ഒരു രണ്ടാംകെട്ടുകാരിയെ എന്റെ മകന് ആവശ്യമില്ല, അതുകൊണ്ട് നീ അവന്റെ ജീവിതത്തിൽ നിന്ന് മാറി പോകണം

രചന : ലൈന മാർട്ടിൻ

സാഗരം (ചെറുകഥ )

❤❤❤❤❤❤❤❤❤❤

കന്യാകുമാരിയിലെ ഈ കാറ്റിനേക്കാൾ വേഗത്തിൽ ആണ് താൻ ഓടുന്നതെന്നു നന്ദക്ക് തോന്നി…

ഒന്നിരുന്നു കരയാൻ ഒരിടം തേടി അവളുടെ കണ്ണുകൾ…!

“വിഷ്ണു പിറകെ ഉണ്ടാകും”..

അവനെ ഫേസ് ചെയ്യാൻ കഴിയാത്ത അത്രയും സങ്കടം തോന്നുന്നുണ്ട്..

ഒന്നും വേണ്ടിയിരുന്നില്ല ഈ സ്നേഹവും…

അവന്റെ ഒപ്പം ഉള്ള ഈ യാത്രയും ഒന്നും..

തിരമാലകൾ ആഞ്ഞടിക്കുന്ന പാറയിൽ വീഴുന്ന വെള്ളത്തുള്ളികൾ പോലെ അവളുടെ കണ്ണിൽ നിന്നും കണ്ണീർ പെയ്തിറങ്ങി.

“നന്ദാ ” അവിടെ നിൽക്ക്”.. വിഷ്ണു ഓടിയെത്തി നന്ദയുടെ കൈത്തണ്ടയിൽ പിടിച്ചു നിർത്തി..

വാടി തളർന്ന താമര മൊട്ടു പോലെ നിൽക്കുന്ന അവളുടെ കണ്ണുകളിലെ നിസ്സഹായാവസ്ഥ അവനെ വല്ലാതെ പൊള്ളിച്ചു..

അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു ആ മണൽ തരികളിലൂടെ അവൻ നടന്നു

“ആരെങ്കിലും പറഞ്ഞത് കേട്ട് നീ എന്തിനാ വിഷമിക്കുന്നത്? ആ കൈ നോട്ടക്കാരൻ പറഞ്ഞത് പോലെ നിന്നെ താലി കെട്ടിയാൽ ഞാൻ മരിച്ചു പോകും എന്ന് ആണോ നീ വിചാരിക്കുന്നെ? എന്താ നന്ദാ ഇത്? അത് അയാളുടെ ഉപജീവനം ആണ്..

ഇത്രയും വിദ്യാഭ്യാസവും ലോക പരിചയവും ഉള്ള നീ അത് വിശ്വസിക്കാമോ? കഷ്ടം തന്നെ പെണ്ണെ നിന്റെ കാര്യം!”

അവളെ ചേർത്ത് പിടിച്ചു കൊണ്ട് വിഷ്ണു കല്പടവുകൾ ഇറങ്ങി..

“വിഷ്ണുവിന് അത് തമാശ ആയി തോന്നിയേക്കാം,.പക്ഷെ അയാൾ അതിനു മുൻപ് എന്റെ മുഖം നോക്കി പറഞ്ഞത് ഒക്കെ സത്യം ആയിരുന്നില്ലേ?

എന്റെ ആദ്യ വിവാഹ ജീവിതം, അതിൽ ഞാൻ അനുഭവിച്ചത്, വിവാഹം വേർപെടുത്തിയത് ,

കുഞ്ഞുങ്ങൾ,

അങ്ങനെ അങ്ങനെ അയാൾ പറഞ്ഞതൊക്കെ സത്യം ആയിരുന്നില്ലേ”!

കണ്ണുകളിൽ നിറഞ്ഞ ഭീതിയോടെ നന്ദാ വിഷ്ണുവിൽ നിന്ന് അടർന്നു മാറാൻ ശ്രമിച്ചു…

അത് മനസിലാക്കി വിഷ്ണു അവളെ കൂടുതൽ തന്റെ ദേഹത്തോട് ചേർത്ത് നിർത്തി..

“അപ്പോൾ നിന്നെ വിവാഹം കഴിച്ചാൽ ഞാൻ മരിച്ചു പോകുമെന്ന് തന്നെ നീ ഭയപ്പെടുന്നു അല്ലേ?

ശരി നിന്റെ വിശ്വാസം അങ്ങനെ തന്നെ ആയ്ക്കോട്ടെ, ഈ കടലിനോടണല്ലോ എന്നും നിന്റെ നിത്യ പ്രണയം.. നീ ഈ തിരകളോട് നിന്റെ സങ്കടമെല്ലാം ഒന്ന് പറയ്.. ഞാൻ ഇപ്പോൾ വരാം”!

“എവിടേക്ക് പോകുന്നു?എന്ന് ചോദിക്കാൻ തോന്നിയെങ്കിലും മനസ് മറ്റെവിടെയോ കൈമോശം വന്നവളെ പോലെ അവൻ നടന്നു നീങ്ങിയ പടിക്കെട്ടുകൾ നോക്കി അവൾ ഇരുന്നു”

“ചുറ്റിലും കന്യാകുമാരി യുടെ സൗന്ദര്യം ആസ്വദിക്കാൻ വന്നവരുടെയും അവർക്കിടയിലൂടെ കച്ചവടം നടത്താൻ ഓടി നടക്കുന്ന നോർത്ത് ഇന്ത്യൻസ് ന്റെയും ബഹളം..

പക്ഷെ നന്ദയുടെ കണ്ണുകളിൽ അതൊന്നും കണ്ടില്ല അവളുടെ ചിന്തകൾ വിഷ്ണുവിൽ ആയിരുന്നു..

********************

ഒരിക്കലും പൊരുത്തപ്പെടാൻ കഴിയാത്ത ഒരു സംശയ രോഗിയായ ഭർത്താവിനെ ഉപേക്ഷിച്ചു മക്കളെയും കൂട്ടി സ്വന്തം വീട്ടിൽ എത്തിയിട്ടും അവിടെയും തിരസ്കരിക്കപ്പെട്ടവൾ ആയി ..

ആത്മഹത്യാ ആയിരുന്നു നല്ലതെന്ന് തോന്നും വിധമുള്ള കുറ്റപ്പെടുത്തലുകൾ കൂടിയപ്പോഴാണ് താൻ കുഞ്ഞുങ്ങളെയും കൂട്ടി വാടക വീട്ടിലേക്കു മാറിയത്..

സ്വന്തം നിലയിൽ ഒരു ജീവിതം തുടങ്ങാൻ സമൂഹത്തിൽ എത്തിപെടുന്ന എല്ലാ സ്ത്രീകളും അനുഭവിക്കുന്ന കയ്പ്പ്നീർ താനും അറിഞ്ഞു.

സഹായത്തിനു കൂട്ടുകാരി ആയ പ്രിയ അല്ലാതെ ആരുമില്ല.

എന്നിട്ടും ആ സങ്കട കടലിലും മക്കൾക്കൊപ്പം…

അവരുടെ സന്തോഷങ്ങൾക്കൊപ്പം….

എത്ര മനോഹരമായാണ് താൻ ജീവിച്ചത്!

അതിനിടയിൽ എപ്പോഴോ പ്രിയയുടെ സൗഹൃദ കൂട്ടായ്മയിൽ നിന്ന് പരിചയപെട്ടതായിരുന്നു വിഷ്ണുവിനെ!..

സൗഹൃദത്തിന്റെ അതിർ വരമ്പുകൾ പരമാവധി സൂക്ഷിക്കുന്ന തനിക്കു മുന്നിൽ അവൻ കാണിക്കുന്ന അടുപ്പം മാത്രം ഒരു ചോദ്യ ചിഹ്നം പോലെ ആയിരുന്നു..

കുഞ്ഞിന് പനി വന്ന ഒരു ദിവസം ഹർത്താൽ ആയത് കൊണ്ട് ഒരു വണ്ടി പോലും കിട്ടാതെ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന തന്റെ അടുത്തേക്ക് പ്രിയ പറഞ്ഞു വിട്ട ദൈവദൂതനെ പോലെ ആയിരുന്നു വിഷ്ണു തനിക്ക് …

കുഞ്ഞിനെ ഹോസ്പിറ്റലിൽ എത്തിച്ചു മൂന്ന് രാവും പകലും അവൻ കാവൽ ഇരുന്നു കണ്ണിമ ചിമ്മാതെ.. ഡിസ്ചാർജ് ആയി വീട്ടിൽ കൊണ്ടാക്കിയ വിഷ്ണുവിനോട് നന്ദി പറയാൻ വാക്കുകൾ ഇല്ലായിരുന്നു…

പക്ഷെ അവന് തന്നോട് പറയാൻ ഉണ്ടായിരുന്നു…

അന്ന് തന്റെ കൈകൾ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു..

“ഈ ജന്മം മുഴുവൻ നിനക്കും മക്കൾക്കും കാവൽ ആയി കൂടെ കൂടിക്കോട്ടെ ഞാൻ?

വിവാഹ മോചിത ആയ പെണ്ണിനോട് കുറച്ചു നിമിഷങ്ങളുടെ സന്തോഷം മാത്രം ആവശ്യപ്പെട്ടു വന്ന പുരുഷൻമാർക്ക് ഇടയിൽ താൻ ജീവിതത്തിൽ ആദ്യമായി വേറിട്ട മുഖം ഉള്ള ഒരു പുരുഷനെ കണ്ടു. തിരിച്ചു മറുപടി പറയും മുൻപ് അവൻ പുറത്തേക്ക് ഇറങ്ങി പോയി..

അതായിരുന്നു അവനിലേക്കുള്ള തുടക്കം..

“നീ സ്വപ്നം കാണുവാണോ നന്ദാ? “എന്ന വിഷ്ണുവിന്റെ ചോദ്യമാണ് നന്ദയെ ചിന്തകളിൽ നിന്ന് ഉണർത്തിയത്..

നന്ദയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് വിഷ്ണു കൈക്കുള്ളിൽ നിന്നൊരു പൊതിയെടുത്തു വിടർത്തി.. മഞ്ഞ ചരടിൽ കോർത്ത ഒരു താലി ആയിരുന്നു അതിനുള്ളിൽ!!!

വിഷ്ണു ആ താലി പതിയെ കടൽ വെള്ളത്തിൽ നനച്ചു..

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാൻ ഉള്ള മാനസികാവസ്ഥയിലേക്ക് നന്ദ തിരിച്ചു എത്തിയപ്പോഴേക്കും വിഷ്ണു ആ താലി നന്ദയുടെ കഴുത്തിലേക്കു ചേർത്തിരുന്നു..

“കന്യാകുമാരി ദേവിയെയും ഈ മൂന്ന് സാഗരങ്ങളെയും സാക്ഷി നിർത്തി നന്ദയെ വിഷ്ണു സ്വന്തമാക്കിയിരിക്കുന്നു ”

കണ്ണുകൾ നിറഞ്ഞു അസ്തപ്രജ്ജ്ഞ ആയി നിന്ന നന്ദയുടെ കാതുകളിൽ വിഷ്ണുവിന്റെ വാക്കുകൾ അലയടിച്ചു!!

തിരികെ ഉള്ള യാത്രയിൽ നന്ദയുടെ മൗനം ആയിരുന്നു വിഷ്ണുവിന് അസഹനീയം ആയി തോന്നിയത്. എങ്കിലും സംഭവിച്ചതിനോട് പൊരുത്തപ്പെടാൻ അവളുടെ മനസൊരുക്കം ആണ് ഈ മൗനം എന്നവൻ സമാധാനിച്ചു,

നന്ദയെ കുഞ്ഞുങ്ങൾക്കൊപ്പം വീട്ടിൽ ആക്കി അമ്മയുടെ അടുത്തേക്ക് പോകുമ്പോ അത് വരെ ഉണ്ടായിരുന്നതിൽ കൂടുതൽ ഒരു ധൈര്യം അവനിൽ ഉടലെടുത്തിരുന്നു.

നന്ദയുടെ കണ്ണുകളിലെ സാഗരം അവന്റെ മുന്നിൽ അലയടിച്ചു നിന്ന ശക്തിയിൽ സംഭവിച്ചതെല്ലാം അമ്മയോട് തുറന്ന് പറയാൻ അവനു മറ്റൊന്നും ചിന്തിക്കേണ്ടി വന്നില്ല..

പ്രതീക്ഷിച്ചത് പോലെ ഒരു പൊട്ടിത്തെറി തന്നെ ഉണ്ടായി..അച്ഛനും അമ്മയും സഹോദരന്മാരും ബന്ധുക്കൾ ഒക്കെ കൂടി ഒരു കുടുംബ യോഗം തന്നെ കൂടി അവന്റെ മനസ് മാറ്റാൻ ശ്രമിച്ചു..

പക്ഷെ നന്ദ എന്ന വാക്കിന് അപ്പുറം മറ്റൊന്നും ചിന്തിക്കേണ്ടതില്ലായിരുന്നു വിഷ്ണുവിന്..

സ്വന്തം തീരുമാനത്തിൽ അടിയുറച്ചു നിലപാട് എടുത്ത മകനെ കണ്ട വിഷ്ണുവിന്റെ അമ്മ നന്ദയെ കണ്ടു സംസാരിക്കാൻ തീരുമാനിച്ചു

മക്കളെ സ്കൂളിൽ വിട്ടു ജോലിക്ക് പോകാൻ വീട് പൂട്ടിയിറങ്ങിയപ്പോഴാണ് വണ്ടിയിൽ വന്നിറങ്ങിയ ആളെ നന്ദ കണ്ടത്..

പല പ്രാവശ്യം ഫോണിൽ വിഷ്ണു കാണിച്ചിട്ടുള്ള ആ മുഖം നന്ദക്ക് ഓർത്തെടുക്കേണ്ടി വന്നില്ല..

നന്ദയുടെ മുഖത്തേക്ക് കണ്ണ് നട്ട് കൊണ്ട് വിഷ്ണുവിന്റെ അമ്മയും ചെറിയമ്മയും വരാന്തയിൽ കിടന്ന കസേരകളിൽ ഇരുന്നു…

“പലരും പറഞ്ഞു നിന്നെ കുറിച്ച് അറിഞ്ഞിട്ടും ഞാൻ ഇതുവരെ എന്റെ മകനോടോ നിന്നോടോ അതേപറ്റി അന്വേഷിച്ചിട്ടില്ല.. അവന്റെ പ്രായത്തിൽ ഉള്ള ഒരു നേരംപോക്ക് ആയി മാത്രമേ ഞാൻ ഇത് കാണുന്നുള്ളൂ ”

“നിന്നോട് മറ്റൊന്നും എനിക്ക് പറയാൻ ഇല്ല,

എന്റെ മകനെ തിരിച്ചു വേണം, അവന്റെ ജീവിതത്തിൽ നിന്ന് നീ മാറിപോകണം എന്റെ കുടുംബത്തിന്റെ പാരമ്പര്യം കാക്കേണ്ടവൻ ആണ് അവൻ,

ഒരു രണ്ടാം കെട്ടുകാരിയെ ജീവിതത്തിൽ കൂട്ടേണ്ട ആവശ്യം ഇല്ല അവന്..

അവന്റെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകേണ്ടത് നിന്നെ പോലൊരു പെണ്ണല്ല..

ഒരിക്കലും നിന്നെയോ മറ്റൊരുവനിൽ നിനക്ക് ഉണ്ടായ കുഞ്ഞുങ്ങളെയോ അംഗീകരിക്കാൻ എന്റെ കുടുംബം തയ്യാറാകില്ല ”

നിനക്ക് ഞാൻ പറയുന്നത് മനസിലാകുന്നുണ്ടല്ലോ അല്ലേ?”

എല്ലാം കേട്ട് നിശബ്‍ദ ആയി നിൽക്കുന്ന നന്ദയെ അവർ നോക്കി..

“അവന്റെ വിവാഹം ഞങ്ങൾ ഉറപ്പിച്ചു, നീ ആയിട്ട് തന്നെ അവനിൽ നിന്നു ഇറങ്ങി പോകണം അല്ലാ എങ്കിൽ അവനു നീ മാത്രം ഉണ്ടാകുള്ളൂ അവന്റെ അമ്മ ഈ ഭൂമിയിൽ ഉണ്ടാകില്ല ”

എന്നുള്ള അവസാന താക്കിത് നൽകി അവർ തിരികെ പോയിട്ടും ഉരുകിയൊലിക്കുന്ന ശില പോലെ നിൽക്കാനേ നന്ദക്ക് കഴിഞ്ഞുള്ളു..

മക്കൾ വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോഴും ആ വരാന്തയിൽ അവൾ ഉണ്ടായിരുന്നു..

പക്ഷെ ശക്തമായ ഒരു തീരുമാനം എടുക്കാൻ അവളുടെ മനസ് പാകപ്പെട്ടിരുന്നു..

വിഷ്ണു അണിയിച്ച താലിയിൽ മുറുകെ പിടിച്ചു കൊണ്ട് നന്ദ ഫോണിൽ വിഷ്ണുവിനെ വിളിച്ചു കാണണം എന്ന് ആവശ്യപ്പെട്ടു..

തന്നെ കാണാൻ എത്തിയ വിഷ്ണുവിനെ നോക്കി ഒരുപാട് നാളിന് ശേഷം നന്ദ അന്ന് മനസു നിറഞ്ഞു ചിരിച്ചു..

അവന്റെ കൈകളിൽ തന്റെ കൈകൾ കോർത്തു ഏറെ നേരം അവളിരുന്നു..

“ഈ ഭൂമിയിൽ നിന്റെ അമ്മയെക്കാൾ നീ സ്നേഹിക്കുന്നത് എന്നെ ആണോ?”

നന്ദയുടെ പെട്ടെന്ന് ഉള്ള ചോദ്യത്തിൽ ഒന്ന് പകച്ചു അവൻ അവളെ നോക്കി..

“നിന്റെ ഉത്തരം അതെ എന്ന് ആണെങ്കിലും അല്ല എന്നാണ് എങ്കിലും നീ ഞാൻ പറയുന്നത് അനുസരിക്കും”

“നമ്മൾ തമ്മിൽ ഉള്ള ബന്ധത്തേക്കാൾ എത്രയോ ആഴമുണ്ട് നിന്റെ അമ്മക്ക് നിന്നിൽ.. എന്റെ കുഞ്ഞുങ്ങൾക്ക് എന്നിൽ…! പരസ്പരം ഒരിക്കലും യോജിക്കാൻ കഴിയാത്ത ഒരു അതിർ വരമ്പുണ്ട് നമുക്കിടയിൽ”..!

“മതിയാക്ക് നന്ദ.. ഇതിനു ആയിരുന്നോ നീ എന്നെ വിളിച്ചത്..?

ആര് എന്തൊക്കെ പറഞ്ഞാലും നീ അല്ലാതെ മറ്റൊരു പെണ്ണ് വിഷ്ണുവിന്റെ ജീവിതത്തിൽ ഉണ്ടാകില്ല..

നമുക്ക് ഇന്ന് ഈ നിമിഷം മുതൽ ഒന്നിച്ചു ജീവിക്കണോ അതിനും എനിക്ക് സമ്മതം ആണ്..

അതിനു നിന്റെ ഒരു വാക്ക് മാത്രം മതി എനിക്ക്..

നിന്നെ വിട്ടു മറ്റൊന്നും ചിന്തിക്കാൻ മാത്രം കഴിയില്ലടി എനിക്ക്! ”

അവന്റെ വാക്കുകളെ മുറിപ്പെടുത്തി കൊണ്ട് നന്ദ വിഷ്ണുവിന്റെ കൈ ചേർത്ത് പിടിച്ചു,

“ഞാൻ ഇനി ഈ ഭൂമിയിൽ ഉണ്ടാകണം എങ്കിൽ നിന്റെ വീട്ടുകാർ നിനക്ക് ഉറപ്പിച്ച വിവാഹത്തിന് നീ സമ്മതിക്കണം അല്ലെങ്കിൽ എന്റെ കുഞ്ഞുങ്ങൾ അനാഥരാകുന്നത് നീ കാണേണ്ടി വരും. ഇതെന്റെ ഉറച്ച തീരുമാനം ആണ്.. ”

കണ്ണ് നിറഞ്ഞു തന്നെ നോക്കി നിൽക്കുന്ന വിഷ്ണുവിന്റെ കൈകളിൽ നിന്ന് തന്റെ കൈ പിൻവലിച്ചു കൊണ്ട് നന്ദ തിരിച്ചു നടന്നു..

തിരിഞ്ഞൊന്നു നോക്കിയാൽ തന്റെ നിയന്ത്രണം നഷ്ടപ്പെട്ടു അവനിലേക്ക് തന്നെ ചേരുമെന്ന് അവൾ ഭയപ്പെട്ടു..

അവന്റെ തുടരേയുള്ള കാളുകളെ ഭയന്ന് ഫോൺ ഒഴിവാക്കി അവൻ തേടി വരുമെന്നുള്ള ചിന്തയാൽ മറ്റൊരിടത്തേക്ക് കുഞ്ഞുങ്ങളെയും കൊണ്ട് മാറി താമസിച്ചു

നാളുകൾക്ക് ശേഷം പ്രിയ പറഞ്ഞറിഞ്ഞു..

വിഷ്ണുവിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന്..

രണ്ട് ദിവസത്തിനുള്ളിൽ മറ്റൊരു വാർത്ത കൂടി അവൾ അറിയിച്ചു വിഷ്ണുവിന്റെ വിവാഹം കഴിഞ്ഞു എന്ന്..

തന്റെ നെഞ്ചിനുള്ളിൽ കത്തിയ തീയെ അവിടെ തന്നെ വെള്ളമൊഴിച്ചു കെടുത്തി.. വിഷ്ണുവിന്റെ ജീവിതം നന്നായിരിക്കാൻ പ്രാർത്ഥിച്ചു,

പിന്നെയുള്ള ദിവസങ്ങളിൽ ആ വേദനയുടെ ആഴം കുറഞ്ഞു നേർത്തു വരുന്നത് അവൾ അറിഞ്ഞു.. കുഞ്ഞുങ്ങൾക്കൊപ്പം ഉള്ള ആ ജീവിതത്തിൽ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കാൻ സമയം ഇല്ലാ എന്നുള്ളത് ആയിരുന്നു സത്യം..

ഒരു മാസത്തിനു ശേഷം പ്രിയ വന്നു..,

തന്നോട് എന്തോ പറയാൻ അവൾ കഷ്ടപ്പെടുന്നത് പോലെ തോന്നി..

“നന്ദാ ഞാൻ പറയുന്നത് നീ സമാധാനം ആയി കേൾക്കണം.. നമ്മുടെ വിഷ്ണു… അവൻ മരിച്ചു!

സൂയിസൈഡ് ആയിരുന്നു.. കാരണം എന്താണ് എന്ന് ആർക്കും അറിയില്ല”…

വീഴാൻ പോയ നന്ദയുടെ കൈകളിൽ മുറുക്കെ പിടിച്ചു കൊണ്ട് പ്രിയ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…

പക്ഷെ നന്ദയുടെ കാതുകളിൽ ഒരു തീവണ്ടി ഇരമ്പൽ പോലെ മുഴങ്ങി കേട്ടത് കന്യാകുമാരിയിലെ ആ കൈനോട്ടക്കാരന്റെ വാക്കുകൾ ആയിരുന്നു

“കുട്ടിയുടെ കഴുത്തിൽ ഇയാളുടെ താലി വീഴാൻ പാടില്ല അങ്ങനെ ഉണ്ടായാൽ 3 മാസത്തിനുള്ളിൽ ഇയാളുടെ മരണം നിശ്ചയം”!!!!

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ലൈന മാർട്ടിൻ