പ്രണയിച്ചവളെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ചെന്നത് കുരിശായി…

രചന : എ കെ സി അലി

റോഡ് വക്കിലും ഇട വഴിയിലും വേലിക്കലുമെല്ലാം വെച്ചുള്ള പ്രണയം അവളുടെ വീട്ടിലറിഞ്ഞപ്പോൾ വീട്ടീന്ന് പുറത്താക്കിയത് അച്ഛൻ എന്നെയായിരുന്നു..

പെട്ടിയും പൊക്കണവും ഒരു പാതി രാത്രി എടുത്തു പുറത്തേക്കിട്ട് അച്ഛൻ പറഞ്ഞു “ഇപ്പൊ ഇറങ്ങിക്കോണം ഇവിടെ നിന്ന് ” എന്ന് .”വീട്ടിനു ചീത്തപ്പേരുണ്ടാക്കിയവനൊന്നും ഇവിടെ വേണ്ട” എന്നും.

അച്ഛൻ വെട്ടൊന്നു തുണ്ടം രണ്ട് എന്ന മട്ടിലാണ് കാര്യം പറഞ്ഞത്..

അമ്മയും അനിയത്തിയും എനിക്ക് വേണ്ടി വക്കാലത്തേറെ അച്ഛനോട് നടത്തി നോക്കി.

അവരുടെ നില നിൽപ്പും വീടിനു പുറത്താവുമെന്ന ഘട്ടമെത്തിയപ്പോൾ ഞാൻ പെട്ടിയും പൊക്കണവും എടുത്തു ചായ്പ്പിലേക്ക് കയറി..

അതു കണ്ട അച്ഛൻ പറഞ്ഞു അവിടെ അല്ല ഈ പടിക്ക് പുറത്തെന്ന്

ഞാൻ പറഞ്ഞു കയ്യിൽ ചില്ലിക്കാശില്ലാതെ ഞാനങ്ങോട്ട് പോവാനാ എന്ന്..

“അതിപ്പോഴാണോ നീ ഓർത്തതെടാ.. എന്നിട്ടാണോ നീ ഒരുത്തിയെ ഒരു വഴിക്കാക്കിയത് എന്നച്ഛൻ എന്നോട് ചോദിച്ചു..

ഞാൻ ഒരക്ഷരം പിന്നെ മിണ്ടിയില്ല..

അയലത്തുകാർ കേൾക്കണ്ട എന്ന് കരുതിയാവും ഒരു കണക്കിന് യുദ്ധമവസാനിപ്പിച്ച് അച്ഛൻ വീടിനകത്തേക്ക് കയറി പോയത്..

അതിരാവിലെ ചായ്പ്പിൽ നിന്ന് പമ്മി പമ്മി ഇറങ്ങുന്ന പൂച്ചയെ പോലെ അടുക്കള ലക്ഷ്യമാക്കി ചെന്നു നിന്നു ഞാൻ

അടുക്കള വാതിലിലൂടെ ഞാൻ ഒളികണ്ണിട്ട് അമ്മയെ നോക്കി..

അച്ഛൻ കാണാതെ അമ്മ വന്നു പറഞ്ഞു എടാ ചായ ചായ്പ്പിൽ ജനാലക്കരികെ വെച്ചിട്ടുണ്ട് എന്ന്.

അങ്ങനെ എന്റെ കാര്യങ്ങൾക്കൊന്നും ചായ്പ്പിലാണെങ്കിലും ഒരു കുറവും ഉണ്ടായില്ല എത്തേണ്ടതെല്ലാം അമ്മയും അനിയത്തിയും തകൃതിയായി എത്തിച്ചു തന്നു..

ഒരു ദിവസം ടേപ്പ്റിക്കോർഡറിൽ മുക്കാലാ..

മുക്കാബലാ പാട്ട് കേട്ട് ആനന്ദിക്കുമ്പോഴാണ് അച്ഛൻ മുക്കാനോ മൂളാനോ നിൽക്കാതെ ചായ്പ്പിന്റെ ഫ്യൂസൂരിയത്

അച്ഛൻ ഊരിയ ഫ്യൂസ് അതേ രാത്രി തന്നെ ഞാൻ കെട്ടി..

എങ്കിലും മഴക്കാലമല്ലേ രാത്രികളിലെ കറന്റ് പോക്ക് എന്റെ ഉറക്കത്തെ സാരമായി ബാധിച്ചു

അതിനിടയിൽ അയലത്തൊക്കെയുള്ള നായകളുടെ ഓരിയിടലും കൂടി ആയപ്പോ ശരിക്കും ഉറക്കം വരാതെയായി..

പിറ്റേന്ന് തന്നെ ഐടിഐ യിൽ പഠിച്ച ബുക്കുകൾ പൊടി തട്ടിയെടുത്തു എമർജൻസി ഉണ്ടാക്കുന്ന തിയറി ഒന്നു കൂടി മന:പ്പാഠമാക്കി..

അച്ഛൻ പഠിക്കാൻ വിട്ടത് വെറുതെയായില്ല എന്ന് തോന്നാനായെങ്കിലും എമർജൻസി ഉണ്ടാക്കാൻ തീരുമാനിച്ചു..

പക്ഷെ ബാറ്ററി ട്രാൻസ്ഫോർമർ അങ്ങനെ വേണ്ട ലൊട്ടു ലൊടുക്ക് സാധനങ്ങൾ വാങ്ങാനുള്ള കാശ് എങ്ങനെ ഒപ്പിക്കുമെന്നായി..

അമ്മ എന്ന ബാങ്ക് അച്ഛൻ പൂട്ടിച്ചതു കൊണ്ട് ആ വഴി നോ രക്ഷ അപ്പോഴാണ് ചായ്പ്പിന്റെ ഒരു മൂലയിൽ കിടക്കുന്ന പഴയ അലുമിനിയം പത്രങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത് അതെല്ലാം ചവിട്ടിക്കൂട്ടി ചാക്കിലാക്കി ആക്രിക്കാരൻ കോയക്കക്ക് കൊണ്ട് കൊടുത്തു..

അച്ഛനറിയരുത് എന്ന് ഞാൻ പറഞ്ഞപ്പോൾ കോയാക്ക പറഞ്ഞു ആദ്യമായി ഒന്നും അല്ലല്ലോ നമ്മൾ ബിസിനസ് ചെയ്യണത് എന്നും പറഞ്ഞൊരു ചിരി..

ശരിയാണ് അടുക്കളയിലെ മൊന്ത ചട്ടി അങ്ങനെ പലതും കൊണ്ട് കൊടുത്ത് മുന്നേ ഞാൻ പല ബിസിനസും തുടങ്ങിയതാണല്ലോ..

എന്തായാലും വേണ്ട സാധനങ്ങളെല്ലാം ടൗണിൽ പോയി വാങ്ങി കൊണ്ട് വന്ന് ജോലി തുടങ്ങി.

രണ്ടു എമർജൻസി ഉണ്ടാക്കി ഒരെണ്ണം എന്റെ ചായ്പ്പിലേക്ക് ഒരെണ്ണം വീട്ടിലേക്കായി അമ്മയുടെ കയ്യിൽ കൊടുത്തു..

അതിന്റെ പ്രകാശത്താൽ അയലത്തെ ചിലരുടെയെല്ലാം ഓർഡർ കിട്ടി ആദ്യം മണി പിന്നെ പണി എന്ന ലവലിൽ എന്റെ എമർജൻസി ബിസിനസ് ചെറുതായി വളർന്നു എന്ന് തന്നെ പറയാം..

ഇതിനിടക്കാണ് അമ്മ ഒരു ദിവസം വന്നു പറഞ്ഞത് അച്ഛൻ എനിക്കൊരു ഒരു വിസ തരപ്പെടുത്തിയിട്ടുണ്ടെന്ന്….

പോകില്ല എന്ന് പറഞ്ഞാൽ ചായ്പ്പിൽ നിന്ന് വെളിയിലേക്കാവും കാര്യം പച്ച വെള്ളം പിന്നെ കിട്ടില്ല ഈ കാര്യത്തിൽ അമ്മയുടെ കട്ട സപ്പോർട്ടും അച്ഛനൊപ്പമാണ്..

ഞാൻ പോവാം പക്ഷെ അമ്മ ഒരു കാര്യം സമ്മതിക്കണം

അമ്മ ചോദിച്ചു എന്തു കാര്യം..

അവളെ എങ്ങനെ എങ്കിലും ഇവിടെ കൊണ്ട് വരാൻ സമ്മതിക്കണം എന്ന്

അമ്മ കേട്ട പാടെ ഏതവൾ പൊയ്ക്ക ചെറുക്കാ എന്നും പറഞ്ഞമ്മ എസ്കേപ്പായി..

എന്തായാലും പോവാൻ തീരുമാനിച്ചു പ്രണയിച്ചവളെ ഒരു വിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ ചെന്നത് കുരിശായി കെട്ടിയില്ലേൽ ഇപ്പൊ ചാവുമെന്ന മട്ടിലവൾ നിന്നെന്നെ ധർമ്മസങ്കടത്തിലാക്കി..

കെട്ടാനാണേലും ചാവാനാണേലും കുറച്ചു ദിവസം താടി എന്നും പറഞ്ഞവിടെ നിന്ന് ഞാൻ തത്കാലം തടി ഊരി..

പോവുന്നതിന്റെ രാത്രി തന്നെ അവളെ ഞാൻ ഇറക്കി കൊണ്ട് വന്ന് കാറിലിരുത്തി

ഉടനെ അവൾ ചോദിച്ചു എന്നെയും ദുബായിക്ക് കൊണ്ട് പോവാണോ ചേട്ടാ എന്ന്..

മനുഷ്യൻ ജീവനില്ലാതെ നിൽക്കുമ്പോഴാണവളുടെ തമാശ..

ഇങ്ങനെ എന്റെ ജാതകത്തിലുണ്ടാവും എന്ന മനസ്സുമായി ഒരു താലി എടുത്തവളുടെ കഴുത്തിൽ കെട്ടി കൊണ്ട് ഞാൻ പറഞ്ഞു തത്കാലം പിടിച്ചു നിൽക്കാനാണ് കുളമാക്കരുത് എന്ന് പറഞ്ഞവളോട് അപേക്ഷ രൂപേണ ഞാൻ കുറച്ചു നേരം നിന്നു..

ഒന്നും നടന്നില്ല എന്ന മട്ടിൽ വീട്ടിൽ കയറി ചെന്നു..

അമ്മ മാങ്ങ അച്ചാറ് കടുമാങ്ങ അച്ചാറ് ചമ്മന്തി പൊടി തുടങ്ങിയ കൊണ്ട് പോകാവുന്നത്രയും സാധനങ്ങൾ പെട്ടിയിൽ നിറച്ച് സ്നേഹത്തോടെ എന്നെ നോക്കി..

ഇനിയും പെട്ടിയിങ്ങനെ കണ്ടാൽ അമ്മ ചിലപ്പോ അടുക്കള തന്നെ അതിൽ കയറ്റുമെന്ന് കരുതിയ ഞാൻ പെട്ടികൾ എല്ലാമെടുത്ത് വണ്ടിയിൽ കൊണ്ട് പോയി വെക്കാൻ കൂട്ടുകാരോട് പറഞ്ഞു..

അച്ഛൻ, അമ്മ, അനിയത്തി, കുടുംബക്കാർ, അയൽക്കാർ എല്ലാവരോടും ഞാൻ യാത്ര പറഞ്ഞു ഇറങ്ങി..

കാറിൽ കയറുന്നതിനു മുമ്പ് അവളോട് യാത്ര പറഞ്ഞു ഞാൻ ചെയ്യാൻ പോവുന്ന കാര്യവും പറഞ്ഞു മനസ്സിലാക്കി

അവളെ വണ്ടിയിൽ നിന്നിറക്കി കൊണ്ട് ഞാൻ വീടിന്റെ പടിയിലാക്കി കൊണ്ട് പറഞ്ഞു അമ്മേ ഇവളെ ഇവിടെ വിട്ടേച്ചു പോവാണ് നോക്കിക്കോണേ എന്ന്..

വണ്ടി സ്റ്റാര്‍ട്ട് ചെയ്തത് കൊണ്ട് അച്ഛൻ വിളിക്കണ തെറിയൊന്നും ഞാൻ കേട്ടതേയില്ല..

അതിനു ശേഷം അവളുടെ വീട്ടുകാർ കൊടുവാളും ചിരവയുമായി അവളെ തേടി വന്നപ്പോൾ അച്ഛൻ തടഞ്ഞെന്നും കൊണ്ട് വന്ന് വിട്ടവൻ വന്നിട്ട് കൂട്ടിക്കൊണ്ടു പോയാ മതിയെന്നും പറഞ്ഞവളുടെ വീട്ടുകാരെ അച്ഛൻ തിരിച്ചയച്ചതുമെല്ലാം അമ്മ പറഞ്ഞു ഞാൻ അറിഞ്ഞു..

എന്തായാലും ഇപ്പൊ നിൽക്കുന്നിടത്ത് ഇത്തിരി സമാധാനമുണ്ട്..

ജോലിയും റൂമും ഫോണും ദിവസങ്ങൾ പലതു കൊഴിഞ്ഞു പോയി വർഷം രണ്ടാവാറായി കമ്പനി ലീവ് ഒത്തു വന്നു..

നാട്ടിലേക്ക് പെട്ടി തൂക്കിയിറങ്ങി ആ ദുബായിക്കാരന്റെ പ്രസരിപ്പും പള പളപ്പും ഒട്ടും കുറച്ചില്ല ഞാൻ

ഞാൻ വീട്ടിലേക്കുള്ള ഗെയ്റ്റു തുറക്കുമ്പോൾ ആദ്യം നോക്കിയത് അച്ഛനവിടെവിടേലും ഉണ്ടോ എന്നാണ്.

വീടിന്റെ വാതിലിൻ മുമ്പിൽ തന്നെ എന്നെ പ്രതീക്ഷിച്ച് കക്ഷിയിരുപ്പുണ്ട്..

അച്ഛനെ കണ്ടപ്പോൾ ഞാൻ വിനയ വിനീതനായി നിന്ന് ചിരിച്ചു.

അച്ഛൻ ചോദിച്ചു യാത്രയൊക്കൊ സുഖായിരുന്നോ എന്ന്

അതേ അച്ഛാ എന്നും പറഞ്ഞു അകത്തേക്ക് കയറുമ്പോൾ അച്ഛൻ പറഞ്ഞു

അകത്തോട്ടു കയറണേൽ മുമ്പ് നീ കൊണ്ട് വന്നവളെ അവളുടെ വീട്ടിൽ കൊണ്ടാക്കിയിട്ടു മതി എന്ന്..

ഞാൻ നേരത്തെ കണ്ടത് കേട്ടത് അച്ഛൻ തന്നെ അല്ലെ മാറിയോ …

അച്ഛാ എന്ന് ഞാൻ അറിയാതെ വിളിച്ചു പോയി..

നാലാളറിയെ താലി കെട്ടി കൊണ്ടുവന്നിട്ടു മതി രണ്ട് പേരും കൂടി ഒരു വീട്ടിലെന്ന് അച്ഛൻ വീണ്ടും..

തീയ്യതി എല്ലാം ഞങ്ങൾ ഉറപ്പിച്ചിട്ടുണ്ട് അമ്മയുടെ സ്നേഹ വാക്കുകൾ കേട്ടപ്പോൾ എനിക്ക് സമാധാനമായി പിന്നെ ഒന്നും നോക്കിയില്ല..

ഉടനെ തന്നെ ഞാനവളെ വിളിച്ചു

വന്ന അതേ വണ്ടിയിൽ അവളെ അവളുടെ വീട്ടിൽ കൊണ്ടാക്കുമ്പോൾ അവളുടേതിനു പുറമെ അവളുടെ അമ്മയുടെയും അമ്മൂമ്മയുടെയും പ്രാക്കുകൾ കേട്ട് തല പുകഞ്ഞിരുന്നു..

തിരികെ വീട്ടിലേക്ക് കയറുമ്പോൾ ഞാൻ ചായ്പ്പിലേക്കൊന്നു നോക്കി അതു കണ്ടച്ഛൻ ചോദിച്ചു എന്താ അവിടേക്ക് താമസം മാറാൻ വല്ല പ്ലാനുമുണ്ടോ എന്ന്…

ഞാൻ വേഗം അകത്തേക്ക് കയറി അമ്മയുടെ ശാസനയും ലാളനയും വാങ്ങി വീണ്ടും ആ പഴയ ഞാനായി നിന്നു..

മുറ്റത്ത് പന്തലുകാരുടെ ബഹളം അലയടിക്കുമ്പോൾ ഞാൻ ഒന്നു ചിരിച്ചു അതു കണ്ട് അമ്മ പറഞ്ഞു

“നിന്ന് ചിരിക്കാതെ പോയി വിളിക്കാനുള്ളവരെയെല്ലാം വിളിക്കെടാ “എന്ന്..

ഞാൻ കല്യാണം ക്ഷണിക്കാനായി പുറത്തേക്ക് ഇറങ്ങുമ്പോൾ അച്ഛൻ ഉമ്മറത്ത് നിൽക്കുന്നു എന്നെ നോക്കി “” ഒരിത്തിരി ഉളുപ്പ് “” എന്ന മട്ടിൽ ഒരു ചിരിയുമായി..

ഞാൻ ഉള്ളിലൊരു കള്ളച്ചിരിയോടെ ക്ഷണക്കത്ത് കക്ഷത്ത് തിരുകി മെല്ലെ പുറത്തേക്ക് നടന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : എ കെ സി അലി