നിങ്ങളെൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് എത്ര നാളായി.. അതെങ്ങനാ, എപ്പോഴും മൊബൈലിൽ നോക്കിയിരിപ്പല്ലേ

രചന : സജി തൈപ്പറമ്പ് .

അല്ല ,നിൻ്റെ മുഖമെന്താ കറുത്ത് കരിവാളിച്ചിരിക്കുന്നത് ?

മുൻപ് നിന്നെ കാണാൻ എന്ത് ഭംഗിയായിരുന്നു?

അയാൾ ഭാര്യയോട് ചോദിച്ചു

അതിന് നിങ്ങളെൻ്റെ മുഖത്തേയ്ക്ക് നോക്കിയിട്ട് എത്ര നാളായി? അതെങ്ങനാ? മൊബൈലിൽനിന്ന് കണ്ണെടുത്താലല്ലേ എന്നെ കാണാൻ കഴിയൂ ?

നിങ്ങളിടയ്ക്കിടക്ക് ചായയും ചോറുമൊക്കെ ചോദിക്കുമ്പോഴാണ് ,

ഞാനൊരാൾ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് തന്നെ വിശ്വാസം വരുന്നത്, അല്ല നിങ്ങടെ മൊബൈലെന്തേ?

സാധാരണ, രാവിലെ കണ്ണ് തുറക്കുന്നത് തന്നെ,

അതിലേയ്ക്ക് നോക്കാനാണല്ലോ?

ഭാര്യയുടെ കുറ്റപ്പെടുത്തല് കേട്ട് അയാൾക്കരിശം വന്നു.

അതിന് ഞാൻ മാത്രമല്ലല്ലോ? നീയും മൊബൈല് നോക്കാറില്ലേ?എൻ്റെ ഫോണിന്നലെ വൈകിട്ട് പണിമുടക്കി ,അത് ഞാൻ സർവ്വീസ് സെൻ്ററിൽ കൊടുത്തിട്ടാണ് ഇങ്ങോട്ട് പോന്നത്,

ഓഹ് അത് ശരി ?അപ്പോൾ അത് കിട്ടുന്നത് വരെ നിങ്ങളെന്തോ ചെയ്യും

അതിലിട്ട് തോണ്ടാൻ പറ്റാത്തത് കൊണ്ട് ,ഇപ്പോൾ കൈവിറയ്ക്കുന്നുണ്ടാവുമല്ലോ

അവൾ പരിഹാസരൂപേണ പറഞ്ഞു .

ഒന്ന് പോടീ …

നീ അടുക്കളേൽ ചെന്ന് വല്ല പണിയുമുണ്ടോന്ന് നോക്ക്, ഞാൻ കവല വരെയൊന്ന് നടന്നിട്ട് വരാം,

എത്ര നാളായി രാമേട്ടനെയും, ശിവരാജനെയുമൊക്കെ മീറ്റ് ചെയ്തിട്ട്, പണ്ട് ജോഗിങ്ങിന് പോയിട്ട് വരുമ്പോൾ, അപ്പുവണ്ണൻ്റെ കടയിൽ നിന്ന് ചൂട് ചായയും ,പഴംപൊരിയും കഴിച്ച് ,വിശേഷങ്ങളൊക്കെ പറഞ്ഞിരിക്കുമ്പോൾ ,ഒരു പ്രത്യേക സുഖമുണ്ടായിരുന്നു

ഈ പറയുന്നത് കേട്ടാൽ തോന്നും, നിങ്ങളെ ഞാനിവിടെ പിടിച്ച് വച്ചിരിക്കുവായിരുന്നെന്ന്? ഇരുപത്തിനാല് മണിക്കൂറും മൊബൈലിൽ തന്നെ കണ്ണ് നട്ടിരുന്നിട്ടല്ലേ?

നിങ്ങടെ പഴയ സുഹൃത്തുക്കളെപ്പോലും നിങ്ങള് മറന്ന് പോയത്?

അനിഷ്ടത്തോടെ പറഞ്ഞിട്ട് അവൾ അകത്തേയ്ക്ക് കയറി പോയി.

സമയം രാവിലെ ഒൻപത് മണി.

അല്ലാ .. ഇതെന്താ ദോശയും ചമ്മന്തിയുമോ?

എൻ്റെ സുമീ.. എനിക്ക് ദോശയും ഇഡ്ഡലിയുമൊന്നും ഇഷ്ടമല്ലെന് നിനക്കറിയില്ലേ?

നമ്മുടെ കല്യാണം കഴിഞ്ഞ നാള് തൊട്ടുള്ള എൻ്റെ മെനു നിനക്കറിയാവുന്നതല്ലേ?

അയാൾ അരിശത്തോടെ ചോദിച്ചു.

അത് പണ്ടല്ലേ? നിങ്ങളിപ്പോൾ കുറെ നാളുകളായിട്ട് ദോശ തന്നെയാണ് മുടങ്ങാതെ കഴിച്ച് കൊണ്ടിരിക്കുന്നത് ,എന്നിട്ട് ഇത് വരെ ,അതിന് കുറ്റം പറഞ്ഞിട്ടില്ലല്ലോ?

അവൾ അതിശയത്തോടെ ചോദിച്ചു.

ങ്ഹേ, സത്യമാണോടീ നീ പറയുന്നത്?

വിശ്വസിക്കാനാവാതെ അയാള് ചോദിച്ചു

പിന്നല്ലാതെ ?

നീരസത്തോടെ അവൾ പറഞ്ഞു

എന്തോ, എനിക്കിത് ഒട്ടും രുചി തോന്നുന്നില്ല,

പ്ളേറ്റ് നീക്കിവച്ചിട്ട്, അയാൾ ചായ ഗ്ളാസ്സ് എടുത്ത് ചുണ്ടോട് ചേർത്തു.

ഞാനെന്താടീ… ഷുഗർ പേഷ്യൻ്റാണോ? ഇതില് ഒരു തുള്ളി മധുരമില്ലല്ലോ ?

ചായ ഒന്ന് മൊത്തിയിട്ട് ,അയാൾ ഭാര്യയോട് രോഷത്തോടെ ചോദിച്ചു.

നിങ്ങൾക്കിതെന്നാ പറ്റി മനുഷ്യാ ? ഷുഗറ് കൂടിയിട്ട് , ദിവസവും രണ്ട് നേരം ഇൻസുലിനെടുത്ത് തരുന്ന, എന്നോട് തന്നെ ഇത് ചോദിക്കണം ?

അത് കേട്ടയാൾ സ്തബ്ധനായിപ്പോയി.

താനിപ്പോൾ സ്വപ്നലോകത്തെങ്ങാനുമാണോ എന്നറിയാൻ, അയാൾ ഇടത് കൈ കൊണ്ട് തുടയിൽ നുള്ളി നോക്കി.

വേദനയുണ്ട് ,അപ്പോൾ സ്വപ്നമല്ല,

തനിക്കിതെന്താ പറ്റിയത് ?

രുചിയില്ലാത്ത ദോശയും, മധുരമില്ലാത്ത ചായയും കഴിക്കാതെ ,ആലോചനയോടെ അയാൾ എഴുന്നേറ്റ് കൈ കഴുകി കൊണ്ടിരിക്കുമ്പോൾ, ഭാര്യ യാതൊരു ഭാവഭേദമില്ലാതെ പ്ലേറ്റും ഗ്ളാസ്സുമെടുത്ത് കൊണ്ട് പോകുന്നത് കണ്ട്, അയാളുടെ ഹൃദയം നുറുങ്ങി .

അവളൊരുപാട് മാറിപ്പോയിരിക്കുന്നു ,

മുൻപ് ,താൻ ഭക്ഷണം കഴിക്കാതിരുന്നാൽ, തൻ്റെ പുറകെനടന്ന്, എന്താണ് വേണ്ടതെന്ന് ചോദിച്ചിട്ട്,

ഇഷ്ടമുള്ള വിഭവമുണ്ടാക്കി തരുമായിരുന്നു ,

ഇപ്പോൾ കണ്ടില്ലേ? യാതൊരു വിഷമവുമില്ലാതെ അവൾ പോയത്?

ആത്മഗതം പോലെ പറഞ്ഞിട്ട് അയാൾ ഓഫീസിൽ പോകാനൊരുങ്ങി .

❤❤❤❤❤❤❤❤❤❤❤❤

വൈകുന്നേരമയാൾ, ഓഫീസിൽ നിന്ന് തിരിച്ച് വരുന്ന വഴി തൻ്റെ മൊബൈൽ റിപ്പയറ് ചെയ്യാൻ കൊടുത്തിരുന്ന കടയിൽ കയറി.

ങ്ഹാ സാറേ.. സിം ,കൊണ്ട് വന്നിട്ടുണ്ടോ ? കംപ്ളയിൻ്റ് മാറിയോന്ന് നമുക്കൊന്ന് ചെക്ക് ചെയ്ത് നോക്കിയേക്കാം

അയാൾ തൻ്റെ പേഴ്സ് തുറന്ന് സിമ്മെടുത്ത് കടക്കാരന് കൊടുത്തു.

സാറേ .. ഇതില് ബാലൻസില്ല കെട്ടോ?

റീചാർജ്ജ് ചെയ്യണമല്ലോ?

കടക്കാരൻ പറഞ്ഞു.

ഇവിടെ ചാർജ്ജ് ചെയ്യാൻ പറ്റുമോ ?

അയാൾ ജിജ്ഞാസയോടെ കടക്കാരനോട് ചോദിച്ചു.

ചെയ്യാം സാർ ,479 ന് ചെയ്താൽ 56 ദിവസത്തെ വാലിഡിറ്റിയുണ്ട് ദിവസേന ഒന്നര ജിബി നെറ്റും കിട്ടും ചെയ്യട്ടെ സാർ …

അല്ലാ അത് വേണ്ടാ .. ഈ നെറ്റില്ലാതെ ,അൺലിമിറ്റഡ്

ടോക് ടൈം മാത്രമുള്ള പ്ളാൻ ഉണ്ടെങ്കിൽ, അത് മതി,

ഉണ്ട് സാർ ,അതാകുമ്പോൾ കുറച്ച് പൈസ മതി, ചെയ്തേക്കാം

റീചാർജ്ജ് ചെയ്ത് ഫോൺ കൈയ്യിൽ കിട്ടിയ ഉടനെ, അയാൾ ഭാര്യയെ വിളിച്ചു.

ഹലോ ആരാ?

എടീ.. ഇത് ഞാനാടി ,നീയെൻ്റെ നമ്പര് സേവ് ചെയ്തിട്ടില്ലേ?

ആങ്ങ്ഹാ നിങ്ങളോ ?

ഓഹ് നിങ്ങടെ നമ്പര് സേവ് ചെയ്തിട്ടെന്തിനാ ?

നിങ്ങളീ വീട്ടിൽ നിന്ന് പുറത്ത് പോയിട്ട്, എന്നെങ്കിലുമൊരിക്കൽ എന്നെ ഫോണിൽ വിളിച്ച് എന്തെങ്കിലും സംസാരിച്ചിട്ടുണ്ടോ?

എത്രയോ പ്രാവശ്യം ഞാൻ നിങ്ങളെ വിളിച്ചിരിക്കുന്നു, എപ്പോഴെങ്കിലും നിങ്ങൾ, എൻ്റെ ഫോൺ കോൾ അറ്റൻറ് ചെയ്തിട്ടുണ്ടോ? പിന്നെയെന്തിനാണ് ,ഡെഡ് ആയ ഒരു നമ്പര് എൻ്റെ ഫോണിലിടുന്നത് ?

ഒക്കെ സമ്മതിച്ചെടീ …

നീ പറഞ്ഞത് ശരിയാണ് ,കുറച്ച് നാൾ ഞാൻ ഇൻ്റർനെറ്റിൻ്റെ മായാലോകത്തായിരുന്നു, അത് കൊണ്ട് തന്നെ എനിക്കൊരു കുടുംബമുള്ള കാര്യം ഞാൻ മറന്നു ,ഏത് നേരവും സോഷ്യൽ മീഡിയകളിൽ സജീവമായിരുന്ന എനിക്ക്, എൻ്റെ ഭാര്യയുടെ മുഖത്ത് നോക്കാനോ, ഒന്ന് മിണ്ടാനോ സമയമുണ്ടായിരുന്നില്ല,

എന്തിന്? ഞാനൊരു ഗുരുതര പ്രമേഹരോഗിയാണെന്ന കാര്യം പോലും മറന്ന് പോയില്ലേ? എല്ലാത്തിനും കാരണം, എൻ്റെ നിയന്ത്രണമില്ലാത്ത ഇൻ്റർനെറ്റ് ഉപയോഗമാണെന്ന് എനിക്ക് മനസ്സിലായി ,അത് കൊണ്ട്, ഞാൻ ഇനി മുതൽ ഫോണിൽ നെറ്റ് ചാർജ്ജ് ചെയ്യില്ലെന്ന് ശപഥം ചെയ്തിരിക്കുവാണ്,

നീയൊരു കാര്യം ചെയ്യ് ,വേഗം കുളിച്ചൊരുങ്ങി നില്ക്ക് ,നമുക്കൊന്ന് ഔട്ടിങ്ങിന് പോകാം ,കുറെ നാളായില്ലേ നമ്മളൊരുമിച്ച് പുറത്ത് പോയിട്ട്?

അയാൾ പറയുന്നത് കേട്ട്, അവർക്ക് ആശ്ചര്യം തോന്നി.

നേരാണോ നിങ്ങളീ പറയുന്നത്?

എനിക്ക് വിശ്വസിക്കാനാവുന്നില്ല, എങ്കിൽ വേഗം വാ, ഞാൻ ദേ .റെഡി

സന്തോഷത്തോടെ അവൾ ഫോൺ കട്ട് ചെയ്തപ്പോൾ, അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു.

❤❤❤❤❤❤❤❤❤

ദാ ,നിനക്ക് ഇഷ്ടമുള്ളത് എന്താണെന്ന് വച്ചാൽ ,

ഓർഡർ ചെയ്തോളു

കോഫി ഷോപ്പിലെ ഒഴിഞ്ഞ കോണിൽ , മങ്ങിയ വെളിച്ചത്തിലിരുന്ന് കൊണ്ട്, അയാൾ മെനുകാർഡ് അവൾക്ക് നേരെ നീട്ടി.

രണ്ട് കോഫിയും ,രണ്ട് സ്വീറ്റ് ബ്രഡ്ഡും എടുത്തോളു ,ങ്ഹാ പിന്നേ .. ഒരു കോഫിയിൽ ഷുഗറ് നന്നായി വേണം കേട്ടോ?

മെനു കാർഡ് നോക്കാതെ തന്നെ, അവൾ വെയിറ്ററോട് പറഞ്ഞു.

അല്ല സുമീ … നിനക്കാണോ മധുരംകൂട്ടി കോഫി എടുക്കാൻ പറഞ്ഞത്?

വേണ്ട കെട്ടോ ,പണ്ട് ഞാനിത് പോലെ കോഫി കുടിച്ചത് കൊണ്ടാണ് ,എനിക്കീ ഗതി വന്നത്

അയാൾ ഭാര്യയെ ഉപദേശിച്ചു.

മധുരമുള്ള കോഫി നിങ്ങൾക്കാണ്, നിങ്ങടെ മെനു

എനിക്കറിയാവുന്നത് കൊണ്ടാണ്, ഞാനത് ഓർഡർ ചെയ്തത് ,പിന്നെ ,നിങ്ങൾ ഷുഗർ പേഷ്യൻ്റാണെന്നും മറ്റും, ഞാൻ രാവിലെ പറഞ്ഞത്

എൻ്റെ ഉള്ളിലെ രോഷം കൊണ്ടായിരുന്നു,

അല്ലാതെ നിങ്ങൾക്കൊരു കുഴപ്പവുമില്ല,

എന്തായാലും, എൻ്റെ പ്രതിഷേധം ഫലം കണ്ടല്ലോ ?,അത് മതി ,

ങ്ഹാ പിന്നേ ,നിങ്ങള് നെറ്റ് ചാർജ്ജ് ചെയ്യാതിരിക്കുകയൊന്നും വേണ്ട ,കാരണം ഇത് ടെക്നോളജിയുടെ കാലമാണ് ,

പണമിടപാടിനാണെങ്കിലും സർക്കാര് കാര്യങ്ങൾക്കാണെങ്കിലും സ്വന്തം ഫോണിൽ നെറ്റില്ലാതെ ഒന്നും നടക്കില്ല ,അത് കൊണ്ട് നെ*റ്റ് ചാർജ്ജ് ചെയ്യാതിരിക്കണ്ട, എല്ലാം ആവശ്യത്തിന് മാത്രമാണെങ്കിൽ ഒരു കുഴപ്പവുമില്ല ,അധികമായാൽ അമൃതും വിഷമാണ്

NB : ഇത് കഥയല്ല ,കാര്യമാണ് .

രചന : സജി തൈപ്പറമ്പ് .