അവൾ കരയുമോ എന്ന് ഞാൻ ഭയപ്പെട്ടു. അതുകൂടി കാണാനുള്ള ശക്തി ആ നിമിഷം തന്നിലുണ്ടായിരുന്നില്ല

രചന : Jishanth Konolil

“മോഡല് നോക്കി മക്കള് തന്നെ എടുത്തോളും നിങ്ങള് ഇതൊക്കെ വീട്ടിൽ കൊണ്ടുപോയിട്ട് ഏതാ പറ്റിയതെന്നു പറഞ്ഞാൽ മതി”

ഒന്നിന് രണ്ട് രൂപ മുതൽ പതിനെട്ട് രൂപവരെയുള്ള കത്തിന്റെ മോഡലുകളുണ്ട്.

മാളു അവൾക്കിഷ്ടപ്പെട്ടത് ഒന്ന് എടുത്തുകൊണ്ട് പറഞ്ഞു.

“ഇതു മതി അച്ഛാ…. ഹരിയേട്ടന്റെ വീട്ടിലും ഇതേ മോഡൽ കത്ത് തന്നെയാ അടിക്കാൻ കൊടുത്തേ

പിറ്റേന്ന് അഞ്ഞൂറ് കത്ത് അടിപ്പിക്കാൻ ഏൽപ്പിക്കുമ്പോൾ അയാൾ പറഞ്ഞു…”

ഇതൊന്നിന്‌ പതിനഞ്ച് രൂപ വരും.

ഞാൻ പറഞ്ഞില്ലേ, ഇന്നലെ നിങ്ങള് പറഞ്ഞ ആ രണ്ട് രൂപയുടെ കത്തൊന്നും ഇപ്പഴത്തെ കുട്ടികൾക്ക് ഇഷ്ടപ്പെടില്ല. അതിന് മോഡൽ ഒന്നുമില്ലല്ലോ.”

എല്ലാവരേയും വീട്ടിൽ പോയി ക്ഷണിക്കുന്നുണ്ട്,

ദിവസം മറക്കാതിരിക്കാൻ കൊടുക്കുന്ന ഒരു കത്തിന് എന്തിനാണ് ഇത്ര മോഡൽ…!!?

സ്വയമത് മനസ്സിൽ പറഞ്ഞുകൊണ്ട് അയാൾ ബാങ്ക് ലക്ഷ്യമാക്കി നടന്നു.

കയ്യിലുണ്ടായിരുന്ന സ്ഥലത്തിന്റെ ആധാരം പണയപ്പെടുത്തി അവിടെനിന്നും ഇറങ്ങുമ്പോൾ ഒക്കത്ത് വെച്ച കുഞ്ഞു ബാഗ് ഒരല്പം കൂടി വീർത്തിരുന്നു.

ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ ചുറ്റിനും നോക്കി. വേഗം ഒരു ഓട്ടോ പിടിച്ച് ജ്വല്ലറിയിൽ എത്തിയപ്പോഴാണ് ശ്വാസം നേരെ വീണത്.

വീട്ടിലെത്തി ബാഗ് ഭാര്യയെ ഏൽപ്പിച്ച് തോർത്തുമെടുത്ത് നേരെ കുളക്കടവിലേക്ക് ചെന്നു.

ഓരോന്ന് ചിന്തിച്ച് കൽപ്പടവിൽ ഇരുന്നപ്പോൾ നേരം പോയതറിഞ്ഞില്ല.

ദിവസങ്ങൾ പെട്ടെന്ന് കടന്നുപോയി.

ദൂരെയുള്ള ബന്ധുമിത്രദികളെ എല്ലാം ആദ്യം തന്നെ ക്ഷണിച്ചു. അതായിരുന്നു ഏറ്റവും പ്രയാസമുള്ള കാര്യം. എല്ലായിടത്തേക്കും ഞാൻ ഒറ്റക്ക് തന്നെ പോകണം അതും ബസ്സിന്.ചില ഊരു വഴിയിലൂടെ പോകാൻ ഓട്ടോറിക്ഷയും വിളിക്കണം.

ഇനിയുള്ളത് നാട്ടിലാണ് അത് പ്രയാസമുള്ള കാര്യമല്ല.

ഒരു വിധം എല്ലായിടത്തും പറഞ്ഞു. ഇനി ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്നും അറിയില്ല.

ഡ്രെസ്സ് എടുക്കലും,പന്തൽ പണിയും,

സദ്യവട്ടങ്ങൾക്കുള്ള സാധനങ്ങൾ വാങ്ങലും എല്ലത്തിനും കൂടെ ഓടി നടക്കുമ്പോൾ ഒരുതരം പ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു.

വൈകുന്നേരം വന്ന വിഷ്ണുവിന്റെ കൂട്ടുകാർ കയ്യിൽ ഒരു പൊതി തന്ന് യാത്ര പറഞ്ഞ് മടങ്ങിയപ്പോൾ അയാൾ ഓർത്തു.” തന്റെ മകനിപ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ……!”

ഹൈസ്‌കൂളിൽ പഠിക്കുമ്പോഴേ അവനൊരു വാഹനപ്രിയനായിരുന്നു. പ്ലസ്ടു കഴിഞ്ഞ് ബൈക്ക് വേണമെന്ന് പറഞ്ഞപ്പോൾ ആഗ്രഹിച്ചപോലെ അതും വാങ്ങിക്കൊടുത്തു.

എൻ്റെയൊന്നും കാലത്ത് ഒരു സൈക്കിളുപോലും വാങ്ങാൻ കഴിഞ്ഞിട്ടില്ല.

സ്വന്തം മക്കളെങ്കിലും ആഗ്രഹിച്ചപോലെ ജീവിക്കട്ടെ എന്ന് മാത്രമേ അന്ന് ചിന്തിചൊള്ളു.

പക്ഷേ…. അവനതൊരു ആഗ്രഹമായിരുന്നില്ല,

മറിച്ച് ഹരമായിരുന്നു.പലരും ഉപദേശിച്ചു ചിലരൊക്കെ ചീത്ത പറഞ്ഞു.

വീട്ടിൽ നിന്നും ഇറങ്ങുമ്പോഴേ ഞാൻ പറയാറുണ്ട്.

സൂക്ഷിച്ചു പോകണം.. ഇരുമ്പിന് ജീവൻ വെച്ച സാധനമാണതെന്ന്.

അന്ന് പക്ഷേ അപകടമുണ്ടാക്കിയത് റോങ് സൈഡിൽ അമിതവേഗത്തിൽ വന്ന ഒരു കാർ ആയിരുന്നു.

എന്നിട്ടും വിവരമറിഞ്ഞവരൊക്കെ തെറ്റ് അവന്റേതാണെന്ന്‌ മുൻവിധി എഴുതി.

നാല് ദിവസം ഐ. സി. യുവിൽ ജീവശവമായി വേദന മാത്രം സഹിച്ച് ന്റെ കുട്ടി കിടക്കുമ്പോൾ അറിയാതെ പ്രാർത്ഥിച്ചു പോയിട്ടുണ്ട് ആ ജീവനൊന്ന് പോയി കിട്ടിയിരുന്നെങ്കിലെന്ന്..!

പെട്ടന്നാണ് അജിത്ത് വന്ന് വിളിച്ചത്.

“നീ കരയുവാണോ…നിന്റെയൊരു കാര്യം….!

ചെന്ന് കുറച്ചു സമയം കിടക്കാൻ നോക്ക്.

ഇവിടുത്തെ കാര്യങ്ങളൊക്കെ ഞങ്ങള് നോക്കിക്കോള്ളാം.”

കസേരയിൽ ഇരുന്ന് ഒന്ന് കണ്ണ് മാളിയപ്പോഴേക്കും നേരം വെളുത്തിരുന്നു. മുഹൂർത്തം നേരത്തെ ആയതുകൊണ്ട് എല്ലാവരുടെയും കുളിയും ഒരുക്കവുമൊക്കെ കഴിഞ്ഞിട്ടുണ്ട്.

താലികെട്ട് കഴിഞ്ഞ് ഇറങ്ങാൻ നേരം അവൾ കരയുമോ എന്ന് ഞാൻ ഭയപ്പെട്ടു. അതുകൂടി കാണാനുള്ള ശക്തി ആ നിമിഷം തന്നിലുണ്ടായിരുന്നില്ല

പക്ഷേ എല്ലാവരെയും ആശ്ചര്യപ്പെടുത്തി ചിരിച്ചുകൊണ്ടാണവൾ പടിയിറങ്ങുന്നത്.

ഈ കല്യാണ വേഷത്തിൽ മിന്നുന്ന സ്വർണ്ണ പ്രഭയാൽ എത്ര സുന്ദരിയായിരിക്കുന്നു തന്റെ മകൾ.

അനുസരണയില്ലാതെ കടന്നുവന്ന കണ്ണുനീരിനെ ഒരു നിമിഷം മിഴിക്കോണിൽ ഒളിപ്പിച്ച് അവളെ അയാൾ യാത്രയാക്കി.

മാസങ്ങൾ പിന്നിട്ടു.

അവൾക്ക് വിശേഷമുണ്ടെന്നറിഞ്ഞപ്പോൾ അതിയായ സന്തോഷം തോന്നി.

ഒൻപതാം മാസം കൂട്ടിക്കൊണ്ട് വരുന്ന ചടങ്ങിന് പോകുമ്പോൾ വീട്ടിലേക്ക് എന്തെങ്കിലും കൊടുക്കുന്ന ഒരു പതിവുണ്ട്.

എന്താണ് വേണ്ടതെന്ന് അവളോട് തന്നെ വിളിച്ചു ചോദിച്ചു.

“എ. സി മതി…ഇവിടെ നല്ല ചൂടാണ് ”

അവളത് പറയുമ്പോൾ ഞാൻ അമ്മുവിന്റെ കാര്യമോർത്തു.

റൂമിലേക്ക് ഒരു ഫാൻ വേണമെന്ന് അവൾ പറഞ്ഞിരുന്നു.ഇതുവരെ അതുപോലും വാങ്ങിക്കൊടുക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം.

ഇപ്പോൾ തന്നെ കടത്തിന്മേൽ കടമാണ്.

കല്യാണത്തിന് കിട്ടിയ പണം ചിലവും കഴിഞ്ഞ് ബാങ്കിലെ നാല് അടവിനെ ഉണ്ടായിരുന്നുള്ളു.

പണയപ്പെടുത്തിയ സ്ഥലം വിൽക്കാം എന്ന് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു.

“നാളെ ഒന്നിനെകൂടി കെട്ടിച്ചയക്കാൻ ഉള്ളതാണെന്ന് മറക്കണ്ട…”

കുറച്ചു പണം രണ്ട് സുഹൃത്തുക്കളോട് കടം വാങ്ങി ഒരു എ. സി യും അമ്മുവിന്റെ റൂമിലേക്ക് ഒരു ഫാനും വാങ്ങി.

പിന്നെയും പ്രസവം വരെ ചിലവുകൾ തന്നെയായിരുന്നു.

പതിയെ ഓരോ കടങ്ങളായി വീട്ടി തീർക്കുമ്പോഴാണ് ഹരി സ്വന്തമായി ഒരു ഷോപ്പ് തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്നും, അച്ഛൻ കാര്യമായി എന്തെങ്കിലും സഹായിക്കണമെന്നും പറഞ്ഞ് അവൾ വിളിച്ചത്.

നിവൃത്തിയില്ലാതെ അവസ്ഥ അവളെ വിളിച്ചറിയിക്കാൻ ഭാര്യയോട് തന്നെ പറഞ്ഞു.

ഇനി പണയപ്പെടുത്താൻ ഈ വീടുകൂടിയെ ബാക്കിയൊള്ളു… എല്ലാ കടങ്ങളും തീർക്കാൻ ഞാനൊരാളും.

എല്ലാം അവൾ മോളോട് പറഞ്ഞപ്പോൾ അവൾ പറഞ്ഞു.

“മതി പ്രാരാബ്ദം പറഞ്ഞത്. ആരാ സ്ഥലം പണയപ്പെടുത്താൻ അച്ഛനോട് പറഞ്ഞത്…?

ഇനി ഞങ്ങളായിട്ട് ഒന്നിനും വരുന്നില്ല അങ്ങോട്ട്…”

സ്പീക്കറിൽ അവളുടെ മറുപടികൾ ഓരോന്നായി കേട്ടുകൊണ്ട് ഉമ്മറത്തെ ചാരുകസേരയിൽ ചാരിയിരുന്നുകൊണ്ടയാൾ കണ്ണീർ വാർക്കുന്നുണ്ടായിരുന്നു.

“ഏത്‌ കാലഘട്ടമായാലും മക്കൾ അറിഞ്ഞു വളരേണ്ടതൊക്കെ അറിഞ്ഞു തന്നെ വളരണം.

ഇല്ലെങ്കിൽ അച്ഛനായാലും അമ്മയായാലും നാളെ അതിന്റെ വിപരീതഫലം നാം തന്നെ അനുഭവിക്കേണ്ടിവരും.”

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Jishanth Konolil