തൊട്ടാവാടി, തുടർക്കഥയുടെ ഭാഗം 33 വായിക്കുക…

രചന : ഭാഗ്യലക്ഷ്മി

ബിസ്സിനസ്സ് ട്രിപ്പിന് പോയ രവീന്ദ്രൻ മടങ്ങി വന്നിട്ടില്ല.. വീട്ടിലെ സംഭവ വികാസങ്ങൾ ആരും വിളിച്ചറിയിച്ചിട്ടും ഇല്ല…

അസ്വസ്ഥമായ മനസ്സുകളിലെ കനലുകൾ ആളിക്കത്തിച്ചു കൊണ്ട് സമയം മാത്രം വെറുതെ കടന്ന് പൊയ്ക്കൊണ്ടിരുന്നു…

പത്മിനിയുടെ അരികിലിരുന്ന് നിവിക കരഞ്ഞ് തളർന്നിരുന്നു… തൻ്റെ മകളുടെ ദയനീയാവസ്ഥയിൽ ആ മാതൃഹൃദയം പിടഞ്ഞു….

വീട്ടിലുണ്ടായ ബഹളം അവരുടെ മനസ്സിനെ തെല്ലൊന്നും ആയിരുന്നില്ല ആടിയുലച്ചത്… തൻ്റെ മക്കളെ ആശ്വസിപ്പിക്കാൻ അവരിൽ വാക്കുകൾ ഉണ്ടായിരുന്നില്ല… നിശബദമായ അവരിലെ തേങ്ങലുകൾക്ക് ആ ചുവരുകൾ സാക്ഷ്യം വഹിച്ചു..

കവിളിനെ ചുംബിച്ചിറങ്ങിയ നിവികയുടെ മിഴിനീരിനെ പത്മിനിയുടെ വിറയാർന്ന വിരലുകൾ തുടച്ചു മാറ്റി…

“അ…മ്മേ…അമ്മേ…” നിവിക സങ്കടം സഹിക്ക വയ്യാതെ പത്മിനിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു…

അന്ന് ധാനിയെ വാക്കുകൾ കൊണ്ട് മുറിവേല്പ്പിച്ചതും അനൂപിനെ ന്യായീകരിച്ചതും നിവികയുടെ മനസ്സിലേക്ക് അലയടിച്ചു… കുറ്റബോധം കൊണ്ടവൾ നീറി… മനസ്സ് കൊണ്ട് ആയിരം തവണ ധാനിയോടവൾ മാപ്പപേക്ഷിച്ചു….

❤❤❤❤❤❤❤❤❤❤❤

പകലിനെ കീറി മുറിച്ചു കൊണ്ട് രാവ് തൻ്റെ വരവറിയിച്ചു.. ആ രാവിൻ്റെ നിശബ്ദത പോലും വീട്ടിലെ നിശബ്ദതയ്ക്ക് മുൻപിൽ ഒന്നുമല്ലാതായി തീർന്നു… ആരും ഒരു വാക്ക് പോലും ഉരിയാടിയിട്ടില്ല… ഇരുന്നിടത്ത് നിന്നും ഒരാൾ പോലും ചലിച്ചിട്ടും ഇല്ല…

ആദി മോൻ മാത്രം ശില പോലെ ഇരിക്കുന്ന ധാനിയുടെ ചുറ്റിനും നിന്നവളെ ഉറ്റു നോക്കുന്നുണ്ട്.

“മ്മേ…അ…മ്മേ…” കുഞ്ഞ് ചെറിയ കൊഞ്ചലോടെ അവളെ വിളിച്ചു… ആ കുഞ്ഞി വിരലുകൾ തൻ്റെ മുഖത്ത് ഇഴഞ്ഞ് തുടങ്ങിയതും ധാനി ചിന്ത വിട്ടുണർന്നു… അവൾ നിസ്സംഗതയോടെ മോനെ നോക്കി…

കുഞ്ഞിൻ്റെ മുഖത്ത് ക്ഷീണം പ്രകടമാണ്… ഇത്ര നേരമായിട്ടും കുഞ്ഞിന് കഴിക്കാൻ പോലും ഒന്നും കൊടുത്തിട്ടില്ല… അവൻ്റെ മുഖമാകെ പരിഭവമാണ്.. ആരും തന്നെ പരിഗണിക്കാത്തതിൻ്റെ ആവാം…

ധാനി വേദനയോടെ കുഞ്ഞിനെ നെഞ്ചോട് ചേർത്തു… കുഞ്ഞ് തൻ്റെ അമ്മയുടെ ചൂട് പറ്റി അവളോട് ചേർന്നിരുന്നു..

“ഭാഗ്യം കെട്ട ജന്മമാ… അമ്മയുടെ..!!

അമ്മയുടെ വയറ്റിൽ വന്ന് പിറന്നത് കൊണ്ട് മാത്രം എൻ്റെ മോനും ഭാഗ്യമില്ലാതെ പോയി… സ്വന്തം അച്ഛൻ നീ ജനിക്കും മുൻപേ നിന്നെ വേണ്ടെന്ന് വെച്ചില്ലേ… അത് മോനോടുള്ള ഇഷ്ടക്കുറവ് കൊണ്ടൊന്നും അല്ല കേട്ടോ… അമ്മയോടുള്ള ഇഷ്ടക്കുറവാ മോൻ്റെ അച്ഛനെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചത്… സ്വന്തം കുഞ്ഞാണ് മോനെന്ന് പറയാത്തതും അമ്മയോടുള്ള വെറുപ്പ് കൊണ്ട് മാത്രമാ”

എങ്ങോ മിഴികൾ നട്ടു കൊണ്ട് ഓരോന്ന് പുലമ്പുന്ന ധാനിയെ കുഞ്ഞ് ഉറ്റു നോക്കി..

കുഞ്ഞ് പതിയെ അവളുടെ മടിയിൽ നിന്നും എഴുന്നേറ്റ് ചുറ്റിനും നടന്നു.. ആരേയും കാണാത്തതിനാൽ കുഞ്ഞ് ചിണുങ്ങി…

“ച്ഛാ… അച്ഛാ…” റയാൻഷിനെ കാണാത്തത് കൊണ്ട് ആദി മോൻ എല്ലായിടവും മിഴികളാൽ പരതിക്കൊണ്ട് വിളിച്ചു…

ആ വിളികൾ ഓരോന്നും ചെന്ന് പതിച്ചത് വേദനയോടെ ഇരിക്കുന്ന ആദർശിൻ്റെ ഹൃദയത്തിലേക്കായിരുന്നു… ഇരുന്നിടത്ത് നിന്നും അവനെ ചലിപ്പിച്ചത് ആദി മോൻ്റെ കൊഞ്ചലോടെയുള്ള വിളികളായിരുന്നു…

അവൻ വല്ലാത്ത ഭ്രാന്തമായ ആവേശത്തോടെ പടികൾ ഇറങ്ങി…

“മോൻ… എൻ്റെ മോൻ…” ആദർശ് സമനില തെറ്റിയവനെ പോലെ പറഞ്ഞു….

ആദർശ് ഹാളിലേക്ക് ഓടിച്ചെന്ന് കുഞ്ഞിനെ കൈകളിൽ കോരി എടുത്തു… തുരു തുരെ ചുംബിച്ചു…

“മോൻ അച്ഛനെ വിളിച്ചോ…?? അച്ഛനെ കാണാതെ മോൻ വിഷമിച്ചോ…??”

ആദർശ് വല്ലാത്ത വെപ്രാളത്തോടെ ചോദിച്ചു….

തൻ്റെ മുമ്പിൽ വന്ന് ആദർശ് കുഞ്ഞിനെ എടുക്കുന്നതോ വാരിപ്പുണരുന്നതോ ഒന്നും ധാനി അറിഞ്ഞില്ല… തുറന്ന് വെച്ചിരിക്കുന്ന മിഴികൾ മറ്റേതോ ദിശയിൽ പായിച്ചവൾ നിശ്ചലയായി ഇരിക്കുന്നു….

ധാനിയെ കണ്ടതും ആദർശ് അറിയാതെ തന്നെ കുഞ്ഞിനെ താഴെ വെച്ചു…

ഈ കുഞ്ഞിൽ തനിക്കൊരു അവകാശവും ഇല്ലെന്ന് തൻ്റെ മനസാക്ഷി വിളിച്ചു പറയുന്നതായി ആദർശിന് തോന്നി… അവൾ കാണും മുമ്പേ അവൻ മുറിയിലേക്ക് കയറി പോയി…

ഇഷാനി അന്നേരം വന്ന് കിടന്ന കിടപ്പാണ്…

അവൾക്ക് കഠിനമായ തലവേദന അനുഭവപ്പെട്ടു… മിഴികൾ കലങ്ങി… കൺപോളകൾ വീർത്തു… കവിളുകൾ പരിഭവം കാട്ടി…

വീട്ടിലുള്ള ഈ അവസ്ഥയ്ക്ക് താൻ മാത്രമാണല്ലോ കാരണം എന്നോർക്കെ ആദർശിൻ്റെ മനസ്സ് വീണ്ടും വേദനയിലാണ്ടു…. അവൻ നിസ്സഹായതയോടെ ഇഷാനിക്കരികിൽ വന്നിരുന്നു…

അവൻ്റെ സാമീപ്യം അറിഞ്ഞതും ഇഷാനി പതിയെ എഴുന്നേറ്റു… തൻ്റെ ശരീരം തളരുന്നത് പോലെ അവൾക്ക് തോന്നി…

“ആദീ…” ഇഷാനി നേർത്ത സ്വരത്തിൽ വിളിച്ചതും ആദർശ് അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്തു…

“എന്നോട് ക്ഷമിക്ക് ആദീ… ഞാൻ പല തവണ റയാനെ പുകഴ്ത്തി ആദിയോട് സംസാരിച്ചിട്ടുണ്ട്…

അപ്പോഴൊക്കെ ആദിയുടെ മനസ്സ് എത്ര മാത്രം വേദനിച്ചിരുന്നെന്ന് ഞാൻ അറിഞ്ഞിരുന്നില്ല…

സോറി ആദീ… സോറി…” അവനെ ചേർത്ത് പിടിച്ചു കൊണ്ട് ഇഷാനി സങ്കടത്തോടെ പറഞ്ഞു…

“ആദിക്ക് എങ്ങനെയാണ് റയാനോടും ധാനിയോടും ക്ഷമിക്കാൻ കഴിയുന്നത്..? അവരോട് തനിക്ക് ഒട്ടും ദേഷ്യമില്ലേ..? എന്നോടെന്താ ആദീ ഇതൊന്നും പറയാതിരുന്നത്…? എല്ലാം ഉള്ളിലൊതുക്കി എങ്ങനെയാ ഇത്ര നാൾ പിടിച്ച് നിന്നത്…?”

ഇഷാനി ആദർശിൻ്റെ കവിളിൽ കരം ചേർത്ത് വെച്ച് ഇടർച്ചയോടെ ചോദിച്ചു…

“ഇ… ഇഷാനീ… നീ… ഇങ്ങനെയൊന്നും പറയരുത്… പിന്നീട് ഇതൊക്കെ ഓർത്ത് ദുഃഖിക്കേണ്ടി വരും… പറഞ്ഞു പോയ വാക്കുകൾ തിരിച്ചെടുക്കാൻ പറ്റാത്തതിൻ്റെ വേദന…

അതെത്ര മാത്രമാണെന്ന് നിനക്കറിയില്ല… ആജീവനാന്തം അത് നമ്മളെ വേട്ടയാടിക്കൊണ്ടിരിക്കും…

പറഞ്ഞു പോയതൊക്കെ ഓർത്ത് ഇഞ്ചിഞ്ചായി ഉരുകേണ്ടി വരും…” ആദർശ് അവൾക്ക് മുഖം കൊടുക്കാതെ സങ്കടത്തിൽ പറഞ്ഞു…

“താൻ പറയുന്നതൊന്നും എനിക്ക് മനസ്സിലാക്കാൻ പറ്റുന്നില്ല ആദീ… തന്നെ.. തന്നെ എനിക്ക് മനസ്സിലാവുന്നില്ല…”

“ഇപ്പോൾ നീ ഒന്നും ഓർക്കണ്ട…” ഇഷാനിയെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് ആദർശ് പറഞ്ഞു…

അവളുടെ മിഴികളിൽ നിന്നടർന്ന് വീഴുന്ന നീർത്തുള്ളിൽ അവൻ്റെ ഷർട്ടിനെ നനയിച്ചു കൊണ്ടിരുന്നു.

❤❤❤❤❤❤❤❤❤❤❤

വിണ്ണിൽ പൂർണ്ണ ചന്ദ്രൻ അതീവ ശോഭയിൽ തിളങ്ങുന്നു… ചുറ്റിനും താരകക്കുഞ്ഞുങ്ങൾ കൺചിമ്മുന്നു…

മുറ്റത്തെ മുല്ലവള്ളികൾ വീണ്ടും പൂക്കളാൽ സമൃദ്ധമായി….

റയാൻഷ് വരാന്തയിൽ വന്നിരുന്ന് വിദൂരതയിലേക്കും മിഴികൾ നട്ട് ഏറെ നേരമായി ഇരിപ്പാണ്…

ആദി മോൻ പതിയെ സിറ്റ് ഔട്ടിലേക്ക് ഇറങ്ങി വന്നു… റയാൻഷിനെ കണ്ടതും കുഞ്ഞിൻ്റെ മിഴികൾ വിടർന്നു…

“അച്ഛാ…” ആദി മോൻ ആഹ്ലാദത്തോടെ വിളിച്ചു…

റയാൻഷ് ആ വിളി കേട്ടതും നിറമിഴികളോടെ അവനെ നോക്കി… തൻ്റെ ഉള്ളിലെ സങ്കടം കുഞ്ഞിൻ്റെ സ്നേഹത്തോടെയുള്ള വിളിയിൽ അലിഞ്ഞില്ലാതാവുന്നത് പോലെ റയാൻഷിന് തോന്നി…

“വാ… അച്ഛൻ്റെ മോനൂട്ടൻ വാ..”

റയാൻഷ് വിളിച്ചതും ആദി മോൻ ഓടി ആ ഉള്ളം കൈയ്യിലേക്ക് കയറി… അതുവരെ അവൻ്റെ മുഖത്ത് തളം കെട്ടി കിടന്ന പരിഭവം റയാൻഷിൻ്റെ കരവലയത്തിൽ ഇരുന്നതും പതിയെ ഇല്ലാതായി.

“ആദിക്കുട്ടൻ എന്തേലും കഴിച്ചാരുന്നോ..?”

റയാൻഷ് കുഞ്ഞിനെയും എടുത്ത് അകത്തേക്ക് കയറിക്കൊണ്ട് ചോദിച്ചു…

“മോനൂന് അമ്മയൊന്നും തന്നില്ലേടാ..??”

നിർവികാരതയോടെ ഇരിക്കുന്ന ധാനിയെ നോക്കി റയാൻഷ് ആദി മോനോട് ചോദിച്ചു..

“ധാനീ….” റയാൻഷ് വിളിച്ചതൊന്നും ധാനി കേട്ടില്ല.

അവൻ അവളുടെ ചുമലിലേക്ക് കൈകൾ വെച്ചതും ധാനി ചിന്തകൾക്ക് വിരാമം ഇട്ടു കൊണ്ട് ഞെട്ടലോടെ നോക്കി…

“എന്താ ധാനീ… നീ കുഞ്ഞിനൊന്നും കൊടുത്തില്ലേ..? മോൻ്റെ മുഖത്താകെ ക്ഷീണം ആണല്ലോ…”

റയാൻഷ് പറഞ്ഞതും ധാനി വെപ്രാളത്തോടെ കുഞ്ഞിനെ നോക്കി.. അവൾ കുഞ്ഞിനെ മാറോടടുപ്പിച്ചതും കുഞ്ഞ് ആവേശത്തോടെ പാല് കുടിക്കാൻ തുടങ്ങി… അത് കണ്ടതും ധാനിക്ക് വല്ലാത്ത വേദന തോന്നി… മോന് ആകെ വിശന്നിട്ടുണ്ടാവും… പാവം കുഞ്ഞ്.. അതിനെന്തറിയാം..?? കുഞ്ഞിനെ ശ്രദ്ധിക്കാഞ്ഞതിൽ ധാനി സ്വയം പഴിച്ചു….

കുഞ്ഞുറങ്ങിയതും അവൾ മുറിയിൽ ചെന്ന് കുഞ്ഞിനെ കട്ടിലിലേക്ക് കിടത്തി…

പക്ഷേ അവളുടെ മിഴികൾ അപ്പോഴും തോർന്നിരുന്നില്ല…

രാവിൻ്റെ നിശബ്ദതയെ ഭേദിച്ച് പുറത്ത് പെയ്യുന്ന മഴത്തുള്ളികളെ റയാൻഷ് നിർവികാരതയോടെ നോക്കി നിന്നു.. അവൻ തല ചെരിച്ച് വേദനയോടെ ഇരിക്കുന്ന ധാനിയെ നോക്കി…

അവളുടെ മാസസികാവസ്ഥ മറ്റാരേക്കാളും റയാൻഷിന് മനസ്സിലായിരുന്നു… അവൻ സ്വന്തം വ്യഥയെ നിയന്ത്രിക്കാൻ ശ്രമിച്ച് കൊണ്ട് ധാനിക്കരികിൽ ഇരുന്നു…

“ധാനീ….” അവൻ അവളുടെ കരങ്ങൾക്ക് മേലെ കൈ ചേർത്ത് വെച്ച് ആർദ്രമായ് വിളിച്ചു…

“ഉം…” അവൾ നേർത്ത സ്വരത്തിൽ മൂളി…

“നിനക്കെന്നെയും എനിക്ക് നിന്നെയും നന്നായി അറിയാം… നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും… നമ്മുടെ മനസാക്ഷിക്ക് മുൻപിൽ നമ്മൾ തെറ്റുകാർ അല്ലെങ്കിൽ പിന്നെ എന്തിനാ സ്വയം വേദനിക്കുന്നെ..? ഏട്ടത്തി നമ്മളെ തെറ്റിദ്ധരിച്ചത് കൊണ്ടല്ലേ..?”

“എല്ലാത്തിനും ഞാൻ മാത്രമല്ലേ കാരണം.. ഞാൻ കാരണം സാറിനും പഴി കേൾക്കേണ്ടി വന്നില്ലേ…? എന്നെ സ്വീകരിച്ചതിൻ്റെ പേരിൽ ഒന്നും പറയാനാവാതെ സാറിനും അപമാനിതനായി നിൽക്കേണ്ടി വന്നില്ലേ…? എന്തൊരു ജന്മമാണ് എൻ്റേത്..”

അവൾ വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞതും റയാൻഷിന് അവളെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് മനസ്സിലായില്ല..

അവൻ അവളെ തൻ്റെ മാറോടണച്ചു കൊണ്ട് ആ നെറ്റിത്തടത്തിൽ പതിയെ ചുണ്ടുകൾ ചേർത്തു…

അവളെ ആശ്വസിപ്പിക്കാനെന്നോണം ആ മുടിയിഴകളിൽ കൂടെ വിരലുകൾ ഓടിച്ചു…

അവൻ്റെ മിഴികളിൽ നിന്നും വീണടർന്ന നീർത്തുള്ളികൾ അവളുടെ കവിളിൽ പതിച്ചതും അവൾ സങ്കടത്തോടെ മുഖമുയർത്തി… അവൻ്റെ മിഴികൾ ഈറനണിഞ്ഞത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

ധാനി ആ മിഴിനീർ തുടച്ചു മാറ്റി നിശബ്ദമായി വിതുമ്പുന്ന അവൻ്റെ അധരങ്ങളിലേക്ക് മൃദുവായി തൻ്റെ ചുണ്ടുകൾ ചേർത്തു.. അവൻ്റെ മൂർദ്ധാവിൽ പ്രണയത്തോടെ തലോടി… ജനലഴികളിൽ കൂടെ കടന്ന് വന്ന ഇളം തെന്നൽ അവരുടെ വേദനയിൽ പങ്ക് ചേർന്നു…

“സാരമില്ല… അല്ലേ..?” റയാൻഷ് ഒരു പുഞ്ചിരിയോടെ ചോദിച്ചതും ധാനി നീർത്തിളക്കം നിറഞ്ഞ മിഴികൾ ഒന്ന് ചിമ്മി കാണിച്ചു…

“ഏട്ടത്തിയോട് നമ്മളായി ഒന്നും പറയാൻ നിൽക്കണ്ട… ചെയ്ത തെറ്റിൻ്റെ ആഴം ചേട്ടന് മനസ്സിലായെങ്കിൽ സ്വയം എല്ലാം പറയട്ടെ…”

റയാൻഷ് ശാന്തമായി പറഞ്ഞതും ധാനി ഒന്നും കൂടെ അവനെ ഇറുകെ പിടിച്ചു.. റയാൻഷിനെ തന്നിൽ നിന്നും ഒരിക്കലും അടർത്തി മാറ്റരുതെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്… മണ്ണോട് ചേരുമ്പോഴും ഈ നെഞ്ചോരം ചേർന്ന് നിൽക്കാൻ സാധിക്കണേ എന്ന് മാത്രം ആഗ്രഹിച്ചു കൊണ്ട്…. മറ്റൊന്നും വേണ്ട ഈ ജന്മം…!!

❤❤❤❤❤❤❤❤❤❤❤❤

രാവിലെ താൻ അടുക്കളയിൽ ചെന്നതും അവിടെ നിൽക്കുന്ന നിവികയെ ധാനി അത്ഭുതത്തോടെ നോക്കി

ധാനിയെ കണ്ടതും നിവിക വേദനയോടെ ഒന്ന് പുഞ്ചിരിച്ചു…

ധാനിക്ക് അവളുടെ പ്രവർത്തിയിൽ വല്ലാത്ത സന്തോഷം തോന്നി…

കുറച്ച് മുൻപ് അമ്മ തന്നോട് പറഞ്ഞ വാക്കുകൾ നിവികയുടെ മനസ്സിലേക്ക് അലയടിച്ചു…

“മോളെ നിവീ… ആദി മോൻ ആദർശിൻ്റെ കുഞ്ഞാ… റയാൻ്റെ അല്ല… ആദർശ് അവളെ ഒഴിവാക്കാൻ വേണ്ടി കള്ളം പറഞ്ഞതായിരുന്നു…

അതും ധാനി ഗർഭിണി ആയതിന് ഞാൻ അവനെ കുറ്റപ്പെടുത്തിയതിൻ്റെ പേരിൽ… എൻ്റെ മക്കളുടെ ഈ വിധിക്ക് ഞാൻ മാത്രമാണ് കാരണം…”

ഇടറുന്ന സ്വരത്തിൽ പത്മിനി പറഞ്ഞ ആ വാചകങ്ങൾ ഓർക്കെ തൻ്റെ മുൻപിൽ പുഞ്ചിരിച്ച് നിൽക്കുന്ന ധാനിയെ നിവിക ഈറൻ മിഴികളോടെ നോക്കി…

നിവിക വിങ്ങിപ്പൊട്ടിക്കൊണ്ട് ധാനിയെ കെട്ടിപ്പിടിച്ചു…ധാനി സ്തബ്ദയായി നിന്ന് പോയി..

“എ… എന്നോട് ക്ഷമിക്ക് ധാനീ… അല്ല…അല്ല.. ഏട്ടത്തീ…”

നിവിക വിളിച്ചത് കേട്ടതും ധാനിക്ക് തൻ്റെ കാതുകളെ വിശ്വസിക്കാൻ ആയില്ല…

“എന്നോട് ക്ഷമിക്കില്ലേ… ഞാൻ… ഞാൻ എത്ര മാത്രം ഏട്ടത്തിയെ വേദനിപ്പിച്ചു… പണത്തിൻ്റെ അഹങ്കാരത്തിൽ ഞാൻ അന്ധയായി പോയി…”

“നി… നിവി ചേച്ചീ…”

ധാനി അവിശ്വസനീയതയോടെ വിളിച്ചു…

“ഞാൻ എന്തൊക്കെ പറഞ്ഞിട്ടുണ്ട്… എത്ര തവണ അപമാനിച്ചിട്ടുണ്ട്… എല്ലാത്തിനും മാപ്പ്…”

നിവിക കൈ കൂപ്പിക്കൊണ്ട് പറഞ്ഞതും ധാനി അവളുടെ കരം കവർന്നു… വേണ്ട എന്ന അർത്ഥത്തിൽ തലയനക്കി..

ധാനി ആനന്ദാശ്രുക്കളോടെ നിവികയെ നോക്കി…

സന്തോഷത്തോടെ അവളെ ചേർത്ത് പിടിച്ചു…

“ചേട്ടാ…” റയാൻഷിനെ കണ്ടതും നിവിക ഓടി പോയി അവനെ കെട്ടിപ്പിടിച്ചു..

“എന്നോട് ക്ഷമിക്ക്…. ക്ഷമിക്ക് ചേട്ടാ…”

നിവിക കരഞ്ഞു കൊണ്ട് പറഞ്ഞു…

“അയ്യേ നിവി… എന്താടീ ഇത്..? ദേ മേക്കപ്പൊക്കെ ഒലിച്ച് പോവും കേട്ടോ..”

അവൻ ചിരിയോടെ പറഞ്ഞതും നിവികയും പുഞ്ചിരിച്ചു…..

ചേട്ടൻ്റെയും അനുജത്തിയുടെയും സ്നേഹ പ്രകടനങ്ങൾ ധാനി നിറഞ്ഞ മനസ്സോടെ നോക്കി നിന്നു…

❤❤❤❤❤❤❤❤❤❤

ധാനി ചായ ഇട്ടു കൊണ്ടിരിക്കുമ്പോഴാണ് ഇഷാനി അങ്ങോട്ടേക്ക് വന്നത്… നിവിക സ്ലാബിന് മേലെ കയറി ഇരുന്നു കൊണ്ട് കാരറ്റ് അരിയുന്നു…

ഇഷാനി വേഗം തന്നെ വേറൊരു പാത്രം എടുത്ത് പാല് തിളയ്ക്കാൻ വെച്ചു…

“ഏട്ടത്തീ ചായ ഞാൻ ഇടുന്നുണ്ട്…”

അത് കണ്ടതും ധാനി പറഞ്ഞു..

“നിൻ്റെ ചായ നീയും നിൻ്റെ ഭർത്താവും കൂടെ കുടിച്ചാൽ മതി… ഞങ്ങൾക്ക് വേണ്ട…”

ഇഷാനി സ്വരം കനപ്പിച്ച് പറഞ്ഞു…

ധാനി വേദനയോടെ അവളെ നോക്കി…

“ഏട്ടത്തീ.. എന്താ ഇത്..?” നിവിക ചോദിച്ചു..

“നീ നിൻ്റെ കാര്യം നോക്കിയാൽ മതി നിവീ…

എന്നെ ഉപദേശിക്കാൻ വരണ്ട..” ഇഷാനി പറഞ്ഞു…

ചായയും ഇട്ട് ആരേയും ശ്രദ്ധിക്കാതെ പോവുന്ന ഇഷാനിയെ ഇരുവരും സങ്കടത്തോടെ നോക്കി നിന്നു

❤❤❤❤❤❤❤❤❤❤

“ദാ ആദീ… ചായ…”

ആദർശിന് ചായ കൊടുത്തു കൊണ്ട് ഇഷാനി പറഞ്ഞു…

“ഇന്നത്തെ ചായയ്ക്കെന്താ വേറൊരു ടേസ്റ്റ്..?”

ചായ കുടിച്ചു കൊണ്ട് ആദർശ് ചോദിച്ചു..

“ആഹ്… ഇനീം എല്ലാം ദിവസവും ചായയ്ക്ക് ഈ ടേസ്റ്റേ ഉണ്ടാവുള്ളൂ..”

ആദർശ് ഒന്നും മനസ്സിലാവാതെ നോക്കി…

“തനിക്കെന്താ ആ ധാനി ഇടുന്ന ചായയെ പിടിക്കത്തുള്ളോ…? ഇപ്പോഴും ആദ്യ ഭാര്യയോടാണോ തനിക്ക് സ്നേഹം..?”

ഇഷാനി സങ്കടത്തോടെ ചോദിച്ചു..

“ഇഷാനീ നീ എന്തൊക്കെയാ ഈ പറയുന്നെ..?

ഞാനതൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞത്…”

“ഹും.. അവള് പഞ്ചപാവം പോലെ ഒക്കെ നടക്കും… യഥാർത്ഥ സ്വഭാവം ഇതായിരുന്നല്ലോ…

ഇനീം അവളുണ്ടാക്കുന്ന ഒരു സ്പൂൺ ഭക്ഷണം പോലും ഞാൻ കഴിക്കില്ല… താനും കഴിക്കണ്ട…”

“എന്താ ഇത് ഇഷാനീ…?”

“തനിക്ക് ഉളുപ്പില്ലേടോ തന്നെ ചതിച്ചവൾ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ..?? പിന്നെ തൻ്റെ അനിയനുണ്ടല്ലോ അവനേം എനിക്ക് വെറുപ്പാ..”

“ഇഷാനീ….” ആദർശ് ശബ്ദമുയർത്തി വിളിച്ചു..

“താനെന്തിനാ ആദീ എന്നോട് കിടന്ന് ചൂടാവുന്നത്..? ആ രണ്ടെണ്ണത്തിനെയും കാണുമ്പോൾ എനിക്ക് ദേഷ്യം വരുവാ…”

അതും പറഞ്ഞ് പോകുന്ന ഇഷാനിയെ ആദർശ് സങ്കടത്തോടെ നോക്കി…

അവൻ്റെ മനസ്സിൽ കുറ്റബോധത്തിൻ്റെ കനലുകൾ ആളിക്കത്തി… ഈശ്വരാ ഒന്നും ആലോചിക്കാതെ താൻ പറഞ്ഞൊരു കള്ളം… അതിൻ്റെ പേരിൽ എത്ര പേരാണ് നെഞ്ചുരുകി നടക്കുന്നത്… എത്ര മനസ്സുകളാണ് നീറി നീറി തീരുന്നത്…

എല്ലാത്തിനും മുകളിൽ ചിരിയോടെ നില്ക്കുന്ന ആദി മോൻ്റെ മുഖം.. ആ കുഞ്ഞ് വളർന്ന് വരുമ്പോൾ എല്ലാം അറിഞ്ഞ് കഴിഞ്ഞാൽ തന്നെ വെറുക്കില്ലേ…? അത് തനിക്ക് സഹിക്കാനാവുമോ..?

തൻ്റെ ചോരയല്ലേ അവൻ…? ഇനിയൊരിക്കലും തൻ്റെ കുഞ്ഞിനെ തനിക്ക് കിട്ടില്ല… ഒരച്ഛൻ എന്ന അവകാശത്തിൽ അവനെ വാരിപ്പുണരാൻ തനിക്കാവില്ല… റയാൻ അത് സമ്മതിച്ചാലും തൻ്റെ മനസാക്ഷി അതിനനുവദിക്കുമോ..? തൻ്റെ കൺമുമ്പിൽ കൂടെ തൻ്റെ മകൻ റയാൻഷിനെ അച്ഛാന്ന് വിളിക്കുന്നത് കേൾക്കാൻ തനിക്കാവുമോ..? അത് തൻ്റെ ഹൃദയത്തെ പലതായി പിളർക്കില്ലേ…

എന്തിനാണാവോ താൻ തൻ്റെ കുഞ്ഞിനെ തള്ളി പറഞ്ഞത്…? ഏത് നിമിഷത്തിലാണാവോ തനിക്കങ്ങനെ പറയാൻ തോന്നിയത്..?

അവൻ സ്വയം ശപിച്ചു…

❤❤❤❤❤❤❤❤❤❤❤

ഇഷാനി ധാനി ഉണ്ടാക്കിയതൊന്നും കഴിച്ചില്ല…

അവൾ ഈറൻ മിഴികളോടെ വരാന്തയിൽ വന്നിരുന്നു… വീട്ടിൽ ഉള്ളവർ എല്ലാവരും ചേർന്ന് തന്നെ ഒരു കോമാളി ആക്കി… താൻ റയാനേയും ധാനിയേയും അളവറ്റ് സ്നേഹിച്ചു… ആദി പോലും തന്നോട് സത്യമൊന്നും പറഞ്ഞില്ല..എല്ലാം ഓർക്കെ അവൾക്ക് സങ്കടവും ദേഷ്യവും ഒരേ പോലെ തോന്നി….

അന്നാലും റയാൻ… ഒട്ടും വിശ്വസിക്കാൻ പറ്റുന്നില്ല… ധാനിയും….?? അവൾക്കെങ്ങനെ കഴിഞ്ഞു..?? ഇഷാനിയുടെ മിഴികൾ നിറഞ്ഞൊഴുകി

പാവം ആദി… എങ്ങനെ സഹിച്ചിട്ടുണ്ടാവും ഇത്…? അവൾ വേദനയോടെ ഓർത്തു…

റയാൻ ഏത് നേരവും ചിരിയും കളിയുമല്ലേ…

തനിക്ക് പോലും തോന്നിയിട്ടില്ലേ റയാൻ ആദിയേക്കാളും ബെസ്റ്റ് ആണെന്ന്…? ധാനി അത് കണ്ട് വീണതാവുമോ..? എന്നാലും… എന്നാലും സ്വന്തം സഹോദരനെ പോലെ കാണണ്ട ആളല്ലേ…

ഇഷാനിയുടെ ചിന്തകൾ കാട് കയറി…

ധാനിയോടുള്ള സകല സ്നേഹവും ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതായി… റയാനെ കുറിച്ച് ചിന്തിക്കുമ്പോൾ വെറുപ്പ് മാത്രം മനസ്സിൽ നിറയുന്നു….

പക്ഷേ തനിക്ക് ആദി മോനെ എടുക്കാതെയും കൊഞ്ചിക്കാതെയും ഇരിക്കാൻ ആവുമോ..?

തൻ്റെ കരങ്ങൾ അവനെ എടുക്കാൻ വെമ്പുന്നില്ലേ..? ചുണ്ടുകൾ അവനെ താരാട്ടാൻ കൊതിക്കുന്നില്ലേ..? അവൾ വേദനയോടെ ഓർത്തു…

എന്താ ഈശ്വരാ അവിടുന്ന് എനിക്കൊരു കുഞ്ഞിനെ തരാത്തത്…? അത്ര പാപിയാണോ ഞാൻ…?

എത്ര മാത്രം ഞാനൊരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നെന്ന് അറിയുന്നതല്ലേ ഭഗവാനേ അങ്ങയ്ക്ക്..

എന്നിട്ടും… എന്നിട്ടും…

എന്താ..?? നീ ദുഷ്ടത ചെയ്യുന്നവർക്കൊക്കെ കുഞ്ഞിനെ കൊടുത്തില്ലേ…? എന്നിട്ടും എനിക്ക് തന്നില്ലല്ലോ… അവൾ ഉദരത്തിൽ മുറുകെ പിടിച്ചു കൊണ്ട് മുഖം പൊത്തി കരഞ്ഞു…

അത്രമാത്രം ആഴത്തിൽ തൻ്റെ ഉള്ളം വേദനിക്കുന്നതവൾ അറിഞ്ഞു…. ഒരു കുഞ്ഞിന് വേണ്ടിയവൾ യാചിച്ചു…

❤❤❤❤❤❤❤❤❤❤❤

ഹാളിൽ ഇരുന്ന് കുഞ്ഞിനെ കൊഞ്ചിക്കുന്ന റയാൻഷിനെയും നിവികയെയും ഇഷാനി ഏറെ നേരം വേദനയോടെ നോക്കി നിന്നു… വേണ്ടെന്ന് കരുതിയിട്ടും തൻ്റെ മിഴികൾ കുഞ്ഞിൻ്റെ മേൽ പതിക്കുന്നത് ഇഷാനി അറിഞ്ഞു… പക്ഷേ റയാൻഷിനെ അവഗണിച്ചു കൊണ്ടവൾ മുറിയിലേക്ക് കയറി പോയി…

ദിനങ്ങൾ കൊഴിഞ്ഞ് പോയി… വീട്ടിലുള്ളവർ പരസ്പരം സംസാരിക്കുന്നത് തന്നെ വിരളം…

ഇഷാനിയുടെയും റയാൻ്റെയും കളിയും ചിരിയും സംസാരവും ഒന്നുമില്ലാതെ വീടാകെ ഉറങ്ങിയതു പോലെയായി… രവീന്ദ്രൻ ബിസ്സിനസ്സ് ട്രിപ്പ് കഴിഞ്ഞ് വന്നതും എല്ലാ കാര്യങ്ങളും നിവികയും പത്മിനിയും കൂടെ പറഞ്ഞു..

ആദർശിൻ്റെ സ്വസ്ഥമായ കുടുംബ ജീവിതം തകരാതിരിക്കാൻ ആരും ഒന്നും ഇഷാനിയോട് പറഞ്ഞില്ല

ആദി മോൻ മാത്രം ഇഷാനിയുടെ ഉള്ളിൽ ഒരു നോവായി അവശേഷിച്ചു… റയാൻഷിനേയും ധാനിയേയും അവൾ പാടേ അവഗണിച്ചു…

ഇരുവർക്കും ഒന്ന് മുഖം കൊടുക്കാൻ പോലും അവൾ ആഗ്രഹിച്ചിരുന്നില്ല… തൊട്ടതിനും പിടിച്ചതിനും എല്ലാമവൾക്ക് ദേഷ്യം മാത്രം… എല്ലാം ഒരു കാഴ്ചക്കാരനെ പോലെ കണ്ട് നിശബ്ദനായി നിൽക്കാൻ മാത്രമേ ആദർശിന് കഴിഞ്ഞിരുന്നുള്ളൂ… വീട്ടിലെ സന്തോഷത്തിൻ്റെ കണികകൾ ഓരോന്നായി അറ്റ് തുടങ്ങി… കുറച്ച് മരവിച്ച മനസ്സുകൾ നാല് ചുവരുകൾക്കുള്ളിൽ ചുരുങ്ങി…

ഇഷാനിയുടെ ഇത്തരമൊരു പ്രതികരണത്തിൽ റയാൻഷും ധാനിയും ആഴത്തിൽ വേദനിച്ചു…

അവളുടെ വെറുപ്പോടെയുള്ള നോട്ടങ്ങൾ ഇരുവർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…

കുഞ്ഞിനെ കൊഞ്ചിക്കുന്ന റയാൻഷിനേയും ധാനിയേയും നിവികയേയും ഒക്കെ ഇഷാനി ഏറെ നേരം നോക്കി നിൽക്കും… പക്ഷേ റയാനോടും ധാനിയോടും ഉള്ള ദേഷ്യം കുഞ്ഞിൻ്റെ സമീപത്തേക്ക് പോവുന്നതിൽ നിന്നവളെ പിൻതിരിപ്പിക്കും….

അത് കാണുമ്പോൾ റയാൻഷിനും ധാനിക്കും അതിലേറെ സങ്കടം ഉണ്ടാവുമെങ്കിലും ഇഷാനിയോടവർ ഒന്നും തുറന്ന് പറഞ്ഞില്ല…

സമയം സന്ധ്യ ആയി….

റയാൻഷ് കുഞ്ഞിനെ എടുത്ത് ആദർശിൻ്റെ മുറിയുടെ മുൻപിൽ കൊണ്ട് നിർത്തി…ശേഷമവൻ തിരികെ വന്നു… മുറിയിലിരുന്ന ഇഷാനിയുടെ മിഴികൾ കുഞ്ഞിനെ കണ്ടതും വിടർന്നു…

കുഞ്ഞ് സ്വല്പ നേരം ചുറ്റിനും നോക്കി…

“വല്ലിമ്മേ… വല്ലിമ്മേ…” കുഞ്ഞ് ഇഷാനിയെ കണ്ടതും വിളിച്ചു… ഇഷാനി ഓടിപ്പോയി കുഞ്ഞിനെ വാരിപ്പുണർന്നു…

“എത്ര… എത്ര ദിവസമായി വല്ല്യമ്മേടെ പൊന്നിനെ വല്ല്യമ്മ എടുത്തിട്ട്….” കുഞ്ഞിനെ തുരു തുരെ ചുംബിച്ചു കൊണ്ട് ഇഷാനി പറഞ്ഞു…

അവൾ വാത്സല്യത്തോടെ കുഞ്ഞിനെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു…

ആ കാഴ്ച മറഞ്ഞ് നിന്ന് കണ്ട റയാൻഷിൻ്റെ മിഴികളും ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും)

രചന : ഭാഗ്യലക്ഷ്മി