ഞാൻ നമ്മുടെയീ ബന്ധത്തിൽ നിന്നും പിന്മാറുകയാണ്, ഇനി എന്നെ വിളിക്കരുത്,കാണാൻ ശ്രമിക്കരുത്

രചന : അരുൺ നായർ

“” സനീഷേ എനിക്കു അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ട്, നീ എന്നെ കുറിച്ച് തെറ്റിദ്ധരിക്കരുത്… ഞാൻ നമ്മുടെയീ ബന്ധത്തിൽ നിന്നും പിന്മാറുകയാണ്…. ഇനി എന്നെ വിളിക്കുകയോ എന്നെ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്… ഇതൊരു അപേക്ഷയാണ്…..””

ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ മൊബൈൽ കട്ട്‌ ചെയ്തു സനീഷിന്റെ മറുപടി എന്താകുമെന്ന് എനിക്ക് അറിയാമായിരുന്നു അതുകൊണ്ട് തന്നെ ഞാൻ അത് കേൾക്കാൻ ആഗ്രഹിച്ചില്ല… ഒരിക്കലും പിരിയില്ലെന്നു ഉറപ്പു കൊടുത്തതാണ് ഞാൻ അവനു, പക്ഷെ എന്റെ അവസ്ഥ കാരണം എനിക്കു അവനെ എന്നന്നേക്കുമായി എന്റെ ജീവിതത്തിൽ നിന്നും അകറ്റേണ്ടി വന്നു… അവനെങ്കിലും ഒരു നല്ല ജീവിതം കിട്ടട്ടെ….

ഞാൻ വിളിക്കരുതെന്ന് പറഞ്ഞു എങ്കിലും സനീഷ് എന്റെ മൊബൈലിലേക്ക് ഒരുപാട് തവണ വിളിച്ചുകൊണ്ടിരുന്നു അവസാനം ഇത്രയും കാലം സ്വന്തമെന്നു കരുതി സ്നേഹിച്ചവനോട് പിരിഞ്ഞു പോകുന്നതിന്റെ കാര്യം പറയുന്നതാണ് നല്ലതെന്നു എനിക്കു തോന്നി അല്ലെങ്കിൽ ഒരു പക്ഷെ കാര്യം അറിയാതെ അവൻ എന്നെ കുറിച്ചോർത്തു ദുഃഖിച്ചു ഇരുന്നേക്കാം… മൊബൈൽ കൈകളിൽ എടുത്തതും ഞാൻ അവന്റെ വിറയാർന്ന ശബ്ദം കേട്ടു…

“” വേണി നിനക്കു എങ്ങനെ എന്നോട് പറയാൻ കഴിഞ്ഞു, ഇതിനു വേണ്ടിയാണോ നമ്മൾ ഇത്രയും സ്നേഹിച്ചത്… ഇനി നിനക്കു നല്ലൊരു ജീവിതം കിട്ടുമെങ്കിൽ യാതൊരു മടിയും കൂടാതെ ഞാൻ ഒഴിഞ്ഞു തരാം… “”

അവന്റെ ശബ്ദം കേട്ടതും ഞാൻ കരഞ്ഞു പോയി, കരഞ്ഞു എങ്കിലും ധൈര്യത്തോടെ ഞാൻ അവനോടു പറഞ്ഞു

“”എനിക്കു നല്ലൊരു ജീവിതത്തിനു വേണ്ടി അല്ല സനീഷേ, നിനക്കു അറിയുമല്ലോ എന്റെ അച്ഛനും അമ്മയും ചെറുപ്പത്തിൽ മരിച്ചു പോയതാണെന്ന് എന്റെ ഏട്ടൻ ആണ് എന്നെ വളർത്തിയതെന്നും…. ഇപ്പോൾ ഏട്ടന്റെ ഏട്ടും, നാലും വയസ്സുള്ള മക്കൾക്ക്‌ ഞാൻ മാത്രമേയുള്ളു…. ദൈവത്തിനു ഞങ്ങളെ പരീക്ഷിച്ചു മതിയായില്ലെന്നു തോന്നുന്നു എന്റെ ഏട്ടനും ഏടത്തിയും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു, അവർ രണ്ടാളും ഞങ്ങളെ വിട്ടു പിരിഞ്ഞു…

ഇനി ഒരു വിവാഹ ജീവിതമോ ഒന്നും എനിക്കു വേണ്ട എന്റെ ഏട്ടന്റെ മക്കളെ നോക്കി ജീവിക്കണം…. “”

“” വേണി…. വേണി അതിനു എന്നെ എന്തിനാണ് ഒഴിവാക്കുന്നത്, എനിക്കു നിന്റെ അവസ്ഥ മനസിലാക്കാൻ പറ്റും, നിന്റെ ഏട്ടന്റെ മക്കളെ സ്വന്തം മക്കളായി സ്നേഹിക്കാൻ പറ്റും… “”

“”വേണ്ട സനീഷേ, ഇനി അതൊന്നും എന്നെ ഓര്മിപ്പിക്കേണ്ട, എന്തൊക്കെ പറഞ്ഞാലും സ്വന്തമായി ഒരു കുഞ്ഞ് ആകുമ്പോൾ ഇവർ നമുക്കൊരു ഭാരമായി തോന്നും, എന്റെ ഏട്ടനും മക്കൾക്കും വേണ്ടി ഞാൻ എന്റെ ജീവിതം കൊടുത്തു കൊള്ളാം… ഇനി എന്നെ വിളിക്കരുത് എന്നെ കാണരുത് നിന്നെ കുറിച്ചുള്ള ഓർമ്മകൾ എന്നെ ദുർബല ആക്കും എനിക്ക് എന്റെ മക്കളെ നോക്കി ജീവിക്കണം….

എന്നോട് ക്ഷമിക്ക് ഞാൻ ഫോൺ വെക്കുന്നു ഞാൻ എന്റെ മക്കൾക്ക്‌ കുറച്ചു ചോറ് കൊടുക്കട്ടെ…. “”

അതു പറഞ്ഞതും ഞാൻ ഫോൺ കട്ട്‌ ചെയ്തു, മക്കൾക്ക്‌ ചോറ് കൊടുത്തു ഉറക്കിയിട്ടു കഴിച്ചെന്നു വരുത്തി ഞാനും ഉറങ്ങാൻ കിടന്നു… കിടന്നപ്പോൾ എനിക്കു സനീഷിനെ കുറിച്ച് ഓർമ വന്നു… പ്ലസ് ടു തൊട്ടു ഒരു നല്ല സുഹൃത്ത് ആയിരുന്നു സനീഷ്, ഡിഗ്രിക്ക് പഠിക്കുമ്പോൾ എപ്പോളോ ഈ വേണിയുടെ സ്വന്തം ആയി അവൻ… ഇപ്പോൾ msc കഴിഞ്ഞു ഇത്രയും നാളും ഒരുമിച്ചു ഒരു മനസ്സായി ജീവിച്ചു ഒരിക്കൽ പോലും അവൻ എന്നോട് മോശമായി പെരുമാറിയിട്ടില്ല… ഇപ്പോൾ നല്ലൊരു ജോലിക്കും കയറിയിട്ടുണ്ട്… അത്രയും നല്ലൊരു ചെറുക്കനെ എന്റെ ജീവിതത്തിലേക്ക് കൊണ്ടു വന്നു അവന്റെ ജീവിതം കൂടി കളയണ്ട… അവനു നല്ലൊരു ഭാവി കിട്ടണമെന്ന് ദൈവത്തോട് പ്രാർത്ഥിച്ചു ഞാൻ ഉറങ്ങി പോയി….

ഏട്ടന്റെ മക്കളായ ഉണ്ണികുട്ടൻ മൂന്നാം ക്ലാസ്സിലും ദേവൂട്ടി നഴ്സറിയിലുമാണ് പഠിക്കുന്നത്… ഏട്ടന്റെത് പ്രണയ വിവാഹം ആയിരുന്നതുകൊണ്ട് ഏട്ടനും ഏടത്തിയും ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു കൂടി ഏടത്തിയുടെ വീട്ടുകാർ തിരിഞ്ഞു നോക്കിയില്ല അതുകൊണ്ടാണ് പൂർണമായും ഉണ്ണികുട്ടന്റേയും ദേവുട്ടിയുടെയും ചുമതല എനിക്കു വന്നത്… എന്തായാലും ഭാഗ്യത്തിന് ഏട്ടൻ ഒരു വീടും കുറച്ചു പൈസയും ഉണ്ടാക്കിയിട്ടുണ്ട് എനിക്ക് ഒരു ജോലിക്ക് കൂടി കയറാൻ കഴിഞ്ഞാൽ പിള്ളേരെ അന്തസായി വളർത്താം…

ഒരു ഇരുപത്തി രണ്ടു വയസ്സ് കാരിയുടെ യാതൊരു പാകപ്പിഴയും കൂടാതെ ഞാൻ ഏട്ടന്റെ മക്കളെ വളർത്തി… രണ്ടാളും എന്നെ ഇളയമ്മ എന്നാണ് വിളിച്ചത്… എനിക്കൊരു ജോലി കൂടി ആയത്തോടു കൂടി ഏട്ടനായി മക്കൾക്ക്‌ ഉണ്ടാക്കിയതൊക്കെ അതുപോലെ സൂക്ഷിച്ചുകൊണ്ടു തന്നെ എനിക്കു മക്കളെ നന്നായി നോക്കാൻ കഴിഞ്ഞു… ചെറുതെങ്കിലും രണ്ടാളുടെയും പേരിൽ ഒരു തുക ബാങ്കിൽ നിക്ഷേപിക്കാനും എനിക്കു കഴിഞ്ഞു….

കാലം പെട്ടന്ന് തന്നെ കടന്നു പോയി… പ്രായം മുകളിലോട്ടു പോകുംതോറും മക്കൾ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി…. ഉണ്ണികുട്ടനും ദേവുട്ടിയും സ്വന്തം അമ്മ ആയി തന്നെ കണ്ടു എന്നെ സ്നേഹിച്ചു… അവരുടെ സ്നേഹത്തിൽ മതിമറന്നു ഞാനും… കുഞ്ഞുങ്ങളുടെ ഓരോ ചെറിയ വിജയങ്ങൾ പോലും ഞങ്ങൾ ആഘോഷിച്ചു… എനിക്കൊരു കല്യാണം കഴിക്കാൻ കഴിയാത്തതിന്റെ ദുഖമൊക്കെ എന്റെ മക്കൾ എനിക്ക് തന്ന സ്നേഹം കൊണ്ടു ഞാൻ മറന്നു പോയി….

എനിക്കു 38 വയസ്സ് ആയപോളെക്കും എന്റെ ഉണ്ണിക്കുട്ടൻ ജോലിയിൽ കയറി, ജോലിയിൽ കയറിയതും അവൻ എന്നോട് കല്യാണം കഴിക്കാൻ നിർബന്ധിച്ചു…

“” ഇനി എങ്കിലും ഇളയമ്മക്കും ഒരു ജീവിതം ഉണ്ടാവണ്ടേ, ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ നശിപ്പിച്ചു തീർക്കരുത് ഈ ജീവിതം…. ഇനി എങ്കിലും ഞാൻ ഇത് പറഞ്ഞില്ലെങ്കിൽ ഒരുപക്ഷെ ദൈവം പോലും എന്നോട് പൊറുക്കില്ല… “”

“” ഇല്ല മോനെ അങ്ങനെ ഒന്നും മോൻ ചിന്തിക്കുക പോലും ചെയ്യരുത്, ഇളയമ്മയുടെ ആഗ്രഹങ്ങൾ എല്ലാം നിങ്ങളുടെ വളർച്ചക്ക് വേണ്ടി നൽകിയതാണ്… ഇനി എന്റെ ദേവൂട്ടിയെ ആണൊരുത്തനെ ഏൽപ്പിക്കണം പിന്നെ എന്റെ ഉണ്ണിക്കുട്ടന്റെ കയ്യിലോട്ട് ഈ വീടിന്റെ വിളക്കായ ഒരു കുഞ്ഞ് സുന്ദരി കുട്ടിയെ തരണം… അത്രയും കഴിഞ്ഞാൽ എന്റെ ജീവിതത്തിൽ എല്ലാമായി… നിങ്ങളുടെ മക്കളെ ലാളിക്കാൻ കൂടി ഭാഗ്യം ലഭിച്ചാൽ എന്റെ ജീവിതം സുകൃതമായി മകനെ… “”

എന്റെ മറുപടിയിൽ അവൻ തൃപ്തനായിരുന്നില്ല, അവൻ വീണ്ടും വീണ്ടും എന്നോട് അതെ കാര്യം പറഞ്ഞു കൊണ്ടേയിരുന്നു… ഒരിക്കൽ എന്നോട് എനിക്കു പഴയ ഒരു കാമുകൻ ഉണ്ടല്ലോ പുള്ളി എവിടെയാണെന്നു നോക്കിയാലോ വരെയായി ചോദ്യങ്ങൾ…

ഒരു ദിവസം എന്നോട് പറയാതെ സനീഷിനെയും വിളിച്ചു കൊണ്ടു വീട്ടിലേക്കു വന്നു ഞാൻ പുറത്തേക്കു ഇറങ്ങി ചെന്നില്ല മാത്രമല്ല ഇനിയും ഇങ്ങനെ ഉള്ള കാര്യങ്ങൾ തുടർന്നാൽ ഞാൻ ആത്മഹത്യാ ചെയ്യുമെന്ന് തീർത്തു പറഞ്ഞു അതോടു കൂടി അവൻ എന്റെ കല്യാണം നടത്താനുള്ള കാര്യങ്ങൾ നിർത്തി…

അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഞാൻ എന്റെ ദേവുട്ടിയുടെയും ഉണ്ണികുട്ടന്റേയും കല്യാണം നടത്തി….എന്റെ ആഗ്രഹം പോലെ തന്നെ നല്ല മരുമക്കൾ… ദേവൂട്ടി ഭർത്താവിന്റെ കൂടെ അമേരിക്കയിൽ സ്ഥിരതാമസമാക്കി ഉണ്ണികുട്ടനും ഭാര്യയുമാണെങ്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാരാണ് അവർക്കു അങ്ങ് എറണാകുളത്തു ആണ് ജോലി… ഉണ്ണിക്കുട്ടന്റെ ഭാര്യയുടെ വീടും അവിടെ തന്നെ…. അവർക്കു ജോലിക്ക് പോകാൻ എളുപ്പത്തിനു വേണ്ടി എറണാകുളത്തൊരു വീട് വെച്ചാൽ കൊള്ളാമെന്നുള്ള ഉണ്ണിക്കുട്ടന്റെ ആഗ്രഹം എന്നെ വേദനിപ്പിച്ചില്ല പക്ഷെ അതിനു വേണ്ടി ഈ വീടും കൂടി വിൽക്കേണ്ടി വരുമെന്ന് അവൻ പറഞ്ഞപ്പോൾ ഞാൻ തളർന്നു പോയി…

“”ഈ ഇളയമ്മ എവിടെ പോകും മോനെ “”എന്നുള്ള എന്റെ ചോദ്യത്തിനൊരു മറുചോദ്യമാണ് അവൻ എനിക്ക് നൽകിയത്…

“”ഞാൻ മുൻപേ തന്നെ പറഞ്ഞതല്ലേ ഒരു കല്യാണം കഴിക്കാൻ…. അന്ന് കേട്ടില്ല ഇപ്പോൾ ഞാൻ എന്ത് പറയാനാണ്… ഇനിയും ഇളയമ്മയെ ഒരു കല്യാണം കഴിപ്പിക്കാൻ ഞാൻ ഒരുക്കമാണ്,

ഇളയമ്മ തയ്യാറാകുമെങ്കിൽ…. പഴയ കാമുകനെ ഞാൻ കണ്ടു, അദ്ദേഹത്തിനും കുഴപ്പമില്ല പക്ഷെ ഇളയമ്മ മാത്രം ഒന്നിനും സമ്മതിക്കില്ല…. എനിക്കു എന്റെ ജീവിതം ആണ് വലുത് അതിനു വേണ്ടി ഞാൻ പലതും മറക്കും, ഇളയമ്മ ഇവിടെ ഉള്ള ഏതെങ്കിലും സ്ഥാപനത്തിൽ നിൽക്കു, ഇടയ്ക്കു ഇടയ്ക്കു വന്നു എന്നെ കണ്ടോ…. “”

അവന്റെ ഓരോ വാക്കുകളും എന്റെ നെഞ്ച് തുളച്ചു ഇറങ്ങി പോയി, എന്റെ കണ്ണുകളിൽ നിന്നും കണ്ണീർ മഴ ഒഴുകി ഇറങ്ങി അപ്പോളും ഞാൻ ഒന്നു മാത്രം പ്രാർത്ഥിച്ചു ഒരിക്കലും ആ മഴയിലെ വെള്ളം കൊണ്ടൊരു പ്രളയം ഉണ്ടാകരുതെന്ന്…. ഹൃദ=യം പൊട്ടി പോകുന്ന വേദനയോടെ ഞാൻ അവനോടു പറഞ്ഞു…

“” പഴയ കാമുകൻ അതൊക്കെ ഇളയമ്മ ഒരു രാത്രി കൊണ്ടു ഉപേക്ഷിച്ചതാണ് നിങ്ങൾക്ക് വേണ്ടി… മോൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് അങ്ങനെയൊരു മോഹം ഉണ്ടാവില്ല…

മോൻ മോന്റെ ജീവിതം മാത്രം നോക്കിയാൽ മതി… ഇളയമ്മ നാളെ തന്നെ ഇറങ്ങി തരാം…

എന്റെ മോനു നല്ലത് വരും… “”

അന്ന് രാത്രിയിൽ കിടന്നിട്ടു എനിക്ക് ഉറക്കം വന്നില്ല, എന്റെ ഏട്ടൻ പണിത വീട്ടിൽ എന്റെ അവസാന രാത്രി… കുഴപ്പമില്ല എന്റെ ഉണ്ണിക്കുട്ടന് വേണ്ടിയിട്ടല്ലേ… അവൻ എന്തെങ്കിലും തെറ്റ് പറഞ്ഞു പോയിട്ടുണ്ടെങ്കിൽ ദൈവം അവനോടു പൊറുത്തുകൊള്ളും….

അടുത്ത ദിവസം രാവിലെ തന്നെ ഞാൻ പോകാനായി ഇറങ്ങി…. ഉണ്ണിക്കുട്ടനോടും അവന്റെ ഭാര്യയോടും ഞാൻ യാത്ര പറഞ്ഞു ഇറങ്ങി നടന്നു എങ്ങോട്ടെന്ന് അറിയാതെ…. കുറച്ചു ദൂരം മുൻപോട്ടു പോയപ്പോൾ ഒരു കാർ വന്നു എന്റെ അടുത്ത് നിന്നു അതിൽ നിന്നും സനീഷ് ഇറങ്ങി വന്നു….

“” വേണി…. സനീഷിന്റെ ആ വിളിയിൽ ഇപ്പോളും പഴയ ആ സ്നേഹം ഉണ്ടെന്ന് എനിക്കു തോന്നി.

“” വേണിക്ക് എന്താണ് എന്നോട് ഇത്രയും എതിർപ്പ്…. ഞാൻ വേണിയെ എന്റെ ജീവിതത്തിലേക്ക് വീണ്ടും ക്ഷണിക്കുകയാണ്… ഒരിക്കലും വേണിയുടെ അവസ്ഥ കണ്ടു ദയനീയത തോന്നിയത് കൊണ്ടല്ല… എന്റെ ഭാര്യ മരിച്ചിട്ടു പത്തു വർഷം കഴിഞ്ഞു… എനിക്കു ഒരു മോൾ ഉണ്ട്, വലിയ ബുദ്ധി ഒന്നും ഇല്ല പന്ത്രണ്ടു വയസ്സുണ്ട് അവൾക്കു ഇപ്പോൾ എന്നേക്കാൾ ആവശ്യം നിന്നെപോലെയൊരു അമ്മയെയാണ്…. അവൾക്കു വേണ്ടി നീ എന്റെ കൂടെ വരണം അതുമാത്രമല്ല നമ്മൾ കണ്ട പഴയ സ്വപ്‌നങ്ങൾ കുറച്ചൊക്കെ സാധിക്കണം, നമുക്ക് സാധിക്കും വേണി…. എന്റെ ഭാര്യ മരിച്ചപ്പോൾ എനിക്കു ഭയങ്കര വിഷമം ആയിരുന്നു പക്ഷെ എനിക്കു ഇപ്പോൾ തോന്നുന്നു നമ്മളെ ഒന്നിപ്പിക്കാൻ ദൈവം ചെയ്ത കാര്യങ്ങൾ ആണ് ഇതെല്ലാമെന്നു അത്രയും സ്നേഹിച്ചിട്ടില്ലേ വേണി നമ്മൾ…. “”

“” സനീഷേ എനിക്കു ഒന്നും തോന്നുന്നില്ല, എന്റെ മനസ്സ് മുഴുവൻ മരവിച്ചു പോയി… എന്റെ ഉണ്ണിക്കുട്ടൻ എന്നെ ആരും അല്ലാത്തവൾ ആക്കി ഇറക്കി വിട്ടു ഇനി എനിക്കു ഈ ലോകത്തിൽ ആരെയും സ്നേഹിക്കാൻ ആവില്ല…. ജീവിക്കണമെന്ന ആഗ്രഹം പോലുമില്ല… “”

“” നീ പേടിക്കണ്ട ആ വീട് മേടിക്കുന്നത് ഞാൻ തന്നെയാണ്, സിറ്റി ജീവിതം ഒക്കെ മടുത്തു എനിക്കു ഈ നാട്ടിൻപുറത്ത് ഒതുങ്ങി കൂടണം…. പിന്നെ ഉണ്ണിക്കുട്ടൻ ഒരിക്കലും നിന്നെ ഉപേക്ഷിക്കില്ല

അവന്റെ മനസ്സിൽ ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളു നിനക്കൊരു ജീവിതം…. അവൻ എന്നെ അന്വേഷിച്ചു കണ്ടു പിടിച്ചു എന്റെ ഭാര്യ മരിച്ചു അറിഞ്ഞപ്പോൾ തൊട്ടു നമ്മൾ ഒന്നിക്കുന്നതിനെ കുറിച്ച് മാത്രം ചിന്തിച്ചു പക്ഷെ നീ ഒരിക്കൽ പോലും അവനെ മനസ്സിലാക്കിയില്ല അവൻ എന്തെങ്കിലും പറയും മുൻപ് കരയും… അവനെ പോലെയൊരു മകനെ നമുക്ക് ഈ ജീവിതത്തിൽ കിട്ടീല്ല വേണി… ഇന്നലെ കാണിച്ചതും നാടകമാണ് ഈ വഴിയിൽ വെച്ചെങ്കിലും നീ എന്നെ സ്വീകരിക്കും കരുതിയുള്ള നാടകം…. നിന്നെ അത്രയും അവൻ സ്നേഹിക്കുന്നു അവനു വേണ്ടി ജീവിതം മാറ്റി വെച്ച നിനക്കൊരു ജീവിതം ഉണ്ടായി കാണാൻ അവൻ ആഗ്രഹിച്ചു അത് തെറ്റാണോ…. “”

“” എനിക്കു ഒന്നും അറിയില്ല സനീഷ് ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എല്ലാവർക്കും സന്തോഷമാകാൻ….””

എന്റെ വാക്കുകളിൽ എന്തൊക്കെയാണ് നടക്കുന്നതെന്നു തിരിച്ചു അറിയാൻ കഴിയാത്ത ഒരു മരവിപ്പ് ഉണ്ടായിരുന്നു പിന്നെ എന്റെ ഉണ്ണിക്കുട്ടനെ തെറ്റിധരിച്ചതിൽ ഉള്ള ദുഃഖവും ….

“” നീ വന്നു വണ്ടിയിൽ കയറു വേണി, നമ്മൾ ചെല്ലുന്നതും നോക്കി ഉണ്ണികുട്ടനും ഭാര്യയും അവിടെ വെയിറ്റ് ചെയ്യുകയാവും… ഇനിയും താമസിച്ചാൽ അവർക്കു വിഷമമാകും….. “”

ഒന്നും മിണ്ടാതെ സനീഷിന്റെ കൈകൾ പിടിച്ചു ഞാൻ കാറിൽ കയറി സനീഷിന്റെ മകളെ എന്റെ നെഞ്ചോട് ചേർത്തു ഇനി ഞാൻ ഉണ്ട് മോളെ നിനക്കു എന്നു പറയാതെ പറഞ്ഞു കൊണ്ടു…

സനീഷ് കാർ വീടിന്റെ മുൻപിൽ നിർത്തിയപ്പോൾ എന്റെ ഉണ്ണിക്കുട്ടൻ ഓടി വന്നു എന്നോട് മാപ്പ് പറഞ്ഞു, ഒരു ദിവസം എങ്കിൽ ഒരു ദിവസം എന്നെ വേദനിപ്പിച്ചതിനു…. എന്റെ മോനെ കെട്ടിപിടിച്ചു ഞാൻ കരഞ്ഞു ആ കരച്ചിൽ ജീവിതത്തിലെ ഏറ്റവും അവസാനത്തെ ആകണം എന്നു എന്റെ ഉണ്ണിക്കുട്ടൻ പറഞ്ഞു… ഞങ്ങൾ എല്ലാവരും സന്തോഷത്തോടെ വീടിന്റെ അകത്തേക്ക് കയറി….

ഇന്ന് ഞാൻ സന്തോഷവതിയാണ്, എനിക്കു ഭർത്താവ് ഉണ്ട് മക്കൾ ഉണ്ട്…. എന്റെ ത്യാഗം ഫലം കണ്ടതിൽ ഞാൻ ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ടു മക്കളെയും ഭർത്താവിനെയും നോക്കി ജീവിക്കുന്നു….

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : അരുൺ നായർ