ആരും സഹായിക്കാനില്ല, അയൽവക്കത്തുള്ളവർ ദേഷ്യത്തോടെ മുഖം തിരിക്കാറാണ് പതിവ്

രചന : ശ്യാം കല്ലുകുഴിയിൽ

കാർത്തു

❤❤❤❤❤❤❤❤❤

അന്നും കാർത്തു ആ ചായ കടയുടെ വാതിലിന്റെ മറവിൽ അകത്തേക്ക് തലയും നീട്ടി നിന്നു.

ഉള്ളിൽ നിന്ന് കോയ അവളുടെ ചിരിക്കുന്ന മുഖം കണ്ടെങ്കിലും അത് കണ്ടില്ലെന്ന് നടിച്ച് ഓരോ ജോലികൾ ചെയ്ത് കൊണ്ടിരുന്നു. എന്നാലും ആ പത്ത് വയസ്സുകാരി നിന്നിടത്ത് നിന്ന് അനങ്ങാതെ ഏറെ പ്രതീക്ഷയോടെ ഹോട്ടലിന്റെ ഉള്ളിലേക്ക് തന്നെ നോക്കി നിന്നിരുന്നു. ഹോട്ടലിലേക്ക് വരുന്നവർ അവളുടെ മുഷിഞ്ഞ അങ്ങിങ്ങായി കീറിയ ആ നരച്ച ഉടുപ്പിലും പാവാടയിലും നോക്കി കടന്ന് പൊയ്ക്കൊണ്ടേയിരുന്നു…

” ഈ പരുപാടി സ്ഥിരം ആക്കരുത് കേട്ടോ….”

കുറെ നേരം കഴിഞ്ഞപ്പോൾ അതും പറഞ്ഞ് കോയ ഒരു ചെറിയ പൊതി അവൾക്ക് നേരെ നീട്ടി.

അവളതും വാങ്ങി അയാളുടെ മുഖത്ത് നോക്കി പല്ലുകൾ കാട്ടി ചിരിച്ച് കൊണ്ട് തിരിച്ചു നടന്നു…

” ഓ എവിടുന്ന്, എത്ര പറഞ്ഞാലും നാളെയും ഇവിടെ വന്ന് നിൽകും, ഇവറ്റകൾക്കൊന്നും ഒരു നാണവും ഇല്ലല്ലോ…”

ആരോടെന്നില്ലാതെ അതും പറഞ്ഞ് കോയ വീണ്ടും ഹോട്ടലിന്റെ ഉള്ളിലേക്ക് കയറിപ്പോയി…

കാർത്തു ആ പൊതിയുമായി വേഗം വീട്ടിലേക്ക് നടന്നു, ഇടയ്ക്ക് ഇടയ്ക്ക് അവൾ ആ പൊതി മൂക്കിനോട് അടുപ്പിച്ച് മണപ്പിക്കുമ്പോൾ അവളുടെ ഉള്ളിലെ വിശപ്പ് കൂടി വന്നു, വിശന്ന് വലഞ്ഞ് അവളുടെ കാലുകൾ കുഴയുന്നുണ്ടായിരുന്നെങ്കിലും വേഗം വേഗം അവൾ കാലുകൾ മുന്നോട്ട് വച്ച് നടന്നു…

കവല കഴിഞ്ഞ് വല്യ തിരക്ക് ഇല്ലാത്ത കലുങ്ക് എത്തിയപ്പോൾ അവൾ കണ്ടു അയാളെ, അമ്മയെ എപ്പോ കണ്ടാലും തടഞ്ഞു നിർത്തുന്നയാൾ, അമ്മയോട് ചേർന്ന് നിന്ന് ചെവിയിൽ എന്തൊക്കെയോ മെല്ലെ പറയുന്നയാൾ, ഇടയ്ക്ക് അമ്മയുടെ കയ്യിൽ പിടിക്കുമ്പോൾ അയാളുടെ കൈ അമ്മ തട്ടി മാറ്ററുണ്ട്, അയാൾ പോയി കഴിഞ്ഞ് സാരി തുമ്പ് കൊണ്ട് അമ്മ കണ്ണുനീർ തുടയ്ക്കുന്നതും കാണാറുണ്ട്, അവൾക്ക് പേടി ആയിരുന്നു അയാളെ….

അയാളുടെ അടുത്തേക്ക് എത്തുമ്പോഴേക്കും ആ വഴിയിൽ കൂടി ആരെങ്കിലും കടന്ന് വരുന്നുണ്ടോ എന്നവൾ ചുറ്റും നോക്കിയിരുന്നു, ആരെയും കാണാതെ ആയപ്പോൾ അവളുടെ ഉള്ളിൽ ഭയം കൂടി കൂടി വന്നു. തന്റെ കയ്യിൽ ഇരിക്കുന്ന പൊതി പിന്നിലേക്ക് പിടിച്ചിവൾ ഭയന്ന് ഭയന്ന് മുന്നിലേക്ക് നടന്നു…

” നിന്റെ തള്ള എന്തിയേടി.. രണ്ട് മൂന്ന് ദിവസം ആയല്ലോ കണ്ടിട്ട്…”

കാർത്തൂന്റെ മുന്നിലേക്ക് കയറി നിന്ന് അവളെ ചൂഴ്ന്നു നോക്കി അയാൾ ചോദിക്കുമ്പോൾ കാർത്തു ഒന്ന് ഞെട്ടിയിരുന്നു, പേടിച്ചകവളുടെ കണ്ണുകളിൽ കണ്ണുനീർ പുറത്തേക്ക് ഒഴുകാൻ തുടങ്ങിയിരുന്നു…

” നിന്ന് മോങ്ങാതെ കാര്യം പറയടി, എവിടെ അവൾ ചത്തോ, അതോ ഏവന്റെ കൂടെയെങ്കിലും പോയോ….”

അവളുടെ മുഖത്തെക്ക് അയാൾ മുഖം അടുപ്പിച്ച് പറയുമ്പോൾ മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മുഖത്തേക്ക് അടിച്ച് അവൾക്ക് ഓർക്കാനം വന്നു…

” എന്താടി കയ്യിൽ…”

തന്റെ മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന കാർത്തൂന്റെ തോളിൽ കൂടി തഴുകി അവൾ പുറകിലേക് പിടിച്ചിരുന്ന ഭക്ഷണ പൊതിയിൽ അയാൾ കയറി പിടിച്ചു. അയാൾ അതിൽ കയറി പിടിച്ചതും ജാനകി അയാളുടെ കയ്യിൽ നിന്ന് അത് തിരികെ വാങ്ങാൻ ശ്രമിച്ചു…

” അത്രയ്ക്ക് അഹങ്കാരം അയോടി നിനക്ക്…”

അതും പറഞ്ഞയാൾ അവളുടെ കയ്യിൽ ഇരുന്ന പൊതി നിലത്തേക്ക് വലിച്ചെറിഞ്ഞു. റോഡിലേക്ക് വീണ പൊതിപൊട്ടി രണ്ട് ദോശ പുറത്തേക്ക് തെറിച്ചു..

” ഡാ… കുഞ്ഞുങ്ങളൊടും തുടങ്ങിയോ നിന്റെ അതിക്രമം…”

ആരുടെയോ ശബ്ദം മുഴങ്ങിയപ്പോഴാണ് കാർത്തു തല ഉയർത്തി നോക്കിയത്. ഒരു പ്രായം ചെന്ന മനുഷ്യൻ അൽപ്പം ദൂരെ നിൽപ്പുണ്ട്,

അയാൾക്ക് പിറകിലായി രണ്ട് മൂന്ന് പേരുകൂടി വന്നപ്പോൾ അവളുടെ മുന്നിൽ നിന്ന ആ കറുത്ത് തടിച്ച മനുഷ്യ രൂപം അവളെ ഒന്ന് കൂടി നോക്കി ആടിയാടി നടന്നുപോയി…

” വേഗം വീട്ടിൽ പോകാൻ നോക്ക് കൊച്ചേ…”

അവിടേക്ക് നടന്ന് വന്ന ആ മൂന്ന് നാലുപേരിൽ ഒരാൾ അവളോട് അതും പറഞ്ഞു പോകുമ്പോൾ കാർത്തൂന്റെ നോട്ടം റോഡിൽ കിടന്ന ഭക്ഷണ പൊതിയിൽ ആയിരുന്നു…

കാർത്തു വേഗം ചെന്ന് നിലത്ത് കിടന്ന ദോശയെടുത്ത് തിരിച്ചും മറിച്ചും നോക്കി അതിൽ പറ്റിയിരുന്ന മണ്ണ് പുറം കൈ കൊണ്ട് തട്ടി കളഞ്ഞ് വീണ്ടും അവൾ അത് പൊതിഞ്ഞെടുത്തു…

തന്റെ കുഞ്ഞ് വീട്ടിൽ എത്തുമ്പോഴേക്കും കാർത്തു ആകെ തളർന്നിരുന്നു, ഉള്ളിൽ നിന്ന് അമ്മയുടെ ഉച്ചത്തിൽ ഉള്ള ചുമയും, കഫം കെട്ടി ശക്തമായി ശ്വാസം വലിക്കുന്ന ശബ്ദവും അവൾ കേൾക്കുന്നുണ്ടായിരുന്നു. ഭക്ഷണ പൊതിയുമായി അവൾ അടുക്കളയിലേക്ക് ചെന്ന് ഒരു പാത്രത്തിലേക്ക് ദോശയും എടുത്തിട്ട്, ഒരു ഗ്ലാസ്സിൽ വെള്ളവും ആയി കാർത്തു വേഗം അമ്മയുടെ അരികിലേക്ക് നടന്നു…

അവൾ പാത്രവും ഗ്ലാസും നിലത്തേക്ക് വച്ച് അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ച് കട്ടിലിൽ ചാരി ഇരുത്തി

” അമ്മ ഇത് കഴിക്ക്….”

കാർത്തു അമ്മയുടെ അരികിൽ ഇരുന്ന്, രണ്ട് വിരൽ കൊണ്ട് ദോശ അൽപ്പം നുള്ളിയെടുത്ത് അമ്മയുടെ വായിലേക്ക് വച്ച് കൊടുത്തു. അവർ അത് മെല്ലെ ചവച്ച് ഇറക്കുന്നത് കണ്ടപ്പോൾ വീണ്ടും കാർത്തൂന്റെ വയറിൽ വിശപ്പിന്റെ വിളി കൂടി കൂടി വന്നു..

കാർത്തു രണ്ടാമത് വീണ്ടും ദോശ അമ്മയുടെ വായിൽ വച്ച് കൊടുത്തതും അവർ ചുമച്ചു തുടങ്ങി,

ചുമയുടെ അവസാനം ഓർക്കാനം വരുകയും അവർ കൈകൊണ്ട് വായ് പൊത്തിപ്പിടിക്കുകയും ചെയ്‌തെങ്കിലും ചർദ്ദിൽ അവരുടെ വായിൽ നിന്ന് പുറത്തേക്ക് തെറിച്ചിരുന്നു, അത് അരികിൽ ഇരുന്ന കാർത്തുവിന്റെ കയ്യിലെ പാത്രത്തിലേക്കും തെറിച്ചു വീണു…

കയ്യിൽ ഇരുന്ന പാത്രം താഴേക്ക് വച്ച് കട്ടിലിന്റെ അടിയിൽ ഇരുന്ന പഴയ ഒരു ബെയിസൻ കാർത്തു അമ്മയുടെ മുന്നിലേക്ക് അടുപ്പിച്ചു പിടിച്ചു. അവർ ഒന്ന് രണ്ട് വട്ടം കൂടി ഓർക്കാനിച്ചു ആ ബെയിസനിലേക്ക് തുപ്പി വീണ്ടും കട്ടിലിൽ ചാരി ഇരുന്നു….

കാർത്തു കൊണ്ട് വന്ന വെള്ളം അമ്മയ്ക്ക് കൊടുത്തു, അവരത് വായിൽ കൊണ്ട് ഒന്ന് രണ്ട് തവണ കുലിക്കി വീണ്ടും ബെയിസനിലേക്ക് തുപ്പി, ബെയിസൻ കട്ടിലിന്റെ അടിയിലേക്ക് വച്ച് നനഞ്ഞ തോർത്ത് കൊണ്ട് അമ്മയുടെ മുഖവും കയ്യും തുടച്ചുകൊടുത്തു…

” അമ്മയ്ക്ക് തീരെ വയ്യ മോളെ…”

വീണ്ടും ഉയർന്ന് വന്ന ചുമ അടക്കി പിടിച്ചുകൊണ്ട് അത് പറഞ്ഞവർ വീണ്ടും കിടക്കുമ്പോൾ കാർത്തു ഛർദിൽ പാത്രവും ആയി പുറത്തേക്ക് ഇറങ്ങി അത് കഴുകി വീണ്ടും അത് കട്ടിലിന്റെ അടിയിൽ കൊണ്ട് വച്ച്, അമ്മ കഴിച്ച ദോശ പാത്രവും ആയി അടുക്കളയിലേക്ക് പോയി…

ദോശ പാത്രം കാണുമ്പോൾ കാർത്തൂന്റെ വയറ്റിൽ വിശപ്പിന്റെ വിളി ഉണർന്നു. അവൾ അതിൽ നിന്ന് അമ്മയുടെ ചർദ്ദിൽ വീഴാത്ത ദോശ നുള്ളിയെടുത്ത് വായിൽ വച്ചു. ദോശയുടെ രുചികൂടി വയറിൽ എത്തിയപ്പോൾ വിശപ്പ് ഒന്നുകൂടി കൂടിയതെ ഉള്ളു. അടുക്കളയ്ക്ക് പുറത്ത് തന്നെ നോക്കി നിൽക്കുന്ന പൂച്ചയ്ക്ക് മുന്നിലേക്ക് ചർദ്ദിൽ പറ്റിയ ദോശ ഇട്ടു കൊടുത്ത് കൊണ്ട് കാർത്തു വയർ നിറയെ വെള്ളം കോരി കുടിച്ചു….

അമ്മയെ എങ്ങനെയെങ്കിലും ആശുപത്രിയിൽ കൊണ്ട് പോകണം എന്ന ചിന്ത ആയിരുന്നു കാർത്തൂന്

ആരും തങ്ങളെ സഹായിക്കാനില്ല, അയൽവക്കത്തുള്ളവരോക്കെ ദേഷ്യത്തോടെ മുഖം തിരിക്കാറാണ് പതിവ്, ഇനി ആരോട് ചോദിക്കും എങ്ങനെ ആശുപത്രിയിൽ കൊണ്ട് പോകും എന്നറിയാതെ കാർത്തു നിൽക്കുമ്പോഴും അമ്മയുടെ അടക്കിപിടിച്ചുള്ള ചുമയും ശ്വാസമുട്ടലും കാർത്തൂനെ വേദനിപ്പിച്ചു കൊണ്ടിരുന്നു…

ആരുടെ മുന്നിൽ കൈ നീട്ടിയെങ്കിലും പൈസ ഒപ്പിക്കണം എന്ന ചിന്തയോടെയാണ് കാർത്തൂ വീട്ടിൽ നിന്ന് ഇറങ്ങിയത്. എങ്ങോട്ടെന്നോ, ആരോട് ചോദിക്കണമെന്നോ എന്നറിയാതെ കാർത്തു മുന്നോട്ട് നടക്കുമ്പോഴാണ് കലുങ്കിന്റെ അടിയിൽ നിന്ന് ആരുടെയോ നേർത്ത് ഞരങ്ങലും മൂളലും കാർത്തു കേൾക്കുന്നത്…

കാർത്തു ഒന്ന് ചുറ്റും നോക്കി ചുറ്റും എങ്ങും ആരുമില്ല, അവൾ മെല്ലെ ശബ്ദം കേട്ട സ്ഥലത്തേക്ക് നടന്നു. കലുങ്കിന്റെ അടിയിലെ തോട്ടിൽ ആരോ ചെളിയിൽ മുങ്ങി കമഴ്ന്ന് കിടപ്പുണ്ട്, അവൾ മടിച്ച് ആണെങ്കിലും കിടക്കുന്ന ആളിന്റെ അടുത്തേക്ക് ചെന്നു, കിടക്കുന്ന ആളിന്റെ തല പൊട്ടി ചോര ഒഴുകുന്നുണ്ട്, മുണ്ടും ഷർട്ടും നിറയെ ചളിയും രക്തവും പറ്റി പിടിച്ചിരിക്കുന്നു…

കാർത്തു ഒന്നൂടെ ചുറ്റും നോക്കി ഇല്ല ആരും വരുന്നില്ലെന്ന് കണ്ടപ്പോൾ കാർത്തു കമഴ്ന്ന് കിടക്കുന്ന ആളിന്റെ തോളിൽ പിടിച്ച് വലിച്ച് മലർത്തി കിടത്തി, മലർത്തി കിടക്കുമ്പോഴാണ് ആ മുഖം കാർത്തു കണ്ടത്, അമ്മയെ ശല്യം ചെയ്യുന്ന ആ ആൾ തന്നെയാണ് അത്, അവൾ എന്ത് ചെയ്യണം എന്നറിയാതെ മടിച്ചു നിൽക്കുമ്പോൾ അയാളിൽ വീണ്ടും മുക്കലും മൂളലും ഉണ്ടായിതുടങ്ങി…

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് അയാളിൽ നിന്ന് അൽപ്പം മാറി ചെളിയിൽ കിടക്കുന്ന പേഴ്‌സ് കണ്ടത് അതിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന നോട്ടിൽ ആയിരുന്നു കാർത്തൂന്റെ കണ്ണുകൾ…

ഒരു നിമിഷം അവളുടെ കണ്ണിൽ പനിച്ചു പൊരിഞ്ഞു കിടക്കുന്ന അമ്മയുടെ മുഖമാണ് ഓർമ്മ വന്നത്,

അമ്മയെ ആശുപത്രിയിൽ കൊണ്ട് പോകണം സഹായിക്കാൻ ആണെങ്കിൽ ആരും ഇല്ല, അവളുടെ കണ്ണുകൾ വീണ്ടും ആ പേഴ്‌സിൽ ഉടക്കി…

കാർത്തു ഒന്നൂടെ ചുറ്റും നോക്കി, ആരും തന്നെയില്ല, അവൾ മെല്ലെ പേഴ്‌സിന്റെ അരികിലേക്ക് നടന്നു, വിറയ്ക്കുന്ന കയ്യോടെ പേഴ്‌സ് എടുക്കുമ്പോഴും കാർത്തു ചുറ്റും നോക്കി, അതിൽ നിന്ന് അഞ്ഞൂറിന്റെ നോട്ട് എടുത്ത് മടക്കി ഇടുപ്പിൽ തിരുകി വച്ച് ആ പേഴ്‌സ് വീണ്ടും അയാളുടെ അരികിലേക്ക് തന്നെ വച്ചു. കാർത്തു ഒന്നൂടെ ചുറ്റും നോക്കി മുന്നോട്ട് നടക്കുമ്പോൾ വീണ്ടും അയാളിൽ നിന്ന് ഞരങ്ങൽ കേട്ടു…

കാർത്തു തിരികെ വന്ന് അയാളുടെ മുണ്ടിൽ നിന്ന് തന്നെ ഒരു കക്ഷണം കീറി അയാളുടെ തലയിലെ മുറിവിൽ കെട്ടി വച്ചാണ് വീണ്ടും റോഡിലേക്ക് കയറിയത്. റോഡിലൂടെ നടന്ന് വന്ന ഒന്ന് രണ്ട് പേരോട് കാർത്തു കാര്യങ്ങൾ പറയുമ്പോൾ അവർ ഓടി കലുങ്കിന്റെ അടിയിലേക്ക് പോകുന്നതും കണ്ടിട്ടാണ് കാർത്തു അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഓട്ടോ വിളിക്കാൻ പോയത്‌…

” ആദ്യം പൈസ താ അല്ലേ നീയൊക്കെ അവസാനം കൈ മലർത്തും…”

ഓട്ടോക്കാരൻ പറഞ്ഞപ്പോൾ കാർത്തൂന്റെ കൈകൾ ഇടുപ്പിൽ ഉടക്കി….

” പൈസ വീട്ടിൽ ഉണ്ട് അവിടെ ചെല്ലുമ്പോൾ തരാം…”

കാർത്തു അത് പറഞ്ഞ് ഓട്ടോയിൽ കയറി ഇരിക്കുമ്പോൾ ദേഷ്യത്തോടെ ആണെങ്കിലും ഓട്ടോക്കാരൻ വണ്ടി സ്റ്റാർട്ട് ആക്കി വീട്ടിലേക്ക് തിരിച്ചു…

വീട്ടിൽ ചെന്ന് അമ്മയെ താങ്ങി പിടിച്ച് ഓട്ടോയിൽ കയറ്റും മുന്നേ കാർത്തു പൈസ ഓട്ടോക്കാരനെ ഏൽപ്പിച്ചു, അത് വാങ്ങി തിരിച്ചും മറിച്ചും നോക്കി ഇടയ്ക്ക് അയാൾ കാർത്തൂനേയും നോക്കുമ്പോൾ അവൾ ഒന്ന് പേടിച്ചിരുന്നു…

” ഇതാ ബാക്കി പൈസ കൂടി പിടിക്ക്….”

അവരെ ആശുപത്രിയിലാക്കി തിരികെ പോകും മുന്നേ ഓട്ടോക്കാരൻ ബാക്കി പൈസ കാർത്തൂനെ ഏൽപ്പിച്ചു, അവളത് കൈവെള്ളയിൽ ചുരുട്ടി പിടിച്ച് നടക്കുമ്പോൾ കണ്ടു സ്ട്രച്ചറിൽ തലയിലും, കയ്യിലും കാലിലുമൊക്കെ വല്യ കെട്ടുകളുമായി കിടക്കുന്ന ആ മനുഷ്യനെ…

ആശുപത്രിയിൽ നിന്ന് മരുന്നും വാങ്ങി തിരികെ വീട്ടിലേക്ക് പോകുമ്പോഴും കാർത്തൂന്റെ മനസ്സിൽ ആ പൈസ എടുത്തതിന്റെ കുറ്റബോധം അലയടിക്കുന്നുണ്ടായിരുന്നു…

പിന്നെയുള്ള ദിവസങ്ങളിലോക്കെ കലുങ്കിൽ എത്തുമ്പോൾ കാർത്തു അയാളെ തിരഞ്ഞിരുന്നു എങ്കിലും അയാളെ പിന്നെ കണ്ടിരുന്നില്ല. അമ്മയുടെ അസുഖമൊക്കെ മാറി ജോലിക്ക് പോയി തുടങ്ങിയിരുന്നു,

ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ കൂടെ കാർത്തുവും ഉണ്ടായിരുന്നു….

” അമ്മേ എനിക്ക് അഞ്ഞൂറ് രൂപ വേണം….”

കാർത്തു അത് പറയുമ്പോൾ അവളുടെ അമ്മ സംശയത്തോടെ അവളെ നോക്കി….

” അന്ന് അമ്മയ്ക്ക് മരുന്നിന് വാങ്ങിയ പൈസ തിരികെ കൊടുക്കാനാണ്…”

അവളത് പറയുമ്പോൾ ജോലിക്ക് പോയി കിട്ടിയ അഞ്ഞൂറിന്റെ നോട്ട് അവർ കാർത്തൂന് നേരെ നീട്ടി… അവൾ ഒന്നും മിണ്ടാതേ അതും വാങ്ങി കലുങ്കിന് ചേർന്നുള്ള വഴിയേ ഓടുമ്പോൾ മോളേയും നോക്കി അവർ അവിടെത്തന്നെ നിന്നു…

ആ വഴി ചെന്ന് നിൽക്കുന്നത് ഒരു ചെറിയ വീടിന്റെ മുന്നിലാണ്, ഉമ്മറത്ത് തന്നെ തലയിൽ കെട്ടുമായി ഇരിക്കുന്ന മനുഷ്യനെ അവൾ കണ്ടു. അവളെ കണ്ടപ്പോൾ അയാൾ ഒന്ന് ചിരിക്കാൻ ശ്രമിക്കുന്നത് പോലെ അവൾക്ക് തോന്നി…

കാർത്തു അയാൾക്ക് മുന്നിൽ ചെന്ന് മടക്കി പിടിച്ച നോട്ട് അയാൾക്ക് നേരെ നീട്ടി, ഒന്നും മിണ്ടാതെ അയാൾ അത് വാങ്ങി. വേണ്ടെന്ന് പറഞ്ഞാലും അവൾ അത് തിരികെ കൊണ്ടു പോകില്ല എന്ന് അയാൾക്ക് അറിയായിരുന്നു…

അയാൾ ഓരോന്ന് ചിന്തിക്കുമ്പോഴേക്കും കാർത്തു ഓടി റോഡിൽ എത്തിയിരുന്നു, അവൾ മുന്നോട്ട് നടക്കുമ്പോഴും തിരിഞ്ഞ് അയാളെ നോക്കുന്നുണ്ടായിരുന്നു, അബോധമനസ്സിൽ തന്റെ അരികിൽ നിൽക്കുന്ന ഒരു കുഞ്ഞു പെൺകുട്ടിയുടെ മുഖം അപ്പോഴും അയാൾ ഓർക്കുന്നുണ്ടായിരുന്നു….

കാർത്തു കലുങ്കിന്റെ അടുത്ത് എത്തുമ്പോഴും അവളെയും കാത്ത് അമ്മ അവിടെ തന്നെ നിൽപ്പുണ്ടായിരുന്നു…

അമ്മയോട് ചേർന്ന് നടക്കുമ്പോൾ അന്ന് സംഭവിച്ചതോകെ കാർത്തു അവരോട് പറഞ്ഞു. തന്റെ മകൾ ചെയ്തത് ശരിയാണോ തെറ്റാണോ എന്നവർക്ക് അപ്പോഴും അറിയില്ലായിരുന്നു. അവളോട് എന്ത് മറുപടി പറയണമെന്നും…

ചിലപ്പോഴെങ്കിലും ഒരു ചെറിയ തെറ്റ് അത് ചെയ്യുന്നവരുടെ ഉള്ളിൽ മറ്റൊരു വല്യ ശരി ആയിരിക്കും എന്നവർ മനസ്സിൽ ചിന്തിച്ചു. മറ്റൊന്നും മോളോട് പറയാതെ കാർത്തൂനെ തന്നിലേക്ക് ചേർത്ത് പിടിച്ച് ആ അമ്മ വീട്ടിലേക്ക് നടന്നു…..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ശ്യാം കല്ലുകുഴിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top