അമ്മക്ക് ഞാൻ ഇവിടുന്നു പോകുന്നതാണ് സന്തോഷമെങ്കിൽ അതിനും ഞാൻ തയ്യാറാണ്..

രചന : മഹാ ദേവൻ

കുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ ആയിരുന്നു അന്നും ആ വീട്ടിൽ ബഹളം.

“ഒന്ന് പ്രസവിക്കാൻ പോലും കഴിയാത്ത നിന്നെ ഒക്കെ എന്തിന് കൊള്ളാടി. ഒന്ന് പെറാൻ പോലും കഴിയാത്ത നീ കെട്ടിക്കേറി വന്ന് തകർത്തത് എന്റെ മോന്റെ ജീവിതം ആണ്.

എത്ര ആഗ്രഹിച്ചതാ ഞാൻ ഈ വീട്ടിൽ ഒരു കുഞ്ഞിക്കാല് ഓടി നടക്കുന്നത് കാണാൻ .

പക്ഷേ, നിന്നെക്കൊണ്ട് അതിനൊന്നും കൊള്ളില്ലല്ലോ. ന്നാ ശല്യം ഒഴിഞ്ഞുപോകോ അതും ഇല്ല.

നീ കാരണം അറ്റുപോകുന്നത് ഈ കുടുംബത്തിന്റ വേരാണ്.

ഇങ്ങനെ പെറാതെ മച്ചിയായി അവന്റെ ജീവിതം കൂടി തുലക്കാതെ പോയി ചത്തൂടെടി നിനക്ക് ”

നാലുപാടും ഉള്ള വീടുകളിലെ ആളുകളെല്ലാം കേൾക്കെ ഉറഞ്ഞുതുള്ളുന്ന അമ്മക്ക് മുന്നിൽ നിസ്സഹായതയോടെ കരയാനേ ദേവികക്ക് കഴിഞ്ഞുള്ളു.

ആ വീട്ടിൽ നിന്ന് അവളെ എങ്ങനെയെങ്കിലും ഒഴിവാക്കി മകനെ കൊണ്ട് വേറെ പെണ്ണ് കെട്ടിക്കാം എന്ന് ചിന്തിക്കുന്ന ഭവാനിക്ക് ദേവിക ചെയ്യുന്ന പണികളിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റങ്ങൾ ആയിരുന്നു.

ആ കുറ്റം പറച്ചിൽ എന്നും ചെന്നെത്തുന്നത് എപ്പോഴും അവളുടെ മാതൃത്വത്തെ ചോദ്യം ചെയ്യുന്നതിലും ആയിരുന്നു.

“അമ്മേ, ഞാൻ എന്ത് ചെയ്തിട്ടാ എന്നെ ഇങ്ങനെ ക്രൂശിക്കുന്നത്. നാലുപാടും ഉള്ളവർക്ക് കേൾക്കാൻ പാകത്തിൽ അമ്മ ഇങ്ങനെ ഉറക്കെ എന്നെ മച്ചി എന്നൊക്കെ വിളിക്കുമ്പോൾ എന്റെ സങ്കടം അമ്മ ഒന്ന് ആലോചിച്ചു നോക്ക്. അമ്മയും ഒരു പെണ്ണല്ലേ.

ഞാൻ പ്രസവിക്കാത്തത് മനപ്പൂർവം ഒന്നുമല്ലല്ലോ.

എനിക്കതിനുള്ള യോഗം ഈശ്വരൻ തന്നില്ല.

അങ്ങനെ ഒരു കഴിവ് എനിക്ക് ദൈവം തരാത്തതിൽ ഞാൻ എന്ത് തെറ്റ് ചെയ്തു. ഈ ലോകത്ത് എത്രയോ പെണ്ണുങ്ങൾ ഇല്ലേ പ്രസവിക്കാത്തവരായിട്ട്. ഞാൻ മാത്രമല്ലല്ലോ അമ്മേ.

ഇനി അമ്മക്ക് ഞാൻ ഇവിടുന്നു പോകുന്നതാണ് സന്തോഷമെങ്കിൽ അതിനും ഞാൻ തയ്യാറാണ്..

അമ്മ പറയുന്ന പോലെ ഏട്ടന്റെ ജീവിതത്തിൽ കടിച്ചു തൂങ്ങി കിടക്കുന്നതല്ല ഞാൻ. എനിക്ക് നിങ്ങളൊക്കെ അല്ലെ ഉള്ളൂ ”

അവളുടെ കണ്ണുകളിൽ നിന്നും നിറഞ്ഞൊഴുകുന്ന കണ്ണുനീർ തറയിൽ വീണ് തെറിക്കുബോൾ ഭവാനിക്ക് യാതൊരു കുലുക്കവും ഇല്ലായിരുന്നു.

കരയുന്ന ദേവികയെ നോക്കി പുച്ഛത്തോടെ ഒന്ന് പുറത്തേക്ക് നീട്ടിത്തുപ്പി അവർ.

” തുഫ്…. എരണം കെട്ടവള് തുടങ്ങി പൂങ്കണ്ണീര് ഒലിപ്പിക്കാൻ. നിന്റെ ഈ ഒലിപ്പിക്കൽ കണ്ടാലൊന്നും ഞാൻ അലിയില്ല മോളെ, അതൊക്കെ ചിലവാകും നിന്റെ കെട്ടിയോൻ ആ കൊന്തന്റെ അടുത്ത്. അവനു കുട്ടിയും വേണ്ട കുടുംബവും വേണ്ട, ഈ രംഭയെ മാത്രം മതി എന്ന് പറയുന്ന പോലെ വളച്ചൊടിച്ചു വെച്ചിരികുവല്ലേ മടിക്കുത്തിൽ. പിന്നെ എങ്ങനെ നല്ല കാലം ഉണ്ടാകാനാ.. ”

ഇനിയും എന്തെങ്കിലും പറഞ്ഞാൽ അമ്മയുടെ വായിൽ നിന്നും കൂടുതൽ ആവശ്യമില്ലാത്ത സംസാരങ്ങൾ ഒക്കെ വരും എന്ന് അറിയാവുന്നത് കൊണ്ട് അവൾ കരഞ്ഞുകൊണ്ട് പതിയെ അകത്തേക്ക് പിൻവാങ്ങി.

രാത്രി പണി കഴിഞ്ഞു കേറി വന്ന സഹദേവന് മുന്നിൽ കാര്യം അവതരിപ്പിക്കുമ്പോൾ അവളുടെ ആവശ്യം ഒന്നുമാത്രം ആയിരുന്നു.

ദേവേട്ടാ. ഞാൻ ഒരു കാര്യം പറഞ്ഞാൽ മറുത്തൊന്നും പറയരുത്. നമുക്ക് പിരിയാം .. ”

അവൾ അത് പറഞ്ഞപ്പോൾ തന്നെ അവൻ കൈ ഉയർത്തിതടഞ്ഞു

“എടി നീ…. ”

ആ വാക്കുകൾ മുഴുവനാക്കാൻ സമ്മതിച്ചില്ല അവൾ…

“ദേവേട്ടാ.. ഞാൻ പറഞ്ഞല്ലെ മറുത്തൊന്നും പറയരുത് എന്ന് . കൂടെ ദേഷ്യപ്പെട്ട് മറ്റുള്ളവരെ ഈ രാത്രി തന്നെ ഇത് അറിയിക്കേണ്ട.

ഞാൻ പറയുന്നത് കുറച്ച് സമാധാനത്തോടെ കേട്ട് ആലോചിക്കണം.

അമ്മ പറയുംപോലെ എന്നെ കൊണ്ട് ദേവേട്ടന് ഒരു കുട്ടിയെ നൽകാൻ കഴിയില്ല.. ഞാൻ… ഞാൻ ഒരു മച്ചിയാണ്…

ഇവിടെ അമ്മ ഏറെ ആഗ്രഹിക്കുന്നതും ഒരു കുഞ്ഞിന് വേണ്ടിയാണ്. അത് കാണാനുള്ള യോഗമില്ല എന്നതാണ് അമ്മയെ കൊണ്ട് ഇത്രയൊക്കെ പറയിപ്പിക്കുന്നതും.

എനിക്ക് നൽകാൻ കഴിയാത്തതും കുഞ്ഞിനെ ആണ്. അതുകൊണ്ട് ഏട്ടൻ വേറെ ഒരു വിവാഹം കഴിക്കണം. അത് അമ്മക്കും സന്തോഷമാകും.

എന്റെ കാര്യം നോക്കണ്ട… ഏട്ടനൊരു നല്ല ജീവിതം ഉണ്ടായി കാണാനാണ് എന്റെയും ആഗ്രഹം.

അമ്മ പറയുന്നത് പോലെ അതിനിപ്പോ തടസ്സം ഞാൻ ആണ്. ആ എനിക്കും ഈ കാര്യത്തിൽ സന്തോഷമേ ഉള്ളൂ. അതുകൊണ്ട് കൂടുതൽ ഒന്നും ആലോചിക്കാതെ നാളെ എന്നെ എന്റെ വീട്ടിൽ കൊണ്ടു വിടണം.

രണ്ട് പേർക്കും പൂർണ്ണ സമ്മതം ആണെങ്കിൽ ഡിവോഴ്സ് കിട്ടാൻ കാലതാമസം ഉണ്ടാകില്ല.

എന്നിട്ട് ഒരു വിവാഹം കഴിച്ച് കുട്ടികളൊക്കെ ആയി ജീവിക്കണം. അത് അമ്മയ്ക്കും ഒത്തിരി സന്തോഷം ആകും. ”

അവൾ ചിരിയോടെ പറഞ്ഞ് നിർത്തുമ്പോൾ അവനറിയാമായിരുന്നു അവളുടെ ഉള്ളിലിപ്പോൾ ഒരു കടൽ തന്നെ അലതല്ലി കരയുന്നുണ്ടെന്ന്.

അവളുടെ ഓരോ വാക്ക് കേൾക്കുമ്പോഴും അത് അത്ഭുതത്തോടെ ആണ് അവൻ കേട്ടതും.

ഉള്ളിൽ കരഞ്ഞിട്ട് പുഞ്ചിരിയോടെ അവൾക്കിതെങ്ങനെ പറയാൻ കഴിയുന്നു.

അവൻ മറുത്തൊന്നും പറയാതെ അവളെ ചേർത്ത് പിടിച്ച് ആ മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി.

രാവിലെ മുറ്റം അടിച്ചുവാരുന്ന ഭവാനിക്ക് മുന്നിലേക്ക് പെട്ടിയും തൂക്കി ഇറങ്ങുന്ന ദേവികയെ കണ്ടപ്പോൾ ആശ്ചര്യമായിരുന്നു.

അടുത്തേക്ക് വരുന്ന അവളുടെ മുഖത്തേക്ക് തന്നെ കുറ്റിച്ചൂലും പൊക്കിപ്പിടിച്ചു ഗർവ്വോടെ നിൽക്കുന്ന അമ്മയുടെ കാൽ തൊട്ട് നിറുകയിൽ വെച്ചുകൊണ്ട് ദേവിക പറഞ്ഞു,

” ഞാൻ പോവുകയാണ് അമ്മേ… അമ്മയുടെ ആഗ്രഹം പോലെ ഏട്ടന്റെ ജീവിതം മുടക്കാൻ ഇനി ഞാൻ ഉണ്ടാകില്ല. ”

അത്രയും പറഞ്ഞു തിരിഞ്ഞ അവൽക്കരികിലേക്ക് സഹദേവനും അകത്തു നിന്ന് എത്തി.

അവളോട് വണ്ടിയിലേക്ക് നടന്നുകൊള്ളാൻ പറഞ്ഞ് അവൻ പതിയെ അമ്മയുടെ മുഖത്തേക്ക് നോക്കി,

” ഇപ്പോൾ അമ്മക്ക് സമാധാനം ആയല്ലോ.

അവളിവിടെ ഉള്ളതായിരുന്നല്ലോ അമ്മയുടെ പൊറുതികേട്‌. ഇന്നത്തോടെ ആ ശല്യവും തീർന്നു.

സന്തോഷമായില്ലേ.

പിന്നെ അമ്മക്ക് ഇവളെ കളഞ്ഞിട്ട് ഞാൻ പുതിയ ഒരു പെണ്ണ് കെട്ടണം എന്നായിരുന്നല്ലോ ആഗ്രഹം.

അപ്പൊ അമ്മയുടെ ആഗ്രഹം തന്നെ നടക്കട്ടെ…

മകൻ ആ പറഞ്ഞ വാക്കുകൾ ഭവാനിയെ ഒരുപാട് സന്തോഷിപ്പിച്ചെങ്കിലും അത് പുറത്തു കാണിക്കാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു അവർ.

” പിന്നെ ഒരു കാര്യം.. അമ്മ ഒരിക്കൽ പറഞ്ഞ പെണ്ണിന്റെ കഴുത്തിൽ ആണ് ഞാൻ താലി കെട്ടിയത്. അന്ന് അറിയില്ലല്ലോ ഇവൾക്ക് കുട്ടികൾ ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം… ചൂന്നു നോക്കാൻ ഇത് ചക്കയൊന്നും അല്ലല്ലോ..

അതുകൊണ്ട് ഇനി അമ്മ എനിക്കായി ഒരു പെണ്ണിനെ കണ്ട് പിടിക്കുമ്പോൾ ഒരു കാര്യം കൂടി കൊണ്ടുവരണം.

അവൾ പ്രസവിക്കും എന്ന് ഉറപ്പിക്കാനുള്ള ഒരു സെര്ടിഫിക്കറ്റ്.

ലാബിൽ പോയി നോക്കിയോ ഡോക്ടറെ കണ്ടോ എങ്ങനെ ആയാലും വേണ്ടില്ല,പ്രസവിക്കും എന്ന ഉറപ്പ് വേണം എനിക്ക്. അല്ലാതെ ഇനി ഒന്നിനെ കെട്ടി അവളും പ്രസവിച്ചില്ലെങ്കിൽ പിന്നെ അവളെയും ഉപേക്ഷിച്ചു വേറെ പെണ്ണിനെ കെട്ടാൻ പറയുമല്ലോ അമ്മ. അതുകൊണ്ട് പ്രസവിക്കാൻ കഴിയുമെന്ന സെര്ടിഫിക്കറ്റുമായി ഒരു പെണ്ണിനെ അമ്മ കണ്ട് പിടിക്ക് ”

മകന്റെ നിബന്ധന കേട്ട് വാ പൊളിച്ച് നിൽക്കുകയായിരുന്നു ഭവാനി…

“അതെങ്ങനെ പറ്റും. ഏതെങ്കിലും അന്തസ്സുള്ള വീട്ടുകാർ സമ്മതിക്കുമോ ഇങ്ങനെ ഒക്കെ. ഏതെങ്കിലും വീട്ടിൽ കേറി ചെന്ന് പെണ്ണ് ചോദിക്കുമ്പോൾ മകള് പ്രസവിക്കും എന്ന് തെളിയിക്കുന്ന സെർട്ടിഫിക്കറ്റ് വേണമെന്ന് പറയാൻ പറ്റുമോ. ഉള്ള അന്തസ്സ് കളഞ്ഞുകൊണ്ട് ഏതെങ്കിലും വീട്ടിൽ കേറി ചോദിക്കാൻ പറ്റുന്ന കാര്യമാണോ ഇത് ”

അമ്മയുടെ സംശയങ്ങൾക്ക് മറുപടി ആയി പറയാൻ അവന് ഒന്നേ ഉണ്ടായിരുന്നുള്ളൂ,

“അന്തസ്സിന്റെ കാര്യമൊന്നും അമ്മ പറയണ്ട.

ഞാൻ പറഞ്ഞ പോലെ പ്രസവിക്കുമെന്ന് തെളിയിക്കുന്ന സെർടിഫിക്കറ്റ് കൊണ്ട് അമ്മ ഒരു പെണ്ണിനെ ചൂണ്ടിക്കാണിച്ചാൽ അന്ന് നോക്കാം എന്റെ രണ്ടാംകെട്ടിന്റെ കാര്യം. അമ്മ ആലോചിക്ക് അമ്മയുടെ അടുത്ത മരുമോൾ ആകാൻ യോഗമുള്ള ആ നിർഭാഗ്യയായ പെണ്ണിനെ കുറിച്ച്.

അത് വരെ ഞാൻ ഉണ്ടാകും ടൗണിൽ ഒരു വാടകവീട്ടിൽ. , എന്റെ ഭാര്യയുമൊത്ത്‌ ”

അതും പറഞ്ഞവൻ കാറിനടുത്തേക്ക് നടക്കുമ്പോൾ എന്ത് പറയണമെന്ന് അറിയാതെ അന്തം വിട്ട് നിൽക്കുന്നുണ്ടായിരുന്നു ഭവാനിയമ്മ.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മഹാ ദേവൻ