എടീ ഒരുമ്പട്ടവളെ, നിനക്ക് ഇറങ്ങി പോയി കൂടെ എന്റെ മോന്റെ ജീവിതത്തിൽ നിന്ന്..

രചന : Dev……

വന്ധ്യ….

❤❤❤❤❤❤❤❤❤

“” നാണം ഇല്ലെടി ഒരുമ്പട്ടവളെ ഇവിടെ ഇങ്ങനെ ഉടുമ്പിനെ പോലെ അള്ളി പിടിച്ചു നില്കാൻ…

ഇറങ്ങി പോയി കൂടെ എന്റെ മോന്റെ ജീവിതത്തിൽ നിന്ന്… പെറാൻ കഴിയാത്ത നീ അവന്റെ ജീവിതം കൂടി ഇങ്ങനെ നശിപ്പിക്കുന്നത് എന്തിനാ…നാശം… എന്ന് ഈ വീട്ടിൽ കാല് കുത്തിയോ അന്ന് മുടിഞ്ഞതാ കുടുംബം… “”

അമ്മായിയുടെ ശാപ വാക്കുകൾ കാതിൽ തറച്ചു കയറെ ഒരു തുള്ളി കണ്ണുനീർ താഴെ തറയിലേക്ക് ഇറ്റി വീണു… തിരിച്ചു മറുപടി ഒന്നും പറയാൻ നിന്നില്ല… പറഞ്ഞാൽ ഒപ്പത്തിന് ഒപ്പം എത്തില്ല…

പറയുന്നതിന് ഒന്നും ചെവി കൊടുക്കാതെ അടുപ്പിലെ കെട്ടണയാൻ ആയ തീയിലേക്ക് ഒന്ന് ആഞ്ഞു ഊതി കൊടുത്തു… കരി പുരണ്ട കൈ മുഷിഞ്ഞ നേരിയതിന്റെ തലപ്പിൽ തേമ്പി അകത്തേക്ക് കയറി…

വടക്കേ അറ്റത്തുള്ള മുറിയിൽ മുത്തശ്ശി ഉറക്കമുണർന്ന് ഇരിപ്പായിട്ടുണ്ട്… പല്ല് തേക്കാൻ ഉള്ള ഉമുക്കേരിയും മോറ് കഴുകാൻ ഒരു മൊന്തയിൽ വെള്ളവും എടുത്ത് ചായ്‌പിലെ തിണ്ണയിൽ വച്ചു മുത്തശ്ശിയുടെ അരികിലേക്ക് നീങ്ങി…

മുറുക്കി ചുമന്നിരിക്കുന്ന മോണ കാട്ടിയുള്ള ആ ചിരിക്ക് എന്നും അഴക് കൂടി കൂടി വരുന്നത് പോലെ അവൾക്ക് തോന്നി…

“” ആ നാക്കിന് ഒതുക്കം ഇല്ലാത്തൊള് നേരം പുലരുമ്പോഴേക്കും തൊടങ്ങിയോ… “”

മുത്തശ്ശിയുടെ കെറുവോടെ ഉള്ള ചോദ്യത്തിന് ചെറു പുഞ്ചിരി മാത്രം നൽകി അവൾ അവരെ ചായ്‌പ്പിൽ കൊണ്ടോയി ഇരുത്തി പല്ല് തേച്ചൊരാക്കാൻ ആയി പ്ലാവിളയിൽ കൊടുന്നു വച്ച ഉമുക്കേരി എടുത്തു കൈയിൽ കൊടുത്തു …

“” അതിലേക്ക് ആ ചരല് അങ്ങ് വാരി ഇട് പെണ്ണേ… “”

ഉമ്മറ തിണ്ണയിലേക്ക് ഇറക്കി വച്ച മുറുക്കി തുപ്പണ കോളാമ്പി ചൂണ്ടി കാണിച്ച് നാണി തള്ള പറഞ്ഞതും അവൾ പതിവ് പോലെ അതും അനുസരണയോടെ ചെയ്തു കൊടുത്തു…

ചായ്പ്പിൽ നിന്നും മുത്തശ്ശിയും ആയി അകത്തേക്ക് കയറും നേരം ആണ് മുറ്റത്ത് ഒരു വണ്ടി വന്ന് നിന്നത്… മുത്തശ്ശിയെ മുറിയിലേക്ക് ആക്കി ഇട നാഴികയിൽ നിന്ന് എത്തി നോക്കിയപ്പോൾ കണ്ടു വണ്ടിയിൽ നിന്ന് ഇറങ്ങി കൊണ്ടു വന്ന സാധനങ്ങൾ ഇറക്കുന്ന ബാലേട്ടനെ…

കണ്ട പാടെ അരികിലേക്ക് ഓടി ചെല്ലാൻ മനസ്സ് കൊതിച്ചെങ്കിലും അമ്മായിയെ കണ്ടപ്പോൾ അത് വേണ്ടെന്ന് വച്ചു… ഇക്കുറി കത്തയച്ചപ്പോൾ കൂടി പറഞ്ഞിരുന്നില്ല വരവിന്റെ കാര്യം ഒന്നും…

“” ന്റെ മോനെ… ഹാവൂ… കഴിഞ്ഞ പ്രാവശ്യം വന്ന് പോവുമ്പോ കൂടി നിനച്ചതല്ല ഇത്ര പെട്ടെന്ന് നീ വരും എന്ന്… ന്തായാലും അമ്മക്ക് സന്തോഷം ആയി… “”

മകനെ ആകെ ഉഴിഞ്ഞു കൊണ്ട് പറയുന്ന അമ്മായിയെ അവൾ ചെറു ചിരിയാലെ നോക്കി നിന്നു…

“” ശോ… വരവ് അറിയാത്ത കാരണം ഒന്നും തയ്യാറാക്കാൻ പറ്റിയില്ല… ഇനി ഇപ്പോ നേരം വൈകിക്കണ്ട… “”

നേരിയതിന്റെ തലപ്പ് ഇടുപ്പിൽ തിരുകി ഒന്ന് ആത്മഗതിച്ചു നേരെ അടുക്കളയിലേക്ക് നീങ്ങി അദ്ദേഹത്തിന് കുടിക്കാൻ വല്ലതും എടുക്കാൻ ഉള്ള ധൃതി ആയിരുന്നു പിന്നീട്…

യാത്രാ ക്ഷീണം മാറാൻ ആയി ഒരു കൂട്ട് ചായ കൊടുക്കാന്ന് കരുതി… അതെടുത്ത് കൊണ്ട് ഇട നാഴികയിൽ എത്തിയതും അമ്മായി മുന്നിൽ ചാടി..

“” ന്റെ മോനുള്ളത് കൊടുക്കാൻ എനിക്ക് അറിയാം… അതിങ് താ… പോയി പ്രാന്തലിനുള്ളത് ഒക്കെ നേരെയാക്ക്… “”

അവളുടെ കൈയിൽ നിന്നും ചായ ഗ്ലാസ്സ്‌ പിടിച്ചു വാങ്ങി തിരിഞ്ഞു നടക്കുന്ന അമ്മായിയെ അവൾ നീറുന്ന ഉള്ളോടെ ആണ് നോക്കി നിന്നത്…

ബാലേട്ടന്റെ അടുത്തൊന്ന് നില്ക്കാൻ ഉള്ളിൽ വല്ലാത്ത കൊതിയുണ്ട്… പക്ഷേ ….

ബാലനും അവളെ അന്വേഷിക്കാൻ നിന്നില്ല…

അവളെ നോക്കി അടുക്കള പുറത്തേക്കും വന്നില്ല…

ഒന്ന് അടുത്തേക്ക് വിളിച്ചില്ല… ആവശ്യങ്ങൾ പറഞ്ഞില്ല…

നേരം പോയികൊണ്ടേ ഇരുന്നു… പ്രാന്തലിനു നേരായി… മേശപുറം വിഭവങ്ങൾ കൊണ്ട് നിറഞ്ഞു…

ബാലേട്ടനെ ഊട്ടാൻ ആയി അമ്മായി അടുത്ത് തന്നെ നിന്നു… അവളെ അങ്ങോട്ടേക്ക് ഒന്നും അടുപ്പിച്ചില്ല… ഇടക്ക് എപ്പോഴോ മുത്തശ്ശിയെ കാണാൻ ആയി മുറിയിലേക്ക് വന്നപ്പോൾ വാതിലിനു മറവിൽ നിന്ന് ആവോളം ആ മുഖം ഒന്ന് കണ്ടു… ആ ചിരിയും…

വർത്തമാനവും എല്ലാം ആദ്യമായി കാണുന്നത് പോലെ…

അപ്പോഴും അവൻ അവളെ തിരക്കിയില്ല…

ഉച്ചക്കും അവൾ തീൻ മേശ അവന്റെ ഇഷ്ട വിഭവങ്ങൾ കൊണ്ട് നിറച്ചു… അവൻ അതെല്ലാം ആവോളം ആസ്വദിച്ചു തന്നെ ഭക്ഷിച്ചു… പിന്നെ വിദേശത്തു നിന്ന് കൊണ്ട് വന്ന പെട്ടി തുറന്ന് സാധങ്ങൾ എല്ലാം ഓരോരുത്തർക്കും ഭാഗം വച്ചു കൊടുത്തു… അമ്മായിക്ക് ആയി വാസന തൈലവും പൌഡറും യൂക്കാലിയും മറ്റും കൊണ്ടു വന്നിട്ടുണ്ട്… അമ്മായി അതെല്ലാം അയലത്തെ ശാന്തേച്ചിക്ക് കാണിച്ചു കൊടുത്ത് ഗമ പറയലും തുടങ്ങി…

വൈകുന്നേരം കൂട്ടുകാരെ ഒക്കെ കണ്ട് തിരിച്ചു വന്ന ബാലേട്ടൻ അവളെ മുറിയിലേക്ക് വിളിച്ചു… വിളി കേട്ടതും പണി ഒക്കെ നിർത്തി കൈ നേരിയതിൽ തുടച്ച് അകത്തേക്ക് ഒരു പാച്ചിൽ ആയിരുന്നു…

ഒന്ന് മിണ്ടാൻ ഉള്ള കൊതിയോടെ…

കട്ടള പടിക്കൽ നിന്ന് അകത്തേക്ക് എത്തി നോക്കിയതും കണ്ടു കട്ടിലിനു ചോട്ടിൽ ആയി സൂക്ഷിച്ചിരുന്ന ഇരുമ്പ് പെട്ടിയിൽ നിന്നും രണ്ട് മൂന്ന് പൊതികൾ എടുത്ത് വെളിയിലേക്ക് വക്കുന്നത്…

കതകിനടുത്ത് ആളനക്കം അറിഞ്ഞതും ബാലേട്ടൻ അവളെ അടുത്തേക്ക് ക്ഷണിച്ചു…

“” ഇങ്ങോട്ട് വാ ഇന്ദു… “”

കേൾക്കേണ്ട താമസം അവൾ അവനരികിൽ സ്ഥാനം പിടിച്ചു… മുഖത്തേക്ക് നോക്കാൻ ഉള്ള നാണം കൊണ്ടോ അവൾ മിഴികൾ തറയിലേക്ക് നട്ടാണ് നിന്നത്…

“” ഇതെല്ലാം നിനക്കുള്ളതാ… “”

കൈയിൽ ഉള്ള രണ്ട് പൊതി അവൾക് നേരെ നീട്ടിയതും കുഞ്ഞു കുട്ടികളുടെ കൗതുകത്തോടെ അവൾ അത് സ്വീകരിച്ചു…

“” പേർശ്യേന്ന് മേടിച്ചതാ… ഒരു സാരീ… സിൽക്കാ സിൽക്ക്… “”

അവൻ അത് പറഞ്ഞതും അവളുടെ മിഴികൾ വിടർന്നു… പിന്നെ പതിയെ സാരീ ഉള്ള കവർ തുറന്ന് മാറിൽ വച്ചു നോക്കി…

മഞ്ഞ തുണിയിൽ കറുപ്പ് പൂക്കൾ ആയി ഉള്ള സാരീ… കണ്ട പാടെ അവൾക്ക് അങ്ങ് ബോധിച്ചു… നാട്ടിൽ വേറെ ആർക്കും അത്തരത്തിൽ ഒരു സാരീ ഇല്ല… അവൾ കണ്ടിട്ടും തൊട്ടിട്ടും മതി വരാതെ സാരീ തിരിച്ചും മറിച്ചും തലോടി നിന്നു…

“” അതിൽ മുഖത്തു ഇടാൻ ഉള്ള പൌഡർ ആണ്… പിന്നെ സ്പ്രേയും… എടുത്ത് പെട്ടിയിലേക്ക് വച്ചേക്കു… “”

ആ കവറും അവൾ ഒന്ന് മറിച്ചു നോക്കി… ശേഷം മുറിയുടെ ഓരത്ത് വച്ച ഇരുമ്പ് പെട്ടിയിലേക്ക് എല്ലാം ഭദ്രമായി വച്ചു…

“” രാത്രിക്കുള്ള കഞ്ഞി തയ്യാറാക്കണം… പോയിക്കോട്ടെ… “”

തറയിൽ നോക്കി പറയുന്ന അവൾക്ക് അനുകൂലമായ മറുപടി കിട്ടിയതും അടുക്കളയിലേക്ക് നീങ്ങി…

പോകും നേരം വാതിൽ പഴുതിലൂടെ അവനെ ഒന്ന് പാളി നോക്കാനും അവൾ മറന്നില്ല…

വൈകുന്നേരം കുളിച്ചു കേറാൻ ആയി കുള കടവിലേക്ക് ചെന്ന ഇന്ദുവിനെ പെണ്ണുങ്ങൾ എല്ലാം വലഞ്ഞു… പിന്നെ പെർഷ്യാക്കാരൻ ഭർത്താവിന്റെ വിശേഷങ്ങൾ ചോദിച്ചു അറിയൽ ആയി…

അവളും വീമ്പോടെ പറഞ്ഞു മഞ്ഞ സിൽക്ക് സാരിയെ കുറിച്ച്… കേട്ടവർ എല്ലാം അസൂയയോടെ അവളെ നോക്കി…

രാത്രി കിടക്കാൻ പായ വിരിക്കുന്ന അവളെ അയാൾ അടുത്തേക്ക് ക്ഷണിച്ചു… മുഖം ആകെ നാണം കൊണ്ട് ചുവന്നു തുടിച്ചെങ്കിലും അവൾ അവനെ അനുസരിച്ചു…

“” ഇന്ദു… എനിക്ക് കുറച്ചു സംസാരിക്കാനുണ്ട്..””

അവൻ അനുവാദം ചോദിക്കും പോലെ പറഞ്ഞതും അവൾ ഒന്ന് മൂളി കൊണ്ട് കേൾക്കാൻ തുടങ്ങി…

“” അങ്ങേ കരയിലെ ഒരു കുട്ടി… ഭാമ എന്നോ മറ്റോ ആണ് പേര്… അങ്ങാടിയിലെ വലിയ പച്ചക്കറി കച്ചോടക്കാരന്റെ മോളാ… കാഴ്ച്ചയിൽ നല്ല സുന്ദരി… “”

അവൻ പറഞ്ഞു നിർത്തിയതും അവൾ സംശയാർത്ഥത്തിൽ അവനെ നോക്കി…

“” ഒരു ആലോചന… നല്ലൊരു കുട്ടി ആണേ…

നിനക്കാണേൽ പെറാൻ പറ്റില്ലല്ലോ… ഇവിടെ അമ്മക്ക് ആണെൽ ഒരു കുഞ്ഞിക്കാല് കാണാൻ ഏറെ കൊതിയുണ്ട്… അവളെ അങ്ങ് കൂടെ കൂട്ടിയാലോ എന്നാ… നീ പേടിക്കണ്ടാ… നിനക്ക് ചിലവിന് ഉള്ളത് ഞാൻ തരും… അമ്മയ്ക്കും സമ്മതം ആണ്… ഈ വരവിന്റെ ഉദ്ദേശവും അത് തന്നെ ആണേ… “”

അവൻ ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞു നിർത്തിയതും അവൾ ഒരു ഞെട്ടലോടെ എണീറ്റ് നിന്നു…

അമ്മായി ഓരോ കുത്ത് വാക്കുകൾ പറഞ്ഞു നോവിക്കുമ്പോൾ എല്ലാം ചേർത്ത് പിടിച്ചിരുന്ന കൈകൾ ആണ് ഇത്… ഇന്ന് ആ കൈ മറ്റൊരുവളെ ചേർത്ത് പിടിക്കാൻ കൊതിക്കുന്നു എന്നറിഞ്ഞപ്പോൾ തകർന്ന് പോയി…

മറുത്തൊരു വാക്ക് പറയാൻ ആയില്ല… മിഴികൾ ആണേൽ അനുസരണ ഇല്ലാതെ നിറഞ്ഞൊഴുകുന്നുണ്ട്… നേരിയതിന്റെ തലപ്പ് കൊണ്ട് വാ പൊത്തി പിടിച്ചവൾ താഴേക്ക് ഊർന്നിരുന്നു…

അവൻ പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല… അവളൊന്നും പറയാനും…

“” അല്ലെങ്കിലും ബാലേട്ടന്റെ തീരുമാനം തന്നെയാ ശെരി… ആരും ഇല്ലാത്ത അമ്മാവന്റെ മകളെ ജീവിതത്തിലേക്ക് ക്ഷണിച്ചതെ വലിയ കാര്യവാ… ആ എനിക്ക് വേണ്ടി ഏട്ടന്റെ ജീവിതം നശിക്കണ്ട “”

അവൾ നിറഞ്ഞ മിഴിയാലേ ഉറങ്ങി കിടക്കുന്ന അവനെ ഒന്ന് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു…

നേരം പുലർന്നു… വീട്ടിലും ചുറ്റുപാടും ചുട്ട വാർത്ത ആയി ഈ മച്ചിയുടെ കഥ പരന്നു… മച്ചിയെ ഉപേക്ഷിച്ച് ബാലൻ വേറെ ഒരുത്തിയെ കൂടെ കൂട്ടാൻ പോണു…

അമ്മായി ഇറങ്ങി പോവാൻ ഒരു നൂറ് കൂട്ടം പറഞ്ഞു കഴിഞ്ഞു… മുത്തശ്ശിയുടെ പിടി വാശിയുടെ മേൽ ആണ് ഈ നിൽപ്പ്…

“” ഇവളെവിടിക്കും പോവില്ല… എന്റെ മോളുടെ കുട്ടിയാ… എന്റെ പെര കുട്ടി… ഇവൻ ഇവളെ കേട്ടുന്നതിന് മുന്പേ ന്റെ മടിയിൽ കിടന്ന് ഉറങ്ങാറുള്ളവൾ… അവൾ ഇനിയും ന്റെ കൂടെ തന്നെ ഉണ്ടാവും… എന്റെ മരണം വരെ… ശേഷം അവൾക്ക് ദൈവം ഉണ്ടാവും… “”

നിറ മിഴിയാലേ അത്രയും പറഞ്ഞു മുറിയിലേക്ക് കയറിയ മുത്തശ്ശിയെ കെട്ടി പിടിച്ച് പൊട്ടി കരഞ്ഞു… ഏറെ നേരം… വെളുത്ത കവിൾ തടം എല്ലാം ചുവന്നു തുടുത്തു… മിഴികളിൽ ഇപ്പോഴും നീർ കണികകൾ ഉരുണ്ടു കൂടി നിന്നു…

അന്ന് കുളപ്പടവിൽ പെണ്ണുങ്ങൾ പിന്നെയും അവളെ വലഞ്ഞു… മച്ചിയെന്ന് വിളിച്ചു ആക്ഷേപിക്കാൻ… ഭർത്താവിന്റെ രണ്ടാം കെട്ടിന്റെ വിശേഷങ്ങൾ ചോദിച്ചറിയാൻ… അന്നവൾ മൗനം പാലിച്ചു… അസൂയ കൊണ്ട് നോക്കിയവർ എല്ലാം പരിഹാസം കൊണ്ട് അവളെ മൂടി…

ദിനങ്ങൾ പൊഴിയെ മുറ്റത്ത് കല്യാണ പന്തൽ ഉയർന്നു… അടുക്കളയിൽ നിന്നും പലഹാരങ്ങളുടെ മണം അതിഥി മുറിയിൽ നിറഞ്ഞു… വീടാകെ ബന്ധുക്കൾ ആയി…

വന്നവർ എല്ലാം പരിഹാസ സ്വരത്തിൽ ഇന്ദുവിനെ പൊതിയുന്നുണ്ടായിരുന്നു…… പലരും പലതും പറഞ്ഞു കുത്തി നോവിച്ചു… അവർക്കെല്ലാം വേദന നിറഞ്ഞ ചെറു പുഞ്ചിരി മാത്രം നൽകി അടുക്കളയുടെ ഓരത്ത് ഒതുങ്ങുമ്പോൾ ഉള്ളിൽ പെരുമ്പാറ മുഴക്കമായിരുന്നു…

കല്യാണം കഴിഞ്ഞു… ഭർത്താവിന്റെ ആദ്യരാത്രിക്ക് മണിയറ ഒരുക്കി കൊടുക്കേണ്ട ഗതികേടും ആ പെണ്ണനുഭവിച്ചു… ആരോടും പരാതി ഇല്ലാതെ… ഉള്ളിൽ കരഞ്ഞു കൊണ്ട്…

തന്റെതായ സാധനങ്ങൾ മാത്രം അവിടം നിന്ന് മുത്തശ്ശിയുടെ മുറിയിലേക്ക് മാറ്റി ആ മുറിവിട്ടിറങ്ങുമ്പോൾ അവൾ ഒന്നും കൂടി തിരിഞ്ഞു നോക്കി വെറും പാഴ് മോഹങ്ങളോടെ…

പുതിയ മരുമകൾ വീടിന്റെ ഭരണം ഏറ്റെടുത്തു…

മരുമകളെ വരച്ച വരയിൽ നിർത്തി ഭരിച്ചിരുന്ന അമ്മായി അവൾക്ക് മുന്നിൽ അടിമയെ പോലെ ആയി… മുത്തശ്ശിയുടെ കാര്യങ്ങൾ നോക്കി ഇന്ദുവും ഒരുഭാഗത്ത് ഒതുങ്ങി കൂടി… ഭാമയുടെ പണത്തിന്റെ അഹങ്കാരം കൊണ്ടവൾ വീട് തന്നെ കീഴ്മേൽ ആക്കി മറിച്ചെന്ന് വേണേൽ പറയാം…

അന്നെല്ലാം എല്ലാം നീറുന്ന ഉള്ളോട് കണ്ട് നിൽക്കാനെ ചുറ്റുമുള്ളവർക്ക് ആയുള്ളൂ…

അവസാനം എല്ലാവരുടെയും ആഗ്രഹം പോലെ അവൾ ഒരു കുഞ്ഞിന് ജന്മം നൽകി… ആ ചോര കുഞ്ഞിനെ അച്ഛമ്മയുടെ കൈകളിലേക്ക് എറിഞ്ഞു കൊടുത്ത് മറ്റൊരുവന്റെ കൂടെ ഇറങ്ങി പോയ ഭാമയെ നിശ്ചലമായി നോക്കി നില്ക്കാൻ മാത്രമേ അവർക്കായുള്ളൂ…

അന്നവർ ഇന്ദുവിനെ ഓർത്തു… ഒരു വേലക്കാരിയെ പോലെ രാവും പകലും പരാതി ഇല്ലാതെ കഷ്ടപ്പെട്ട അവളുടെ കണ്ണീർ അന്നാദ്യമായി അവരെ ചുട്ടു പൊള്ളിച്ചു…

താങ്ങാൻ ആവാത്ത സമ്മർദ്ദം കൊണ്ട് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു വീണ അമ്മായിക്ക് ഇന്നവൾ മകളായി… അമ്മ ഉപേക്ഷിച്ചു പോയ ആ കുഞ്ഞിന് അമ്മയായി… പാതി വഴിയിൽ തള്ളി കളഞ്ഞ ഭർത്താവിന്റെ മുന്നിൽ നല്ലൊരു വീട്ടമ്മയായി…മുത്തശ്ശിക്ക് നല്ലൊരു പേര കുട്ടിയായി…

ഇന്നവൾ ഭാമക്ക് നന്ദി പറയുന്നു… പെറാൻ ആവാത്ത മച്ചി ആയ തനിക്ക് ഇന്ന് ഒരു കുഞ്ഞിന്റെ അമ്മയാവാൻ കഴിഞ്ഞു… എന്നും വെറുപ്പോടെ മാത്രം വീക്ഷിച്ചിരുന്ന അമ്മായി സ്നേഹത്തോടെ തലോടുന്നു… അവളെ തള്ളി കളയാൻ തോന്നിയ ആ നിമിഷത്തെ പഴിച്ചു കൊണ്ട് ഒരായിരം വട്ടം മാപ്പ് പറഞ്ഞ് അവളുടെ സ്നേഹത്തിനായി അവനും കാത്തിരുന്നു…

അവളും അവളുടെ ജീവിതം കൊണ്ട് തെളിയിച്ചു കാണിച്ചു… ഒരു സ്ത്രീയുടെ ഉള്ളിലെ അമ്മ മനസ്സിനെ… മച്ചി എന്ന് പറഞ്ഞു തഴച്ചവരുടെ മുന്നിൽ ആ കുഞ്ഞിനെ വളർത്തി കാണിച്ചു…

തന്റെ കുഞ്ഞാണെന്നും പറഞ്ഞ്… നൊന്ത് പ്രസവിച്ചില്ലെങ്കിലും ഒരുവൾക്ക് അമ്മയാകാം എന്ന് തെളിയിച്ചു കൊണ്ട്…

ലൈക്ക് കമന്റ്‌ ചെയ്യണേ

അവസാനിച്ചു…

രചന : Dev……