പെണ്ണ് കാണാൻ വന്ന ബന്ധുക്കൾക്ക് തീരെ പെണ്ണിനേയും വീട്ടുകാരെയും പിടിച്ചില്ല എന്ന മട്ടിലായിരുന്നു പെരുമാറ്റം

രചന : ജിൽസ് ലിൻസി കണ്ണൂർ

അയാളും ഞാനും തമ്മിൽ

❤❤❤❤❤❤❤❤❤❤

കോളേജിന്റെ ഗേറ്റിനോട് ചേർന്നു നിൽക്കുന്ന മാവിന്റെ ചോട്ടിൽ അന്നും അയാൾ നിൽപ്പുണ്ടായിരുന്നു…

ദൂരെ നിന്നു തന്നെ അയാൾ എന്നെ നോക്കുന്നത് എനിക്ക് കാണാമായിരുന്നു…. പക്ഷേ താൻ തൊട്ടടുത്ത് എത്തിയതും പതിവ് പോലെ അയാൾ സുഹൃത്തുക്കളുടെ തോളത്തു കയ്യിട്ട് തിരിഞ്ഞു നിന്നു….

ദാവണിയുടെ അറ്റം കയ്യിൽ ചുരുട്ടി പിടിച്ചു ഞെരിച്ചു ഞാൻ അയാളോടുള്ള ദേഷ്യം തീർത്തു….

കുറച്ചേറെ നാളായി ഇത്.. താൻ പോകുന്ന വഴിയിലെല്ലാം ഇയാളെ കാണുന്നു……

എന്നാൽ തന്നെ നേരിട്ട് കാണുമ്പോൾ മുഖം മാറ്റും…. ഇയാൾക്കിത് എന്തിന്റെ സൂക്കേടാണ് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു…. പക്ഷേ എന്തെങ്കിലും ഇങ്ങോട്ട് പറയണ്ടേ… അല്ലാതെ എന്തു പറയാൻ!!!

അയാളെ എനിക്കിഷ്ടമേ ആയിരുന്നില്ല… തന്റെ സങ്കല്പത്തിലെ പുരുഷന്റെ അത്രയും നിറമില്ല, ഭംഗിയില്ല,….. പിന്നെ ഇയാൾ എന്തിനാണ് ഇങ്ങനെ തന്റെ പുറകെ നടന്ന് സമയം കളയുന്നത്??

ക്ലാസ്സിന്റെ മുൻപിലുള്ള വരാന്തകളിൽ, കോളേജ് ഗേറ്റിനടുത്തുള്ള മാവിൻ ചുവട്ടിൽ ,

ബസ് സ്റ്റോപ്പിൽ, അമ്പലത്തിൽ പോകുമ്പോൾ അവിടെ വഴിയരികിൽ അങ്ങനെ താൻ പോകുന്നിടത്തെല്ലാം നിശബ്ദമായി യാതൊരു ശല്യവുമില്ലാതെ അയാൾ മാറ്റാരെയെ നോക്കുന്ന പോലെ നിൽക്കും…..

ഒരിക്കൽ സഹികെട്ടു താൻ പറഞ്ഞു.. തനിക്കിതെന്ത് വട്ടാണ്…. ഞാൻ പോകുന്നിടത്തെല്ലാം വരാൻ !!! എനിക്ക് തന്നെ ഇഷ്ടമേയല്ല…. താൻ കണ്ണാടിയിലൊന്നും നോക്കാറില്ലേ!!

മറുപടി കേൾക്കാൻ നിന്നില്ല വേഗം നടന്നു…ആ മുഖമൊന്ന് വാടിയോ!! ആ… ആണെങ്കിൽ തനിക്കെന്താ….. അല്ലേലും ഇത്തരം സെന്റിമെന്റ്സിലൊന്നും വലിയ കാര്യമില്ല!!!

പക്ഷേ തൊട്ടടുത്ത ദിവസവും ആള് പഴയ സ്ഥലത്ത് തന്നെ ഉണ്ട്… പതിവിന് വിപരീതമായി ചുണ്ടിൽ ഒരു ചിരിയും ഉണ്ട്!!!താൻ അടുത്തെത്തിയതും പതുക്കെ ബൈക്കിൽ നിന്ന് ചാടിയിറങ്ങി…. ഒരു നിമിഷം ഞാനൊന്ന് പേടിച്ചു….. പേടി പുറത്തു കാട്ടാതെ ഞാൻ മുഖമുയർത്തി…. ആ രണ്ടു കണ്ണുകൾ എന്റെ മുഖത്തു തന്നെ തറച്ചിരിക്കുകയാണ്…. ഇപ്പോഴാണ് ആളെ അടുത്ത് കാണുന്നത്…..

നിറം കുറവെങ്കിലും ഭംഗിയുള്ള മുഖം …. പതുക്കെ ശബ്ദം താഴ്ത്തി പറഞ്ഞു…. ശാലു എനിക്ക് തന്നെ ഇഷ്ടമാണ്.. ….ഇത് പറയാൻ ഒരവസരത്തിന് വെയിറ്റ് ചെയ്യുകയായിരുന്നു..പക്ഷേ തനിക്കിഷ്ടമില്ല എന്നറിഞ്ഞിരുന്നില്ല…. സോറി!!

ഞാൻ മറുപടി പറയുന്നതിന് മുൻപേ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അയാൾ ഓടിച്ചു പോയി….

കുറച്ചു നാൾ പിന്നെ അയാളെ കണ്ടതേയില്ല….

ആരോ പറഞ്ഞു അയാൾക്ക് psc ജോലി കിട്ടിയെന്ന്…. നല്ല പോസ്റ്റ്‌ ആണത്രേ!.. പിന്നെ ഒരു ദിവസം കണ്ടു…കോളേജിൽ ജോലി കിട്ടിയതിന്റെ പാർട്ടി നടത്താൻ വന്നപ്പോൾ…

ഫ്രണ്ട്സിനും ടീച്ചേഴ്സിനും എല്ലാം അന്നയാളുടെ വക ബിരിയാണി ഉണ്ടായിരുന്നു…. പാർട്ടി കഴിഞ്ഞു പോകുമ്പോൾ അതിനിടയിൽ ഒരിക്കൽ പോലും അയാൾ ഞങ്ങളുടെ ക്ലാസ്സിന്റെ ഭാഗത്തേക്ക്‌ വന്നേ ഇല്ല!!

അവനിനി നിന്നെക്കാൾ സൂപ്പർ പെണ്ണിനെ കിട്ടും മോളേ ഫ്രണ്ട്‌സ് ആരൊക്കെയോ പറഞ്ഞു… കിട്ടിക്കോട്ടെ എനിക്ക് വേണ്ട അവനെ ….ഞാനും വിട്ടു കൊടുത്തില്ല!!!

എന്തൊക്കെ പറഞ്ഞാലും അവന് കിട്ടിയ നല്ല ജോലി എന്റെ ഉറക്കം കെടുത്തി…. ഇനി എന്നേക്കാൾ നല്ല പെണ്ണിനെ എങ്ങാനും അവന് കിട്ടുമോ?? കിട്ടിയാൽ തനിക്കെന്താ … അന്തവും കുന്തവുമില്ലാത്ത ചിന്തകൾ എന്റെ ഉറക്കം കളഞ്ഞു

മാസങ്ങൾ ഓടി പോയി… അയാൾ പിന്നെ ഒരിക്കലും തന്റെ വഴിയിൽ വന്നതേയില്ല….കോഴ്സ് കഴിഞ്ഞു…. പതിവ് പെൺകുട്ടികളെ പോലെ psc പഠിപ്പും, ട്യൂഷനും ഒക്കെ ആയി സമയം കളഞ്ഞു… അതിനിടയ്ക്ക് ഒന്നു രണ്ടു ആലോചനകൾ വന്നു… പല പേരിൽ അതെല്ലാം ഒഴിവായി പോയി….

പിന്നെ വന്നൊരാലോചന അയാളുടേത് ആയിരുന്നു…. പെണ്ണ് കാണാൻ വന്ന ബന്ധുക്കൾക്ക് തീരെ പെണ്ണിനേയും വീട്ടുകാരെയും പിടിച്ചില്ല എന്ന മട്ടിലായിരുന്നു പെരുമാറ്റം….

പക്ഷേ അയാൾ ഒരു പുഞ്ചിരിയോടെ തന്റെ വീട്ടുകാരെയും ബന്ധുക്കളെയും പരിചയപെട്ടു..

ചെക്കനെ ഇഷ്ടപ്പെട്ടോ എന്ന ചോദ്യത്തിന് താൻ മറുപടി ഒന്നും പറഞ്ഞില്ല…ആലോചിക്കണം എന്ന ഒഴുക്കൻ മറുപടിയിൽ അവർ ചെക്കന്റെ വീട് കാണാൻ തിയതി ഉറപ്പിച്ചു…

ചെക്കന്റെ വീട് കാണാൻ പോയവർ അല്പം അസംതൃപ്തിയോടെയാണ് തിരിച്ചു വന്നത്… ചെറിയ വീട്…. കെട്ടിക്കാനുള്ള രണ്ടു അനിയത്തിമാർ കട ബാധ്യതയിൽ ഉള്ള വീട് എല്ലാം അവരുടെ ലിസ്റ്റിൽ നെഗറ്റീവ് ആയിരുന്നു….

പിന്നെ വലിയ ഭംഗിയില്ലാത്ത ചെക്കനും…..

തിരിച്ചിങ്ങോട്ടും ചെക്കന്റെ വീട്ടുകാർക്കും വലിയ താല്പര്യം ഉണ്ടായിരുന്നില്ല… ജോലിക്കാരനായ അവരുടെ മകനെകൊണ്ട് അല്പം സാമ്പത്തികം ഉള്ള വീട്ടിലെ ജോലിക്കാരി പെണ്ണിനെ കൊണ്ട് കെട്ടിക്കണം എന്ന സ്വഭാവികമായ ആഗ്രഹം അവരുടെ അസംതൃപ്തിക്ക് പുറകിൽ ഉണ്ടായിരുന്നു…..

എന്തോ എങ്ങനെയോ കല്യാണം ഉറപ്പിച്ചു…. കാരണം ഒന്നു മാത്രം അയാൾക്ക് തന്നെ മതി!!

എന്തോ എന്റെ മനസ്സിലും അയാളോട് ചെറിയൊരു ഇഷ്ടം മൊട്ടിട്ടു തുടങ്ങിയിരുന്നു….

എന്റെ വീട്ടിലെ അമ്മായിമാരും ബന്ധുക്കളും ഇവൾക്കീ ചെറുക്കനെ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു കുശു കുശുത്തു…. ശാലു നിന്റെ ഭംഗിക്ക് ഈ പുള്ളി മാച്ച് അല്ലാട്ടോ എന്ന് കൂട്ടുകാരികൾ കളിയാക്കി….

അപ്പുറത്തെ സൈഡിൽ എന്റെ ദേഹത്തിലെ സ്വർണത്തിന്റെ കുറവ് കണ്ട് അമ്മായിമാരും ബന്ധുക്കളും സുജിത്തിന് ഇതിലും വലിയ ബന്ധം കിട്ടുമായിരുന്നില്ലേ എന്ന് അദ്ദേഹത്തിന്റെ അമ്മയോട് കുശു കുശുത്തു….ആ…അഴക് മാത്രം നോക്കിയാൽ ഇങ്ങനെ ഇരിക്കും എന്ന് പറഞ്ഞവർ നെടു വീർപ്പിട്ടു….

അദ്ദേഹം മാത്രം പണ്ട് മാവിൻ ചുവട്ടിൽ വെച്ചു ചിരിച്ച അതേ ചിരിയോടെ തന്നോട് പറഞ്ഞു.. ഒന്നും കാര്യമാക്കേണ്ട ഇതൊക്കെ കാലം തിരുത്തും……

അതു ശരിയായിരുന്നു…കാലം കടന്നു പോയി ഞങ്ങൾക്ക് മക്കളുണ്ടായി…. ഞങ്ങളുടെ കുറവുകളെ കാലം നികത്തി എനിക്ക് നല്ല ജോലി കിട്ടി… കുറ്റം പറഞ്ഞ ആളുകൾ നോക്കി നിൽക്കെ ഞങ്ങളുടെ imperfections എല്ലാം പെർഫെക്ട് ആയി…. സൗന്ദര്യം, സാമ്പത്തികം, ജോലി, ആളുകൾ പറയുന്ന ജോടികളെ പോലെയുള്ള പൊരുത്തം എല്ലാം വിവാഹ ജീവിതത്തിൽ അപ്രസക്തമാണ്…..

ചിലതെല്ലാം കാലം തകർത്തു കളയും സൗന്ദര്യം പോലെ… പണം പോലെ… ചിലതെല്ലാം പിന്നീട് വന്നു ചേരും…. ഭാഗ്യം പോലെ…

നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്ന, നമുക്ക് വേണ്ടി കാത്തിരിക്കാൻ തയാറാവുന്ന, നമ്മളെ പ്രോത്സാഹിപ്പിക്കാൻ തയാറാവുന്ന ഒരു പങ്കാളി തന്നെയാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് എന്ന് തിരിച്ചറിയുമ്പോഴാണ്….. വിവാഹ ജീവിതം ഭൂമിയിലെ സ്വർഗം ആകുന്നത്…..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ജിൽസ് ലിൻസി കണ്ണൂർ