ഡാ നന്ദ , നിനക്ക് ആ മച്ചിപെണ്ണിനെ തന്നെ വേണോ, അവൾക്കൊരു അമ്മയാകാൻ പറ്റില്ലെന്ന് അവൾ തന്നെ പറയുന്നു

രചന: നിന്റെ മാത്രം കണ്ണേട്ടൻ

” ഡാ നന്ദ , നിനക്ക് ആ മച്ചിപെണ്ണിനെ തന്നെ വേണോ..? അവൾ തന്നെ പറയുന്നു അവൾക്കൊരു അമ്മയാകാൻ പറ്റില്ലെന്ന്… എന്നിട്ടും എന്തിനാടാ അറിഞ്ഞു കൊണ്ട്…”

ശ്രീ അത് പറഞ്ഞു നിർത്തി… അപ്പോഴും നന്ദൻ അമ്പലനടയിലേക്ക് നോക്കി ഇരിക്കുവായിരുന്നു…

അവിടെ നിന്നും ഇറങ്ങി വരുന്ന ഓരോരുത്തരെയും അവൻ നോക്കി കൊണ്ടിരുന്നു… അത് കണ്ടു ശ്രീ അവന്റെ മുഖത്തെക്ക് ദേഷ്യത്തോടെ നോക്കി…

അത് കണ്ടത് കൊണ്ടാവണം അപ്പു ചിരിച്ചത്…

അത് കേട്ടു ശ്രീ അവന്റെ മുഖത്തെക്ക് നോക്കിയതും അപ്പുന്റെ ചിരി നിന്നു…

” ഡാ………. ”

ആ വിളി കേട്ടു രണ്ടു പേരും നന്ദന്റെ മുഖത്തെക്ക് നോക്കി… അപ്പോഴേക്കും നന്ദൻ ആൽത്തറയിൽ നിന്നും പയ്യെ ഇറങ്ങി….

” ഞാൻ അവളെ കഴിഞ്ഞ 3 കൊല്ലമായി സ്നേഹിച്ചത് ഇത് അറിഞ്ഞു കൊണ്ട് തന്നെയാ…

പിന്നെ , ഇപ്പൊ ആലോചനയുമായി വീട്ടിൽ എത്തിയപ്പോൾ ഒരു ഇഷ്യൂ ആയി… എന്നും പറഞ്ഞു അവളെ വേണ്ടാന്ന് വെക്കാൻ എന്നെ കൊണ്ട് കഴിയില്ല.. വേറെ ആർക്കും അവളെ മനസിലാക്കാൻ പറ്റിയില്ലെങ്കിലും എന്റെ അമ്മയ്ക്ക് അതിനു സാധിക്കും… ”

” നന്ദേട്ടാ…….. ”

ആ വിളി കേട്ടാണ് നന്ദൻ കണ്ണ് തുറന്നത്…

” ഇതെന്താലോചിച്ചു കിടക്കുകയാ…? ”

എന്നും ചോദിച്ചു മീനു അവന്റെ അടുത്തേക്ക് വന്നിരുന്നു..

” ഒന്നുല്ല ന്റെ പെണ്ണെ………… ”

എന്നും പറഞ്ഞു നന്ദൻ അവളെ അവന്റെ നെഞ്ചിലെക്ക് വലിച്ചിട്ടു… നിറഞ്ഞു നിന്ന അവളുടെ കണ്ണുനീർതുള്ളികൾ പതിച്ചതു അവന്റെ നെഞ്ചിലായിരുന്നു… അതിന്റെ ചൂടറിഞ്ഞതും നന്ദൻ മീനുന്റെ മുഖം കൈയിലെടുത്തു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു…

” എന്താടോ പറ്റിയെ…..?”

” ഏയ്‌ ഒന്നുല്ല ഏട്ടാ…. ” എന്നും പറഞ്ഞു അവൾ അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു..

” നന്ദേട്ടാ……. നമുക്കൊരു വീടെടുത്തു മാറിയാലോ…? ഒരു കുഞ്ഞു വീട് മതി.. അടച്ചുറപ്പുള്ള ഒരു വീട്… മടുത്തു ഏട്ടാ എല്ലാവരുടെയും കുത്തുവാക്കുകൾ കേട്ടു… സഹിക്കാൻ പറ്റുന്നില്ല… ”

എന്നും പറഞ്ഞു അവൾ പൊട്ടി കരഞ്ഞു.. എന്ത് പറയണമെന്നറിയാതെ നന്ദൻ അങ്ങനെ നിന്നു..

ഈ കുത്തുവാക്കുകൾ കേട്ടാണ് കഴിഞ്ഞ വർഷം ഒരു പെൺകുഞ്ഞിനെ ദത്തെടുത്തതു… അതിനു ശേഷം ചെറിയ സന്തോഷം കടന്നു വന്നത് ആയിരുന്നു എന്നാൽ വീണ്ടും പഴയ പോലെ തന്നെ.. ഇപ്പോ അമ്മയും തുടങ്ങിട്ട് ഉണ്ട് ഓരോന്ന് പറഞ്ഞു വേദനിപ്പിക്കാൻ.. സ്വന്തം മക്കളെ പോലെ വരുലല്ലോ ദത്ത് എടുക്കുന്ന മക്കൾ.. മോളോട് അമ്മയ്ക്ക് നല്ല സ്നേഹം ആണെങ്കിലും മീനുന്റെ അടുത്ത് അത് പ്രകടിപ്പിക്കാറില്ല.. എല്ലാരേയും വെറുപ്പിച്ചു കൊണ്ടായിരുന്നു ഇവളുടെ കഴുത്തിൽ താലി കെട്ടിയത്.. അതുകൊണ്ട് തന്നെ ആരോടും ഒന്നും പറയാനും പറ്റില്ല.. കൂട്ടുകാരോട് പോലും..

” നന്ദേട്ടാ…. എന്താ ഒന്നും മിണ്ടാത്തെ…? മടുത്തു ഏട്ടാ.. അതുകൊണ്ടാ.. ”

മീനു വിങ്ങി പൊട്ടി കൊണ്ട് പറഞ്ഞു..

” ഏട്ടൻ നോക്കട്ടെ.. ഒരു ചെറിയ വീട് കിട്ടുമോന്നു.. ”

അവളുടെ തലയിൽ തലോടി കൊണ്ട് അവൻ പറഞ്ഞു..

” അമ്മേ…. ”

ആ വിളി കേട്ടാണ് രണ്ടു പേരും വാതിൽ പടിയിലേക്ക് നോക്കിയത്.. കയ്യിൽ ഒരു പാവക്കുട്ടിയെയും പിടിച്ചു മാളുട്ടി അവരെയും നോക്കി നിൽക്കുന്നുണ്ടായിരുന്നു.

നന്ദു മോളെ പോയി എടുത്തപ്പോഴേക്കും മീനു കണ്ണുകൾ തുടച്ചു ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് എത്തി.. അവളെ കണ്ടപ്പോഴേക്കും അവന്റെ കയ്യിൽ നിന്നും മാളു അവളുടെ അടുത്തേക്ക് ചാടി..

” അമ്മയും മോളും കൂടെ ഇവിടെ കളിച്ചിരിക്കു.. അച്ഛൻ ഇപ്പോ വരാട്ടോ.. ”

എന്നും പറഞ്ഞു മാളുട്ടിക്ക് ഒരുമ്മയും കൊടുത്തു മീനുനെയും നോക്കി നന്ദൻ പുറത്തേക്കു ഇറങ്ങി..

പുറത്തു പോയ നന്ദൻ ഇത്തിരി വൈകിയാണ് വന്നത്.. റൂമിലേക്ക്‌ ചെന്നപ്പോൾ മാളുട്ടിയെ കെട്ടിപിടിച്ചു കിടക്കുന്ന മീനുവിനെയാണ് അവൻ കണ്ടത്.. അടുത്തേക്ക് ചെന്നപ്പോഴാണ് മാളുവിന്റെ തലയിലെ കെട്ടു നന്ദൻ ശ്രദ്ധിക്കുന്നത്…

” ഇതെന്താ മോൾക്ക്‌ പറ്റിയെ…? ” എന്നും ചോദിച്ചു നന്ദൻ മോളുടെ അടുത്ത് ഇരുന്നു..

” അത് നന്ദേട്ടാ… ” നന്ദൻ അവളുടെ മുഖത്തെക്ക് നോക്കിയതും അവൾ പെട്ടന്ന് അവളുടെ മുഖം വെട്ടിച്ചു…

” എന്താ മോൾക്ക്‌ പറ്റിയതെന്ന് നിന്നോടാ ചോദിച്ചത്…? ”

അവന്റെ ചോദ്യത്തിന്റെ ശബ്ദം ഉയർന്നു.. മീനു പേടിച്ചു പെട്ടന്ന് കട്ടിലിൽ നിന്നും എഴുന്നേറ്റു..

അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി..

” നിന്നോട് ചോദിച്ചത് കേട്ടില്ലേടി….? ”

” അത്…. നന്ദേട്ടാ…. ഞാനും മോളും മുറ്റത്തു കളിക്കുവായിരുന്നു… പെട്ടന്ന് അമ്മ വിളിച്ചപ്പോൾ ഞാൻ അകത്തേക്ക് പോയതും മോളും ന്റെ പുറകെ ഓടി വന്നു… അന്നേരം അവളുടെ കാല് സ്ലിപ് ആയി സ്റ്റെപ്പിൽ തലയിടിച്ചു വീണു.. ”

നന്ദൻ ദേഷ്യത്തിൽ അവളുടെ അടുത്തേക്ക് ചെന്നതും മോളെന്നും വിളിച്ചു അമ്മ കയറി വന്നു…

പെട്ടന്ന് നന്ദൻ ഒഴിഞ്ഞു മാറി മോളുടെ അടുത്തേക്ക് ഇരുന്നു.. മീനു നിന്ന നിൽപ്പ് അതെപോലെ നിന്നു…

” മോളെ , കഞ്ഞി അവിടെ വെച്ചിട്ടുണ്ട്…. ഡാ , വരുവാണെങ്കിൽ നിനക്കുള്ളതും ഞാൻ എടുത്തു തരാം… ”

എന്നും പറഞ്ഞു സീതാമ്മ പുറത്തേക്കു നടന്നു…

ഇതെന്തു അത്ഭുതം എന്നറിയാതെ നന്ദൻ അവളുടെ മുഖത്തെക്ക് നോക്കി ഇരുന്നു.. ഇതെന്തുപറ്റിയെന്നു നന്ദൻ തല കൊണ്ട് അവളോട്‌ ചോദിച്ചു..

അവൾ അവന്റെ അടുത്തേക്ക് വന്നു അവന്റെ കൈ എടുത്തു അവളുടെ വയറിലേക്ക് വെച്ചു.. നന്ദൻ വിശ്വാസം വരാതെ അവളുടെ മുഖത്തെക്കും വയറിലേക്കും മാറി മാറി നോക്കി..

” മോളെയും കൊണ്ട് ഹോസ്പിറ്റലിൽ പോയപ്പോൾ ചെറിയൊരു ക്ഷീണം തോന്നി.. അവിടെ തന്നെ തലകറങ്ങി വീണു.. ബിപി കുറഞ്ഞതാണെന്ന കരുതിയെ.. പക്ഷെ ചെക്ക് ചെയ്തപ്പോ മാളൂട്ടിക്ക് കൂട്ടായി ഒരാളും കൂടി വരുന്നുണ്ടെന്നറിഞ്ഞു… ”

എന്ത് പറയണമെന്നറിയാതെ നന്ദൻ അവളുടെ മുഖത്തെക്ക് നോക്കി എഴുന്നേറ്റു..

” മീനുട്ടി… ” എന്നും വിളിച്ചു അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ അമർന്നു..

അമ്മേന്നുള്ള വിളി കേട്ട് രണ്ടുപേരും കട്ടിലിലേക്ക് നോക്കി…

” മാളുട്ടിക്ക് കളിക്കാൻ കുഞ്ഞാവ എപ്പോയാ വന്നെ…? ”

ആ ചോദ്യം കേട്ട് രണ്ടുപേരും അവളുടെ അടുത്തേക്ക് ഇരുന്നു..

” മോളോട് കുഞ്ഞാവ വരുന്നുണ്ടെന്നു ആരാ പറഞ്ഞെ…? ”

” ആ… ഡോടറാന്റി പയഞ്ഞല്ലോ കുഞ്ഞാവ വയൂന്ന്… ”

” കുഞ്ഞാവ വരൂട്ടോ…. കുറെ കഴിയുമ്പോൾ കുഞ്ഞാവ വരും.. ഇപ്പോ അച്ഛന്റെ മാളുട്ടി കിടന്നു ഉറങ്ങിക്കോട്ടോ.. ”

എന്നും പറഞ്ഞു അവൻ മാളുട്ടിയെ കട്ടിലിലേക്ക് കിടത്തി… അവന്റെ നെഞ്ചിലെക്ക് ചാഞ്ഞു മീനുവും കിടന്നു…

” അങ്ങനെ നമുക്ക് രണ്ടു മക്കളായി അല്ലെ ഏട്ടാ.. ” എന്നും പറഞ്ഞു അവൾ അവന്റെ മുഖത്തെക്ക് നോക്കി.. അവൻ അവളെ അവന്റെ നെഞ്ചോട് ചേർത്ത് പിടിച്ചു..

ശുഭം….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നിന്റെ മാത്രം കണ്ണേട്ടൻ