പാതിരാത്രിയിൽ പെരുവഴിയിൽ കുടുങ്ങിയവരെ സഹായിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

ഹൈദരാബാദിൽ നിന്നും നാട്ടിലേയ്ക്ക് യാത്ര തിരിച്ച് പാതിവഴിയിൽ അകപ്പെട്ട പതിമൂന്ന് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങിയ സംഘത്തിന് തുണയായത് മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ. ഇവരെ കോഴിക്കോട് എത്തിക്കാം എന്ന് ഡ്രൈവർ നൽകിയ ഉറപ്പിന്മേൽ ആണ് യാത്ര ആരംഭിച്ചത്. എന്നാൽ രാത്രിയോടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് കാരണം യാത്ര തുടരാനാകില്ലെന്നും അതിർത്തി വരെ എത്തിക്കാമെന്നും ഡ്രൈവർ പറഞ്ഞു. അവിടെ നിന്നും കേരളത്തിലേയ്ക്ക് വണ്ടി കയറണമെന്നും ഡ്രൈവർ ഇവരോട് പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്ക് പോസ്റ്റിനടുത്ത് വരെ വണ്ടി എത്തിയിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം എല്ലാവരും ഭയപ്പെട്ടു. വനമേഖല ആയതിനാൽ അവിടെ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് ഡ്രൈവറെ ഇവർ അറിയിച്ചതിനാൽ വാഹനം തോൽപ്പട്ടി ഭാഗത്തേയ്ക്ക് പോയി. ഈ സമയം ഒരുപാട് പേരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവസാനം മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചു. ആതിര എന്ന പെൺകുട്ടി ഗൂഗിളിൽ നിന്നും അദ്ദേഹത്തിൻ്റെ നമ്പർ കണ്ടെത്തി വിളിച്ച് സംസാരിച്ചു.

ഭയപ്പെടേണ്ട പരിഹാരമുണ്ടാക്കാം എന്ന് പറഞ്ഞ് വയനാട് കലക്ടറിൻ്റെയും, എസ്.പിയുടെയും കോൺടാക്ട് നമ്പർ ആതിരയ്ക്ക് അദ്ദേഹം നൽകുകയും ചെയ്തു. എസ്.പിയെ വിളിച്ചപ്പോൾ അദ്ദേഹം തുടർ യാത്രയ്ക്ക് സൗകര്യം ഒരുക്കി കൊടുത്തു. അങ്ങിനെ അവർ സുരക്ഷിതരായി നാട്ടിൽ എത്തിച്ചേർന്നു. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും നമ്മളെ സംരക്ഷിക്കാൻ മുഖ്യമന്ത്രി കൂടെയുള്ളപ്പോൾ ഭയപ്പെടേണ്ട കാര്യമില്ല.

Scroll to Top