തന്നെ കാണാൻ ഒരാൾ വെയിറ്റ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ വേദ അമ്പരപ്പിൽ ആയിരുന്നു…

രചന : മഹാദേവൻ

” എടി മോളെ, ഇന്നും നീ ഹോസ്പിറ്റലിൽ പോവാണോ? നിന്നോട് ഞാൻ പറഞ്ഞതല്ലേ ഇന്നൊരു ദിവസം ലീവ് എടുക്കണം, നിന്നെ കാണാൻ ഒരു കൂട്ടർ വരുന്നുണ്ട് എന്നൊക്കെ. പിന്നെ ഇതെന്തൊരു പോക്കാടി ഇനി അവര് വന്നാൽ ഞാൻ എന്ത് പറയണം? ”

അമ്മ അല്പം ദേഷ്യത്തോടെ ആണ് ചോദിക്കുന്നതെന്ന് അറിയാമെങ്കിലും അതിനുള്ള മറുപടി ഒരു ചിരിയിലൊതുക്കിക്കൊണ്ട് വേദ പോകാനുള്ള ഒരുക്കത്തിൽ മുഴുകി.

” നീയിതിങ്ങനെ ഒന്നും പറയാതെ ചിരിച്ചുനിന്നാൽ ഞാൻ എന്ത് പറയും അവരോട്.. നിന്നോട് ചോദിച്ചിട്ടല്ലേ ഞാൻ ആ കൂട്ടരോട് വരാൻ പറഞ്ഞത്. എന്നിട്ടിപ്പോ അവര് വരാൻ നേരം നീ നിന്റ പാട്ടിന് പോയാൽ എങ്ങനാ… എന്താ ഈ നാട്ടിൽ നീ മാത്രേ നേഴ്സ് ആയുള്ളോ ”

അമ്മ അല്പം കാര്യഗൗരവത്തോടെ ചോദിക്കുമ്പോൾ അവൾ ബാഗുമെടുത്തു അമ്മയ്ക്ക് നേരെ തിരിഞ്ഞു.

” എന്റെ അമ്മേ… ഈ ലോകത്ത് നേഴ്സ് ആയിട്ട് ഞാൻ മാത്രമല്ല ഉള്ളത്. പക്ഷേ, ഞാൻ ചെയ്യേണ്ട ജോലി ഞാൻ തന്നെ ചെയ്യണ്ടേ. ഈ ജോലിക്ക് അതിന്റേതായ ഒത്തിരി ഉത്തരവാദിത്തങ്ങൾ ഇല്ലേ അമ്മേ. ലീവ് എടുക്കണമെന്ന് കരുതിയാൽ പോലും ചിലപ്പോൾ വിചാരിക്കുന്ന ടൈമിൽ കിട്ടിക്കൊള്ളണം എന്നില്ല.

പ്രത്യേകിച്ച് ഇപ്പോഴത്തെ ഈ അവസ്ഥയിൽ. നാട്ടിൽ മൊത്തം രോഗികളാ.. കൂടെ വർക്ക്‌ ചെയ്യുന്നവർ പലരും ഇതേ അവസ്ഥയിൽ ആണ്. ഓവർടൈം എടുത്താൽ പോലും തീരാത്ത പണിയുള്ള ഈ സമയം ലീവെന്നും പറഞ്ഞ് ചെന്നാൽ മതി. ഇപ്പോൾ എടുത്ത് തരും.

പിന്നെ പെണ്ണ് കാണൽ.. അതിപ്പോ ഇന്നല്ലെങ്കിൽ നാളെ ആകാം. അല്ലെങ്കിൽ എന്റെ ഫോട്ടോ ഉണ്ടല്ലോ.. അത് കാണിച്ചുകൊടുക്കൂ. പിന്നെ സമയം പോലെ നേരിൽ കാണാലോ.

അതുകൊണ്ട് ഫോട്ടോ കൊടുത്തിട്ട് അമ്മ അവരോട് കാര്യം പറയുക. ഒരു നേഴ്സിന്റെ അവസ്ഥയും ഉത്തരവാദിത്വവും പറഞ്ഞാൽ മനസ്സിലാകുന്നവർ ആണെങ്കിൽ അവർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി പിന്നെ ഒരിക്കൽ വരാമെന്നു പറയും. അല്ലാത്തവർ ആണെങ്കിൽ പിന്നെ ആ ബന്ധത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ടല്ലോ. ഒരു ദിവസം പോലും അട്ജെസ്റ്റ് ചെയ്യാൻ പറ്റാത്തവർക്കൊപ്പം ഒരു ആയുഷ്ക്കാലം ജീവിക്കേണ്ട ഒരു അവസ്ഥ വന്നാൽ. ന്റെ പൊന്നോ…. ”

അതും പറഞ്ഞ് വേദ പതിയെ അമ്മയുടെ കവിളിൽ പിടിച്ചൊന്ന് കൊഞ്ചിച്ചുകൊണ്ട് വേഗം പുറത്തേക്കിറങ്ങി ഓടുമ്പോൾ അവളുടെ ആ ഓട്ടത്തെ കൺകുളിർക്കെ നോക്കി നിൽക്കുകയായിരുന്നു ആ അമ്മ.

” എന്താ സിസ്റ്ററെ ഇന്നും ലേറ്റ് ആണോ ”

അവളിൽ നിന്നും കാശ് വാങ്ങി ടിക്കറ്റ് ചീന്തിക്കൊടുക്കുമ്പോൾ കണ്ടക്റ്ററുടെ ചോദ്യം കേട്ട് വേദ ഒന്ന് പുഞ്ചിരിച്ചു. പിന്നെ പുറത്തെ കാഴ്ചകളിലേക്ക് മിഴിയൂന്നി.

” സിസ്റ്ററെ.. ഹോസ്പിറ്റൽ എത്തി, ഇറങ്ങുന്നില്ലേ? ”

കണ്ടക്റ്ററുടെ ചോദ്യം കേട്ട് ആയിരുന്നു അവൾ മയക്കത്തിൽ നിന്നും ഉണർന്നത്. എന്തോക്കെയോ ചിത്തിച്ചുകൊണ്ട് ഇരുന്ന് മയങ്ങിപോയത് അറിഞ്ഞിരുന്നില്ല. അവൾ പെട്ടന്ന് എഴുനേറ്റ് ഒരിക്കൽ കൂടി കണ്ടക്ടർക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് ബസ്സിൽ നിന്നും ഇറങ്ങി വേഗം ഹോസ്പിറ്റലിലേക്ക് നടന്നു.

പിന്നെ പഞ്ച് ചെയ്തു ഡ്യൂട്ടിക്ക് കയറുമ്പോൾ രോഗികളെ കൊണ്ട് നിറഞ്ഞിരുന്നു ഹോസ്പിറ്റൽ.

” എന്താടി, ലേറ്റ് ആയല്ലോ. എന്നാ പറ്റി ”

അന്നയുടെ ചോദ്യം കേട്ട് വേദ ഒന്നുമില്ലെന്ന് ചുമലിളക്കി കാണിച്ചു . പിന്നെ ജോലിയിലേക്ക് മുഴുകി.

അന്ന് പതിവിൽ കൂടുതൽ രോഗികൾ ഉള്ളതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ സമയം മൂന്ന് മണിയായിരുന്നു . കഴിച്ച് പാതിയെത്തുംമുന്നേ അടുത്തേക്ക് വന്ന ലീനസിസ്റ്റർ ” തന്നെ കാണാൻ ഒരാൾ വെയിറ്റ് ചെയ്യുന്നുണ്ട് ” എന്ന് പറഞ്ഞപ്പോൾ വേദ അമ്പരപ്പിൽ ആയിരുന്നു. ആരായിരിക്കും എന്നെ കാണാൻ ഹോസ്പിറ്റൽ വന്നത് എന്നിർത്തുകൊണ്ട് കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം പാതിയിൽ നിർത്തി കൈ കഴുകി കോറിഡോറിന്റെ അടുത്തെത്തുമ്പോൾ ഇതുവരെ കാണാത്ത ഒരു മുഖമായിരുന്നു മുന്നിൽ.

” എന്നെ അന്വോഷിച്ചൊരാൾ വന്നിട്ടുണ്ടെന്ന് പറഞ്ഞത് ഇയാൾ ആണോ ”

” അതെ…. എന്റെ പേര് വരുൺ. പേര് പറഞ്ഞാ അറിയാൻ വഴിയില്ല.. ഇന്ന് തന്നെ പെണ്ണ് കാണാൻ വന്നത് ഞാൻ ആയിരുന്നു. വീട്ടിൽ എത്തിയപ്പോൾ പറഞ്ഞു ഹോസ്പിറ്റലിൽ പോയെന്ന്. എന്നാ പിന്നെ ഒന്ന് നേരിൽ കണ്ട് സംസാരിച്ചിട്ട് പോകാമെന്നു കരുതി. വിരോദനമില്ലെങ്കിൽ…… ”

അവന്റ എളിമയോടെയുള്ള സംസാരം അവൾക്ക് ഈഷ്ടപ്പെട്ടെങ്കിലും അതൊരു ഹോസ്പിറ്റൽ ആണെന്നത് കൊണ്ട് അവൾ ഒന്നേ പറഞ്ഞുള്ളൂ,

” വിരോധമുണ്ട് . അത് വേറൊന്നും കൊണ്ടല്ല, ഇതൊരു ഹോസ്പിറ്റൽ ആണ്. ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഇവിടെ ആവശ്യമില്ലാതെ ഇങ്ങനെ നിൽക്കുന്നത് പോലും തെറ്റാണ്. അത് നിങ്ങളോടുള്ള വിരോധം കൊണ്ട് പറയുന്നതല്ലാട്ടോ. നിങ്ങടെ കൂടി സേഫ്റ്റിക്ക് വേണ്ടിയാണ്

ഓരോ രോഗികളും ഇവിടെ നിന്ന് പോകുമ്പോൾ, സ്നേഹത്തോടെ ” വരട്ടെ മോളെ ” എന്ന് പറയുമ്പോൾ ഞങ്ങൾ പ്രാർത്ഥിക്കുന്നത് ഒരിക്കലും ഇനി ഇങ്ങോട്ട് വരരുതേ എന്നാണ്. അത് ഞങ്ങൾക്ക് ജോലിഭാരം കൂടും എന്നുള്ളത് കൊണ്ടല്ല. ഓരോ രോഗിയും ഇവിടെ നിന്ന് പോകുമ്പോൾ വീണ്ടും രോഗിയായി അവരെ കാണാതിരിക്കാനുള്ള ആഗ്രഹം കൊണ്ടാണ്.

പറഞ്ഞുവന്നത് എന്താന്ന് വെച്ചാൽ,

എന്നെ കണ്ടല്ലോ… അപ്പൊ കൂടുതൽ നേരം ഇവിടെ നിൽക്കണ്ട .

ഇനി എന്നെ കുറിച്ച് എന്തേലും അറിയാൻ ഉണ്ടെങ്കിൽ എന്റെ ഫോട്ടോ കയ്യിൽ ഇല്ലേ. അതിൽ എന്റെ അമ്മയുടെ ഫോൺനമ്പർ ഉണ്ട്. വൈകീട്ട് അതിൽ വിളിച്ചാൽ തുറന്ന് സംസാരിക്കാം. പിന്നെ ഒന്ന് മാത്രം ഓർത്താൽ മതി. എന്റെ ജോലി ഇതാണ്. ഈ ജോലിയിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്ന ആളാണ്‌ ഞാൻ.

അതുകൊണ്ട് തന്നെ എന്നെ പോലെ എന്റെ തൊഴിലിനേയും അംഗീകരിക്കാൻ കഴിയുന്ന ഒരാളെ ആണ് ഞാൻ ആഗ്രഹിക്കുന്നത്.

പിന്നെ എല്ലാം ഒക്കെ പറഞ്ഞ് വിവാഹവും കഴിച്ച് നാല് മാസം കഴിയുമ്പോൾ, നാല് നൈറ്റ്‌ഡ്യൂട്ടി അടുപ്പിച്ചുവന്നാൽ നാളെ ഇതൊരു കുറവായി തോന്നിയാൽ…. അന്ന് ഞാൻ ഒഴിവാക്കും… ജോലിയല്ല, ജോയ്ൻന്റ് ആക്കിയ ആ ബന്ധം. ”

അവൾ ചിരിയോടെ ആണ് അത് പറഞ്ഞതെങ്കിലും വരുണിന് മനസ്സിലായി ആ വാക്കുകളിൽ ചെയ്യുന്ന ജോലിയോടുള്ള ഇഷ്ട്ടവും ആത്മാർത്ഥതയും. ഓരോ വാക്കിലും അത് തെളിയുന്നുണ്ടായിരുന്നു.

അവൾ പറഞ്ഞതെല്ലാം കേട്ട് ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൻ പതിയെ അവിടെ നിന്നും പിൻവാങ്ങാൻ തുടങ്ങുമ്പോൾ ഒന്ന് മാത്രം പറഞ്ഞു

” തന്റെ അമ്മ ഫോട്ടോ തന്നിരുന്നു. അതിൽ ഫോൺനമ്പറും ഉണ്ട്. വൈകീട്ട് വിളിക്കാം.. എന്നോട് സംസാരിച്ചുകഴിഞ്ഞു താല്പര്യം ഉണ്ടെങ്കിൽ അപ്പൊ തന്റെ ഫോൺനമ്പർ തന്നേക്കണം. പിന്നെ ഇടയ്ക്ക് അമ്മയെ ബുദ്ധിമുട്ടിക്കണ്ടല്ലോ.

പിന്നെ ഒരു കാര്യം….

ഞാനും ഒരു നേഴ്സട്ടോ… ഗൾഫിൽ. ഈ ജോലിയിൽ ഒരുപാട് സന്തോഷം കണ്ടെത്തുന്ന ഒരാൾ ആണ്.

അപ്പൊ പറഞ്ഞപോലെ…. ഇനി ഇയാൾ തീരുമാനിക്കൂ…. വൈകീട്ട് വിളിക്കുമ്പോൾ ഫോൺനമ്പർ തരണോ വേണ്ടേ എന്ന് ”

അതും പറഞ്ഞുകൊണ്ട് ചിരിയോടെ വരുൺ പുറത്തേക്ക് നടക്കുമ്പോൾ അവളിൽ ഒരു ജാള്യത ഉണ്ടായിരുന്നു. കൂടെ സന്തോഷം നിറഞ്ഞ ഒരു പുഞ്ചിരിയും !!!

ലൈക്ക് കമന്റ് ചെയ്യണേ…

രചന : മഹാദേവൻ