അല്ലെങ്കിലും ആ ചെക്കൻ ഭയങ്കര വികൃതിയാണ്…

രചന : എന്ന് സ്വന്തം ബാസി

“മാഷേ സുബൈർ ക്ലാസിൽ മൂത്രമൊഴിച്ചു ”

ഇന്റർവെൽ സമയത്ത് നാലാം ക്ലാസ്സ്‌ ലീഡർ അസ്മ സ്റ്റാഫ് റൂമിന്റെ വാതിൽക്കൽ വന്ന് സലീം മാഷിനെ നോക്കി ചിരിച്ചു കൊണ്ട് ഉറക്കെ പറഞ്ഞു.

“സലീം മാഷിന് ഇന്ന് കോളടിച്ചല്ലോ ” സുരേന്ദ്രൻ മാഷ് പരിഹാസത്തടെ പറഞ്ഞു.

“അല്ലെങ്കിലും ആ ചെക്കൻ ഭയങ്കര വികൃതിയാണ്… ഇന്നലെ… “രമണി ടീച്ചറുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ചെറു പുഞ്ചിരിയോടെ പുറത്തിറങ്ങി സലീം മാഷ് നാലാം ക്ലാസിനു നേരെ നടന്നു.

മൂക്ക് പോത്തി വട്ടം കൂടി പരിഹസിക്കുന്ന കുട്ടികൾക്ക് മദ്ധ്യേ കണ്ണീർ ഒലിപ്പിച്ചു നിൽക്കുന്ന സുബൈർ, ക്ലാസ്സിനകത്ത് കാഴ്ച കണ്ട് ഒരു നിമിഷം എന്ത്‌ ചെയ്യണം എന്നറിയാതെ മാഷ് വാതിൽ പടിക്കൽ തന്നെ നിന്നു.

തൊണ്ട അനക്കി ശബ്ദം ഉണ്ടാക്കി മാഷ് ക്ലാസിൽ പ്രവേശിച്ചപ്പോൾ ക്ലാസ്സ്‌ മുഴുവൻ മാഷിലേക്ക് തിരിഞ്ഞ് ഒരേ സ്വരത്തിൽ പറഞ്ഞു.

“സാറെ സുബൈർ ക്ലാസ്സിൽ മൂത്രം ഒഴിച്ച്… ”

മേശയിൽ തട്ടി ദേഷ്യം പ്രകടിപ്പിച്ച് മാഷ് എല്ലാവരെയും നിശബ്ദമാക്കി.

“രണ്ട് കിട്ടാത്തതിന്റെ കുറവാ ഇവനൊക്കെ…” ദേഷ്യത്തോടെ രമണി ടീച്ചർ കടന്നു വന്നപ്പോൾ ആ നിശബ്ദതയിൽ അവന്റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ കേൾക്കുന്നുണ്ടായിരുന്നു.

ഒന്നും മിണ്ടാതെ സലീം മാഷ് അവന്റെ ചാരത്തേക്ക് നടന്നടുക്കുമ്പോൾ അവൻ മാഷിനെ തന്നെ തുറിച്ചു നോക്കി ഭയത്തോടെ പറഞ്ഞു.

“മാഷേ…അറിയാതെ പറ്റിപ്പോയതാണ്”

“സാരമില്ലഡോ, കുട്ടികൾ ആകുമ്പോൾ ഇതൊക്കെ ഉണ്ടാകും… ”

ഒഴുക്കൻ മട്ടിൽ ഉള്ള ആ വാക്കുകൾ അവൻ ചെറിയ ഒരു ആശ്വാസം നൽകി.

ബെഞ്ചിൽ നിന്ന് എഴുനെല്പിച്ച് അവനെയും കൂട്ടി മാഷ് പുറത്തേക്ക് നടക്കുമ്പോൾ ഒരു സ്കൂൾ ഒന്നാകെ അത്ഭുതം കാണുന്ന തരത്തിൽ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു.

“എന്താടോ ഇത് വല്യ കുട്ടി ആയില്ലേ ഇപ്പോഴും കരഞ്ഞോണ്ട് ഇരിക്കാണോ…”സുബൈർന്റെ പുറത്തു തട്ടി സലീം മാഷ് ആശ്വസിപ്പിച്ചു.

“അനന്തു നീ വീട്ടിൽ പോയി ഒരു മുണ്ടെടുത്ത് വന്നെ…”സ്കൂളിന്റെ തൊട്ടടുത്ത വീട്ടിലെ അനന്തുവിനെ വിളിച് അവന്റെ വീട്ടിലേക്ക് അയച്ചു.

“ദാ ഈ മുണ്ട് ഉടുത്തേ”

മുണ്ട് ഉടുപ്പിച്ചു വെള്ളം മുക്കി മാഷ് പാന്റ് കഴുകാൻ ഒരുങ്ങിയപ്പോൾ അവൻ പറഞ്ഞു.

“ഞാൻ കഴുകിക്കോളും മാഷേ…എനിക്ക് അലക്കാൻ ഒക്കെ അറിയാം…”

“നീ കൊള്ളാലോ ടാ…ഇതൊക്കെ ആരാ പഠിപ്പിച്ചേ…” തൊട്ടടുത്ത കല്ലിൽ ഇട്ട് പാന്റിൽ സോപ്പ് തേച്ചു കൊണ്ടിരിക്കെ മാഷ് ചോദിച്ചു.

“അച്ഛൻ അസുഖമായിരുന്നപ്പോ ഞാൻ തന്നെ ആയിരുന്നു അലക്കാർ…”

“ഇപ്പോൾ അച്ഛൻ പോയപ്പോൾ, അതുകൊണ്ടിപ്പോൾ… ”

ഒന്ന് വിതുമ്പി കൊണ്ട് അവൻ നിർത്തി.

“ഇപ്പോൾ അമ്മക് തീരെ സമയം ഇല്ല പകൽ മുഴുവൻ ജോലി ആണ് “വിതുമ്പുന്ന അവന്റെ തോളിൽ പിടിച്ച് സലീം മാഷ് മൗനമായി സ്റ്റാഫ്‌ റൂമിലേക്ക് നടന്നു.

*******************

“സലീം മാഷ് ഉണ്ടോ ഇവിടെ…സലീം മാഷ്. . ”

ഓടി കിതച്ച് കൊണ്ട് ഒന്ന് രണ്ട് ചെറുപ്പക്കാർ സ്റ്റാഫ് റൂമിലേക്ക് കയറി വന്നു.

അവരുടെ മുഖത്തെ ഭാവം കണ്ട് സ്റ്റാഫ് റൂം ഒന്നടങ്കം സ്വയം അറിയാതെ എണീറ്റ് നിന്നു.

“എന്താ എന്ത് പറ്റി..” സലീം മാഷ് അവരോട് ചോദിച്ചു.

മാഷ് ഒന്ന് വേഗം വരണം.. സുബൈർന്ന് മാഷിനെ ഒന്ന് കാണണം എന്ന് പറഞ്ഞു ”

“ഏത് സുബൈർ… നാലാം ക്ലാസ്സിലെ… അവൻ എന്ത് പറ്റി .. “മാഷ് ഒറ്റ ശ്വാസത്തിൽ ഒരുപാട് ചോദ്യങ്ങൾ നിരത്തി.

“എല്ലാം പറയാം മാഷേ…മാഷ് വേഗം വണ്ടിയിൽ കയറ്..”

വണ്ടിയിലേക്ക് കയറുമ്പോൾ ക്ലാസ്സിൽ മൂത്രം ഒഴിച്ചത്തിന്റെ നാണം കാരണത്താൽ ആണ് അവൻ ഈ ആഴ്ച ക്ലാസ്സിൽ വരാതെ നിന്നത് എന്ന തന്റെ ചിന്ത തെറ്റായിരുന്നു എന്ന് മാഷ് തിരിച്ചറിയുന്നുണ്ടായിരുന്നു…

അതിവേഗത്തിൽ ഓടി വണ്ടി മെഡിക്കൽ കോളേജിന്റെ മുറ്റത്തു ചെന്ന് നിൽക്കുമ്പോഴേക്കും സുബൈർ ഇരു വൃക്കയും തകരാറിലായ ഒരു ക്യാൻസർ രോഗിയാണന്നും അവന്റെ ഉപ്പ മരിച്ചതും ഇതേ രോഗം കാരണമാണെന്നും ഒരു ഞെട്ടലോടെയാണ് മാഷ് കേട്ടറിഞ്ഞത്.

പിന്നെ ഹോസ്‌പിറ്റലിനകത്തേക്ക് ഒരു ഓട്ടമായിരുന്നു. ജന നിബിഡമായ വരാന്തയിലുടെ ഓടി ഐ. സി. യൂ റൂമിന്റെ മുന്നിൽ ചെന്നാണ് നിന്നത്.

പരിസരം മറന്ന് പൊട്ടികരയുന്ന സുബൈർന്റെ മാതാവിന്റെ ചാരത്ത് കൂടെ കട്ടിലിനടുത്തേക്ക് ചേർന്ന് നിന്ന് നിശ്ചലമായി കിടക്കുന്ന സുബൈറിന്റെ വലത്തേ കൈയ്യിൽ പിടിച്ചു.

“മാഷേ ബോധം തെളിയുമ്പോൾ ഒക്കെ മാഷിനെ ചോദിക്കുകയായിരുന്നു. ”

തൊട്ടടുത്ത് നിൽക്കുന്ന സ്ത്രീ പറഞ്ഞു തീരും മുന്നേ വയറിൽ തടവി വേദനയോടെ അവൻ കണ്ണ് തുറന്നു. നിറഞ്ഞു നിൽക്കുന്ന കണ്ണീരിനിടയിൽ തെളിഞ്ഞ മാഷിന്റെ രൂപം അവന്റെ ചുണ്ടിൽ പുഞ്ചിരി വിടർത്തി.

ഒരു നിമിഷം എഴുന്നേൽക്കാൻ ശ്രമിചെങ്കിലും അതിനു സമ്മതിക്കാതെ അവിടെ തന്നെ കിടത്തി.

തൊട്ടടുത്ത മേശയിൽ വെച്ച ഒരു കപ്പ് കൈ നീട്ടി എടുത്ത് മാഷിന് നേരെ നീട്ടി.

“എനിക്ക് രണ്ടാം ക്ലാസ്സിൽ നിന്ന് സ്പോർട്സിനു കിട്ടിയതാണ്… ഇതേ മാഷിന് തരാൻ എന്റെ കയ്യിലോള്ളൂ… മാഷ് വാങ്ങണം… “മാഷിന്റെ കയ്യിൽ വെച്ച് കൊടുത്ത് അവൻ തുടർന്നു.

“പിന്നെ രേഷ്മ ടീച്ചറോടും കുട്ടികളോടും എനിക്ക് വേണ്ടി മാപ്പ് ചോദിക്കണം, എനിക്ക് രോഗം ആയിട്ടല്ലേ മാഷേ, ഇനി ആരെയും ബുദ്ധിമുട്ടിക്കാൻ ഞാൻ വരില്ലെന്ന് പറയണം. പിന്നെ… ” അവന്റെ വാക്കുകൾ നിശ്ചലമായി, മെല്ലെ കണ്ണുകൾ അടഞ്ഞു

എന്നെന്നേക്കുമായി നിശ്ചലം ആയിട്ടും പഞ്ഞി വെച്ച മുക്കിലേക്ക് നോക്കാതെ സലീം മാഷ് അവന്റെ കയ്യിലെ ഞരമ്പുകളിൽ ഇത്തിരി ചലനം ബാക്കി ഉണ്ടെങ്കിൽ എന്ന് എന്നാശിച്ചു തിരയുമ്പോൾ രേഷ്മ ടീച്ചറോടു കൂടെ ഒരു സ്കൂൾ ഒന്നായി അവന്റെ ചാരെ നിന്ന് കരയുന്നുണ്ടായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : എന്ന് സ്വന്തം ബാസി