നിന്റെ കെട്ട്യോൾ കിളി പോയ പോലെ നടക്കുന്നുണ്ട്, അവൾ സാമ്പാറിൽ ചിക്കൻ മസാലയിട്ടു…

രചന : കാളിദാസൻ

ഇതെന്തു കറിയാണമ്മേ….മനുഷ്യനിബിടെ ജോലിയും കഴിഞ്ഞ് വിശന്നാണ് കേറി വരുന്നത്….നല്ലതെന്തേലും വച്ചൂടെ…

ഞാൻ നല്ല ദേഷ്യത്തിൽ പറഞ്ഞു….

ഞാനല്ല വച്ചത്…. നിന്റെ ഭാര്യയാണ്…

അവളോട്‌ ചോദിക്ക്….

അമ്മ മുറിയിലേക്ക് നടന്നു….

എന്നിട്ടവളെവിടെ….

ആ ഇവിടെ എവിടെയോ ഇണ്ട്….

ഇതെല്ലാം കേട്ടുകൊണ്ട് അമ്മാവൻ ചാരുകസേരയിൽ മുകളിലേക്ക് നോക്കി കിടപ്പുണ്ടായിരുന്നു…. മുഖത്ത് എന്തോ വിഷമം കട്ടപിടിച്ചിരിക്കുന്നതായി എനിക്ക് തോന്നി….

അമ്മാവൻ കഴിച്ചോ എന്തേലും….

ഞാൻ ചോദിച്ചു….

യ്യോ…. ഓർമ്മിപ്പിക്കല്ലേ പൊന്നേ….

ഒരു കൂപ്പുകയ്യോടെ കസേരയിൽ കിടന്നുകൊണ്ട് അമ്മാവൻ പറഞ്ഞു….

അതുകണ്ടതും എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി….

ഡീ അമ്മു…. നീയെവിടെ….

തിരിച്ചു മറുപടി കിട്ടാതായപ്പോൾ ഞാൻ മുറിയിലും അടുക്കളയിലും എല്ലാം പോയി നോക്കി….

എവിടെ അമ്മേ അവള്….

എനിക്ക് ടെൻഷനായി….

പെട്ടെന്ന് തന്നെ അമ്മ എന്നെ വിളിച്ചുകൊണ്ടു പുറകിൽ നിൽക്കുന്ന വാഴയുടെ അടുക്കലേക്ക് നടന്നു….

എന്നിട്ട് പറഞ്ഞു…

ദേ നോക്ക്…. ഈ കിടക്കുന്നത് ഇന്ന് വൈകിട്ട് വച്ച സാമ്പാറാണ്…. നിനക്കിപ്പോൾ കഴിക്കാൻ തന്നതും ഇതിൽ നിന്നും അല്പം മാറ്റിവച്ചതാണ്..

ഒന്നും മനസിലാകാതെ ഞാൻ നിന്നു…

നിന്റെ കെട്ട്യോളെന്താടാ കഞ്ചാവാണോ, അതോ മദ്യമോ

ന്താ അമ്മേ… എന്താ കാര്യം…..

ഇന്ന് വൈകിട്ട് മുതൽ അവൾ കിളിപോയപോലെ ഇവിടെല്ലാം നടക്കായിരുന്നു…. ആദ്യം മുറ്റമടിച്ചടിച്ച്‌ വീടിന്റെ ഗേറ്റും കഴിഞ്ഞ് റോഡിലേക്ക് പോയി… അതുകണ്ട് ഞാൻ വിളിച്ചതുകൊണ്ട് ഒരുപാട് ദൂരേക്ക് പോയില്ല…. പിന്നെ ഇണ്ടാക്കി വച്ച സാമ്പാറിൽ ചിക്കൻ മസാല എടുത്തിട്ടു…. രുചിച്ചു നോക്കിയിട്ട് അടിപൊളിയാണെന്ന് പറഞ്ഞു പോണത് കണ്ടു….

എന്നതാടി കൊച്ചേ ഈ കാണിക്കുന്നതെന്ന് ചോദിച്ചപ്പോൾ മുഖം പൊത്തി നാണിച്ചുകൊണ്ടൊരോട്ടം…

എന്നിട്ട്…..

എന്നിട്ടെന്താ…. കുറച്ച് മുൻപേ അമ്മാവന് ചോറുകൊടുത്തത് അവളായിരുന്നു…. വിത്ത് ചിക്കൻ സാമ്പാർ…. ഏട്ടനെ അവിടിരുത്തി അതു മുഴുവനവൾ കഴിപ്പിച്ചു….

ദൈവമേ….

ഞാൻ തലക്ക് കൈകൊടുത്തിരുന്നു…. ചുമ്മാതല്ല കഴിച്ചൊന്നു ചോദിച്ചപ്പോൾ അമ്മാവൻ കൈ കൂപ്പിയത്….

ആ കറി നീയും കഴിക്കണം…. അതിനാണ് നിനക്കുള്ളത് ഞാനെടുത്ത് മാറ്റി വച്ചത്…..ദേ അവിടെ മുളകരച്ചുവച്ചിട്ടുണ്ട്…. നിന്റെ കെട്ട്യോള് കാണും മുൻപ് വേണേൽ എടുത്തുകഴിക്ക്….

അവള് കണ്ടാൽ അതും വേറെ കറിയാകും…എനിക്ക് ചില സംശയങ്ങളുണ്ട്….

ഞാൻ പൊക്കിക്കോളാം….

എന്നിട്ടവളെ കാണുന്നില്ലല്ലോ… അവളെവിടെ…..

അവള് നിന്റെ മുറിയിലുണ്ടാകും… പോയി നോക്ക്…..

ഞാൻ വേഗം തന്നെ മുറിയിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അമ്മാവൻ അടുത്തേക്ക് വന്നു….

ഡാ…. എനിക്കൊരു കാര്യം പറയാനുണ്ട്…. വാ നമ്മുക്കങ്ങോട്ട് മാറിനിന്നു സംസാരിക്കാം….

എന്നെ വിളിച്ചുകൊണ്ട് അമ്മാവൻ വീടിന്റെ മുറ്റത്തേക്കിറങ്ങി…..

അൽപനേരത്തെ മൗനത്തിനു ശേഷം…..

എന്റെ വോഡ്ക നീയെടുത്തടിച്ചോ…..

അല്പം ദേഷ്യം കലർന്ന സ്വരത്തിൽ അമ്മാവൻ ചോദിച്ചു….

ഞാൻ ഞെട്ടി…..

ഇല്ലമ്മാവാ…. ഞാനിതുവരെ അങ്ങനെ ചെയ്തിട്ടുണ്ടോ….

ശരിയാണ്…. പക്ഷെ നീ വാങ്ങി തരുന്നതുകൊണ്ടും, അതിരിക്കുന്ന സ്ഥലം നിനക്കും എനിക്കും മാത്രമറിയാവുന്നതുകൊണ്ടും ചോദിച്ചു…..കുപ്പിയിൽ ഒരുപാട് അളവ് കുറഞ്ഞിരിക്കുന്നു…

അമ്മാവൻ അല്പം വിഷമത്തിൽ പറഞ്ഞു….

പെട്ടെന്നാണ് ഇന്നലെ രാത്രി അമ്മുവിനോട് ഞാൻ പറഞ്ഞതോർത്തത്

” മുറിയടിച്ചു വാരുമ്പോൾ അമ്മാവന്റെ മുറി നീയടിച്ചുവാരിയാൽ മതിയെന്ന് ”

അതെന്താണ് കാര്യമെന്ന് ചോദിച്ചപ്പോൾ ഉള്ള സത്യം പറയേണ്ടി വന്നതും ഞാനോർത്തു…. വോഡ്കയിരിക്കുന്ന കൃത്യമായ റൂട്ട്മാപ്പ് അവളെന്നോട് ചോദിച്ചു മനസിലാക്കിയിരുന്നു…..

ഓ മൈ ഗോഡ്…..

ഞാൻ വേഗം തന്നെ എന്റെ മുറിയിലേക്കോടി….

അമ്മു…. ഡി അമ്മു…..

എന്റെ വിളി കേട്ടതും എവിടെയോ ഒരു ഞരക്കം കേട്ടു…. ആ ഭാഗത്തേക്ക്‌ ഞാൻ പോയി….

നോക്കുമ്പോൾ കട്ടിലിന്റെ താഴെ ലോറിക്കടിയിൽപെട്ട തവളപോലെ അവള് കിടപ്പുണ്ട്….ഞാനടുത്തുചെന്ന് മുഖത്തു മണത്തുനോക്കി….യെസ്… വോഡ്കയുടെ അളവ് കുറഞ്ഞ കാര്യം മനസിലായി…. ഞാൻ വേഗം തന്നെ പോയി മുറിയുടെ വാതിലടച്ചു…. എന്നിട്ട് ഒരുവിധത്തിൽ അവളെയെടുത്ത് കട്ടിലിൽ കിടത്തി….. നല്ല സുഖമായി ഉറങ്ങുന്ന അവളെ നോക്കി കുറെനേരം കിടന്നു….

❤❤❤❤❤❤❤❤❤❤

പിറ്റേദിവസം രാവിലെ ഉണർന്നപ്പോൾ അവൾ കട്ടിലിൽ ഇല്ലായിരുന്നു…. കുറച്ച് കഴിഞ്ഞപ്പോൾ മുറിയിലേക്ക് പതിവില്ലാതെ ഒരു ഗ്ലാസ് ചായയുമായി അവള് വന്നു….. മുഖത്തൊരു വളിച്ച ചിരിയും….

ഞാൻ ചായ വാങി ഗ്ലാസിലേക്ക് ശരിക്കും നോക്കി….

ന്താ എട്ടായി നോക്കുന്നെ….

ഒന്നുല്ല ചിക്കൻമസാല ഇട്ടിട്ടുണ്ടോന്ന് നോക്കിയതാണ്…..

അതുപിന്നെ ചേട്ടായി…. ഞാനിന്നലെ അമ്മാവന്റെ വോഡ്ക…

മതി എനിക്ക് കാര്യം മനസിലായി….ഇനി മേലാൽ നിനക്ക് ഞാൻ വോഡ്ക വാങ്ങിതരില്ല…..

അതുകേട്ടതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു….

മാസത്തിൽ ഒരു തവണയല്ലേ എട്ടായി….

പ്ലീസ്…. ഇനി അമ്മാവന്റെ കുപ്പിയിൽ ഞാൻ തൊടില്ല…. എട്ടായിയാണ സത്യം….

നിനക്ക് കള്ള് വാങ്ങിത്തന്ന എന്നെവേണം പറയാൻ…. ഇനിയില്ല…. ഞാനാകെ ഇന്നലെ നാണംകെട്ടു…. ഇനി അമ്മയുടെ മുഖത്തെങ്ങനെ ഞാൻ നോക്കും….

അതു പേടിക്കേണ്ട…. തലവേദന എടുത്തതുകൊണ്ട് ഉറങ്ങാനുള്ള ഗുളിക കഴിച്ചതുകൊണ്ടാണ് ഇന്നലെ അങ്ങനെ പറ്റിയതെന്ന് ഞാൻ അമ്മയോട് പറഞ്ഞിട്ടുണ്ട്….അമ്മ വിശ്വസിച്ചു…..

ആ ബെസ്റ്റ്….ഇപ്പൊ വിശ്വസിക്കും…

ഞാൻ മനസ്സിൽ പറഞ്ഞു….

എന്തായാലും ഇനി നിനക്ക് വാങ്ങിതരില്ല….

നിനക്കും വാങ്ങില്ല അമ്മാവനും വാങ്ങില്ല…

ഇനിയിവീട്ടിൽ കള്ളുകുടിക്കില്ല ആരും…..

എങ്കിൽ പൊ….. വെറുതെയിരുന്ന എന്നെ എട്ടായിയല്ലേ പിഴപ്പിച്ചത്…. ശബളം കിട്ടുന്ന അന്ന് മാത്രമല്ലെ നമ്മള് കുടിക്കുന്നുള്ളു…. അല്ലാതെ എന്നുമില്ലല്ലോ…. ഇന്നലെ എനിക്കൊരു അബദ്ധം പറ്റി….ഞാൻ പോണ്…. എനിക്കിനി വോഡ്കയും വേണ്ട ഒന്നും വേണ്ട….

അവൾ ചിറികോട്ടികാണിച്ചിട്ട് അടുക്കളയിലേക്ക് പോയി….

❤❤❤❤❤❤❤❤❤❤❤

ശമ്പളദിവസം…….രാവിലെ……

വീണ്ടും ഒരു ഗ്ലാസ് ചായയുമായി മുൻപിൽ ചിരിതൂകി നിൽക്കുന്ന കെട്ട്യോളെയാണ് കണ്ണുതുറന്നപ്പോൾ കണ്ടത്…..

എട്ടായി…. ഷർട്ട്‌ അയൺ ചെയ്യ്തു വച്ചിട്ടുണ്ട്….. കുളിക്കാനുള്ള വെള്ളം റെഡി, വേഗം എഴുനേറ്റ് വാ… നല്ല ദോശയും ചമ്മന്തിയുമുണ്ട്….

എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി….

എന്താടി ഇന്ന് പതിവില്ലാത്ത സ്നേഹം…..

എട്ടായി പോയി റെഡിയായി ഓഫീസിൽ പോകാൻ നോക്ക്….

റെഡിയായി ഓഫീസിൽ പോകാനിറങ്ങിയപ്പോൾ

അതുപിന്നെ ഏട്ടായിയെ…. ഞാനൊരു കാര്യം പറഞ്ഞാൽ വഴക്ക് പറയുമോ…..??

ഇല്ല പറയ്….

എട്ടായി…. ഇന്ന് വൈകിട്ട് വരുമ്പോൾ….

പെട്ടെന്നായിരുന്നു പിറകിൽനിന്നും അമ്മ വിളിച്ചത്….. ഞാനും അമ്മയും തിരിഞ്ഞു നോക്കിയപ്പോൾ കയ്യിൽ വോഡ്കയുടെ കുപ്പിയുമായി നിൽക്കുന്ന അമ്മ….. അമ്മാവന്റെ ഒരു കണ്ണുമാത്രം പാതിചാരിയ വാതിലിന്റെ വിടവിൽകൂടി കാണാം…. വോഡ്ക കുപ്പി കണ്ടതും അമ്മു പതിയെ എന്റെ പുറകിലേക്ക് ഒളിച്ചു…..

പെട്ടെന്നാണ് അമ്മാവന്റെ മുറിയിൽനിന്നും ഒരു അശരീരി പോലെ ശബ്ദം മുഴങ്ങിയത്….

ഡാ… കാളി….. നിന്റമ്മ കുപ്പി പൊക്കി…..

ഡി കൊച്ചേ…. ദേ നിന്റെ ഉറക്കഗുളിക….

അതും പറഞ്ഞ് അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു

അമ്മേ അതുപിന്നെ… ഞാൻ…

അവൾ നിന്ന് പരുങ്ങി….

വിട്ടുകളയ് അമ്മേ…. അവളെറിയാതെ….

അവളെ ഞാനൊന്നും പറയണില്ല…. നീയൊറ്റഒരുത്തനാണ് ഇതുങ്ങളെ രണ്ടാളിനെയും പിഴപ്പിക്കുന്നത്…. നീ വൈകിട്ടിങ് വാ…. ബാക്കി അപ്പൊ പറയാം….

അമ്മു വേഗംതന്നെ അടുക്കളയിലേക്ക് ഓടി…. അമ്മാവൻ കതകടച്ചു മുങ്ങി….

അമ്മ കയ്യിലിരിക്കുന്ന കുപ്പിയിലെ പിടിമുറുക്കുന്നുണ്ടോ എന്നൊരു തോന്നൽ…..

ന്നാ പിന്നെ ഞാനങ്ങോട്ട്…..

ഞാൻ പതിയെ അവിടെ നിന്നും വലിഞ്ഞു….

വണ്ടിയിൽ കയറാൻ തുടങ്ങിയപ്പോൾ ഒരു വാട്സ്ആപ് മെസേജ്…. ഞാൻ നോക്കിയപ്പോൾ അമ്മു…..

“”എട്ടായി…. വൈകിട്ട് വരുമ്പോൾ വോഡ്ക വാങ്ങാൻ മറക്കല്ലേ……ഉമ്മ ഉമ്മ… ഉമ്മ “”

ആ ബെസ്റ്റ്…. ഇവളെന്റെ പൊകകണ്ടേ അടങ്ങു…

ഞാൻ മനസിലോർത്തുകൊണ്ട് ഓഫീസിലേക്ക് യാത്രാതിരിച്ചു….

ലൈക്ക് കമന്റ്‌ ചെയ്യണേ

NB: മദ്യപാനം ആരോഗ്യത്തിന് ഹാനികരം 😁😁😁

രചന : കാളിദാസൻ