ഒരു പെസഹാ വ്യാഴാഴ്ചയാണ് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മൂമ്മയെകുറിച്ചുള്ള കഥകൾ കേട്ടത്…

രചന : ബിന്ദു ജോസഫ്

ഒരു പെസഹാ വ്യാഴാഴ്ചയാണ് ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അമ്മൂമ്മയെകുറിച്ചുള്ള കഥകൾ കേട്ടത്.അമ്മൂമ്മയുടെ പേരായ മറിയം തന്നെ എനിക്കുള്ളതെന്നറിയാം.

വൈദ്യരുടെ വീട്ടിൽ അവരുടെ അമ്മാമ്മ കഥ പറഞ്ഞു കൊടുക്കോമ്പോഴൊക്കെ അവർക്കൊപ്പം അടുത്തിരുന്നു കേട്ടിട്ടുണ്ട്. പ്ലാവില കോട്ടി പാത്രങ്ങളും തവികളും ഉണ്ടാക്കും. പ്ലാവില ഞെട്ടിൽ ചാക്കു ചരട് കെട്ടി പോത്തിന്റെ രൂപങ്ങളും അമ്മാമ്മ അവർക്കുണ്ടാക്കി കൊടുക്കും. ഈർക്കിൽ കുത്തി പോത്തിന് കൊമ്പ് വരെ ഉണ്ട്.കളി കഴിഞ്ഞു തിരികെ പോരുമ്പോൾ എനിക്കെന്താ അമ്മാമ്മ ഇല്ലാത്തെ എന്ന ചോദ്യം ഉള്ളിൽ വല്ലാണ്ട് നീറ്റൽ ഉണ്ടാക്കും. വീട്ടിൽ അമ്മയിൽ നിന്ന് കിട്ടിയ ഉത്തരം

“ഈ ഞാൻ പോലും കണ്ടിട്ടില്ല പെണ്ണേ നിന്റെ അപ്പന്റെ അമ്മേനേം അപ്പനേം “.

അമ്മേം അവരെ കണ്ടിട്ടില്ല. അപ്പൻ കെട്ടുന്നതിനൊക്കെ ഒരുപാട് മുന്നേ അമ്മൂമ്മയും അപ്പൂപ്പനും മരിച്ചു.

അരി വെള്ളത്തിലിട്ടു വാരി വെച്ചിട്ട് അമ്മ ആശുപത്രിയിൽ പോയതാ.അപ്പത്തിന്റെ പാകത്തിൽ പൊടിച്ചു വെക്കണം. ഉഴുന്ന് വെള്ളത്തിൽ ഇട്ടിട്ടുണ്ട്.അന്നൊക്കെ മിക്സിയിൽ അരക്കുന്ന പരിപാടി ഇല്ല. ഉഴുന്നും തേങ്ങയും ജീരകവും ചേർത്തരച്ചു അരിപൊടി ചേർത്തു കുഴച്ചെടുക്കും പുളിയില്ലാത്ത പെസഹാ അപ്പമുണ്ടാക്കും.

പിന്നെ ഉള്ളിയും തേങ്ങയും വറുത്തു ചേർത്തു ചുട്ടെടുക്കുന്ന ഉള്ളി അപ്പവും ഉണ്ടാക്കും. എല്ലാത്തിനും കൂടിയുള്ള അരിയാണ് പൊടിക്കാനുള്ളത്.

കൂനമാവിലെ അമ്മൂമ്മ അതായതു അമ്മേടെ അമ്മ ആശുപത്രിയിൽ ആണ്.സംഗതി ഇച്ചിരി പ്രശ്നം ആണ്. എന്നാലും അരി വെള്ളത്തിലിട്ടു പൊടിപ്പിക്കാൻ പറഞ്ഞേൽപ്പിച്ചു അമ്മ ആശുപത്രിയിൽ പോയതാ.അരി പൊടിപ്പിക്കാൻ മില്ലിൽ പോയെങ്കിലും കറന്റ്‌ ഇല്ലാതെ ഉച്ച വരെ അവിടെ തന്നെ കുത്തിയിരുന്നു.അവിടെ വെച്ച് കോട്ടായി വല്യമ്മയെ കൂട്ട് കിട്ടിയത് കൊണ്ട് ഒട്ടും പേടി തോന്നിയില്ല.

വല്യമ്മ മടിയിലെ മുറുക്കാൻ പൊതി എടുത്തു പല വട്ടം മുറുക്കി ചുണ്ടൊക്കെ ചുവന്നു. എങ്കിലും കറന്റ്‌ വന്നില്ല.

മില്ലിന്റെ അപ്പുറത്ത് ഉള്ള കെട്ടിടത്തിൽ തുണിക്കട റേഷൻ കട പിന്നെ സുപ്രൻ ചേട്ടന്റെ പച്ചക്കറി കട.

അദ്ദേഹം അപ്പന്റെ ഉറ്റ ചങ്ങാതി. പണ്ട് പഠിച്ച പാഠ ഭാഗങ്ങളും കവിതകളും കടയിൽ ചെല്ലുമ്പോൾ ചൊല്ലുന്നത് കേട്ടിട്ടുണ്ട്. മറന്നു പോയ വരികൾ ഓർത്തെടുക്കാൻ അപ്പൻ എത്തുമ്പോഴേക്കും പുള്ളി തിടുക്കം കാണിക്കും.ഇവരുടെ ആവേശത്തിനിടെ ഞാൻ ഇച്ചിരി മാറി നിക്കും. ആരും കാണണ്ട ഇമ്മാതിരി കോലാഹലം.

ഉച്ചവെയിലും വിശപ്പും വല്ലാതെ തളർത്തി. മനസ്സില്ല മനസ്സോടെ ഞാൻ സുപ്രൻ ചേട്ടന്റെ കടയിൽ നിന്ന് രണ്ട് ‘ചൗ’ മിട്ടായി വാങ്ങി വന്നു. ശർക്കര ഉരുക്കി ചൂടോടെ ഉരുട്ടി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞെടുക്കുന്ന മിട്ടായി. കടിച്ചാ പറിച്ചി, പല്ലേലൊട്ടി എന്നൊക്കെ പലയിടത്തും പല പേരുണ്ട്.തീരെ വില കുറഞ്ഞവയാണ്.

പൈസ തികയാതെ വന്നാലോ? വീട്ടിൽ വഴക്കു പറഞ്ഞാലോ? ഒരുപാട് സംശയങ്ങൾ എന്റെയുള്ളിൽ. ഒന്ന് വല്യമ്മക്ക് കൊടുത്തു. മറ്റേതു കവർ പൊളിച്ചു വായിലിട്ടു നുണഞ്ഞു.

“നന്നായി മോളേ വായില് തുള്ളി വെള്ളമില്ലാണ്ട്… നിക്കാ.”

ചൗ മൊട്ടായി ആണോ വാങ്ങിയേ.വല്ല ചോക്ലേറ്റും വാങ്ങാനുള്ളതിന് എന്ന് പറഞ്ഞു മുഖം ചുളിഞ്ഞെങ്കിലും വല്യമ്മ അതും നുണഞ്ഞു എന്നെയും കൂട്ടി അടുത്ത കടയിലേക്ക് നടന്നു.നാരങ്ങാ വെള്ളം വാങ്ങിതന്നു .ഞങ്ങൾ ഒരുമിച്ച് നാരങ്ങാ വെള്ളം കുടിച്ചു തിരിച്ചു മില്ലിൽ എത്തി.കറന്റ്‌ വരും വരെ പിടിച്ചു നിക്കാനുള്ള എനർജി ആയി.മില്ലിന്റെ വരാന്തയിൽ കുത്തിയിരുന്ന് പഴങ്കഥകൾ പറഞ്ഞു തന്നു.ഞാൻ കണ്ടിട്ടില്ലാത്ത അമ്മൂമ്മയെകുറിച്ച് കേട്ടിട്ടില്ലാത്ത കുറെ പഴയ കഥകൾ വല്യമ്മ പറഞ്ഞു.

കറന്റ്‌ വന്നു അരി പൊടിച്ചു ഞങ്ങൾ ഒരുമിച്ച് വീട്ടിലേക്കു പോയി.പൊള്ളുന്ന വെയിലിൽ നടന്നു പോയപ്പോൾ വല്യമ്മ എന്നോട് പഴയ കാര്യങ്ങൾ ഒരുപാട് പറഞ്ഞതു കൊണ്ടാകാം ക്ഷീണമൊന്നും തോന്നാതെ വീടെത്തി.അപ്പൻ ഉച്ചക്കെത്തിയിട്ടും എന്നെ കാണാതെ ഒരുപാട് വിഷമിച്ചു. വൈകിട്ടത്തെ പെസഹ പാചകം അമ്മ വരും മുന്നേ അപ്പൻ ഞൊടിയിടയിൽ തീർത്തു പള്ളിയിൽ പോയി.

പിന്നീട് ട്യൂഷന് പോകുമ്പോൾ വഴിയിൽ മിക്കവാറും വല്യമ്മയെ കാണും.പറഞ്ഞ പഴങ്കഥകൾ ആണെങ്കിലും അത് വീണ്ടും പറയും.കേട്ടതായാലും മടുപ്പില്ലാതെ ഞാൻ കേട്ടുനിക്കും.അതൊരു പ്രത്യേക സുഖമുള്ള കഥകൾ തന്നെ.

പള്ളിയിൽ കുർബാന കഴിഞ്ഞു അമ്മ പതിവായി സിമിത്തേരിയിൽ പോയി പ്രാർത്ഥിക്കുന്നത് കാണുമ്പോൾ,

ചെറിയ കുട്ടിയായ ഞാൻ ഇവിടെ ആരുടെ കല്ലറയാ ഉള്ളത് എന്ന് സംശയത്തോടെ ചോദിക്കും.അന്നേരം കണ്ണുരുട്ടി എന്റെ നാക്കിനു കടിഞ്ഞാണിടും .നടയിറങ്ങുമ്പോൾ നമ്മൾ കണ്ടിട്ടില്ലെങ്കിലും അപ്പൂപ്പനും അമ്മൂമ്മയുമൊക്കെ കിടക്കുന്ന മണ്ണാണ് എന്ന് മറുപടി പറയും.

എല്ലാ പെസഹാ ദിനത്തിലും ഞാൻ കോട്ടായി വല്യമ്മയെ ഓർക്കും.വട്ടമുഖവും മുറുക്കി ചുവന്ന ചുണ്ടുകളും ഒക്കെയുള്ള സുന്ദരി വല്യമ്മ.പൊരി വെയിലത്ത്‌ നിന്ന് ചൗ മിട്ടായി നുണഞ്ഞതും,ചോക്ലേറ്റ് മേടിക്കാതെ പിശുക്കി ചൗ മിട്ടായി വാങ്ങിയതിനു വഴക്കു പറഞ്ഞു നാരങ്ങാവെള്ളം വാങ്ങി തന്നതും,മധുരമുള്ള ഒരുപാട് ഓർമ്മകൾ പങ്ക് വെച്ച് വീട്ടിലേക്കു നടന്നതും.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ബിന്ദു ജോസഫ്