സ്വന്തം മോളേ വിശ്വാസമില്ലാത്ത ഇതെന്തൊരു അമ്മച്ചിയാണ്.. ഞാനൊന്നും പറയാൻ പോയില്ല…

രചന : അബ്രാമിന്റെ പെണ്ണ്

വീട്ടിലെ മീറ്റർ ബോർഡിൽ കുറെ തേനീച്ചകൾ കൂടൊരുക്കി.. കുറെ നാൾ കഴിഞ്ഞപ്പോൾ എന്റെ വല്യമ്മാവന്റെ ഇലക്ട്രിഷ്യൻ മോൻ ഞങ്ങളുടെ വീട്ടിൽ എന്തിനോ വന്നു..

വല്യേട്ടൻ ആ മീറ്ററിനുള്ളിലിരുന്ന തേനീച്ചക്കൂടു പൊളിച്ചു തേൻ പുറത്തെടുത്തു.. പുള്ളി എന്റെ അമ്മയുടെ കുടുംബത്തിലെ മൂത്ത പുത്രനും ഞാനാ കുടുംബത്തിലെ അവസാനത്തെ വാവയുമാണ്..

അതുകൊണ്ട് തന്നെ വല്യേട്ടൻ എപ്പോൾ വീട്ടിൽ വന്നാലും എന്റെ ചെവിയ്ക്കൊന്ന് പിടിയ്ക്കാതെ പോകാറില്ല.. ഏട്ടൻ മാത്രമല്ല ബാക്കിയുള്ള ഞാഞ്ഞൂലുകളും അതിൽ പിന്നോട്ടായിരുന്നില്ല…

തേനെടുത്തു കഴിഞ്ഞിട്ട് പോകാൻ നേരം ഏട്ടൻ എന്റെ അമ്മയോട്..

“അപ്പച്ചീ.. ചെറുതേനിനൊക്കെ ഭയങ്കര വിലയാ.. മാത്രോമല്ല നല്ല തേനൊന്നും കിട്ടാനും പാടാ..

ഇത് കുപ്പിയിലാക്കി നല്ലോണം അടച്ച് ഇവള് കാണാത്ത എവിടെങ്കിലും വെയ്ക്ക്…

ലവന്റെ മനസിലിരിപ്പ് നോക്കണേ….ഞാനെന്തുവാ തേൻ കാണാതെ കിടക്കുവാന്നോ..???

ഞാനുൾപ്പെടെ, മാക്രിമൊട്ട വിരിഞ്ഞ പോലെ പ്രായത്തിൽ വലിയ വ്യത്യാസമൊന്നുമില്ലാത്ത വേറെ മൂന്നെണ്ണം കൂടെ വീട്ടിലുണ്ട്..

അവരെയാരെയും കുറിച്ച് അവന് ഒരാധിയുമില്ല…

അവനായിട്ട് ഇനി എന്നെ കനപ്പിക്കാത്ത പാടേയുള്ളു.. ബാക്കിയുള്ളോരുടെയെല്ലാം വക ദിവസേന കിട്ടിക്കൊണ്ടിരിക്കുവാ…

ഞങ്ങള് നാലു മക്കളും തേനിരിക്കുന്ന പാത്രത്തിന്റെ വട്ടം നിക്കുവാ..അമ്മ എന്നെയൊന്നു നല്ലോണം നോക്കി..അന്നൊക്കെ കഞ്ഞി കോരികുടിക്കുന്ന സ്റ്റീലിന്റെ പ്ലാവിലയുള്ള സമയമാണ്..എല്ലാർക്കും അമ്മ ആ പ്ലാവില കൊണ്ട് ഇച്ചിരി തേൻ കോരി കയ്യിലൊഴിച്ചു തന്നു.. ബാക്കിയുള്ള തേനെടുത്ത് വലിയൊരു കറുത്ത കുപ്പിയിലാക്കി വായു കേറാതെ മുറുകെ അടച്ചും വെച്ചു.. ശേഷം ചെറിയൊരു കയറെടുത്ത് കുപ്പി നന്നായി കെട്ടി ഉത്തരത്തിൽ ഞങ്ങൾക്കാർക്കും എത്താത്ത പരുവത്തിന് കെട്ടിതൂക്കിയിട്ട്..

“ഞാനിത് കെട്ടി വെച്ചേക്കുന്നത് നിന്നെ പേടിച്ചാ..

ഇതീന്ന് ഒരു തുള്ളി കാണാതെ പോയാൽ….

ബാക്കിയുള്ള മക്കളേ നോക്കാതെ എന്നെ മാത്രം നോക്കിയൊരു പീച്ചണി….!!!

സ്വന്തം മോളേ വിശ്വാസമില്ലാത്ത ഇതെന്തൊരു അമ്മച്ചിയാണ്.. ഞാനൊന്നും പറയാൻ പോയില്ല…എല്ലാവരും അവരവരുടെ വഴിക്ക് പിരിഞ്ഞു പോയി…

ദിവസങ്ങൾ കഴിയും തോറും തൂങ്ങിക്കിടക്കുന്ന കുപ്പി എന്നെ നോക്കി കയ്യാട്ടി വിളിക്കാൻ തുടങ്ങി..

“വാ…വാന്ന്..നോക്കി നിക്കാതെ വാ കൊച്ചെ…..!!!

ഞാനൊന്ന് കുപ്പിയെ നോക്കും… കുപ്പിയുടെ പുറമെ അമ്മയുടെ മുഖം തെളിഞ്ഞു വരുമ്പോൾ ഞാൻ സ്വയം പറയും…

“മാണ്ട.. മാണ്ടാത്തോണ്ടാ…

അത് കേട്ട് എന്റെ പുറത്ത് താറു മാറ് വീഴാൻ റെഡിയായിരുന്ന ചൂല് ഇച്ഛാഭംഗത്തോടെ നെടുവീർപ്പിടും..

ദിവസങ്ങൾ കഴിയുന്തോറും തൂങ്ങിക്കിടക്കുന്ന കുപ്പി എന്നെ പ്രലോഭിയ്ക്കാൻ തുടങ്ങി.. അമ്മ പിന്നീട് ആ കുപ്പി ശ്രദ്ധിച്ചിട്ടേയില്ല.. അതുകൊണ്ട് തന്നെ ലേശം എടുത്താലും അമ്മ അറിയാനൊന്നും പോകുന്നില്ല…

പക്ഷേ എങ്ങനെ എടുക്കും…?? കസേരയിട്ടാൽ പോലും എത്താത്തത്ര ഉയരത്തിലാണ് കുപ്പി കെട്ടിയേക്കുന്നത്…

അതൊരു വലിയ വെല്ലുവിളിയായിരുന്നു….

എനിക്ക് നേരെ മൂത്തവൻ എന്റത്ര പാവമല്ലെങ്കിലും ഇച്ചിരി പാവമായിരുന്നു.. അവനാണ് മൂത്തതെങ്കിലും അവനെക്കാൾ ഉയരം എനിക്കായിരുന്നു..ശരീരമെന്നൊരു സാധനം കണ്ട് പിടിക്കാൻ പോലുമില്ലാത്തത്ര മെലിഞ്ഞിരിക്കുന്ന ഒരു ചെർക്കൻ…രണ്ട് കസേരയെടുത്തിട്ട് അതിന്റെ മോളിൽ കേറി നിന്നിട്ട് ലവനെ എന്റെ തോളിലിരുത്തിയാൽ തേനിന്റെ കുപ്പി തുറക്കാം..

ഇച്ചിരി അവനും കൂടെ കൊടുത്താൽ അമ്മയോട് പറഞ്ഞു കൊടുക്കത്തുമില്ല…

എന്റെ പ്ലാൻ അവനോട് പറഞ്ഞപ്പോൾ അമ്പിനും വില്ലിനും അടുക്കുന്നില്ല.. അടി കൊള്ളാൻ പേടിയാണ് പോലും…!!! ഇത്രേം അടി കിട്ടിയിട്ടും പയറുപയറ് പോലെ മുന്നിൽ നിൽക്കുന്ന എന്നെ മാതൃകയാക്കാൻ അവന് വയ്യെന്ന്..കയ്യും കാലും പിടിച്ച് ഒടുക്കം അവനെക്കൊണ്ട് സമ്മയ്പ്പിച്ചു..

അവനൊരു ഡിമാൻഡ് മാത്രേയുണ്ടാർന്നുള്ളു..

“എങ്ങാനും പിടിക്കപ്പെട്ടാൽ അടി ഞാൻ കൊണ്ടോണം… അവൻ പങ്ക് പറ്റത്തില്ല..

അടി നമ്മക്ക് പുത്തരിയല്ലാത്തത് കൊണ്ട് ഞാൻ സമ്മതിച്ചു.. ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവളാണീ കെ കെ ജോസഫ്…..!!!

ഞാൻ കസേരയിൽ കേറി നിന്ന്.. അവൻ ഭിത്തി കെട്ടിയിരിക്കുന്ന മൺകട്ടയിൽ ചവിട്ടി എന്റെ തോളിൽ വലിഞ്ഞു കേറി.. അഞ്ചാറു വട്ടം കസേരയും അവനും ഞാനുമടങ്ങുന്ന സംഘം താഴെ വീണ്.. എന്നിട്ടും അവനെ തോളിൽ വലിച്ചു കേറ്റിക്കൊണ്ട് കസേരയിൽ ഞാൻ കേറുക തന്നെ ചെയ്തു..

“നമ്മൾ ഒന്നിന് വേണ്ടി ആത്മാർത്ഥമായി ആഗ്രഹിച്ചാൽ അത് നമ്മെ തേടി വരികതന്നെ ചെയ്യുമെന്ന് പറയുന്നതെത്ര നേരാ..

കുപ്പിയുടെ അടപ്പ് തുറന്ന് ഒരു കിണ്ണത്തിലേയ്ക്ക് ലവൻ തേൻ ചരിച്ചൊഴിച്ചു… ശേഷം താഴെയിറങ്ങി… അപ്പൊ എനിക്കുണ്ടായൊരു സന്തോഷം… ഞങ്ങള് രണ്ട് പേരും കൂടെ ആ തേൻ തൊട്ട് നക്കി…

അതൊരു തുടക്കമാരുന്നു സൂർത്തുക്കളെ….

വീട്ടിൽ വേറെയാരുമില്ലാത്തപ്പോൾ കയ്യിലൊരു കിണ്ണവുമായി തോളിൽ ലവനെയുമെടുത്തുകൊണ്ട് ഞാൻ കസേരയിൽ കയറുന്നത് പതിവായി… മധുരം നിറഞ്ഞ കുറെയേറെ പകലുകൾ അങ്ങനെ കടന്നു പോയി..കുപ്പി കറുപ്പ് കളറായത് കൊണ്ട് തേൻ കുപ്പിയിൽ നിന്നും പുറത്ത് പോകുന്നത് അമ്മ അറിഞ്ഞില്ല….

അവനും ഞാനുമല്ലാതെ ആ ഹണി ട്രാപ്പ് വേറെയാരും അറിയാതെ തമ്പുരാൻ ഞങ്ങളെ കാത്തുകൊണ്ടിരുന്നു.,

തേനെടുത്തില്ലെങ്കിലും ചില ദിവസങ്ങളിൽ അവനെയും തോളിലെടുത്തുകൊണ്ട് വീടിനു വട്ടം നടക്കാൻ ഞാൻ നിർബന്ധിതയായി.. എടുത്തോണ്ട് നടന്നില്ലെങ്കിൽ അമ്മയോട് പറഞ്ഞ് കൊടുക്കുമെന്ന അവന്റെ പീച്ചണിയിൽ ഞാൻ തകർന്നു പോയി.. അടി കിട്ടുന്നതിലും എത്രയോ ഭേദം ആ ചുള്ളിപ്പക്കിയെ എടുത്തോണ്ട് നടക്കുന്നത് തന്നെയാണ് നല്ലതെന്ന് ഞാൻ മനസിനെ പറഞ്ഞു പഠിപ്പിച്ചു..

ആ ശനിയാഴ്ച അമ്മ ജോലി കഴിഞ്ഞു വീട്ടിൽ വരുമ്പോൾ കൂടെയൊരു കൂട്ടുകാരിയുമുണ്ടായിരുന്നു..

അച്ഛൻ കൊണ്ട് വന്ന കപ്പലണ്ടിക്കുരു തിന്നോണ്ടിരിക്കുവാണ് ഞങ്ങള് നാല് പേരും… അച്ഛൻ കസേരയിലിരുന്ന് മനോരമ വീക്കിലി നോക്കി ഞങ്ങളോരോരുത്തരുടെ വാരഫലം വായിച്ചു തരുവാ…

അപ്പോളാ ലവര് രണ്ടും കൂടെ കേറി വരുന്നത്…

അമ്മേടെ കൂട്ടുകാരി ഞങ്ങക്ക് റെസ്ക്ക് വാങ്ങിച്ചോണ്ട് തന്നു… ചേച്ചി ആ അമ്മച്ചിയ്ക്ക് കട്ടൻ ചായയിട്ടു കൊടുത്തു..സമയം വൈകിട്ട് ആറ് മണി കഴിഞ്ഞു..

“നിങ്ങള് ആ കുപ്പിയൊന്ന് തൊറന്ന് ഓമനയ്ക്ക് കൊറച്ചു തേനെടുത്തു കൊടുക്ക്…പെരുമഴ വരുവാ.. അവള് പോട്ടെ…

പ്രതീക്ഷിയ്ക്കാത്ത സമയത്ത് മുറ്റത്തേയ്ക്ക് വലിയൊരു മിന്നലോട് കൂടിയ ഇടി വന്നു വീണു..

ആ ഇടിയുടെ മുഴക്കം എന്റെ നെഞ്ചിലും വീണു… ഞാൻ ലവനെ നോക്കി..അമ്മ പറഞ്ഞത് കേട്ട് ലവനെന്നെ നോക്കുന്നു..

“ഇപ്പൊ കിട്ടൂടീ “… എന്നാണ് ആ നോട്ടത്തിന്റെ അർത്ഥം…

“ഞാനിതൊക്കെ എത്ര കണ്ടേക്കുന്നു “.. എന്ന അർത്ഥത്തിൽ നിസ്സാര ഭാവത്തിൽ ഞാനവനെയൊന്നു നോക്കി…ഉയിരെരിഞ്ഞു കത്തുവാണെന്ന് ആര് കണ്ടു…

ഞാൻ കപ്പലണ്ടിക്കുരു എല്ലാം കൂടെ വാരി വായിലിട്ട് വെള്ളമൊഴിച്ചു.. പിന്നെ തിന്നാൻ സമയമോ സന്ദർഭമോ കിട്ടില്ലെന്ന്‌ ഉറപ്പായിരുന്നു…

അച്ഛൻ ഉത്തരത്തിൽ കേറി കുപ്പിയുടെ അടപ്പ് തുറന്നു ഓമനമ്മച്ചിയുടെ കുപ്പിയിലേയ്ക്ക് പതിയെ ചരിച്ചു…

തേൻ വീഴുന്നില്ലെടെ..,!!!!

പെറ്റിക്കോട്ടിനു മുകളിൽ കൂടെ ഞാൻ ചന്തിയിൽ തടവി എല്ലാം അവിടെ തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തി.. വലിയൊരു യുദ്ധത്തിന് തയ്യാറായിരിക്കാൻ മനസ് കൊണ്ട് ആഹ്വാനം ചെയ്തു…ചന്തിക്ക് ചെറുതായൊന്നു തട്ടി സ്വയം ആശ്വസിപ്പിച്ചു…

അച്ഛൻ എല്ലാരേയുമൊന്നുകൂടെ നോക്കിയിട്ട് കുപ്പി ഇച്ചിരി കൂടെ ചരിച്ചു….

“ഇതെന്തോ പറ്റി.. തേൻ വരുന്നില്ലല്ലോ..

അച്ഛൻ സ്വയം പറഞ്ഞു..

“കൊറേ നാളായില്ലേ എടുത്ത് വെച്ചിട്ട്.. ചെലപ്പോ കട്ടിയായിക്കാണും..

അമ്മ പറഞ്ഞത് കേട്ട് ഞാനോടിപ്പോയി ഒരു കൊച്ചു കമ്പെടുത്തോണ്ട് വന്നു…..

“ഈ കമ്പ് വെച്ചു കുത്തി നോക്കച്ഛാ…

അമ്മ പറഞ്ഞപോലെ കട്ടിയായിട്ടെങ്ങാനുമിരിക്കുവാണെങ്കിൽ എളകി വന്നോട്ടെന്നെ ഞാനുദ്ദേശിച്ചൊള്ളു..

അച്ഛൻ കുപ്പി വീണ്ടും വീണ്ടും ചെറുതായ് ചരിച്ചിട്ട് എന്നെയൊന്നു നോക്കി..

എന്നിട്ട് അതഴിച്ചു കൊണ്ട് താഴെയിറങ്ങി..

“കുപ്പി ചോരുന്നതാണെന്ന് തോന്നുന്നു.. ഇതിനകത്ത് തേനൊന്നുമില്ല…

കുപ്പിയുടെ മൂട്ടിൽ പറ്റിക്കിടന്ന ഇച്ചിരീം തേൻ ഓമനമ്മച്ചിയുടെ കുപ്പിയിലേയ്ക്ക് ഒഴിച്ചിട്ട് എന്നെയൊന്നു പാളി നോക്കി അച്ഛൻ അമ്മയോട് പറഞ്ഞു…അമ്മ എന്നെയൊന്നു നോക്കി.. എന്നിട്ട് ലവനേം..

“ഞാനല്ലമ്മച്ചീ.. അവളാ…. അവള് പറഞ്ഞോണ്ടാ ഞാനവൾടെ തോളേ കേറി തേനെടുത്തു കൊടുത്തേ.. ഞാൻ കുടിച്ചില്ല.. മൊത്തം അവളാ കുടിച്ചേ ….

ഒരുമാതിരി ആശ്വാസം കൊണ്ട് നിന്ന ഞാൻ ലവന്റെ കുറ്റസമ്മതം കേട്ട് സ്തംഭിച്ചു പോയി.. അമ്മ അടുത്തേയ്ക്ക് വന്നത് മാത്രേ ഓർമ്മയുണ്ടാരുന്നുള്ളു…

“എനിക്കിങ്ങനെ അടികൊള്ളണ്ടേ.. എന്നെ തിരിച്ചു വയറ്റിൽ കേറ്റി വെക്ക്.. കേറ്റി വെക്കാൻ

അമ്മയോട് കരഞ്ഞു പറഞ്ഞിട്ട് പോലും എന്നെ തിരിച്ചു വയറ്റിൽ കേറ്റാതെ അമ്മയെന്നെ അടിച്ചു.

തേനെടുത്തു കുടിച്ചതിനല്ല.. അത് ചെയ്തിട്ടും ഒന്നുമറിയാത്തത് പോലെ കമ്പെടുത്ത് കുപ്പിയിലിടാൻ കൊടുത്തതിനാരുന്നു അന്ന് അടി കിട്ടിയത്..

പിറ്റേന്ന് രാവിലെ അച്ഛനെന്നോട് രഹസ്യമായി പറഞ്ഞു… എനിക്ക് അടി കിട്ടുമെന്ന് മനോരമയിലെ വാരഫലത്തിലുണ്ടാരുന്നെന്ന്..

അത് നേരത്തെ അറിഞ്ഞാരുന്നെങ്കിൽ ഞാനിതിന് നിക്കില്ലാരുന്നല്ലോ…

“ങ്ഹാ.. വരാനുള്ളത് വരും… അത് ദൈവഹിതമാ.. അനുഭവിച്ചേ ഒക്കു…

ന്താ.. അങ്ങനല്ലേ….???

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അബ്രാമിന്റെ പെണ്ണ്