തൊട്ടാവാടി, തുടർക്കഥ, ഭാഗം 32 വായിച്ചു നോക്കൂ…

രചന : ഭാഗ്യലക്ഷ്മി

ഇഷാനി പതിയെ കാൽപാദങ്ങൾ വെള്ളത്തിലേക്ക് വെച്ചു കൊണ്ടിരുന്നു..

“നല്ല തണുപ്പ്…” അവൾ ഒരു നേർത്ത പുഞ്ചിരിയോടെ പറഞ്ഞു…

നിവിക കുളത്തിലേക്കിറങ്ങി കുറച്ച് വെള്ളം ഇഷാനിയുടെ മേൽ തെറിപ്പിച്ചു..

“നിവീ.. വേണ്ട.. ഇത് വേണ്ട…” ഇഷാനി ചിരിയോടെ പറഞ്ഞു…

“ഇതൊക്കെയല്ലേ ഏട്ടത്തീ ഒരു രസം..” നിവിക വീണ്ടും വീണ്ടും ഇഷാനിയുടെ മേൽ വെള്ളം തെറിപ്പിച്ചു കൊണ്ടിരുന്നു..

“അയ്യോ ഏട്ടത്തീ ഞാനും ആകെ നനഞ്ഞല്ലോ… ഏട്ടത്തി ഇവിടിരി… ഞാൻ ഇപ്പോൾ വരാം…”

കുളത്തിൽ നിന്നും കയറിക്കൊണ്ട് നിവിക പറഞ്ഞു..

ഇപ്പോൾ കാണിച്ച് തരാം… നിവിക അതും ഓർത്ത് പടിക്കെട്ടിന് മുകളിലേക്ക് കയറി…

പോക്കറ്റിൽ ഒളിപ്പിച്ച് വെച്ചിരുന്ന കുപ്പി തുറന്ന് നിവിക പടിയിലേക്ക് എണ്ണ ഒഴിച്ചു…

നീ കയറി വാടീ… കയറി വാ… നടുവടിച്ച് ഇപ്പോൾ തന്നെ വീണോളും…

നിവിക അതും ഓർത്ത് ഇഷാനി വീഴുന്നത് കാണാനായി കുളക്കടവിൻ്റെ വാതിലിന് പിന്നിലായിട്ട് ഒളിച്ച് നിന്നു..

അന്നാലും ഇവളിത് എവിടെ പോയി..?

വീടിനകത്തെങ്ങും ഇല്ലല്ലോ.. ഇഷാനിയെ നാല് പാടും അന്വേഷിച്ചു കൊണ്ട് അനൂപ് ഓർത്തു…

അനൂപ് പുറത്തേക്കിറങ്ങി വീടിൻ്റെ പിന്നിലും നോക്കി… കുളക്കടവിൻ്റെ അടുത്തായി ഒരു ചിരി കേട്ടതും അനൂപ് അങ്ങോട്ടേക്ക് നടന്നു…

ഇഷാനിയാണെങ്കിൽ പിൻ തിരിഞ്ഞ് നിന്നു കൊണ്ട് പുലരിയെ പുൽകാൽ വെമ്പൽ കൊള്ളുന്ന ആമ്പൽ മൊട്ടുകളെ വീക്ഷിക്കുന്ന തിരക്കിൽ ആയിരുന്നു… അവളുടെ തനുവിനെ തഴുകി തലോടിക്കൊണ്ട് ഒരു ഇളം തെന്നൽ അവളെ അനുഗമിച്ചു..

നനഞ്ഞു കുളിച്ചു നിൽക്കുന്ന ഇഷാനിയെ കണ്ടതും അനൂപിൻ്റെ ഉള്ളിൽ വികാരങ്ങളുടെ വേലിയേറ്റം തന്നെ സംഭവിച്ചു… അവൻ ശബ്ദമുണ്ടാക്കാതെ അവൾക്കരികിലേക്ക് നടന്നു..

ചെഞ്ചുവപ്പാർന്ന ആ അധരങ്ങളും മുഖത്തേക്ക് ഒട്ടിക്കിടക്കുന്ന നനവാർന്ന മുടിയിഴകളും മേനിയാകെ പറ്റിപ്പിടിച്ചിരിക്കുന്ന ആ ജലത്തുള്ളികളും അനൂപിൻ്റെ മനസ്സിൻ്റെ നിയന്ത്രണം തെറ്റിച്ച് തുടങ്ങിയിരുന്നു….

ഈ അവസരത്തിന് വേണ്ടി ഞാൻ കുറേ ആയി കാത്തിരിക്കുന്നു…

അതും ഒർത്തവൻ പിന്നിൽ നിന്നും ഇഷാനിയെ വട്ടം ചുറ്റി പിടിച്ചതും ഇഷാനി ഒരു വേള ഞെട്ടിപ്പോയി….

അനൂപിനെ കണ്ട അവൾ ആകെ ഭയന്നു വിറച്ചു… അവൻ്റെ കരവലയത്തിൽ കിടന്നവൾ പിടഞ്ഞു…

“വിട്… വിടാൻ…” അവൾ സർവ്വ ശക്തിയും എടുത്തു കൊണ്ട് കുതറി മാറാൻ ശ്രമിച്ചു…

“അടങ്ങി നിൽക്കെടീ..!! നീ പുറത്തൊക്കെ വളർന്നതാണെന്നും നിൻ്റെ ഡ്രസ്സിങ് സ്റ്റൈൽ എന്താണെന്നും ഒക്കെ എനിക്ക് നന്നായി അറിയാം…

എന്നിട്ട് ഇപ്പോൾ പതിവ്രത ചമയാൻ നോക്കുന്നോ.. ?

അനൂപ് അവളുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ട് വന്യമായ ചിരിയോടെ പറഞ്ഞു…

“വിടെടാ….!! ആരേലും ഉണ്ടോ…help…help…” ഇഷാനി ഉറക്കെ അലറി…

“മിണ്ടാതിരിക്കെടീ… ദേ ആരും അറിയില്ല.. നമ്മൾ രണ്ടാളും മാത്രം.. നിന്നെ കല്ല്യാണത്തിൻ്റെ അന്ന് കണ്ടപ്പോൾ തൊട്ട് ഞാൻ നോട്ടമിട്ടതാ..”

“പോടാ പട്ടീ…” ഇഷാനി ദേഷ്യത്തോടെ അലറി…

അവൻ ബലമായി അവളെ ചുംബിക്കാൻ ശ്രമിച്ചതും എല്ലാം മറഞ്ഞ് നിന്ന് കണ്ട നിവിക ദേഷ്യത്തിൽ അങ്ങോട്ടേക്ക് നടന്നു…

“നിർത്താൻ…!!”

നിവിക കോപത്തോടെ അലറിയതും അനൂപ് സ്തംഭിച്ചു… ഇഷാനിയുടെ മേലുള്ള അവൻ്റെ കരങ്ങൾ അയഞ്ഞു…

“മോളെ.. നിവീ… ഞാൻ ഞാനല്ല.. ദേ ഇവളാ… ഇവളാ എന്നെ കയറി പിടിച്ചത്..” അനൂപ് പെട്ടെന്ന് പറഞ്ഞു…

അത് കേട്ടതും ഇഷാനിയിൽ കോപം ഇരച്ചു കയറി….

അനൂപിൻ്റെ കരണത്ത് ഇഷാനി ആഞ്ഞടിച്ചു… അവൾ കോപം നിറഞ്ഞ മിഴികളോടെ പല്ല് ഞെരിച്ചു കൊണ്ട് അനൂപിനെ നോക്കി…

എല്ലാം കാഴ്ചകളും കണ്ട നിവിക ദേഷ്യത്തിൽ താഴേക്കിറങ്ങിയതും പടിയിൽ ഒഴിച്ച എണ്ണയിൽ ചവിട്ടിയതും ഒരുമിച്ചായിരുന്നു…. കാൽ വഴുതി നിവിക ഒരലർച്ചയോടെ താ=ഴെ വീണു…

കവിളിലേറ്റ അടിയുടെ ആഘാതത്തിൽ സ്തംഭിച്ച് പോയ അനൂപ് അത് കണ്ടതും നിവികയ്ക്ക് അരികിലേക്ക് ഓടി അവളെ പിടിച്ചെഴുന്നേല്പ്പിക്കാൻ ശ്രമിച്ചു…

ഇഷാനി എരിയുന്ന മിഴികളോടെ ധൃതിയിൽ വീട്ടിലേക്ക് നടന്നു…

❤❤❤❤❤❤❤❤❤❤

ആദർശ് മുറിയിൽ ഇരുന്ന് എന്തൊക്കെയോ ഫയൽസ് നോക്കുകയായിരുന്നു..

ദേഷ്യത്തിൽ പാഞ്ഞ് വരുന്ന ഇഷാനിയെ കണ്ടതും ആദർശ് ഒന്നും മനസ്സിവാതെ നോക്കി…

“ഇഷാനീ എന്ത് പറ്റി..?” അവൻ ചോദിച്ചവസാനിച്ചതും അവളുടെ കരങ്ങൾ അവൻ്റെ കരണത്ത് പതിഞ്ഞു…

ആദർശ് കവിളും പൊത്തിപ്പിച്ച് ഞെട്ടലോടെ ഇഷാനിയെ നോക്കി…

“എന്താടീ നീ കാണിച്ചത്…?” അവൻ ദേഷ്യത്തിൽ ചോദിച്ചു…

“തനിക്ക് നട്ടെല്ലുണ്ടോടോ..?” അവൾ കോപത്തോടെ ചോദിച്ചു…

“എടീ…!!”

“എന്താ.. ങേ.. എൻ്റടുത്ത് കിടന്ന് ചാടാനല്ലാതെ തന്നെ എന്തിന് കൊള്ളാവെടോ…?? തനിക്ക് ചുണയുണ്ടായിരുന്നെങ്കിൽ തൻ്റെ പെങ്ങടെ ഭർത്താവുണ്ടല്ലോ… ആ ആഭാസൻ….!! അയാൾ എന്നെ കയറി പിടിക്കില്ലായിരുന്നു…”

ഇഷാനി ദേഷ്യത്തിൽ പറഞ്ഞതും ആദർശ് സ്തംഭിച്ച് നിന്നു…

ദയനീയമായി ആദർശിനെ നോക്കിയിട്ട് ഇഷാനി മുഖം പൊത്തി കരഞ്ഞു….

ആദർശ് ഒന്നും ഉരിയാടാതെ കോപത്തോടെ താഴേക്ക് നടന്നു…

ഒരു മൂളിപ്പാട്ടും പാടി ഹാളിലേക്ക് വന്ന റയാൻഷ് കാണുന്നത് ദേഷ്യത്തിൽ നടന്ന് വരുന്ന ആദർശിനെ ആണ്… തൊട്ട് പിന്നാലെ ആയി ഇഷാനിയും ഉണ്ട്…

ഇതെന്താ ഏട്ടത്തി വെള്ളത്തിൽ വീണ കോഴിയെ പോലെ… ഡ്രസ്സിട്ടോണ്ടാണോ ആവോ ഇനീം കുളിച്ചത്..? റയാൻഷ് ചിന്തിച്ചു…

ഇഷാനിയുടെ ചുവന്ന മിഴികളും ദേഷ്യത്തിൽ വലിഞ്ഞ് മുറുകിയ ആദർശിൻ്റെ മുഖവും റയാൻഷിൽ സംശയം ജനിപ്പിച്ചു…

അപ്പോഴേക്കും കാലുളുക്കിയ നിവികയെ താങ്ങിപ്പിടിച്ച് അനൂപ് അകത്തേക്ക് വന്നു….

“എടാ…!!” അനൂപിനെ കണ്ട നിമിഷം ആദർശ് അവൻ്റെ കോളറിൽ കുത്തിപ്പിടിച്ച് അലറി…

അലർച്ച കേട്ടു കൊണ്ട് സംഭവം എന്തെന്നറിയാതെ ധാനി ഹാളിലേക്ക് വന്നപ്പോഴേക്കും ആദർശ് അനൂപിൻ്റെ കരണം നോക്കി ഒന്നും കൂടെ പൊട്ടിച്ചു….

സംഭവം എന്തെന്ന് മനസ്സിലാവാതെ റയാൻഷും ധാനിയും മുഖത്തോട് മുഖം നോക്കി…

“ഡാ അമ്മയേയും പെങ്ങളേയും തിരിച്ചറിയാത്ത നാറീ…” ആദർശ് ദേഷ്യത്തിൽ അലറിയും ഇഷാനി കോപത്തോടെ ആ കാഴ്ച നോക്കി നിന്നു…

“അല്ല ഏട്ടത്തീ… എന്താ കാര്യം…?” റയാൻഷ് ചോദിച്ചു…

“എന്താ കാര്യമെന്നോ..? ഇവനുണ്ടല്ലോ ഈ കാമഭ്രാന്തൻ… !! ഇവൻ എന്നെ കയറി പിടിച്ചു…

ഇവനത്ര സഹിക്കാൻ വയ്യാന്ന്… പട്ടി… തെണ്ടി… ചെറ്റ…!!” ഇഷാനി അനൂപിനെ നോക്കി ദേഷ്യത്തിൽ പറഞ്ഞു…

ഏട്ടത്തിക്ക് ഇത്രയും തെറിയൊക്കെ അറിയാമായിരുന്നോ…?! ഹോ… റയാൻഷ് ചിന്തിച്ചു.

“അയ്യോ ഏട്ടത്തീ… എന്നിട്ട് ഏട്ടത്തി ഇവനിട്ട് ഒന്നും കൊടുത്തില്ലേ..?” റയാൻഷ് ചോദിച്ചു…

“കൊടുത്തു റയാൻ… ഈ തെണ്ടിയ്ക്കിട്ടും… പിന്നെ റയാൻ്റെ മണുകൊണാഞ്ജൻ ചേട്ടനിട്ടും…”

ഇഷാനി ദേഷ്യത്തിൽ പറഞ്ഞു..

“ങേ… ചേട്ടനിട്ടും പൊട്ടിച്ചെന്നോ..! അയ്യോ അതെന്തിനാ ഏട്ടത്തീ…?” റയാൻഷ് ചിരി അടക്കിപ്പിടിച്ച് ചോദിച്ചു..

“കൊടുക്കേണ്ടി വന്നു…” ഇഷാനി സ്വരം കനപ്പിച്ച് പറഞ്ഞു….

“എന്താ മക്കളേ അലർച്ച…??” പത്മിനി വെപ്രാളത്തോടെ മുറിയിൽ നിന്നും വിളിച്ചു ചോദിച്ചു…

അപ്പോഴേക്കും അനൂപ് ആദർശിനെ തള്ളി മാറ്റി പത്മിനിയുടെ അരികിലേക്ക് നടന്നു…

“അമ്മേ.. അമ്മേ… ഈ ഇഷാനിയുണ്ടല്ലോ ഞാൻ അവളോട് മോശമായി പെരുമാറിയെന്ന് അളിയനെ പറഞ്ഞ് വിശ്വസിപ്പിച്ചേക്കുവാ… അതിന് അളിയൻ എൻ്റെ മേൽ കൈ വെക്കുവാ…”

അനൂപ് പത്മിനിയോട് പറഞ്ഞത് കേട്ടതും ആദർശിനും ഇഷാനിക്കും കോപം ഇരച്ചു കയറി..

“മോനേ ആദീ…എന്താ പറ്റിയെ..??” പത്മിനി കിടക്കയിൽ കിടന്ന് വിളിച്ചു….

“അമ്മേ ഞാൻ ഒന്നും ചെയ്തിട്ടില്ല… സംശയമുണ്ടെങ്കിൽ ദേ നിവിയോട് ചോദിക്ക്… അവൾക്കറിയാം എന്നെ…”

അനൂപ് നിവികയെ നോക്കി പറഞ്ഞതും നിവിക ഇരുന്നിടത്ത് നിന്നും പ്രയാസപ്പെട്ടെഴുന്നേറ്റു…

ഉളുക്കിയ കാലും വെച്ചവൾ അനൂപിനരികിലേക്ക് നടന്നു…

“മോളെ നിവി… പറ… പറ… അമ്മയോട് പറ… ഞാൻ തെറ്റുകാരനല്ലെന്ന് അമ്മയോട് പറ…”

അനൂപ് വെപ്രാളത്തിൽ പറഞ്ഞതും നിമിഷാർദ്ധത്തിൽ നിവികയുടെ വിരലുകൾ അനൂപിൻ്റെ കവിളിൽ പതിഞ്ഞു…

“പ്ഫ…!! ചെറ്റേ…….!!!.. ഇറങ്ങെട്ടാ ഇവിടുന്ന്…!!”

നിവിക എരിയുന്ന മിഴികളോടെ പറഞ്ഞതും അനൂപ് അവളുടെ പ്രവർത്തിയിൽ സ്തംഭിച്ച് നിന്നു

ആ കാഴ്ച കണ്ട റയാൻഷ് പ്രയാസപ്പെട്ട് ചിരിയടക്കി…

ഹും… അപ്പോൾ അവൾക്കും ബോധം വെച്ചു…

റയാൻഷ് ചിരിയോടെ അതോർത്തതും നിവിക വിങ്ങിപ്പൊട്ടിക്കൊണ്ട് പത്മിനിക്കരികിലേക്ക് ഓടി….

“ഇങ്ങോട്ട് വാടാ…” ആദർശ് അനൂപിനെ പിടിച്ച് വലിച്ചുകൊണ്ട് പുറത്തേക്ക് കൊണ്ടു വന്നു…

അങ്ങനെ എല്ലാവരും കൊടുത്തു… ഇനീം ഞാനായിട്ട് എന്തിനാ കുറയ്ക്കുന്നെ…

റയാൻഷ് അതും ഓർത്ത് അനൂപിനരികിലേക്ക് നടന്നു..

“അപ്പോൾ സ്വന്തം ഭാര്യയെ തൊട്ടാൽ ചേട്ടൻ്റെ രക്തവും തിളയ്ക്കും അല്ലേ..?”

റയാൻഷ് ഉച്ചത്തിൽ ചോദിച്ചതും ആദർശ് അനൂപിൻ്റെ മേലുള്ള പിടി വിട്ടു..

“നേരത്തെ ഇല്ലാതിരുന്ന ഈ ചുണയൊക്കെ ഇപ്പോൾ എവിടുന്നു വന്നു… ങേ…?? അതോ ഈ മാനോം അഭിമാനോം ഒക്കെ ചേട്ടൻ്റെ നോട്ടത്തിൽ ഏട്ടത്തിക്ക് മാത്രമേ ഉള്ളോ…?”

റയാൻഷിൻ്റെ ചോദ്യം ആദർശിൻ്റെ ഉള്ളിൽ കൂരിരുമ്പ് പോലെ തറച്ച് കയറി…

ഓർമ്മകൾ പിന്നിലേക്ക് പോയി… ഇതേ സന്ദർഭം… ഇഷാനിക്ക് പകരം അന്ന് ധാനിയായിരുന്നുവെന്ന് മാത്രം… താൻ എല്ലാം കണ്ട് മൗനം പാലിച്ച് നിന്നപ്പോൾ ധാനി എത്രമാത്രം വേദനിച്ചിരിക്കാം.. അവളുടെ ഉള്ളിലും അനൂപിനെ ചുട്ടെരിക്കാൻ പാകത്തിനുള്ള കനലുകൾ എരിഞ്ഞിരുന്നില്ലേ….?? ഇഷാനിയിൽ ഉണ്ടായ അതേ കോപവും സന്താപവും അവളിലും ഉടലെടുത്തു കാണില്ലേ..?? താനൊന്ന് പ്രതികരിച്ചിരുവെങ്കിലെന്ന് അവളും ഒരുമാത്ര ആഗ്രഹിച്ച് കാണില്ലേ..??

ആദർശ് വേദനയോടെ ഓർത്തു…

ആദർശ് മറുപടി നില്ക്കാനാവാതെ തല കുനിച്ച് നിന്നപ്പോൾ റയാൻഷ് അനൂപിൻ്റെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി… പിന്നിലേക്ക് വേച്ച് പോയ അനൂപ് നിലം തെറ്റി വീണു…

“എടാ.. ചെറ്റേ…” റയാൻഷ് ദേഷ്യത്തിൽ അനൂപിനെ പിടിച്ചെഴുന്നേല്പ്പിച്ച് അവൻ്റെ നാഭിയിൽ തൊഴിച്ചു…

“നിനക്ക് പെണ്ണുങ്ങളെ കണ്ടാൽ പിടിച്ചു നിൽക്കാൻ പറ്റില്ല അല്ലേടാ..?? നിൻ്റെ അസുഖം ഞാനിന്ന് തീർത്ത് തരാമെടാ..”

റയാൻഷ് കോപത്തോടെ പറഞ്ഞതും അനൂപ് പൊട്ടിച്ചിരിച്ചു…

“നീയാരാടാ എന്നെ അടിക്കാൻ…? സ്വന്തം ചേട്ടൻ്റെ ഭാര്യയ്ക്ക് വയറ്റിൽ ഉണ്ടാക്കി കൊടുത്തവനല്ലേടാ നീ…??”

റയാൻഷിനെ നോക്കി അനൂപ് ഉറക്കെ ചോദിച്ചതും ആദർശും ഇഷാനിയും റയാൻഷും ധാനിയും ഒരുവേള സ്തംഭിച്ചു…

“എടാ…!!” ആദർശ് ദേഷ്യത്തിൽ അലറിക്കൊണ്ട് മുഷ്ടി ചുരുട്ടി അനൂപിൻ്റെ മൂക്കിൽ ഇടിച്ചു….

“എൻ്റെ അനിയനെ പറ്റി ഇനീം ഒരക്ഷരം മോശമായി പറഞ്ഞാൽ ഈ ആദർശിൻ്റെ മറ്റൊരു മുഖവും കൂടി കാണും നീ…!!” കനലെരിയുന്ന മിഴികളോടെ അനൂപിന് നേരെ വിരൽ ചൂണ്ടിക്കൊണ്ട് ആദർശ് പറഞ്ഞു…

“എന്താ അനിയനെ പറഞ്ഞപ്പോൾ ചേട്ടൻ്റെ രക്തം തിളച്ചോ…?? നിൻ്റെ ആദ്യ ഭാര്യ പ്രസവിച്ചത് നിൻ്റെ അനിയൻ്റെ കൊച്ചിനെ അല്ലേടാ..? ഇപ്പോൾ എവിടുന്ന് വന്നെടാ നിനക്കിത്ര അനിയൻ സ്നേഹം…??”

അനൂപ് പരിഹാസത്തോടെ ചോദിച്ചതും ആദർശ് നിശ്ചലനായി…

കേട്ടതിൻ്റെ അർത്ഥം മനസ്സിലാവാതെ ഇഷാനി മാറി മാറി ആദർശിനെയും റയാൻഷിനെയും നോക്കി…

“എന്താ മോളെ… നിനക്കൊന്നും മനസ്സിലായില്ലേ…?” ഉറ്റു നോക്കുന്ന ഇഷാനിയോട് അനൂപ് ചോദിച്ചു..

“ഇവളുണ്ടല്ലോ ഈ ധാനി…!! ഇവളെയാ നിൻ്റെ ഭർത്താവ് ആദ്യം കല്ല്യാണം കഴിച്ചത്… എന്നാൽ ഇവളുടെ വയറ്റിൽ ഉണ്ടായത് ദേ ഈ റയാൻഷ് പുണ്യാളൻ്റെ കൊച്ചും… സ്വന്തം കുഞ്ഞല്ലാത്തത് കൊണ്ട് നിൻ്റെ കെട്ടിയോൻ അവളെ ഉപേക്ഷിച്ചപ്പോൾ അനിയൻ അങ്ങ് കെട്ടി… ചേട്ടൻ്റെ ഭാര്യ ആയിരുന്ന ധാനിയുമായി ബന്ധമുണ്ടായിരുന്നു ഇവന്…. എന്നിട്ടാ ഇവനിപ്പം എന്നെ ചോദ്യം ചെയ്യാൻ വരുന്നത്…!!”

അനൂപ് പറഞ്ഞവസാനിപ്പിച്ചതും ഇഷാനി അവിശ്വസനീയതയോടെ ആദർശിനെ നോക്കി….

മറുത്തൊന്നും പറയാനാവാതെ ആദർശും സത്യം തുറന്ന് പറയാനാവാതെ റയാൻഷും ഉരുകി…

“എന്താടാ ആദർശേ നിൻ്റെ നാവിറങ്ങി പോയോടാ…?? ഈ വൃത്തിക്കെട്ടവനാണോടാ നിൻ്റെ പുന്നാര അനിയൻ…??” മൂക്കിൽ നിന്നും ഒഴുകുന്ന ചോര തുടച്ചു മാറ്റിക്കൊണ്ട് അനൂപ് ചോദിച്ചു…

“എന്താടാ ങേ…?? എന്താ റയാൻഷളിയാ ഒന്നും മിണ്ടാത്തത്…?? ആദ്യത്തെ ഏട്ടത്തിക്ക് കൊച്ചിനെ ഉണ്ടാക്കി കൊടുത്ത കഥയൊന്നും എന്തേ രണ്ടാമത്തെ ഏട്ടത്തിക്ക് പറഞ്ഞ് കൊടുത്തില്ല…??”

അനൂപ് പരിഹാസത്തിൽ ചോദിച്ചു..

“എന്തൊക്കെയാ ഇത് ആദീ…?” ഒന്നും മിണ്ടാതെ നിൽക്കുന്ന ആദർശിനെ പിടിച്ചുലച്ച് കൊണ്ട് ഇഷാനി ചോദിച്ചു…

“അവനൊന്നും പറയാൻ പറ്റില്ല… കാരണം അവനും നന്നായി അറിയാം അവൻ്റെ ഭാര്യ പ്രസവിച്ചത് അവൻ്റെ കൊച്ചിനെ അല്ലെന്നും അനിയൻ്റെ കൊച്ചിനെ ആണെന്നും…” അനൂപ് പുച്ഛത്തിൽ പറഞ്ഞു…

“നിർത്തെടാ…!!!” അനൂപിൻ്റെ കൊങ്ങയിൽ കുത്തിപ്പിടിച്ചു കൊണ്ട് ആദർശ് ദേഷ്യത്തിൽ പറഞ്ഞു…

“എന്താടാ..? എന്തിനാ നീ കിടന്ന് തിളയ്ക്കുന്നെ…?? ഞാൻ പറഞ്ഞത് സത്യമല്ലെങ്കിൽ നീ പറയെടാ… അത് നിൻ്റെ കൊച്ച് തന്നെയാണെങ്കിൽ പറയെടാ…” അനൂപ് അലറി…

അത് കേട്ടതും ആദർശ് അനൂപിൽ നിന്നും കൈ പിൻവലിച്ച് ഉള്ളുരുകുന്ന വേദനയോടെ മുഖം തിരിച്ചു…

എന്നോട് ക്ഷമിക്ക് റയാൻ…!! മിഴികൾ ഇറുക്കി അടച്ചു കൊണ്ട് ആദർശ് ക്ഷമയാചിച്ചു….

“എന്താ ആരും ഒന്നും മിണ്ടാത്തെ..?? ഞാനീ കേട്ടതൊക്കെ സത്യമാണോ..?”

ഇഷാനി അലറിക്കൊണ്ട് എല്ലാവരോടും ചോദിച്ചു…

“ആദീ… എന്താ… എന്താ ഒന്നും മിണ്ടാത്തെ..? നമ്മുടെ റയാനേയും ധാനിയേയും കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും എന്താ… എന്താ ആരും ഒന്നും മിണ്ടാത്തെ…?” ഇഷാനി ഇടറുന്ന സ്വരത്തിൽ ചോദിച്ചു…

“അവനൊന്നും മിണ്ടില്ല… കാരണം ഞാൽ പറഞ്ഞതാണ് സത്യം…!!” അനൂപ് കോപത്തോടെ പറഞ്ഞു…

ഇഷാനി നിറമിഴികളോടെ റയാൻഷിനേയും ധാനിയേയും നോക്കി…

“ധാനിയെ…ധാനിയേയാണോ… ആദി ആദ്യം വിവാഹം കഴിച്ചത്..??” ഇഷാനി റയാൻഷിൻ്റേയും ധാനിയുടേയും മുഖത്തേക്ക് നോക്കി ചോദിച്ചു..

റയാൻഷ് ഒന്നും മിണ്ടാതെ തല താഴ്ത്തി…

“അപ്പോൾ… അപ്പോൾ ആദിയെ റയാനും ധാനിയും കൂടെ ചതിച്ചതാണല്ലേ…?? ആദിയുടെ ഭാര്യ ആയിരിക്കെ ധാനി പ്രസവിച്ച റയാൻ്റെ കുഞ്ഞാണോ ആദി മോൻ… ??… ഛെ!!!… ഞാൻ..

ഞാൻ നിങ്ങളെ രണ്ട് പേരേയും പറ്റി ഇങ്ങനെയൊന്നും അല്ല വിചാരിച്ചത്…!! റയാൻ ഇത്ര തരം താഴ്ന്ന് പോയല്ലോ… ധാനീ… നീയും…??എനിക്ക് നിങ്ങളോട് പുച്ഛം തോന്നുന്നു…” ഇഷാനി സങ്കടത്തോടെ പറഞ്ഞു…

“പല തവണ… പല തവണ… ഞാൻ ആദിയെ കുറ്റപ്പെടുത്തിയിട്ടുണ്ട്… ധാനിയോട് സംസാരിക്കാത്തതിലും ആദി മോനെ മൈൻ്റ് ചെയ്യാത്തതിലും… ഇപ്പോഴല്ലേ എനിക്കതിൻ്റെ കാരണം മനസ്സിലായത്… തന്നെ ചതിച്ച ആദ്യ ഭാര്യയും അനിയനും സ്വന്തം വീട്ടിൽ തന്നെ നിൽക്കുമ്പോൾ എങ്ങനെയാ ഒരാൾക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റുന്നത്..? ആദിയുടെ മനസ്സ് ഓരോ നിമിഷവും എത്ര മാത്രം വേദനിക്കുന്നെന്ന് ഊഹിക്കാനാവുമോ റയാനും ധാനിക്കും…??” ഇഷാനി ദേഷ്യത്തിൽ ഇരുവരോടും ചോദിച്ചു…

റയാൻഷും ധാനിയും സങ്കടത്തോടെ പരസ്പരം നോക്കി….

“റയാൻ ഇത്രയ്ക്കും മോശം വ്യക്തിയായിരുന്നോ..?? ഞാൻ ആദിയോട് ആയിരം തവണയെങ്കിലും പറഞ്ഞിട്ടുണ്ടാകും റയാനെ കണ്ട് പഠിക്കാൻ… എനിക്ക് അതൊക്കെ ഓർക്കുമ്പോൾ എന്നോട് തന്നെ അറപ്പ് തോന്നുന്നു…”

ഇഷാനി പറയുന്നതൊക്കെ കേട്ട് മൗനം പാലിച്ച് നിൽക്കുന്ന റയാൻഷിനെ ആദർശ് വേദനയോടെ നോക്കി…

“പിന്നെ… ധാനീ… നീ… നിന്നെ ഞാനെൻ്റെ സ്വന്തം അനുജത്തിയുടെ സ്ഥാനത്താ കണ്ടേ…

നീ ഇത്രയ്ക്കും മോശം ഒരു പെണ്ണായിരുന്നെന്ന് ഞാൻ അറിഞ്ഞില്ല…”

ഇഷാനി കോപത്തിൽ പറഞ്ഞതും ധാനിയുടെ മിഴികൾ നിറഞ്ഞൊഴുകി…

“ഏട്ടത്തീ…” റയാൻഷ് ഇടറുന്ന സ്വരത്തിൽ വിളിച്ചു…

“ഇവളെ… ഇവളെ ഒന്നും പറയരുത്…”

“ഹും…ധാനിയെ പറഞ്ഞപ്പോൾ നൊന്തല്ലേ..? അപ്പോൾ ആദി… ആദി എത്രമാത്രം വേദനിച്ചിരിക്കും..?? പറ.. റയാൻ…!! സ്വന്തം ഏട്ടത്തിയായിരിക്കെ.. എങ്ങനെ.. എങ്ങനെ ധാനിയുമായി…?

ഛെ!…” ഇഷാനി മുഖം തിരിച്ചു കൊണ്ട് വേദനയോടെ പറഞ്ഞു..

“ഇഷാനീ….” ആദർശ് ദേഷ്യത്തിൽ വിളിച്ചു…

“ഒരക്ഷരം… ഒരക്ഷരം പോലും ഇനീം റയാനേയോ ധാനിയേയോ പറ്റി പറയരുത് നീ…” ആദർശ് ഇടർച്ചയോടെ പറഞ്ഞതും ഇഷാനി പീന്നീടൊന്നും പറയാതെ വിങ്ങിപ്പൊട്ടിക്കൊണ്ട് മുറിയിലേക്ക് ഓടി

“എടാ… നിന്നെ… ഞാൻ….!!”

എല്ലാം കണ്ട് ചിരിയോടെ നിൽക്കുന്ന അനൂപിനെ ആദർശ് ചവിട്ടി പുറത്താക്കി….

വാതിൽ വലിച്ചടച്ചിട്ട് റയാൻഷിനെ മുഖമുയർത്തി നോക്കാതെ ആദർശ് സങ്കടത്തോടെ മുറിയിലേക്ക് നടന്നു… ഉള്ളിലെ സങ്കടത്തെ പിടിച്ചു നിർത്താൻ ശ്രമിക്കാതെ സ്വന്തം മിഴികളെ പെയ്യാൻ അവനനുവദിച്ചപ്പോൾ ആ മിഴിനീർ റയാൻഷിൻ്റെ ഹൃദയത്തെയും ചുട്ടു പൊള്ളിച്ചു….

എല്ലാം കേട്ട് തറഞ്ഞ് നിന്ന ധാനി വിതുമ്പിക്കൊണ്ട് നിലത്തേക്കൂർന്നിരുന്നു…

സ്വന്തം ഉള്ളിൽ അലയടിക്കുന്ന സങ്കടത്തെ പോലും നിയന്ത്രിക്കാൻ സാധിക്കാത്തതിനാൽ ധാനിയെ സമാധാനിപ്പിക്കാൻ മെനക്കെടാതെ ഉറയ്ക്കാത്ത കാലടികളോടെ റയാൻഷ് നടന്നകന്നു…

വീട്ടിലെ മുഴുവൻ ആളുകളുടെയും മനസ്സ് അസ്വസ്ഥമായിരുന്നു… ആരിലെ വേദനയാണ് ഏറ്റവും ആഴത്തിൽ ഉള്ളതെന്ന് വെറുതെ പോലും പ്രവചിക്കാൻ കഴിയാത്ത വിധം ഓരോ ഹൃദയവും ഉരുകി..

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും)

രചന : ഭാഗ്യലക്ഷ്മി