എന്നെക്കാൾ പത്ത് വയസ്സിന് മൂത്ത എന്റെ എബി ചേട്ടായി… ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്…

രചന : Agni Srh

കൂടപ്പിറന്നില്ലെങ്കിലും കൂടപ്പിറപ്പെന്ന് നിനയ്ക്കുന്ന ചിലർ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുമല്ലോ…അങ്ങനെ എനിക്കൊരു കൂടപ്പിറപ്പുണ്ടായിരുന്നു…

എന്നെക്കാൾ പത്ത് വയസ്സിന് മൂത്ത എൻറെ സ്വന്തം എബി ചേട്ടായി….പക്ഷെ ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഭാര്യയാണ്…കുറച്ചു നിമിഷങ്ങൾക്ക് മുന്നേയാണ് അദ്ദേഹം എന്റെ കഴുത്തിൽ മിന്ന് കെട്ടി സ്വന്തമാക്കിയത്….

ആളില്ല..ആരവമില്ല…. ഫോട്ടോയില്ല ഒന്നുമില്ല……

അല്ലെങ്കിലും ഇനിയെന്ത് എന്ന് വിചാരിച്ചിരിക്കുന്നവൾക്ക് ഇതൊക്കെ എന്ത്….

ആകെ കൂടെയുള്ളത് ചേട്ടായിയുടെ മകൻ…ഒരു വയസ്സുകാരൻ അയാൻ എന്ന അപ്പു മാത്രം…പിന്നെ ഞങ്ങളുടെ വീട്ടുകാരും….

വളരെ നാളത്തെ കാത്തിരുപ്പിന് ശേഷം ചേട്ടയിയുടെ മുപ്പത്തിയൊന്നാം വയസ്സിലാണ് ലീന ചേച്ചി ഏട്ടന്റെ ജീവിത സഖിയാകുന്നത്…

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം ആയിരുന്നു അത്…വിവാഹം കഴിഞ്ഞ് ഒന്നര വർഷം കഴിഞ്ഞാണ് അപ്പു ജനിക്കുന്നത്….

അപ്പുവിന്റെ ജനന സമയത്തുണ്ടായ അമിത രക്തസ്രാവം മൂലമാണ് ലിനേച്ചി മരണമടഞ്ഞത് തന്നെ….അന്ന് മുതൽ കുഞ്ഞിനെ നോക്കുവാനും മറ്റും ഞാനിടയ്ക്കിടെ അവിടെ പോകാറുണ്ടായിരുന്നു

വീട്ടിലും ആർക്കും അതിനൊന്നും എതിർപ്പ് ഉണ്ടായിരുന്നില്ല…

കുഞ്ഞ്‌ പതിയെ എന്നോട് കൂടുതൽ അടുക്കുവാൻ തുടങ്ങി…ആ അടുപ്പം ആണ് എന്നെ ഇന്ന് ഈ സ്ഥാനത്ത് നിർത്തിയത്….

അല്ലെങ്കിലും ഇരുപത്തിമൂന്ന് വയസ്സിൽ തന്നെ ഡിവോഴ്‌സ് ആയ ഞാൻ വേറെ എന്ത് ചെയ്യാനാണ്..സ്വന്തം മകന്റെ രതിവൈകൃതങ്ങൾ മാറ്റുവാൻ ഉള്ള ഒരു കളിപ്പാവയായിരുന്നല്ലോ അവർക്ക് ഞാൻ…

കുടുംബമഹിമ മാത്രം നോക്കി എന്നെ വിവാഹം ചെയ്ത് അയച്ചപ്പോൾ ചെറുക്കന്റെ സ്വഭാവം അന്വേഷിക്കുവാൻ മറന്നു…ഇരുപത്തിയൊന്ന് വയസ്സിന് മുന്നേ വീട്ടിലെ അമ്മച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുക്കുവാൻ റോഷന് മുന്നിൽ മിന്നിനായി തല കുനിച്ചപ്പോൾ ഒരിക്കലും വിചാരിച്ചിരുന്നില്ല ജീവിതം ഇത്രയും പരീക്ഷണങ്ങൾ നിറഞ്ഞതാകുമെന്ന്…

കണ്ടാൽ സുമുഖനാണ്…പുറമെ സൽസ്വഭാവിയും…എന്നാൽ ഞങ്ങൾ ഒന്നിച്ചുള്ള ആദ്യത്തെ ആ ദിവസം തന്നെ ഞാൻ അറിഞ്ഞു അദ്ദേഹം എന്താണെന്ന്…ഒരു ദയാദാക്ഷിണ്യവും കൂടാതെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ അടിച്ചേല്പിക്കുവാനുള്ള ശരീരം മാത്രമായിരുന്നു ഞാൻ…

അനുസരിക്കാത്ത പക്ഷം സിഗരറ്റ് കുറ്റികളും പഴുപ്പിച്ച ചട്ടുകവും എല്ലാം എന്റെ ശരീരത്തിൽ ഓട്ടപ്രദക്ഷിണം നടത്തിക്കൊണ്ടിരിന്നു….റോഷന്റെ മാതാപിതാക്കൾക്ക് ഇതൊക്കെ കണ്ട് നിശബ്ദമായി കണ്ണുനീർ വാർക്കുവാനെ കഴിഞ്ഞുള്ളു…

അവരുടെ അമിത ലാളനയും സ്നേഹവുമാണ് അവനെ ഇങ്ങനെ ആക്കിയതെന്ന് അവർ അപ്പോൾ തിരിച്ചറിഞ്ഞിരുന്നു….ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യേണ്ട സമയത്ത് ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ അവൻ ഒരു നല്ല മനുഷ്യനായേനെ…

അവിടെ നിന്നും പൊയ്ക്കൊള്ളുവാൻ അവർ പറഞ്ഞെങ്കിലും എനിക്ക് കഴിഞ്ഞില്ല….വിവാഹം കഴിച്ച പെൺകുട്ടി സ്വന്തം വീട്ടിൽ.വന്ന് സ്ഥിരതാമസമാക്കിയാൽ ഉണ്ടാകുന്ന ചോദ്യ ശരങ്ങളെ ഞാൻ ഭയന്നിരുന്നു…

എങ്കിൽ പോലും ഒരിക്കൽ ഞാൻ വീട് വിട്ടിറങ്ങുവാൻ തുനിഞ്ഞ സമയത്താണ് ഞാൻ തലകറങ്ങി വീണതും എന്റെ ഉദരത്തിൽ ഒരു പുതുനാമ്പ് തളിർത്തിട്ടുണ്ട് എന്നും ഞാൻ മനസ്സിലാക്കുന്നത്….

ഈ ഒരു വാർത്ത അദ്ദേഹത്തിന്റെ മനസ്സിനെ ഒന്ന് മാറ്റിചിന്തിക്കുവാൻ പ്രേരിപ്പിച്ചെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചു…ആശിച്ചു….

പക്ഷെ ഒന്നും ഉണ്ടായില്ല…അദ്ദേഹം വീണ്ടും പഴയ പടി തന്നെ ആയിരുന്നു….എങ്കിൽ പോലും എന്റെ കുഞ്ഞിന് വേണ്ടി എല്ലാം ഞാൻ സഹിച്ചു….ശരീരത്തിലെ.പാടുകൾ കണ്ട ഡോക്ടർ പരാതിപ്പെടുവാൻ പറഞ്ഞെങ്കിലും എനിക്ക് അതിന് മനസ്സ് വന്നിരുന്നില്ല…

അങ്ങനെയിരിക്കെ എനിക്ക് എട്ടാം മാസം കഴിഞ്ഞിരിക്കുന്ന ഒരു ദിവസം അദ്ദേഹം പറഞ്ഞതെന്തോ ചെയ്യാതെയിരുന്നതിന്റെ ദേഷ്യത്തിൽ എന്നെ പിടിച്ചു തള്ളിയത് മാത്രമേ ഓർമ്മയുള്ളൂ…

വയറടിച്ചു ഞാൻ നിലത്തേയ്ക്ക് വീണു…കാലിന്റെയിടയിലൂടെ ചോരയൊഴുകി…അത് കണ്ടിട്ടും എന്നെ ഗൗനിക്കാതെ അദ്ദേഹം ഇറങ്ങിപ്പോയി….

എൻറെ ശബ്ദം കേട്ട് വന്ന ഡാഡിയും മമ്മിയുമാണ് എന്നെ വാരിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയത്….അവിടെച്ചെന്ന് എന്നെ വേഗം ലേബർ റൂമിലേക്ക് മാറ്റിയിരുന്നു….

എന്നാൽ ഒത്തിരി പരിശ്രമിച്ചിട്ടും ആ കുഞ്ഞിനെ ലഭിച്ചില്ല…ആറ്റ് നോറ്റിരുന്ന് കുഞ്ഞിനെ ലഭിച്ചപ്പോൾ അത് ചേതനയറ്റൊരു ശരീരം മാത്രം ആയി മാറ്റപ്പെട്ടിരുന്നു….

ആശുപത്രിയിൽ എത്തിയ പപ്പയും മമ്മിയും എല്ലാ കാര്യങ്ങളും ഡോക്ടർ പറഞ്ഞാണ് അറിയുന്നത്…ഞാൻ ആരോടും ഒന്നും പങ്കുവച്ചിരുന്നില്ല…

കുഞ്ഞിനെക്കൂടെ നഷ്ടപ്പെട്ടതോടെ ഞാൻ ഞാനല്ലതായി മാറി….പഴയ പുഞ്ചിരി പോലും മുഖത്ത് നിലനിന്നിരുന്നില്ല….എന്നിലുള്ള മാതൃത്വം മാറിടങ്ങൾ ചുരത്തുമ്പോൾ അത് പിഴിഞ്ഞെടുത്ത് കളയുന്ന അമ്മയുടെ നിശബ്ദമായ തേങ്ങൽ ഞാൻ കണ്ടിട്ടുണ്ട്…

ആയിടയ്ക്ക് തന്നെ മ്യൂച്വൽ ഡിവോഴ്‌സ് പെറ്റീഷ്യൻ ഫയൽ ചെയ്തിരുന്നു….അതിന്റെ കാര്യങ്ങൾ നടക്കുമ്പോഴാണ് എബി ചേട്ടായിയുടെ ഭാര്യ ലീന ചേച്ചിയുടെ മരണവും അയാന്റെ ജനനവും….

അന്ന് ചേച്ചിയെ കാണുവാൻ എന്നെയും കൂട്ടിയാണ് പപ്പയും മമ്മിയും പോയത്….അവിടെ ചേട്ടായിയുടെ അമ്മയുടെ കയ്യിൽ കിടന്ന് കരയുന്ന കുഞ്ഞിനെ കാണുന്തോറും എന്റെയുള്ളിൽ മരിച്ചുപോയ എന്റെ കുഞ്ഞിന്റെ മുഖം തെളിഞ്ഞുവന്നുകൊണ്ടിരുന്നു…ഞാൻ ധരിച്ചിരുന്ന വസ്ത്രത്തിന്റെ മുൻഭാഗം നനഞ്ഞിരുന്നു….

ഓടിച്ചെന്ന് ആ കുഞ്ഞിനെ വാരിയെടുത്ത് വീടിന്റെ അകത്തേയ്ക്ക് നടക്കുമ്പോൾ മറ്റാരും എന്റെ ശ്രദ്ധയിൽ ഉണ്ടായിരുന്നില്ല…ആ കുഞ്ഞും ഞാനും മാത്രമേ ഉണ്ടായിരുന്നുള്ളു…

ഒരു മുറിയിൽ കയറി വാതിൽ അടച്ച് അവന്റെ ചുണ്ടുകൾ എന്റെ മാറോട് ചേർത്തുപിടിച്ചപ്പോൾ എനിക്കുണ്ടായ അനുഭൂതി പ്രവചനാതീതമായിരുന്നു…

എന്റെ പുറകെ വന്ന പപ്പയും മമ്മിയും ചേട്ടായിയുടെ അപ്പയും അമ്മയും എന്റെ മാറ്റവും കുഞ്ഞിന്റെ കരച്ചിലും മാറിയത് കണ്ട് ആ സങ്കടാവസ്ഥയിലും ഒന്ന് പുഞ്ചിരിച്ചു….

പിന്നീട് സമയം ലഭിക്കുമ്പോഴെല്ലാം ഞാൻ അവിടെപ്പോയി കുഞ്ഞിനെ കാണുമായിരുന്നു….

ആരും അതിനെ എതിർത്തില്ല….ചിലപ്പോൾ അത് എന്നെയും കുഞ്ഞിനെയും ഓർത്തിട്ടാകാം…

ചേട്ടായി ഇടയ്ക്കൊക്കെ വന്ന് കുഞ്ഞിനെ ഒന്ന് നോക്കും…എന്നോട് ചെറുതായി സംസാരിക്കും…

അത്രയൊക്കെയെ ഉണ്ടായിരുന്നുള്ളു

ആറുമാസത്തിനുള്ളിൽ ഡിവോഴ്‌സ് ആയി…ഞാൻ മോചിതയായി….അതേസമയം കൊണ്ട് ഞാൻ അപ്പുവുമായി ഏറെ അടുത്തിരുന്നു…

ആ അടുപ്പം കണ്ടതുകൊണ്ടാകാം ചേട്ടായിയുടെ അപ്പനും അമ്മയും വന്ന് എന്നെ ചേട്ടായിക്ക് കൊടുക്കാമോ എന്ന് കരഞ്ഞു പറഞ്ഞപ്പോൾ പപ്പ എന്നോട് പോലും ചോദിക്കാതെ സമ്മതിച്ചത്…..

********************

അയാന്റെ കരച്ചിലാണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…അപ്പോഴേക്കും ഞങ്ങൾ ചേട്ടായിയുടെ വീട്ടിൽ എത്തിയിരുന്നു….

ചേട്ടായിയുടെ ‘അമ്മ എന്നെ അകത്തേയ്ക്ക് കയറ്റി….മുറി കാണിച്ചുതന്നിട്ട് വസ്ത്രം മാറിക്കൊള്ളുവാൻ പറഞ്ഞു…

ഞാൻ കുഞ്ഞിനെ കട്ടിലിൽ കിടത്തി…കണ്ണാടിയുടെ മുന്നിൽ നിന്നും ഞാൻ ഉടുത്തിരുന്ന കോട്ടൻ സാരി പതിയെ അഴിച്ചു മാറ്റുവാൻ തുടങ്ങി…

എന്റെ ഉദരത്തിൽ എന്റെ കുഞ്ഞിനെ കീറിയെടുത്ത പാടിനോടൊപ്പം സിഗരറ്റ് കൂറ്റികൊണ്ട് പൊള്ളിയ പാടുകളും ഞാൻ കണ്ടു…അതെല്ലാം ഓർമ്മകൾക്ക് ഏല്പിച്ചുകൊടുത്തുകൊണ്ട് ഞാൻ വസ്ത്രം മാറി…കുഞ്ഞിന് പാല് കൊടുത്തുറക്കിയത്തിന് ശേഷം അമ്മയുടെ അടുക്കലേക്ക് ചെന്നു…

പപ്പയും മമ്മിയും പോയിരുന്നു….

“റിയമോളെ…എനിക്ക് മോൾടെ അവസ്ഥ മനസ്സിലാകും….അറിയാം നിങ്ങൾ തമ്മിൽ എങ്ങനെ ആയിരുന്നു എന്നുള്ളത്…

ചിലപ്പോൾ ഈ കിളവിയുടെ വാശിയോ സ്വാർത്ഥതയോ ആകാം ഇങ്ങനെയൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്….എന്റെ പേരമകനെ കുറിച്ചുള്ള സ്വാർത്ഥത….

എന്റെ മോള് ഈ അമ്മയോട് പൊറുക്കില്ലേ….”

അവർ അവളുടെ കൈ കവർന്നുകൊണ്ട് പറഞ്ഞു.

അവൾ അവരുടെ വായ പൊത്തി…

“‘അമ്മ എന്നോട് ക്ഷമ ഒന്നും പറയണ്ട…അല്ലെങ്കിലും എനിക്ക് അപ്പുമോനെ വലിയ ഇഷ്ടമാണ്…അവനെ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം….”

അങ്ങനെ അവളുടെ പുതിയ ഭവനത്തിൽ താമസം അവൾ ആരംഭിച്ചു….ആദ്യമാദ്യം എബിക്ക് അവളോട് സംസാരിക്കുവാൻ മടിയായിരുന്നു…അവൾക്ക് തിരിച്ചും…

ഇരുവർക്കും തമ്മിൽ തമ്മിൽ മനസ്സിലാക്കുവാൻ സാധിച്ചിരുന്നു….പെങ്ങളുടെ സ്ഥാനത്ത് കണ്ടവൾ ഭാര്യയായി വരുമ്പോഴുള്ള പകപ്പ് മാറുവാനും…ലീനയെ മറക്കുവാനുമുള്ള സമയവുമാണ് എബിക്ക് ആവശ്യം എന്ന് റിയയും, സഹോദര തുല്യനായി സ്നേഹിക്കേണ്ടവനെ തന്റെ പുരുഷനായി വരിച്ചത് കൊണ്ടുള്ള ഒരു അങ്കലാപ്പ് ആണ് റിയയ്ക്ക് എന്ന് എബിയും മനസ്സിലാക്കിയിരുന്നു…..

എന്നാൽ ഇരുവർക്കും അപ്പു എന്നും ജീവന്റെ ജീവനായിരുന്നു…..

സമയം കടന്നുപോകെ എബിയും റിയയും അടുത്തു…അവളുടെ സ്വപ്നങ്ങൾ സഫലമാക്കുവാൻ…ഒരു വക്കീൽ ആകുവാനുള്ള ആഗ്രഹം സഫലീകരിക്കുവാൻ എബി അവളോട് കൂടെ തന്നെ നിന്നു….

പരീക്ഷകൾക്കായി അവൾ ഉറക്കം മാറ്റിവയ്ക്കുമ്പോൾ കുഞ്ഞിനെ നോക്കുന്നതും അവൾക്കായി കട്ടൻ ചായ ഉണ്ടാക്കുന്നതും എല്ലാം അവൻ ഏറ്റെടുത്തു….എല്ലാ രീതിയിലും അവൻ പതിയെ അവളെ മനസ്സിലാക്കുന്ന ഭർത്താവായി മാറുകയായിരുന്നു…തിരിച്ചവൾ അറിയാതെ തന്നെ ഒരു ഭാര്യയും….

കാലങ്ങൾ കടന്നുപോയി….അവരുടെ ദാമ്പത്യവല്ലരിയിൽ അപ്പുവിന് കൂട്ടായി രണ്ട് നറുപുഷ്പ്പങ്ങൾ കൂടെ വിരിഞ്ഞു….അവൾ അവളുടെ സ്വപ്നങ്ങളെ നേടി…കൂടെ എന്നും തുണയായി എബിയും അയാനും നിന്നു…..

അവരുടെ സന്തോഷം കണ്ട ഒരു നക്ഷത്രം ആകാശത്ത് കൺചിമ്മി…അതേസമയം അങ്ങകലെ ഒരു ഭ്രാന്താലയത്തിൽ ഒരാൾ സ്വയം ശരീരത്തെ മുറിവേൽപ്പിക്കുന്ന തിരക്കിലായിരുന്നു…..

(അവസാനിച്ചു…)

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Agni Srh