അവൾ അയാളുടെ വീട്ടിൽ നിന്നും ഇറങ്ങി പോയപ്പോ അയാള് വെറുതെ അങ്ങനെ നോക്കി നിന്നിരുന്നു…

രചന : Jishnu Ramesan

“മൂക്കുമുട്ടെ കള്ള് മൊന്തിയാൽ മാത്രേ നിനക്ക് നിൻ്റെ ഭാര്യയെ കീഴ്പ്പെടുത്താനാവൂ” എന്ന് അയാളുടെ ചങ്ങാതിമാര് പറഞ്ഞത് അയാള് ക്രൂരമായി അനുസരിച്ചിരുന്നു…

നാല് പേരുള്ള അയാളുടെ ചങ്ങാതിമാര് അയാൾക്ക് ഉറ്റവരായിരുന്നു…

ചങ്ങാതിമാരുടെ തത്വം മാത്രം കേൾക്കുന്ന ഒരു തോന്ന്വാസിയായിരുന്നു അയാള്….

അയാൾക്ക് അവളെ ഇഷ്ടമായിരുന്നു… അവള് ചിരിക്കുന്നത് നോക്കി നിന്നിട്ടുണ്ട്… എന്നിട്ടും ചങ്ങാതിമാരുടെ അഭിപ്രായങ്ങൾക്ക് ചെവി കൊടുക്കുന്ന ഒരു ക്രൂരനായിരുന്നു അയാള്…

വയറു നിറയെ കള്ള് മൊന്തുന്ന രാത്രികളിൽ തലോടാറുള്ള അവളുടെ മുലകളെ അയാള് നോവിച്ചിരുന്നു…

അയാളോടുള്ള ഇഷ്ടം കൊണ്ട് ഒരു കരച്ചിലിൽ ഒതുക്കിയ രാത്രികൾ അവള് രാവിലെ മറന്നിരുന്നു എന്നും…..

ഒരിക്കൽ ഒരു രാവിലെ അവള് ഉടുപ്പുകൾ കുത്തി നിറച്ച തുണി സഞ്ചിയും തോളിലിട്ട് അയാളുടെ വീട്ടിൽ നിന്നും ഇറങ്ങി പോയപ്പോ അയാള് വെറുതെ അങ്ങനെ നോക്കി നിന്നിരുന്നു…

അവളെ തിരിച്ചു വിളിക്കാൻ തോന്നാതിരുന്നതിന് കാരണം അവളുടെ കഴുത്തിലും വയറ്റിലും അയാള് മാന്തിയ പാടുകളായിരുന്നു…

അവള് ഇറങ്ങി പോകുന്നത് തലേന്ന് മോന്തിയ കള്ളിൻ്റെ കനപ്പ് തലയ്ക്ക് പിടിച്ച് അയാള് നോക്കി നിന്നു…

പിന്നീട് പെണ്ണില്ലാതെയും അയാളുടെ അടുക്കള പുകഞ്ഞു… അരച്ച തേങ്ങ ചമ്മന്തിക്ക് രുചിയും കുറവില്ലായിരുന്നു…

അയാളില്ലാതെ അവളും വിതുമ്പി, നെടുവീർപ്പിട്ടു… ചെലപ്പോ വല്ലാത്തൊരു ആശ്വാസം നുണഞ്ഞു.

“അവള് പോയാ വേറൊരുത്തി” എന്ന അയാളുടെ ചങ്ങാതിമാരുടെ ക്രൂര സംസാരം അയാളെ വീർപ്പു മുട്ടിച്ചു… നെഞ്ച് നീറി, ശ്വാസമെടുത്ത് അയാള് വിങ്ങി പൊട്ടി…

അവളെ തിരിച്ചു വിളിക്കാൻ വേലിപ്പടിക്കൽ പോയി എത്തി നോക്കിയിട്ടുണ്ട് അയാള്…

നാരായണേട്ടൻ്റെ പീടികയിൽ മാസപതിവ് വാങ്ങാൻ വരി നിൽക്കണ അവളെ ഒളിഞ്ഞു നോക്കിയിട്ടുണ്ട് അയാള്…

കള്ള് മോന്താതെ തിരിഞ്ഞും മറിഞ്ഞും രാത്രി വെളുപ്പിച്ചിരുന്നു അയാള്…

ഇടവഴിയിൽ അപ്രതീക്ഷിതമായി അവളെ കാണുമ്പോ അയാളുടെ നെഞ്ച് ഇടിച്ചിരുന്നു…

നാവ് കുഴഞ്ഞിരുന്നു…

അവളും വഴി നീളെ വെറുതെ അങ്ങനെ വീർപ്പുമുട്ടി കരഞ്ഞിരുന്നു…

കവലയിൽ കൂടിയിരിക്കുന്ന ചങ്ങാതിമാരെ തിരിഞ്ഞു നോക്കാതെ എത്രയോ വൈകുന്നേരങ്ങൾ അയാള് നടന്നു പോയിരിക്കുന്നു…

പാടത്തിനപ്പുറമുള്ള മൊയ്തുക്കേടെ മോൾടെ മൈലാഞ്ചി കല്യാണത്തിന് അയാള് അവളെ കണ്ടപ്പോ ചോദിച്ചു,

” വൈകുന്നേരം ചങ്ങാതിമാരുടെ കൂടെ കള്ള് കുടിക്കണ ശീലം നിർത്തിയപ്പോ സമാധാനമുണ്ട്…

പക്ഷേ വീട്ടില് വന്നു കേറിയാ വീർപ്പു മുട്ടുന്നു…

നീയില്ലാണ്ട് പറ്റണില്ല…”

മുഖം കനപ്പിച്ച് അവളും പറഞ്ഞു,

‘ എനിക്കും നിങ്ങളില്ലാണ്ട് പറ്റണില്ല…’

മൈലാഞ്ചി കല്യാണം പകുതിക്ക് വെച്ച് അയാളും അവളും പുഴ കടന്നിരുന്നു…

അന്നാദ്യമായി കള്ള് നനയാത്ത അയാളുടെ കയ്യിൽ ഒരു പൊതിയിൽ രണ്ടു മൂന്നു തേൻ നിലാവ് ഉണ്ടായിരുന്നു ആ പെണ്ണിന് വേണ്ടി…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Jishnu Ramesan