ദിയാ ഒന്നു കണ്ണു തുറന്ന് ചുറ്റും നോക്കിക്കേ, അഖിലിന്റെ മന്ത്രണം ചെവിയരികിൽ പതിച്ചപ്പോൾ ദിയ, പതിയെ കണ്ണു തുറന്ന് ചുറ്റും നോക്കി….

രചന : സന്തോഷ്‌ അപ്പുക്കുട്ടൻ

വാകമരം പൂക്കുമ്പോൾ

********************

ഇവിടെ വെച്ചാണ് നാം ആദ്യമായി കണ്ടുമുട്ടിയതും

ഉടക്കിയതും

പിന്നെയൊടുവിൽ പ്രണയം പങ്കിട്ടതും ”

ദിയ ഒരു നെടുവീർപ്പോടെ, തലയ്ക്ക് മുകളിൽ പൂത്തുനിൽക്കുന്ന വാകപ്പൂക്കളെ നോക്കി.

പിന്നെ അവളെ തന്നെ നോക്കി നിൽക്കുന്ന അഖിലിന് ഒരു വരണ്ട ചിരി സമ്മാനിച്ചു.

‘”വർഷങ്ങൾക്കു ശേഷം നാം വീണ്ടും ഈ വാകമരച്ചുവട്ടിൽ കണ്ടുമുട്ടുമ്പോൾ, നാം തീർത്തും അപരിചിതരായി അല്ലേ അഖീ? ”

താലിയൊഴിഞ്ഞ കഴുത്തിൽ, അറിയാതെയൊന്നു തഴുകിപോയ് ദിയ.

ഒരു തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി!

കാററിലടർന്നു വീണ വാകപ്പൂക്കളൊരെണ്ണം,

ദിയയുടെ മുടിയിഴകളിൽ പറ്റി ചേർന്നു.

“അഖിയ്ക്ക് എന്നോട് ഒന്നും പറയാനില്ലേ?

വർഷങ്ങൾക്കു ശേഷം എന്നെ കണ്ടിട്ട്?”

ദിയയ്ക്കുള്ള മറുപടിക്ക് പകരം, അവൻ, അവളുടെ മുടിയിൽ കുരുങ്ങി കിടക്കുന്ന വാകപ്പൂ എടുത്ത് പതിയെ നോക്കി.

“പൂക്കൾ അഖിലേട്ടേന് അലർജ്ജിയല്ലേ?

എന്നിട്ടാണോ കൊച്ചുക്കുട്ടികളെ പോലെ അതും കൈയ്യിൽ വെച്ചിരിക്കുന്നേ?”

ശബ്ദം കേട്ട് ദിയ ഞെട്ടലോടെ തിരിഞ്ഞു നോക്കി.

കൈയ്യിൽ ഐസ്ക്രീമുമായി വരുന്ന

ആ സ്ത്രീയെയും, അഖിലിനെയും ഒരു ഞെട്ടലോടെ, ദിയ മാറിമാറി നോക്കി.

” മായയാണ് ”

ദിയയുടെ മിഴികളിലേക്ക് നോക്കി അഖിലത് പറഞ്ഞപ്പോൾ, ദിയയുടെ നോട്ടം നീണ്ടത് മായയുടെ കഴുത്തിലേക്കാണ് .

തിളങ്ങുന്ന താലി കണ്ടതും ഒരു നിമിഷം തിളക്കമറ്റു പോയ് ദിയയുടെ മിഴികൾ.

മായ ഒരു കപ്പ് ഐസ്ക്രീം ദിയയ്ക്കു നേരെ നീട്ടി.

” ഉള്ളിൽ ചൂടുപൊങ്ങുമ്പോൾ, ഇത്തിരി തണുപ്പ് നല്ലതാ!”

മായയുടെ ആ പറച്ചിൽ ഇഷ്ടപ്പെട്ടില്ലെങ്കിലും, ദിയ മനസ്സില്ലാ മനസ്സോടെ ഐസ്ക്രീം നുണഞ്ഞു തുടങ്ങി.

“മായേ ഇത് ദിയ.”

” അധികം പരിചയപ്പെടുത്തലൊന്നും വേണ്ട അഖിലേട്ടാ

റീ യൂണിയന് പോകണമെന്നു പറഞ്ഞു കയറു പൊട്ടിച്ചപ്പോൾ, അതിനിടയിൽ ഇങ്ങിനെയൊരു ആഗ്രഹം ഉണ്ടെന്നറിഞ്ഞില്ല ”

പറഞ്ഞു മുഴുവിപ്പിക്കാതെ മായ അവർക്കരികിൽ നിന്ന് ചവിട്ടിതുള്ളി നടന്നകന്നു.

മായയെ പിൻതുടർന്ന ദിയയുടെ മിഴികൾ, പതിയെ അഖിലിന്റെ മുഖത്തേക്ക് പതിഞ്ഞു.

“അഖിയെ അടക്കി ഭരിക്കുന്നുണ്ടല്ലോ?”

ദിയയുടെ ആ ചോദ്യത്തിൽ സർവ്വാധികാരങ്ങളും നഷ്ടപ്പെട്ട ഒരു രാജ്ഞിയുടെ തേങ്ങലുതിർന്നിരുന്നു.

” പ്രണയക്കാലത്ത് എനിക്ക് അഖി കൈ കുമ്പിളിലാക്കി, നിനക്കിഷ്ടമുള്ള പൂവല്ലേയെന്നു പറഞ്ഞ് കൊണ്ടുവന്നു തരുന്നതല്ലേ ഈ വാകപ്പൂക്കൾ?”

നീരണിഞ്ഞ മിഴികളോടെ അഖിലിനെ നോക്കി വിതുമ്പി ദിയ

” ഈ പൂക്കൾ എന്നു തൊട്ടാണ് അഖിയ്ക്ക് അലർജിയായത്?”

” അതോ എന്നോടുള്ള അലർജിക്കൊണ്ട്, എനിക്കിഷ്ടമുളള വസ്തുക്കളെയും വെറുത്തോ അഖീ

അഖിൽ ഒന്നും പറയാതെ ദിയയുടെ നീരണിഞ്ഞ മിഴികളിലേക്ക് നോക്കി നിന്നു.

” മായയ്ക്ക് ഇപ്പോൾ ഈ കൊടുക്കുന്നതിന്റെ നൂറിലൊന്ന് അധികാരം എനിക്കു തന്നിരുന്നുവെങ്കിൽ ഞാനിപ്പോഴും…. ”

ഉള്ളിലുയർന്ന കരച്ചിൽ ദിയ പാടുപെട്ടമർത്തിയെങ്കിലും, ചീളുകൾ പുറത്തേക്ക് തെറിച്ചിരുന്നു.

” പറഞ്ഞിട്ടു കാര്യമില്ല ദിയാ നമ്മൾ ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട്.

ആ വിധിയെ മറികടക്കാൻ

എനിക്കായാലും നിനക്കായാലും കഴിയില്ല”

നഷ്ടബോധത്തിന്റെ തേങ്ങലോടെ അഖിലത് പറയുമ്പോൾ, പെയ്യാനൊരുങ്ങുന്ന വാനം പോലെയായിരുന്നു ദിയയുടെ മിഴികൾ.

ഒരു തണുത്ത കാറ്റടിച്ചാൽ ചോർന്നു പോകുമെന്ന ഭയത്താൽ ദിയ പതിയെ കണ്ണടച്ചു.

“അല്ലാതെ നമ്മുടെ കുറ്റമല്ല?”

ചോദ്യത്തോടൊപ്പം കൺതുറന്ന് ദിയ അഖിലിനെ നോക്കി.

“ആണോ?”

അഖിൽ ദിയയുടെ കണ്ണുകളിലേക്കുറ്റുനോക്കി ചോദിച്ചപ്പോൾ, ആ നോട്ടം നേരിടാനാവാതെ ദിയ മുഖം തിരിച്ചു.

” ആണെന്നറിയാം നിനക്ക് അല്ലേ ദിയ?

അഖിലിന്റെ കണ്ണുകൾ, പൂത്തുനിൽക്കുന്ന വാകമരത്തിനു മുകളിലെ നീലാകാശത്തിലേക്കു നീണ്ടു.

” അഞ്ചെട്ടു വർഷം പ്രണയിച്ച്, രണ്ട് വർഷം മനസ്സും ശരീരവും പങ്കിട്ട്, പത്താം വർഷത്തിലാണ് എനിക്ക് വ്യക്തിസ്വാതന്ത്ര്യം വേണമെന്ന് നീ വായിട്ടിലച്ചത്!”

സ്തബ്ധയായി നിൽക്കുന്ന ദിയക്കു നേരെ അവന്റെ നോട്ടം പുച്ഛത്തോടെ ചെന്നു.

” അതും എനിക്കിഷ്ടമില്ലാത്ത ഒരു ഫംങ്ങ്ഷനു,

ഞാൻ പോകണ്ടായെന്നു പറഞ്ഞിട്ടും,

നീ പോയതിനെ കുറിച്ച് ചോദ്യം ചെയ്തതിന് ”

കണ്ണുകൾ നിറയുന്നെന്നു തോന്നിയപ്പോൾ അഖിൽ,

അതിനെ തടയിടാനെന്നവണ്ണം പുഞ്ചിരി തൂകി.

” ആ വാശിയ്ക്ക് അന്നുവരെ നിനക്കു വേണ്ടി ഞാൻ ത്യജിച്ച എന്റെ വ്യക്തിസ്വാതന്ത്ര്യങ്ങളോരോന്നും ഞാനും പുറത്തെടുത്തു…

നിനക്ക് പിടിക്കാത്ത, എന്റെ വ്യക്തിസ്വാതന്ത്ര്യമായിരുന്നു ഞാൻ കൂടുതലും തിരഞ്ഞെടുത്തിരുന്നത്

ഒടുവിൽ ഒരു വീട്ടിൽ രണ്ടു മനസ്സും, രണ്ട് ശരീരവുമായി നമ്മൾ..

ഒന്നിച്ച് പോകാൻ കഴിയില്ലായെന്നായപ്പോൾ നീ തന്നെയാണ് മൂച്വൽ ഡിവോഴ്‌സ് പെറ്റീഷന്റെ ലാളിത്യത്തെ കുറിച്ച് വാചാലയായതും ”

” അഖീ ഞാൻ ”

എന്തു പറയണമെന്നറിയാതെ ദിയ അഖിലിനെ കണ്ണീരോടെ നോക്കി.

“വ്യക്തിസ്വാതന്ത്ര്യം ”

അഖിൽ പുഞ്ചിരിയോടെ മന്ത്രിച്ചു ആ വാക്കുകൾ.

“നല്ലതാണ് ആ പദം.

ആരും ആഗ്രഹിക്കുന്ന, അധികാരമടങ്ങിയ വാക്ക്.

കേർക്കാൻ ഒരിമ്പവുമുണ്ട്.

പക്ഷേ ചില വിട്ടുപിരിയാൻ കഴിയാത്ത ബന്ധങ്ങളിൽ ആ വാക്കൊരു ആറ്റം ബോംബ് പോലെ പൊട്ടിത്തെറിക്കും ദിയാ!

മനസ്സും, ശരീരവും ഒട്ടിനിൽക്കുന്നവരെ ഒരു നിമിഷം കൊണ്ട് വിഘടിപ്പിച്ച് ദൂരേയ്ക്ക് തെറിപ്പിക്കും ആ വാക്ക്”

അതുപോലെയല്ലേ നമ്മളെയും, കാണാൻ കഴിയാത്ത അത്രയ്ക്കും ദൂരേയ്ക്ക് തെറിപ്പിച്ചത്?

” അഖീ ”

ചെവി പൊത്തി പിടിച്ചു കൊണ്ട് ദിയ പതർച്ചയോടെ വിളിച്ചു.

ഇനിയൊന്നും കേൾക്കാൻ ശക്തിയില്ലാത്തതുപോലെ

“നമ്മളെ താങ്ങാൻ മറ്റു പലരുമുണ്ടെന്ന തോന്നലിലാണ് നമ്മൾ കൂടുതലൊന്നും ചിന്തിക്കാതെ പല കടുത്ത തീരുമാനങ്ങളെടുക്കുന്നത്!

പക്ഷേ ഒടുക്കം നമ്മൾക്ക് നമ്മളേയുള്ളുവെന്ന് അറിയുമ്പോഴാണ്. ആ സങ്കടത്തിൽ നിന്നാണ്, നമ്മൾ പശ്ചാത്തപിച്ചു തുടങ്ങുന്നത്?”

ആ വാക്കുകൾ കേട്ട ദിയ അമ്പരപ്പോടെ അഖിലിനെ നോക്കി.

തന്റെ ജീവിതം തുറന്ന പുസ്തകമായി അഖിലിനു മുന്നിൽ തെളിഞ്ഞുവോ?

അതിലെ വരികൾ ആണല്ലോ ഒരു അക്ഷരത്തെറ്റും കൂടാതെ അഖിൽ വായിക്കുന്നത്.

അഖിലും, ദിയയും പരസ്പരം ഒന്നും മിണ്ടാതെ നോക്കി നിന്നു.

കൊഴിയാൻ മടിച്ചു നിന്ന വാകപ്പൂക്കളെ തൊട്ടുരുമ്മി ഒരു ചെറിയ കാററ് കടന്നു പോയി,

അഖിലിന്റെ നോട്ടം ഒരു മാത്ര, മരച്ചുവട്ടിൽ തങ്ങളെയും നോക്കി നിൽക്കുന്ന മായയിലേക്ക് നീണ്ടു..

ചെല്ലൂ അഖീ,

മായ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാവും”

ദിയ അത് പറയുമ്പോൾ, ആ മനസ്സിൽ സങ്കടമഴ ആർത്തലച്ചു പെയ്യുകയായിരുന്നു.

അഖിൽ കാണാതെ വേണം അവൾക്കത് കണ്ണീരായ് ഒഴുക്കി കളയാൻ!

ഒരടി പിൻതിരിഞ്ഞു നടന്ന അഖിൽ വീണ്ടും ദിയയുടെ അരികിലെത്തി.

“നല്ലൊരാളെ കണ്ടെത്തി വിവാഹം കഴിക്കണം ദിയാ. കുട്ടികളും കുടുംബമൊക്കെ ആയാൽ ഈ ഒറ്റപ്പെടലും ദു:ഖവും തീരും.”

അവന്റെ നോട്ടം പൂത്തുനിൽക്കുന്ന വാകയിലേക്ക് നീണ്ടു

” ഈ വാകമരത്തെ തന്നെ നോക്ക്, ഒരു പൂക്കാലം കഴിഞ്ഞെന്നുവെച്ച് അവ നിരാശപ്പെടുന്നില്ല.

പകരം അടുത്ത പൂക്കാലത്തിന് വേണ്ടി ആശയോടെ കാത്തിരിക്കുന്നു.

അഖിലിന്റെ കണ്ണുകളിൽ പതിയെ പതിയെ ചുവന്ന വാകപ്പൂക്കൾ തെളിഞ്ഞു വരുന്നതു കണ്ട, ദിയ അമ്പരപ്പോടെ അവന്റെ ചുണ്ടുകളിലേക്ക് നോക്കി!

തികട്ടിവരുന്ന സങ്കടം കടിച്ചമർത്തുകയാണോ അഖിലെന്ന് അവൾ സന്ദേഹിച്ചു.

കുറച്ചു നിമിഷം കഴിഞ്ഞ് നേരിയ പുഞ്ചിരിയോടെ,

അഖിൽ ദിയയെ നോക്കി.

“പിന്നെ ഒരു ഉപദേശമുണ്ട് ദിയാ !

“വഴിയരികിൽ ആരൊക്കെയോ ഛർദിക്കുന്ന കടിച്ചാൽ പൊട്ടാത്ത വാക്കുകളെടുത്ത് വീട്ടിൽ കൊണ്ടുവന്ന് കഴുകി വൃത്തിയാക്കാതിരിക്കുക!”

“ഭർത്താവ് പറയുന്നത് നീയും, നീ പറയുന്നത് ഭർത്താവും കേട്ട് സന്തോഷത്തോടെ ജീവിക്കുക ”

“മൂന്നാമതൊരാൾക്കും, അവരുടെ വാക്കുകൾക്കും നിങ്ങളുടെ ജീവിതത്തിൽ സ്ഥാനമില്ലായെന്ന് ഓർക്കുക ”

“അവരൊക്കെ വല്ലപ്പോഴും വന്നു പോകുന്ന അതിഥികളാണെന്ന് മറക്കാതിരിക്കുക!.”

“നല്ലൊരു ദാമ്പത്യത്തിന് ഈ ഉപദേശം ഉപകാരമാകട്ടെയെന്ന പ്രാർത്ഥനയോടെ

മറുപടിക്ക് കാത്തുനിൽക്കാതെ പിൻതിരിഞ്ഞു നടക്കാനൊരുങ്ങിയ അഖിലിന്റെ കൈ പിടിച്ചു ദിയ!

” വൈകി കിട്ടിയ ഉപദേശത്തിന് ഒരുപാട് നന്ദി! ”

“ഇനി എനിക്ക് ആ ഉപദേശം ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ലല്ലോ?”

”പിന്നെ റീ യൂണിയന് അറ്റൻഡ് ചെയ്യുന്നില്ല. ഞാൻ മടങ്ങിപോകുകയാണ് അഖീ ”

അഖിൽ അമ്പരപ്പോടെ ദിയയെ നോക്കി.

“വർഷങ്ങൾക്ക് ശേഷം കൂട്ടുക്കാരെ കാണാൻ,

ഇത്രയും ദൂരം കാറോടിച്ച് വന്നിട്ട് അവരെ കാണാതെ മടങ്ങുകയോ?”

ദിയ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.

“വർഷങ്ങൾക്കു ശേഷം ഇത്രയും ദൂരം കാറോടിച്ച് ഇവിടെയ്ക്ക് വന്നത് ഈ സ്ക്കൂൾ കാണാനും, കൂട്ടുക്കാരെ കാണാനും, പിന്നെ പൂത്തുനിൽക്കുന്ന ഈ വാകമരവും കാണാൻ തന്നെയാണ് പക്ഷേ ?”

ദിയയുടെ നോട്ടം വീണ്ടും മായയിലേക്ക് നീണ്ടു.

മായ തങ്ങളെ തന്നെ സൂക്ഷിച്ചു നോക്കുന്നത്, ദിയ കണ്ടു.

“നമ്മളിങ്ങനെ അധികം സംസാരിച്ചു നിൽക്കുന്നത് കണ്ടാൽ മായയ്ക്ക് പിടിക്കില്ല”

” അവൾ ക്രൂരമായി എന്നെ എന്തെങ്കിലും പറയും. അതു ക്ഷമിക്കാം. പക്ഷേ അതും കേട്ട് മറുത്തൊന്നും പറയാതെ നിസ്സംഗനനായിനിൽക്കുന്ന അഖിയെ കാണുമ്പോൾ തളർന്നു പോകും ഞാൻ ”

” അവളെ നീ കാര്യമാക്കണ്ട ദിയ, അവൾ അങ്ങനെയൊരു ടൈപ്പാ!”

” കാര്യമാക്കണം അഖീ, എല്ലാ ആയുധങ്ങളും നഷ്ടപെട്ട് ഏകയായ് പടക്കളത്തിൽ നിൽക്കുന്ന റാണിയാണ് ഞാനിപ്പോൾ! ആർക്കു വേണമെങ്കിലും തോന്നുമ്പോൾ തട്ടിക്കളിക്കാം.”

ദിയ വരുത്തി തീർത്ത ഒരു പുഞ്ചിരിയോടെ,

അഖിലിനെ നോക്കി.

” റീയൂണിയനിൽ പങ്കെടുക്കുന്നില്ലെങ്കിലും അഞ്ച് വർഷങ്ങൾക്കു ശേഷം അഖിയെ കണ്ടല്ലോ? ”

“നമ്മുടെ പ്രണയം പൂത്ത ഈ വാകമരചുവടും

അത് തന്നെ മതി എനിക്കീ ജീവിതത്തിൽ ഓർക്കാൻ…..

അഖിലിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ അവൾ പെട്ടെന്നു നടന്നു.

കുറച്ചു ദൂരം എത്തിയപ്പോൾ അവൾ എന്തോ മറന്നതു പോലെ, അഖിലിനു നേരെ തിരിഞ്ഞു നടന്നു.

അഖിലിന്റെ മുന്നിൽ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നതിനു ശേഷം മുഖമുയർത്തി ദിയ.

“ഒരു നൂറ് വർഷം നിങ്ങൾ സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കട്ടെ ”

അവർക്ക് ആശംസകൾ നേർന്നു കൊണ്ട് തിരിഞ്ഞു നടന്ന ദിയയുടെ കൈയിൽ പിടുത്തമിട്ടു അഖിൽ.

അപ്രതീക്ഷിതമായ ആ നീക്കം കണ്ട് നീർ തുളുമ്പിയ മിഴികളോടെ അഖിലിന്റെ കണ്ണിലേക്കുറ്റുനോക്കി ദിയ.

“ജീവച്ഛവമായ എനിക്കെന്തിനാണ് നൂറ് വർഷത്തെ ആയുസ്സ് ദിയാ ?”

ആ ചോദ്യം കേട്ടതും അമ്പരപ്പോടെ ദിയ,

അഖിലിന്റെ കൈ അറിയാതെ പിടിച്ചു പോയി!

“അഖി എന്താ പറഞ്ഞത്?”

നീരണിഞ്ഞ മിഴികളോടെ വിതുമ്പിക്കൊണ്ട് ദിയ ചോദിച്ചപ്പോൾ അവൻ, അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.

നീരണിഞ്ഞ അവന്റെ കണ്ണിൽ തന്റെ രൂപം തെളിയുന്നത് നോക്കി നിന്നു പോയി അവളൊരു മാത്ര !

” അഞ്ചു വർഷമായി ജീവച്ഛവമായി ജീവിക്കുന്ന ഒരാൾക്കെന്തിനാ നൂറ് വർഷത്തെ ആയുസ്സെന്ന്?”

ആ ചോദ്യം കേട്ടപ്പോൾ തന്നെ പിടിച്ചിരുന്ന അഖിലിന്റെ കൈകളിൽ മുറുകെ പിടിച്ചു ദിയ.

അവളുടെ മിഴികൾ അവിശ്വസനീയതയോടെ മരച്ചുവട്ടിൽ നിൽക്കുന്ന മായയെ തേടിചെന്നു.

വീണ്ടും അവളുടെ മിഴികൾ, അഖിലിൽ പറന്നെത്തി

അഖിലിന്റെ ചുണ്ടിൽ നനുത്ത ഒരു പുഞ്ചിരി മൊട്ടിട്ടു.

” അത് മായ. എന്റെ ആന്റിയുടെ മകൾ ! നീ കണ്ടിരിക്കാൻ സാധ്യതയില്ല!അവളും കുടുംബവും കുറെക്കാലം സ്റ്റേറ്റ്സിലായിരുന്നു.”

അഖിൽ പതിയെ അവളുടെ ഇരു തോളിലും കൈവെച്ചു.

“വിപ്ലവകല്യാണം ആയതോണ്ട് നമ്മൾക്ക് ആരെയും പരിചയപ്പെടാൻ പറ്റിയിരുന്നില്ലല്ലോ?”

ഒന്നും മനസ്സിലാകാതെ പകച്ചു നിൽക്കുകയായിരുന്നു ദിയ.

” ഈ റീയൂണിയന് നീയും നിന്റെ പുതിയ ഭർത്താവും വരുമെന്ന കാരണത്താൽ ഞാൻ വരേണ്ടായെന്നു വെച്ചതാണ്!”

“പക്ഷേ ഇവിടെയെത്തിയപ്പോഴാണ് നീയിപ്പോഴും ഒറ്റയ്ക്കാണെന്ന് മനസ്സിലായത്.”

അകലങ്ങളിലേക്ക് നോക്കി നിന്ന ദിയയുടെ മിഴികളിൽ ചുടുനീർ ഊറിതുടങ്ങി

“മായയാണ് പറഞ്ഞത് ഈ റീയൂണിയന് നിർബന്ധമായി പോകണമെന്ന് ”

“ദിയയെ ഒരുവട്ടമെങ്കിലും കാണണമെന്ന് അവൾക്ക് വല്ലാത്ത ആഗ്രഹമായിരുന്നു.”

“അവൾ നിന്നോട് കാണിച്ചിരുന്ന അനിഷ്ടങ്ങളൊക്കെ കുസൃതിയായ അവളുടെ അഭിനയമായിരുന്നു.”

ദിയ ഒന്നും പറയാൻ ശക്തിയില്ലാതെ അഖിലിന്റെ നെഞ്ചിലേക്ക് ചാഞ്ഞു:

തന്നോടുള്ള സ്നേഹം അഖിലിന്റെ ഹൃദയത്തിൽ കുത്തിയൊഴുകുന്നത് അവളറിഞ്ഞു.

വർഷങ്ങൾക്കു ശേഷം മരുഭൂമിയിൽ പച്ച നിറഞ്ഞതും, പൂക്കൾ വിടർന്നതും, അവൾ കണ്ടറിഞ്ഞ നിമിഷം!

തന്റെ നെഞ്ചിലൂടെ കുലംകുത്തിയൊഴുകുന്ന സങ്കട കണ്ണീരിൽ നനഞ്ഞു കുതിരുമ്പോൾ അഖിലിന്റെ കണ്ണും നിറഞ്ഞിരുന്നു.

ചെറുകാറ്റിലിളകി വീഴുന്ന വാകപ്പൂക്കളിൽ കുളിച്ച് എത്ര നേരമായി അങ്ങിനെ നിന്നുവെന്ന് അവർക്കു തന്നെ അറിയില്ലായിരുന്നു.

” ദിയാ ഒന്നു കണ്ണു തുറന്ന് ചുറ്റും നോക്കിക്കേ ”

അഖിലിന്റെ മന്ത്രണം ചെവിയരികിൽ പതിച്ചപ്പോൾ ദിയ, ബോധോദയം വന്നത് പോലെ പതിയെ കണ്ണു തുറന്ന് ചുറ്റും നോക്കിയപ്പോൾ

സന്തോഷം തിരതല്ലി അവളുടെ മനസ്സിൽ .

തങ്ങൾക്കു ചുറ്റും,പുഞ്ചിരിയോടെ നിൽക്കുന്ന പഴയ ക്ലാസ്സ്മേറ്റ്സ്.

എല്ലാവരെയും ഒന്നു നോക്കി ഒരു പുഞ്ചിരി സമ്മാനിച്ച ശേഷം വീണ്ടും അഖിലിന്റെ നെഞ്ചിൽ, കണ്ണടച്ചു പറ്റി ചേർന്നു നിന്നു ദിയ!

അവളുടെ കൈകൾ അപ്പോഴും അവനെ വലിച്ചു മുറുക്കിയിരുന്നു!

ഇനിയൊരിക്കലും നഷ്ടമാകല്ലേയെന്ന പ്രാർത്ഥനയോടെ!

പ്രണയങ്ങൾ കണ്ടു കൊതിതീരാത്ത ആ വാകമരമപ്പോഴും, ചുവന്ന പൂക്കൾ ഉതിർത്തു കൊണ്ടേയിരുന്നു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സന്തോഷ്‌ അപ്പുക്കുട്ടൻ