കണ്ണപ്പന്റെ പെണ്ണിന്റെ ചേല് അന്നാട്ടിലെ പെണ്ണുങ്ങൾക്കാർക്കും ഇല്ലാരുന്നു..

രചന : അയ്യപ്പൻ അയ്യപ്പൻ

കണ്ണപ്പന്റെ പെണ്ണിന്റെ ചേല് അന്നാട്ടിലെ പെണ്ണുങ്ങൾക്കാർക്കും ഇല്ലാരുന്നു… മുഖത്തെ മൂന്ന് ചുഴികൾ അവളെ സുന്ദരിയാക്കി… രണ്ടെണ്ണം രണ്ട് കവിളിലും ഒന്ന് കാക്ക പുള്ളിയുള്ള അവളുടെ താടി ചുഴിയിലും…

കണ്ണപ്പൻ അവളെ മോഹിച്ചു നടന്നത് 5 വർഷങ്ങൾ ആണ്… അയാളിലും 11 വയസ്സ് ചെറുതാണവൾ…. കുഞ്ഞി പെണ്ണ്… തന്റേടം ഉള്ള പെണ്ണ്… കറുത്ത ചുരുണ്ട തിരമാലപോലെ മുടിയുള്ള പെണ്ണ്…

അവളോട് അടങ്ങാത്ത പ്രേമം കാരണം അയാളുടെ ഉറക്കം നഷ്ടപ്പെട്ടിരുന്നു…

അയാളുടെ ഓർമ്മയിലൊക്കെ അവളുടെ ചിരി നിറഞ്ഞു നിന്നു…

അവളും അയാളെ കണ്ടിട്ടുണ്ട്.. ഉശിരുള്ളവൻ..

പണിയെടുക്കുന്നവൻ.. കള്ള് മോന്താൻ തുട്ട് കളയാത്തവൻ… അയാൾ അവളെ കണ്ണിമ വെട്ടാതെ നോക്കുന്നത് അവൾ കണ്ടിട്ടുണ്ട്…

“ഈ പെണ്ണ് കൊള്ളാം “എന്ന് വെറ്റിലയുടെ തുമ്പിൽ കടിച്ചോണ്ട് തമ്പുരാൻ പറയുമ്പോൾ അയാൾ അസ്വസ്ഥയോടെ അവളെ നോക്കുന്നതവൾ കണ്ടിട്ടുണ്ട്..

ഒരിക്കൽ ഒരീസം അവളുടെ അമ്മയ്ക്ക് ചുഴലി ഇളകിയപ്പോൾ കണ്ണപ്പൻ ഓടി വന്നതവൾക്കു ഓർമ്മയുണ്ട്…

പേടിച്ചരണ്ട അവളെ ദയനീയമായൊന്നു നോക്കി അവളുടെ അമ്മയെ വാരിയെടുത്തു കുന്നിൻ ചോട്ടിലെ മുറിവൈദ്യന്റെ അടുത്ത് ഓടുന്നത് കണ്ടിട്ടുണ്ട്….

അവൾക്ക് അയാളോട് സ്നേഹം ഉണ്ടായിരുന്നു…

കനിവ് ഉണ്ടായിരുന്നു… അതുകൊണ്ടാണ് കണ്ണപ്പൻ പെണ്ണ് ചോദിച്ചു വീട്ടിൽ വന്നപ്പോ മുഖത്തെ മൂന്നു ചുഴി വിടർത്തിയവൾ ചിരിച്ചത്….

കണ്ണപ്പനു സ്വന്തമെന്നു പറയാൻ വയലിനപ്പുറമുള്ള തെങ്ങുകൾക്കിടയിലെ ഒരു കുഞ്ഞ് ഒറ്റ മുറി കുടിൽ മാത്രമേ ഉണ്ടായിരുന്നൊള്ളു…

എല്ലാരുമുള്ള ബഹളങ്ങളിൽ നിന്നും കണ്ണപ്പന്റെ പെണ്ണായി വന്നു കേറിയ രാത്രിയിൽ രാത്രിയുടെ നിശബ്ദയിൽ അവൾ അയാളുടെ നെഞ്ചിൽ തല ചേർത്ത് വെച്ചു അമ്മയെ ഓർത്തവൾ വെറുതെ കരഞ്ഞിരുന്നു…

അയാൾക്ക് അമ്മയുടെ സ്നേഹം പരിചയമില്ലാത്തതുകൊണ്ടാണ് കണ്ണ് മിഴിച്ചയാൾ അവളെ നോക്കിയത്..

കണ്ണപ്പൻ അവളെ ഏറ്റവും മൃദുവായി ചുംബിച്ചിരുന്നു.അവളുടെ എണ്ണമയമുള്ള മുഖത്ത് വെറുതെ നോക്കിയിരുന്നു.. ഇരുട്ടിന്റെ ചൂരിൽ അവളുടെ നേർത്ത കിതപ്പിൽ അയാൾ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു…

അവളുടെ ഒരു ചെറു നോവ് പോലും അയാൾക്ക് സഹിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് കപ്പ നുറുക്കിയപ്പോ വിരലിലെ തൊലി ഒരല്പം പോയെന്ന് പറഞ്ഞു ആവലാതിയോടെ അവളുടെ കണ്ണുകളിൽ നോക്കിയത്.

മിക്കപ്പോഴും പാതിരാത്രി നാടും നാട്ടാരും ഉറങ്ങിയ നേരത്തു ദീനം പിടിച്ച ചന്ദ്രൻ വിളറി വെളുത്തു നിൽക്കുന്ന സമയത്ത് അവളും കണ്ണപ്പനും വെറുതെ വയലിനപ്പുറമുള്ള കുന്നിൻ ചെരുവിൽ വെറുതെ പോകും…

അയാൾ അവളെ എടുത്തുയർത്തും…

അവൾ കൂവി വിളിക്കും…

കാറ്റിന്റെ തണുപ്പിൽ അവർ ചേർന്ന് നിൽക്കും….

രാത്രിയിൽ .. ഇരുളിന്റെ നിശബ്ദതയിൽ.. ഇരുട്ടിന്റെ പ്രലോഭനത്തിൽ അയാൾ അവളെ ചേർത്തണയ്ക്കും…. നെറുകയിൽ ചുംബിക്കും…

“ഭഗവതിയുടെ കാവിലെ പൂരത്തിന് ന്നേം കൊണ്ട് പോവോ…”

അവളുടെ ഏറ്റവും നിഷ്കളങ്കമായ മുഖത്തോടെ കണ്ണപ്പനെ നോക്കിയത് പറഞ്ഞപ്പോഴാണ് അയാൾ അവളെ നോക്കി പുഞ്ചിരിച്ചത്…

കണ്ണപ്പൻ അവളുടെ ആഗ്രഹങ്ങളെ മാനിച്ചിരിച്ചിരുന്നു..

അന്നാട്ടിന്നു ആദ്യമായി പട്ടണത്തിൽ പോയ പെണ്ണ് അവളാണ് .. അവളാണ് ആദ്യമായി ടാക്കീസിൽ പോയത്…

അവളാണ് ആദ്യമായ് ചോന്ന കല്ലുള്ളൊരു മുത്തുമാലയിട്ടത്…

അന്നാട്ടിലെ പെണ്ണുങ്ങൾ അവളെ കുശുമ്പോടെ നോക്കി അവർ വയലിനപ്പുറമുള്ള ലോകം കണ്ടിരുന്നില്ല. അവൾ പട്ടണത്തെ പറ്റി പറയുമ്പോൾ അവർ കണ്ണ് തുറിച്ചു നോക്കിയിരിക്കും…

അവൾ പോവുമ്പോൾ ഒളിഞ്ഞും പാത്തും കുന്നായ്മ കുത്തി പറയും

“കണ്ണപ്പനു മൊതലുണ്ട്… കണ്ണപ്പന്റെ കയ്യെ തുട്ടുണ്ട്…. അതോണ്ടാ … ന്റെ ഉടമ്പെറുന്നോൻ നാളത്തേക്ക് വെക്കും എന്നിട്ടവർ കുശുമ്പോടെ അവളെ നോക്കും

ആണുങ്ങൾ അടക്കം പറയും.. “ന്റെ പെമ്പറന്നോത്തിയെ ഞാൻ നാട് ചുറ്റാൻ കൊണ്ട് പോവില്ല

വീട്ടിൽ ഇരുത്തും പെണ്ണുങ്ങൾ ആയാൽ അടങ്ങി കുത്തി വീട്ടിൽ ഇരിക്കണം”

അരിശത്തോടെ അവർ പറയുമ്പോൾ കൂട്ടത്തിലോരുത്തൻ കണ്ണപ്പന്റെ പെണ്ണിനെ മോഹത്തോടെ നോക്കുന്നുണ്ട്… ആർത്തിയോടെ കണ്ണുകൾ കൊണ്ട് ഭോഗിക്കുന്നുണ്ട്… നനഞ്ഞ ചുണ്ടിൽ വല്ലാത്തൊരു ചിരി ചിരിക്കുന്നുണ്ട്…..

അവളെ കാണുമ്പോൾ അയാൾ ഉറക്കെ പാട്ട് പാടും… “കണ്ണപ്പനെവിടെ” എന്ന് വെറുതെ ചോദിക്കും..

വരാലിനെ പിടിച്ചു മൂവന്തിക്ക് വീടിന്റെ പിന്നാമ്പുറത്തു വന്നു “വേണോ” എന്ന് ചോദിക്കും…

അവളപ്പോൾ വല്ലാത്തൊരു ഈർഷ്യയോടെ മുഖം തിരിക്കും… “കടന്നു പോകു” എന്ന് നീരസത്തോടെ പറയും….

അതില്പിന്നെയാണ് അയാൾക്ക് അവളോട് ദേഷ്യം തോന്നിയത്.. വാശി തോന്നിയത്…

കാവിലെ പൂരത്തിന്റെയന്നു അന്തികള്ളിന്റെ ബലത്തിൽ അയാൾ അവളുടെ വീടിന്റെ പിൻവാതിലിലൂടെ കയറുമ്പോൾ ഉറ്റ സുഹൃത്തിന്റെ പെണ്ണ് എന്നതിനപ്പുറം പെണ്ണ് എന്നൊരു വികാരത്തെ നോക്കി അയാൾ മഞ്ഞ പല്ലിളിച്ചു കാണിച്ചു..

ചോന്ന ചേല ചുറ്റി ചോന്ന വട്ട പൊട്ടിട്ട്.. കഴുത്തിൽ മുത്തുമണി മാലയിട്ടു പൂരത്തിന് പോവാൻ കണ്ണപ്പനെ കാത്തിരുന്നവളുടെ മുന്നിൽ…

അവളുടെ അനുവാദമില്ലാതെ അയാളുടെ ബലിഷ്‌ഠമായ കരങ്ങളിൽ പിടക്കുമ്പോൾ അവൾക്കു നോവുന്നുണ്ടായിരുന്നു. ചുറ്റി വരിഞ്ഞകൈകൾ കണ്ടു അവൾക്ക് അറപ്പു തോന്നി….

ഒരറ്റ തള്ളിൽ അയാളെ പിടിച്ചു ദൂരേക്ക് തള്ളി മാറ്റുമ്പോൾ അവൾ കിതയ്ക്കുന്നുണ്ടായിരുന്നു.

വിയർപ്പ് നെറ്റിയിൽ പൊടിയുന്നുണ്ടായിരുന്നു…

മെടഞ്ഞ ഓല ചുരുട്ടിൽ നിന്നും വാക്കത്തി എടുത്തു ഉയർത്തി കാണിക്കുമ്പോൾ അയാൾ തികഞ്ഞ നഷ്ടബോധത്തോടെ പുലമ്പികൊണ്ട് ഇറങ്ങിപ്പോയി..

അവൾക്ക് തല ചുറ്റുന്ന പോലെ തോന്നി ചുറ്റും പാമ്പ് ഇഴയുന്ന പോലെ തോന്നി…

പുറത്തു സന്ധ്യയ്ക്ക് മേൽ ഇരുട്ട് പിണയുന്നതിനനുസരിച്ചു ഒറ്റ മുറിയിലെ അവളുടെ ഞരക്കം നേർത്ത നിലവിളിയായി മാറി അതുകേട്ടാണ് കണ്ണപ്പൻ വന്നു കയറിയത്…

അയാളെ പൂണ്ടടക്കം പിടിച്ചുകൊണ്ടു അവളുടെ നേർത്ത കരച്ചിൽ കേട്ടയാൾക്കു നെഞ്ച് പിടഞ്ഞു..

കാലു കുഴഞ്ഞു..

“പെണ്ണിന്റെ മാനത്തിനു മാനത്തോളം വിലയുണ്ടെന്ന്”

പുലമ്പികൊണ്ട് കറ്റ കെയ്യുന്ന ഇരുമ്പ് എളിയിൽ തിരുകി പാമ്പിഴയുന്ന പുൽ വഴിയിലൂടെ കണ്ണപ്പൻ നടന്നു നീങ്ങി..

ദുർനിമിത്തം എന്നോണം പട്ടികൾ ഓലിയിട്ടു ..

ചന്ദ്രൻ കൂടുതൽ മഞ്ഞളിച്ചു… അവൾക്ക് നേരിയ ഭയം തോന്നി… അവളുടെ നെഞ്ചുരുകി കണ്ണ് നീറി.. അവളുടെ പ്രാർത്ഥനകൾ ഒറ്റകുടിലിൽ ഉയർന്നു വന്നു….

************

വയലിറമ്പത്തു ഒരു ശവം തൂങ്ങിയാടുന്നുണ്ട് എന്ന് ബീഡിപുകയൂതി ആരോ പറയുന്ന കേട്ടാണ് അശുഭ ചിന്തകൾ ഒന്നുമില്ലാതെ അവൾ വയലിറമ്പത്തെ ചാഞ്ഞു കിടന്ന മാവിൻ കൊമ്പിന്റെ അടുത്തേക്ക് ഓടി ചെന്നത്.. കാൽ പാദം മണ്ണിൽ പതിഞ്ഞു നിന്നിരുന്ന രൂപത്തിന് കണ്ണപ്പന്റെ ഭാവം …

മഞ്ഞളിച്ച നിലവത്തു കണ്ണപ്പന്റെ പാതിയടഞ്ഞ കണ്ണുകളിലേക്കവൾ നോക്കി… വായ മലർക്കെ തുറന്നു.. വായിൽ ഒന്നും ഒരു വശത്തേക്കു ഒഴുകിയിറങ്ങി ഉണങ്ങി പിടിച്ച ചോര ചാലുകൾ…

അവൾ മുഖം അടുപ്പിച്ചു കണ്ണപ്പന്റെ തണുത്ത നെറ്റിയിൽ ഒന്ന് ചുംബിച്ചു…. ജനനത്തിന്റെയും മരണത്തിന്റെയും ചൊരുക്കിന്‌ ഒരേ ഗന്ധം…

അവളുടെ ചുണ്ട് വിറച്ചില്ല കണ്ണുനീർ പൊടിഞ്ഞില്ല…

പകരം രക്തം തിളച്ചു പൊന്തി… സാവധാനം മുഖം പിന്നിലേക്ക് തിരിച്ചു തീപന്തങ്ങൾ പോലുള്ള അവളുടെ കണ്ണുകൾ ചുറ്റും പരതി..

വീശിയടിച്ച തീപന്തങ്ങൾക്കു നടുവിൽ മരണപ്പെട്ടവന്റെ ദുർവിധിയോർത്തു പതം പറയുന്നവരുടെ ഇടയിൽ രണ്ട് കണ്ണുകൾ വന്യമായി തിളങ്ങി…. കണ്ണപ്പന്റെ എളിയിലെ മൂർച്ചയേറിയ ഇരുമ്പ് കത്തിയെടുത്തവൾ അയാൾക്കരികിലേക്ക് നടന്നു….

ദൂരെ എവിടെയോ പൂരം മേളം കേൾക്കുന്നുണ്ട്….

ഉയർന്നു പൊങ്ങിയ തീപന്തങ്ങൾക്കു നടുവിൽ നിന്നും അയാളെ തള്ളി മാറ്റുമ്പോൾ കൂടെയുള്ളവർ കുതറി മാറി….. പൂര താളം മുറുകുന്നതിന്റെ കൂടെ മൂർച്ച കൂടിയ കത്തി വായുവിൽ ആടിയുലഞ്ഞു…

നേർത്ത നിലവിളികൾ വയലിൽ വീശിയടിച്ചു…

കനം കൂടിയ ഇരുൾ രാവ് കൊഴുപ്പിച്ചു.. തണുത്ത കാറ്റിനു ചോരയുടെ മണം … മുഖത്ത് തെറിച്ച ചോരതുള്ളികളെ വകഞ്ഞു മാറ്റി നിന്ന നില്പിൽ അവൾ കലിതുള്ളി ഇളകിയാടി…

മുടികൾ പാറിപ്പറന്നു…..

ദൂരെക്കാവിലൊരു പൂരപ്പാട്ട് ഉയർന്ന് കേൾക്കുന്നുണ്ട്….

പാടത്ത് ഭ്രാന്ത് പിടിച്ച പോലൊരു വാക്കത്തി ഉയർന്നു താഴുന്നുണ്ട്..

വയൽപ്പുല്ലുകളിൽ ചോര തുള്ളികൾ തെറിച്ചു വീഴുന്നുണ്ട്…

ആർപ്പുവിളികൾക്കിടയിൽ നിന്നവൾ ഉയർന്നു പൊങ്ങുന്നുണ്ട്

തലയറ്റു വീണവനു മുന്നിൽ കലിയടങ്ങാതെ നിൽക്കുന്നുണ്ട്

കയ്യിലെ വാക്കത്തി മുറുകെ പിടിച്ചു അവൾ നിന്ന നില്പിൽ ഒന്ന് വട്ടം ചുറ്റി….

വയലിടം വിഭ്രാന്തിയോടെ വിറച്ചു…. ആരോ അലറി വിളിച്ചു..

“പ്രാന്തി പെണ്ണ് ”

അരിശത്തോടെ ഓടി വരുന്ന വെറും മനുഷ്യരെ അവഗണിച്ചുകൊണ്ടവൾ തിരിഞ്ഞു നോക്കി..

ഇരുളിൽ കണ്ണപ്പന്റെ പാതിയടഞ്ഞ കണ്ണിൽ വീണ്ടും ചുംബിക്കാൻ തോന്നി…

അവന്റെ കൂടെ പോവാൻ തോന്നി…

പ്രേമിച്ചു മതിയായിട്ടില്ല എന്ന് വീണ്ടും പറയാൻ തോന്നി….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : അയ്യപ്പൻ അയ്യപ്പൻ