ഒരു വിശ്രമവുമില്ലാതെ അവർക്കു വെച്ചു വിളമ്പിയും അവരുടെ തുണി അലക്കിയും നടക്കുന്ന തന്നോട് തന്നെ ഇത്…

രചന : നിവിയ റോയ്

എന്റെ ഭാര്യ ….ഞാൻ അറിയേണ്ടവൾ …..

❤❤❤❤❤❤❤❤❤❤

വീട്ടുമുറ്റത്തേക്കുള്ള ചവിട്ടു പടികൾ കയറുമ്പോൾ തന്നെ കുട്ടികളുടെ ബഹളവും ടി.വി യുടെ ശബ്ദവും മുരളിക്ക് കേൾക്കാമായിരുന്നു .

എല്ലാരും ഉത്സവത്തിന് എത്തിയിട്ടുണ്ടെന്നു തോന്നുന്നു

ഇനി കുറച്ചു ദിവസത്തേക്കു വീട്ടിലും ഒരു ഉത്സവമായിരിക്കും .

ആ എല്ലാവരും എത്തിയല്ലോ ?

അമ്മയോടൊപ്പം ടി വി യിലെ സീരിയലിൽ മുഴുകിയിരുന്ന പെങ്ങന്മാർ കുഞ്ഞാങ്ങളയുടെ ഒച്ച കേട്ട് ഓടി എത്തി.

ടീ ….ചിന്നുക്കുട്ടി നീ മാമനെക്കാളും പൊക്കം വെച്ചല്ലോ?പലഹാര പൊതി അവളുടെ നേരെ നീട്ടികൊണ്ടു മുരളി പറഞ്ഞു .

എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ വലിയൊരു സന്തോഷം.പെങ്ങന്മാർ മത്സരിച്ചു സ്നേഹ വാത്സല്യങ്ങൾ പ്രകടിപ്പിച്ചു.

പതിവുപോലെ തുളസിചേച്ചിയുടെ പരാതി നീ വല്ലാതങ്ങു ക്ഷീണിച്ചു പോയല്ലോ …?

ഓ തുളസിചേച്ചിക്കു എപ്പോളും ഏട്ടനെ കാണുമ്പോൾ ഉള്ളതാണിത്.

എട്ടന് ഒരു മാറ്റവുമില്ല മുരളിയെ വട്ടം കെട്ടിപിടിച്ചുകൊണ്ടു ഇളയപെങ്ങൾ താര പറഞ്ഞു

വല്യച്ചി എന്തിയെ ?

അവള് ദേ ഇപ്പോൾ വിജയേട്ടന്റെ ഫോൺ വന്നിട്ട് അപ്പുറത്തെ മുറിയിലേക്കു പോയതേയുള്ളു .

രണ്ടാളും നേരെ കണ്ടാൽ അപ്പോ തുടങ്ങും ഇടി.കണ്ടില്ലെങ്ങിലോ ഭയങ്കര സ്നേഹവും. താര പറയുന്നത് കേട്ട് എല്ലാവരും ചിരിക്കുന്നതിനിടയിൽ മുരളി ചുറ്റും നോക്കി കൊണ്ടു ചോദിച്ചു.

അവൾ എവിടെ ?

മീരയാണോ? അപ്പുറത്തു എവിടെയെങ്കിലും കാണും.

മുരളി കൊണ്ടുവന്ന പലഹാരപ്പൊതി തുറക്കുന്നതിനിടയിൽ കശപിശ കൂട്ടുന്ന കുട്ടികളെ ശാസിക്കുന്നതിനിടയിൽ അമ്മ പറഞ്ഞു .

മീരേച്ചിക്കു ഞങ്ങളുടെ കൂടെ ഇരിക്കാൻ സമയമൊന്നുമില്ല .എപ്പോളും അടുക്കളയിൽ തന്നെ.

സോഫയിലേക്ക് ചാരികിടന്നു തടസ്സപെട്ട ടി വി കാഴ്ച തുടർന്നുകൊണ്ട് താര പറഞ്ഞു .

മീരക്ക് ഭയങ്കര താമസമാണല്ലേ ഓരോ കാര്യം ചെയ്യാൻ,

അല്ലേടാ ….?മുരളിയോട് തുളസി അങ്ങനെ പറയുമ്പോൾ അമ്മയുടെ മുഖത്ത് താൻ പറയാൻ പലവട്ടം പറയാൻ ശ്രമിച്ച കാര്യം തന്റെ മകളു പറഞ്ഞു കേട്ടതിലുള്ള സംതൃപ്‌തി നിറഞ്ഞു വന്നു.

അതുകൊണ്ടല്ല അവൾക്കു ഇപ്പോൾ രണ്ടുമാസം ആയതല്ലെയുള്ള ഡോക്ടർ പറഞ്ഞു ആദ്യത്തെ മൂന്നു മാസംവരെയെങ്കിലും സൂഷിക്കണമെന്നു .

ഓ …ഡോക്ടർ അങ്ങനെയൊക്കെ പറയും എന്നോടും അങ്ങനെയൊക്കെ പറഞ്ഞതാ .

ഇതുവല്ലോം വിജയേട്ടന്റെ അമ്മയുടെ അടുത്ത് ചിലവാകുമോ ? പിടിപ്പതു പണിയുണ്ടായിരുന്നു

അന്നൊന്നും അവിടെ ഇതുപോലെ മിക്സിയും വാഷിംഗ് മെഷീനും ഒന്നും ഉണ്ടായിരുന്നില്ല.എല്ലാം കൈകൊണ്ടു തന്നെ ചെയ്യണ.അതുകൊണ്ടെന്താ മൂന്നും സുഖ പ്രസവമായിരുന്നു

ഫോണും പിടിച്ചുകൊണ്ടു അങ്ങോട്ടേക്ക് വന്ന വല്യച്ചി പറഞ്ഞു.

എന്റെ വല്യച്ചി നിങ്ങളിതെന്തു ഭാവിച്ചാ അന്നു കണ്ടതിലും രണ്ടിരട്ടിയായല്ലോ അളിയനെ നിങ്ങള് മുടിപ്പികുമല്ലോ ?

ദേ അമ്മേ ഇവൻ കളിയാക്കുന്നത് കേട്ടോ അവന്റെ ഭാര്യയെപറ്റി പറഞ്ഞത് അവന് പിടിച്ചില്ല അതുകൊണ്ടാ…

അത് ശരിയാ ഇവിടെ ഇപ്പോൾ അമ്മ ഒരു പാവമായതുകൊണ്ട് കുഴപ്പമില്ല .പിന്നെ പോരെടുക്കാൻ ഞങ്ങൾ പെങ്ങമാരൊട്ട് ഇവിടെ ഇല്ല താനും പിന്നെ എന്തു വേണം ?

തുളസി ചേച്ചി തമാശ രൂപത്തിൽ ഏറ്റുപിടിക്കുന്നത് കേട്ട് കൊണ്ടു മുരളി അടുക്കളയിലേക്കു നടന്നു

മീരേ ….ഇവൾ ഇതെവിടെ പോയി ?

അടുക്കളയിൽ കഴുകാനായി കുമിഞ്ഞു കൂടിയ പത്രങ്ങളിൽ കണ്ണോടിച്ചു കൊണ്ടു അയാൾ അടുക്കള പുറത്തേക്കു ഇറങ്ങി .

ങാ ….ഈ നേരത്തു താൻ ഇതിവിടെ എന്തു ചെയ്യുവാണ്?

ആ …മുരളിയേട്ടൻ വന്നോ …?ഞാൻ ഈ തുണികളൊക്കെ എടുക്കുകയായിരുന്നു . ഇന്നലത്തെ പോലെ രാത്രിയിൽ വല്ലോ മഴയും പെയ്‌താൽ എല്ലാം പിന്നേ നനയും

കൈത്തണ്ടയിലേക്കു തുണികൾ ഇടുന്നതിനിടയിൽ അവൾ പറഞ്ഞു.

അവളുടെ വാടിയ മുഖം കണ്ടു മുരളിക്ക് വല്ലാത്ത വിഷമം തോന്നി.

നിനക്കു ചേച്ചിമാരാരോടെങ്കിലും പറഞ്ഞൂടെ .എല്ലാം കൂടെ ഇങ്ങനെ ഒറ്റക്കു ചെയ്യാൻ നിന്നാൽ എങ്ങനാ …ഡോക്ടർ പ്രത്യകം പറഞ്ഞതല്ലേ റെസ്ററ് എടുക്കണമെന്ന് .

ഞാൻ താരയെ വിളിക്കാം …

വേണ്ട ഏട്ടാ അവൾക്കു ബുദ്ധിമുട്ടാകും .

മുരളി ദേ ഈ ചായകുടിക്ക് …

ഇത്രയും നേരമായിട്ടും അടുക്കളയിൽ ഒന്നു വരികപോലും ചെയ്യാത്ത തുളസി ചേച്ചിയാണോ ഇപ്പോൾ ഈ ചായ ഉണ്ടാക്കിയതെന്നോർത്തു മീര അതിശയിച്ചു .

അവൻ വന്നിട്ട് എത്ര നേരമായി …എന്റെ സോമേട്ടന് ഓഫീസ് വിട്ടുവന്നാൽ അപ്പോൾ തന്നെ നല്ല കടുപ്പത്തിൽ ഒരു ചായ കിട്ടണം . അല്ലെങ്കിൽ ഇവനെ പോലെയൊന്നുമല്ല .വീട് രണ്ടാക്കും മൂക്കിന്റെ തുമ്പത്താണ് ദേഷ്യം .കാപ്പി ഗ്ലാസ്സ് അയാൾക്കു നേരെ നീട്ടുന്നതിനിടയിൽ മീരയെ നോക്കി തുളസി ചേച്ചി ചിരിച്ചു കൊണ്ടു പറഞ്ഞു.

അല്ലെങ്കിലും തുളസി ചേച്ചിയുടെ സ്വഭാവം ഇതാണ്

മനസ്സിൽ കൊള്ളുന്ന കാര്യങ്ങൾ പറയാൻ മിടുക്കിയാണ്. പക്ഷേ ചിരിച്ചു കൊണ്ടാണെന്ന് മാത്രം

അപ്പോൾ കൊള്ളേണ്ടത് കൊള്ളുകയും ചെയ്യും

പറയേണ്ടത് വഴക്കില്ലാതെ പറയുകയും ചെയ്യാം

ഒരു വിശ്രമവുമില്ലാതെ അവർക്കു വെച്ചു വിളമ്പിയും അവരുടെ തുണി അലക്കിയും നടക്കുന്ന തന്നോട് തന്നെ ഇത് പറയണം .അതിനിടയിൽ കുട്ടികൾ മുറ്റത്തു നിന്നും ചവിട്ടികേറ്റുന്ന മണ്ണും പൊടിയും അടിച്ചു കളയാൻ താൻ തന്നെ വരണം .എന്നിട്ടും താൻ ഒരു ഗ്ലാസ്സ് വെള്ളം കുടിച്ചോ വല്ലതും കഴിച്ചോ എന്ന്‌ പോലും ഒന്നും ചോദിക്കാത്തവരാണ് ഇപ്പോൾ കുറ്റം കണ്ടുപിടിക്കാൻ നടക്കുന്നത്.

കണ്ണിൽ പൊടിഞ്ഞ നനവ് പീലികൊണ്ടു ഒപ്പിയെടുക്കുന്നതിനിടയിൽ അവൾ ഓർത്തു .

മീരേ നീ ചായ കുടിച്ചോ ..?

ചായക്കപ്പ്‌ മേടിക്കുന്നതിനിടയിൽ അയാൾ ചോദിച്ചു.

ഞാൻ പിന്നെ കുടിച്ചോളാമേട്ടാ …

ഇനിയിപ്പോ എപ്പോളാ ?

നീ ഇതു കുടിച്ചേ ….

ചായക്കപ്പ്‌ അവളുടെ ചുണ്ടോട് അടുപ്പിച്ചുകൊണ്ടു മുരളി അത് പറയുമ്പോൾ . മുഖം വെട്ടിതിരിച്ചു തുളസിചേച്ചി പോകുന്നത് അവൾ കണ്ടു .

ചേട്ടൻ പോയി കുളിച്ചിട്ട് വരൂ

അടുക്കളയിലേക്കു നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.

അവരൊക്കെ എന്തിയെ മീരേ …ഇപ്പോളും ടി വി കാഴ്ചതന്നെയാണോ ?

കുളികഴിഞ്ഞു അടുക്കളയിലേക്കു വന്ന മുരളി പാത്രങ്ങൾ കഴുകികൊണ്ട് നിൽക്കുന്ന മീരയോട് ചോദിച്ചു.

ഉം …അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി.

അത്താഴത്തിനു എന്താണ് പരിപാടി ?

വല്യച്ചിക്കു ഷുഗറുള്ളതുകൊണ്ടു ചപ്പാത്തി മതിയെന്നു പറഞ്ഞു. തുളസി ചേച്ചിക്കും താരക്കും ഞാൻ ഉണ്ടാക്കുന്ന കപ്പ പുഴുക്ക് തിന്നാൻ കൊതിയാണെന്നു .

എന്താ അവരുണ്ടാകുമ്പോൾ കപ്പ പുഴുക്ക് ചക്ക പുഴുക്കു പോലെ ഇരിക്കുമോ ?പണി ചെയ്യണ്ടിരിക്കാനുള്ള ഓരോ അടവുകൾ

അവര് കേൾക്കണ്ട ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു

കേൾക്കട്ടെ എന്റെ പെണ്ണിനെ ഇങ്ങനെ അടുക്കളയിൽ ഒറ്റക്കിട്ടു വേലക്കാരിയെപ്പോലെ കഷ്ടപെടുത്താനല്ല ഞാൻ കെട്ടിക്കൊണ്ടു വന്നത് അവളെ ചേർത്തു പിടിച്ചു അത് പറയുമ്പോൾ .

ജോലി ചെയ്തു വാടിയ അവളുടെ മുഖത്ത് ഒരു ഉന്മേഷം നിറഞ്ഞു

നീ അങ്ങോട്ട് മാറി നിന്നെ .ഞാൻ ഈ പത്രമൊക്കെ കഴുകാം

വേണ്ട വേണ്ട ഞാൻ ചെയ്തോളാം.

ആഹാ ….ഓഫീസിലെ ജോലി കഴിഞ്ഞു ചേട്ടന് പാത്രം കഴുകളാണോ പണി ….ശോ …നാണക്കേട് അവിടേക്കു വന്ന താര കളിയാക്കി പറഞ്ഞു.

ടീ ….നിന്നെ ഏഴാം മാസം കെട്ടിയോന്റെ വീട്ടിൽ നിന്നും ഇവിടെ കൊണ്ടുവന്നപ്പോൾ അമ്മയ്ക്കു മുട്ടുവേദനയും കാലിൽ നീരുമായി നടക്കാൻ പോലും വയ്യാതിരിക്കുവായിരുന്നു . അന്ന് നിനക്ക് ഇഷ്ടമുള്ളതെല്ലാം വെച്ചുതന്നതും തുണി അലക്കി തന്നതുമെല്ലാം ഈ ഏട്ടൻ തന്നെയാ . അന്ന് നീ പറയുമായിരുന്നല്ലോ ഇതു പോലെ ഒരു ഏട്ടനെ കിട്ടാൻ പുണ്യം ചെയ്യണമെന്ന് .നിന്റെ ഏട്ടത്തി അങ്ങനെ പുണ്യം ചെയ്തതുകൊണ്ടാണ് നിന്റെ ഏട്ടനെ കിട്ടിയതെന്ന് ഓർത്തു സന്തോഷിക്കന്റെ കുശുമ്പി പാറു …..

ഒന്നും പറയാതെ മുരളിയോട് കെറുവിച്ചു മുഖം വീർപ്പിച്ചു അവൾ തിരിഞ്ഞു നടന്നു .

ടീ ….മോളെ നിനക്ക് ഞാൻ ഒന്നാന്തരം കപ്പ മേടിച്ചോണ്ടു വന്നിട്ടുണ്ട്.കാലുനീട്ടിയിരുന്നു ടി വി യും കണ്ട് അതൊന്നു വേഗം കൊതിയരിഞ്ഞു കൊണ്ടു വാ ….പിന്നെ കുറച്ചു ഉള്ളിയും എടുത്തോ

തുളസിചേച്ചിക്കും ഒരു പണിയാകട്ടെ.

എല്ലാം എടുത്ത് മുറത്തിലിട്ടു ഒന്നും പറയാതെ വേഗം ദേഷ്യത്തിൽ അപ്പുറത്തേക്ക് പോകുന്ന താരയെ നോക്കി മീര പറഞ്ഞു .

എന്തിനാ ചേട്ടാ അങ്ങനെ പറഞ്ഞത്?ഞാൻ എന്തെങ്കിലും പറഞ്ഞു തന്നിട്ടാണെന്നു അവര് വിചാരിക്കും

അവര് പറയട്ടെ.ഇത്രയും നാളും അമ്മയും പെങ്ങന്മാരും എല്ലാം പറയുന്നത് കേട്ടു .ഇനി കുറച്ചു നാള് എന്റെ പൊണ്ടാട്ടി പറയുന്നതും ഞാൻ കേൾക്കട്ടെ.

മുരളി അങ്ങനെ പറഞ്ഞു തീരും മുൻപേ അമ്മ അവിടെയെത്തി ?

എന്താടാ നീ താരയോട് പറഞ്ഞത് അവളാകെ വിഷമിച്ചിരിക്കുകയാണല്ലോ ?

എന്റെ കാലം വരെ അവരിവിടെ വരും പിന്നെ നിന്റെയൊക്കെ ഇഷ്ടം പോലെ ആയിക്കോ?

അവൻ ഓഫീസിൽ നിന്നും വന്നില്ല അതിനു മുൻപ് വിശേഷങ്ങളൊക്കെ പറഞ്ഞു കേൾപ്പിച്ചല്ലോ ?

നോട്ടം മീരയിലേക്കാക്കികൊണ്ട് അമ്മ പറഞ്ഞു.

അതിന് ഞാൻ എന്തു പറഞ്ഞു അമ്മേ ?

അവരിവിടെ വരുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ

പിന്നെ ഇവള് ഇങ്ങനെ ഒറ്റക്ക് കഷ്ടപെടുന്നതുകാണുമ്പോൾ വിഷമവുമുണ്ട്

അവർക്കും ഒന്നു സഹായിക്കാമല്ലോ ?

അമ്മ ഓർക്കുന്നില്ലേ പണ്ട് അച്ഛന്റെ പെങ്ങമ്മാരും സ്വന്തക്കാരുമൊക്കെ വരുമ്പോൾ അമ്മ രാവും പകലും ഒറ്റക്കു കഷ്ടപെട്ടാലും അന്ന് അച്ഛൻ പോലും അച്ഛമ്മയെ പേടിച്ചു അമ്മയെ ഒന്നു ആശ്വസിപ്പിക്കുകപോലുമില്ലായിരുനെന്നു അമ്മ പറയാറുള്ളത് .അമ്മയ്ക്കു അതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും സങ്കടവും ദേഷ്യവുമൊക്കെ വരാറുണ്ടന്ന് .

എനിക്ക് ആറോ ഏഴോ വയസ്സുള്ളപ്പോൾ അമ്മയ്ക്കു താര വയറ്റിയിലുള്ള സമയം .

ഒരിക്കൽ വയറു വേദന കാരണം അമ്മ കരഞ്ഞു കിടക്കുകയാണ് .അച്ഛമ്മയെ പേടിച്ചു അച്ഛൻ അങ്ങോട്ടേക്ക് ഒന്ന് എത്തിപോലും നോക്കിയില്ലന്ന് അമ്മ പറഞ്ഞിട്ടില്ലേ ?എന്നിട്ട് അച്ഛമ്മ അമ്മയെ കിടക്കാൻ പോലും സമ്മതിച്ചില്ല .അമ്മ അന്ന് കരഞ്ഞു കൊണ്ടാണ് അടുക്കള പുറത്തു അമ്മിയിൽ കറിക്കരച്ചു കൊണ്ടു നിന്നത് .വേദന സഹിക്കാതെ വന്നു വീട്ടിലേക്കു കേറാൻ തുടങ്ങിയപ്പോൾ അച്ഛമ്മ അടുക്കള വാതിൽ അടച്ചതും . ചായിപ്പിൽ ഇരുന്നു അമ്മ എന്നെയും കെട്ടിപിടിച്ചു കരഞ്ഞതുമെല്ലാം ഞാൻ ഓർക്കുന്നുണ്ട് .രാത്രി അമ്മയ്ക്കു തീരെ വയ്യാതായതും വയറ്റാട്ടി വന്നിട്ട് എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ പറഞ്ഞതും .

അവിടെ ചെന്നപ്പോൾ ഡോക്ടർ അച്ഛനെ വഴക്കിട്ടന്നൊക്കെ അമ്മ പറഞ്ഞത് ഓർക്കുന്നില്ലേ ?

അതൊക്കെ ഓർക്കുമ്പോൾ ഇപ്പോളും എന്റെ ഉള്ളിൽ ഒരു പിടച്ചിലുണ്ടമ്മേ . അമ്മ സഹിച്ച വേദന ഇപ്പോളും എന്റെ മനസ്സിലുള്ളതുകൊണ്ടാണ് ,

അമ്മക്കുണ്ടായപോലുള്ള അനുഭവം എന്റെ പെങ്ങൻമാർക്കോ എന്റെ ഭാര്യക്കോ ഒരു പെണ്ണിനും ഉണ്ടാകരുതേ എന്ന് ഞാൻ ആഗ്രഹിക്കുന്നത് . ഇടറിത്തുടങ്ങിയ വാക്കുകൾക്കു ചെറിയ വിശ്രമം നല്കി മുരളി തുടർന്നു.

അന്ന് അമ്മ എന്തുമാത്രം അമ്മമയിൽ നിന്നും നാത്തൂന്മാരിൽ നിന്നുമൊക്കെ അനുഭവിച്ചു . അന്ന് അമ്മ എപ്പോളും പറയും. അമ്മ ഒരിക്കലും അങ്ങനെ ഒരു അമ്മായിഅമ്മ ആവില്ലെന്ന് .വന്ന് കേറുന്ന മരുമകൾക്ക് അമ്മായിഅമ്മ ആയിരിക്കില്ല അമ്മ ആയിരിക്കുമെന്ന് .ഇന്ന് ഇപ്പോൾ അമ്മായിഅമ്മ ആയപ്പോൾ ചെറുതായി പോരുന്നു പരീഷിക്കാൻ തുടങ്ങുകയാണോ അമ്മേ ?

അമ്മയെ കെട്ടിപിടിച്ചു ചിരിച്ചു കൊണ്ട് മുരളി ചോദിച്ചു.

പോടാ അവിടുന്ന് …കടന്നു വന്ന വഴികളിലെ വേദനകളോർത്തു നനവ് പടർന്ന കണ്ണുകൾ സാരിത്തുമ്പുകൊണ്ട് തുടച്ചു കൊണ്ട് അമ്മ പറഞ്ഞു.

താൻ കടിച്ചമർത്തി അനുഭവിച്ച വേദനകളോർക്കുമ്പോൾ അതൊക്കെ ആരോടെങ്കിലും വീട്ടി തീർക്കാൻ ഒരു പക ഉള്ളിലില്ലേ ?

മരുമകളുടെ സന്തോഷം കാണുമ്പോൾ തനിക്കു നഷ്ടപെട്ടത് അവൾക്കു ലഭിക്കുന്നതിനുള്ള ചെറിയ ഒരു ബുദ്ധിമുട്ടല്ലേ താൻ പലപ്പോഴും പ്രകടിപ്പിക്കാൻ ശ്രമിക്കുന്നത് ?ഒരിക്കലും അങ്ങനെ ഒരു അമ്മായിഅമ്മ ആകരുതെന്നു വിചാരിച്ചതാണ് എന്നിട്ടും …?തനിക്കു നഷ്ടപ്പെട്ട സന്തോഷവും സമാധാനവുമൊക്കെ തന്റെ മകനും കുടുംബത്തിനും ഉണ്ടാകണം.അതല്ലേ മകനെ സ്നേഹിക്കുന്ന അമ്മയെന്ന നിലയിൽ താൻ ആഗ്രഹിക്കേണ്ടത് ?

സ്വയം ഒരു വിലയിരുത്തലിലൂടെ തിരിച്ചറിവുനേടിയ പോലെ അവർക്കു തോന്നി .

മീരേ നീ ഇനി പോയി കുളിക്ക് . ബാക്കി പണിയൊക്കെ അവരു ചെയ്തോളും

തുളസീ ….നീ അടുക്കളയിലോട്ടോന്നു ചെല്ല് .

അപ്പുറത്തെ മുറിയിലേക്കു നടക്കുന്നതിനിടയിൽ അമ്മ പറയുന്നതു കേട്ടു.

തന്റെ വാടിയ മുഖത്തേക്കു പാറി വീണ മുടിയിഴകളെ പതിയെ കാതിനു പിറകിലേക്ക് മാടി ഒതുക്കി മുരളിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് കുളിമുറിയിലേക്ക് നടക്കുമ്പോൾ തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന നല്ല ഒരു ഭർത്താവിനെ തന്നതിന് ദൈവത്തിനു നിറഞ്ഞ കണ്ണുകളോടെ അവൾ നന്ദി പറഞ്ഞു .

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിവിയ റോയ്