ഇച്ചായാ, എനിക്കൊരു ലെഗ്ഗിൻസ് വാങ്ങിത്തരുമോ.. അലക്സിൻ്റെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് ആൻസി ചോദിച്ചു…

രചന : സനീഷ് ശശി

ആൻസിയും ലെഗ്ഗിൻസും….

********************

ഇച്ചായാ.,.. എനിക്കൊരു ലെഗ്ഗിൻസ് വാങ്ങിത്തരുമോ?.. അലക്സിൻ്റെ രോമാവൃതമായ നെഞ്ചിൽ പറ്റിച്ചേർന്ന് കിടന്ന് ആൻസി ചോദിച്ചു.

ലെഗ്ഗിൻസ് നിനക്കെന്തിനാടി അതൊക്കെ ചെറിയ പെൺകുട്ടികൾ ഇടണതല്ലേ.. “അതല്ല ഇച്ചായാ എനിക്ക് നമ്മുടെ സ്കിൻ കളറിലുള്ള നല്ല ടൈറ്റായ ലെഗ്ഗിൻസ് വേണം… “ആൻസീ നീയൊന്നു പോയേ “… കവലേൽ കടനടത്തുന്ന പോളിൻ്റെ ഭാര്യ കഴിഞ്ഞ ദിവസം അങ്ങനെത്തെ ഒരു കുന്ത്രാണ്ടം ഇട്ടോണ്ടു പോയിട്ട് പാൻ്റിടാതെ നടക്കണ പോലെ ഉണ്ടായിരുന്നു.

കവലേൽ തൊമ്മിച്ചൻ്റെ പീടികയിലിരുന്ന എല്ലാവരും അതും പറഞ്ഞു ചിരിയായിരുന്നു. നീ എന്നേയും നാണം കെടുത്തിയാലേ അടങ്ങു.. ഹും …അന്നേ പാലാ ടൗണിൽ നന്നും വന്ന ആലോചന നോക്കാതെ ഈ കാട്ടുമുക്കിൽ വന്നപ്പോഴേ ഞാൻ കരുതിയതാ ഇതു തന്നെയായിരിക്കും എൻ്റെ വിധി എന്ന്.

കാർന്നോമ്മാരായി ഉണ്ടാക്കി വെച്ച കൃഷിയും കാര്യങ്ങളും നോക്കി നടത്തുന്ന മര്യാദക്കാരനും സഭാ വിശ്വാസിയുമായ അലക്സിനെ കണ്ടപ്പോൾ തൻ്റെ അപ്പൻ്റെ തീരുമാനം അതു തന്നെയായി…

എൻ്റെ വിധി… ആൻസി എന്തൊക്കെയോ പിറുപിറുത്ത് തല വഴി പുതപ്പു മൂടി കണ്ണടച്ചു.

രാവിലെ എഴുന്നേറ്റു ലജിനേം റോബിനേം റെഡിയാക്കി സ്ക്കൂളിൽ വിടുമ്പോഴും ആൻസിയുടെ മനസ്സ് സ്കിൻ കളറിലുള്ള ലെഗ്ഗിൻസിലായിരുന്നു. കാപ്പി കുടിയും കഴിഞ്ഞ് അലക്സ് തോട്ടത്തിലേക്ക് പോയപ്പോൾ തന്നെ ആൻസി കവലയിലേക്കിറങ്ങി…

റോഡിൻ്റെ അടുത്താണ് വീട്.

പത്തരയ്ക്കുള്ള മാളു ബസ് റോഡിലേക്ക് ഹോൺ മുഴക്കി ഇരച്ചു വന്നു.

ആൻസി ബസിൽ കയറി കവലയിലേക്ക് പുറപ്പെട്ടു.

കവലയിലെ സൗപർണ്ണിക ടെക്സ്റ്റയിൽസിലെ സെയിൽസ് ഗേൾ ജാനമ്മ പലനിറത്തിലുള്ള ലെഗ്ഗിൻസുകൾ വാരിക്കൂട്ടി ആൻസിയുടെ മുന്നിലേക്കിട്ടു. കൂടുതൽ നോക്കേണ്ടി വന്നില്ല താനുദ്ധേശിച്ച സ്കിൻ കളറിലുള്ള ലെഗ്ഗിൻസും വാങ്ങി ആൻസി വീട്ടിലേക്ക് തിരിച്ചു..,

നാളെ കുട്ടികളുടെ സ്കൂളിൽ മീറ്റിംഗ് ഉണ്ട്… ലെഗ്ഗിൻസും ടോപ്പും ഇട്ട് നാളെപ്പോകാം. വീട്ടിലെത്തിയ ആൻസി വൈകുന്നേരം വന്ന അലക്സി നോട് ലെഗ്ഗിൻസ് വാങ്ങിയ കാര്യം പറഞ്ഞില്ല.

ഇച്ചായനറിഞ്ഞാൽ വഴക്കിട്ടാലോ

രാവിലെ കുട്ടികളെ സകൂളിൽ അയച്ച് വീട്ടിലെ പണിയൊക്കെ തീർത്തപ്പോൾ സമയം 12 ആയി.

ഒന്നരയ്ക്കുള്ള മാർത്ത ബസിനാണ് പോകേണ്ടത്.

ഒരു മണിയാകുമ്പോൾ മാർത്ത ബസ് മുകളിലുള്ള അവസാന സ്റ്റോപ്പിലേക്ക് പോകും. ബസ് കയറിപ്പോകുമ്പോഴാണ് എല്ലാ വീട്ടിലെയും ആളുകൾ റെഡിയാവുന്നതു തന്നെ.. ബസ് തിരികെ വരുംമ്പാൾ മുറ്റത്ത് നിന്ന് കൈ കാണിച്ച് ബസിൽ കയറും. അ റൂട്ടിൽ ആകെ നാലു ബസുകളെ ഉള്ളു..,

ബസുകാരും നിവാസികളുമൊക്കെത്തമ്മിൽ നല്ല ബന്ധമാണ്.

ഓരോ വീട്ടിലെയും അംഗങ്ങളെ പേരുസഹിതം ബസുകാർക്ക് പരിചിതവുമാണ്.

കുളിക്കാൻ പോകുന്നതിനു മുൻപ് ആൻസി ലെഗ്ഗിൻസ് ഒന്നിട്ടു നോക്കി. ആഹാ എന്താ രസം..

തൻ്റെ കാലിൻ്റെ കോലം തന്നെ മാറിയിരിക്കുന്നു.

തൻ്റെ കളറും ലെഗ്ഗിൻസിൻ്റെ കളറും തിരിച്ചറിയാൻ കഴിയാത്ത വിധം ഇഴചേർന്നിരിക്കുന്നതു കണ്ടപ്പോൾ ആൻസിക്ക് തന്നോട് തന്നെ അസൂയ തോന്നി.

പെട്ടന്ന് തന്നെ ഒരു കുളിയും കുളിച്ച്ആൻസി റെഡിയായി. കഴിഞ്ഞയാഴ്ച കുമളീലെ ലീനാമ്മാൻറീടെ കേറിത്താമസത്തിനു പോവാൻ അലക്സിനെക്കൊണ്ടു വാങ്ങിപ്പിച്ച മജന്ത കളർ ടോപ്പും എടുത്തിട്ട്,

പണ്ടെങ്ങോ വാങ്ങിയ ലിപ്ഗ്ലോവ് ഒന്നുരച്ച് ഒരു കുഞ്ഞു പൊട്ടും വച്ച് കണ്ണാടിക്കു മുന്നിൽ വന്നു നിന്നപ്പോൾ മുകളീന്നു മാർത്ത ബസിൻ്റെ ഹോൺകേട്ടു .മൂത്ത ചേട്ടച്ചാരു കഴിഞ്ഞാണ്ടു ഗൾഫീന്നു വന്നപ്പോ കൊണ്ടുവന്ന ബാഗുമെടുത്ത് ആൻസി റോഡിലേക്കോടിയിറങ്ങി.

അപ്പോഴെക്കും മാർത്ത ബസ് എത്തിയിരുന്നു. ഡോർ തുറന്നു കൊടുത്ത ജോബിയെ ഒന്നു നീട്ടി വിളിച്ചു ആൻസി ഡ്രൈവറുടെ ഇടതു സൈഡിൽ ഉള്ള പെട്ടിപ്പുറത്തു കയറിയിരുന്നു. ബസിൽ ആകെ മുകളിലെ സ്റ്റോപ്പിന്നു കയറിയ ലോനപ്പൻ ചേട്ടനേ ഉള്ളൂ കാർന്നോരാണേ ഏറ്റവും പുറകിലെ ലോങ്ങ് സീറ്റിൻ്റെ നടുക്ക് കയ്യിലുള്ള കാലൻ കുടയും കുത്തിപ്പിടിച്ച് പുറത്തേക്ക് നോക്കിയിരിപ്പുണ്ട്.മാർത്ത ബസിലെ കണ്ടക്ടറും കിളിയുമൊക്കെ ജോബിയാണ്.

ടിക്കറ്റ് തരാൻ വന്ന ജോബി തൻ്റെ കാലുകളിലേക്ക് നോക്കി പെട്ടന്ന് പരിഭ്രമത്തോടെ അടുത്തുവന്നിട്ട് ചോദിച്ചു.

“ഇച്ചേച്ചി എന്നാ ഇത് പാൻ്റിട്ടിട്ടില്ലേ?..

“എൻ്റെ പൊന്നു ജോബി നീ ഒരു ചെറുപ്പക്കാരനായിട്ടു പോലും മാറി വരുന്ന ഫാഷൻ ഒന്നും അറിയണില്ലേ?.”.

“ഇച്ചേച്ചീ അത്..”.

ജോബി നിന്നു പരുങ്ങി.ജോബി ഇതു പുതിയ ലെഗ്ഗിൻസാണ്.. ഇതു പറഞ്ഞു തെല്ലു ഗമയോടെ ആൻസി തൻ്റെ കാലുകളിലേക്ക് നോക്കി..,,,

കർത്താവേ… ധൃതിക്ക് പോന്നപ്പോൾ എടുത്തു വെച്ച ലെഗ്ഗിൻസ് ഇടാൻ മറന്നിരിക്കുന്നു…

ജോബി വണ്ടി നിർത്തടാ :. ആൻസി .. കരയുകയായിരുന്നു.. വണ്ടിയിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ഓടി വരുമ്പോൾ എതിരെ വന്ന ആളുകൾക്ക് മുഖം കൊടുക്കാനാവാതെ ആൻസി വിയർത്തു കുളിച്ചു

“ഞാൻ പറഞ്ഞതല്ലേ ആൻസീ വേണ്ടാത്ത പണിക്ക് നിക്കണ്ടാ എന്ന്

അന്നു രാത്രി ഉറങ്ങാതെ അലക്സിൻ്റെ നെഞ്ചിൽ തലചേർത്തു കിടന്നു കരഞ്ഞ ആൻസിയെ ആശ്വസിപ്പിച്ചു അലക്സ് അതു പറയുമ്പോൾ കരച്ചിൽ നിർത്തി തലയുയർത്തി ആൻസി ചോദിച്ചു..,,

“ഇച്ചായ ഒരു ബ്ലാക്ക് ലെഗ്ഗിൻസ് വാങ്ങിയാ മതിയാരുന്നല്ലേ ” എന്ന്. എത്ര പറഞ്ഞാലും മനസിലാവാത്ത ആൻസിയെ കൈത്തണ്ടിൽ നിന്നും തള്ളിമാറ്റി അലക്സ് തിരിഞ്ഞു കിടന്നു…. ഒന്നും കേൾക്കാതെ…….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സനീഷ് ശശി