ മകളാണ് കുഞ്ഞേ”

ലൈക്ക് കമന്റ്‌ ചെയ്യണേ

(അവസാനിച്ചു)

രചന : സുധീ മുട്ടം