വേണ്ടെടാ… അതൊന്നും ശരിയാകില്ല. നമ്മൾ അതിരു വിടുന്നുണ്ട് ഇപ്പോൾ തന്നെ..

രചന : മഹാ ദേവൻ

പലപ്പോഴും അവന്റെ മെസ്സേജുകൾ ശല്യമായിരുന്നു.

ഒരു ഹായ് മെസ്സേജിലൂടെ പരിചയപ്പെടുമ്പോൾ കരുതിയില്ല അവൻ പിന്നീട് അവൾക്കൊരു തലവേദന ആകുമെന്ന്.

പക്ഷേ ഇത്രയൊക്കെ മെസ്സേജ് അയച്ചാലും ഇതുവരെ അവന്റെ ഭാഗത്തു നിന്ന് അശ്ലീലമായോ വേണ്ടാത്ത മറ്റു രീതികളിലോ ഒരു സംസാരം ഉണ്ടായിട്ടില്ല എന്നത് മാത്രം അവൾക്കൊരു ആശ്ചര്യവുമായിരുന്നു…

അതിനിടക്ക് ഫേസ്ബുക്കിൽ ഒൺലി മി ആക്കാൻ മറന്ന ഫോൺ നമ്പറിലേക്ക് പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരു കാൾ വന്നപ്പോൾ ആരായിരിക്കും എന്ന ചിന്തയോടെ ഫോൺ എടുക്കുമ്പോൾ മറുതലക്കൽ നിന്ന് കേട്ട ശബ്ദം ഒരു പയ്യന്റെ ആയിരുന്നു.

“ചേച്ചി, ഞാൻ അരുൺ..മറന്നോ “എന്ന് പരിചയപ്പെടുത്തിയ ശബ്ദം കേട്ട് ആദ്യമൊന്ന് ഞെട്ടി

” എന്റെ നമ്പർ ഇവനെങ്ങനെ കിട്ടി ” എന്ന ചിന്തയായിരുന്നു അന്നേരം മനസ്സിൽ.

” ഏത് അരുൺ, ഈ നമ്പർ നിങ്ങൾക്ക് എങ്ങനെ കിട്ടി ” എന്നൊക്കെ ഒന്നുമറിയാത്തപോലെ ചോദിക്കുമ്പോൾ മറുപുറത് നിന്നൊരു ചിരി ആയിരുന്നു മറുപടി.

” ന്തായാലും അരുൺ എന്ന പേര് ചേച്ചി അത്ര പെട്ടന്ന് മറക്കില്ല എന്ന് എനിക്ക് അറിയാം.

കാരണം ദിവസേന ചേച്ചിക്ക് മാത്രം മെസ്സേജ് അയക്കൻ ഞാൻ മറക്കാറില്ലല്ലോ. പിന്നെ നമ്പർ എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചാൽ അതിനുത്തരവാദി ചേച്ചി തന്നെ ആണ്. ഒരിക്കലും ഫേസ്ബുക്കിൽ നമ്പർ ഇടരുത്. മെയിൽ ഐഡിയിൽ അത് ക്രിയേറ്റ് ചെയ്യുക.

അതല്ല, നമ്പറിൽ ആണ് ഐഡി ഉണ്ടാക്കിയതെങ്കിൽ ആ നമ്പർ ഒൺലി മീ ആക്കി വെക്കുക. അല്ലെങ്കിൽ എന്നെ പോലെ ഉള്ളവർക്ക് പെട്ടന്ന് ഇതുപോലെ ഈ ശബ്ദം കേൾക്കാനുള്ള അവസരമുണ്ടാകും ”

എന്നും പറഞ്ഞു ചിരിക്കുന്നതിനിടയിൽ അവൻ സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

ഒരു പരിചിതനായ ആളോട് സംസാരിക്കുന്ന പോലെ വാ തോരാതെ സംസാരിക്കുന്ന അവനോട് ആദ്യം ദേഷ്യമാണ് തോന്നിയിരുന്നെങ്കിൽ, എത്ര സംസാരിച്ചാലും അവന്റ ചേച്ചി എന്ന വിളിയിൽ നിറഞ്ഞ് നിൽക്കുന്ന ബഹുമാനം അവളെ വ*ല്ലാതെ ആകർഷിച്ചു.

അതുപോലെ തന്നെ സംസാരത്തിൽ ചീത്തയായി ഒന്നും തന്നെ പറയാതിരിക്കുന്ന അവന്റെ ആ ഡീസന്റ് സ്വഭാവം അവൾക്ക് വല്ലാത്തൊരു അത്ഭുതം ആയിരുന്നു.

പതിയെ ആ ദേഷ്യം അവനോട് മുറതെറ്റാതെ സംസാരിക്കുന്നതിലേക്ക് ദിശ മാറി ഒഴുകാൻ അധികസമയം വേണ്ടിവന്നില്ല..

പിന്നീട് പലപ്പോഴും അവന്റെ വിളി കാണാതാകുമ്പോൾ, അല്ലെങ്കിൽ മെസ്സേജ് കാണാതാകുമ്പോൾ “എന്ത് പറ്റി ” എന്ന് ചോദിച്ചുകൊണ്ട് അവനെ അങ്ങോട്ട്‌ വിളിക്കുന്നതിൽ എത്തിയിരുന്നു അവരുടെ ആ സൗഹൃദം. !

” ചേച്ചിയുടെ ഭർത്താവ് ഗൾഫിൽ ആണല്ലേ. എന്നിട്ടെന്താ ചേച്ചിയെ കൊണ്ടുപോകാത്തെ ”

പല വട്ടം അവൻ ചോദിച്ച കാര്യം ആണെങ്കിലും അന്നൊന്നും അവനോട് ഇത്രയേറെ ഒരു മാനസികബന്ധം ഇല്ലാത്തത് കൊണ്ട് ഒന്നും പറയാറില്ലായിരുന്നു.

പക്ഷേ, എപ്പോൾ അവനോട് എല്ലാം തുറന്നു സംസാരിക്കുന്നതിലേക്ക് എത്തിയിരിക്കുന്നു.

” പോണമെന്നൊക്കെ ആഗ്രഹമുണ്ട് അരുൺ.

പക്ഷേ, ചേട്ടൻ താമസിക്കുന്ന റൂമിൽ തന്നെ പത്തും പന്ത്രണ്ടും പേരാണത്രെ. പിന്നെ എന്നെ കൂടെ കൊണ്ടുപോയി പുതിയ താമസസ്ഥലം ഒക്കെ റെഡിയാക്കാനൊന്നും പറ്റിയ അവസ്ഥ അല്ല.

അതിന് മാത്രമുള്ള ഒരു വരുമാനം ഒന്നുമില്ല ഏട്ടന്.

അതിനിടക്ക് എന്നെ കൂടെ കൊണ്ടുപോയാൽ നടക്കില്ല എന്നാണ് പറഞ്ഞത് ”

അവളുടെ വാക്കുകളിൽ ഭർത്താവിനെ പിരിഞ്ഞിരിക്കുന്നതിലുള്ള വിഷമം ഒരു ദീർഘനിശ്വാസമായി പുറത്തേക്ക് വന്നപ്പോൾ അപ്പുറത്ത് നിന്ന് ഒരു ആശ്വസിപ്പിക്കലെന്നോണം അവൻ പറയുന്നുണ്ടായിരുന്നു

” സാരമില്ല ചേച്ചി.. ആളുടെ അവസ്ഥ അങ്ങനെ ആയത് കൊണ്ടല്ലേ. പക്ഷേ, നാട്ടിൽ നിൽക്കുന്ന നിങ്ങളെ പോലുള്ള പെണ്ണുങ്ങളുടെ അവസ്ഥ ഓർക്കുമ്പോൾ വല്ലാത്ത വിഷമം ആണ്.

പയ്യൻ ഗൾഫിൽ ആണെന്നും പറഞ്ഞ് കെട്ടിച്ചു വിടും, എന്നിട്ട് രണ്ട് മാസം കഴിഞ്ഞാൽ അവൻ ഫ്ലൈറ്റ് കേറി പോകുന്നതും നോക്കി കരഞ്ഞനിൽക്കും അവൾ. പിന്നെ രണ്ട് വർഷം കരച്ചിൽ തന്നെ. അവൻ വരുന്നത് വരെ. പിന്നേം ഇതൊക്കെ തന്നെ തുടർച്ച. ” എന്ന്.

അവന്റെ വാക്കിലെ ധ്വനി മനസ്സിലാകാത്ത പോലെ അവൾ അപ്പുറത്ത്‌ നിന്ന് അതെ പോലെ ചോദിച്ചു

” എന്തിനാടാ ഞങ്ങൾ അതിന് രണ്ട് കൊല്ലം കരയുന്നത്.? നീ എന്താ ഉദ്ദേശിച്ചത് ” എന്ന്.

അവിടെ ആയിരുന്നു ആ ഡീസന്റ് പയ്യന്റെ സെന്റിമെൻസ് വർക്ഔട് ചെയ്യാൻ തുടങ്ങിയത്.

” അല്ല ചേച്ചി, അത് പിന്നെ… വിവാഹജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റാത്ത പലതും ആ രണ്ട് വർഷം നിങ്ങൾക്ക് മുന്നിൽ നിഷേധിക്കപെടുകയല്ലേ.. ഞാൻ അതോർത്തു പറഞ്ഞെന്നെ ഉളളൂ ”

അവൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് അവൾക്ക് മനസ്സിലായെങ്കിലും അത് മനസ്സിലാകാത്ത പോലെ അവൾ ചോദിക്കുന്നുണ്ടായിരുന്നു,

” നീ അവിടേം ഇവിടേം തൊടാതെ കാര്യം പറയാതെ

എന്താണെന്ന് വെച്ചാൽ തെളിച്ചു പറ അരുൺ. “എന്ന്.

അത് കേൾക്കേണ്ട താമസം മനസ്സിലുള്ള സന്തോഷം പുറത്ത് കാണിക്കാതെ പറയാനുള്ള മടി വാക്കുകളിൽ വരുത്തിക്കൊണ്ട് കാര്യം സൗമ്യമായി അവൻ അവൾക്ക് മുന്നിൽ വിശദമാക്കി,

” ചേച്ചി.. അത് പിന്നെ.. ഞാൻ…. ഉദ്ദേശിച്ചത് സെക്സിനെ കുറിച്ചാണ്.. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ സോറിട്ടോ. നിങ്ങളോട് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് പറഞ്ഞതാണ്.. ഇനി ഇതിന്റെ പേരിൽ മിണ്ടാതിരിക്കരുത്..

സോറി ചേച്ചി…. സോറി… സോറി.. ”

മനസ്സിനുള്ളിൽ പുഞ്ചിരിച്ചുകൊണ്ട് പുറമെ ഒരു തെറ്റുകാരനെ പോലെ സോറി പറയുബോൾ അവൾക്ക് അവനോടുള്ള മതിപ്പ് കൂടുകയായിരുന്നു…

അവൻ ഉദ്ദേശിച്ചത് നൂറ് ശതമാനം ശരിയാണെങ്കിലും അവനത് തുറന്ന് പറഞ്ഞതിന് ശേഷം ഒരു ചേച്ചിയോട് അങ്ങനെ പറഞ്ഞതിൽ ഉള്ള പശ്ചാത്താപം ഒരു ക്ഷമ ചോദിക്കലായി മാറിയത് കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവനെ വിലക്കി,

” ഏയ്യ്… എന്തിനാടാ എന്നോടൊക്കെ സോറി പറയുന്നേ. പിന്നെ ഞങ്ങളുടെ ജീവിതം ഒക്കെ അങ്ങനെ ആണ് അരുൺ.. ഉള്ളത് കൊണ്ട് തൃപ്തിപ്പെട്ടു ജീവിക്കണം.. എന്നാലും സന്തോഷം ആണുട്ടോ.. ”

അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്ന പോലെ തോന്നി അവന്. അത് നല്ല അവസരം എന്നും… !

” ചേച്ചിക്ക് ഇപ്പോൾ അതിനൊന്നും ആഗ്രഹമില്ലേ…. അതോ ഏട്ടൻ വീഡിയോകാളിലൂടെ.. ചോദിച്ചത് തെറ്റായെങ്കിൽ സോറിട്ടോ… ”

അവന്റെ ഒരു ചുഴിഞ്ഞുള്ള സംസാരം കേട്ട് അവൾക്ക് ആദ്യം ചെറിയ നാണമായിരുന്നു വന്നത്. അതിനോടൊപ്പമാണ് തന്നെ വല്ലാത്തൊരു നിരാശയും.

” ഛെ.. പോടാ.. ഞങ്ങൾ അങ്ങനെ ഒന്നും ഇല്ലാട്ടോ…. ആഗ്രഹം ഉണ്ടെന്ന് കരുതി അങ്ങനെ ഒന്നും ശരിയാകില്ലെടാ. ഒന്നാമത്തെ ഏട്ടന്റെ റൂമിൽ ഒരുപാട് പേരുണ്ട്.. അതിനിടയിൽ നിന്ന് ഇതൊക്കെ എങ്ങിനെ ആണെടാ… പിന്നെ ഇടക്കൊക്കെ തരുന്ന ഉമ്മ കൊണ്ട് അങ്ങ് അഡ്ജസ്റ്റ് ചെയ്യും ”

അത് പറയുമ്പോൾ അവളുടെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നു നാണം.

” ന്നാ പിന്നെ അതുപോലെ ഒരു ഉമ്മ എനിക്കും തന്നോടെ.. കടമായിട്ട് മതി. പലിശ സഹിതം തിരികെ തന്നേക്കാം ” എന്ന് അവളുടെ മനസ്സ് മനസ്സിലാക്കിയ പോലെ ചോദിക്കുമ്പോൾ അവളുടെ മറുപടി വഴക്കായിരുന്നു,

” ഛെ, പോടാ.. അങ്ങനെ എല്ലാവർക്കും കൊടുക്കാനുള്ളതല്ല അതൊന്നും. മനസ്സിലായോ”

അത് കേട്ട മാത്രയിൽ ഒരു വിഷമം അഭിനയിച്ചുകൊണ്ട് അവൻ കുറച്ച് നേരം മൗനം പാലിച്ചു.

അപ്പുറത്ത് നിന്ന് അവന്റെ അനക്കമൊന്നും കാണാതായപ്പോൾ അവൾക്ക് എന്തോ ഒരു വിഷമം മനസ്സിലുണ്ടായിരുന്നു,

” ടാ…നീ പോയോ… അതോ പിണങ്ങിയതാണോ” എന്ന് ചോദിക്കുമ്പോൾ അപ്പുറത്ത് നിന്ന് വിഷമത്തോടെ ആയിരുന്നു അവന്റെ മറുപടിയും,

” അല്ലെങ്കിലും ഞാൻ ആരും അല്ലല്ലോ…

നമ്മളൊക്കെ വഴിയിൽ നിന്ന് ഇടക്ക് കേറി വന്നവൻ അല്ലെ… നേരിട്ടൊന്നുമല്ലോ ഞാൻ ഉമ്മ ചോദിച്ചത്, ഫോണിലൂടെ അല്ലെ… ഇനി എനിക്ക് വേണ്ട… സോറിട്ടോ ”

അത് പറയുമ്പോൾ അവൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന വിഷമത്തോടൊപ്പം അപ്പുറത്ത് അവളിലും ഒരു വിഷമം ഉടലെടുത്തിരുന്നു, അഭിനയിക്കാതെ തന്നെ.

” ടാ.. ഇനി അതിന്റ പേരിൽ നീ പിണങ്ങേണ്ട…

ഈ ഒരു വട്ടം മാത്രം…. ഇനി ചോദിക്കരുത്..

കേട്ടല്ലോ….. ” എന്നും പറഞ്ഞവൾ ഫോണിലൂടെ അവനൊരു ഉമ്മ കൊടുക്കുമ്പോൾ അവൻ അതിൽ ഒരുപാട് സന്തോഷം അവൾക്ക് മുന്നിൽ പങ്കുവെച്ചുകൊണ്ട് അവൾക്ക് ഒരുപാട് ഉമ്മകൾ തിരികെ നൽകി അവൻ.

” സോറിട്ടോ ചേച്ചി.. ചേച്ചി തരില്ലെന്ന് ആണ് ഞാൻ കരുതിയത്. പക്ഷേ, തന്നപ്പോൾ ഒരുപാട് സന്തോഷം തോന്നി.. അതുകൊണ്ടാട്ടോ ഞാൻ ഇത്രയും ഉമ്മ തന്നത് “.

അവന്റെ സ്നേഹം നിറഞ്ഞ വാക്കുകൾക്ക് മുന്നിൽ പുഞ്ചിരിക്കുമ്പോൾ “അത് സാരമില്ല ” എന്ന അർത്ഥവും ഉണ്ടായിരുന്നു ആ പുഞ്ചിരിയിൽ.

പിന്നീട് ആ ഉമ്മ കൊടുക്കൽ സ്ഥിരമായി.

അതിലേക്ക് അവൾ പോലുമറിയാതെ പതിയെ അഡിക്റ്റ് ആയി മാറി എന്നതായിരുന്നു സത്യം.

” ചേച്ചിയോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ”

ഒരു ദിവസം മുഖവുരയോടെ ഉള്ള അവന്റെ ചോദ്യത്തിന് മുന്നിൽ ” ചോദിക്കൂ ” എന്ന് മറുപടി നൽകുമ്പോൾ അവൻ ചോദിച്ചത് അവളിൽ ഞെട്ടലുണ്ടാക്കുന്ന ഒരു കാര്യം ആയിരുന്നു,

” ചേച്ചിയുടെ ആഗ്രഹം ഞാൻ സാധിച്ചു തരട്ടെ? എനിക്ക് അറിയാം ചേച്ചിക്ക് ഒരുപാട് ആഗ്രഹം ഉണ്ടെന്ന്. ആരും അറിയില്ല ചേച്ചി… നമ്മൾ മാത്രമല്ലേ അറിയൂ… ”

എന്നൊക്കെ ഒരു കെഞ്ചലോടെ പറയുന്ന അവന് മുന്നിൽ അവൾ അത് നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു,

” വേണ്ടെടാ… അതൊന്നും ശരിയാകില്ല. നമ്മൾ അതിരു വിടുന്നുണ്ട് ഇപ്പോൾ തന്നെ.. നീ വേറെ എന്തെങ്കിലും പറ “.

എന്നൊക്കെ പറയുമ്പോൾ അവന്റ വാക്കുകൾക്ക് യാതൊരു വിധ മാറ്റവുമില്ലായിരുന്നു.

” എന്റെ പൊന്ന് ചേച്ചി അല്ലെ… ഒറ്റ പ്രാവശ്യം.. പിന്നെ ചോദിക്കില്ല.. ന്റെ ഒരു ആഗ്രഹം അല്ലെ ചേച്ചി… എനിക്കറിയാം ചേച്ചിക്കും ആഗ്രഹം ഉണ്ടെന്ന്, പക്ഷേ പേടിച്ചിട്ടാണെണെന്നും… പേടിക്കണ്ട ചേച്ചി… ഞാൻ അല്ലെ പറയുന്നത്..

ഇതുകൊണ്ട് ചേച്ചിയുടെ ഭാവിക്ക് ഒരു ദോഷവും വരില്ല… ”

അവന്റ വാക്കുകളിലൂടെ അവൾക്ക് മുന്നിലേക്ക് ഇരമ്പിവരുന്ന ധൈര്യം ഒരു മൂളലായി തിരികെ അവനിലേക്ക് എത്തുമ്പോൾ അവൾ ഒരു മാറ്റത്തിന്റ വക്കിലായിരുന്നു.

അവൻ കാത്തിരുന്ന നിമിഷത്തിന്റ സന്തോഷത്തിലും…

അങ്ങനെ പറഞ്ഞ ദിവസം ആദ്യമായി അവർ നേരിട്ട് കാണുകയായിരുന്നു. അവളുടെ വാതിലിൽ അവന്റെ വിരലുകൾ മുട്ടിയ നിമിഷം.

ഒരു പുഞ്ചിരിയോടെ അവനെ അകത്തേക്ക് ക്ഷണിച്ചു പെട്ടന്ന് വാതിൽ അടക്കുമ്പോൾ അവളുടെ മുഖത്തൊരു പരിഭ്രാന്തി നിറഞ്ഞ് നിന്നു.

പക്ഷേ, അവളെ സമാധാനിപ്പിച്ചുകൊണ്ട് അവൻ ആദ്യമായി നേരിൽ ചുംബിക്കുമ്പോൾ അകലെ കഷ്ട്ടപ്പെടുന്ന ഒരുവനെ മറന്നുകൊണ്ട് അവൾ അരുണിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അതൊരു തുടക്കം മാത്രമായികൊണ്ട്….

NB: ഇതുപോലെ ഉള്ള ഡീസന്റ് ചെക്കന്മാരുടെ സംസാരത്തിൽ വീണ് ചിലന്തിവലയിൽ അകപ്പെടുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും..

അവർക്കായി ഇതൊരു ഓർമ്മപ്പെടുത്തൽ മാത്രം…

ഇനിയും വീഴാൻ നിൽക്കുന്ന ആരെങ്കിലും ഇത് വായിച്ചാൽ ഇതാണവസരം എന്ന് കരുതി ഇരിക്കുന്നവന്മാരിൽ നിന്ന് അകലം പ്രാപിക്കാൻ ആർക്കെങ്കിലും സാധിച്ചാൽ സന്തോഷം 🙏

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : മഹാ ദേവൻ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top