ഗതികേടുകൊണ്ട് മുന്നിൽ വന്നു പെടുന്നവരുടെ മാനത്തിന് വില പറയുന്ന താനൊക്കെ ഒരു മനുഷ്യനാണോ

രചന : നിവിയ റോയ്

കൈ എടുക്ക് ….

ഗയയുടെ ആജ്ഞ പോലുള്ള ശബ്ദം കേട്ട് അവളുടെ തോളിൽ പിടിച്ച ഹർഷന്റെ കൈ വിറക്കുവാൻ തുടങ്ങി.

കൈ എടുക്കാൻ ….

അതൊരു അലർച്ചയായിരുന്നു.

തീയിൽ തൊട്ടതുപോലെ അയാൾ കൈവലിച്ചു.

വാക്കുകൾ നഷ്ടമായ അയാൾ ഒരു നിമിഷത്തെ പതർച്ചക്കു ശേഷം അവൾക്കു നേരെ ചീറി.

നീ എന്താടീ വിചാരിച്ചത് ……. ?ഞാൻ ആരാണെന്ന് നിനക്ക് അറിയാമോ …?

പട്ടിണിക്കാരിയാണ് ,എന്തെങ്കിലും ഒരു ജോലി ശരിയാക്കി കൊടുക്കണമെന്ന് നിന്റെ കൂട്ടുകാരി രേണു പറഞ്ഞത് കൊണ്ടു മാത്രം ഒരു സഹായം ചെയ്യാമെന്ന് വിചാരിച്ചപ്പോൾ അവള് ….

നിർത്തടോ ….പട്ടിണിക്കാരി തന്നെയാണ് .താൻ ഈ സെര്ടിഫിക്കറ്റുകൾ കണ്ടോ ? ഉടുതുണി മുറുക്കി ഉടുത്തു പഠിച്ചെടുത്തതാണ് ഇതൊക്കെ.

പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും നിന്നെപോലുള്ള ഒരു മൃഗത്തിന്റെ മുൻപിലും എന്റെ മാനം ഞാൻ അടിയറവുപറയില്ലടോ .

പട്ടിണിയൊക്കെ എനിക്ക് ശീലമായി .ഈ സെര്ടിഫിക്കറ്റിനു എന്റെ പട്ടിണിമാറ്റാൻ കഴിഞ്ഞില്ലെങ്കിൽ വല്ലോ കൂലിപ്പണി ചെയ്തതാണെങ്കിലും മാന്യമായി ജീവിക്കും .

ഡോ ….ഗതികേടുകൊണ്ട് മുന്നിൽ വന്നു പെടുന്നവരുടെ മാനത്തിന് വില പറയുന്ന തന്നെയൊക്കെ കത്തിക്കണം.അവളുടെ കണ്ണിലെ തീക്കനലുകളിൽ നിന്നുള്ള തീ പാറുന്ന നോട്ടത്തിൽ നിന്നും അയാൾ തന്റെ മുഖം തിരിച്ചു കണ്ണുകളെ രക്ഷിച്ചു .

ഒരു കുടുംബത്തിന്റെ വയറു നിറക്കാനായി അധ്വാനിച്ചു ജീവിക്കാൻ ആഗ്രഹിച്ചു വരുന്നവരുടെ ഗതികേടിനു വില ഇടുന്ന താനൊക്കെ മനുഷ്യനാണോടോ ?

പണത്തിനും പ്രശസ്തിക്കും വേണ്ടി എന്തും ചെയ്യുന്നവരുണ്ട് .എന്ന് കരുതി എല്ലാവരെയും ആ കണ്ണിലൂടെ കാണരുത് .നിനക്കൊക്കെ ആവശ്യമുള്ളത് വിൽക്കുവാൻ തയ്യാറായിട്ടുള്ള ഒരുപാട് പെണ്ണുങ്ങളുണ്ട്.അവിടേക്കു ചെല്ല് അല്ലാതെ

അവളുടെ വാക്കുകൾക്കു കിതപ്പ് കടിഞ്ഞാൺ ഇട്ടതുപോലെ തോന്നി .ഇനിയും എന്തെകിലും പറഞ്ഞാൽ ഞാനെന്റെ സഭ്യത മറന്നു സംസാരിക്കേണ്ടി വരും.

തന്റെ അമർഷം പല്ലുകൾക്കിടയിൽ ഞെരിച്ചു കൊണ്ട് അയാൾക്കു നേരെ കൈ ചൂണ്ടിക്കൊണ്ട് അവളതു പറയുമ്പോൾ , വാതിൽക്കലേക്കു നോട്ടം പായിച്ച ഹർഷന്റെ മുഖത്തു, കത്തി നിന്ന ദേഷ്യം ഭയമായി ചുരുങ്ങുന്നതവൾ കണ്ടു .

തന്റെ സെര്ടിഫിക്കറ്റുകൾ വാരിക്കൂട്ടി തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോളാണ് പുറകിൽ കതകിന് അടുത്തായി ആ സ്ത്രീയെ അവൾ കണ്ടത്‌ .പ്രായം ഒരു നാല്പതിനോടടുത്ത കുലീന ഭാവം മുഖത്ത് തുടിക്കുന്ന ഒരു സുന്ദരിയായ സ്ത്രീ.

ഇവരെ കണ്ടിട്ടാണോ അയാൾ ഭയന്നത്‌ …?

ഈ ബഹളത്തിനിടയിൽ അവർ കതക് തുറന്നത് താൻ കേട്ടുമില്ല . അവൾ ഓർത്തു.

വെള്ളി കരയുള്ള തന്റെ ഇളം നീല കോട്ടൺ സാരിയുടെ തുമ്പു മുന്നോട്ടു പിടിച്ചു കൊണ്ടു അവർ മുന്നോട്ടു വന്നുകൊണ്ടു അവളോട് പറഞ്ഞു .

ഞാൻ ഈ കമ്പനിയുടെ എം ഡി ആണ് .

ഇയാളുടെ പേര് ഗയ, അല്ലേ …?

അതേ ….

ഇരിക്കൂ ….

എന്തു ചെയ്യണമെന്നറിയാതെ അവൾ അവരെ തന്നെ നോക്കി നിന്നു.

ഇരുന്നോളു …

അവരുടെ കറുത്ത ഫ്രെയ്മുള്ള കണ്ണടക്കുള്ളിലെ കണ്ണുകൾക്കു ഒരു ആജ്ഞ ശക്തി ഉള്ളതുപോലെ ഗയക്കു തോന്നി .

പതിയെ കസേരയിൽ ഇരിക്കാൻ തുടങ്ങിയ അവളോട് അവർ പറഞ്ഞു .

അവിടെയല്ല ….ഈ കസേരയിൽ ഇപ്പോൾ ഹർഷൻ ഇരിക്കുന്ന ഈ കസേരയിൽ .അയാളുടെ കസേരയിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവരതു പറയുമ്പോൾ അവരുടെ വാക്കുകൾ ദൃഢമായിരുന്നു.

അവർ പറയുന്നത് മനസ്സിലാകാതെ ഗയ അവരെ നോക്കി. ഒരു അന്ധാളിപ്പോടെ ഹർഷനും അതു കേട്ടു

ഞാനും വർഷങ്ങൾക്കു മുൻപ് ഇതുപോലെ നടന്നിട്ടുണ്ട് എന്റെ സെര്ടിഫിക്കറ്റും നെഞ്ചോടു ചേർത്തു

അന്ന് ആർക്കും അത് ആവശ്യമില്ലായിരുന്നു

മാനം വിൽക്കാൻ മനസ്സില്ലാതിരുന്നത്കൊണ്ട് എല്ലാടത്തു നിന്നും പരാജയം ഏൽക്കേണ്ടി വന്നു

അന്ന് ഒരു നല്ല മനുഷ്യന്റെ സഹായം കൊണ്ടു ഞാൻ ചെറിയ രീതിയിൽ തുടങ്ങിയ ബിസിനസ്സ് ആണ് ഇന്ന് ഇതു പോലെ ഒരു സാമ്രാജ്യത്തിനു വഴി ഒരുക്കിയത് .

ഒരു സിനിമ കഥ കേൾക്കുന്ന പോലെ അവൾ അവരെ ഉറ്റു നോക്കി നിന്നു .

അവർ ഹർഷനു നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞു. നിങ്ങളെക്കുറിച്ചു ഞാൻ ഈ അടുത്ത ദിവസങ്ങളിൽ ചില അനാവശ്യ കാര്യങ്ങൾ കേട്ടു.കേട്ടതു കൊണ്ടു മാത്രം വിശ്വസിക്കാൻ പറ്റില്ലല്ലൊ ?വ്യക്തി വൈരാഗ്യം തീർക്കാനും, മറ്റുള്ളവരെ തകർക്കാനും ചിലർ ഇത് ഒരു ഉപാധിയാക്കുന്നുണ്ടല്ലോ.

അതുകൊണ്ടു നിങ്ങളെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു .

ഏതായാലും ഇപ്പോൾ നേരിൽ കണ്ടു .

എന്റെ സ്ഥാപനത്തിൽ ഇത്രയും നാളും ജോലി ചെയ്‌തതു കൊണ്ടു മാത്രം നിങ്ങളെ ഞാൻ പേരു വിളിക്കുന്നു.

എന്താ ഹർഷൻ രാജി വെക്കുകയല്ലേ ?അതോ നിർബന്ധമായും പിരിച്ചു വിടണോ ?

വേണ്ട ഞാൻ രാജി സമർപ്പിച്ചോളാം.

തറയിലെ വെളുത്ത ടൈൽസിൽ ,തന്റെ കൈ അറിയാതെ തട്ടി മേശയിൽ നിന്നും വീണ നീല മഷി പേന പടർത്തിയ ചായം നോക്കികൊണ്ട്‌ ,പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു .

ഓക്കേ …ഇപ്പോൾ തന്നെ രാജി എഴുതി ഗയയെ ഏൽപ്പിച്ചോളൂ.

ഇനി ഈ മാനേജർ പോസ്റ്റ് മിസ്സ് .ഗയക്കുള്ളതാണ്

ഗയയെ നോക്കി അവർ തുടർന്നു .

അപ്പോ …ഇന്ന് തന്നെ തുടങ്ങുവല്ലേ?ബാക്കി പ്രൊസീജിയെർ ഒക്കെ അതിന്റെ വഴിയേ നടന്നു കൊള്ളും.

എന്തു പറയണമെന്നറിയാതെ പരിഭ്രമിച്ചു നിൽക്കുന്ന ഗയയോട് അവർ ചോദിച്ചു .

എന്താടോ അന്ധാളിച്ചു നിൽക്കുന്നെ …?

ഞാൻ തന്റെ സർട്ടിഫിക്കറ്റ് പോലും നോക്കാതെ തന്നെ എടുത്തത് തന്റെ ധൈര്യവും ,പ്രതികരണ ശേഷിയും കണ്ടിട്ടാണ് .എല്ലാം അടിയറവു പറയുന്ന സ്ത്രീകളെയല്ല.തന്നെപ്പോലെ മനക്കരുത്തുള്ളവരെയാണ് ഈ കമ്പനിക്കു വേണ്ടത്.

നന്ദിപൂർവ്വം ഗയ അവരുടെ നേരെ കൈകൾ കൂപ്പിയപ്പോൾ ഒരു ചെറുപുഞ്ചിരി അവൾക്കു സമ്മാനിച്ചു,

തന്റെ തോളത്തു തട്ടി ,മുന്നോട്ട് നീങ്ങുന്ന അവരോട് ഗയ ചോദിച്ചു .

മേഡത്തിന്റെ പേര് …?

എന്റെ പേര് ….. ഒരു ചെറിയ മൗനത്തിനു ശേഷം അവർ തുടർന്നു. പൂർണ്ണിമ ഹർഷൻ എന്നായിരുന്നു.ഇന്നു മുതൽ പൂർണ്ണിമ എന്ന് മാത്രം

അതുകേട്ട് തന്റെ മുൻപിൽ തല കുനിച്ചു നിൽക്കുന്ന ഹർഷനെ ഒരു അമ്പരപ്പോടെ ഗയ നോക്കി നിൽക്കുമ്പോൾ.

അവിടെ നിന്നും നടന്നകലുന്ന പൂർണ്ണിമയുടെ മുഖത്തെ മന്ദഹാസം കൊഴിഞ്ഞതുമില്ല….. വിരിഞ്ഞതുമില്ല …..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിവിയ റോയ്