വല്ല വീട്ടിലും അടുക്കളപ്പണി എടുത്ത് ജീവിക്കുന്ന താനൊക്കെ അവരുടെ മുന്നിൽ ഒന്നുമല്ല എന്ന് തോന്നി…

രചന : ലിജി ഷമീർ

ഗെറ്റ് ടുഗെതർ.

❤❤❤❤❤❤❤❤❤

തിരക്കൊഴിഞ്ഞ ചെമ്മൺ പാത കഴിഞ്ഞ് ആദ്യം കണ്ട വലിയ ബോർഡിനരികിൽ ഓട്ടോ നിർത്തി ഇറങ്ങി ലീനാമ്മ..ബോർഡിലുള്ള പേര് വായിച്ചു….

സാന്താരിയ മരിയ റിസോർട്ട് .സ്ഥലം അതുതന്നെ എന്ന് ഉറപ്പ് വരുത്തി ഓട്ടോ പറഞ്ഞു വിട്ടു..

കയ്യിലിരുന്ന ചെറിയ പേഴ്സിൽ നിന്നും ഒരു തുണ്ട് കടലാസ് സെക്യൂരിറ്റിയെ കാണിച്ചു, വന്ന കാര്യം ബോധ്യപ്പെടുത്തി.. അയാൾ ലീനമ്മയെ അടിമുടി നോക്കി..

വേഷവും രൂപവും അയാൾക്ക് അത്ര പിടിച്ചില്ലെന്നു തോന്നി…ഇത്രയും വലിയ റിസോർട്ടും തന്റെ വേഷവും ഒരു പൊരുത്തമില്ലായ്മപോലെ..

വർഷങ്ങൾക്കിപ്പുറം കൂട്ടുകാരെ കാണാനെത്തിയതാണ്…

പഴയ സ്കൂൾ, പൊളിച്ചുപണിയുന്നതുകൊണ്ടുള്ള അസൗകര്യം മൂലം ഗെറ്റുഗദർ ഇവിടെയാകാം എന്ന് തീരുമാനിക്കുകയായിരുന്നു….

ഉടുത്തുവരാൻ നല്ലതൊന്നുമില്ലാത്തതിനാൽ ആദ്യം മടി കാണിച്ചതാണ്… ഭർത്താവിന്റെ കയ്യിലെ ചെറിയ ഫോണിലേക്കാണ് അരുണിന്റെ വിളി വന്നത്.. ലീനമ്മ വന്നേ പറ്റൂ… പരിപാടിയുടെ നടത്തിപ്പുകാരൻ അരുണാണ്…

ഉള്ളതിൽ നല്ലൊരു സാരിയും ഉടുത്തു, ക്ലാവ് പിടിച്ച കമ്മലും കഴുത്തിനു കുറച്ച് കൂടി കറുപ്പ് നിറം നൽകിയ വരവ് മാലയും മാറ്റി ഇത്തിരി കാശ് കടവും വാങ്ങിയായിരുന്നു വന്നത്…പുറത്താരെയും കാണാഞ്ഞതിനാൽ തെല്ലു ഭയത്തോടെയാണ് അകത്തേക്ക് കേറിയത്..

കണ്ടു ഓരോരുത്തരെ… എത്ര വർഷങ്ങൾക്കു ശേഷം.പരിചിതമല്ലാത്ത പരിചയ മുഖങ്ങൾ…….മിക്കവരും പുറം നാട്ടിലാണ്. ലീവിന് വന്നപ്പോ കൂടാൻ പ്ലാൻ ചെയ്തതാണ്..

നേരത്തെ അറിഞ്ഞതുകൊണ്ട് അംബികേച്ചിയോട് ഒരു ലീവ് താനും ചോദിച്ചു വച്ചിരുന്നു….

ഇതാര് ലീനാമ്മയോ?.. രാധികയും സംഘവും തന്നെ തിരിച്ചറിഞ്ഞു… അന്നമ്മ വിദേശത്തെ വിശേഷങ്ങൾ പങ്കുവെച്ചു. പളപളത്ത സാരിക്കൊപ്പം കഴുത്തിലെ നെക്‌ലസും തിളങ്ങി…

കയ്യിലിരുന്ന പേഴ്സിനും നല്ലതിളക്കം..

രാജീവും പ്രമോദും വിനോദുമൊക്ക ഓടിനടക്കുന്നുണ്ട്. പലരും കഷണ്ടിയായിരിക്കുന്നു….

ലീനാമ്മ പതുക്കെ അരികു പറ്റി ഒരു കസേരയിൽ ഇരുന്നു . ചിലരൊക്കെ കുശലം ചോദിച്ചു…

രാജിയും ശ്രീജയയുമൊക്കെ പഴയതിലും സുന്ദരിമാരായിരിക്കുന്നു… കയ്യും മെയ്യുമൊക്കെ സ്വർണ്ണത്തിൽ പൊതിഞ്ഞിരിക്കുന്നു… ലീനമ്മ വണ്ണമുള്ള തന്റെ കൈകളിലേക്ക് നോക്കി… എന്നോ കെട്ടിയ കറുത്ത ചരടുകൾ നിറം മങ്ങിയിരിക്കുന്നു

അരുൺ ഇടയ്ക്കിടയ്ക്ക് വന്ന് വർത്തമാനം പറയുന്നുണ്ട്… ലീനമ്മയെ മറ്റുള്ളോർക്ക് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു.

സേവ്യറും ഗിരിയും ഷാജുവും ഒക്കെ തടിയൻമാരായിരിക്കുന്നു.. ചിലരുടെ കുടുംബവും കൂടെയുണ്ട്…

ന്താ ലീനമ്മേ.. എന്തുണ്ട് വിശേഷങ്ങൾ…. എന്ന് ചോദിച്ചു സാബുവും ഓടി വന്നു.. പഠിച്ചിരുന്ന കാലത്ത് സാബുവിന്റെ ചുറ്റിക്കളികൾ സ്കൂളിൽ പാട്ടായിരുന്നു…

സൂസൻ അവരുടെ ബഹുനിലമാളികയുടെ വിശേഷങ്ങൾ കയ്യിലിരുന്ന താക്കോൽ കൂട്ടം കറക്കിക്കൊണ്ട് തകർക്കുമ്പോൾ അനിതയ്ക്ക് പറയാനുണ്ടായിരുന്നത് കഴിഞ്ഞ ദിവസം കഴിച്ച ചിക്കൻ വിഭവങ്ങളെക്കുറിച്ചായിരുന്നു….ചിക്കൻ കബാബ് ഉണ്ടാക്കി കൊടുത്തിട്ടും മക്കൾ കഴിക്കുന്നില്ലത്രേ….പാർലറിൽ കയറിയതും പതിനായിരം രൂപയുടെ പട്ടുസാരി വാങ്ങിയതും രമ്യ പറഞ്ഞപ്പോൾ ലീനാമ്മ തന്റെ വസ്ത്രത്തിലേക്കും പിന്ന് കൊണ്ട് കുത്തി വച്ച ചെരിപ്പിലേക്കും നോക്കി.ഇടയ്ക്ക്‌ വീട്ടിലെ പുകയാത്ത അടുപ്പ് ലീനമ്മയെ നിന്നെ എന്തിന് കൊള്ളാം എന്ന ഭാവത്തിൽ നോക്കുന്ന പോലെ തോന്നി.

ഭർത്താവ് ബേബിക്കുട്ടിക്ക് ഒരു ചായക്കടയിലായിരുന്നു ജോലി.. കിട്ടുന്നത് ഒന്നിനും തികയില്ല

ഇപ്പോൾ പോകാനും വയ്യാതായി.. ശ്വാസകോശം പണിമുടക്കിയിരിക്കുന്നു… കുഴഞ്ഞു വീഴുക പതിവായി…ക്യാൻസറിന്റെ കോശങ്ങൾ ആ ശ്വാസകോശത്തെ പിടിമുറുക്കിയിരുന്നു…….താൻ വീട്ടുവേല ചെയ്തു കിട്ടുന്നത് മക്കൾക്ക്‌ ആഹാരത്തിനും ഭർത്താവിന് മരുന്നിനും കൊടുക്കാൻ പോലും നന്നായി തികയാതെ…..

മൂന്നു കാലുകൊണ്ട് കുത്തി നിർത്തിയ പ്ലാസ്റ്റിക് ഷെഡ്‌ഡിൽ പട്ട് സാരിയും ചിക്കൻ വിഭവങ്ങളും മട്ടൺ സ്റ്റൂവും ടൈൽസ് പാകിയ തറയും അറിയാത്ത ഉത്തരമുള്ള ചോദ്യങ്ങളായി തോന്നി……

ഇപ്പോൾ നിൽക്കുന്ന ചെറ്റക്കുടിൽ പൊളിച്ചു പണിയാൻ അപേക്ഷ കൊടുത്തിട്ടുണ്ട്… എങ്കിലും ഒന്നുമായില്ല . പേരിനൊരു കുളിമുറിയും ചേർന്നൊരു ഷീറ്റ് കൊണ്ട് മറച്ചൊരു പുര….

ലതയുടെ മകളുടെ കല്യാണ വിശേഷങ്ങളാണ് ഒരിടത്ത്…പൊന്നിൽ കുളിപ്പിച്ച്,ആഡംബര കാറുകൊടുത്തു മകളെ പറഞ്ഞുവിട്ട കഥകൾ കേട്ട് ലീനാമ്മ അന്തം വിട്ടുനിന്നു….

നെറ്റിയിലേക്ക് വീഴുന്ന സ്ട്രൈറ്റ് ചെയ്ത മുടി ഒരു കൈ കൊണ്ട് മാടിയൊതുക്കുന്നുമുണ്ട്

ഉള്ളിൽ എവിടെയോ നീറ്റലും പുകച്ചിലും… ഫീസ് കൊടുക്കാൻ നിവൃത്തിയില്ലാതെ മകളെ ക്ലാസ്സ്‌ ടീച്ചർ രണ്ടൂസം ക്ലാസിനുപുറത്ത് നിർത്തിയതിന്റെ വേദന തന്നെ കുത്തി നോവിക്കുന്നു…

എങ്ങനെയെങ്കിലും വീട് പിടിക്കുക തന്നെ..ഇവിടിരുന്നാൽ താൻ പുകഞ്ഞു ഇല്ലാണ്ടാവുമെന്ന് തോന്നി.

പോയൊന്നു കിടക്കണം..തനിക്ക് കൂട്ടിയാൽ കൂടാത്ത പരിപാടിയാണ് ഇതൊക്കെ. വരേണ്ടിയിരുന്നില്ല… കൂടെ പഠിച്ചവർ ഒക്കെ നല്ലനിലയിൽ ജീവിക്കുമ്പോൾ വല്ല വീട്ടിലും അടുക്കളപ്പണി എടുത്ത് ജീവിക്കുന്ന താനൊക്കെ ഒന്നുമല്ല എന്ന് തോന്നി…… ലീനമ്മയ്ക്കൊപ്പം പഠിച്ചവർ,അടുത്ത കൂട്ടുകാരികൾ കുറച്ച് പേര് വന്നിട്ടുമില്ല..ചിലപ്പോൾ അവരും തന്നെപ്പോലെ ദാരിദ്ര്യത്തിൽ നിന്നും രക്ഷപെടാൻ കൈകാലിട്ടടിക്കുന്നവരായത് കൊണ്ടാവാം….അരുൺ വല്ലാതെ നിർബന്ധിച്ചിരുന്നു തന്നെ…. വേണ്ടിയിരുന്നില്ല… എന്തെങ്കിലും കള്ളത്തരം പറഞ്ഞു ഒഴിവായാൽ മതിയാരുന്നു.

മിക്കവരുടെയും ചുണ്ടുകളിൽ ചുവപ്പ് ചായം തേയ്ച്ചു പിടിപ്പിച്ചിരിക്കുന്നു….തറയിൽ മുട്ടുന്ന ദുപ്പട്ടകളും ടക് ടക് ശബ്ദത്തോടെ ഉള്ള ചെരിപ്പടികളും ഒരു ഫാഷൻ ഷോയെ ഓർമ്മിപ്പിച്ചു ..

പരിപാടികൾ അരങ്ങ് തകർക്കവേ ലീനാമ്മയും ഒരു പാട്ട് പാടി.സുന്ദരീ….. നിൻ തുമ്പ് കെട്ടിയിട്ട ചുരുൾ മുടിയിൽ തുളസിക്കതിരൊളി ചൂടി….

അടർന്നു വീണ കണ്ണുനീർ കൂട്ടുകാർ കാണാതെ തുടച്ചു …ഇത് വരെ കഴിക്കാത്തതരത്തിലുള്ള ഭക്ഷണം കണ്ടപ്പോൾ കുട്ടികളെ ഓർത്തു…. എന്തോ കഴിച്ചെന്നു വരുത്തി കേക്ക് മുറിയും ഫോട്ടോ എടുപ്പും കഴിഞ്ഞ് ലീനമ്മ പോകാനൊരുങ്ങി…..

ആരോടും പറയാതെ പിന്നിലെ വാതിലിലേക്ക് നടന്നു

അരുണിന്റെ ശബ്ദം….. ലീനമ്മയെ സ്റ്റേജിലേക്ക് വിളിക്കുന്നു…

പകച്ചു നിന്നെ ലീനാമ്മയെ രാജിയും കൂട്ടരും സ്റ്റേജിലേക്ക് എത്തിച്ചു…കെട്ടിപിടിച്ചു കൂട്ടത്തിൽ കയ്യിലെക്കൊരു പൊതിയും വച്ചു കൊടുത്തു..

അരുണിന്റെ ശബ്ദം പിന്നെയും..പ്രിയപ്പെട്ട ലീനമ്മയ്ക്ക് നമ്മുടെ ബാച്ചിന്റ സ്നേഹ സമ്മാനം…

സത്യത്തിൽ ഇതിനു വേണ്ടിയാണു ഈ ഗെറ്റ് ടുഗെതർ തന്നെ സംഘടിപ്പിച്ചത്.. ലീനമ്മയുടെ അവസ്ഥ ആരോ പറഞ്ഞറിഞ്ഞ അരുൺ പലരോടും ആലോചിച്ചു തീരുമാനിച്ചതാണ് ലീനമ്മയ്ക്കുള്ള കൂട്ടുകാരുടെ കൈത്താങ്ങ്…

അരുണിന്റെ കുറച്ച് കാലം ആയുള്ള പ്രവർത്തനം നമ്മുടെ കൂട്ടത്തിൽ കഷ്ടപെടുന്ന ഓരോരുത്തർക്കും വർഷത്തിൽ ഒരാൾക്ക് എന്തെങ്കിലും സഹായം ചെയ്യണമെന്ന് അരുൺ ആ അവസരത്തിൽ പറയുകയുണ്ടായി…..

ഒരു സഹായമല്ല കൂട്ടുകാരുടെ സമ്മാനം ആയി കണ്ടാൽ മതി.. അരുൺ ലീനമ്മയെ ചേർത്തുപിടിച്ചു പറഞ്ഞു .വിങ്ങൽ അടക്കാനാവാതെ ലീനാമ്മയും….

തിരികെ കൊടുക്കണ്ടാത്ത സമ്മാനം ആയി അമ്പതിനായിരം രൂപയും മകൾക്ക് പഠിക്കാൻ പുതിയ മൊബൈൽ ഫോണുമായിരുന്നു പൊതിയിൽ… കണ്ണുകൾ നിറഞ്ഞൊഴുകി…

ലീനാമ്മ നിറഞ്ഞ കയ്യടികളുടെ അകമ്പടിയോടെ സ്റ്റേജ് വിട്ടിറങ്ങുമ്പോൾ, ക്ലാസിനു പുറത്ത് നിൽക്കുന്ന മകളുടെ കരഞ്ഞ മുഖവും ഭർത്താവിന്റെ മരുന്നുകളും കൂടാതെ അടച്ചുറപ്പുള്ള ഒറ്റ മുറി വീട് എന്നൊരു സ്വപ്നം:ആയിരുന്നു മനസ് നിറയെ..

മടക്കയാത്രയിൽ കൂട്ടുകാരിൽ ഒരാളുടെ ആഡംബരക്കാറിൽ ലീനമ്മയെ അരുൺ വീട്ടിലേക്ക് കയറ്റി അയയ്ക്കുമ്പോൾ അരുണിന്റെ പാദങ്ങളിൽ മനസ് കൊണ്ട് ആയിരം വട്ടം നമിച്ചു കഴിഞ്ഞിരുന്നു ലീനാമ്മ…സുഹൃത്തുക്കളുടേ സ്നേഹ സമ്മാനം അവർ നെഞ്ചോട് ചേർത്തു……

ഒരു ഗെറ്റ് ടു ഗെദർ ന്റെ ഓർമയ്ക്ക്…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ലിജി ഷമീർ