ഇന്നൊരു കല്യാണത്തിന് പോയി. നേര് പറഞ്ഞാൽ തീരെ താല്പര്യമില്ലാതെയാണ് പോയത്.. അതിന്റെ ഒന്നാമത്തെ കാരണം…

രചന : അബ്രാമിന്റെ പെണ്ണ്

ഇന്നൊരു കല്യാണത്തിന് പോയി. നേര് പറഞ്ഞാൽ തീരെ താല്പര്യമില്ലാതെയാണ് പോയത്..അതിന്റെ ഒന്നാമത്തെ കാരണം കല്യാണത്തിന് പോയാൽ ആടുകളുടെയും കോഴികളുടേയുമൊക്കെ കാര്യം പ്രതിസന്ധിയിലാകുമെന്നുള്ളത്..

രണ്ടാമത്തെ കാര്യം,,, സൂര്യനെ പിടിച്ച് കല്യാണമണ്ഡപത്തിന് മുകളിൽ കസേരയിട്ട് ഇരുത്തിയാൽ പോലും വെട്ടം തീരെ കടന്നു വരാത്തൊരു ആഡിറ്റോറിയാം.ചെർക്കനേയും പെണ്ണിനെയുമൊക്കെ കാണണമെങ്കിൽ അങ്ങ് അടുത്തോട്ടു ചെന്ന് സൂക്ഷിച്ചു നോക്കണം.. ഇച്ചിരി കറുത്തവരും കൂടെയാണെങ്കിൽ പറയുവേം വേണ്ട

എന്റെ കല്യാണവും അവിടെ വെച്ചായിരുന്നു…

കെട്ടിയോൻ ജോലിക്ക് പോയത് കൊണ്ട് കൊച്ചുങ്ങളെ രണ്ടെണ്ണത്തിനെയും പെറുക്കിയെടുത്ത് പതിനൊന്നു മണി കഴിഞ്ഞപ്പോൾ കല്യാണ സ്ഥലത്തേയ്ക്ക് വെച്ചു പിടിച്ചു. “അമ്മച്ചി പോയിട്ട് ശടേന്നു വരാവേ ” ന്ന് പറഞ്ഞപ്പോ മാളുവിനും സംഘത്തിനും വിശ്വാസം അത്ര പോരാ..

“ഈ തള്ള ഇങ്ങനൊക്കെ പറയും.. അത് വിശ്വസിച്ചാൽ നമ്മുടെ കാര്യം കട്ടപ്പൊകയാണെന്ന ” മട്ടിൽ മണിക്കുട്ടൻ അവന്റമ്മച്ചിയെ നോക്കി ഒന്നിരുത്തി കരഞ്ഞു..

ഓഡിറ്റോറിയത്തിൽ ചെന്നപ്പോ ബന്ധക്കാര് മിക്കതും വന്ന് കസേരയിൽ കുത്തിയിരുപ്പുണ്ട്… വീടും അടച്ചു പൂട്ടി മൊത്തത്തിൽ ഇങ്ങു പോന്നേക്കുവാണെന്ന് തോന്നുന്നു…എല്ലാരും കല്യാണത്തിന് വരണമെന്ന് വീട്ടുകാര് ഒരു മര്യാദയിൽ പറയുമെങ്കിലും ചെല്ലുന്നവർക്കൊരു മര്യാദ വേണ്ടേ..ആരെങ്കിലും ഒരാൾക്ക് വന്നാൽ പോരായിരുന്നോ…

എന്റങ്ങേരെ ഇന്ന് ജോലിക്ക് വിടണ്ടാരുന്നു..

അങ്ങേരും കൂടെ കല്യാണത്തിന് വന്നാരുന്നെങ്കിൽ വയ്യിട്ട് ചെർക്കന്റെ വീട്ടിലോട്ടും കൂടെ വിരുന്നിനങ്ങു പോകാരുന്നു..

അടുപ്പിലോട്ട് പച്ച വിറക് കേറ്റി വെച്ചിട്ടുള്ള ഇന്നത്തെ ഊത്ത് ഒഴിവാക്കാരുന്നു…

ഒന്നും പറയണ്ട..പോയ ബുദ്ധി ഇനി തിരിച്ചു വരില്ലല്ലോ..ഫോണിൽ നിന്ന് പോയ മിസ്സ്‌ കാളും വയറ്റിൽ നിന്ന് പോയ കുശുവും ഒരുകാലത്തും തിരിച്ചു വരത്തില്ലെന്ന് മണിമാമൻ എപ്പളും പറയും..

ങ്ഹാ,, പോട്ടെ.. അടുത്ത കല്യാണത്തിന് ഈ അബദ്ധം പറ്റത്തില്ല..

“മക്കളേ.. നീ തന്നേ വന്നോള്ളോ.. അക്കയും അവനുമൊക്കെ എന്തിയേ..

തലച്ചോറ് വരെ പുകഞ്ഞു തുളച്ചു കേറുന്ന നാറ്റമുള്ള സ്പ്രേയടിച്ചൊരു ചേട്ടൻ ഓടിവന്നെന്റെ തോളിൽ കയ്യിട്ടു.. കൂടെ വേറൊരു ചേച്ചിയും നാല് പിള്ളേരും ..അങ്ങേരുടെ കക്ഷത്തിൽ നിന്നും മുഖത്തേയ്ക്കടിച്ച നാറ്റത്തിൽ തല പൊട്ടിപ്പൊളിയുന്ന പോലെ തോന്നി.. ബന്ധത്തിലെങ്ങാണ്ടുള്ളൊരു വേട്ടാവളിയനാ…

“ഏട്ടൻ വന്നില്ലണ്ണാ.. ആരെങ്കിലും മൂന്ന് പേര് വന്നാൽ മതിയല്ലോ..

അവര് രണ്ടും രണ്ടും നാലും രണ്ടും ആറ് പേരെ നോക്കി ഞങ്ങൾ ഒന്നും ഒന്നും രണ്ടും ഒന്നും മൂന്ന് പേര് മാത്രമല്ലേയുള്ളു എന്നുറപ്പിച്ച് ഞാൻ വെച്ചു കീച്ചി.. അങ്ങേരെ ഞാൻ ഞങ്ങടെ കല്യാണത്തിന് കണ്ടതാ.. ആ ചേച്ചിയെ ഞാൻ കണ്ടിട്ടുമില്ല..

“സുലജേ.. നീയിവളെ അറിയത്തില്ലേ,,, ശാരദയക്കയുടെ മരുമോള്…

മോൾടെ പേര് ഞാനങ്ങു മറന്ന്.. എന്തുവാരുന്നു പേര്..

ഞാൻ ചിരിയോടെ പേര് പറയാൻ തുടങ്ങിയതും,,,,

തലച്ചോറിനുള്ളിൽ എവിടെയൊക്കെയോ ഒളിച്ചിരുന്നിട്ട് ആളുകൂടുന്നിടത്ത് വെച്ചു മാത്രം പുറത്ത് ചാടി എന്നെ നാണം കെടുത്തുന്ന മുടിഞ്ഞ മറവി തലയിലേക്കിരച്ചു കേറിയിരിക്കുന്നു..

എന്റെ പേര് എനിക്ക് ഓർമ്മ വരുന്നില്ല..

ദാ കിടക്കുന്നു ചട്ടീം കലോം പുട്ടും പയറും പിന്നെ കൊടവും ..

മുൻപ് പല സമയങ്ങളിലും മറവി എന്നേം വലിച്ചെടുത്തൊരു പോക്കുണ്ട്.. അരമണിക്കൂറിൽ കൂടുതൽ ആ ശ്വാസം മുട്ട് നീണ്ടു നിന്നിട്ടില്ലെന്നതാണ് വാസ്തവം..

സെൻസസ് എടുക്കാൻ വന്നവരുടെ മുന്നിൽ പേര് പറയാൻ മറന്നു നിന്നൊരു ദിവസമുണ്ടായിരുന്നു…

അന്നുണ്ടായൊരു ആധിയുണ്ട്.. പിന്നീടും അതുപോലെ പല സ്ഥലങ്ങളിലും വെച്ച് മാനം കപ്പല് കേറീട്ടുണ്ട്…

പണ്ടൊരൂസം എന്തോ അത്യാവശ്യത്തിന് കെട്ടിയോന്റെ വീട്ടിൽ നിന്നും എന്റെ വീട്ടിലേയ്ക്ക് പോകേണ്ടി വന്നു.. ഇവിടുന്ന് എന്റെ വീട്ടിലോട്ട് പോകാൻ ദൂരം വളരെ കുറവായതു കൊണ്ട് പോയിട്ട് പെട്ടെന്നിങ്ങു വരണമെന്ന് അമ്മായിയമ്മ ഉത്തരവിട്ടു.അത് കേട്ട് എന്റെ കറുത്ത മുഖം ഇത്തിരി കൂടെ കട്ടിയ്ക്ക് കറുത്തത് അമ്മ വ്യക്തമായി കാണുകയും ചെയ്തു..

ഇവിടുന്ന് അമ്മയോട് റാൻ മൂളി ഇറങ്ങി എന്റെ വീട്ടിൽ ചെന്ന ഞാൻ,സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ചില തടസങ്ങൾ ഉണ്ടായത് മൂലം രണ്ട് ദിവസം കഴിഞ്ഞാണ് തിരിച്ചു വന്നത്.. പറഞ്ഞത് കേൾക്കാതെ രണ്ട് ദിവസം താമസിച്ചതിനുള്ള പണി കെട്ടിയോനിവിടെ റെഡിയാക്കി വെച്ചിട്ടുണ്ടാരുന്നു..

ഞാൻ പോയ അന്നത്തെയും പിറ്റേ രണ്ട് ദിവസത്തെയും പതിനാറു റബ്ബർ ഷീറ്റ് മെഷീനിൽ കൊണ്ട് ചെന്ന് അടിയ്ക്കാതെ ഇവിടെ എനിക്ക് വേണ്ടി കൂട്ടി വെച്ചിരുന്നു..

പുല്ലിനാണെങ്കിൽ കക്കൂസ് പൊട്ടിയ പോലെയുള്ള നാറ്റവും..

ഞാൻ വരുമ്പോ അമ്മ വീട്ടിലില്ല.. ലങ്ങേരിരുന്ന് ഏതോ ചാനലിൽ പാമ്പ് പെറുന്നത് കണ്ട് കണ്ണും തള്ളിയിരിക്കുന്നു..

ഷീറ്റ് കൊണ്ടു പോയി അടിക്കാഞ്ഞതിന് കൊറേ വഴക്ക് പറഞ്ഞിട്ട് ഞാൻ ഡിഷിലെ ഷീറ്റെടുത്ത് മാറ്റി.. വെള്ളം ചരിച്ചങ്ങോട്ട് കളഞ്ഞതും,,,

പൊന്നു തമ്പുരാനേ.. എന്തോ മാതിരി നാറ്റം..

ഞാൻ ജനലിൽ കൂടെ കെട്ടിയോനിരിക്കുന്നിടത്തേയ്ക്ക് എത്തി നോക്കി..

നാറ്റം പോയിട്ട് ഒരു കാറ്റ് പോലും ചെന്ന ഭാവം ആ മുഖത്തില്ല. ഇങ്ങേർക്കിനി മണവും നാറ്റവുമൊന്നും അറിയാൻ പറ്റുന്നില്ലേ.. ഓട്ട വല്ലോം അടഞ്ഞു പോയതാരിക്കുവോ…??

ഷീറ്റെല്ലാം എടുത്ത് കൊറച്ചു വെള്ളമൊഴിച്ചു കഴുകി രണ്ടെണ്ണം വീതമായി ഡിഷിൽ എടുത്തു വെച്ച്..

കൈ നല്ലയായിട്ട് സോപ്പിട്ട് കഴുകി.. അകത്തു കേറി കെട്ടിയോനെ വീണ്ടും കൊറേ വഴക്ക് പറഞ്ഞു

ഞാൻ പറയുന്നതൊന്നും അതിയാൻ മൈൻഡ് ചെയ്യുന്നില്ല..അങ്ങേര് ടീവിയിൽ പാമ്പിന്റെ പ്രസവവേദന കണ്ട് ഞെളിപിരി കൊള്ളുവാ..

ഇരുപ്പ് കണ്ടാൽ ഇങ്ങേരാണ് ആ വട്ടത്തിൽ പുള്ളിയുള്ള പാമ്പിന്റെ കൊച്ചുങ്ങടെ അച്ഛനെന്ന് തോന്നും…

ഇങ്ങേരെയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് തോർത്തെടുത്ത് തോളിലിട്ട് ഞാൻ ഷീറ്റടിയ്ക്കുന്ന മെഷീനുള്ള വീട്ടിലേയ്ക്ക് പോയി..അങ്ങോട്ട് കൊറേ ദൂരമുണ്ട്..

അവിടെ ചെന്നപ്പോ വീട്ടുകാരിയായ ചേച്ചി മുറ്റത്തിരുന്ന് മീൻ കഴുകുന്നു..

“നിന്നെ കണ്ടിട്ട് കുറച്ചൂസമായല്ലോ… എവിടാരുന്നു..??

ചേച്ചി ചോദിച്ചു..

ഞാൻ വീട്ടിൽ പോയതും തിരിച്ചു വരാൻ താമസിച്ചതും വന്നപ്പോ ഷീറ്റ് കൂട്ടി വെച്ചതുമൊക്കെ വിസ്തരിച്ചങ്ങു പറഞ്ഞു.. എല്ലാം വായ്ക്ക് രുചിയായി പറഞ്ഞു തീർത്തപ്പോ എന്തൊരാശ്വാസം…

“നീയിപ്പോ വന്നയെന്തിനാ…

എല്ലാം കേട്ട് കഴിഞ്ഞപ്പോ ചേച്ചി ഈ എന്നോട് ചോദിക്കുവാ..

“ഷീറ്റടിയ്ക്കാൻ.. പിന്നല്ലാതെന്തോത്തിനാ…

മെഷീന്റടുത്തോട്ട് നീങ്ങി നിന്നേച്ച് ഞാൻ പറഞ്ഞു.

“എന്നിട്ട് ഷീറ്റെന്തിയേടീ..നീയെന്തോ എടുത്തിട്ട് അടിക്കാനാ വന്നേ..

അവര് അന്തംവിട്ട് ചോദിച്ചപ്പോ ഞാനും ഞെട്ടി..കെട്ടിയോനെ വഴക്കും പറഞ്ഞിട്ട് തോർത്തുമെടുത്ത് ആറേ അറുപതിൽ ഇത്രേം ദൂരം പാഞ്ഞു വന്നപ്പോ ഷീറ്റെടുത്തോണ്ട് വരാൻ മറന്ന് പോയെടെ…

“ഷീറ്റെടുക്കാൻ മറന്ന് പോയി…

അവിഞ്ഞ ചിരിയോടെ പറഞ്ഞിട്ട് ഞാൻ വീട്ടിലോട്ട് തിരിഞ്ഞോടി.. ചെല്ലുമ്പോൾ ചാനലിലുള്ള പാമ്പ് പെറ്റെണീറ്റ് കൊച്ചുങ്ങളേം കെട്ടിപിടിച്ചു കിടക്കുന്നു..

പേറു കഴിഞ്ഞതിന്റെ ആശ്വാസത്തിൽ ടീവിയുടെ മുന്നിലിരിക്കുന്ന കെട്ടിയോനെ ശ്രദ്ധിയ്ക്കാതെ ഡിഷും എടുത്ത് ഞാൻ വീണ്ടും മറ്റേ വീട്ടിലോട്ട് ഓടി.

അതിന് ശേഷം ഇന്നാണ് മറവി വീണ്ടും വരുന്നത്…. എന്നോട് പേര് ചോദിച്ചവർ മറുപടി കിട്ടാത്തതുകൊണ്ട് ലേശം സംശയത്തിൽ എന്റെ മുഖത്തേയ്ക്ക് നോക്കി..

“എന്താ കൊച്ചെ.. പേര് ചോദിച്ചാൽ പറയാനിത്ര മടി.. ഞങ്ങള് വീട്ടിലോട്ടെങ്ങാനും തിരക്കി വരുമെന്ന് കരുതിയാന്നോ…

ആ പഷ്ട്ട്.. ഇപ്പൊ എങ്ങനിരിക്കുന്ന്….!!!

ആ ചേച്ചി എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു… വീട്ടിലൊള്ളതിനെ കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുവാ. അതിന്റെടയ്ക്ക് ഈ രണ്ടും രണ്ടും നാലും രണ്ടും ആറെണ്ണം കൂടെ വീട്ടിലോട്ട് വരാത്ത പാടേയൊള്ളു…

ഞാനവരെ ദയനീയമായി നോക്കി…

“അമ്മച്ചീടെ പേര് സുജയെന്നാ…

എന്റെ മുഖത്തേയ്ക്ക് നോക്കി നിന്ന കുഞ്ഞൂട്ടന്റെ വായിൽ നിന്നും പെട്ടെന്ന് മറുപടി വന്നു…എനിക്ക് വന്നൊരാശ്വാസം… അവനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി….

അവരോട് യാത്ര പറഞ്ഞ് തിരിച്ച് ഓട്ടോയിൽ ഞങ്ങളിങ്ങോട്ട് വരുമ്പോൾ ഞാനവനെ നോക്കി …

“മക്കള് അന്നേരം അമ്മച്ചീടെ പേര് പറഞ്ഞില്ലാരുന്നെങ്കി അമ്മച്ചി നാണംകെട്ട് പോയേനെ… മോന് എന്തോ വേണമെന്ന് പറ..

അമ്മച്ചി വാങ്ങിച്ചു തരും..

ഞാനവനെ ചേർത്ത് പിടിച്ചു ചോദിച്ചു..

“ഒറപ്പാന്നോ.. അതോ കള്ളം പറയുവാന്നോ..

അവന് സംശയം..

“ഒറപ്പ്.. മക്കള് ചോദിക്ക്…

ലവൻ വല്ല പുളി മുട്ടായിയും വാങ്ങിച്ചു കൊടുക്കാനേ പറയാവേ ദൈവമേന്ന് മനമുരുകി പ്രാർത്ഥിച്ചു ഞാൻ പറഞ്ഞു…

“എനിക്ക് ശ്രീ ന്ന് എഴുതി പഠിക്കണ്ട.. അതെഴുതാത്തേന് അമ്മച്ചി എന്നെ അടിക്കരുത്…

വീണ്ടും രണ്ട് വട്ടം “എങ്ങനിരിക്കുന്ന്….

ഇഷ്ടപ്പെട്ട വരം കൊടുക്കാൻ റെഡിയായി നിന്ന ഞാൻ ഞെട്ടിപ്പോയി…

ശ്രീ എന്ന അക്ഷരത്തോട് അറപ്പും വെറുപ്പുമുള്ള അവൻ കിട്ടിയ അവസരം മുതലാക്കി..എന്ത് മറുപടി പറയണമെന്ന് എനിക്ക് യാതൊരു പിടിയും കിട്ടിയില്ല… അല്ലെങ്കിൽ തന്നെ ഇനിയെന്തോന്ന് പറയാൻ…

“ഇനി ശ്രീ എഴുതാൻ ഞാൻ പറയുന്നില്ല.. സത്യം..

കൊടുത്ത വാക്കിനു വിലയില്ലാതാവരുതല്ലോ എന്ന് കരുതി മനസ്സില്ലാ മനസോടെ ലവന്റെ മുഖത്തോട്ട് നോക്കിയത് പറയുമ്പോ അവനുണ്ടായൊരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.

“ശ്രീ…. എന്ന അക്ഷരം പഠിപ്പിക്കാത്ത ഏതെങ്കിലും സ്കൂൾ ഈ സംസ്ഥാനത്തിലുണ്ടെങ്കിൽ എന്നോടൊന്നു പറയണേ.. ലവൻ വരുന്ന വർഷം ഒന്നിലോട്ട് പാച്ചാൻ പോകുവാ.. എന്തോ ആയിത്തീരുമെന്ന് ദൈവത്തിനറിയാം…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അബ്രാമിന്റെ പെണ്ണ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top