അഞ്ജലി തുടർക്കഥയുടെ മൂന്നാം ഭാഗം വായിക്കാം…..

രചന: അഞ്ജു

കണ്ണുനീർ ധാരയായി കവിളിലുടെ ഒഴുകുന്നതിനോപ്പം ഓർമ്മകൾ പുറകിലേക്ക് സഞ്ചാരമാരംഭിച്ചു…….

അഞ്ചു….. ഇറങ്ങാറീയില്ലേ പെണ്ണേ നിനക്ക്..

എൻെറ അമ്മേ ഇനിയും സമയമുണ്ട്.. ഞാൻ പതിയെ ഇറങ്ങിക്കേളാം… ഒരു ഇൻറ്റർവ്യുവിന് പോകുമ്പോഴെങ്കിലും നിനക്ക് കുറച്ചു നേരത്തെ ഇറങ്ങിയാലെന്താ.. ഈ ഇൻറ്റർവ്യുവിനൊക്കെ പോകുമ്പോൾ നേരത്തേയും വൈകിയും ഇറങ്ങരുത്.

കൃത്യം സമയത്ത് അവിടെ എത്തണം. എന്നാലെ അവർക്കൊരു മതിപ്പൊക്കെ ഉണ്ടാവൊള്ളു..

അല്ലെങ്കിലും എൻെറ വാക്ക് നീ അനുസരിക്കില്ലാലോ.

എത്ര നാളായി ഞാൻ.. നിർത്ത് നിർത്ത് അടുത്തത് കല്യാണക്കാര്യമല്ലേ എനിക്കത് കേൾക്കണ്ട..

വയസ്സെത്രയായീന്ന് വല്ല ബോധോണ്ടോ നിനക്ക്..

ഉവ്വാലോ. ഈ കഴിഞ്ഞ മകരത്തിൽ 24 തികഞ്ഞു..

കൂടെ പഠിച്ചവരുടെയൊക്കെ കല്യാണം കഴിഞ്ഞു.

എന്നിട്ടും ഇവടൊരുത്തിക്ക് അതിനെപ്പറ്റി വല്ല വിചാരവുമുണ്ടോ..

കല്യാണം മാത്രല്ല അവർക്കൊക്കെ കുട്ടികളുമായി അമ്മേ..

നീയിങ്ങനെ തറുതല പറഞ്ഞോണ്ടിരുന്നോ..

പത്തുമാസം ചുമന്നുപെറ്റ എൻെറ വേദന നീ കാണണ്ട..

എൻെറ അമ്മേ ഈ നാഴിക്കക്ക് നാൽപ്പതുവട്ടം പത്തുമാസത്തിൻെറയും ഉരുളി കമഴ്തിയതിൻെറയും കണക്ക് പറയല്ലേ. കേട്ട് കേട്ട് മടുത്തു..

പിന്നെ എൻെറ വിഷമം ഞാനാരോടാ പറയാ..

അവർ സാരിത്തലപ്പുകൊണ്ട് കണ്ണുതുടച്ചു.

ഓ… എന്താ ഇപ്പോ എൻെറ അമ്മക്കിളിക്ക് മ്..

പത്തുമാസതിൻെറ കാര്യത്തിൽ എനിക്കിപ്പോ ഒന്നും ചെയ്യാൻ പറ്റില്ല. പിന്നെ ഉരുളി. ഈ ജോലിയൊന്ന് കിട്ടിക്കോട്ടേ ഒന്നിന് ഒൻപത് ഉരുളി വാങ്ങി തരും ഈ അഞ്ചു.

പോരെ… പോ… അസത്തേ… ഒരു നല്ലകാര്യത്തിന് ഇറങ്ങാൻ നിൽക്കുന്നതുകൊണ്ട് ഞാൻ കൂടുതലൊന്നും പറയുന്നില്ല..

വേണ്ട ഒരു ആൾ ദ ബെസ്റ്റ് എങ്കിലും..

ചിണുങ്ങിക്കൊണ്ടുള്ള അവളുടെ പറച്ചിൽ കേട്ടവർക്ക് ചിരി വന്നു. അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. ആൾ ദ ബെസ്റ്റ് മോളെ..

തത്കാലം ഇത് മതി. അപ്പോ ഞാൻ ഇറങ്ങുവാട്ടോ..

ഉമ്മറത്തിരുന്ന് പത്രം വായിക്കുന്ന തിരക്കിലായിരുന്നു അച്ഛൻ. എന്നും രാവിലെ ഇറങ്ങുന്നത് അച്ഛനെ കണ്ടിട്ടാണ്. അച്ഛാ ഞാൻ ഇറങ്ങുവാട്ടോ.. ആൾ ദ ബെസ്റ്റ് അഞ്ചൂട്ടാ.. അച്ഛനൊരു ഫ്ലയിങ് കിസ്സും കൊടുത്ത് ഫസ്സീനോയുമെടുത്തൊരു പോക്കായിരുന്നു. കഴിഞ്ഞ പിറന്നാളിന് അച്ഛൻ തന്ന സമ്മാനമാണീ ഡീപ് ബ്ലു ഫസ്സീനോ. വണ്ടി മുന്നോട്ടു പോകുന്നതിനൊപ്പം ഇഷ്ടഗാനത്തിൻെറ ഈരടികൾ ചുണ്ടിൽ നിറഞ്ഞു.

🎶🎶ഒരു രാത്രി കൂടി വിടവാങ്ങവേ…. ഒരു പാട്ടു മൂളി വെയിൽ നീളവേ….. പതിയെ പറന്നെന്നരികിൽ വരും അഴകിൻെറ തൂവലാണു നീ…. 🎶🎶

പ്രകൃതിഭംഗിയും ആസ്വദിച്ചു വളവു തിഞ്ഞതും എതിരെ ഒരു കാർ റോങ് സൈഡിലൂടെ വന്നിടിച്ചു.

ഇടിയുടെ ആഘാതത്തിൽ അഞ്ജലി ചെളിയിലേക്ക് തെറിച്ച് വീണു. ഉടുത്തിരുന്ന സാരി മുഴുവനും ചെളിയായി. ദേഷ്യവും സങ്കടവും ഒരുമിച്ച് കയറി എഴുന്നേറ്റതും കാറിൽ നിന്നൊരു സുമുഖനായ ചെറുപ്പക്കാരൻ ഇറങ്ങി വന്നു. ഐ ആം സോ സോറി..

എവിടെ നോക്കിയാടോ വണ്ടി ഓടിക്കുന്നത്.

തനിക്കൊന്നും കണ്ണ് കണ്ടൂടെ മത്തങ്ങാത്തലയൻ.

ഒരു കാറുണ്ടെന്ന് കരുതി റോഡിലൂടെ പോകുന്നവരുടെ നെഞ്ചത്തു കയറമെന്നാണോ.

ഓടിക്കാനറിയില്ലങ്കിൽ പിന്നെ ഈ കുന്ത്രാണ്ടോം എടുത്തോണ്ടിറങ്ങുന്നതെന്തിനാ.. കലിയടങ്ങാതെ അവൾ പിന്നെയും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. എന്നാൽ ആ ചെറുപ്പക്കാരൻ മറ്റേതോ ലോത്തെന്നപോലെ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു.

കുറച്ചു മുന്പ് കൂട്ടുകാരനുമായുള്ള ഫോൺ സംഭാഷണം അവൻെറ മനസ്സിലൂടെ കടന്നുപോയി.

എൻെറ അളിയാ പെണ്ണെന്ന് പറഞ്ഞാൽ കേരളത്തിലെ പെണ്ണാണ് പെണ്ണ്.. അതെന്താ ബാക്കിയുള്ളതൊന്നും പെണ്ണുങ്ങളല്ലേ..

ഹ തോക്കിൽ കയറി വെടി വയ്ക്കല്ലേ..

ഹാാ പറഞ്ഞ് തൊലക്ക്..

എന്താ അടക്കം ഒതുക്കം ബഹുമാനം മലയാള തനിമ.

നിൻെറ കനേഡിയൻ സുന്തരിമാരൊന്നും കേരളാപൊണ്ണിൻെറ ഏഴയൽവക്കത്ത് വരില്ല മോനെ…

ഇതാണോ ലവൻ പറഞ്ഞ അടക്കവും ഒതുക്കവും.

ഹോ.. ഹൊറിബിൾ..

ഇത്രയൊക്കെ വായിട്ടടിച്ചിച്ചു അയാളുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും കാണാതായപ്പേൾ ദേഷ്യം ഇരട്ടിയായി.

ടോ… തനിക്കെന്താ ചെവിയും കേട്ടൂടെ. താൻ എന്താ പൊട്ടനാണോ..

സോറി ഞാൻ അറിയാതെ..

എന്ത് അറിയാതെ.. തനിക്കൊക്കെ കാശുള്ളതിൻെറ അഹങ്കാരാ അല്ലെങ്കിൽ കൂളിങ് ഗ്ലാസ്സും വച്ച് കള്ളും കുടിച്ച് വണ്ടി ഓടിക്കില്ലായിരുന്നു..

കള്ളോ.. ഈ പെണ്ണിത് എന്തൊക്കെയാ പറയുന്നത്.

എൻെറ പൊന്നു പെങ്ങളേ ഇത് കള്ളല്ല കോളയാണ്..

എന്ത് കോപ്പാണേലും..

ഏടോ തനിങ്ങനെ ചൂടാവാൻ തനിക്കൊന്നും പറ്റിയില്ലാലോ പിന്നെന്താ.. ഓ അപ്പോ എനിക്ക് ഒന്നും പറ്റാത്തതാണോ തൻെറ വിഷമം..

ഈശ്വരാ ഇതിപ്പോ എന്ത് പറഞ്ഞാലും പ്രശ്നാണല്ലോ. സോറി. തനിക്കിപ്പോ എന്താ വേണ്ടത് ഹോസ്പിറ്റലിൽ പോണോ..

എനിക്കോരു കോപ്പും വേണ്ട. കൊണ്ടുപോയി ഉപ്പിലിട്ടു വക്ക് തൻെറ സോറി.. അവൻെറ ഒരു പൊട്ടക്കണ്ണടയും പാട്ടവണ്ടിയും.. ഇരച്ചു കയറിയ ദേഷ്യത്തിൽ കാറിലേക്കാഞ്ഞ് ചവിട്ടി .

അമ്മേ… കാലു പോയത് മിച്ചം. അവനെ ഒന്ന് കൂർപ്പിച്ച് നോക്കി വണ്ടിയുമെടുത്ത് പോയി.

ഇതേ സമയം കാറിലേക്ക് ചവട്ടി മുടന്തി മുടന്തി നടന്ന് പോയി വണ്ടിയെടുക്കുന്ന അഞ്ജലിയേ കണ്ണുമിഴിച്ചവൻ നോക്കി നിന്നു.

വട്ട് കേസ് തന്നെ.. സ്വയം പറഞ്ഞുകൊണ്ട് അവനും കാറെടുത്ത് പോയി….

ഇൻറ്റർവ്യുവിവ് പോയ മകളുടെ കോലം കണ്ട് സുമ മൂക്കത്ത് വിരൽ വച്ചു പോയി. നീ ഇൻറ്റർവ്യുവിവ് തന്നെയാണോ അഞ്ചു പോയത്..

അല്ല കഥകളിക്കാ. എന്തേ അമ്മക്ക് പോണോ…

ചവിട്ടി തുള്ളി മുറിക്കകത്തു കയറി വാതിലടച്ചു.

അതുവരെ ദേഷ്യത്തിൻെറ മുഖപടത്തിനുള്ളിൽ മറച്ചു പിടിച്ച കണ്ണുനീർ പുറത്തേക്കൊഴുകാൻ തുടങ്ങി.

ഇതിപ്പോൾ നാലാമത്തെ ഇൻറ്റർവ്യു ആണ്. കഴിഞ്ഞ മൂന്നു തവണത്തെ പോലെ ആയിരുന്നില്ല ഇത്.

അച്ഛനും അമ്മയും പഠിപ്പിച്ച സ്കൂളിൽ തന്നെ കയറണമെന്നതൊരു സ്വപ്നമായിരുന്നു.

കിട്ടുമെന്നുറപ്പുള്ളതുകൊണ്ടാണ് അവരോട് പോലും പോകുന്ന സ്കൂൾ ഏതാണെന്ന് മറച്ചു വച്ചത്.

രണ്ടുപേരെയും ഒന്ന് ഞെട്ടിക്കാമെന്നു കരുതി. പക്ഷെ എല്ലാം…. എല്ലാം വെറുതെയായി. കൈവള്ളയിൽ നിന്ന് തൻെറ സ്വപ്നങ്ങളെല്ലാം തട്ടിത്തെറിപ്പിച്ച കാറുകാരനോട് അതിയായ ദേഷ്യം തോന്നി അവൾക്ക്…

കാൽമുട്ടിൽ തലവെച്ചിരുക്കമ്പോഴാണ് തോളിലൊരു കരസ്പർശം ഏറ്റത്. അച്ഛൻ… ആ സ്പർശം തിരിച്ചറിയാൻ തലയുർത്തേണ്ടി വന്നില്ല.

അഞ്ചൂട്ടാാ… മ്… അച്ഛനൊരു കാര്യം പറയട്ടേ..

മ്… നമ്മളാഗ്രഹിക്കുന്നതെല്ലാം നമുക്ക് കിട്ടണമെന്ന് വാശി പിടിക്കരുത്. ഉയർച്ചകൾക്കൊപ്പം താഴ്ചകൾ കൂടി ചേരുമ്പോഴേ അത് ജീവിതമാകു.

എന്തെങ്കിലുമൊന്ന് നമ്മളിൽ നിന്ന് അകന്ന് പോയിട്ടുണ്ടെങ്കിൽ അല്ലങ്കിൽ നമുക്ക് കൈവന്നു ചേർന്നിട്ടില്ലങ്കിൽ ഒരിക്കലും അതോർത്ത് വിഷമിക്കരുത്. കാരണം അതിലും നല്ല മറ്റൊന്ന് നമ്മളെ കാത്തിരിക്കുന്നുണ്ടാവും.. സമയമാകുമ്പോൾ അത് നമ്മളെ തേടി വരും.

മ്.. എന്നുകരുതി വെറുതെ ഇരിക്കരുത് പരിശ്രമിക്കണം. തോറ്റാലും തോറ്റാലും പരിശ്രമിച്ചുകൊണ്ടേ ഇരിക്കണം. ഒരിക്കലും പ്രതീക്ഷ കൈവിടരുത്. മനുഷ്യനെ ജീവിക്കാൻ പ്രയരിപ്പിക്കുന്ന ഒരേ ഒരു കാര്യമാണ് പ്രതീക്ഷ.. താൻ പാതി ദൈവം പാതി. നമ്മൾ ചെയ്യേണ്ട കാര്യങ്ങൾ വെടുപ്പായിട്ട് ചെയ്താൽ മുകളിലിരിക്കുന്നവൻെറ ജോലി അവനും ഭംഗിയായിട്ട് ചെയ്യും..

എൻെറ നെറ്റിയിലൊരു സ്നേഹമുദ്രണം ചാർത്തി അച്ഛൻ മുറിവിട്ട് പോയപ്പോൾ എൻെറ ചുണ്ടുകളിൽ ആത്മവിശ്വാസത്തിൻെറ നറുപുഞ്ചിരി വിരിഞ്ഞിരുന്നു.

വീട്ടിൽ ചടഞ്ഞുകൂടി ഇരുന്നാൽ ശരിയാവില്ല എന്ന് തോന്നിയപ്പോൾ പുറത്തേക്കിറങ്ങി. അനുവിൻെറ കഫേ ആണ് ലക്ഷ്യം. വൈകുന്നേരങ്ങളിൽ ഇവിടൊന്നു കാപ്പികുടി പതിവാണ്.

സുചേച്ചി എൻെറ പതിവ് പോന്നോട്ടേ.. അനുവിൻെറ വിവാഹം അതൊരു സംഭവബഹുലമായ കഥയാണ്.

കോൺവെൻെറിലെ സന്തതിയായ അനാധപ്പെണ്ണിനെ കെട്ടാൻ വീട്ടുകാർ സമ്മതിക്കാതെ വന്നപ്പോ രായ്ക്ക് രാമാനം അവളയും കൊണ്ട് നാടു വിട്ടതാണ് നിവിൻ എന്ന അവളുടെ നിവിച്ചൻ. ഒടുക്കം കെട്ടും കഴിഞ്ഞ് ഹണിമൂണും കഴിഞ്ഞാണ് രണ്ടും പൊങ്ങിയത്.

നിവിച്ചൻെറ അമ്മച്ചി ത്രേസ്യാമച്ചി ആദ്യം കുറ്റിച്ചൂലെടുത്തെങ്കിലും ഇപ്പോ അമ്മായമ്മയും മരുമകളും നല്ല സ്നേഹത്തിലാണ്. അനുവിന് കഫേ ഇട്ടു കൊടുത്തിട്ട് നിവിച്ചൻ കൂവൈറ്റിലേക്ക് വിമാനം കേറി. അവരെ കെട്ടിക്കാനും പറഞ്ഞുവിടാനും ഞാനും അതുവും തന്നെയാണ് കൂട്ടുനിന്നതും.

അതു ഇപ്പോ എന്നെപ്പോലെ തന്നെ വേലയും കൂലിയുമില്ലാതെ തെണ്ടിത്തിരിഞ്ഞു നടക്കുന്നു.

ആലോചിച്ചിരുന്നപ്പോഴേക്കും കാപ്പി എത്തി.

കാപ്പികുടി കഴിഞ്ഞ് പൈസകൊടുക്കാൻ പേഴ്സ് തുറന്നപ്പോഴാണ് ആ പഴയ ചെയിനിൻെറ ഭാഗം കൈയ്യിൽ കുടുങ്ങിത്. അഞ്ചു വർഷങ്ങൾക്ക് മുന്പ് എനിക്ക് താങ്ങായ കരങ്ങൾ. കണ്ടുപിടക്കാൻ ഒരു മുഖമോ ശബ്ദമോ പോലും അവശേഷിപ്പിക്കാതെ ഒരു കാറ്റുപോലെ എന്നെ തഴുകി കടന്നുപോയ അപരിചിതൻ.

ആരായിരിക്കും അത്. ഒന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. കണ്ടാൽ തിരിച്ചറിയുമോ. ആ മുഖം ഞാൻ കാണാത്തതുപോലെ എൻെറ മുഖവും കണ്ടിരുന്നില്ലെങ്കിലോ. എന്നെങ്കിലും ഒരിക്കൽ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

എൻെറ അഞ്ചു നീ ഇപ്പോഴും പണ്ടെങ്ങാണ്ട് ലിഫ്റ്റീന്ന് കേറ്റി വിട്ട ആളേം കാത്തിരിക്കാണോ.. ഇവൾക്ക് പിന്നെ പണ്ടേ കുറച്ചു വട്ടുള്ളതാണല്ലോ.. അനുവും അതുലുമാണ്. പതിവില്ലാതെ രണ്ടും ഒരുമിച്ചു വന്നതിൽ എനിക്ക് സംശയമില്ലാദില്ലാദില്ലാ. നീ തന്നെ പറഞ്ഞില്ലേ അന്നാ ലിഫ്റ്റിൽ കൊച്ചു പയ്യന്മാർ മുതൽ കെളവന്മാർ വരെ ഉണ്ടായിരുന്നു എന്ന്.

നിന്നെ അന്ന് രക്ഷിച്ചത് വല്ല പ്ലസ്ടുക്കാരൻ പയ്യനായിരുന്നെങ്കിലോ.. ശ്.. ശ്.. എടി അനു പ്ലസ് ടു എന്ന് പറയുമ്പോൾ മൂന്നു വയസ്സിനല്ലേ ഇളയതാവൊള്ളു. ഇവൾക്ക് വേണെങ്കിൽ സച്ചിനെ റോൾമോഡലാക്കി കല്യാണം കഴിക്കാമെടി.. അതുൽ ശബ്ദം താഴ്ത്തി അനുവിനോട് പറഞ്ഞു.

ഒന്ന് മിണ്ടാതിരിക്കടാ മരത്തലയാ എന്താ വേണ്ടത് എന്ന് എനിക്കറിയാം.. വോക്കെ.. വൺ ചിക്കൻ ബർഗർ പ്ലീസ്.. ഓ… തുടങ്ങി. തിന്നാൻ വേണ്ടി വയറും വാടകയ്ക്ക് എടുത്ത് വന്നേക്കാ തെണ്ടി..

അത് വിട്. ഇനി അത് വല്ല പത്തൻപത് വയസ്സുള്ള കിഴവനാണെങ്കിലോ. നീ ഈ കാത്തിരിക്കുന്നത് വെറുതെയാവില്ലേ.. ശരിയാ.. അയാളുടെ കുടുംബം വഴിയാധാരമാവില്ലേ അഞ്ചു..

ഇവനെക്കൊണ്ട്..

ബർഗർ വന്നില്ലേ മിണ്ടാതിരുന്ന് തിന്നൂടെ.. ശ്.. ശ്.. അപ്പോ നമ്മൾ വന്ന കാര്യം പറയണ്ടേ.. എൻെറ പൊന്നതു.. നീ ഇൻ ഹരിഹർ നഗറിലെ അപ്പുക്കുട്ടനാവല്ലേ പ്ലീസ്.. ഓ.. നീ പറ അഞ്ചു എന്താ നിൻെറ ഉദ്ദേശം.. കുറച്ചു നേരായീലോ രണ്ടെണ്ണോം തുടങ്ങിയിട്ട്.. നിങ്ങളോട് ഞാൻ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ ഞാൻ അയാളെ കാത്തിരിക്കുകയാണെന്ന്..

മ്… ശരിയാണ് ഒരു നോക്ക് കാണുവാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അതൊരിക്കലും പ്രണയമായതുകൊണ്ടല്ല.. എത്ര ധൈര്യശാലിയും തൻെറടിയുമായാലും കാലിടറി പോകുന്ന ചില സന്ദർഭങ്ങൾ എല്ലാവരുടേയും ജീവിതത്തിലുണ്ടാകും..

അത്തരമൊരു സാഹചര്യത്തിൽ ഒരു നന്ദിവാക്കുപോലും പ്രതീക്ഷിക്കാതെ എന്നെ സഹായിച്ച വ്യക്തിയെ ഞാൻ കാണണമെന്ന് ആഗ്രഹിക്കുന്നത് മനസ്സറിഞ്ഞൊരു നന്ദി പറയാനാണ്. പിന്നെ അറിയാതെ ആണെങ്കിലും അയാളിൽ നിന്നപഹരിച്ച ഈ ചെയിനിൻെറ ഭാഗം തിരിച്ചു കൊടുക്കണം.. അല്ലാതെ മുഖം പോലും കാണാത്ത അല്ലങ്കിൽ ഒരൊറ്റ തവണ മാത്രം കണ്ട ഒരാളേ പ്രണയിക്കാൻ മാത്രം വിഡ്ഢിയല്ലാ ഈ അഞ്ജലി..

ഇത്രയും കാലം വിവാഹത്തിനു സമ്മതിക്കാതിരുന്നത് മറ്റൊന്നും കൊണ്ടല്ല. എൻെറ അച്ഛനും അമ്മയും ജീവിക്കുന്നത് പെൻഷൻ കാശ് കൊണ്ടാണ്. ഇപ്പോ അവർക്ക് ജീവിക്കാൻ അത് ധാരാളമാണ്.. പക്ഷെ ഭാവിയിൽ അവർക്കൊരു ആവശ്യം വന്നാൽ അതിനു വേണ്ടി ഭർത്താവിനോടിരക്കേണ്ട അവസ്ഥ വരാതിരിക്കാനാണ്. എൻെറ കൈയ്യിൽ കാശുണ്ടെങ്കിൽ ലോകത്തിൻെറ ഏതു കോണിലാണെങ്കിലും അവരുടെ ഏതാവശ്യവും എനിക്ക് നടത്തിക്കൊടുക്കാം. അതുകൊണ്ടാണ് ഒരു ജോലി നേടിയിട്ട് മതി വിവാഹം എന്ന് തീരുമാനിച്ചത്..

അത്രയും പറഞ്ഞ് അവിടെ നിന്ന് എഴുന്നേറ്റ് നടന്നു.

ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോൾ രണ്ടും എന്നെ തന്നെ മിഴിച്ചു നോക്കുകയാണ്. പിന്നെ പതിവില്ലാതെ രണ്ടുപേരുടേയും ഒരുമിച്ചുള്ള ഈ വരവും എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തതുപോലെയുള്ള ഉപദേശവും എന്തിനു വേണ്ടിയാണെന്ന് എനിക്കറിയാം. എന്തായാലും അവരെ വിളിച്ചു പറഞ്ഞേരേ അടുത്ത ആലോചന അതിനീ ഏത് പൊട്ടനാണേലും കഴുത്ത് നീട്ടിക്കൊടുക്കാൻ അഞ്ജലി തയ്യാറാണെന്ന്..

ഐവാ… സക്സസ്.. അഞ്ജലി പേയതിനു പുറകെ അതുൽ ഫോണെടുത്ത് സുമയേ വിളിച്ച് കാര്യമറിയിച്ചു. Length കൂട്ടിയിട്ടുണ്ട് ട്ടൊ, എല്ലാവരും ലൈക്ക് കമന്റ് ചെയ്യണേ…ബാക്കി ഭാഗം വായിക്കുവാൻ കഥയിടം എന്ന ഈ പേജ് ലൈക്ക് ചെയ്യണേ…

തുടരും…

രചന: അഞ്ജു

Scroll to Top