തൊട്ടാവാടി തുടർക്കഥയുടെ അവസാനഭാഗം വായിക്കുക…

രചന : ഭാഗ്യലക്ഷ്മി

“അല്ല അമ്മയെന്താ ഈ വഴിക്കൊക്കെ..?”

മുറിയിലേക്ക് കയറിയതും റയാൻഷ് ധാനിയോട് ചോദിച്ചു…

“അത്… ഒരു ക്ഷമാപണം നടത്താൻ… ചെയ്തു പോയതിനൊക്കെ…”

ധാനി കുഞ്ഞിനെ തോളത്തേക്കിട്ടു കൊണ്ട് ചിരിയോടെ പറഞ്ഞു..

“എന്നിട്ട് നീ മാതാശ്രീയോട് ക്ഷമിച്ചോ..?”

“എല്ലാവരോടും ഞാൻ എപ്പോഴേ ക്ഷമിച്ചതാണ്…

പിന്നെ ആ അമ്മയോട് എനിക്കെങ്ങനെ ദേഷ്യപ്പെടാൻ ആവും..?

ഈ മോനെ എനിക്ക് തന്നത് ആ അമ്മയല്ലേ…?”

റയാൻഷിനെ നോക്കിക്കൊണ്ട് ധാനി ചിരിയോടെ പറഞ്ഞു…

“ഹും… അതും ശരിയാ… അതോർക്കുമ്പോൾ മാത്രമാണ് അമ്മയോടുള്ള ദേഷ്യം ഇല്ലാതാവുന്നത്…”

അവളെ പുണർന്നു കൊണ്ട് അവൻ ചിരിയോടെ പറഞ്ഞതും ആ നെഞ്ചോരം ചേർന്നവൾ…

❤❤❤❤❤❤❤❤

വീർത്തു വരുന്ന ഇഷാനിയുടെ ഉദരത്തിൽ ഒന്ന് ചുംബിക്കാനായി ഓരോ നിമിഷവും ആദർശിൻ്റെ മനം വെമ്പുകയായിരുന്നു…

മാസാമാസമുള്ള അവളുടെ ചെക്കപ്പുകളോ അവളുടെ കുഞ്ഞ് കുഞ്ഞ് ആഗ്രഹങ്ങളോ ഒന്നും അവൻ അറിഞ്ഞിരുന്നില്ല… ഒരിക്കൽപ്പോലും ഇഷാനി ആദർശിനോട് അതേപ്പറ്റി ഒന്നും സംസാരിച്ചതുമില്ല…

റയാൻഷും ധാനിയും നിവികയും ഏത് നേരവും ഇഷാനിയുടെ ചുറ്റിനും ആണ്…

കുഞ്ഞുവാവ അനങ്ങി തുടങ്ങി എന്ന് നിവിക പറഞ്ഞതും അവളുടെ ഉദരത്തിൽ ഒന്ന് കാതോർക്കാൻ ആദർശ് അതിയായി ആഗ്രഹിച്ചു…

“ഇഷാനീ….”

മുറിയിലേക്ക് ചെന്നതും ആദർശ് അവളെ വിളിച്ചു…

അവളത് ശ്രദ്ധിച്ചില്ല…

“ഒരൊറ്റ തവണ… ഒരേ ഒരു തവണ ഞാനെൻ്റെ കുഞ്ഞിൻ്റെ അനക്കം ഒന്ന് നോക്കിക്കോട്ടെ…?”

അതിൻ്റെ ആവശ്യമില്ല…

“ഇഷാനീ പ്ലീസ്… മതിയായില്ലേ നിനക്കെന്നെ ശിക്ഷിച്ച്..?”

“ഇതാണോ ശിക്ഷ…? ഇത്രയും ആയപ്പോൾ തന്നെ മടുത്തോ..? അപ്പോൾ താൻ ധാനിയെ വേദനിപ്പിച്ചതോ..?”

ഇഷാനി കലങ്ങിയ മിഴികളോടെ ചോദിച്ചു…

“ഇഷാനീ… എന്നെ ഒന്ന് മനസ്സിലാക്ക്.. ഇപ്പോൾ എല്ലാം ഓർത്ത് ഞാൻ ഓരോ നിമിഷവും വേദനിക്കുവാ ഇഷാനീ..”

“താൻ വേദനിച്ചോണ്ട് എന്താ കാര്യം..? താൻ നിഷ്കരുണം വേണ്ടെന്ന് വെച്ചപ്പോൾ റയാൻ ധാനിയെ സ്വീകരിച്ചില്ലായിരുന്നെങ്കിൽ…? ങേ..? അപ്പോൾ ധാനിയുടെ അവസ്ഥ എന്താകുമായിരുന്നു…?

ചിന്തിച്ചിട്ടുണ്ടോ താൻ…?”

ഇഷാനിയുടെ ചോദ്യത്തിന് അവൻ്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല…

“താൻ സ്വാർത്ഥനാണ്…!! അന്നും… ഇന്നും…!! ഒരു പക്ഷേ ധാനി തന്നോട് ക്ഷമിക്കുമായിരിക്കാം… പക്ഷേ ഈ ഇഷാനി തന്നോട് ഒരിക്കലും ക്ഷമിക്കില്ല… ഒരേ മുറിയിൽ കഴിയുന്ന അപരിചിതർ മാത്രമാവും ജീവിതകാലം മുഴുവൻ നമ്മൾ…!!”

ഇഷാനി പറഞ്ഞതും ആദർശ് ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു… പിന്നീടവൻ ഒരിക്കൽപ്പോലും അവളോട് സംസാരിക്കാൻ മുതിർന്നില്ല…

റയാൻഷും ധാനിയും ആദി മോനും സന്തോഷത്തോടെ ഇരിക്കുന്നത് അവൻ വേദനയോടെ നോക്കി…

താൻ നഷ്ടപ്പെടുത്തിയ ജീവിതത്തെ ഓർത്ത് വിലപിക്കാനല്ലാതെ മറ്റൊന്നിനുമവനായില്ല…

ധാനി എത്രമാത്രം തന്നെ ആഗ്രഹിച്ചിരിക്കാം… താൻ അവഗണിച്ചപ്പോൾ എത്ര മാത്രമവൾ വേദനിച്ചിരിക്കാം…

ആദർശ് നോവോടെ ഓർത്തു…

പിന്നീടുള്ള ദിനങ്ങളിൽ ആദർശെന്ന് പറഞ്ഞ ഒരു വ്യക്തി ആ വീട്ടിൽ ഉണ്ടെന്ന് ആരും അറിഞ്ഞതു പോലുമില്ല… അത്ര മാത്രമവൻ ഒതുങ്ങി കൂടിയിരുന്നു… ഒന്നിനോടും താത്പര്യം ഇല്ലാതെ…

ആദർശിലെ ഈ മാറ്റങ്ങൾ റയാൻഷിനെയും വേദനിപ്പിച്ചു..ഇഷാനി തൻ്റെ തീരുമാനത്തിൽ നിന്ന് വ്യതിചലിക്കാൻ തയ്യാറാവാത്തിടത്തോളം എല്ലാം കണ്ട് നിസ്സഹായതയോടെ നോക്കി നിൽക്കാനല്ലാതെ മറ്റൊന്നിനും ആർക്കുമായില്ല…

മാസങ്ങൾ കടന്ന് പോയി… ഇഷാനിയെ അതിയായ കരുതലോടെയാണ് റയാൻഷും ധാനിയും നിവികയും ചേർന്ന് നോക്കിയത്… അവളിലെ ഓരോ അസ്വസ്ഥതകളിലും അവളെ ആശ്വസിപ്പിക്കാൻ ആദർശിൻ്റെ മനം വെമ്പിയപ്പോഴും ഇഷാനിയുടെ പ്രതികരണം ഓർത്തവൻ സ്വയം നിയന്ത്രിച്ചു…

ഒടുവിൽ തൻ്റെ പൊന്നോമനയെ ഈ ലോകം കാണിക്കാൻ വേദനയോടെ അവൾ പുളയുമ്പോൾ അവൻ്റെ ഉള്ളവും ഉരുകുകയായിരുന്നു…

അപ്പോഴൊക്കെ അവൻ മനസ്സിലാക്കുകയായിരുന്നു ധാനി അനുഭവിച്ചിരുന്ന വേദനകളെ പറ്റി…!!

❤❤❤❤❤❤❤❤❤❤

“ഇഷാനി പ്രസവിച്ചു… പെൺകുട്ടിയാണ്..”

കൈയ്യിലൊരു മാലാഖക്കുട്ടിയേയും എടുത്തു ലേബർ റൂമിന് പുറത്തേക്ക് വന്നു കൊണ്ട് നേഴ്സ് പറഞ്ഞതും എല്ലാവരുടെയും മുഖം വിടർന്നു…

ആദർശ് വിറയാർന്ന കൈകളോടെ കുഞ്ഞിനെ വാങ്ങി… പുതിയെ അതിഥിയെ എല്ലാവരും സന്തോഷത്തോടെ വരവേറ്റു… അപ്പോഴും ആദർശിനോടുള്ള ഇഷാനിയുടെ സമീപനത്തിൽ മാത്രം മാറ്റമുണ്ടായില്ല..

മതിയായില്ലേ ഇഷാനീ നിനക്കെന്നെ ശിക്ഷിച്ച്…? അവൻ ഓരോ നിമിഷവും സ്വയം ചോദിച്ചു കൊണ്ടിരുന്നു…

ആദി മോനേയും എടുത്തു കൊണ്ട് വരാന്തയിൽ ഇരിക്കുന്ന ധാനിയെ ആദർശ് നോക്കി… ലോകത്തിലെ ഏറ്റവും സുന്ദരി ഇവളാണല്ലോ എന്ന് ആദർശിന് തോന്നി… കുഴപ്പം ഇവൾക്കായിരുന്നില്ല… ഇവളെ നോക്കിയ തൻ്റെ കണ്ണുകൾക്കായിരുന്നു…!!

ഞാൻ മാപ്പ് ചോദിക്കുന്നു ധാനീ… മനസ്സ് കൊണ്ട് ഒരായിരം തവണ… അവൻ നോവോടെ ഓർത്തു…

അവൻ്റെ മിഴികൾ അവളുടെ അരികിൽ ചിരിയോടെ ഇരിക്കുന്ന റയാൻഷിലേക്ക് നീങ്ങി…

നീയായിരുന്നു റയാൻ ശരി…!! അന്നും ഇന്നും…!!

❤❤❤❤❤❤❤❤❤❤❤

മോൾക്ക് ആദിത്യ എന്ന് പേരിട്ടു… വീട്ടിൽ ഒരു ആദി കൂടി…!!

കുഞ്ഞിൻ്റെ പേരിടൽ ചടങ്ങൊക്കെ കഴിഞ്ഞ് എല്ലാവരും തിരിച്ചെത്തി…

റയാൻഷ് മുറിയിലേക്ക് ചെന്നതും ജനലഴികൾക്കിടയിൽ കൂടെ ധാനി വിണ്ണിലേക്കും മിഴികൾ നട്ടിരിപ്പാണ്…

അവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിക്ക് ആയിരം പൂർണ്ണചന്ദ്രൻ്റെ ശോഭ ഉണ്ടായിരുന്നു…

റയാൻഷ് ആദി മോനെ ബെഡിലേക്ക് കിടത്തിക്കൊണ്ട് ധാനിയുടെ അരികിലേക്ക് നടന്നു…

അവൻ്റെ സാമീപ്യം അറിഞ്ഞ പോലെ അവൾ പിൻതിരിഞ്ഞു…തൻ്റെ ജീവിതത്തിലെ അന്ധകാരം നീക്കി പ്രണയത്തിൻ്റെ തിരിനാളത്താൽ തന്നിൽ പ്രകാശം നിറച്ചവനെ അവൾ ഇമ ചിമ്മാതെ നോക്കി…!! ആ നെഞ്ചോട് അല്പ നേരം ചേർന്ന് നിന്നു..

ശേഷം അവൻ്റെ കരങ്ങൾ എടുത്തവൾ തൻ്റെ ഉദരത്തിന് മേലെ വെച്ച് ചിരിയോടെ നോക്കി…

കൂടുതൽ ഒന്നും പറയേണ്ടി വന്നിരുന്നില്ല… അവളുടെ പുഞ്ചിരിയുടെ അർത്ഥം അവന് വായിച്ചെടുക്കാൻ… ഇരുവരുടെയും മിഴികൾ ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞിരുന്നു.. ആ താരകക്കൂട്ടങ്ങൾക്കിടയിൽ ഒരു കുഞ്ഞ് താരകം പുതിയതായി ഇരുവരെയും നോക്കി കൺചിമ്മി…!!

❤❤❤❤❤❤❤❤❤

“ചേട്ടാ…!!”

റയാൻഷ് വിളിച്ചതും ആദർശ് തിരിഞ്ഞ് നോക്കി…

റയാൻഷ് അവനെ നോക്കി പുഞ്ചിരിച്ചു..

“തെറ്റുകൾ ആർക്കായാലും പറ്റും..പക്ഷേ ആ തെറ്റ് മനസ്സിലാക്കാനും അതിൻ്റെ പേരിൽ പശ്ചാതപിക്കാനും എല്ലാവർക്കും സാധിക്കണമെന്നില്ല.. ഉള്ളിൻ്റെ ഉള്ളിൽ നന്മയുടെ നേരിയ കണികയെങ്കിലും ഉള്ളവർക്കേ അത് സാധിക്കൂ…!! നിനക്ക് അതിന് കഴിഞ്ഞിട്ടുണ്ട് ചേട്ടാ… പിന്നെ നീ ചെയ്ത തെറ്റിന് ധാനി നിന്നോട് എന്നേ ക്ഷമിച്ചു കഴിഞ്ഞു.. അതേ പോലെ ഇന്നല്ലെങ്കിൽ നാളെ ഏട്ടത്തിയും ക്ഷമിക്കും… പക്ഷേ ഞങ്ങൾ ഇവിടെ നിൽക്കുന്നിടത്തോളം ഏട്ടത്തി നിന്നോട് അകലം പാലിക്കുക തന്നെ ചെയ്യും…ധാനിയുടെ സാമീപ്യം നിന്നോട് ക്ഷമിക്കുന്നതിൽ നിന്നും ഏട്ടത്തിയെ പിൻതിരിപ്പിക്കാം…

അതു കൊണ്ട് ഞാനും ധാനിയും ആദി മോനും ഇവിടുന്ന് പോവാണ്.. ബാംഗ്ലൂരിലേക്ക്..”

റയാൻഷ് ഒരു ചിരിയോടെ പറഞ്ഞവസാനിപ്പിച്ചതും ആദർശ് ഞെട്ടലോടെ നോക്കി…

“ഇല്ല റയാൻ… നീ.. നീ പോകാൻ പാടില്ല…”

ആദർശ് വെപ്രാളത്തോടെ പറഞ്ഞു..

“വേണം…അതാണതിൻ്റെ ശരി…!! പിന്നെ ഒരു സന്തോഷ വാർത്ത കൂടി.. ഞാനൊരു അച്ഛനാവാൻ പോവാണ്.. ഇവിടെ നിന്നാൽ ധാനിക്കും ഒരു പക്ഷേ മനസ്സ് തുറന്ന് സന്തോഷിക്കാൻ ആയെന്ന് വരില്ല..”

“റയാൻ… നീ.. പോവരുത്…അതും ഞാൻ കാരണം…”

ആദർശ് ഇടർച്ചയോടെ പറഞ്ഞു..

“ഏയ്… നീയെങ്ങനെ കാരണമാവും ചേട്ടാ.. നമ്മുടെ രണ്ട് പേരുടേയും ജീവിതം സ്വല്പം കൂടി ഒന്ന് കളറാക്കാൻ തത്കാലം ഒന്ന് മാറി നിൽക്കുന്നു… പിന്നെ ലോകത്തിൻ്റെ ഏത് കോണിലായാലും നീ എൻ്റെ ചേട്ടനും ഞാൻ നിൻ്റെ അനിയനും അല്ലാതെ ആവില്ലല്ലോ…”

റയാൻഷ് പറഞ്ഞവസാനിപ്പിച്ചതും ആദർശ് അവനെ കെട്ടിപ്പിടിച്ചു…

“എന്നോട് ക്ഷമിക്കെടാ എല്ലാത്തിനും… ഞാൻ… ഞാൻ… എന്തൊക്കെയോ ആണെന്ന് സ്വയം ധരിച്ച് പോയി… പക്ഷേ നീയായിരുന്നു എന്നും ശരി…”

ആദർശ് ഇടറുന്ന സ്വരത്തിൽ പറഞ്ഞു…

“ദേ ചേട്ടാ പഴയ ഗൗരവം തന്നാ ഈ സെൻ്റിയേക്കാൾ ഭേദം… ഇതൊരുമാതിരി ബോറായിട്ടുണ്ടേ… നേരെ ചൊവ്വേ കരയാൻ പോലും അറിയാൻ മേലാന്ന് വെച്ചാൽ…”

ചിരിയോടെ അത് പറയുമ്പോൾ റയാൻഷിൻ്റെ സ്വരവും ഇടറി തുടങ്ങിയിരുന്നു…

“ആദി മോനേ ഇങ്ങ് വന്നേടാ…”

റയാൻഷ് വിളിച്ചതും ആദി മോൻ ആഹ്ലാദത്തിൽ ഓടി ചെന്നു…

“അച്ഛാ…” അവൻ റയാൻഷിനെ നോക്കിയാണ് നീട്ടി വിളിച്ചതെങ്കിലും ആദർശ് ആ വിളി തൻ്റെ ഹൃദയത്തോട് ചേർത്തു..

“നമ്മളിന്ന് പോന്ന കാര്യം മോൻ വല്ല്യച്ഛൻ്റെ അടുത്ത് പറഞ്ഞാരുന്നോ..? ദേ നമ്മള് പോവാന്ന് അറിഞ്ഞപ്പോൾ വല്ല്യച്ഛന് സങ്കടമായി… മോൻ വല്ല്യച്ഛനെ ഒന്ന് സമാധാനിപ്പിച്ചേ…”

റയാൻഷ് ആദി മോനോട് പറഞ്ഞതും അവൻ ചിരിയോടെ ആദർശിനെ നോക്കി…

“വല്ലിച്ഛാ…” ആദി മോൻ വിളിച്ചതും ആദർശ് അവന് മുൻപിൽ മുട്ടു കുത്തി ഇരുന്നു…

“വല്ലിച്ഛൻ… കരയണ്ട…. ഞങ്ങൾ വേഗം വരാം… വല്ലിച്ഛനെ കാണാൻ വരാം…”

ആദി മോൻ കൊഞ്ചലോടെ പറഞ്ഞതും ആദർശ് ഉള്ളുരുകുന്ന വേദനയോടെ അവനെ അടക്കിപ്പിടിച്ചു

“എൻ്റെ പൊന്ന് മോനേ…” അതും പറഞ്ഞവൻ കുഞ്ഞിനെ തുരുതുരെ ചുംബിച്ചു… ഒരായുസ്സിൻ്റെ മുഴുവൻ വാത്സല്യം ആ ചുംബനത്തിലൂടെ അവൻ പകർന്ന് നൽകിയിരുന്നു…

ആ കാഴ്ച കണ്ട റയാൻഷിൻ്റെ മിഴികളും ഈറനണിഞ്ഞു…

❤❤❤❤❤❤❤❤❤

റയാൻഷിൻ്റെ കാർ അകന്നകന്ന് പോകുന്നത് ആദർശ് നിർവികാരതയോടെ നോക്കി നിന്നു..

എനിക്ക് സങ്കടമില്ല കാരണം ഈ ലോകത്തിൻ്റെ ഏത് കോണിലായാലും ആദിയെൻ്റെ മകനാണ്…!! നിൻ്റെ കൂടെ വളർന്നാലും അവൻ എൻ്റെ ചോരയല്ലാതാവില്ലല്ലോ…!! ആ സത്യം ആർക്ക് മുന്നിലും വിളിച്ച് പറയാൻ ഇന്നെനിക്ക് ഒരു അഭിമാനക്കുറവും ഇല്ല….!!

അതും ഓർത്ത് ആദർശ് മിഴികൾ ഇറുക്കിയടച്ചു…

പിൻതിരിഞ്ഞ് നോക്കിയതും ഇഷാനി മോളേയും എടുത്ത് വേദനയോടെ അവനെ തന്നെ നോക്കി നിൽക്കുന്നു…

ആദർശ് അവളിലേക്ക് നടന്നടുത്തപ്പോൾ മുറ്റത്തെ മുല്ലവള്ളികൾ ഇനീം ആർക്ക് വേണ്ടി പൂവണിയും എന്ന ചോദ്യം നില നിന്നു… റയാൻഷിൻ്റെയും ധാനിയുടെയും തിരിച്ചു വരവിനായ് ആ പ്രകൃതിയും ആശിച്ചിരിക്കാം…

❤❤❤❤❤❤❤❤❤❤❤

വളവ് തിരിഞ്ഞ് കാർ മുൻപോട്ട് പോകും തോറും വാകപ്പൂക്കൾ ആ പാതയിൽ അവർക്ക് വിരിയൊരുക്കിക്കൊണ്ടിരുന്നു… അവർ കടന്ന് പോയിട്ടും പ്രണയത്തിൻ്റെ രക്തവർണ്ണങ്ങൾ വാരി വിതറി ആ പൂക്കൾ ഇളം കാറ്റിൽ വീണ്ടും ഞെട്ടറ്റ് വീണു കൊണ്ടിരുന്നു…

“ധാനീ…” അവൻ നേർത്ത സ്വരത്തിൽ വിളിച്ചു…

“ഉം…” അതേ മൃദുലതയിൽ അവൾ തിരിച്ചു മൂളുമ്പോൾ ശിരസ്സുയർത്തി നിന്നിരുന്ന വാക ഒന്നും കൂടി തൻ്റെ ചില്ലകൾ ഉലച്ചു…

“I love you…..”

അത് കേൾക്കെ ആ വാകപ്പൂക്കൾ പോലും അവളുടെ കവിൾത്തടങ്ങളിലെ ചുവപ്പിന് മുൻപിൽ തോറ്റു പോയിരുന്നു… അവൻ്റെ പ്രണയം വാരി വിതറിയ വർണ്ണത്തിന് മുൻപിൽ ഒരു പക്ഷേ പ്രകൃതിയും തോൽവി സമ്മതിച്ചിരിക്കാം…

തൻ്റെ തോളോട് ചേർന്നിരിക്കുന്ന ധാനിയും അവളുടെ മടിയിൽ സ്ഥാനമുറപ്പിച്ചിരിക്കുന്ന ആദിമോനും ആയി റയാൻഷ് തൻ്റെ യാത്ര തുടർന്നു… വരാനിരിക്കുന്ന അതിഥിയേയും കാത്ത്… പുതിയ പ്രതീക്ഷകളോടെ…!!

***********

തത്കാലം അവരുടെ ജീവിതയാത്ര ഞാനിവിടെ അവസാനിപ്പിക്കുന്നു… അവരുടെ പ്രണയം ഇടതലവില്ലാതെ കാലങ്ങൾക്ക് അതീതമായി ഇങ്ങനെ ഒഴുകി നടക്കട്ടെ…

ചെയ്ത തെറ്റോർത്ത് കുറ്റബോധത്താൽ നീറി ജീവിക്കുന്നതിനേക്കാളും വല്ല്യ ശിക്ഷ ആദർശിന് കിട്ടാനില്ല…

എങ്കിലും ഇഷാനി അവനോട് ഇപ്പോഴും ക്ഷമിക്കുന്നില്ല… അവൾ കാലക്രമേണ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കാം…!!

(അവസാനിച്ചു…!!)

ഒരു ഇരുപത് പാർട്ടിൽ അവസാനിപ്പിക്കാൻ ആയി എഴുതി തുടങ്ങിയ ഈ കഥ ഇത്രയും വരെ എനിക്ക് കൊണ്ട് പോകുവാൻ സാധിച്ചെങ്കിൽ അത് പ്രിയപ്പെട്ട വായനക്കാരുടെ സ്നേഹവും സപ്പോർട്ടും കൊണ്ട് മാത്രമാണ്… പ്രതീക്ഷിച്ചതിലും അധികം സപ്പോർട്ട് ഈ കഥയ്ക്ക് തന്ന നിങ്ങൾക്ക് ഒരോരുത്തർക്കും നന്ദി

അപ്പോൾ ഇതുവരെ അഭിപ്രായം പറയാൻ മടിച്ചവരും അഭിപ്രായം പറഞ്ഞവരും ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്തവരും ഒക്കെ എനിക്കായ് ഒരു വരി കുറിച്ചിട്ട് പോണേ…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭാഗ്യലക്ഷ്മി